രാഷ്ട്രീയ ജാഗ്രതയുടെ സിനിമ,
കേരളം കാണാൻ മടിച്ച
ഷാജി എൻ. കരുൺ കല

നമ്മുടെ സമൂഹത്തെയും സംസ്​കാര ചരിത്രത്തെയും കുറിച്ച് കാലികവും രാഷ്ട്രീയജാഗ്രതയുള്ളതുമായ സിനിമകളാണ് ഷാജി എൻ. കരുൺ ലോകസമക്ഷം സംഭാവന ചെയ്തിരിക്കുന്നത്. എന്നാൽ, കേരളത്തിൽ പല കാരണങ്ങൾ കൊണ്ടും അദ്ദേഹത്തിന്റെ ചിത്രങ്ങൾ വേണ്ടത്ര ആർജവത്തോടെ കാണിക്കപ്പെടുകയോ, അവയ്ക്ക് സത്യസന്ധമായ ആസ്വാദനങ്ങളുണ്ടാവുകയോ ചെയ്തിട്ടില്ലെന്ന്, ആ സിനിമകളെ സമഗ്രമായി വിലയിരുത്തി ഡോ. അജയ് എസ്. ശേഖർ എഴുതുന്നു.

ബുദ്ധിസത്തെ വീണ്ടെടുക്കാൻ എന്റെ ജനത
ഏതു ത്യാഗവും സഹിക്കുമെന്നെനിക്കുറപ്പാണ്.
-ഡോ. ബി.ആർ. അംബേദ്കർ.

നമ്മുടേതും ബുദ്ധമതം തന്നെ...
അദ്വയവാദീ വിനായക...
- നാരായണഗുരു.

കൊല്ലായ്ക, കക്കായ്ക,
കാമത്താൽ തെറ്റായ്ക, കള്ളം ചെയ്യായ്ക, കുടിച്ചിടായ്ക
എന്നീ ശീലങ്ങളാൽ പാപപരിഹാരധർമമുരച്ച വിനായകനേ...
- സഹോദരനയ്യപ്പൻ, ‘ബുദ്ധസ്​തോത്രം’.

കേരള കവിതയെ അനുകമ്പയുടേയും മൈത്രിയുടേയും നീതിബോധത്തിന്റെയും ധമ്മപാതയാക്കിയത് ഗുരുവും കവിശിഷ്യരായ മൂലൂരും കറുപ്പനും ആശാനും സഹോദരനുമാണ്. 1925-ൽ മൂലൂർ സഹോദരന്റെ സ്നേഹപ്രേരണയിൽ നടത്തിയ ധമ്മപദ വിവർത്തനത്തിൻ ശതാബ്ദിയാണ് 2025. കേരള സിനിമയെ ലോകോത്തരമായ കരുണയുടെ ജീവത്തായ തണ്ണീർത്തടമാക്കിയ ചലച്ചിത്രണമാണ് ഷാജി കരുൺ നടത്തിയത് (1952- 2025). 

ഗുരു നമുക്കു സന്യാസം തന്ന നമ്മുടെ ഗുരുജനങ്ങളായി 1914-ൽ കണ്ട ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും ഓസ്ട്രിയക്കാരും ശ്രീലങ്കരുമെല്ലാം ഷാജി കരുണിന് സമഗ്ര ജീവിതസംഭാവനകൾക്കുള്ള പുരസ്കാരങ്ങൾ നേരത്തെ കൊടുത്തു. സാമ്പ്രദായിക സിനിമാവിമർശവും സംസ്കാരക്കുത്തകക്കാരും ഒളിഗാർക്കിയും കൂത്തരങ്ങാക്കിയ മലയാള സിനിമയെ മാനവികവും കലാപരവുമായി വിമോചിപ്പിച്ച ഷാജിയുടെ രചനകൾ പുതുലോകങ്ങളേയും നോട്ടങ്ങളേയും സൂക്ഷ്മമായി തുറക്കുന്നു. നൈതികവും ജനായത്തപരവും കാരുണികവുമായ പുതുവായനകളും കാഴ്ച്ചകളും വിശകലനങ്ങളും വരുന്നതേയുള്ളു. വൈകിയെങ്കിലും 2025- ൽ പി. കെ. റോസിയെ അവതരിപ്പിച്ച ജീവനായകം ഡാനിയേൽ നാടാരുടെ പേരിലുള്ള പുരസ്കാരം അദ്ദേഹത്തിനു കേരളം കൊടുത്തു. ഓർക്കുംതോറും നിറഞ്ഞ സൌന്ദര്യമായി ജനതയുടെ സൗഖ്യം തന്നെയിതെല്ലാമായി ഗുരുമൊഴിയിൽ കരുൺ മാറുന്നു. അരുളൻപനുകമ്പയുടെ പൊരുളായ ജീവതാരകമായി തിൻതകതാരായെന്ന തിസരണത്തിൻ തർക്കമുനിയായ താരകനായി കരുൺ മാറുകയാണ്. അരുളിൻ പിറയാകുന്നു കരുണയുടെ പിറവി. ആഴിയും തിരയും കാറ്റും ആഴങ്ങളും അതിജീവിക്കുന്ന അരുളാർന്ന സിനിമയുടെ ആവിവൻതോണിയിലെ കുട്ടിസ്രാങ്കായി കരുണൻ കലയിലൂടെ കാലത്തെ അതിജീവിക്കുന്നു.

കേരള സിനിമയിൽ ഇന്ന് ലോകമറിയുകയും ആദരിക്കുകയും ഉറ്റുനോക്കുകയും ചെയ്യുന്ന കലാകാരനാണ് ഷാജി എൻ. കരുൺ. എന്നാൽ കേരളത്തിനുള്ളിൽ പല കാരണങ്ങൾ കൊണ്ടും അദ്ദേഹത്തിന്റെ ചിത്രങ്ങൾ വേണ്ടത്ര ആർജവത്തോടെ കാണിക്കപ്പെടുകയോ, മാധ്യമ ചർച്ചകളിലും വിശകലനങ്ങളിലും ഓർമപ്പെടുത്തലുകളിലും ഇടം പിടിക്കയോ, പാഠ്യപദ്ധതിയുടെ ഭാഗമാകുകയോ ചെയ്യുന്നില്ല. ഈ സിനിമകളെ കുറിച്ച് വിശദീകരിക്കുന്ന പുസ്​തകങ്ങൾ പോയിട്ട് മികച്ച പഠനങ്ങളോ സത്യസന്ധമായ ആസ്വാദനങ്ങളോ പോലും ഇല്ല. എന്നാൽ നമ്മുടെ സമൂഹത്തെക്കുറിച്ചും സംസ്​കാര ചരിത്രത്തെക്കുറിച്ചും കാലികവും രാഷ്ട്രീയജാഗ്രതയുള്ളതുമായ സിനിമകളാണ് അദ്ദേഹം ലോകസമക്ഷം സംഭാവന ചെയ്തിരിക്കുന്നത്.

കേരള സിനിമയിൽ ഇന്ന് ലോകമറിയുകയും ആദരിക്കുകയും ഉറ്റുനോക്കുകയും ചെയ്യുന്ന കലാകാരനാണ് ഷാജി എൻ. കരുൺ.
കേരള സിനിമയിൽ ഇന്ന് ലോകമറിയുകയും ആദരിക്കുകയും ഉറ്റുനോക്കുകയും ചെയ്യുന്ന കലാകാരനാണ് ഷാജി എൻ. കരുൺ.

ലോകമറിഞ്ഞംഗീകരിച്ചിട്ടും കേരളമണ്ണിൽ സത്യവും നീതിയും ആദരിക്കപ്പെടാത്ത ഒരധീശ തമസ്​കരണ സമവായം നടുനായകത്തമാണ്ടിരിക്കുന്നു. ഇനിയും ഏറെ വർത്തമാന പ്രസക്തമായ ഈ ലോകോത്തര കലാരചനകളെ തമസ്​കരിക്കുന്നതും സമ്മതഅജ്ഞത പുലർത്തുന്നതും തികഞ്ഞ മൗഢ്യവും അധീശത്വത്തിന് കോപ്പുകൂട്ടിക്കൊടുക്കുന്നതുമാകും. ഇത്തരം അധീശ തമസ്​കരണങ്ങളുടെ ഫലമായി നമ്മുടെ രാഷ്ട്രവും അതിന്റെ അടിത്തറയായ നിർമാണഘടനയും ഇതിനകം ഇതുവരെ കാണാത്ത വമ്പിച്ച പ്രതിസന്ധിയിലുമാണു താനും. സഹോദരന്റെ പദ്യകൃതികളെ എന്ന പോലെ സത്യത്തിനും നീതിക്കും വേണ്ടി സംസാരിക്കുന്ന പാഠങ്ങളെ തമസ്​കരിക്കുന്ന ഒരധീശ സമവായം കേരളത്തിലുണ്ട്. ആധുനിക കേരളത്തെ സാധ്യമാക്കിയ ലോകദാർശനികനായ ഗുരുവിന്റെ പോലും ആദ്യകാല പ്രാർഥനാഗീതികളായ സ്​തോത്രകൃതികളെ ആഘോഷിച്ച് യുക്തിയുക്തവും ചരിത്രപരവുമായ പല വിമർശ ഭാഷണങ്ങളേയും കുറിച്ചു മിണ്ടാതിരിക്കുന്ന സമീപനം തികച്ചും അപകടകരമാണെന്നു തെളിഞ്ഞു കഴിഞ്ഞു. ഇന്നത്തെ ഹൈന്ദവ സമവായത്തേയും ജാതിഹിന്ദു സാമാന്യബോധത്തേയും ഉൽപ്പാദിപ്പിച്ചത് ഈ സങ്കുചിത അധീശ പ്രവണതയാണ്.

ഷാജിയുടെ സിനിമകളുടെ സാംസ്​കാരിക സമഗ്ര വീക്ഷണവും വർത്തമാന പ്രസക്തമായ കാലിക വിമർശ വിശകലനവുമാണിവിടെ നടത്തുന്നത്.

