ഇവാൻസ് ചൈൽഡ്ഹുഡ് എന്ന സിനിമയിൽ നിക്കോളായ് ബുർലയേവ് / Photo: Imdb

കൊടും ഹിംസകളുടെ കാലത്തെ ഇവാൻ

മഹായുദ്ധങ്ങളുടെയും, മതങ്ങളുടേയും മറ്റ് അധികാരസംഘങ്ങളുടെയും കാർമികത്വത്തിൽ നടന്ന ക്ഷുദ്രങ്ങളായ കലാപങ്ങളുടെയും, ഈ അടുത്തകാലത്ത് അഫ്ഗാനിസ്ഥാനിലുൾപ്പെടെ ഉണ്ടായ കൊലപാതകങ്ങളുടെയും ഓർമയിൽ ‘ഇവാന്റെ ബാല്യം' എന്ന സിനിമ ഒരിക്കൽ കൂടി കാണുന്നു

‘ഇവാന്റെ ബാല്യം' (Ivan's Childhood) രണ്ടാംലോകമഹായുദ്ധകാലത്തെ നാസി ജർമനിയുമായുള്ള റഷ്യൻ പ്രതിരോധത്തിന്റെ അനുഭവങ്ങൾ ഉൾക്കൊള്ളുന്ന ഒരു തർക്കോവ്‌സ്‌കിയൻ (Tarkovsky) സിനിമയാണ്. യുദ്ധം നിമിത്തം അമ്മയെയും സഹോദരിയെയും അച്ഛനെയും നഷ്ടപ്പെട്ട്, തികച്ചും അസാധാരണമായ മാനസികാവസ്ഥയിലകപ്പെട്ട ഇവാൻ എന്നുപേരുള്ള 12 വയസ് പ്രായമുള്ള ഒരാൺകുട്ടിയുടെ ജീവിതത്തെ കുറിച്ചുള്ള, നമ്മെ അഗാധമായി നൊമ്പരപ്പെടുത്തുന്ന, എക്കാലത്തെയും മഹത്തായ കലാസൃഷ്ടികളുടെ ഗണത്തിൽ പെടുത്താവുന്ന ഒരു റഷ്യൻ സിനിമയാണ് ‘ഇവാന്റെ ബാല്യം'.

കലാപങ്ങളും യുദ്ധങ്ങളും മനുഷ്യക്കുരുതികളും ഉള്ളിടത്തോളം കാലം, അശരണരായ മനുഷ്യർ നേരിടുന്ന അപരിഹാര്യമായ അനാഥത്വം ഉയർത്തുന്ന സമസ്യകളെപ്പറ്റി ആ സിനിമ നമ്മെ നിരന്തരം ഓർമിപ്പിച്ചുകൊണ്ടേയിരിക്കും. അത്തരം പീഡാനുഭവങ്ങൾക്ക് അറുതിയില്ലെന്ന് വേണം കരുതാൻ. ചരിത്രത്തിലിടംപിടിച്ച മഹായുദ്ധങ്ങളായാലും, മതങ്ങളുടെയും വിവിധ അധികാരസംഘങ്ങളുടെയും കാർമികത്വത്തിൽ നടന്ന ക്ഷുദ്രങ്ങളായ കലാപങ്ങളായാലും, ഈ അടുത്തകാലത്ത് അഫ്ഗാനിസ്ഥാനിലുൾപ്പെടെ ഉണ്ടായ കൂട്ടക്കൊലപാതകങ്ങളായാലും, ഒരിക്കലും പരിപൂർണമായി അണയാത്ത, അകമേ നീറുകയും അപ്രതീക്ഷിത സമയങ്ങളിൽ മാരക പ്രഹരശേഷിയോടെ പൊട്ടിത്തെറിക്കുകയും ചെയ്യുന്ന അഗ്‌നിപർവതങ്ങളെപ്പോലെ ആ കൊടുംഹിംസകൾ മനുഷ്യരെ അനാഥരും അഭയാർത്ഥികളും ആക്കിത്തീർക്കുന്ന കാലത്തോളം ഇവാന്റെ ബാല്യകാലത്തിന്റെ കഥ പറയുന്ന ഈ സിനിമ ഉൾക്കൊള്ളുന്ന ദുരന്തത്തിന്റെ അംശങ്ങൾ ഇനിയും ആവർത്തിക്കപ്പെടുമെന്നുള്ളതാണ് ഖേദകരമായ വസ്തുത.

