കിം കി ഡുക് / Photo: Yonhap

കിം കി ഡുക്: ഹിംസയുടെ സിംഫണി; കരുണയുടെയും

ലയാളത്തിലെ ഏറ്റവും വലിയ സാഹിത്യകാരൻ മാർകേസ് ആണെന്ന് എൻ.എസ്. മാധവന്റെ ആയിരത്തിരണ്ടാമത്തെ രാവ് എന്ന കഥയിൽ പറയുന്നുണ്ട്. അതുപോലൊരു അഭിനിവേശമായിരുന്നു മലയാളിക്ക് ദക്ഷിണ കൊറിയൻ സംവിധായകൻ കിം കി ഡുക്. കേരളത്തിൽ ഏറ്റവും ജനപ്രിയനായ വിദേശ ചലച്ചിത്രകാരനായിരുന്നു അദ്ദേഹം. 2005ലെ 10ാമത് ഐ.എഫ്.എഫ്.കെയുടെ റെട്രോസ്‌പെക്ടീവ് വിഭാഗത്തിൽ അഞ്ചു ചിത്രങ്ങൾ പ്രദർശിപ്പിച്ചതോടെയാണ് ഈ പ്രതിഭാശാലിയെ കേരളം നെഞ്ചിലേറ്റിയത്. തുടർന്നുള്ള വർഷങ്ങളിലെ മേളകളിൽ കിം കി ഡുക്കിന്റെ ഓരോ ചിത്രത്തിനും മലയാളികൾ ആവേശകരമായ വരവേൽപ്പു നൽകി. 2013ൽ നടന്ന 18ാമത് ഐ.എഫ്.എഫ്.കെയിൽ മുഖ്യാതിഥിയായി എത്തിയപ്പോൾ കിം കി ഡുക് കേരളത്തിന്റെ സ്‌നേഹം നേരിട്ട് അനുഭവിച്ചറിഞ്ഞു.

മലയാളി, കാണി എന്ന നിലയിൽ അഭിരമിക്കുന്ന രഹസ്യലോകം

എന്തായിരിക്കാം ഈ ആരാധനയുടെ ഉൾപ്പൊരുൾ? കഴിഞ്ഞ കാൽനൂറ്റാണ്ടുകാലമായി കേരളത്തിന്റെ ചലച്ചിത്ര ഭാവുകത്വത്തെ അടിമുടി അഴിച്ചുപണിയുകയും സാരമായ സംവേദനാഘാതങ്ങൾ സമ്മാനിക്കുകയും ചെയ്ത ഐ.എഫ്.എഫ്.കെയിൽ മറ്റൊരു ചലച്ചിത്രകാരനും കിട്ടാത്ത ജനപ്രീതി കിം കി ഡുക്കിന് എങ്ങനെ കിട്ടി?
അതിന് ഉത്തരം തേടുന്നതിനായി മലയാളിയുടെ സിനിമാക്കാഴ്ചകളെയും ആരാധനാ മനോഭാവത്തെയും ആഴത്തിൽ പഠിച്ച നരവംശശാസ്ത്രജ്ഞരുടെ നിരീക്ഷണങ്ങൾ ഒന്നു വിശകലനം ചെയ്തുനോക്കാം. ഫിലിപ്പോ ഒസെല്ലയും കരോളിൻ ഒസെല്ലയും നടത്തിയ പഠനത്തിൽ മലയാളി ഒരു കാണി എന്ന നിലയിൽ അഭിരമിക്കുന്ന ഒരു രഹസ്യലോകത്തെക്കുറിച്ച് പറയുന്നുണ്ട്. അപരാധങ്ങളുടെ ആഹ്‌ളാദമെന്നോ കുറ്റബോധത്തിന്റെ ആനന്ദമെന്നോ വിശേഷിപ്പിക്കാവുന്ന Guilty Pleasure പകരുന്ന മനോരാജ്യമാണ് അത്. മലയാളിയുടെ അടിച്ചമർത്തപ്പെട്ട തൃഷ്ണകളെല്ലാം കുതറിയോടുന്നത് അവിടെയാണ്. ശമനമില്ലാത്ത ശരീരകാമനകൾ മോഹമുക്തി നേടുന്നത് അവിടെയാണ്. എന്നാൽ ധാർമിക സദാചാര ചിന്തകളുടെ പേരിൽ എല്ലാ ആഗ്രഹങ്ങളും നിയന്ത്രിക്കപ്പെടുന്നതും ഈ ഫാന്റസി ലോകത്തിൽ തന്നെ. ഈ ഭാവനാഭൂമിക പൂർണമാവണമെങ്കിൽ മര്യാദാപുരുഷോത്തമനായ മമ്മൂട്ടിയും ക്രീഡാലോലുപനായ മോഹൻലാലും ഒരുമിച്ചുവേണം. കാരണം ഈ വിരുദ്ധ ദ്വന്ദ്വങ്ങളുടെ അതിവിദഗ്ധമായ സമന്വയമാണ് മലയാളിയുടെ സങ്കീർണമനസ്സ്. അതുകൊണ്ടാണ് ഇരുവരും ഒരുമിച്ചുവാഴുന്നത് എന്ന ഒസെല്ലമാരുടെ മനോവിശ്‌ളേഷണപരമായ നിരീക്ഷണം കിം കി ഡുക്കിന്റെ കേരളത്തിലെ സ്വീകാര്യതയെ വിശദീകരിക്കാനുതകുന്ന ഒന്നാണ്.

വൺ ഓണ് വൺ
വൺ ഓണ് വൺ

ചലച്ചിത്രമേളയിലെ കാണിയും കുറ്റബോധത്തിന്റെ ആനന്ദത്തിൽനിന്ന് മുക്തരല്ല. കിം കി ഡുക്കിന്റെ സിനിമകൾ കാഴ്ചവെക്കുന്ന വന്യവും നിഷ്ഠുരവുമായ ഹിംസയുടെ ദൃശ്യലാവണ്യത്തിൽ അവർ അഭിരമിക്കുന്നുണ്ട്. ചെയ്തുപോയ ആ അപരാധത്തിന്റെ ആഹ്‌ളാദത്തിൽനിന്ന് വിമോചിതരാവാൻ കിമ്മിന്റെ മറ്റു സിനിമകളുണ്ട്; കാരുണ്യത്തിന്റെയും കരുതലിന്റെയും മാനവികതയുടെയും വിലോലമായ ആവിഷ്‌കാരങ്ങൾ. ലൈംഗികതയുടെ ശക്തമായ ഊർജം പ്രസരിപ്പിക്കുന്ന ദൃശ്യങ്ങളാൽ ഉദ്ദീപിപ്പിക്കപ്പെടുന്ന കാണിയെ അടുത്ത നിമിഷം ആത്മീയതയുടെ നനുത്ത സ്പർശത്താൽ തണുപ്പിച്ചെടുക്കാനും കിം കി ഡുക്കിനറിയാം. ഒരു കുട്ടിക്കഥ പോലെ ലളിതമായ ആഖ്യാനത്തിൽ ദുരൂഹതയും പ്രഹേളികയും നിറച്ച് സങ്കീർണമാക്കുന്ന വൈരുധ്യവും അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ കാണാം.