കേരള സിനിമയെ ലോകനിലവാരത്തിലുയർത്തിയ ജി. അരവിന്ദന്റെ മികച്ച ചിത്രങ്ങളുടെ ഛായാഗ്രാഹകനായാണ് 1970- കളുടെ രണ്ടാം പകുതിയിൽ ഷാജി. എൻ. കരുൺ കലാരംഗത്തു വരുന്നത്. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഛായാഗ്രഹണത്തിലായിരുന്നു ബിരുദം. നാൽപ്പതോളം ചിത്രങ്ങളുടെ ഛായാഗ്രാഹകനായ ഷാജി ഈസ്റ്റ്മാൻ കൊഡാക്ക് പുരസ്​കാരവും 1990- ൽ തന്നെ നേടിയിട്ടുണ്ട്. കാനും ലണ്ടനും ചിക്കാഗോയും ലൊകാർനോയുമടക്കം ലോകമെമ്പാടും എഴുപതോളം രാജ്യാന്തര ചലച്ചിത്രമേളകളിൽ ആദരിക്കപ്പെട്ട പിറവിയായിരുന്നു ആദ്യത്തെ സംവിധായക സംരംഭം (1988). ആദ്യ ചാർലി ചാപ്ളിൻ പുരസ്​കാരവും 1989- ലെ ഇന്ത്യൻ പ്രസിഡന്റിന്റെ ഏറ്റവും മികച്ച സിനിമയ്ക്കുള്ള സ്വർണമെഡലും അദ്ദേഹം കരസ്​ഥമാക്കി. രണ്ടാം ചിത്രമായ സ്വം (1994) കാനിൽ ഔദ്യോഗിക വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെട്ടു. മൂന്നാം ചിത്രമായ വാനപ്രസ്​ഥവും (1999) കാനിൽ വിമർശശ്രദ്ധയോടെ പ്രദർശിപ്പിക്കപ്പെട്ടു.

ആദ്യ മൂന്നു ചിത്രങ്ങളും കാനിൽ പ്രദർശിപ്പിക്കുക എന്നത് ലോകത്തു തന്നെ അപൂർവം ചലച്ചിത്ര പ്രതിഭകൾക്കു കൈവന്ന ബഹുമതിയാണ്. നാലാം ചിത്രമായ നിഷാദ് 2002- ൽ ഹിന്ദിയിലാണു വന്നത്. കുട്ടി സ്രാങ്ക് എന്ന അഞ്ചാം പടം മമ്മൂട്ടിയെ നായകനാക്കി കേരളത്തിലാകെ തീയേറ്റർ റിലീസും (2010) നടത്തിയ സിനിമയാണ്. 2013- ലാണ് ജയറാമിനെ നായകനാക്കിയ സ്വപാനം തീയേറ്ററുകളിലെത്തിയത്. ഏഴാം പടമായ ഓള് 2018- ലാണ് പുറത്തുവന്നത്. കേരള സർക്കാറിന്റെ പ്രതിഭാ പ്രണാമ പുരസ്​കാരവും ഫ്രഞ്ചു സർക്കാരിെൻ്റ കലാപ്രതിഭാ പുരസ്​കാരവും 2000- ൽ തന്നെ അദ്ദേഹത്തിനു നൽകുകയുണ്ടായി. ഏഴോളം ദേശീയ പുരസ്​കാരങ്ങളും അത്രയും തന്നെ സംസ്​ഥാന പുരസ്​കാരങ്ങളും ഒരു ചലച്ചിത്രകാരൻ, ഛായാഗ്രാഹകൻ എന്ന നിലയിൽ മാത്രം അദ്ദേഹത്തെ തേടിയെത്തിക്കഴിഞ്ഞു. പന്ത്രണ്ടോളം ചെറു സിനിമകളും ഷാജി എടുത്തിട്ടുണ്ട്. കേരളത്തിലെ വനജീവിതവും എ. കെ. ജി. യേയും അരവിന്ദനേയും കുറിച്ചുള്ളതുമായ ചെറുപടങ്ങൾ കേരള മക്കൾക്കു മറക്കാനാവുന്നതല്ല.

കേരള സിനിമയെ ലോകനിലവാരത്തിലുയർത്തിയ ജി. അരവിന്ദന്റെ മികച്ച ചിത്രങ്ങളുടെ ഛായാഗ്രാഹകനായാണ് 1970- കളുടെ രണ്ടാം പകുതിയിൽ ഷാജി. എൻ. കരുൺ കലാരംഗത്തു വരുന്നത്.
കേരള സിനിമയെ ലോകനിലവാരത്തിലുയർത്തിയ ജി. അരവിന്ദന്റെ മികച്ച ചിത്രങ്ങളുടെ ഛായാഗ്രാഹകനായാണ് 1970- കളുടെ രണ്ടാം പകുതിയിൽ ഷാജി. എൻ. കരുൺ കലാരംഗത്തു വരുന്നത്.

അഭൂതപൂർവമായ അലിവാർന്ന ‘പിറവി’

1989- ലെ കാൻ രാജ്യാന്തര മേളയിൽ പ്രത്യേക പരാമർശം നേടിയ ചിത്രമായ പിറവി പ്രേംജിയുടെ അഭിനയം കൊണ്ടും സവിശേഷ ദൃശ്യപരിചരണം കൊണ്ടും പ്രമേയം കൊണ്ടും രാഷ്ട്രീയ പ്രസക്തമായി നിൽക്കുന്നു. ഭരണകൂട മർദ്ദനത്തിേൻ്റയും സമഗ്രാധിപത്യ പ്രവണതയുടേയും അനുഭവമായിരുന്ന അടിയന്തരാവസ്​ഥയും, വിദ്യാർഥി സമരങ്ങളെ കേന്ദ്രവും കേരളവും ഭരിച്ച വലതു ഭരണകൂടങ്ങൾ കൊലയിലൂടെ മർദ്ദിച്ചൊതുക്കിയ ചരിത്രാനുഭവവും കേരളത്തിൽ നടന്നത് രാജന്റെ പൊലീസ്​ കസ്റ്റഡിയിലുള്ള ഉരുട്ടിക്കൊലയെ തുടർന്നാണ്. നീതിക്കുവേണ്ടി പിതാവായ ഈച്ചര വാരിയർ നടത്തിയ നീണ്ട നിയമപോരാട്ടവും ആ പിതാവിന്റെയും മാതാവിന്റെയും കാത്തിരിപ്പും നൈതിക സാന്ദ്രമായി മാനവികമായി ബഹുജനങ്ങളിലേക്കു പകർന്ന സിനിമയാണ് പിറവി. കേരളത്തിന്റെ കർക്കടക മഴയും ഇടവപ്പാതിയുമെല്ലാം ഇത്രയധികം രാവെളിച്ചത്തിൽ പകർത്തി വൈകാരിക സന്ദർഭങ്ങൾക്കു ചേരും വിധം ഔചിത്യബോധത്തോടെ അനുഭവമൂർത്തമാക്കിയ മറ്റൊരു സിനിമ ഇന്നു തിരിഞ്ഞു നോക്കുമ്പോൾ ഓർമയിൽ വരുന്നില്ല. പ്രകൃതി മനുഷ്യ ദുരന്തത്തിൽ വിലപിക്കുന്ന ശോകാർദ്രമായ അലിവിന്റെ അനുഭവം പിറവിയിൽ കണ്ടു തുടങ്ങുന്നതാണ്. കാരുണ്യത്തിന്റെ പെരിയ പിറവിയും പൂമ്പിറയുമാണത്. കലയിലും കേരള സമൂഹത്തിലും നഷ്​ടമായ കരുണയുടെ പുതുപിറവിയായി അതിനെ കാണാം. അതിന്റെ നിലാവു പരക്കട്ടേ എന്നാശിക്കാം. പുതുപടമായ ഓളിൽ അതു കായലിന്റെ നെയ്തലാമ്പലുകളുടെ ആലിംഗനവും അടിത്തട്ടിലാണ്ട നിലാവരിച്ചിറങ്ങുന്ന കന്യാമഠവുമായി മാറുന്നു. കന്യകാവുകളായ ഭിക്കുനിമാരാണ് നമുക്കക്ഷരവും നീതിചിന്തയും പഠിപ്പിച്ചത്. തെന്നിന്ത്യയിൽ ധമ്മലിപി അവതരിപ്പിച്ചത് അശോകൻ ഭിക്കുനിമാരാണ്. ചരിത്രത്തോടും രാഷ്ട്രീയത്തോടും സംവദിച്ചു കൃത്യമായ നിലപാടോടു കൂടിയ രാഷ്ട്രീയനില സ്വീകരിക്കുകയും നീതിക്കുവേണ്ടിയുള്ള സമരത്തെ മുന്നോട്ടു കൊണ്ടുപോകയും അലിവാർന്ന സംവേദനബോധത്തോടെ കലയേയും സമൂഹത്തേയും കൂടുതൽ മാനവീകരിക്കുകയും ചെയ്യുന്ന അപൂർവ ചലച്ചിത്ര നിർമിതിയാണ് പിറവി.

ജീവിതത്തെ തന്നെയാണ്, ലോകത്തെ തന്നെയാണ് ഷാജിയുടെ കല അടയാളപ്പെടുത്തുന്നത്. ലോകനീതിയെ തന്നെയാണ് കാവ്യനീതി വിചിന്തനം ചെയ്യുന്നത്. ഷാജിയുടെ സിനിമ ചരിത്രത്തിനു പുറത്തല്ല, അതു രാഷ്ട്രത്തിനും രാഷ്ട്രീയത്തിനുമകത്താണ്.

ഈച്ചരവാരിയരെയും മകൻ രാജനേയും രാഘവ ചാക്യാരും രഘുവുമാക്കി മാറ്റിയിരിക്കുന്നു. കിരാതമായ ഭരണകൂട മർദ്ദനമേറുന്ന, കസ്റ്റഡി പീഡനങ്ങളും കൊലകളുമേറുന്ന സമഗ്രാധിപത്യ വർത്തമാനത്തിൽ പിറവിയുടെ പ്രസക്തി ഏറിവരുന്നു. മായി ഘാട്ട് (2019) എന്ന ആനന്ദ് മഹാദേവെൻ്റ പുതിയ മറാഠി ചിത്രത്തിൽ കേരളത്തിൽ നടന്ന മറ്റൊരു കാരാഗൃഹ കൊലപാതകത്തെ ഒരു ഗ്രാമീണ അലക്കുകാരിയായ മാതാവു നിയമപ്പോരാട്ടത്തിലൂടെ നേരിടുന്നതാണ് കാലികമായ പ്രമേയം എന്നോർക്കാം. പത്രത്താളുകളിലൂടെ ചരിത്രത്തെ ഉണർത്തിയെടുക്കുന്ന രീതി പിറവി മുതൽ ഷാജി തുടങ്ങിവയ്ക്കുന്ന വർത്തമാന ചരിത്രത്തിന്റെ ഭാവാത്മകമായ രേഖപ്പെടുത്തലും കൂടിയാണ്. രാഷ്ട്രീയ പ്രസക്തിയുള്ള ചരിത്രണം തന്നെ സിനിമയിലൂടെ സാധ്യമാക്കുകയാണ് സംവിധായകൻ.