യുദ്ധം നടക്കുന്ന മനസ്സ്

ഒരു സ്വപ്നരംഗത്തോടെയാണ് സിനിമ ആരംഭിക്കുന്നത്.
തികച്ചും ഉന്മേഷവാനായ ഇവാൻ, വീടിനടുത്തുള്ള തൊടിയിൽ വച്ച് ഒരു ചിത്രശലഭത്തെ പിന്തുടരുന്നതിനിടെ, ലാഘവത്താൽ അതിനൊപ്പം ചിരിച്ചുല്ലസിച്ച് ഉയർന്നുപൊങ്ങി കളിക്കുന്നു. തെളിഞ്ഞ സൂര്യപ്രകാശമുള്ള അന്നേരം വെള്ളവുമായി വഴിയിലൂടെ നടന്നുപോകുന്ന അവന്റെ അമ്മയെ കാണുന്നു. അമ്മയുടെയും മകന്റേയും സന്തോഷപൂർവ്വമായ രംഗത്തിനിടെ നടുക്കുന്ന ഒരു ശബ്ദം അമ്മയെ ഞെട്ടിപ്പിക്കുന്നു; അതേ ഞെട്ടലോടെ കുട്ടി ആ സ്വപ്നത്തിൽ നിന്നുണരുന്നു. സിനിമയിൽ ആവർത്തിക്കപ്പെടുന്ന ഇത്തരം സ്വപ്നരംഗങ്ങളിലൊഴികെ ഒരിടത്തും സന്തോഷവാനായ ആ കുട്ടിയെ നാം ഇനി കണ്ടുമുട്ടുകയില്ല. തികഞ്ഞ വിഷാദവാനും കടുത്ത മാനസികസംഘർഷങ്ങൾ അനുഭവിക്കുകയും ചെയ്യുന്ന, ഗൗരവപ്രകൃതക്കാരനും, പ്രായത്തിനെക്കാളുയർന്ന പക്വതയും, നമ്മെ അമ്പരപ്പിക്കുകയും നടുക്കുകയും ചെയ്യുന്ന തരം പ്രതികരണങ്ങളുമുള്ള, ചെറിയ ദേഹത്തിൽ ജീവിക്കുന്ന പ്രതികാരമോഹിയായ ഒരു മുതിർന്ന മനുഷ്യനെപ്പോലെയാണ് ഇവാന്റെ പെരുമാറ്റം.

ഇവാൻസ് ചൈൽഡ്ഹുഡിൽ നിക്കോളായ് ബുർലയേവും ഇർമ റൗഷും / Photo: Imdb

നാസികൾക്കെതിരെയുള്ള യുദ്ധത്തിൽ റഷ്യൻ സംഘത്തിനുവേണ്ടി രഹസ്യപ്രവർത്തനം നടത്തുന്ന ഒരുവനാണ് കുട്ടിയെന്ന് നാം ഏറെത്താമസിയാതെ മനസ്സിലാക്കുന്നു. ക്യാമ്പിലെ പല പട്ടാളക്കാർക്കും പ്രിയങ്കരനാണ് ഇവാൻ. അവനെ തിരിച്ച് സ്‌കൂളിലയക്കാൻ അവർ ആവുംവട്ടം ശ്രമിച്ചുനോക്കുന്നുണ്ട്. കടുംപിടുത്തക്കാരനും തികഞ്ഞ നിഷേധിയുമായ ഇവാൻ അതൊന്നും കൂട്ടാക്കാൻ തയ്യാറല്ല. ഇവാനെ പിന്തിരിപ്പിക്കാനും അവന്റെ സമപ്രായക്കാരായ കുട്ടികൾ ഏർപ്പെടുന്ന തരം കൃത്യങ്ങളിൽ ഏർപ്പെടുത്താനും ശ്രമിക്കുന്ന പട്ടാളക്യാമ്പിലെ ചില ഉദ്യോഗസ്ഥരും ഇവാനും തമ്മിൽ ഉടലെടുക്കുന്ന സംഘർഷങ്ങളാണ് സിനിമയുടെ പല ഭാഗങ്ങളും. യുദ്ധഭൂമിവിട്ട് മറ്റൊരിടത്തും അവന്റെ മനസ്സ് ഉറച്ചുനിൽക്കുന്നില്ല; യുദ്ധം മാത്രമാണ് അവന്റെ മനസ്സിൽ. ക്യാമ്പിലുള്ള പട്ടാള ഓഫീസർമാരിൽ നിന്നുമാണ് ഇവാന്റെ നഷ്ടപ്പെട്ട കുടുംബാംഗങ്ങളെപ്പറ്റി നാം അറിയുന്നത്.