കേരളീയ സമൂഹവും മലയാള സിനിമയും ഒട്ടനവധി ധാർമ്മിക ആശങ്കകളിലൂടെയും സദാചാര വിഭ്രാന്തികളിലൂടെയും കടന്നുപോവുന്ന കാലത്താണ് അദ്ദേഹത്തിന്റെ സിനിമകൾ നാം നെഞ്ചിലേറ്റി തുടങ്ങിയത്

നിങ്ങൾ നാഗരികതയുടെ ആരവങ്ങളാലും അലർച്ചകളാലും മുഖരിതമായ ഒരന്തരീക്ഷത്തിലാണോ? അടുത്ത നിമിഷം നിശ്ശബ്ദതയുടെ സംഗീതവും മൗനമുദ്രിതമായ ധ്യാനവും കിം നിങ്ങളെ അനുഭവിപ്പിക്കും. വശ്യമായ ആകർഷണശക്തിയുള്ള വിജാതീയമായ ഈ രണ്ടു ധ്രുവങ്ങളിൽനിന്ന് അങ്ങോട്ടുമിങ്ങോട്ടുമുള്ള വൈകാരിക സഞ്ചാരങ്ങളാണ് മലയാളിക്ക് കിം കി ഡുക്കിന്റെ സിനിമകൾ. കേരളീയ സമൂഹവും മലയാള സിനിമയും ഒട്ടനവധി ധാർമ്മിക ആശങ്കകളിലൂടെയും സദാചാര വിഭ്രാന്തികളിലൂടെയും കടന്നുപോവുന്ന കാലത്താണ് അദ്ദേഹത്തിന്റെ സിനിമകൾ നാം നെഞ്ചിലേറ്റി തുടങ്ങിയത്. സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങളും സദാചാരത്തിന്റെ പേരിലുള്ള വയലൻസും കേരളീയ പൊതുമണ്ഡലത്തിലും സാംസ്‌കാരിക ധൈഷണിക രംഗങ്ങളിലും സംവാദവിഷയമായി മാറിയ കാലം. ഐ.എഫ്.എഫ്.കെയിലെ മലയാളിപ്രേക്ഷകൻ കേരളത്തിന്റെ മൂല്യവ്യവസ്ഥയുമായി കലഹിക്കുന്ന കിമ്മിന്റെ അരാജകലോകത്തിലെ നൈതികതയുടെ സമതുലനങ്ങളിൽ സമാശ്വാസം തേടുകയായിരുന്നു എന്ന് അനുമാനിക്കാം.

ഒ.വി. വിജയനും കിമ്മും

ഐ.എഫ്.എഫ്.കെയിലൂടെ ഉയർന്ന ചലച്ചിത്രാസ്വാദനശേഷി കൈവരിച്ച് പ്രബുദ്ധനായ പ്രേക്ഷകന് ഒ.വി. വിജയനെപ്പോലെയായിരുന്നു കിം കി ഡുക്. അശാന്തി എന്ന രതികഥകളുടെ സമാഹാരവും ധർമ്മപുരാണവും ഉൾപ്പെടെ സദാചാരസങ്കൽപ്പങ്ങളെ നിരാകരിക്കുന്ന ഭാവനാഭൂമികയിൽ തന്നെ ഗുരുസാഗരവും പ്രവാചകന്റെ വഴിയും പോലുള്ള ദാർശനികദീപ്തിയുള്ള രചനകൾ പിറവി കൊണ്ടിരുന്നല്ലോ. ആത്മീയതയും ലൈംഗികതയും തമ്മിൽ, പാരമ്പര്യവും പാരമ്പര്യ നിഷേധവും തമ്മിൽ, ഒരേസമയം സമതുലനം സാധ്യമാവുന്ന വിജയന്റെ ഭാവനാപ്രപഞ്ചവുമായി കിം കി ഡുക്കിന്റെ സിനിമകൾക്ക് സമാനതകൾ ഏറെയുണ്ട്.

ബുദ്ധദർശനത്തിലെ അഹിംസയും നവനാഗരികതയിലെ നിഷ്ഠുരമായ ഹിംസയുടെ ആഘോഷങ്ങളും അദ്ദേഹത്തിന്റെ ചലച്ചിത്രലോകത്ത് ഒരുമിച്ച് വാഴുന്നു

ബുദ്ധദർശനത്തിലെ അഹിംസയും നവനാഗരികതയിലെ നിഷ്ഠുരമായ ഹിംസയുടെ ആഘോഷങ്ങളും അദ്ദേഹത്തിന്റെ ചലച്ചിത്രലോകത്ത് ഒരുമിച്ച് വാഴുന്നു. വസന്തവും ഗ്രീഷ്മവും, വർഷവും ശരത്തും ഹേമന്തവും കടന്ന് വീണ്ടും വസന്തത്തിൽ തിരിച്ചത്തെുന്ന ജീവിതത്തിന്റെ ചാക്രികമായ പരിവൃത്തിയിലൂടെ ബാല്യം മുതൽ വാർധക്യം വരെയുള്ള ഒരു വ്യക്തിയുടെ അനുഭവകാലങ്ങൾ ദാർശനികമായ ഉൾക്കാഴ്ചയോടെ ആവിഷ്‌കരിച്ച ചിത്രമാണ് സ്പ്രിംഗ്‌ , സമ്മർ, ഫാൾ, വിന്റർ ആന്റ് സ്പ്രിംഗ് (2003). ദ ഐൽ, പിയത്തെ എന്നീ ചിത്രങ്ങളിൽ മൃഗീയമായ വയലൻസിന്റെ വിശദമായ ചിത്രീകരണങ്ങൾ കാണാം. ആത്മീയതയും ഭൗതികജീവിതവും തമ്മിലുള്ള വൈരുധ്യം വിശകലനം ചെയ്യുകയാണ് സമാരിറ്റൻ ഗേൾ.

ദ ഐൽ
ദ ഐൽ

മനുഷ്യമനസ്സിൽ ഭൗതികതലത്തിന് സമാന്തരമായി ആത്മീയമായ ഒരു തലവും പ്രവർത്തിക്കുന്നുണ്ട്. ഈ വൈരുധ്യത്തിന്റെ വിദഗ്ധമായ സമന്വയത്തിലൂടെ വികാരവിരേചനം സാധ്യമാക്കാൻ കിം കി ഡുക്കിന് കഴിഞ്ഞു. ആത്മസംഘർഷത്തിൽനിന്ന് മന$ശാന്തിയിലേക്ക്, പാപത്തിൽനിന്ന് മോക്ഷത്തിലേക്ക് രവിയെപ്പോലെയും കുഞ്ഞുണ്ണിയെപ്പോലെയും കിം കി ഡുക്കിന്റെ കഥാപാത്രങ്ങൾ സഞ്ചരിക്കുന്നു. അധികാരത്തെയും രാഷ്ട്രീയത്തെയും സംബന്ധിച്ച വിജയന്റെ വിചിന്തനങ്ങൾ ആക്ഷേപഹാസ്യരൂപത്തിലാണ് ആവിഷ്‌കരിക്കപ്പെട്ടത്. സമഗ്രാധിപത്യത്തിനെതിരായ രചനാകലാപമായിരുന്നല്ലോ ധർമ്മപുരാണം. കിം കി ഡുക്കിന്റെ ദ നെറ്റ് (2016) എന്ന ചിത്രവുമായി ഈ രചനയ്ക്ക് ഒരു താരതമ്യ വായന സാധ്യമാണ്. രാജ്യാതിർത്തി കാക്കാനും പ്രജാപതികളുടെ സ്വേച്ഛാപരമായ വിനോദത്തിനായും നടത്തുന്ന നിരർത്ഥകമായ യുദ്ധങ്ങളാണ് വിജയൻ വിമർശനത്തിന് വിധേയമാക്കിയത്. പ്രജകൾക്ക് അശാന്തിയും അരക്ഷിതത്വവും ബാക്കിയാക്കിക്കൊണ്ടാണ് അതിർത്തികൾ സംരക്ഷിക്കപ്പെടുന്നത്.

"‘അതിർത്തികൾ എന്ന മിഥ്യയിൽ നീണ്ട വർഷങ്ങൾ എന്നെ കാവലിനു നിർത്തി, എന്റെ ഉടലും ഉള്ളും തകർത്ത ഈ രാഷ്ട്രവും മറ്റു രാഷ്ട്രങ്ങളും എന്റെ ശാപത്തിന്റെ വ്യാധിയിൽ ചീഞ്ഞഴുകട്ടെ'' എന്നാണ് പടയാളിയായ വാതസേനൻ പറയുന്നത്. ഒരായുഷ്‌കാലമത്രയും തോക്കും പിടിച്ച് നാടിന്റെ അതിർത്തിസങ്കൽപ്പത്തെ കാത്തുനിന്ന് ഇണയെയും കുഞ്ഞിനെയും കാണാതെ മഞ്ഞുകാറ്റിൽ ജീവിതം പാഴാക്കി, ഉടലിന്റെ സ്‌നേഹങ്ങളും സ്ഖലനങ്ങളും ത്യജിച്ച താൻ തന്നെ ഒരു മിഥ്യയായിരുന്നു'വെന്ന് ആ സൈനികന് തോന്നുന്നുണ്ട്. വാതസേനനെപ്പോലൈ അതിർത്തികളുടെ നിഷ്ഫലത വെളിവാക്കുകയാണ് ദ നെറ്റിലെ മുക്കുവൻ. ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള അതിർത്തിയുദ്ധങ്ങളുടെ അപഹാസ്യതയെ വിമർശന വിധേയമാക്കിക്കൊണ്ട് അതിർത്തിയെ അതിവർത്തിക്കുന്ന മാനവികതയ്ക്കുവേണ്ടി കിം വാദിക്കുന്നു.