ജീവിതത്തെ തന്നെയാണ്, ലോകത്തെ തന്നെയാണ് ഷാജിയുടെ കല അടയാളപ്പെടുത്തുന്നത്. ലോകനീതിയെ തന്നെയാണ് കാവ്യനീതി വിചിന്തനം ചെയ്യുന്നത്. ഷാജിയുടെ സിനിമ ചരിത്രത്തിനു പുറത്തല്ല, അതു രാഷ്ട്രത്തിനും രാഷ്ട്രീയത്തിനുമകത്താണ്. ലോകപരതയാണതിെൻ്റ കാതൽ. എന്നാൽ തികച്ചും കലാത്മകമായ വഴക്കങ്ങളിലൂടെ സുന്ദരമായ ഭാവം തുളുമ്പുന്ന ദൃശ്യ ആലാപനങ്ങളിലൂടെ അതിനെ ആഴത്തിലെഴുതിയെടുക്കുന്നു. മനസ്സിലെഴുതിയാഴ്ത്തുന്നു. സംഘബോധത്തിലാണ് എഴുത്തും വികസിക്കുന്നത്. ഛായാഗ്രഹണിയെ കൊണ്ടുള്ള വെളിച്ചത്തിലുള്ള എഴുത്താണ് അദ്ദേഹത്തിനു പ്രിയം. അരവിന്ദനും മോഹൻ സിതാരയും കൂടി സാധ്യമാക്കിയ സംഗീതം ഇന്നും വേറിട്ടു നിൽക്കുന്നു. നീതിക്കുവേണ്ടിയുള്ള ദാഹമായി കലയെ മാറ്റുന്നതിൽ സംഗീതത്തിനു നിർണായക പങ്കുണ്ട്. നീതി നിഷേധിക്കപ്പെട്ടവരുടെ ദുരിതം കേരളത്തിലെ ഒരന്തരാള സമുദായത്തിലും ഭവനത്തിലും ഏതാനും കഥാപാത്രങ്ങളിലൂടെ സാധ്യമാക്കിയത് അഭൂതപൂർവമായ രീതിയിലാണ്. പെങ്ങളുടെ പാത്രചിത്രണവും പ്രത്യേക പരാമർശമർഹിക്കുന്നു. തെൻ്റ കാലാതിവർത്തികളായ ശോകാർദ്രമായ ക്ലോസപ്പുകൾ ഷാജി തുടങ്ങുന്നത് ഈ പടത്തിലാണ്. അവ കരുണാർദ്രവുമാണെന്നു നമുക്കിന്നു തോന്നുന്നു.

1989- ലെ കാൻ രാജ്യാന്തര മേളയിൽ പ്രത്യേക പരാമർശം നേടിയ ചിത്രമായ പിറവി പ്രേംജിയുടെ അഭിനയം കൊണ്ടും സവിശേഷ ദൃശ്യപരിചരണം കൊണ്ടും പ്രമേയം കൊണ്ടും രാഷ്ട്രീയ പ്രസക്തമായി നിൽക്കുന്നു.
1989- ലെ കാൻ രാജ്യാന്തര മേളയിൽ പ്രത്യേക പരാമർശം നേടിയ ചിത്രമായ പിറവി പ്രേംജിയുടെ അഭിനയം കൊണ്ടും സവിശേഷ ദൃശ്യപരിചരണം കൊണ്ടും പ്രമേയം കൊണ്ടും രാഷ്ട്രീയ പ്രസക്തമായി നിൽക്കുന്നു.

അനശ്വര നടനായ പ്രേംജിയുടെ ചില ഇരുണ്ട സമീപ ചിത്രങ്ങൾ അവിസ്​മരണീയങ്ങളേത്ര. കുട്ടിസ്രാങ്കിലേക്കെത്തുമ്പോൾ മമ്മൂട്ടിയുടേയും പത്മപ്രിയയുടേയും സമീപ ചിത്രങ്ങൾ മറ്റൊരു തലത്തിലും തരത്തിലുമാണ് ചലച്ചിത്രത്തിൽ സന്നിവേശിപ്പിച്ചിരിക്കുന്നത്. ലാവണ്യത്തെ സംവിധായകൻ വിവേകത്തോടെ ചലച്ചിത്ര നിർമിതിയിൽ ഉൾക്കൊളളുന്നു, പ്രേക്ഷക മനസ്സുകളേയും. ഷാജിയുടെ കലാപരമായ വളർച്ചയും തത്വവും തോതും പൊയ്കയുടെ പാട്ടിലെന്ന പോലെ ബഹുലവും ബഹുരൂപിയും ബഹുസ്വരവുമാണെന്നു കാണാം. പുത്തർക്കെന്ന പോലെ പൊയ്കയ്ക്കും പതിനെട്ടോളം പേരുകളുണ്ടായിരുന്നു. പിറവിയിൽ ഒരു കഥാപാത്രത്തിലൂടെ അടിയന്തരാവസ്​ഥയെന്ന ജനായത്ത ധ്വംസനം മുഴുവൻ തുറന്നു കാട്ടുന്നു, സാധാരണ കാണികളെ പോലും അറിഞ്ഞ് അനുഭവിപ്പിക്കുന്നു.

ഇന്ത്യൻ ജനായത്തം സമാനവും ഭീകരവുമായ വെല്ലുവിളി ഇന്ന് കേരളത്തിലും നേരിടുകയാണ്. നിർഭാഗ്യവശാൽ ഇത്തവണ കേരളത്തിലൂടെയാണ് ഇന്ത്യൻ ഭരണഘടന അട്ടിമറിച്ചത്. ഭരണഘടനയുടെ കാതലായ സാമൂഹ്യനീതി അടിത്തറയെ സാമ്പത്തിക വാദത്തിലൂടെയാണ് തുരങ്കം വച്ചത്. സ്വയം സേവകർ കേന്ദ്രത്തിൽ പോലും മിണ്ടാൻ മടിച്ച കാര്യമാണ് കേരളത്തിൽ നടപ്പാക്കിയത്. സ്വയം സേവക അജണ്ട കേരളത്തിലൂടെ ദേവസ്വം ബോർഡിലെ സാമ്പത്തിക സംവരണത്തിലൂടെ പാസാക്കിയെടുത്ത് നിർമാണഘടനയെ തത്വത്തിൽ റദ്ദാക്കി. കേന്ദ്രത്തിൽ തിരഞ്ഞെടുപ്പു തുറുപ്പായി ഷാ–മോദി സഖ്യം പ്രഖ്യാപിക്കുന്നതിനു മൂന്നു മാസം മുമ്പായിരുന്നു ഇത്. വധങ്ങളെ സാധൂകരിക്കുന്ന പുരാണ പാഠങ്ങൾ ചർവിതചർവണം നടത്തി കേരള മുഖ്യമന്ത്രിയെ തന്നെ ജാതിത്തെറിവിളിച്ച്, ചവരിമലയിലെ സുപ്രീം കോടതിയലക്ഷ്യ നിയമ വിരുദ്ധ ലഹള നടത്തി, സാമ്പത്തിക സംവരണമെന്ന സാമൂഹ്യനീതിക്കു കടകവിരുദ്ധമായ, ചരിത്രവിരുദ്ധമായ അമിത പ്രാതിനിധ്യം ദിവസങ്ങൾക്കുള്ളിൽ പാസാക്കി, ഇന്ത്യൻ ഭരണഘടന തന്നെ അട്ടിമറിച്ച് ശൂദ്ര ലഹളകളിലൂടെ ജനായത്തത്തെയും മതേതരത്വത്തേയും ഇല്ലായ്മ ചെയ്യുന്ന കേരളത്തിലാണ് ഷാജിയുടെ സിനിമകൾ ഏറെ വർത്തമാന പ്രസക്തമായിരിക്കുന്നത്.

അധികാര അധീശ ശക്തികൾ നടത്തുന്ന നീതിനിഷേധങ്ങൾ ജനതയുടെ നൈതിക ഭരണസംവിധാനത്തെ തകിടം മറിക്കുന്നു. സിനിമയെ സാധ്യമാക്കുന്ന ആവിഷ്കാര അഭിപ്രായ സ്വാതന്ത്ര്യം ഓരോ പൗരർക്കും കലാകാരർക്കും തരുന്നത് ഇന്ത്യൻ ഭരണഘടനയാണ്. ഭരണഘടനയില്ലെങ്കിൽ ജനതയും ജനായത്തവും കലാവിഷ്കാരവുമില്ല. ഈ അടിസ്​ഥാന സത്യമെങ്കിലും ഇനിയെങ്കിലും അറുപതു വർഷമായി കോടികൾ മുടക്കി അമിത സ്വാധീനത്തിൽ ഇന്ത്യൻ ഭരണഘടനയുടെ കാതലായ സാമൂഹ്യനീതി സംവിധാനത്തിനെതിരേ സൂപ്രീം കോടതിയിലടക്കം വ്യവഹാരവഴക്കുകൾ നടത്തുന്ന മലയാള കുലീനരുടെ ബ്രാഹ്മണിക ഭൃത്യജനസമാജങ്ങൾ മനസ്സിലാക്കുന്നത് നന്നാവും. മനുസ്​മൃതി അപ്രഖ്യാപിത ഭരണഘടനയായ നവഹിന്ദുരാഷ്ട്രത്തിൽ ശൂദ്രനു നീതികിട്ടുമെന്നവർ കരുതിയാൽ കഷ്​ടമെന്നല്ലാതെ എന്തു പറയാൻ.