പട്ടാള ക്യാമ്പ് സ്ഥിതി ചെയ്യുന്നത് പുഴക്കിക്കരെ കഠിനമായ ചതുപ്പുകളും കുന്നും മേടും നിറഞ്ഞ, ജനസാമീപ്യമില്ലാത്ത ഒരു പ്രദേശത്താണ്. ജീവൻ നഷ്ടപ്പെടാനുള്ള എല്ലാ സാധ്യതകളുമുണ്ടായിട്ടും അതിസാഹസികമായി പുഴയ്ക്ക് കുറുകെ നീന്തി എല്ലാവരെയും അത്ഭുതപ്പെടുത്തിയാണ് ഇവാൻ അവിടെ എത്തിപ്പെടുന്നതുതന്നെ. തരിശുഭൂമി പോലെ തോന്നിപ്പിക്കുന്ന ആ ഭൂവിഭാഗത്തിലാണ് സിനിമയിലെ എല്ലാ രംഗങ്ങളും ചിത്രകരിക്കപ്പെട്ടിരിക്കുന്നത്. അനാകർഷകമായ ആ പശ്ചാത്തലവും, വെളിച്ചം നന്നേ കുറഞ്ഞ അക്കാലത്തെ പട്ടാള ക്യാമ്പിന്റെ അകത്തളങ്ങളും ഇടതടവില്ലാതെ കൊള്ളിമീനുകൾ പോലെ ആകാശത്തുനിന്ന് യുദ്ധവിമാനങ്ങൾ പൊഴിക്കുന്ന ചെറിയ തീഗോളങ്ങളും വെടിശബ്ദങ്ങളും നിറഞ്ഞുനിൽക്കുന്ന പ്രകാശപൂർണമല്ലാത്ത ദൃശ്യങ്ങളാണ് ചിത്രത്തിലുടനീളം. പ്രകാശം അതിന്റെ പരിപൂർണ സാന്നിധ്യം അറിയിക്കുന്നത് ഇവാൻ ഉറക്കങ്ങളിൽ കാണുന്ന സ്വപ്നരംഗങ്ങളിൽ മാത്രമാണ്. ഇവാൻ അമ്മക്കൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങളാണ് ആ സ്വപ്നങ്ങളിൽ ആവർത്തിക്കുന്നത്.

ഇവാൻസ് ചൈൽഡ്ഹുഡിൽ മാഷയായി വാലന്റിന മല്യാവിന / Photo: Imdb

വിഷാദവതിയായ മാഷ

ഇവാന്റെ അമ്മയുടെ ഹ്രസ്വമായ സാന്നിധ്യം ഒഴിച്ചുനിർത്തിയാൽ സിനിമയിലുള്ള ഏക സ്ത്രീ കഥാപാത്രം പട്ടാളക്യാമ്പിലെ മാഷ എന്ന മെഡിക്കൽ സ്റ്റാഫാണ്. ക്യാമ്പിലെ മനം മടുപ്പിക്കുന്ന സാഹചര്യത്തിൽ ഏകാന്തജീവിതം തള്ളിനീക്കുന്ന നിരുപദ്രവകാരിയും വിഷാദവതിയും അവിവാഹിതയുമായ യുവതിയാണ് മാഷ. നിസ്സഹായയായ ഇരയുടെ എല്ലാ ദൈന്യതയും കണ്ണുകളിലുൾക്കൊള്ളുന്ന അവൾ വീടിനെക്കുറിച്ചും നാടിനെക്കുറിച്ചുമുള്ള ഓർമകൾ കണ്ണീരോടെ ഉള്ളിലൊതുക്കി കഴിയുന്നവളാണ്. കീഴ്ജീവനക്കാരോട് കാർക്കശ്യത്തോടെ പെരുമാറുന്നില്ല എന്നുള്ളതാണ് അവളെക്കുറിച്ച് ക്യാമ്പിനുള്ള പരാതി. (സിനിമയുടെ അന്ത്യഭാഗത്തോടടുക്കുമ്പോൾ മാഷ എന്ന സ്ത്രീകഥാപാത്രത്തെ, അവരുടെ സാന്നിധ്യം അവിടെ അനാവശ്യമാണെന്ന കാരണം കാണിച്ച് ക്യാമ്പിൽ നിന്ന് സ്ഥലം മാറ്റുന്നു. അതികായരായ, അമിതാധികാരം ശീലമാക്കിയ പുരുഷരൂപങ്ങളുടെ പശ്ചാത്തലത്തിൽ, അവിടെയുള്ള മാഷയുടെ സാന്നിധ്യം അതുമായി ചേർന്നുപോകാത്ത ഒന്നാണ് എന്നത് വളരെ പ്രകടമാണ്. ഫെല്ലിനിയുടെ (Fellini) വിഖ്യാതമായ ലാ സ്ട്രാഡ (La Strada) എന്ന സിനിമയിലെ, അടിമയായ വളർത്തുമൃഗത്തെ ചട്ടം പഠിപ്പിക്കുന്ന പരിശീലകന്റെ മനോഭാവമുള്ള സമ്പാനോ എന്ന നിഷ്ഠൂരനായ തെരുവുപ്രകടനക്കാരന്റെ കൈയിലകപ്പെട്ട നിസ്സഹായയായ ജെൽസോമിന എന്ന നിശ്ശബ്ദയായ ആ സ്ത്രീകഥാപാത്രത്തെ മാഷ അനുസ്മരിപ്പിക്കും. നിശ്ശബ്ദയാക്കപ്പെട്ട, സ്വാഭാവിക പ്രതികരണങ്ങൾ പോലും അസാധ്യമാക്കപ്പെട്ട ദൈന്യതയുടെ പ്രതിരൂപമായിരുന്നു ഫെല്ലിനിയുടെ ജെൽസോമിന.).