ദി നെറ്റ്
ദി നെറ്റ്

ആണവപരീക്ഷണങ്ങളും അതിർത്തിത്തർക്കങ്ങളും സൈനികവിന്യാസങ്ങളുമായി ഉത്തര, ദക്ഷിണ കൊറിയകൾ വാർത്തകളിൽ നിറയുന്ന കാലത്താണ് അദ്ദേഹം ഈ ചിത്രമെടുത്തത്. ഒരു ഉത്തരകൊറിയൻ മുക്കുവൻ ബോട്ടിന്റെ എഞ്ചിൻ തകരാറുകൊണ്ട് ദക്ഷിണ കൊറിയൻ സമുദ്രാതിർത്തിയിൽ എത്തിപ്പെടുകയാണ്. അയാൾ പിടിക്കപ്പെടുന്നു. കിം ജോങ് ഉൻ എന്ന സ്വേച്ഛാധിപതിയുടെ കീഴിലുള്ള രാജ്യത്തേക്കു തിരിച്ചുപോവണോ ദക്ഷിണകൊറിയൻ പൗരനായി മാറണോ എന്ന ആത്മസംഘർഷത്തിൽപ്പെട്ടുപോവുകയാണ് അയാൾ. ഭാര്യയ്ക്കും മക്കൾക്കുമൊപ്പം കഴിയാൻ ഏകാധിപത്യരാജ്യത്തിലെ പാരതന്ത്ര്യത്തിലേക്കു മടങ്ങണോ അതോ കുടുംബത്തിന്റെ സാമീപ്യത്തേക്കാൾ വലുതാണോ സ്വാതന്ത്ര്യം എന്നീ ചോദ്യങ്ങളുന്നയിക്കുന്നു ഈ സിനിമ.

തെരുവുകളിൽ നിന്ന് തെരുവുകളിലേക്ക്

ഓരോ സിനിമയിലും അസുഖകരമായ അനുഭവങ്ങളെ അനുധാവനം ചെയ്യുകയായിരുന്നു കിം കി ഡുക്. അക്കാദമിക് സിനിമയുടെ സംയമനം അദ്ദേഹം ഒട്ടും പാലിച്ചിരുന്നില്ല. വെട്ടിത്തുറന്ന് പറയേണ്ടിടത്ത് മൗനം പാലിക്കുന്ന ഭീരുത്വം തനിക്ക് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അതുകൊണ്ടുതന്നെ അപ്രിയസത്യങ്ങളുടെ പേരിൽ വിവാദങ്ങളുടെ നടുത്തളത്തിലായിരുന്നു അദ്ദേഹം എന്നും. നടപ്പുകാലത്തിന് ചേരാത്ത ജീവിതം നയിക്കുന്നവരാണ് കിം കി ഡുകിന്റെ കഥാപാത്രങ്ങൾ. "സോഷ്യൽ മിസ്ഫിറ്റ' എന്നു വിളിക്കാവുന്നവർ. അഴുക്കുചാലുകൾ നീന്തിക്കയറിയ ബാല്യകൗമാരങ്ങളിൽ ഇതേ ജീവിതം നയിച്ചു എന്നതുകൊണ്ടുതന്നെ പാത്രാവിഷ്‌കാരത്തിൽ അദ്ദേഹം അങ്ങേയറ്റം സത്യസന്ധനാകുന്നു.

രണ്ടുവർഷം സ്വന്തം പെയിന്റിംഗുകൾ വിറ്റുനടന്നു. തെരുവുകളിൽ നിന്ന് തെരുവുകളിലേക്ക് നീണ്ട യാത്രയിൽ നഗരജീവിതത്തിന്റെ പല മുഖങ്ങളും കണ്ടു. ജീവിതത്തിലാദ്യമായി തിയറ്ററിൽ പോയി സിനിമ കണ്ടത് ഇക്കാലത്താണ്.

1960 ഡിസംബറിൽ ദക്ഷിണ കൊറിയയിലെ ക്യാംഗ്‌സാങ് പ്രവിശ്യയുടെ വടക്ക് ബോൻഗവയിലാണ് കിം കിഡുക് ജനിച്ചത്. ബാല്യസഹജം എന്നു വിശേഷിപ്പിക്കാവുന്ന കുസൃതികളിൽ ഒതുങ്ങിനിന്നില്ല കിമ്മിന്റെ വികൃതികൾ. സഹപാഠികളുടെ കൈയും കാലും തല്ലിയൊടിക്കുന്ന ക്രൂരവിനോദങ്ങൾ കുട്ടിക്കാലത്ത് പതിവായിരുന്നു. ഒമ്പതാംവയസ്സിൽ മാതാപിതാക്കൾക്കൊപ്പം സിയോളിലെത്തി. കാർഷികപരിശീലന വിദ്യാലയത്തിൽ പ്രവേശനം നേടിയെങ്കിലും പഠനം അധികകാലം തുടർന്നില്ല.

മൂത്തസഹോദരനെ സ്‌കൂളിൽനിന്നും പിരിച്ചുവിട്ടതിനെ തുടർന്ന് കിം സ്‌കൂളിൽ പോവാതായി. 17ാം വയസ്സുമുതൽ പല ഫാക്ടറികളിൽ ജോലി ചെയ്തു. 20ാം വയസ്സിൽ നാവിക സേനാവിഭാഗത്തിൽ ചേർന്നു. സൈനികജീവിതവുമായി പൊരുത്തപ്പെട്ടുകൊണ്ട് അഞ്ചുവർഷങ്ങൾ. പിന്നീട് മതപ്രബോധകനാവുക എന്ന ഉദ്ദേശ്യത്തോടെ അന്ധർക്കുവേണ്ടിയുള്ള പള്ളിയിൽ രണ്ടുവർഷം ചെലവഴിച്ചു. ഇതിനിടെ കുട്ടിക്കാലത്തെ ചിത്രംവര പുനരാരംഭിച്ചിരുന്നു. 1990ൽ കൈയിലുള്ള പണമെല്ലാം കൂട്ടിവെച്ച് വിമാനടിക്കറ്റ് തരപ്പെടുത്തി പാരീസിലത്തെി. രണ്ടുവർഷം സ്വന്തം പെയിന്റിംഗുകൾ വിറ്റുനടന്നു. തെരുവുകളിൽ നിന്ന് തെരുവുകളിലേക്ക് നീണ്ട യാത്രയിൽ നഗരജീവിതത്തിന്റെ പല മുഖങ്ങളും കണ്ടു. ജീവിതത്തിലാദ്യമായി തിയറ്ററിൽ പോയി സിനിമ കണ്ടത് ഇക്കാലത്താണ്.

ക്യാമറകൊണ്ട് സ്വന്തം ജീവിതത്തിലേക്ക്

ദക്ഷിണ കൊറിയയിലേക്ക് തിരിച്ചുവന്ന കിം ആറുമാസത്തോളം ഒരു തിരക്കഥയുടെ പണിപ്പുരയിലായിരുന്നു. പിന്നീട് പ്രാദേശികതലത്തിൽ നടന്ന തിരക്കഥാമൽസരത്തിൽ രണ്ടു രചനകൾ സമ്മാനാർഹമായതോടെ അഭ്രലോകത്തേക്കുള്ള വാതിലുകൾ തുറന്നുകിട്ടി. 1993ൽ എജുക്കേഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌ക്രീൻ റൈറ്റിംഗ് ഏർപ്പെടുത്തിയ പുരസ്‌കാരത്തിന് കിമ്മിന്റെ "വധശിക്ഷക്കു വിധിക്കപ്പെട്ട ചിത്രകാരനും ക്രിമിനലും' എന്ന തിരക്കഥ അർഹമായി. കൊറിയൻ ഫിലിം കൗൺസിലിന്റെ പുരസ്‌കാരം 1994ൽ അദ്ദേഹത്തെ തേടിവന്നു. ഡബിൾ എക്‌സ്‌പേഷർ എന്ന രചനയ്ക്കായിരുന്നു അവാർഡ്.