ഈച്ചരവാരിയരുടെ നീതിക്കുവേണ്ടിയുള്ള അവസാനിക്കാത്ത പോരാട്ടം നമ്മെ ഓർമിപ്പിക്കുന്നത്, നേരിനും നീതിക്കും ഒരു ആധുനിക ജനായത്ത സമൂഹത്തിൽ വേണ്ട പ്രാഥമികതയാണ്. ടാഗോർ മുതൽ അംബേദ്കർ വരെയുള്ള നമ്മുടെ ചരിത്രബോധവും നീതിബോധവുമുള്ള ദേശീയനേതാക്കളും ഭരണഘടനാശില്പികളും വിഭാവനം ചെയ്തത് അതാണ്. പിറവി നമുക്കിന്നു തരുന്നതും ഇന്ത്യൻ നീതിനിയമ വ്യവസ്​ഥയേയും നിയമവാഴ്ച്ചയേയും നിലനിർത്താനും കൂടുതൽ ജനായത്തവൽക്കരിക്കാനും ചുരുങ്ങിയത് സമഗ്രാധിപത്യത്തെ ചെറുത്തുകൊണ്ട് ആ നിർമാണഘടനയെ സംരക്ഷിക്കാനുമുള്ള സന്ദേശവും മാനവികമായ ആർജവവുമാണ്. യുവാവായ മകനു വേണ്ടിയുള്ള ആ വൃദ്ധന്റെ കാത്തിരുപ്പു കടവത്തു തുടരുകയാണ്.
ഇരുട്ടായി, മഴവരുന്നുണ്ട്, കണ്ണടവച്ചയാൾ ചുഴിഞ്ഞു നോക്കുന്നു, കണ്ണുപിടിക്കാതെ തോളിലെ തോർത്തെടുത്തു നെറ്റിയും മുഖവും തുടയ്ക്കുന്നു, മുഖത്തെ ദൈന്യവും സ്വന്തം ചോരയെ ഓർത്തുള്ള ആധിയും, വർത്തമാനത്തിലല്ലെങ്കിൽ, വരും തലമുറകളേയെങ്കിലും സ്വാധീനിക്കട്ടേ എന്നേ നമുക്കിന്നാശിക്കാനാവൂ. യൂറ്റ്യൂബിൽ ലോകമെങ്ങും ലോകഭാഷകളിലുള്ള ഉപശീർഷകങ്ങളോടെ പിറവി ലഭ്യമാണ്. പുതുപിറവികൾക്കായി കാരുണ്യത്തിന്റെ പൂമ്പിറയ്ക്കായി നമുക്കു കാക്കാം. ശീർഷകത്തിന്റെ രൂപകൽപ്പനയിൽ പോലും അന്ത്യാക്ഷരത്തിനു മുകളിലെ പൊട്ടുപോലെ പുതുപൂർണമിയെ അടുപ്പത്തിലടയാളപ്പെടുത്തിയ ഷാജിയുടെ കലാമർമമായ കരുണാകടാക്ഷം ലോകം ഇനിയും കാണാതെ പോവില്ല. കേരളത്തിന്റെ പുതുതലമുറയും അതു കാണുമാറാകട്ടെ. നമ്മുടെ മാധ്യമങ്ങളിലും അക്കാദമികളിലും അതിന്റെ പുതുകാഴ്ച്ചകളും വിശകലനങ്ങളും നടക്കാനിടവരട്ടെ എന്നാശിക്കാം ഭാവിയിലേക്കായി, മനുഷ്യരെ അപരവൽക്കരിച്ചു രാക്ഷസീകരിച്ചും മൃഗവൽക്കരിച്ചും വധിക്കുന്ന, സഹോദരങ്ങളെ ശത്രുവൽക്കരിച്ചു കൊല്ലാൻ പഠിപ്പിക്കുകയും അരുംകൊലയെ വർണധർമത്തിനായി ന്യായീകരിക്കുകയും, കൊല്ലുന്നവൻ രാജാവും ദൈവവുമാകുകയും ചെയ്യുന്ന സംസ്​കൃതപുരാണപാരായണങ്ങളും ഹൈന്ദവേതിഹാസകാവ്യങ്ങളും നമുക്കവസാനിപ്പിക്കാം ഈ വംശഹത്യയുടെ ചോരയുണങ്ങാത്ത മൂഹൂർത്തത്തിലെങ്കിലും.

കുട്ടിസ്രാങ്കിലേക്കെത്തുമ്പോൾ മമ്മൂട്ടിയുടേയും പത്മപ്രിയയുടേയും സമീപ ചിത്രങ്ങൾ മറ്റൊരു തലത്തിലും തരത്തിലുമാണ് ചലച്ചിത്രത്തിൽ സന്നിവേശിപ്പിച്ചിരിക്കുന്നത്.
കുട്ടിസ്രാങ്കിലേക്കെത്തുമ്പോൾ മമ്മൂട്ടിയുടേയും പത്മപ്രിയയുടേയും സമീപ ചിത്രങ്ങൾ മറ്റൊരു തലത്തിലും തരത്തിലുമാണ് ചലച്ചിത്രത്തിൽ സന്നിവേശിപ്പിച്ചിരിക്കുന്നത്.

സങ്കടസത്യത്തെ കുറിച്ചുള്ള
ചലച്ചിത്ര തത്വവിലാപം: ‘സ്വം’

1994- ൽ കാനിൽ വിമർശ ശ്രദ്ധയോടെ കാണിച്ച പടമാണ് സ്വം. വെൺമണി വിഷ്ണുവും മുല്ലനേഴിയും ഒപ്പം വെണി ഹരിദാസെന്ന അനശ്വരനായ കഥകളി പാട്ടുകാരനും അഭിനയിച്ചു ഫലിപ്പിച്ച ശോകസാന്ദ്രമായ പടമാണിത്. മറു കലാവഴക്കങ്ങളിൽ നിന്നുള്ള കലാപ്രവർത്തകരെ അപരോന്മുഖത്വത്തോടെ ജനായത്തപരമായി ഉൾക്കൊള്ളുന്ന പ്രാതിനിധ്യ രാഷ്ട്രീയ സാക്ഷരത കൂടി നമ്മെ പഠിപ്പിക്കുന്ന ഒരു പരീക്ഷണചിത്രവും കൂടിയാണിത്. സിനിമയെ ജനായത്തവൽക്കരിക്കുന്ന ഒരു പരിശ്രമവും. കേരള നവോത്ഥാനം നമ്മെ പഠിപ്പിക്കുന്ന പോലെ പ്രാതിനിധ്യത്തിെൻ്റ രാഷ്ട്രീയത്തെയാണ് ജനായത്തമെന്നു വിളിക്കുന്നത്. തിരപ്പടത്തിലെ സംഗീതത്തിൽ നിറഞ്ഞ സങ്കടം ആ പൊന്നാനിയുടെ ജീവിതത്തിലും അറം പറ്റുകയുണ്ടായി. ഐസക് തോമസ്​ കൊട്ടകപ്പള്ളിയും കെ. രാഘവനും കൂടിയാണീ ഭാവസംഗീതം ശോകാർദ്രമാക്കി ചിട്ടപ്പെടുത്തിയത്. തൊണ്ടയിലെ അർബുദത്തെ തുടർന്നാണ് ഹരിദാസ്​ അകാലത്തിൽ മരണപ്പെട്ടത്.

ജീവിത സങ്കടങ്ങളെക്കുറിച്ചും സങ്കടസത്യത്തെക്കുറിച്ചുമുള്ള ചലച്ചിത്ര സമീക്ഷയാണിത്. ഹൃദയദ്രവീകരണ ശേഷിയുള്ള ചിത്രണമാണിവിടെ ഷാജി നടത്തിയത്. ജയചന്ദ്രൻ നായരും രഘുനാഥ് പലേരിയുമായി ചേർന്നു തയ്യാറാക്കിയ തിരക്കഥയുടെ പാത്രനിർമിതിയും വാർപ്പുമാതൃകയും മൂലം ഒരു സവർണ ഹൈന്ദവ സാമുദായികത പല വിമർശകരും കാണികളും പൊതുവേ ആക്ഷേപരീതിയിൽ, ഇറങ്ങിയ കാലത്തു പറഞ്ഞിരുന്നെങ്കിലും ഇന്നത്തെ കാഴ്ച്ചയിൽ മനുഷ്യാവസ്​ഥയുടെ അസന്നിഗ്ധതയും ജീവിതദുരന്തവും ദൈന്യവും നിത്യജീവിത സങ്കടങ്ങളും കലാസംതുലനത്തോടെ ഭാവാത്മകമായി ആവിഷ്കരിക്കുന്ന ചലച്ചിത്രമായാണ് ആവർത്തിച്ചുള്ള പുതുകാഴ്ച്ചയിൽ കാണപ്പെടുന്നത്. മനുഷ്യജീവിത സങ്കടത്തെ കുറിച്ചുള്ള സാംസ്​കാരികവും തത്വചിന്താപരവുമായ വിലാപമാണീ സിനിമയെന്നു വിലയിരുത്താം. ചായക്കടക്കാരായ കുടുംബത്തിന്റെ ദുരിതങ്ങൾ മാറുന്നില്ല. ചായക്കടക്കാർ ഇന്ത്യയുടെ തന്നെ ദുരിതമായി മാറിയിരിക്കുന്നു വർത്തമാനത്തിൽ എന്നതു ചരിത്രം മറക്കുന്ന ജനത അനുഭവിക്കുന്ന മറ്റൊരു വർത്തമാന ദുരിതം എന്നതു വിധിവൈപരീത്യമാകാം. പണിപ്പെട്ടാ വിധവയുണ്ടാക്കിയ കാശുകൊടുത്ത് പട്ടാള ക്യാമ്പിലേക്കയച്ച മകനും അപകടത്തിൽ പെട്ടു മരണത്തിലേക്കു പോവുകയാണ്. അപ്പന്റെ വഴിയെ മകനും എന്നതാണാവർത്തിക്കുന്ന ദുരന്തം. സങ്കടങ്ങളുടെ ജീവിതമോ അതോ മരണമോ ഏതാണു വലിയ ദുരന്തമെന്നത് മറ്റൊരു താത്വിക പ്രശ്നം. നിസ്സഹായരായ അമ്മയുടേയും പെങ്ങളുടേയും ദൈന്യമാണ് മനുഷ്യദുരിതവും മാറാസങ്കടവുമായി ഷാജി കരുണയോടെ പകർത്തിയിരിക്കുന്നത്. കദനകഥകളിലൂടെ പല പരമ്പരാഗത പ്രേക്ഷകവിഭാഗങ്ങളേയും വശഗതരാക്കിയെടുക്കാനും ചലച്ചിത്രകാരനു കഴിയുന്നു എന്നതും കാണാം.

കൊച്ചുമകനെ തേടി പട്ടാള ബാരക്കിലെത്തുന്ന മുത്തിയുടെ സഞ്ചാരം പകർത്തിയ സൊഖുറോവിന്റെ അലക്സാണ്ട്രിയ വന്നത് സ്വമ്മിനു ശേഷമാണ്. 2007- ലാണത് കാനിൽ പ്രദർശിപ്പിക്കപ്പെട്ടത്. അന്നപൂർണയും അലക്സാണ്ട്രിയയും പല തലങ്ങളിൽ ബന്ധുത്വമാർന്നിരിക്കുന്നു. പട്ടാളമെന്ന മനുഷ്യചരിത്രത്തിലെ ഏറ്റവും അപമാനവീകരണപരമായ സ്​ഥാപനത്തെക്കുറിച്ചുള്ള വിമർശവും സൈനികസായുധ ദേശീയതയുടെ വിമർശവുമാണ് സൊഖുറോവിൽ മുന്നിട്ടു നിൽക്കുന്നതെങ്കിൽ ജീവിതപ്പാതകളിലാകെ നിറയുന്ന അനിശ്ചിതത്വവും ദുരന്തവുമാണ് ഷാജിയുടെ സിനിമയെ സാർവത്രികമാക്കുന്നത്. ജീവിതം സങ്കടദുരിതങ്ങൾ നിറഞ്ഞതാണെന്നും സങ്കടം സത്യമാണെന്നും ഉള്ള അടിസ്​ഥാന യാഥാർഥ്യ സത്യബോധമാണീ സിനിമയിൽ പ്രകാശിക്കുന്നത്. സങ്കടത്തെ സംഗീതത്തിലൂടെ മാറ്റിവയ്ക്കുകയും മറക്കുകയും ചെയ്യുന്ന കുടുംബനാഥൻ സ്വയമില്ലാതാവുന്നു, കുടുംബത്തിന്റെ സങ്കടദുരിതങ്ങൾ ബാക്കിയാവുന്നു. തികച്ചും ദുഃഖസച്ച് എന്ന തഥാഗതന്റെ സത്യസിദ്ധാന്തത്തിന്റെ തത്വചിന്താപരമായ ചലച്ചിത്ര ആവിഷ്കാരമായാകും തത്വചിന്താപരിചയവും സാംസ്​കാരിക ചരിത്രബോധവും ജീവിതാവബോധവും യാഥാർഥ്യബോധവുമുള്ള പുതുതലമുറകൾ ഷാജിയുടെ പടത്തെ കാണുക.