ഒരിക്കലും മോചനമില്ലെന്ന് തോന്നിപ്പിക്കുന്ന കാരാഗൃഹതുല്യമായ ആ ക്യാമ്പിൽ, ആ പ്രായത്തിലുള്ള ഒട്ടുമിക്ക മനുഷ്യരെയും പോലെ മാഷയും തന്നോട് ഇഷ്ടം തോന്നുന്ന ഒന്നുരണ്ട് യുവ ഓഫീസർമാരുമായി ചില നിമിഷങ്ങളിൽ അവൾക്കു തന്നെ തീർച്ചയില്ലാത്ത ചില നിശ്ശബ്ദാനുരാഗങ്ങളിൽ താത്ക്കാലികമായി നിമഗ്‌നയാവുന്നു. ഗാൽട്‌സേവ് എന്ന യുവ ലഫ്റ്റനൻറ്​ അവരിലൊരാളാണ്. പ്രായം കൊണ്ടും രൂപംകൊണ്ടും ഭാവഹാവാദികൾ കൊണ്ടും മനസ്സുകൊണ്ടും തീർത്തും വ്യത്യസ്തനായൊരു യുവാവാണ് അയാൾ. മാഷയോട് സ്വരം കടുപ്പിക്കുമ്പോഴും ഹൃദയാലുവായൊരു യുവാവാണ് ഗാൽട്‌സേവ്. ഈ മാനസികാവസ്ഥയാണ് ഗാൽട്‌സേവിനെ ഇവാനുമായി അടുപ്പിക്കുന്നതും.

തന്റെ കൂടെയുള്ള ഒരു പട്ടാളക്കാരൻ, ഇവാന്റെ അവിവേകം നിറഞ്ഞ അതിസാഹസികതയെ മുതലെടുത്ത് പുഴക്കക്കരെയുള്ള ശത്രുപാളയത്തിലേക്ക് നുഴഞ്ഞുകയറുന്നതിനായി കുട്ടിയെ അതീവരഹസ്യമായി തോണിയേറ്റി പോകുമ്പോൾ, അവരെ തനിച്ചാക്കാതെ കൂടെ ചെല്ലാൻ ഗാൽട്‌സേവും സന്നദ്ധനാവുന്നു. പുഴയും ചതുപ്പുകളും താണ്ടി, ശത്രുക്കളുടെ കണ്ണ് വെട്ടിച്ചുള്ള സാഹസികമായ യാത്രക്കൊടുവിൽ അവർ മൂവരും മറുകരയെത്തുന്നു. ഗാൽട്‌സേവും കൂടെയുള്ള പട്ടാളക്കാരനും സഹായം വാഗ്ദാനം ചെയ്യുന്നുണ്ടെകിലും അതൊന്നും സ്വീകരിക്കാൻ കൂട്ടാക്കാതെ ഇവാൻ പരിചയസമ്പന്നരും അതിധീരന്മാരുമായ സൈനികർ പോലും ചെയ്യാൻ മടിക്കുന്ന ദൗത്യത്തിനായി അശേഷം ഭയമില്ലാതെ ഏകനായി ശത്രുപാളയത്തിലേക്ക് നടന്ന് മറയുന്നു. ഇതിനിടെ, അതുവഴി ശത്രുസൈനികർ റോന്തുചുറ്റുന്നതു കാണുന്ന ഗാൽട്‌സേവും കൂട്ടാളിയും തോണിയുമായി തിരിക്കാൻ നിർബന്ധിതരാവുന്നു.