ക്രോകഡൈൽ എന്ന ചിത്രത്തിൽ നിന്ന്
ക്രോകഡൈൽ എന്ന ചിത്രത്തിൽ നിന്ന്

ഇതത്തേുടർന്ന് ജോയംഗ് ഫിലിംസ് എന്ന ചലച്ചിത്രനിർമാണ കമ്പനി കിമ്മിനെ സമീപിച്ചു. അങ്ങനെയാണ് ആദ്യ സംവിധാന സംരംഭമായ ക്രോകഡൈൽ പിറവിയെടുക്കുന്നത്. ഈ മേഖലയിൽ ഔപചാരിക പരിശീലനം അദ്ദേഹത്തിനു ലഭിച്ചിട്ടില്ല. കൈത്തഴക്കം വന്ന ചലച്ചിത്രകാരന്മാരുടെ കൂടെ നിന്നിട്ടില്ല. അതുകൊണ്ടുതന്നെ ഒരു സ്‌കൂളിന്റെയും ഭാഗമാവാത്ത, മൗലികമായ സൃഷ്ടികൾക്ക് രൂപംനൽകാൻ കിമ്മിനു കഴിഞ്ഞു. മൂവി ക്യാമറകൊണ്ട് സ്വന്തം ജീവിതമെഴുതുകയായിരുന്നു അദ്ദേഹം. പല പേരുകളിൽ വ്യാപരിക്കുന്ന കഥാപാത്രങ്ങളിലെല്ലാം ഏറിയും കുറഞ്ഞും ആത്മാംശം കലർന്നുകിടപ്പുണ്ട്. നേരറിവുകളുടെയും അനുഭവങ്ങളുടെയും പച്ചയായ സാക്ഷ്യങ്ങൾ എന്ന നിലയിൽ അവ അങ്ങേയറ്റം സത്യസന്ധമാവുന്നു. അനന്യസാധാരണമായ ശൈലി സ്വായത്തമാക്കാൻ കഴിഞ്ഞത് അത്തരമൊരു ജീവിതപശ്ചാത്തലത്തിൽനിന്നും വരുന്നതുകൊണ്ടാണ്.

ദ ഐൽ; സർറിയൽ ഡ്രാമ

ദക്ഷിണ കൊറിയയിലെ നവമുതലാളിത്ത വ്യവസ്ഥ നൽകിയ സമ്പൽസമൃദ്ധിയുടെ മറുപുറം തേടുകയാണ് ആദ്യചിത്രമായ ക്രോകഡൈൽ (1996). വികസനങ്ങൾക്കു പിന്നിൽ ഇരുണ്ട ഒരു ലോകമുണ്ടെന്ന് വെളിപ്പെടുത്തുകയായിരുന്നു ഈ ചലച്ചിത്രകാരൻ. ചൂഷണത്തിന്റെ അദൃശ്യവും അപകടകരവുമായ ഘടന ഇതിൽ പ്രകടമാവുന്നു. സിയോളിലെ ഹാൻസ് നദിയുടെ തീരത്ത് ജീവിക്കുന്ന ഒരാളാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ആത്മഹത്യക്കു ശ്രമിക്കുന്ന ഒരു സ്ത്രീയെ അയാൾ രക്ഷപ്പെടുത്തുന്നു. വിചിത്രമായ ഒരു ബന്ധം അവർക്കിടയിൽ ഉടലെടുക്കുന്നതുവരെ അവളെ ബലാൽസംഗം ചെയ്യാനും ഉപദ്രവിക്കാനും മറ്റും ശ്രമിക്കുന്നുണ്ട് അയാൾ. അസാധാരണമായ സ്ത്രീ-പുരുഷ ബന്ധങ്ങളുടെ കഥ കൂടിയാണിത്. ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചു. ഇതത്തേുടർന്ന് ഓരോ വർഷവും അദ്ദേഹം ലോ ബജറ്റ് ചിത്രങ്ങൾ നിർമിച്ചു.

ബേഡ് കേജ് ഇൻ
ബേഡ് കേജ് ഇൻ

1997ൽ പ്രദർശനത്തിനത്തെിയ വൈൽഡ് ആനിമൽസ് യൂറോപ്പിലെ ഏറ്റവും തുറന്ന നഗരമെന്നറിയപ്പെടുന്ന പാരീസ് പശ്ചാത്തലമാക്കി നിർമിച്ച ചിത്രമാണ്. 1998ൽ ചിത്രീകരിച്ച ബേഡ് കേജ് ഇൻ സഹവർത്തിത്വം, അനുരഞ്ജനം എന്നീ പ്രമേയങ്ങളാണ് ഭ്രമകൽപനകളുടെ സഹായത്തോടെ ആവിഷ്‌കരിക്കുന്നത്. ആദ്യ രണ്ടു ചിത്രങ്ങളിലെയും രോഷസ്വഭാവം ഈ സിനിമക്ക് ഇല്ല. ജീവിതത്തിന്റെ നിർണായകഘടകവും ഏറ്റവും ജൈവികമായ മാനുഷിക വികാരവും എന്ന നിലയിൽ ലൈംഗികതയെ മനുഷ്യബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനുള്ള മാധ്യമമായി പരിവർത്തിപ്പിക്കാമെന്ന് കാട്ടിത്തരുന്നു ഈ ചിത്രം. 2000ത്തിൽ വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിൽ പ്രദർശിപ്പിച്ച ദ ഐൽ കിമ്മിന്റെ ചലച്ചിത്രജീവിതത്തിലെ വഴിത്തിരിവായിരുന്നു. യൂറോപ്യൻ പ്രേക്ഷകർക്കിടയിൽ കിം ആരാധ്യപുരുഷനായി മാറി. ദുരൂഹമായ ജീവിതമാർഗങ്ങളിലൂടെ ചരിക്കുന്ന, അപരിചിതവും വന്യവുമായ അനുഭവാന്തരീക്ഷങ്ങളിലേക്ക് പ്രേക്ഷകനെ നയിക്കുന്ന ഈ സംവിധായകനെ അംഗീകരിച്ചില്ലെങ്കിലും ആർക്കും അവഗണിക്കാനാവില്ലെന്ന് അന്ന് യൂറോപ്യൻ നിരൂപകർ വിധിയെഴുതി. എന്നാൽ സ്ത്രീപക്ഷ വിമർശകർ കിമ്മിനെതിരെ വ്യാപകപ്രചാരണവുമായി രംഗത്തുവന്നു. മൃഗം, മനോരോഗി തുടങ്ങി ചില വിശേഷണപദങ്ങൾ അവർ കിമ്മിന് ചാർത്തിക്കൊടുത്തു.

വിഭ്രാമകമായ ദൃശ്യശൃംഖലകൾ നിറഞ്ഞ സർറിയൽ ഡ്രാമയാണ് ദ ഐൽ എന്ന ചിത്രം. വന്യമായ രതിയും ക്രൂരമായ ആസക്തികളും ഇതിന്റെ ഓരോ ഫ്രെയിമിലും പടർന്നുകിടപ്പുണ്ട്. പെണ്ണിന്റെ ജനനേന്ദ്രിയത്തിലേക്ക് ചൂണ്ടക്കൊളുത്തിട്ട് വലിച്ച് രക്തം ചൊരിയുന്നതുപോലുള്ള നിഷ്ഠുരമായ ആസക്തികളുടെ കഥയാണിത്. ഒഴുകിനടക്കുന്ന ഫിഷിംഗ് ഹൗസുകൾ വാടകക്കു കൊടുക്കുന്ന ഗ്രാമവാസിയായ ഒരു യുവതിയാണ് ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങളിലൊന്ന്. അവൾ ഊമയാണ്. അവൾ തന്റെ അതിഥികൾക്ക് ഭക്ഷണവും വെള്ളവും കൊടുക്കുന്നു. ലൈംഗികത്തൊഴിലാളികളെയും ഇടക്ക് തന്നത്തെന്നെയും അവർക്ക് കാഴ്ചവെക്കുന്നു.

