കലാധരൻ എന്നു പേരുള്ള ഫിലിംമേക്കറുടെ ജീവിതത്തിലൂടെ കടന്നുപോകുന്ന സിനിമയാണ് ദി ലുക്കിംഗ് ഗ്ലാസ് (മുഖക്കണ്ണാടി). അദ്ദേഹം തന്റെ പത്താമത്തെ സിനിമ ചെയ്യാനുള്ള ശ്രമം നടത്തുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. ഞങ്ങളും ആ സിനിമയുമായുമായുള്ള ബന്ധവും അതുതന്നെയാണ്. സിനിമയേയും കലയേയും ജീവിതത്തെയും ഞങ്ങൾ എങ്ങനെ നോക്കിക്കാണുന്നു എന്നുകൂടി പറയാനുള്ള ശ്രമങ്ങൾ ഞങ്ങൾ ഈ സിനിമയിലൂടെ നടത്തുന്നുണ്ട്. ഇതുവരെ ഞങ്ങൾ ചെയ്തിട്ടുള്ള മറ്റ് ഒമ്പത് സിനിമകളിലേതും പോലെ തന്നെ സൈക്കോളജിക്കൽ സമീപനം തന്നെയാണ് ഈ സിനിമയിലും തുടരുന്നത്. തത്വചിന്താപരമായും ഞങ്ങൾ സിനിമയെ സമീപിക്കാൻ ശ്രമിക്കാറുണ്ട്.
ദി ലുക്കിംഗ് ഗ്ലാസ് ഒരു ഫിലോസഫിക്കൽ എക്‌സ്‌പ്ലൊറേഷനാകുന്നിടത്താണ് മറ്റ് സിനിമകളിൽ നിന്ന് വ്യത്യസ്തമാകുന്നത്.
ഒരു തരത്തിൽ പറഞ്ഞാൽ തുടർച്ചയായി ഒമ്പത് സിനിമകൾ ചെയ്ത്, പത്താമത്തെ സിനിമ പ്രദർശിപ്പിക്കാൻ പോകുന്ന ഞങ്ങളുടെ ജീവിതവും കലാധരനിലൂടെ പ്രതിഫലിക്കുന്നുണ്ട്. അതിനപ്പുറത്തേക്ക്, ജീവിതത്തിനോട് എല്ലാവർക്കുമുണ്ടാകുന്ന ഒരുതരം പരിഗണനയുണ്ടല്ലോ; അത് സുഖവും സമാധാനവുമൊക്കെയാണ്. അത് നേടിയെടുക്കാൻ വേണ്ടിയാണ് നമ്മൾ ജീവിക്കുന്നത്. അതിന്റെയൊക്കെ അന്വേഷണം കൂടിയാണ് ഈ സിനിമയെന്നും പറയാം.
നമ്മൾ ഓരോരുത്തരും നമ്മുടെ മുഖത്തിന്റെ മുന്നിലൊരു കണ്ണാടിയും കൊണ്ടാണ് നടക്കുന്നത്. അതുകൊണ്ടുതന്നെയാണ് സിനിമക്ക് അങ്ങനൊരു പേരും വന്നത്. നമ്മൾ മുറുകെ പിടിക്കുന്ന വിശ്വസങ്ങളടക്കമുള്ള കാര്യങ്ങളെ വിലയിരുത്തുകയും, തിരിച്ചറിവ് നേടുകയും ചെയ്യുക. അതിനുള്ള കണ്ണാടിയാണ് ഈ സിനിമ.
സിനിമക്കകത്തെ സിനിമ പറയുന്നു എന്ന കാര്യത്തിന് പുതുമ അവകാശപ്പെടാനില്ല. അത് ഇതിനുംമുമ്പ് ഒരുപാട് തവണ സംഭവിച്ചിട്ടുണ്ട്. എന്നാൽ ഞങ്ങളുടെ സിനിമ ഒരു ഫിലോസഫിക്കൽ എക്‌സ്‌പ്ലൊറേഷനാകുന്നിടത്താണ് മറ്റ് സിനിമകളിൽ നിന്ന് വ്യത്യസ്തമാകുന്നത്. സിനിമ ചെയ്യാൻ തയാറെടുക്കുന്ന ഫിലിംമേക്കറുടെ ജീവിതം, അയാൾ നിർമിച്ചെടുക്കുന്ന കഥാപാത്രങ്ങളിലൂടെ തന്നെയാണ്. അത്തരത്തിൽ അയാൾ തന്നെ നിർമ്മിക്കുന്ന കഥാപാത്രങ്ങളുമായുള്ള അദ്ദേഹത്തിന്റെ കൊടുക്കൽ വാങ്ങലുകളും സിനിമ ചിത്രീകരിക്കുന്നു.