ഇവാനെപ്പറ്റി പിന്നീട് ഒരു വിവരവുമില്ല. ഏറെത്താമസിയാതെ ഗാൽട്‌സേവുൾപ്പെടുന്ന റഷ്യൻ സൈന്യം യുദ്ധം ജയിക്കുകയും, അവർ ജർമനിയിലെ അധികാരകേന്ദ്രം കൈയ്യടക്കുകയും ചെയ്യുന്നു. ജർമൻ സൈന്യം പിടികൂടി വെടിവെച്ചും തൂക്കിലേറ്റിയും കൊലചെയ്യപ്പെട്ടവരുടെ വിവരങ്ങൾ ഫോട്ടോ സഹിതം രേഖപ്പെടുത്തിയ ഫയലുകൾ തകർന്നടിഞ്ഞ ജർമൻ യുദ്ധാവശിഷ്ടങ്ങളിൽ നിന്ന് റഷ്യൻ പട്ടാളക്കാർ നീക്കംചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി ആ ബാലമരണത്തിന്റെ വിശദാംശങ്ങൾ ഗാൽട്‌സേവ് ഫയലുകളിൽ നിന്ന് അറിയാനിടയാകുന്നു. ജർമൻകാർ മനുഷ്യരെ കൂട്ടമായി തൂക്കിലേറ്റിയിരുന്ന സമീപത്തുള്ള മുറിയിലേക്ക് ദുഃഖത്തോടെ അയാൾ കടന്നുചെല്ലുന്നു. വരിവരിയായി തൂക്കിയിട്ടിരിക്കുന്ന കൊലക്കയറുകളൊന്നിൽ അയാൾ ഇവാന്റെ മരണം മനസ്സിൽ നോക്കിക്കാണുന്നു.

തുടർന്ന് വരുന്ന അന്ത്യരംഗങ്ങളിൽ നാം കാണുന്നത് യുദ്ധത്തിനും കെടുതികൾക്കും മുൻപ്, ഇവാൻ വീട്ടുകാർക്കും കൂട്ടുകാർക്കുമൊപ്പം സന്തോഷവാനായിക്കഴിഞ്ഞിരുന്ന കാലത്തുള്ളതെന്നു പറയാവുന്ന ദൃശ്യങ്ങളാണ്. അമ്മയുടെ അടുക്കൽ നിന്ന് വെള്ളം വാങ്ങി സന്തോഷത്തോടെ അത് കുടിക്കുന്ന ഇവാൻ; പുഴക്കരികിലേക്കു നീങ്ങവേ അവനെ നോക്കി സ്‌നേഹത്തോടെ കൈവീശുന്ന അവന്റെ അമ്മ. പുഴക്കരയിലെ മണലിൽ സമപ്രായക്കാരായ ആണും പെണ്ണുമായ കുറെ കുട്ടികളോടൊപ്പം, ആ പ്രായത്തിലുള്ള കുട്ടികൾ സാധാരണയായി കളിക്കുന്ന കളികളിൽ മുഴുകുന്ന സന്തോഷവാനായ ഇവാൻ. കണ്ണുപൊത്തി കളിക്കുന്നതിനിടെ ആ കളിയുടെ ഭാഗമായി ഒരു പെൺകുട്ടിക്കൊപ്പം ചിരിച്ചാർത്ത് ഓടുന്ന ഇവാൻ. നിറഞ്ഞ പകൽ വെളിച്ചത്തിൽ, പുഴയിലെ ആഴം കുറഞ്ഞ ഭാഗത്തുള്ള തെളിനീരൊഴുക്കിന് മീതെ പരസ്പരം മത്സരിച്ചോടുമ്പോൾ, ലക്ഷ്യസ്ഥാനത്തെത്താൻ കൂടുതൽ കൂടുതൽ മുന്നോട്ടു കുതിക്കുന്ന ഉല്ലാസഭരിതനായ ഇവാൻ എന്ന കുട്ടി.