സിനിമയുടെ താളവും ഭാവവും ദശ്യസംവിധാനത്തിലൂടെയും എഡിറ്റിങ്ങിലൂടെയും അനുഭവിക്കാനും പഠിക്കാനുമുള്ള ഒരു പാഠശാലയും കൂടിയാണീ പടം. താളാത്മകമാണ് സംഗീതബോധമുള്ള മുഖ്യകഥാപാത്രത്തിന്റെ ഏറെ അടുപ്പത്തത്തിലുള്ള സീനുകൾ. അതേസമയം ജീവിതദുരന്തങ്ങളുടെ സീനുകൾ അവ്യവസ്​ഥയേയും അസംതുലനത്തേയും സൂചിപ്പിക്കുന്ന ക്രമവും നിലയും കാണിക്കുന്നു. ഇവ തമ്മിലുള്ള ഏതോ അനന്യ തുലനവും ചലച്ചിത്രം മൊത്തത്തിൽ നിർവഹിക്കാൻ ശ്രമിക്കുന്നതായി തോന്നാം. വെൺമണി ഹരിദാസിന്റെ താളം പിടിച്ചു തലയാട്ടിയുള്ള സംഗീതാലാപനവും അഥവാ മൂളലും, ആത്മാനുഭവ ഛായയുള്ള ആസ്വാദനവും ഇത്രയാഴത്തിലും അടുപ്പത്തിലും പകർത്താൻ ഷാജിയുടെ സംവിധാനത്തിൽ പ്രവർത്തിക്കുന്ന ഛായാഗ്രഹണിക്കല്ലാതെ സാധിക്കുകയില്ല എന്നാവും പുതുകാണികളുടെ നോട്ടവും കാഴ്ച്ചയും പറയുക.

 ‘സ്വം’ എന്ന ചിത്രത്തിൽ നിന്ന്
‘സ്വം’ എന്ന ചിത്രത്തിൽ നിന്ന്

സിനിമയുടെ ദൃശ്യതലത്തേയും പ്രമേയ തലത്തേയും തത്വചിന്താപരമാക്കുന്നു എന്നതാണ് ഷാജിയുടെ സിനിമകളുടെ മറ്റൊരു മുതൽക്കൂട്ട്. മൂലകഥയോ ആശയമോ ദൃശ്യദീപ സംവിധാനങ്ങളും ഛായാഗ്രഹണ ശില്പവിതാനവും പലപ്പോഴും സംവിധായകനു സ്വന്തമാകും. പിറവി മുതൽ കാണുന്ന മനുഷ്യരുടെ സമീപ ചിത്രങ്ങൾ സ്വം എന്ന പടത്തിൽ കൂടുതൽ ഗാഢമായി കുറുകുന്നതായി കാണുന്നു. വർണ സംതുലന തലത്തിലുള്ള ഒരു ദൃശ്യ ക്രമീകരണവുമാകാമിതിനു പിന്നിൽ. കാണിയുടെ മനസ്സിൽ നിന്നും ആ ബിംബാവലികൾ മറയുന്നില്ല. ചെറിയ വെളിച്ച ക്രമീകരണത്താലാണ് അദ്ദേഹം ആ സമീപ ദൃശ്യങ്ങളെ സംതുലനം ചെയ്തെടുക്കുന്നത്. നിറങ്ങളുടെ തീവ്രതയിലൂടെയും ജീവിത യാഥാർഥ്യങ്ങളുടെ കടുത്ത ഛായകളെ ആഴത്തിൽ അടയാളപ്പെടുത്താനുള്ള ശ്രമം ഓർമയിൽ തങ്ങി നിൽക്കുന്നു. ഷാജിയുടെ മനസ്സറിയുന്ന, മനക്കണ്ണറിയുന്ന, മനപ്പൊരുത്തമുള്ള ഛായാഗ്രാഹകനായി ഹരിനായരെ ചിട്ടപ്പെടുത്തുന്നതും ഈ പടത്തിലൂടെയാണ്. സംഗീത ശകലങ്ങളുടേയും റിക്കോഡിങ്ങുകളുടേയും സ്​ഥായിയായ ഉപയോഗവും ആദര പരാമർശവും ശബ്ദരേഖയിലും കാണാം. പാത്രനിർമിതിയിലും നടികരിലും ഈ ആദര പരാമർശവും ഉൾക്കൊള്ളലും തികച്ചും ജനായത്തപരമായി നിർവഹിച്ചിരിക്കുന്നു. ഓഡിയോയിലും ചരിത്രകർതൃത്വങ്ങൾക്കു സൂക്ഷ്മമായ റഫറൻസിങ്ങ് നൽകുന്ന അപൂർവം ലോകസംവിധായകരിലൊരാളാണു ഷാജി. ഹരിദാസിന്റെ ക്ലോസപ്പുകൾ ചിത്രത്തിൽ നിന്നും കൂടുതലായി നെറ്റിലേക്കു കൊണ്ടുവരേണ്ടതുണ്ട്. സവിശേഷമായ ആ ദൃശ്യ പരിചരണവും ഛായാഗ്രഹണിയുടെ പതിഞ്ഞ ചലനവും തികച്ചും ഷാജിയൻ ആയ ഒരു മിസ്​–എൻ–സീൻ സാധ്യമാക്കുന്നു. പക്ഷേ അതിനേക്കുറിച്ചുള്ള വീഡിയോകളോടു കൂടിയ ചർച്ചകളും വിശകലനങ്ങളും അക്കാദമികമായും പൊതുവായും കൂടുതൽ ഉണ്ടാവേണ്ടിയിരിക്കുന്നു. ആ ചലനങ്ങളുടെ ലോകബന്ധങ്ങളേക്കുറിച്ച് ഈ പഠനത്തിൽ നാം മുന്നോട്ട് കൂടുതൽ ചർച്ച ചെയ്യുന്നുണ്ട്.

‘വാനപ്രസ്​ഥ’ത്തിലെ
ഇല്ലാത്ത നായ

ആട്ടവും പാട്ടും കൊട്ടുമെല്ലാം ‘‘കേരപുത്തോ’’ എന്നശോകൻ ബി. സി. മൂന്നാം നൂറ്റാണ്ടിൽ വിളിച്ച ആദിചേര കാലത്തു തന്നെ കേരളനാട്ടിൽ പ്രമാദമായിരുന്നു. പല ചേരമൂപ്പൻമാരും സംഘകാലത്ത് ആട്ടത്തിലും പാട്ടിലും കൊട്ടിലും നിപുണരായിരുന്നു. മാരനും മകൾ മോഹിനിയും നടത്തിയതായി പഴങ്കഥകളും പറച്ചിലുകളും പറയുന്ന പുത്തരെ ഇളക്കാനായുള്ള ആട്ടവും പാട്ടും ലോകപ്രശസ്​തമാണല്ലോ. കേരളത്തിലെ മാരാമണ്ണും മാരപറമ്പും മാരായിമുട്ടവും മാരണത്തുകാവും മാരാരിക്കുളവും തമിഴകത്തെ മാരക്കുളവും മാരാന്മാരും മാരമ്പള്ളിയുമടക്കം സംഗീതവാദ്യാദിനൃത്തകലകളുടെ സംസ്​കാര സൂചനകൾ സ്​ഥലപ്പേരുകളിലും സമുദായനാമങ്ങളിലും ബഹുജനസംസ്​കാരത്തിലും പതിഞ്ഞു കിടക്കുന്നു. നമ്മുടെ സോപാന സംഗീതവും മോഹിനിയാട്ടവും കൂടിയാട്ടവുമെല്ലാം എട്ടാം നൂറ്റാണ്ടിനു പിന്നിലേക്കവയുടെ ആദി ധാരകൾക്കു പഴക്കമുണ്ടെങ്കിൽ തീർച്ചയായും പ്രബുദ്ധതയുടെ പാതയിൽ വികസിച്ചു വന്നതാണ്. തെക്കനേഷ്യയിലെങ്ങും ഈ ദൃശ്യകലകൾ ഇന്നും തികച്ചും ബൗദ്ധമാണ്. കേരളത്തിലെ തോൽപ്പാവക്കൂത്ത് കലാകാരന്മാരുടെ കയ്യിൽ ഇപ്പോഴും പഴയ ബൗദ്ധശൈലിയിലുള്ള തോൽപ്പാവകളുടെ അവശിഷ്​ടങ്ങളുണ്ട്. എന്നാൽ മധ്യകാലത്തോടെ ബ്രാഹ്മണികമായ ജാതിയും വർണവും ഇതിനെയെല്ലാം ഹിംസാത്മകമായി ഹിന്ദുവൽക്കരിച്ചു, പിന്നെ അപരവൽക്കരണവും വധങ്ങളും നരമേധങ്ങളും ദിഗ്വിജയങ്ങളും മാത്രമേ ഉണ്ടായിട്ടുള്ളൂ. എല്ലാം രാമായണവും മാവാരതവുമാക്കപ്പെട്ടു. വാദിച്ചു ജയിച്ചെന്നു ഗീർവാണം പറഞ്ഞുള്ള പീഠം കയറലും അപരഹിംസയുമല്ല അറിയാനും അറിയിക്കാനുമാണ് തന്റെ ഉദ്യമമെന്ന് ഗുരുവിന് എഴുതിക്കാണിക്കേണ്ടിവന്നത് ഈ ഹിംസാത്മക ചരിത്രത്തോടുള്ള വിമർശ വിബേദമായാണ്.