ദി ഐൽ
ദി ഐൽ

എന്നാൽ അവിടെ അഭയം തേടിയത്തെുന്ന ക്രൂരന്മാരായ മനുഷ്യരെല്ലാം അവളോട് വളരെ മോശമായാണ് പെരുമാറുന്നത്. അവളുടെ മുറിവേറ്റ ആത്മാവ് ആ തടാകത്തിൽ അവരെ വേട്ടയാടുന്നു. തികച്ചും രഹസ്യാത്മകമായി, അവൾ ആ പുരുഷന്മാർക്കെതിരെ അപ്രതീക്ഷിതമായ ആക്രമണം അഴിച്ചുവിടുന്നു. നിയമത്തിന്റെ പിടിയിൽനിന്നും ഒളിച്ചുകഴിയുന്ന ഒരാൾ അവിടെ വരുമ്പോൾ തടാകവും അവളുടെ മനസ്സും ശരീരവും കൂടുതൽ പ്രക്ഷുബ്ധമാവുന്നു. അയാൾ ഒരു മഞ്ഞ ഫിഷിംഗ് ഹൗസ് വാടകക്കെടുക്കുന്നു. അസന്തുഷ്ടനായ ഈ മനുഷനും ഊമയായ ഈ സ്ത്രീക്കുമിടയിൽ പരപീഡനാസക്തിയിലും ആത്മപീഡനാസക്തിയിലും അധിഷ്ഠിതമായ ശരീരരസതന്ത്രം രൂപം കൊള്ളുന്നു. മനുഷ്യബന്ധങ്ങളെക്കുറിച്ചുള്ള വ്യാഖ്യാനത്തിന് അനവധി തലങ്ങൾ തുറന്നിടുന്ന ബഹുമുഖമായ മാനങ്ങളാണ് ഈ ചിത്രത്തിനുള്ളത്.

വഴി തെറ്റി നടന്ന ഒരാൾ പറയുന്ന നേരുകൾ

പാത്രചിത്രീകരണത്തിൽ, കഥാപാത്രങ്ങളുടെ സ്വഭാവവ്യാഖ്യാനത്തിൽ ഏകമാനമായ ഒരു പാറ്റേൺ അദ്ദേഹം പിൻപറ്റുന്നില്ല. നന്മ/തിന്മ, സൗന്ദര്യം/വൈരൂപ്യം, നല്ലത്/ചീത്ത എന്നീ വൈരുധ്യങ്ങളുടെ അതിവിദഗ്ധമായ സമന്വയമാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ. ഇവയിൽ ഏതെങ്കിലും ഒരു പക്ഷത്ത് ഒരു കഥാപാത്രത്തെയും അദ്ദേഹം ഉറപ്പിച്ചുനിറുത്തുന്നില്ല. ഇത് കിമ്മിന്റെ എല്ലാ ചിത്രങ്ങളിലും പ്രകടമായ ഒരു സവിശേഷതയാണ്. സങ്കീർണമായ നാഗരികതയിൽ ഒറ്റവാക്കിൽ നിർവചിക്കാവുന്ന അല്ലെങ്കിൽ ഒരു ദൃശ്യത്തിൽ തെളിയിക്കാവുന്ന മനുഷ്യസ്വഭാവമില്ലെന്ന് അടിവരയിട്ടു പറയുന്നു കിം.

റിയൽ ഫിക്ഷൻ
റിയൽ ഫിക്ഷൻ

യാഥാർഥ്യവും ഭ്രമകൽപനയും ബോധവും അബോധവും തമ്മിലുള്ള വിഭജനരേഖകളിലൂടെയാണ് അഞ്ചാമത്തെ ചിത്രമായ റിയൽ ഫിക്ഷൻ (2000) കടന്നുപോവുന്നത്. മാനസികമായ സ്ഥിരത നഷ്ടപ്പെട്ട ഒരു വ്യക്തിയുടെ അനുഭവാവിഷ്‌കാരമായാണ് ഇതുൾപ്പെടെയുള്ള കിംചിത്രങ്ങളെ നിരൂപകർ വിശേഷിപ്പിച്ചത്. വഴി തെറ്റി നടന്ന ഒരാൾ പറയുന്ന നേരുകൾ എന്ന നിലയിൽ ഈ സർഗാത്മക അപഭ്രംശങ്ങൾക്ക് പ്രസക്തിയുണ്ടെന്ന് അവർ പറയുന്നു. കിം തന്റെ ചിത്രങ്ങളിൽ അവതരിപ്പിക്കുന്ന ക്രൂരമായ യാഥാർഥ്യങ്ങളോട് പൊരുത്തപ്പെടാൻ പലപ്പോഴും അദ്ദേഹത്തിന്റെ മാതൃരാജ്യത്തിന് കഴിഞ്ഞിരുന്നില്ല. ഋജുവായ രേഖയിൽ യാഥാർഥ്യം അവതരിപ്പിക്കുന്നതിനേക്കാൾ അതിന്റെ എല്ലാ സങ്കീർണതകളോടെയും ആവിഷ്‌കരിക്കാനായിരുന്നു അദ്ദേഹത്തിന് ഇഷ്ടം. അതുകൊണ്ടുതന്നെ പലതും പെരുപ്പിച്ചുകാട്ടുന്നവയാണ് എന്ന് കൊറിയൻ നിരൂപകർ വിമർശിച്ചു. താൻ ജീവിച്ച ജീവിതത്തെയാണ് സിനിമയിൽ പകർത്തുന്നതെന്നും അതിന്റെ ആധികാരികതയെ ചോദ്യം ചെയ്യാൻ സമൂഹത്തിന്റെ ഉന്നതശ്രേണിയിൽ സുഖലോലുപരായി ജീവിക്കുന്നവർക്ക് ധാർമികമായ അവകാശമില്ലെന്നും പറഞ്ഞ് കിം തിരിച്ചടിച്ചു.

ത്രീ അയേൺ, സമാരിറ്റൻ ഗേൾ

കൊറിയൻ യുദ്ധകാലത്തെ ക്രൂരതകളിലേക്ക് ചില ഓർമപ്പെടുത്തലുകളുമായി വരുകയാണ് അഡ്രസ് അൺനോൺ (2001). ക്രൂരതയുടെ നാടകവേദി (Theater of Cruelty) എന്ന അവതരണസങ്കേതം 20ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അരങ്ങിലത്തെിച്ച അൻേറാണിൻ അർറ്റോഡിനെപ്പോലെ ചലച്ചിത്രരംഗത്ത് ക്രൂരതയുടെ തിരശ്ശീല നെയ്‌തെടുക്കുകയായിരുന്നു കിം. ബലാൽസംഗം, കൊലപാതകം, സാഡിസം, നശീകരണ പ്രവണതകൾ എന്നിവ നിറഞ്ഞ ദൃശ്യശൃംഖലകളിലൂടെയാണ് ഓരോ കിം സിനിമയും പൂർണമാവുന്നത്. മാനവികതയിലേക്കുള്ള വഴി അത്ര എളുപ്പമല്ലെന്നും ദുർഘട മാർഗങ്ങളിലൂടെ മാത്രമേ പൂർണ മനുഷ്യനിലേക്ക് എത്തിച്ചേരാൻ കഴിയൂ എന്നും അദ്ദേഹം പ്രഖ്യാപിക്കുന്നു. ആക്രമണോൽസുകമായ ഭാവനയാണ് ഈ ചിത്രങ്ങളുടെ ശക്തമായ അടിയൊഴുക്കായി വർത്തിക്കുന്നത്.