സിനിമ അവസാനിക്കുമ്പോൾ അതവശേഷിപ്പിക്കുന്ന ചില ചോദ്യങ്ങൾ ഇവയാണ്: തനിക്ക് നീതി നിഷേധിച്ച ഒരു ലോകവുമായി രമ്യതയിലെത്തുക തീർത്തും അസാധ്യമാണെന്ന് ആ കുട്ടി കരുതുന്നതെന്തുകൊണ്ട്? തികഞ്ഞ പ്രതികാരവാഞ്ചയുമായി സ്വന്തം സുരക്ഷിതത്വത്തെ വരെ മറന്ന് ഭ്രാന്തമായ ആവേശത്തോടെ യുദ്ധഭൂമിയിൽ തന്നെ തുടരുവാനും മരണത്തെ വരിക്കാനും ഇവാനെ പ്രേരിപ്പിക്കുന്നതെന്ത്? പന്ത്രണ്ട് വയസുമാത്രം പ്രായമായ ഇവാൻ തന്റെയുള്ളിലെ നിഷ്‌കളങ്കനായ ആ കുട്ടിയെ കൊന്നുകളഞ്ഞതെന്തിന്? ഭയം അവനെ ബാധിക്കാത്തതെന്തുകൊണ്ട്? അതിനുള്ള ഉത്തരങ്ങൾ ഇവാന്റെ തന്നെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നു. (പതിനായിരക്കണക്കിന് നിരപരാധികളെ കൂട്ടക്കുരുതി നടത്തിയ) ട്രോസ്ട്യനെറ്റ് കശാപ്പുഭൂമിയിൽമനുഷ്യരെ കൂട്ടക്കൊല ചെയ്യുന്നത് നേരിൽക്കണ്ട താൻ എന്തിനെയാണ് ഭയക്കേണ്ടത് എന്ന് അവൻ ക്ഷോഭത്തോടെ ചോദിക്കുന്നുണ്ട്. ഏകനാകുന്ന അവസരങ്ങളിൽ (ഉറങ്ങുമ്പോഴും, മറ്റുള്ളവരിൽ നിന്നകന്നിരിക്കുമ്പോഴും) ഇവാൻ അകപ്പെടുന്ന സവിശേഷമായ വിഭ്രമാവസ്ഥകളുണ്ട്. ഉറങ്ങുമ്പോൾ അവൻ കാണുന്ന കിനാവുകളിലൂടെ സന്തോഷം നിറഞ്ഞ ഭൂതകാലത്തിന്റെ ഭൂമികകളിൽ ഉന്മേഷവാനായി കാണപ്പെടുന്നു, എന്നാൽ ഉണർന്നിരിക്കുകയും ഏകനാവുകയും ചെയ്യുന്ന അവസ്ഥകളിൽ ശത്രുക്കൾ തങ്ങളുടെ വീടാക്രമിച്ച് കുടുംബാംഗങ്ങളെ ഇല്ലാതാക്കാൻ ഒരുമ്പെട്ട അവസരത്തിലനുഭവിച്ച ശബ്ദങ്ങളും ദൃശ്യങ്ങളും അവനിൽ സ്ഥലകാലവിഭ്രമം സൃഷ്ട്ടിക്കുകയും ചെയ്യുന്നു. ഹിംസയും രക്തവും മരണവും കലർന്ന അനുഭവങ്ങൾ അവനെ അസാധാരണമായ അഭിരുചികളുള്ള ഒരു വ്യക്തിത്വമാക്കി മാറ്റുന്നു. അസാധാരണമായ ആ അഭിരുചികൾ ആപത്കരവും അനാരോഗ്യകരവുമാകയാൽ അതൊരു വിലക്ഷണ മനഃശാസ്ത്രത്തിന്റെ അടയാളങ്ങളുമാകുന്നു; എന്താണോ നൈസർഗികവും സ്വാഭാവികവും ആകേണ്ടിയിരുന്നത്, അതിന് കടകവിരുദ്ധവുമായിത്തീരുന്നു.
അസുഖകരവും അനാരോഗ്യകരവുമായ ഈ അവസ്ഥ ഒരു സാമൂഹ്യപ്രശ്‌നമാണ്.