ആർട്ട് സിനിമയായാലും പ്രൊമോട്ട് ചെയ്ത് അതിനെ മാർക്കറ്റിൽ വിൽക്കാൻ സാധിക്കണം. എന്നാൽ അതിൽ നിന്ന് പൂർണമായി മാറി തന്നെയാണ് ഞാനും സന്തോഷ് ബാബുസേനനനും സിനിമ ചെയ്യുന്നത്.
തന്റെ ജീവിതകാലത്ത് അയാൾക്കുണ്ടായ അനുഭവങ്ങൾ പങ്കുവെക്കാനാണ് കലാധരൻ തന്റെ ആദ്യത്തെ ഒമ്പത് സിനിമയും ചെയ്യുന്നത്. തന്റെ സിനിമകൾ ചെയ്യുന്നതിനുവേണ്ടി അയാൾ തന്റെ തന്നെ ഉള്ളിൽനിന്ന് ഒരു കഥാപാത്രത്തെ സൃഷ്ടിക്കുകയാണ്. ആ കഥാപാത്രത്തിന്റെ പേര് ശ്രീറാം എന്നാണ്. ആ കഥാപാത്രവുമായാണ് സിനിമയിലുടനീളം ഇയാൾ സംവദിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഇതൊരു സൈക്കോളജിക്കൽ സിനിമ കൂടിയാകുന്നത്. കലാധരൻ സൃഷ്ടിച്ച ആ കഥാപാത്രം യഥാർഥത്തിൽ അയാൾ തന്നെയാണ്.
ഒരു ഫിലിംമേക്കർ സഷ്ടിക്കുന്ന കഥാപാത്രങ്ങൾക്ക് സ്വതന്ത്ര നിലനിൽപ്പുണ്ടോ, അതോ അയാളുടെ തന്നെ ഉള്ളിലുള്ള മറ്റൊരു വ്യക്തിത്വമാണോ അത്, ഇതൊക്കെ സംവിധായകന് തിരിച്ചറിയാൻ സാധിക്കുന്നുണ്ടോ തുടങ്ങിയ ചോദ്യങ്ങളും സിനിമ മുന്നോട്ടുവെക്കുന്നു. യഥാർഥത്തിൽ നമ്മൾ റിയൽ എന്ന് വിചാരിക്കുന്ന കാര്യങ്ങളൊക്കെ അങ്ങനെ തന്നെയാണോ?.
യഥാർഥത്തിൽ നമ്മുടെ ജീവിതം ഒരു ഊഹാപോഹമാണ്. ഇത് രസകരമായി തന്നെ സിനിമയിൽ അവതരിപ്പിക്കാൻ കഴിഞ്ഞുവെന്നാണ് വിശ്വസിക്കുന്നത്. കഥാപാത്രത്തിന്റെ കുട്ടിക്കാലത്തെ ഓർമ്മകളും അയാളുടെ അമ്മയുമൊത്തുള്ള അനുഭവങ്ങളും സിനിമയിൽ അവതരിപ്പിക്കുന്നുണ്ട്.
സിനിമയെന്നത് വാണിജ്യ പ്രവർത്തനം കൂടിയാണ്. ആർട്ട് സിനിമയായാലും പ്രൊമോട്ട് ചെയ്ത് അതിനെ മാർക്കറ്റിൽ വിൽക്കാൻ സാധിക്കണം. എന്നാൽ അതിൽ നിന്ന് പൂർണമായി മാറി തന്നെയാണ് ഞാനും സന്തോഷ് ബാബുസേനനനും സിനിമ ചെയ്യുന്നത്.
ചിത്രകാരർ ചിത്രം വരക്കുന്നതുപോലുള്ള ആത്മാവിഷ്കാരമാണ് ഞങ്ങൾക്ക് സിനിമയും. അതുകൊണ്ടുതന്നെ സിനിമയെ ഞങ്ങൾ കാണുന്നത് വ്യത്യസ്തമായിട്ടാണ്. ഞങ്ങളുടെ സിനിമയെ ബിഗ് സ്‌ക്രീനിൽ കാണണമെന്ന ആഗ്രഹമൊക്കെയുണ്ട്. അതുകൊണ്ടു തന്നെയാണല്ലോ IFFK പോലെയുള്ള ഫെസ്റ്റിവലുകളിലേക്ക് അയക്കുന്നത്. എന്നാൽ ഞങ്ങളുടെ സിനിമക്ക് ഒരിക്കലും വാണിജ്യവിജയം നേടാൻ കഴിയണമെന്നില്ല. സാഹിത്യമുൾപ്പടെ എന്തെടുത്ത് പരിശോധിച്ചാലും വാണിജ്യവിജയം എല്ലായ്‌പ്പോഴും ആൾക്കൂട്ടത്തിന്റെ താൽപര്യത്തിനനുസരിച്ചാണ് സംഭവിക്കുന്നത്. അതൊരിക്കലും തെറ്റല്ല. അത് ബിസിനസിന്റെ ഭാഗമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അത്തരത്തിൽ ഡിമാന്റുള്ള കാര്യം ചെയ്താൽ മാത്രമെ സിനിമ വിൽക്കപ്പെടുകയുള്ളൂ.