ദ കോസ്റ്റ് ഗാർഡ്
ദ കോസ്റ്റ് ഗാർഡ്

പ്രാദേശിക വിപണിയിൽ പ്രദർശനവിജയം നേടിയ ഏകചിത്രം 2002ൽ പുറത്തുവന്ന ബാഡ് ഗയ് ആണ്. അതേവർഷം തന്നെ തിയറ്ററുകളിലത്തെിയ ദ കോസ്റ്റ് ഗാർഡ് കനത്ത പരാജയമായിരുന്നു. ഒമ്പതാമത്തെ ചിത്രത്തിൽ പ്രമേയപരമായ വ്യതിയാനം സംഭവിച്ചിട്ടുണ്ട്. ബുദ്ധിസവുമായി ബന്ധപ്പെട്ട ഇതിവൃത്തമാണ് സ്പ്രിംഗ്, സമ്മർ, ഫാൾ, വിന്റർ ആന്റ് സ്പ്രിംഗ് (2003) എന്ന ചിത്രത്തിൻേറത്. അതിമനോഹരമായ ഒരു ദൃശ്യാനുഭവമാണ് വരച്ചുവെച്ച ദൃശ്യങ്ങളുടെ ശ്രേണി പോലെയുള്ള ഈ സിനിമ. ആക്രമണോൽസുകതയെ തികഞ്ഞ സംയമനത്തോടെ മാറ്റിനിറുത്തി ആത്മീയാനുഭൂതി നേടുകയാണ് ഇവിടെ സംവിധായകൻ.
വെറും രണ്ടാഴ്ചക്കുള്ളിൽ ചിത്രീകരിച്ച ചിത്രങ്ങളാണ് ത്രീ അയേൺ (2004), സമാരിറ്റൻ ഗേൾ (2004) എന്നിവ. വിചിത്രമായ മനുഷ്യബന്ധങ്ങളുടെയും ജീവിതരീതികളുടെയും കഥയാണ് ത്രീ അയേൺ.

ആളുകൾ വീട്ടിലില്ലാത്ത സമയം നോക്കി വിവിധ അപാർട്ട്‌മെന്റുകളിൽ കയറി സ്വന്തം വീടുപോലെ അവിടെ കഴിയുന്ന തയേസുക് ആണ് കേന്ദ്രകഥാപാത്രം. തികച്ചും പരിചിതമായ ഒരിടം പോലെ അവിടെ അയാൾ നഗ്‌നനായി നടക്കുന്നു, കുളിക്കുന്നു, സംഗീതം കേൾക്കുന്നു, തുണികൾ കഴുകിയിടുന്നു. ഒരിക്കൽ വീട്ടുടമയുടെ മത്തെയിൽ കിടക്കുമ്പോഴാണ് ഒരു പെൺകുട്ടി തന്നെ തുറിച്ചുനോക്കുന്നത് തയേസുക് കാണുന്നത്.

 ത്രീ അയേൺ
ത്രീ അയേൺ

സുൻ ഹുവ എന്ന പ്രൊഫഷനൽ മോഡൽ ആണ് അവൾ. സമ്പന്നനായ അവളുടെ ഭർത്താവ് പതിവായി അവളെ മർദിക്കുകയും മുറിവേൽപ്പിക്കുകയും ചെയ്യാറുണ്ട്. തന്നെപ്പോലെ ആൾക്കൂട്ടത്തിൽ തനിച്ചായിപ്പോയ ഒരാളാണ് അവളെന്ന് അയാൾ തിരിച്ചറിയുന്നു. ആ സ്‌നേഹരഹിതമായ ബന്ധത്തിൽനിന്നും അവളെ അയാൾ വിമോചിപ്പിക്കുന്നു. ഭർത്താവ് വീട്ടിൽ തിരിച്ചത്തെുമ്പോൾ അവർക്കിടയിൽ സംഘർഷമുണ്ടാവുന്നു. സുൻ ഹുവയുടെ ഭർത്താവിനെ ഇടിച്ചുപരിക്കേൽപ്പിക്കുകയാണ് തയേസുക്.

വാക്കുകൾ കൈമാറാതെ പരസ്പരം പ്രണയിക്കുന്ന ഇരുവരും അപരിചിതരുടെ വീടുകൾ അന്വേഷിച്ചുപോവുന്നു. ഒരു വീട്ടിൽ കയറി താമസിക്കാൻ ശ്രമിക്കുമ്പോൾ അവിടെ പ്രായമായ ഒരു മനുഷ്യൻ മരിച്ചുകിടക്കുന്നതായി അവർ കാണുന്നു. അപ്പോൾ ആ വഴി വന്ന അയാളുടെ മകനും മരുമകളും കരുതുന്നത് തയേസുകും സിൻഹുവയും ചേർന്ന് കൊല നടത്തിയെന്നാണ്. അവർ പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യപ്പെടുന്നു. സുൻഹുവയുടെ ഭർത്താവ് വന്ന് അവളെ തിരിച്ചുകൊണ്ടുപോവുന്നു. ജയിലിൽനിന്നു വിട്ടയച്ച തയേസുക് സുൻഹുവയെ അന്വേഷിച്ചത്തെുന്നു. ഞാൻ നിങ്ങളെ പ്രണയിക്കുന്നുവെന്നു പറഞ്ഞ് ഭർത്താവിനെ പുണരുന്ന അവൾ പക്ഷേ ചുംബനം നൽകുന്നത് തയേസുകിനാണ്.

സമാരിറ്റൻ ഗേൾ ബെർലിൻ ചലച്ചിത്രോൽസവത്തിൽ അദ്ദേഹത്തിന് മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിക്കൊടുത്തു. ഇന്ത്യൻ ഗണിക വസുമിത്രയുടെ കഥ പറഞ്ഞുകൊണ്ടാണ് സമാരിറ്റൻ ഗേൾ തുടങ്ങുന്നത്. വസുമിത്രയുമായി ശാരീരികബന്ധം പുലർത്തിയവർ ബുദ്ധമതാനുയായികളായി മാറിയെന്ന് കൗമാരക്കാരിയായ ജോയോംഗ് തന്റെ സുഹൃത്ത് യിയോ ജിന്നിനോടു പറയുന്നു. ഈ കഥയുടെ പശ്ചാത്തലത്തിൽ ആത്മീയതയും ഭൗതിക ജീവിതവും തമ്മിലുള്ള വൈരുധ്യത്തെ വിശകലനം ചെയ്യുകയാണ് കിം.

സമാരിറ്റൻ ഗേൾ
സമാരിറ്റൻ ഗേൾ

പാപം, ധാർമികത, മൂല്യബോധം, ഭക്തി എന്നിവയെ കുറിച്ച തുറന്ന വിചാരങ്ങളാണ് ഈ ചിത്രം മുന്നോട്ടുവെക്കുന്നത്. വസുമിത്ര, സമരിയ, സൊനാറ്റ എന്നീ മൂന്ന് അധ്യായങ്ങളുണ്ട് ചിത്രത്തിന്. ദാന്തെയുടെ 'ഡിവൈൻ കോമഡി'യെ ഓർമിപ്പിക്കുന്ന ത്രയഘടനയാണ് ചിത്രത്തിൻേറത്. സമകാലിക സിയോളിലെ നഗരജീവിതത്തിൽനിന്ന് കണ്ടെടുത്ത യാഥാർഥ്യങ്ങളാണ് കിം അവതരിപ്പിക്കുന്നത്. നവനാഗരികതയിലെ അന്യവത്കരണം, ഭൗതികതയോടുള്ള അമിതമായ ആഭിമുഖ്യം എന്നിവ നഗരജീവിതത്തെ എത്രത്തോളം വിക്ഷുബ്ധമാക്കുന്നുവെന്ന് ഈ ചിത്രം വെളിപ്പെടുത്തുന്നു. ആത്മാവില്ലാത്ത ഇന്റർനെറ്റ് ചാറ്റ്‌റൂമുകളിലും പൊതുപാർക്കുകളിലും ഭൗതികമായ നേട്ടങ്ങൾ ആഗ്രഹിച്ചുകൊണ്ട് അലഞ്ഞുനടക്കുകയാണ് ജോയോംഗ്. ഭൗതികാനുഭവങ്ങൾ തേടി ആത്മാവ് നഷ്ടപ്പെടുന്നവരുടെ പ്രതിനിധാനമാണ് അവൾ.