ഹിംസയും, അധികാരഭ്രാന്തും, അധിനിവേശവും സാമൂഹ്യക്രമമായിത്തീരുമ്പോൾ ഉണ്ടാകുന്ന സ്വാഭാവിക പരിണതിയാണതെന്ന് ചരിത്രം പറയുന്നു. പക്ഷെ അനുഭവങ്ങൾ ഇല്ലാത്തതല്ല പ്രശ്‌നം, സമൂഹങ്ങൾ ചരിത്രത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊള്ളുന്നുണ്ടോ എന്നുള്ളതാണ്. ഉദാഹരണത്തിന്, മനുഷ്യജീവിതങ്ങളുടെ സവിശേഷമായ ചില വിശദാംശങ്ങൾ രേഖപ്പെടുത്തിവച്ച രണ്ടായിരം വർഷത്തോളം
പഴക്കമുള്ള ഒരു ഗ്രന്ഥമെന്ന നിലയ്ക്ക് ബൈബിൾ പുതിയനിയമം പരിശോധിച്ചു നോക്കുക. ആ പുസ്തകത്തിൽ വിവരിക്കുന്ന വിശദാംശങ്ങളുടെ അടിസ്ഥാനത്തിൽ അവ (ചരിത്രസംഗതികളെന്നു പരിഗണിച്ചാലും ഐതിഹ്യമെന്നു കരുതിയാലും) പരിശോധിക്കുകയാണെങ്കിൽ, മനുഷ്യന്റെ പ്രാഥമിക വാസനകൾക്ക് (instincts) കഴിഞ്ഞ രണ്ടായിരം വർഷമായിട്ടും അണുവിട പോലും മാറ്റമുണ്ടായോ എന്ന് സംശയമാണ്. (പരിണാമ ശാസ്ത്രം പരിഗണിക്കുന്ന സമയമാനങ്ങളുടെ (timescale) വ്യാപ്തികൾ പരിഗണിക്കുമ്പോൾ, രണ്ടായിരം വർഷം ഗണ്യമായ ഒരു കാലയളവല്ലെന്ന് വരുമോ?). വിരോധാഭാസമെന്ന് പറയാം, പല അവസരങ്ങളിലും വിശുദ്ധങ്ങളെന്ന് വാഴ്​ത്തപ്പെടുന്ന പുസ്തകങ്ങളെടുത്തുതന്നെ മനുഷ്യർ ആ പുസ്തകങ്ങളുടെ ആന്തരികാംശങ്ങൾക്കെതിരെ യുദ്ധം ചെയ്തു. മാന്യതയുടെയും മര്യാദയുടെയും പേരിൽ മനുഷ്യർ പ്രകടിപ്പിക്കാൻ മടിച്ച് അടക്കിവച്ച പകയും കലിയും അടങ്ങുന്ന കിരാതവാസനകളുടെ, ദിവസങ്ങളും ആഴ്ചകളും മാസങ്ങളും നീണ്ടുനിൽക്കുന്ന അഴിഞ്ഞാട്ടമാണ് യുദ്ധം എന്ന് അനുഭവം നമ്മെ പഠിപ്പിക്കുന്നു. അസംഖ്യം മനുഷ്യരുടെ ചവിട്ടിയരക്കപ്പെട്ട ശരീരാവശിഷ്ടങ്ങളുടെ ശ്മശാനങ്ങൾക്കു മുകളിലാണ് വിജയികളെന്നവകാശപ്പെടുന്ന വേട്ടക്കാരുടെ പുതിയ വിജയസ്തംഭങ്ങൾ ഉയരുന്നത്. (യുദ്ധം അതിന്റെ ഇരകളെയും വേട്ടക്കാരെയും ഒരുപോലെ ഹനിക്കുന്നുവെന്ന് സാർത്ര്; ഇവാന്റെ ബാല്യം എന്ന ഈ സിനിമയെപ്പറ്റി അദ്ദേഹമെഴുതിയ ഹൃദയസ്പർശിയായ ഒരു പ്രതികരണക്കുറിപ്പ് സൂക്ഷ്മദൃക്കായ ആ സാമൂഹ്യനിരീക്ഷകന്റെ വിട്ടുവീഴ്ചകളില്ലാത്ത പ്രതിബദ്ധതയുടെയും അനന്യമായ അതിന്റെ ‘സെൻസിബിലിറ്റി '(sensibility) യുടെയും ഉദാഹരണമാണ്).

യുദ്ധം ‘ആണുങ്ങൾക്ക് പറഞ്ഞ പണി'

യുദ്ധവും ആഭ്യന്തരകലാപവും കേവലം ബദൽ ഭരണകൂടങ്ങൾ സ്ഥാപിക്കാനുള്ള ശ്രമങ്ങൾ മാത്രമായിത്തീരുന്നില്ല, കൊള്ളയും കൊള്ളിവയ്പും സ്ത്രീകൾക്കും ദുർബലവിഭാഗങ്ങൾക്കുമെതിരെയുള്ള കടന്നുകയറ്റങ്ങളും അതിന്റെ പതിവുതെറ്റിക്കാത്ത അനുഷ്ഠാനങ്ങളായിരുന്നു (യുദ്ധം ‘ആണുങ്ങൾക്ക്' പറഞ്ഞിട്ടുള്ള പണിയാണെന്ന് സിനിമയിലെ പട്ടാളക്കാരനായ ഒരു കഥാപാത്രം പറയുന്നുണ്ട്). ഇക്കഴിഞ്ഞ നാളുകളിൽ താലിബാൻ അഫ്ഗാനിസ്ഥാനിൽ നടത്തിയ ഹിംസയുടെയും രീതികൾ വ്യത്യസ്തമായിരുന്നില്ല. വീടും വീട്ടുകാരും നാടും നഷ്​ടപ്പെട്ട, സ്ത്രീകളും കുട്ടികളുമടങ്ങുന്ന നിരപരാധികളായ ഒരു വലിയ സമൂഹം ഭക്ഷണവും വെള്ളവും പോലും ലഭിക്കാതെ കൂട്ടംകൂട്ടമായി പലായനം ചെയ്യുന്നതും അഭയാർത്ഥികളായിത്തീരുന്നതിനും ലോകം സാക്ഷ്യം വഹിച്ചു. അകമേ തീപ്പൊള്ളലേറ്റ, ഗുരുത്വകേന്ദ്രം നഷ്​ടപ്പെട്ട, നിസ്സഹായരായ അത്തരം ഇരകളുടെ പ്രതിനിധിയാണ് ഇവാൻ. സാർത്ര് ആ കുറിപ്പിൽ നിരീക്ഷിക്കുന്നത് പോലെ ഹിംസാത്കമായ ലോകമാണ് ഇവാന്മാരെ പരുവപ്പെടുത്തിയെടുക്കുന്നത്, ക്രമേണ അവർ സ്വാംശീകരിക്കുന്നതും ഹിംസയെ തന്നെയാണ്.