ഞങ്ങൾ ചെയ്ത സിനിമക്ക് ഡിമാന്റില്ലെന്ന കാര്യം വ്യക്തമാണ്. എന്നാൽ അത്തരത്തിൽ ആൾക്കൂട്ടം ആഗ്രഹിക്കുന്ന സിനിമ ചെയ്യാൻ താൽപര്യവുമില്ല.
ഞങ്ങൾ ചെയ്ത സിനിമക്ക് ഡിമാന്റില്ലെന്ന കാര്യം വ്യക്തമാണ്. എന്നാൽ അത്തരത്തിൽ ആൾക്കൂട്ടം ആഗ്രഹിക്കുന്ന സിനിമ ചെയ്യാൻ താൽപര്യവുമില്ല. അതുകൊണ്ട് സിനിമ ചെയ്യുമ്പോൾ ഞങ്ങൾക്ക് പൂർണ സ്വാതന്ത്യവും ലഭിക്കുന്നുണ്ട്. സിനിമയുടെ സാമ്പ്രദായിക അതിരുകളെ ഭേദിക്കാനും ഈ വഴി ഞങ്ങൾക്ക് സാധിക്കുന്നു. ഇത്തരം സിനിമകളും കാണാനാഗ്രഹിക്കുന്ന പ്രേക്ഷകരുണ്ട്. വാണിജ്യതാൽപര്യങ്ങളില്ലാതെ ഒരാൾ ഒരു കഥ എഴുതിയാൽ, ഉറപ്പായും അയാളുടെ അനുഭവം തന്നെയായിരിക്കുമത്. മനുഷ്യന് യഥാർഥത്തിൽ ഓർമകൾ മാത്രമല്ലേ സ്വന്തമായിട്ടുള്ളൂ.
ഇന്ന് ലോകത്ത് നിലനിൽക്കുന്ന ശക്തമായ വലതുപക്ഷ രാഷ്ട്രീയത്തിനെതിരെ സംസാരിക്കുന്ന ഇരുട്ട് എന്ന സിനിമ ഞങ്ങൾ ചെയ്തിട്ടുണ്ട്. ആ സിനിമയിലൂടെ ഒരു മറയുമില്ലാതെ പച്ചയായ വിമർശനം ഉന്നയിച്ചിട്ടുണ്ട്. അതല്ലാതെ വേറെ ഒരു സിനിമയിലും പ്രത്യക്ഷത്തിൽ ഞങ്ങൾ രാഷ്ട്രീയം പറയുന്നില്ല. അവരവരുടെ ഉള്ളിലാണ് രാഷ്ട്രീയ പരിവർത്തനം നടക്കേണ്ടതെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്.
മുഖ്യധാരാ സിനിമകൾ കാണുന്നൊരാളല്ല ഞാൻ. അതുകൊണ്ടുതന്നെ ഇഷ്ടപ്പെട്ടൊരു സിനിമ എടുത്തുപറയാനില്ല. എന്നാൽ, കാണാൻ കാത്തിരുന്ന ഒന്നാണ്, ഗബ്രിയേൽ ഗാർസിയ മാർകേസിന്റെ ‘ഏകാന്തതയുടെ നൂറു വർഷങ്ങൾ’ എന്ന നോവലിനെ ആസ്പദമാക്കിയുള്ള സീരീസ്. ഞാനത് കണ്ടുതുടങ്ങിയിട്ടുണ്ട്. എന്നെ വളരെയധികം സ്വാധീനിച്ച എഴുത്തുകാരനാണ് മാർകേസ്. ഞങ്ങളുടെ സിനിമ ആരംഭിക്കുന്നതുതന്നെ ആ പുസ്തകത്തിന്റെ ആദ്യ വരികൾ ഉദ്ധരിച്ചുകൊണ്ടാണ്.
▮
IFFK-യിലെ ‘‘മുഖ കണ്ണാടി ’ ഷെഡ്യൂൾ:
14.12.2024: ന്യൂ തിയറ്റർ സ്ക്രീൻ 1
16.12.2024: കലാഭവൻ
18.12. 2024: ശ്രീ