ചീത്ത മനുഷ്യരുടെ ലോകം

വിസ്മയിപ്പിക്കുന്ന വൈവിധ്യമാണ് കിം കി ഡുക്കിന്റെ പ്രമേയങ്ങളിൽ. ഒരു സാത്വികനായ ബുദ്ധമതാനുയായിയുടെ ലോലകാൽപനികമായ ജീവിതദർശനം എന്നുതോന്നിക്കുന്ന സ്പ്രിംഗ്, സമ്മർ, ഫാൾ, വിന്റർ ആന്റ് സ്പ്രിംഗ് എന്ന ചിത്രത്തിൽനിന്ന് രതിയും പകയും ഹിംസയും നിറഞ്ഞ ബാഡ് ഗയി (2002)ലേക്ക് ഒത്തിരി ദൂരമുണ്ട്. ഒരു സ്ത്രീയെ ലൈംഗികത്തൊഴിലിലേക്ക് തള്ളിവിടുന്ന ചീത്ത മനുഷ്യന്റെ കഥയാണ് ബാഡ് ഗയ് പിന്നീട് അയാൾ അവളുടെ സംരക്ഷകനാവുന്നു. സിയോൾ നഗരത്തിലെ ആസക്തിയും ഒടുങ്ങാത്ത ജീവിതതൃഷ്ണകളും നിറഞ്ഞ അപരിചിതമുഖങ്ങളെ നാം ഈ ചിത്രത്തിൽ കണ്ടുമുട്ടുന്നു. സിയോളിലെ ചുവന്ന തെരുവിലാണ് കഥയുടെ ഭൂരിഭാഗവും നടക്കുന്നത്. അവൾ ശരീരം വിൽക്കുന്നതിന്റെ ആദ്യപാഠങ്ങൾ പഠിക്കുന്നത് കർട്ടനു പിറകിലിരുന്ന് അയാൾ വേദനയോടെ കാണുന്നു. ഈ ചീത്ത മനുഷ്യൻ കാണുന്ന ലോകം ഒരു മൂർത്ത യാഥാർഥ്യം മാത്രമല്ല, പ്രണയത്തെയും വിദ്വേഷത്തെയും കുറിച്ചുള്ള നമ്മുടെ പരമ്പരാഗത ധാരണകളെ വെല്ലുവിളിക്കുന്ന ഒരിടം കൂടിയാണ്.

ബാഡ് ഗയ്
ബാഡ് ഗയ്

നിഷേധിയുടെ ജൽപനങ്ങൾ എന്ന് അക്കാദമിക് സമൂഹം പുച്ഛിച്ചുതള്ളിയിട്ടും മാധ്യമങ്ങളുടെ തിളങ്ങുന്ന ഉപരിതലങ്ങളിൽ കിം കി ഡുക് നിറഞ്ഞു നിന്നു. വോൾക്കർ ഹ്യൂമലുമായുള്ള അഭിമുഖത്തിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു:""വിദ്വേഷമാണ് എന്റെ ചലച്ചിത്ര സംരംഭങ്ങളുടെ അടിസ്ഥാന ചോദന. വിശാലമായ അർഥത്തിലാണ് വിദ്വേഷം എന്ന പദം ഞാൻ ഉപയോഗിച്ചത്. ഏതെങ്കിലും വ്യക്തിയെയോ വ്യവസ്ഥയെയോ ഉന്നംവെച്ചുകൊണ്ടുള്ള വിദ്വേഷമല്ല അത്. ജീവിതത്തിൽ ഞാൻ നേരിടുന്ന അനുഭവങ്ങൾ, കാണുന്ന കാഴ്ചകൾ എന്നിവയോടുള്ള പൊതുവായ പ്രതികരണമാണത്. അതിനുവേണ്ടിയാണ് ഞാൻ സിനിമ നിർമിക്കുന്നത്. ഉൾക്കൊള്ളാനാവാത്ത യാഥാർഥ്യത്തെ നേരിടേണ്ടി വരുന്നതിനാലാണ് ഞാൻ അതേക്കുറിച്ച് സിനിമയെടുക്കുന്നത്. മനസ്സിലാവാത്ത കാര്യത്തെ സമഗ്രമായി ഗ്രഹിച്ചെടുക്കാനുള്ള ശ്രമമാണത്.

"ബാഡ് ഗയ്' എന്ന ചിത്രത്തിലൂടെ ഞാൻ ചോദിക്കാൻ ശ്രമിച്ച ചോദ്യം ഇതാണ്. തുല്യമായ അവകാശങ്ങളോടെ ജനിച്ചുവീഴുന്ന മനുഷ്യൻ വളരുന്തോറും ഭിന്നിപ്പിക്കപ്പെടുന്നു. വിവിധ വിഭാഗങ്ങളായി വിഭജിക്കപ്പെടുന്നു. നമ്മുടെ ബാഹ്യരൂപം വെച്ച് എന്തിനാണ് നമ്മെ സമൂഹം വിലയിരുത്തുന്നത്? നാം സുമുഖരോ വിരൂപരോ എന്ന കാര്യം എങ്ങനെയാണ് സുപ്രധാനമാവുന്നത്? പണമുള്ളവനോ ഇല്ലാത്തവനോ എന്ന കാര്യം എങ്ങനെയാണ് പ്രസക്തമാവുന്നത്? ചില പ്രത്യേക പദവികളിലും സാമൂഹിക വർഗങ്ങളിലുമായി നാം പരിമിതപ്പെടുത്തപ്പെടുന്നു. അവ തമ്മിൽ പലപ്പോഴും പൊരുത്തപ്പെടുന്നുമില്ല. ഈ വർഗങ്ങൾക്ക് ഒരുമിച്ചുപോവാനും അവരുടെ ലോകങ്ങൾ പരസ്പരം ലയിക്കാനും സാധ്യതയില്‌ളേ എന്ന അടിസ്ഥാന ചോദ്യത്തിൽനിന്നാണ് 'ബാഡ് ഗയ്' എന്ന ചിത്രത്തിന്റെ പിറവി.''

​​​​​​​ലൈംഗികമായ അസൂയയും അടങ്ങാത്ത ആസക്തികളും കിം കി ഡുക്കിന്റെ ചിത്രങ്ങളിൽ ആവർത്തിച്ചുവരുന്ന പ്രമേയമാണ്

ബാഡ് ഗയിലെ മുഖ്യ കഥാപാത്രമായ ഹാംഗ്ഗി എന്ന കൂട്ടിക്കൊടുപ്പുകാരൻ ഒരു നിശ്ശബ്ദ സാന്നിധ്യമാണ്. ആശയവിനിമയത്തിനോ ആത്മാവിഷ്‌കാരത്തിനോ അയാൾക്ക് കഴിയുന്നില്ല. അക്രമം മാത്രമാണ് അയാളുടെ ഭാഷ. ഈ മൗനത്തിന്റെ അർഥമെന്താണ് എന്ന വോൾക്കർ ഹ്യൂമലിന്റെ ചോദ്യത്തിന് അദ്ദേഹം ഇങ്ങനെ മറുപടി നൽകി: ""ആഴത്തിൽ മുറിവേറ്റതിനാൽ സംസാരശേഷി നഷ്ടമായവരാണ് എന്റെ ചിത്രങ്ങളിലെ പല കഥാപാത്രങ്ങളും. പാലിക്കപ്പെടാത്ത വാഗ്ദാനങ്ങൾ കാരണം മനുഷ്യനിലുള്ള അവരുടെ വിശ്വാസം നഷ്ടമായിരിക്കുന്നു. ഞാൻ നിന്നെ സ്‌നേഹിക്കുന്നുവെന്ന് അവരോടു പറഞ്ഞവരാരും അവരെ സ്‌നേഹിക്കുന്നവരായിരുന്നില്ല. കടുത്ത നൈരാശ്യബോധത്താൽ അവർ നിശ്ശബ്ദതയെ ഇഷ്ടപ്പെട്ടു. അവർ സ്വീകരിക്കുന്ന അക്രമത്തിന്റെ ഭാഷ അവരുടെ ശരീരഭാഷ തന്നെയാണ്. വെറും നെഗറ്റീവ് വയലൻസ് അല്ല അവരുടേത്. പ്രതിഷേധത്തിന്റെ ശാരീരികാവിഷ്‌കാരമാണ്. എന്റെ കഥാപാത്രങ്ങളുടെ മുറിവടയാളങ്ങൾ യൗവനകാലത്ത് അവർ കടന്നുപോയ അനുഭവങ്ങളുടെ രേഖകളാണ്. ആക്രമണങ്ങളെയും അവകാശലംഘനങ്ങളെയും പ്രതിരോധിക്കാൻ കഴിയാതെപോയ കാലത്തെ മുറിവുകളാണവ. ഈ അനുഭവങ്ങൾ അവരിൽ ഉണങ്ങാതെ കിടക്കും. കുട്ടിക്കാലത്ത് എനിക്കും ഇതേപോലുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നേക്കാൾ പ്രായംകുറഞ്ഞവരെങ്കിലും ശക്തരായ കുട്ടികൾ എന്നെ മർദിച്ചിരുന്നു. ആത്മരക്ഷക്കായി പ്രതിരോധിക്കാൻ അന്നെനിക്ക് കഴിഞ്ഞില്ല. നാവികസേനയിൽ ജോലിചെയ്ത കാലത്ത് ഒരു കാരണവുമില്ലാതെ ഉയർന്ന പദവിയിലുള്ള സൈനികർ എന്നെ മർദിച്ചിരുന്നു. ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോയതിനാൽ ഇവ എങ്ങനെ സംഭവിക്കുന്നുവെന്ന് ഞാനെന്നോടുതന്നെ പലതവണ ചോദിച്ചിരുന്നു. സംവിധായകനാവുന്നതുവരെ ഈ ചോദ്യങ്ങൾ എന്നെ വേട്ടയാടി. ഈ ചിത്രത്തിലൂടെ അത്തരം കഥാപാത്രങ്ങളുടെ/മനുഷ്യരുടെ മനസ്സ് തേടുകയാണ് ഞാൻ. ''