ഹിംസകളില്ലാത്ത മനുഷ്യലോകം ഒരു സ്വപ്നം മാത്രമായിരിക്കാം; ജീവശാസ്ത്രപരമായി മിശ്രഭുക്കായ (omnivorous) ഈ ജന്തുവിന്റെ പ്രകൃതം തന്നെ അത്തരത്തിലുള്ളതാണ്. ഹിംസയും അധികാരവും അധീശത്വവും മറ്റ് പല ജന്തുവർഗങ്ങൾക്കുമെന്നതുപോലെത്തന്നെ മനുഷ്യന്റെയും പ്രാഥമിക പ്രകൃതങ്ങളിൽ ഉൾപ്പെടുന്ന പല ഘടകങ്ങളിൽ ചിലതാണെന്നത് യാഥാർത്ഥ്യം ആയിരിക്കെ, എന്നെന്നേക്കുമായി ഈ വാസനകൾ പരിപൂർണമായി അത് വിസ്മൃതിയിൽ ഉപേക്ഷിക്കും എന്ന് ചിന്തിക്കുവാൻ നിർവാഹമില്ല. ആത്യന്തികമായി, മനുഷ്യരാശിക്കൊന്നടങ്കം ആശ്രയിക്കാവുന്ന ഒരുത്തമ നിയമാവലി നിലവിലില്ലെന്നതും, അത് അസാധ്യവുമാണെന്നുമിരിക്കെ, യുക്തിയുടെയും ബുദ്ധിയുടെയും വിവേകത്തിന്റെയും അടിസ്ഥാനത്തിൽ, നിരന്തരം നവീകരിക്കപ്പെടുന്ന സാമൂഹ്യക്രമങ്ങൾ കാലാനുസൃതമായി സമൂഹങ്ങൾ സ്വാംശീകരിക്കുകയും പാലിക്കുകയും ചെയ്യുന്നതു​തന്നെയാവും യുക്തിസഹം.

പക്ഷെ, ആ സാധ്യതകൾക്ക് വളർച്ചയുണ്ടാകുമോ? ആ സങ്കല്പം പരിപൂർണമായി സാക്ഷാത്കൃതമാകുന്നില്ലെങ്കിൽ പോലും ചുരുങ്ങിയ പക്ഷം അതിനാവശ്യം സമത്വാധിഷ്ഠിതവും ജനാധിപത്യപരവുമായ ഒരു സാമൂഹ്യാവസ്ഥയായിരിക്കും. അതിനുള്ള സാധ്യതകൾ കെടാതെ നിലനിർത്തുക എന്നതായിരിക്കണം പുരോഗമനാത്മകമെന്ന് വിളിക്കാവുന്ന സമൂഹങ്ങളുടെ പ്രാഥമിക പരിഗണന. അതല്ലെങ്കിൽ, ഇരുണ്ട യുഗങ്ങളിലേക്ക് മനുഷ്യർ തിരിച്ചുനടക്കുകയാണെങ്കിൽ, കലാപങ്ങളെന്നും യുദ്ധങ്ങളെന്നും പേരുള്ള രക്തച്ചൊരിച്ചിലും കൂട്ടക്കൊലപാതകങ്ങളും ആവർത്തിക്കും. സമീപകാല രാഷ്ട്രീയാന്തരീക്ഷത്തിൽ ഇവാന്റെ അസാധാരണമായ ലോകത്തെക്കുറിച്ചുള്ള ആ തർക്കോവ്‌സ്‌കിയൻ ക്ലാസിക് വീണ്ടും കാണുമ്പോൾ, അതുണർത്തുന്ന സാമൂഹ്യപാഠങ്ങളിൽ ചിലത് ഇതെല്ലാമാണ്; കലയ്ക്കും കലാകാരനും സാധ്യമായ പ്രവചനാത്മകമായ ദീർഘദർശിത്വവും (prophecy) മുന്നറിയിപ്പും അതൊക്കെ തന്നെ. ▮

സൂചനകൾ 1. Maly Trostenets: രണ്ടാം ലോകമഹായുദ്ധകാലത്ത് സോവിയറ്റ് യൂണിയനിലെ ബെലറൂസിന് സമീപത്തായി ജർമ്മൻ നാസികൾ മനുഷ്യരെ കൂട്ടക്കൊല നടത്തിയിരുന്ന സ്ഥലം. 2. Sartre, Jean-Paul. 'Discussion on the criticism of Ivan's Childhood'. www.nostalghia.com.


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ഡോ. അനിരുദ്ധൻ പി.

സാ​ങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ പ്രൊഫസർ. അണുശക്തി ​ഗവേഷണ കേന്ദ്രത്തിൽ (BARC) ഗവേഷകനായിരുന്നു.

Comments