ഗുരുവിനും ശിഷ്യർക്കും ശേഷം സത്യത്തേയും നീതിയേയും കേരള സംസ്​കാര ചരിത്ര പഠനങ്ങളിൽ മുന്നോട്ടു കൊണ്ടുപോയ ​പ്രൊഫസർ ഇളംകുളം തന്നെ വിശദീകരിച്ച പോലെ ശൈവ- വൈഷ്ണവ ഭക്തിധാരയിൽ മാവാരത പട്ടത്താനങ്ങൾ നടത്തിയാണിതെല്ലാം മാറ്റിമറിക്കപ്പെട്ടത്. അപമാനവീകരണവും അപരവൽക്കരണവും ജാതിഹിന്ദു പുരാണപാരായണങ്ങളുടെ പ്രധാന ധർമങ്ങളാണല്ലോ വർത്തമാനത്തിലും. 1820- കളിൽ വാർഡും കോനറും പഴയ തമിഴ് ശൈലിയിൽ ചവരിമല എന്നു രേഖപ്പെടുത്തിയ സംഘസാഹിത്യ പ്രശസ്​തമായ ചവരിമാനുകൾ എന്ന മ്ലാവുകൾ മേഞ്ഞ ചവരിമലയെ ഒരു നൂറ്റാണ്ടെടുത്തു രാമായണത്തിലെ ശബരിയെന്ന സംസ്​കൃതനാമവുമായി സംബന്ധിപ്പിച്ച് രാമവൽക്കരിച്ചു ശബരിമലയാക്കി 2018- ൽ നടത്തിയ ശൂദ്രലഹളയിലൂടെ ഭരണഘടന അട്ടിമറിച്ചതിന്റെ പശ്ചാത്തലമൊരുക്കിയത് വർത്തമാന മാവാരത പട്ടത്താനങ്ങളാണ്. ബഹുജനങ്ങളുടെ നികുതിപ്പണമുപയോഗിച്ച് രണ്ടുമൂന്നക്കാദമികൾ ചേർന്നാണ് രണ്ടാഴ്ച്ചത്തെ മാവാരത–ഗീതാ മഹാമഹവും ശിബിരവും കേരള സംസ്​കാര തലസ്​ഥാനത്തു നടത്തി ഈ ഹിന്ദുവൽക്കരണ കാര്യപരിപാടിക്കു കളമൊരുക്കിയത്. കാവ്യവും കലയും ഉപയോഗിച്ചു വരേണ്യം കുലീനം ഉദാത്തം ക്ലാസിക് എന്നീ ലേബലുകളിൽ നടക്കുന്ന ഈ അപമാനവീകരണത്തേയും ജാതിഹിന്ദുവൽക്കരണത്തേയും തീണ്ടലിനേയുമാണ് ആധുനിക കാലത്തു നിലനില്ക്കുന്ന ക്ലാസിക്കൽ ദൃശ്യകലയുടെ സാമൂഹ്യ- വ്യക്തി പരിസരങ്ങളെ അടുപ്പത്തിലാവിഷ്ക്കരിക്കുന്ന വാനപ്രസ്​ഥം എന്ന ബഹുസ്വര ചിത്രത്തിലൂടെ ഷാജി കാണിച്ചു തരുന്നത്. അതു പലരും ഒറ്റനോട്ടത്തിൽ തള്ളുന്ന പോലെ കേവലം കഥകളിയും ക്ലാസിക്കൽ കലയുടെ പരസ്യവുമല്ല, കഥകളിക്കാരായ മനുഷ്യരുടെ സങ്കടങ്ങളും പ്രതിസന്ധികളും കൂടിയാണ്. കഥകളിക്കാരല്ലാത്ത ജനതയും അതിൽ സൂചിതമാകുന്നു. ഈ പ്രതിസന്ധിയുണ്ടാക്കുന്നത് ഇവിടുത്തെ ഉച്ചനീച സാമൂഹ്യ വ്യവസ്​ഥിതിയാണ്. ജാതി എങ്ങനെ മനുഷ്യരെ കുലീന കലാ കേദാരത്തിലിരിക്കുമ്പോഴും ക്ഷുദ്രമായ മൃഗലീലകളിലേക്കൊതുക്കുന്നു എന്നതാണ് വാനപ്രസ്​ഥം തുറന്നു കാണിക്കുന്നത്. മനുഷ്യരെ മൃഗങ്ങളാക്കുന്ന പുരുഷാർഥക്കൂത്തുകളെന്താണെന്നാണ് സിനിമ അന്വേഷിക്കുന്നത്.

 ജാതി എങ്ങനെ മനുഷ്യരെ കുലീന കലാ കേദാരത്തിലിരിക്കുമ്പോഴും ക്ഷുദ്രമായ മൃഗലീലകളിലേക്കൊതുക്കുന്നു എന്നതാണ് വാനപ്രസ്​ഥം തുറന്നു കാണിക്കുന്നത്.
ജാതി എങ്ങനെ മനുഷ്യരെ കുലീന കലാ കേദാരത്തിലിരിക്കുമ്പോഴും ക്ഷുദ്രമായ മൃഗലീലകളിലേക്കൊതുക്കുന്നു എന്നതാണ് വാനപ്രസ്​ഥം തുറന്നു കാണിക്കുന്നത്.

കലയ്ക്കു വിരുദ്ധമാണു വർണധർമം എന്ന സനാതന വൈദിക ഹിന്ദുത്വം. ജീവിതത്തിനും നിരക്കാത്തതാണത്. വരേണ്യകലയുടെ ഉദാത്ത സ്വർഗത്തിൽ കഴിയുമ്പോഴും ജാതിയുടെ കൃമികീടങ്ങളും പൗരോഹിത്യ ആൺകോയ്മയും അതിെൻ്റ കുലസ്​ത്രീ സങ്കൽപ്പങ്ങളും കൂടി പടച്ചുവയ്ക്കുന്ന തൊട്ടുകൂടായ്മയുടേയും മൂഢവിശ്വാസങ്ങളുടേയും കുലീന വിഢിത്തങ്ങൾക്ക് പഞ്ഞമില്ല. തങ്ങൾ ആർത്തവമുളളതിനാൽ അയിത്തക്കാരാണെന്നും പൊതു സ്​ഥലമായ ആരാധനാസ്​ഥലത്തു തങ്ങൾക്കു കേറണ്ട എന്നും യുവതീപ്രവേശമുണ്ടായാൽ തങ്ങളുടെ ബ്രഹ്മചാരിയായ ദൈവത്തിന്റെ കന്യകൻ തത്വം പോകുമെന്നും ശാസ്​ത്രസാങ്കേതിക ബിരുദധാരികളും ഉദ്യോഗസ്​ഥകളും അലമുറയും കുരവയുമിട്ടു ഒന്നരയും മുണ്ടും മുല്ലപ്പൂവും ചൂടി ഇക്കാലത്തു തെരുവിലിറങ്ങുന്നു. ഈ വിചിത്രമായ തീണ്ടാരി സമരം ചവരിമല ശൂദ്രലഹളയുടെ ഭാഗമായി രണ്ടു വർഷത്തിനിടെ കേരളത്തിൽ നടന്നതാണല്ലോ. അതിന്റെ കാവുതീണ്ടലാക്രാന്തത്തിൽ കുത്തഴിഞ്ഞ ക്ഷുദ്ര കോമരങ്ങളിലൊരാളായ മണിച്ചിപ്പിള്ളയാണ് കേരള മുഖ്യമന്ത്രിയെ തെരുവിൽ പരസ്യമായി റിക്കോഡിൽ ജാതിത്തെറി വിളിച്ച് അശോക കേരളത്തെ അപമാനിച്ച് ദേവസം ബോഡിലെ അമിത പ്രാതിനിധ്യത്തിന്റെ സാമ്പത്തിക സംവരണം ഏതാനും ദിവസങ്ങൾ കൊണ്ട് ഓഡിനൻസാക്കിയെടുക്കാനുള്ള കുടിലമായ വർണവെറിക്ക് ആക്കം കൊടുത്ത് ഇന്ത്യൻ ഭരണഘടനയെ പുപ്പം പോലെ റദ്ദാക്കിയത്. സാമൂഹ്യനീതിയുടെ അടിത്തറ റദ്ദാക്കപ്പെട്ടതിനെ തുടർന്ന് ഓരോന്നോരോന്നായി ഫെഡറലിസവും മതേതരത്വവും പൗരത്വവുമെല്ലാം റദ്ദാക്കി വരികയാണ്. ഭരണഘടനയ്ക്ക് ഓട്ടയിടാൻ അരനൂറ്റാണ്ടായി പണിയെടുത്ത പല ശക്തികളും ഇന്ന് അതില്ലാതാക്കിയ ശേഷം സംരക്ഷിക്കാൻ രംഗത്തു വന്നിട്ടുണ്ട്. ഇതിനു പുറമേ 2019 ജനുവരി ലക്കത്തിൽ സർക്കാറിന്റെ പൊതുജനസമ്പർക്ക വകുപ്പിന്റെ ഔദ്യാഗിക മാസികയായ ജനപഥത്തിൽ മുഖ്യമന്ത്രിയുടെ ജൻഡർ ഉപദേശകയായ ഡോ. ടി. കെ. ആനന്ദി എഴുതിവിട്ടത് മുലക്കരം ഒരു സാമ്പത്തിക പ്രശ്നമാണെന്നും ചേർത്തല നങ്ങേലിക്ക് മുലക്കരം കൊടുക്കാൻ പണമില്ലാത്തതായിരുന്നു പ്രശ്നമെന്നുമാണ്. സാമ്പത്തിക സംവരണവാദമെന്ന ഭരണഘടനാ വിരുദ്ധതയ്ക്ക് മറ്റൊരു സാധൂകരണവും കൂടി, അതും ജനങ്ങളുടെ ചെലവിൽ, പോരേ പൂരം.

വർത്തമാനത്തിലെ ജാതിയുടെ ക്ഷുദ്രമായ ദാസ്യവേല കാണുക. അതിന്റെ അധീശത്വവും. അതു തന്നെയാണ് കഥകളിയുടെ ആഭിജാത പരിസരത്തിലൂടെ സിനിമ കാട്ടിത്തരുന്നതും. മകനെ കാണാൻ അപ്പനെ അനുവദിക്കാത്ത വംശീയമായ വർണവെറി, അതാണു കേരളത്തിൽ മധ്യകാലത്തോടെ ദണ്ഡനീതിയാൽ കഥകളിച്ചിട്ടയിൽ ചവിട്ടിത്തിരുമ്മി വരിയുടച്ചെടുത്ത വെള്ളംകടക്കാത്ത വരേണ്യത. ചക്രശ്വാസം വലിക്കുന്ന പിതാവിന് വെള്ളംതൊട്ടുകൊടുക്കാൻ പോയിട്ട് എട്ടയലൽപക്കത്തു പോലും മകനു വരാനാവില്ല, മകളുടെ കാര്യം പറയേണ്ടതുമില്ലല്ലോ. മനുഷ്യത്വത്തെ ഇത്രമാത്രം വിലക്കിയ ഒരു കിരാത ഫാഷിസം ലോകത്തെവിടെയെങ്കിലുമുണ്ടാമോ, സനാതന വൈദിക വർണാശ്രമധർമം പോലെ. നമ്മുടെ മനുവുമായി താരതമ്യം ചെയ്യുമ്പോൾ അവരുടെ ഹിറ്റ്ലർ വെറും പാവമായിരുന്നു എന്നു സഹോദരൻ പറഞ്ഞതും മനുഷ്യരുടെ ജാതി മനുഷ്യത്വമാണെന്നു ഗുരു ചമകൃതത്തിൽ തന്നെ എഴുതിവച്ചതും ഈ സമാനതകളില്ലാത്ത കിരാത സാമൂഹ്യ സാഹചര്യങ്ങളിലാണ്. തൊഴും തോറും തൊഴിക്കയും തൊഴിക്കും തോറും തൊഴുകയും ചെയ്യുന്നത് എന്ന് ഇരുപതാം നൂറ്റാണ്ടിെൻ്റ തുടക്കത്തിൽ സി. വി. കുഞ്ഞിരാമൻ എഴുതിയ ദുരവസ്​ഥയാണത്. അതുവെറും ദാസ്യവും ഭൃത്യബോധവുമാണെന്നു മനുഷ്യരായാലല്ലേ തിരിച്ചറിയൂ.

മനുഷ്യരാകാനും മനുഷ്യൻ നന്നാകാനും കേരളത്തിൽ വളരെ പണിയെടുക്കേണ്ടതുണ്ട്. കാരണം ലോകത്തെ ഏറ്റവും കിരാതവും ഭീകരവുമായ സമഗ്രാധിപത്യം എട്ടാം നൂറ്റാണ്ടോടെ കേരളത്തെ ആദേശം ചെയ്തു പ്രബുദ്ധമായ അശോകൻ നാഗരീകത്തെ വെടക്കാക്കി തനിക്കാക്കിക്കളഞ്ഞു. പിന്നീട് വൈദിക വർണാശ്രമധർമത്തിന്റെ വാഴ്ച്ചയായിരുന്നു ഇന്ത്യൻ ഭരണഘടന വരുന്നതു വരെ. നിർമാണഘടന വന്ന 1950- കളുടെ അവസാനത്തിൽ തന്നെ അതിന്റെ അടിത്തറയായ സാമൂഹ്യ നീതിക്കു തുരങ്കം വയ്ക്കുന്ന ചരിത്രയാഥാർഥ്യ വിരുദ്ധമായ സാമ്പത്തികവാദവും സാമ്പത്തിക മാനദണ്ഡവും അതിലേക്കു കുത്തിച്ചെലുത്താനുള്ള ശ്രമവും കേരളത്തിൽ തന്നെ ബ്രാഹ്മണിക കേന്ദ്രങ്ങളിൽ നിന്നാരംഭിച്ചു. ഭരണപരിഷ്കാര കമ്മറ്റി വഴിയും ജോസഫ് കമ്മീഷൻ വഴിയും വെണ്ണപ്പാളിവാദം വഴിയും ബഹുജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കാനുള്ള ആ തന്ത്രം കൊണ്ടുവന്ന് 2018- ലെ ചവരിമല ശൂദ്രലഹളയോടെ ഭരണഘടനയെ പൂർണമായും റദ്ദാക്കിയെടുത്തു. ഇനി എന്തും സംഭവിക്കാം. ഫെഡറിലിസവും സ്വയംഭരണവും പൗരത്വവും റദ്ദാക്കി വരുന്നു, അടുത്തത് ന്യൂനപക്ഷാവകാശം തന്നെയുമാകാം.

മകനെ കാണാൻ അപ്പനെ അനുവദിക്കാത്ത വംശീയമായ വർണവെറി, അതാണു കേരളത്തിൽ മധ്യകാലത്തോടെ ദണ്ഡനീതിയാൽ കഥകളിച്ചിട്ടയിൽ ചവിട്ടിത്തിരുമ്മി വരിയുടച്ചെടുത്ത വെള്ളംകടക്കാത്ത വരേണ്യത.
മകനെ കാണാൻ അപ്പനെ അനുവദിക്കാത്ത വംശീയമായ വർണവെറി, അതാണു കേരളത്തിൽ മധ്യകാലത്തോടെ ദണ്ഡനീതിയാൽ കഥകളിച്ചിട്ടയിൽ ചവിട്ടിത്തിരുമ്മി വരിയുടച്ചെടുത്ത വെള്ളംകടക്കാത്ത വരേണ്യത.

ഇങ്ങനെ ഇന്ത്യൻ സമൂഹത്തിലും കേരള ചരിത്രത്തിലും നിർണായകമായ ജാതിയും തൊട്ടുകൂടായ്മയും ബ്രാഹ്മണികമായ പിതൃത്വ പ്രതിസന്ധിയുമെല്ലാം വളരെ ഭാവാത്മകമായി മാനവികമായി കലാപരമായി കഥകളിയിലൂടെ പ്രതിനിധാനം ചെയ്തിരിക്കുന്നു മോഹൻ ലാലിനെ നായകനാക്കുന്ന ഷാജിയുടെ സിനിമ. സ്വന്തം മകനെ ജാതിമൂലം കാണാനാവാത്ത പിതാക്കന്മാരും അപ്പനെ കാണാതെ കാലം കഴിക്കേണ്ടിവരുന്ന അഫൻമാരായ മക്കളും സംബന്ധത്തിലൂടെ മൃഗലീലകളാടി കാലക്ഷേപം നടത്തുന്ന കെട്ടിലമ്മമാരും അച്ചിവീടുകളും അമ്മവീടുകളുമെല്ലാം ഇളംകുളം എഴുതിയിട്ടുള്ള കേരള ചരിത്രത്തിലെ ഇരുളടഞ്ഞ ബ്രാഹ്മണിക ഏടുകളാണ്. തീണ്ടാരി ശൂദ്ര ലഹളകൾ നമ്മെ തിരിച്ചുതള്ളുന്നത് ഈ ജാതിയുടെ നരകത്തിലേക്കാണ്. കഥകളിക്കാരനായ കുഞ്ഞിക്കുട്ടൻ തെറ്റൊന്നും ചെയ്തില്ല. പക്ഷേ അയാൾ സനാതന വൈദിക വർണാശ്രമ വ്യവസ്​ഥയിലെ വെറും കൃമിയായ പാദജൻ ശൂദ്രനായി ജനിച്ചുപോയി. രോഹിത് വെമുല ആത്മഹത്യാക്കുറിപ്പിൽ എഴുതിയ പോലെ അതയാളുടെ തെറ്റാണോ. രാമൻ ശംബൂകനെ എന്ന പോലെ കലാവിദ്യാഭ്യാസത്തിനു തന്നെ അയാൾ വധിക്കപ്പെടേണ്ടവനാണ്, പിന്നെയാണോ ക്ഷത്രിയ കുമാരിയിലുള്ള കുട്ടിയെ കാണുന്നത്. അപ്പനെ അപ്പാ എന്നു വിളിക്കാൻ പോലും അരുതാത്ത ഈ വ്യവസ്​ഥയെ കുറിച്ചാണ് ഇനിയും മുന്നോട്ടു പോയിക്കൂടെ എന്നു സി. വി. കുഞ്ഞുരാമൻ എഴുതിയത്. ജാതിയില്ലാത്ത ഹിന്ദുമതം ഉപ്പില്ലാത്ത സമുദ്രം പോലെ അസാധ്യമാണെന്നും അതു ബഹുജനങ്ങൾക്ക് കേവലം അടിമയെ ബന്ധിക്കുന്ന ചങ്ങല തന്നെയാണെന്നും സഹോദരനെഴുതി. ചങ്ങല സ്വന്തമാണെന്നവകാശപ്പെടുന്ന അടിമകൾ ഇന്നു പെരുകുമ്പോൾ സഹോദരൻ തിരികെ വരുന്നു. രാമാദികളുടെ കാലത്തെങ്കിൽ ശംബൂകന്റെ ഗതിയാവും തനിക്കുണ്ടാവുക എന്ന് ഗുരു 1914- ൽ തന്നെ ഉറക്കെ ചിന്തിച്ചു.

ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാനാവില്ല, ജാതിലിംഗ പ്രശ്നങ്ങളെക്കുറിച്ചുള്ള വിമർശ പഠനങ്ങൾ വിദ്യാഭ്യാസത്തിന്റെയും കലാവിഷ്കാരത്തിന്റെയും ഭാഗമായാലേ ഭാവി സമൂഹമെങ്കിലും രക്ഷപ്പെടൂ. അതിലേക്കുള്ള വമ്പിച്ച സംസ്​കാര നിക്ഷേപമാണ് ഷാജിയുടെ വാനപ്രസ്​ഥം.

രസകരമായ സംഗതി ശൂദ്രരിൽ നിന്നു തന്നെയാണ് ഈ വർണാശ്രമ സംരക്ഷകരായ നവക്ഷത്രിയരെ ബ്രാണ്യം ഉയർത്തിയെടുക്കുന്നത്. ശൂദ്രരെ ഉയർത്തിയെടുക്കുന്നതാവട്ടെ, ചണ്ടാളരായ അവർണരിൽ നിന്നും. ജാതിവർണങ്ങളെ ചത്തും കൊന്നും സംരക്ഷിച്ചു കൂട്ടിക്കൊടുപ്പുകാരായാൽ ആർക്കും ശൂദ്രരും വൈശ്യരും ക്ഷത്രിയരുമാകാം. ജൈനബനിയകൾ പലരും ഇന്ന് ഗുജറാത്തിൽ വൈഷ്ണവ വൈശ്യരാകുന്നത് നാം കണ്ടുനിൽക്കുന്ന വേഗത്തിലാണല്ലോ. വർണാശ്രമധർമത്തിന്റെ പ്രഹേളികകൾ, ഈ ചരിത്രങ്ങളെല്ലാം വിമർശ നീതിബോധത്തോടെ വിശദമായി വിദ്യാർഥികൾ പഠിച്ചാലേ വ്യകതമാകൂ. പകരം മാവാരത രാമായണങ്ങളും ഭാഗവതവും വേദങ്ങളുമാണ് പഠിപ്പിക്കുന്നത്. ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാനാവില്ല, ജാതിലിംഗ പ്രശ്നങ്ങളെക്കുറിച്ചുള്ള വിമർശ പഠനങ്ങൾ വിദ്യാഭ്യാസത്തിന്റെയും കലാവിഷ്കാരത്തിന്റെയും ഭാഗമായാലേ ഭാവി സമൂഹമെങ്കിലും രക്ഷപ്പെടൂ. അതിലേക്കുള്ള വമ്പിച്ച സംസ്​കാര നിക്ഷേപമാണ് ഷാജിയുടെ വാനപ്രസ്​ഥം. ഇന്നു ഷാ–മോദി ആഹ്വാന പ്രകാരം പാത്രം കൂട്ടിമുട്ടിയും വിളക്കു കത്തിച്ചും സൈനിക സായൂധ ദേശീയതയിൽ പടയണി ചേരുന്ന ലാലിന് ദേശീയ പുരസ്​കാരവും കൈവന്നത് ഷാജി കരുണിന്റെ പടത്തിലൂടെയാണ്.

ഈ ഫ്രഞ്ച് സഹ നിർമിതി ലോകത്ത് കേരളത്തെ കുറിച്ചു പഠിക്കുന്ന ഗവേഷകരെല്ലാം അവശ്യം കാണുന്ന പടങ്ങളിലൊന്നാണ് എന്ന് ഇൻ്റർനെറ്റിലുള്ള പ്രതികരണങ്ങൾ വെളിപ്പെടുത്തുന്നു. ജാതിലിംഗ പ്രശ്നങ്ങളേയും ബ്രാഹ്മണിക ആൺകോയ്മയേയും പ്രശ്നവൽക്കരിക്കുന്ന കൂടുതൽ പുതുപഠനങ്ങൾ കാലത്തിന്റെ അനിവാര്യതയാണ്. ഉദാത്ത കലയുടെ കൊലച്ചതിയായ മധുരം പുരട്ടിയ കൊലക്കത്തിയെ വിമർശാത്മകമായി അപനിർമിച്ചു സാമൂഹ്യ സന്ദർഭത്തിൽ മൂർത്തമാക്കി കാണിക്കുന്ന ആത്മവിമർശനപരമായ മെറ്റാഫിലിമിക് രചന കൂടിയാണിത്. കല വരേണ്യ കുലീനമാക്കപ്പെടുമ്പോൾ അതിൽ കൊലയും ചതിയും കലരുന്നു. ഭാഷയേയും ശുദ്ധകുലീനമാക്കുമ്പോൾ അതു ചതിയുടെയും കളളത്തിേൻ്റയും കൂത്തരങ്ങാകുന്നു. കലർപ്പും മിശ്രവുമാണ് സഹോദരന്റെ കവിത പറയുമ്പോലെ ലോക യാഥാർഥ്യം. നൈതികമായ ഈ കലാവിമർശം സിനിമയ്ക്കും കൂടി ബാധകമാണ്. സിനിമയെ സാധ്യമാക്കുന്ന ലോകത്തെ കുറിച്ചും മാനുഷ്യകത്തെ കുറിച്ചും പ്രത്യേകം പറയേണ്ടതുമില്ല. കർതൃത്വത്തിന്റെ വിള്ളലുകളും വിടവുകളും മൗനങ്ങളും ദമനങ്ങളും ചരിത്രത്തിന്റെ മാലിന്യങ്ങളും ഭാരങ്ങളും ഭരണാധികാരവും ബലിമൃഗമാക്കപ്പെടലും മൃഗവൽക്കരണവും രാക്ഷസീകരണവും നജീവിതവുമെല്ലാം പുതിയ ഫൂക്കോൾഡിയൻ ആഗേമ്പേനിയൻ വായനകളിലൂടെ പുതുതലമുറ പുറത്തു കൊണ്ടുവരട്ടേ. സി. കേശവൻ തന്റെ പള്ളിക്കൂട വിദ്യാഭ്യാസകാലത്ത് 1920- കളിൽ നേരിട്ട ജാതിപ്പരിഹാസ വിളികൾക്കപ്പുറത്തുള്ള എറിഞ്ഞടി പോലുള്ള ഒന്ന് തന്റെ ഗുരുവിൽ നിന്നും അനുഭവിക്കുന്ന കുഞ്ഞിക്കുട്ടന്റെ പിടച്ചിൽ ഷാജി ദൃശ്യവൽക്കരിച്ചിരിക്കുന്നതു മാത്രം കണ്ടാൽ തിരപ്പടത്തിന്റെ ആഘാതചികിൽസ നമുക്കു ബോധ്യമാകും. കേശവൻ വിദ്യാർഥിയും അധ്യാപകനുമായിരുന്ന യുവകാലത്താണിതെല്ലാം അനുഭവിച്ചത്. മുഖ്യമന്ത്രിയായശേഷം ജാതിത്തെറി കേട്ടിട്ടില്ല. എന്നാൽ പിണറായി വിജയൻ തന്റെ വാർധക്യത്തിൽ മുഖ്യമന്ത്രിയായ ശേഷമാണീ ജാതിത്തെറി പരസ്യമായി തെരുവിൽ ഒരു മലയാള കുലീന വനിതയുടെ തിരുമുഖത്തു നിന്നും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ കേൾക്കേണ്ടിവന്നത്. മലയാളകുലീന കവയിത്രിമാർ പാടുന്നത് ‘‘അന്യസംസ്​ഥാന’’ തൊഴിലാളികളാണ് മലയാള സമൂഹത്തിന്റെ എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കുന്നത് എന്നാണ്. ‘എല്ലാവരുമാത്മ സഹോദരരെന്നല്ലേ പറയേണ്ടതിതോർക്കുകിൽ നാം’ എന്നാണു ജീവകാരുണ്യപഞ്ചകത്തിൽ ഗുരു എഴുതിയത്. നാം നൂറുകൊല്ലത്തിനും ഗുരുവിനും പിന്നിലേക്കു പോയിരിക്കുന്നു.

 മലയാളകുലീന കവയിത്രിമാർ പാടുന്നത് ‘‘അന്യസംസ്​ഥാന’’ തൊഴിലാളികളാണ് മലയാള സമൂഹത്തിന്റെ എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കുന്നത് എന്നാണ്. ‘എല്ലാവരുമാത്മ സഹോദരരെന്നല്ലേ പറയേണ്ടതിതോർക്കുകിൽ നാം’ എന്നാണു ജീവകാരുണ്യപഞ്ചകത്തിൽ ഗുരു എഴുതിയത്. നാം നൂറുകൊല്ലത്തിനും ഗുരുവിനും പിന്നിലേക്കു പോയിരിക്കുന്നു.
മലയാളകുലീന കവയിത്രിമാർ പാടുന്നത് ‘‘അന്യസംസ്​ഥാന’’ തൊഴിലാളികളാണ് മലയാള സമൂഹത്തിന്റെ എല്ലാ പ്രശ്നങ്ങളും ഉണ്ടാക്കുന്നത് എന്നാണ്. ‘എല്ലാവരുമാത്മ സഹോദരരെന്നല്ലേ പറയേണ്ടതിതോർക്കുകിൽ നാം’ എന്നാണു ജീവകാരുണ്യപഞ്ചകത്തിൽ ഗുരു എഴുതിയത്. നാം നൂറുകൊല്ലത്തിനും ഗുരുവിനും പിന്നിലേക്കു പോയിരിക്കുന്നു.

ദേവസം ബോഡിലെ സാമ്പത്തിക സംവരണ ഓഡിനൻസിലൂടെ സമാരംഭിച്ച ഭരണഘടനയുടെ റദ്ദാക്കൽ പൂർത്തിയാവുമ്പോൾ നാം തികച്ചും മനുവിന്റെ കാലത്തേക്ക് അഥവാ ബുദ്ധനും പിന്നിലേക്കു പോകും. തികഞ്ഞ വൈദിക വർണാശ്രമ ഹിന്ദുരാഷ്ട്രം സമാഗതമായി. ജാതിേശ്രണീ ബദ്ധമായ പറ്റലൈംഗിക വേഴ്ച്ചയുടെ അരാജകത്വം നാട്ടുനടപ്പാക്കി ലൈംഗിക മാനസിക കോളനികൾ തൃഷ്ണാദമനങ്ങളിലൂടെ പ്രതിനിധാന ഭൗതിക ഹിംസാപരമ്പരകളിലൂടെ ഹൈന്ദവപുരാണേതിഹാസകാവ്യങ്ങളിലൂടെ എന്നവണ്ണം ചവിട്ടിയുറപ്പിച്ച് ജനതയെ പിതൃത്വ പ്രതിസന്ധിയിലാക്കി നായിലും നാണം കെടുത്തി ചവിട്ടുന്ന പൗരോഹിത്യ ആൺകോയ്മയുടെ പാദം നക്കിക്കുന്ന ദയനീയമായ സാമൂഹ്യാനീതിയെയാണ് ഷാജി കരുണിന്റെ വാനപ്രസ്​ഥം അതിന്റെ സാമൂഹ്യ- രാഷ്ട്രീയ തലങ്ങളിൽ കലാപരമായി പ്രതിനിധാനം ചെയ്യുന്നത്. കാവ്യനീതിയും ലോകനീതിയും ഒന്നാകുന്ന ജീവിതസമരഭൂമികയും വിലപ്പെട്ട സംസ്​കാര രാഷ്ട്രീയ സന്ദർഭവുമാണിത്. സക്കീർ ഹുസൈന്റെ താളപ്രധാനമായ സംഗീതമുപയോഗിച്ച് നിരവധി കഥകളി കലാകാരന്മാരെ പങ്കാളിത്തം കൊടുത്ത് ആദരിച്ചു കൊണ്ടാണ് കലാനിപുണതയോടെ ഈ പെരിയ കാലികമായ കലാസാമൂഹ്യ വിമർശവും ചരിത്രണവും അദ്ദേഹം നടത്തിയിരിക്കുന്നത് എന്നതാണ് നാമിന്നു പ്രത്യേകം കാണേണ്ടുന്ന കാര്യം. ധ്യാനാത്മകവും അഖിലബാന്ധവത്വവുമുളള മാനവിക സർഗചേതനയും വിമർശ ചരിത്രബോധവുമാണ് ഷാജിയുടെ കലയുടെ കാരുണ്യമേറ്റുന്നത് എന്നു നിരീക്ഷിക്കുന്നതാവും ഉചിതം. അതിന്റെ വർത്തമാന കലാമൂല്യവും ഭാവികാലമൂല്യവും ചരിത്രചിത്രണമൂല്യങ്ങളും വരും തലമുറകൾ കണ്ടറിഞ്ഞു വിലയിരുത്തട്ടെ.

(തുടരും)


Summary: Dr. Ajay S. Sekher writes about shaji n karun politically conscious films like piravi, kuttysrank, Swaham, Vanaprastham ignored in kerala.


ഡോ. അജയ് എസ്. ശേഖർ

കാലടി സർവകലാശാലയിലെ ഇംഗ്ലീഷ് അധ്യാപകനും ഗവേഷണ മാർഗദർശിയും സെൻറർ ഫോർ ബുദ്ധിസ്റ്റ് സ്റ്റഡീസ് സ്ഥാപക കോഡിനേറ്ററുമാണ്. കേരളസംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതിയംഗം. റെപ്രസൻറിങ്ങ് ദ മാർജിൻ, സംസ്കാരരാഷ്ട്രീയത്തിലേക്കുള്ള കുറിപ്പുകൾ, ഡോ. ബി. ആർ. അംബേദ്കർ, സഹോദരനയ്യപ്പൻ, നാണുഗുരുവിന്റെ ആത്മസാഹോദര്യവും മതേതര ബഹുസ്വര ദർശനവും, കേരളനവോത്ഥാനം പുതുവായനകൾ, പുത്തൻകേരളം, ബുദ്ധിസം ആൻഡ് കേരള എന്നിവയാണ് പുതിയ പുസ്തകങ്ങൾ.

Comments