ദ ബോ
ദ ബോ

ലൈംഗികമായ അസൂയയും അടങ്ങാത്ത ആസക്തികളും കിം കി ഡുക്കിന്റെ ചിത്രങ്ങളിൽ ആവർത്തിച്ചുവരുന്ന പ്രമേയമാണ്. ദ ബോ (2005) എന്ന ചിത്രത്തിൽ അറുപതു വയസ്സുള്ള ഒരു വൃദ്ധന് അയാൾ വളർത്തിയെടുത്ത പതിനാറുകാരിയായ പെൺകുട്ടിയോടു തോന്നുന്ന അഭിനിവേശം സൃഷ്ടിക്കുന്ന വൈകാരിക പ്രതിസന്ധികളാണ് പ്രമേയം. കിം കി ഡുക്കിന്റെ മറ്റെല്ലാ ചിത്രങ്ങളെയും പോലെ ഈ സിനിമയിലും സംഭാഷണങ്ങളല്ല കഥയെ മുന്നോട്ടുകൊണ്ടുപോവുന്നത്. വാക്കുകളിൽ ദരിദ്രവും ദൃശ്യങ്ങളിൽ സമ്പന്നവുമാണ് അദ്ദേഹത്തിന്റെ ഏതാണ്ട് എല്ലാ ചിത്രങ്ങളും.

മുഖത്തെ പ്രണയിക്കുന്നവരുടെ നാഗരികത

ശാരീരിക സൗന്ദര്യത്തോടുള്ള കൊറിയൻ ജനതയുടെ അഭിനിവേശത്തെയാണ് ടൈം (2006) എന്ന ചിത്രത്തിൽ കിം കി ഡുക് പ്രമേയവത്കരിക്കുന്നത്. കൊറിയയിൽ പ്‌ളാസ്റ്റിക് സർജറി വലിയ ഒരു വ്യവസായമായി പടർന്നു പന്തലിച്ചുകഴിഞ്ഞു. എന്നാൽ ഈ ചിത്രത്തിന്റെ പ്രമേയം കൊറിയയുടെ അതിർത്തികളിൽ ഒതുങ്ങുന്നില്ല. അതിന് പ്രാപഞ്ചികമായ മാനങ്ങളുണ്ട്. ശരീരം, കാമം, സ്വത്വപ്രതിസന്ധി, നാഗരികതയുടെ സാങ്കേതിക സൗകര്യങ്ങൾ എന്നിങ്ങനെ പല തലങ്ങളിൽ വളർന്നു മുട്ടുന്നുണ്ട് ഈ ചിത്രത്തിന്റെ ഉള്ളടക്കം. അസ്തിത്വത്തിന്റെ നിർണയങ്ങളെ സംബന്ധിച്ച ആകുലതകളും ഉത്കണ്ഠകളും ഈ ചിത്രത്തിൽ പ്രതിഫലിക്കുന്നുണ്ട്. ഉപഭോഗ സംസ്‌കാരത്തിന്റെ ആഗോളവ്യാപനകാലത്തെ മനുഷ്യബന്ധങ്ങളെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവെക്കുകയാണ് കിം കി ഡുക്.

ടൈം
ടൈം

സീഹീ, ജിവൂ എന്ന യുവാവുമായി വർഷങ്ങളായി പ്രണയത്തിലാണ്. എന്നാൽ കാലം അവരുടെ ബന്ധത്തിൽ മരവിപ്പും മടുപ്പും സൃഷ്ടിച്ചിരിക്കുന്നു. വിരസമായ ശാരീരികബന്ധങ്ങൾ അവരുടെ പ്രണയത്തിന്റെ തീക്ഷ്ണതയെ ബാധിക്കുന്നുണ്ട്. പങ്കാളിയിൽ ലൈംഗികാഭിനിവേശം ജനിപ്പിക്കുന്ന ഒരു കാമ്യവസ്തു എന്ന നിലയിൽനിന്ന് തന്റെ ശരീരവും മുഖവും മാറിക്കഴിഞ്ഞതായി അവൾ വേദനയോടെ തിരിച്ചറിയുന്നു. മടുപ്പുളവാക്കുന്ന ഒരേ മുഖം തന്നെ എന്നും കണ്ടുകൊണ്ടിരുന്നാൽ ആർക്കായാലും മുഷിയും എന്ന ആശങ്കയാണ് അവൾക്ക്. അതുകൊണ്ടാണ് താനുമായി ബന്ധപ്പെടുമ്പോൾ മറ്റൊരു പെണ്ണിന്റെ മുഖം മനസ്സിൽ കാണാൻ അവൾ ആവശ്യപ്പെടുന്നത്. പരിഹാരമെന്ന നിലയിൽ പ്‌ളാസ്റ്റിക് സർജറി ചെയ്ത് മുഖം മാറ്റുകയാണ് അവൾ.

മുഖം മാറ്റിയശേഷം അയാളുടെ ജീവിതത്തിൽനിന്ന് അവൾ അപ്രത്യക്ഷയാവുന്നു. എന്നാൽ, ജിവൂ കരുതുന്നത് അവൾ തന്നെ വിട്ടുപോയി എന്നാണ്. പ്രണയം കണ്ടത്തൊനുള്ള അയാളുടെ ശ്രമങ്ങൾ ഓരോന്നും പരാജയപ്പെടുന്നു. ജിവൂ ഇതിനിടയിൽ പല സ്ത്രീകളുമായും ബന്ധം പുലർത്തുന്നുണ്ട്. ആറു മാസത്തിനുശേഷം അയാൾ സീഹീയെ ഒരു കഫേയിൽ കണ്ടുമുട്ടുന്നു. മുഖം മാറ്റിയ സീഹീ ആദ്യപേരിനോട്എ സാദൃശ്യമുള്ള സെഹീ എന്ന പേരിലാണ് അവിടെ വിളമ്പുകാരിയായി ജോലിചെയ്യുന്നത്. ജിവൂ അവളുമായി അടുക്കുന്നു. എന്നാൽ സെഹീയുടെ ഓർമകൾ അയാളുടെ മനസ്സിനെ വേട്ടയാടുന്നതുകൊണ്ട് അവൾക്ക് അയാളിൽനിന്ന് ആനന്ദം കണ്ടത്തൊൻ കഴിയുന്നില്ല. അതുകൊണ്ട് അവൾ സെഹീയുടെ മുഖപടം ധരിച്ച് ജിവൂവിനെ സമീപിച്ചുകൊണ്ട് ആ മുഖപടം മാറ്റി തന്റെ പുതിയ മുഖം കാണാൻ അഭ്യർഥിക്കുകയാണ്. ഉടലിനെ അതിവർത്തിക്കുന്ന പ്രണയത്തിന്റെ സാധ്യതകൾ അന്വേഷിക്കുകയാണ് ഈ ചിത്രത്തിൽ കിം കി ഡുക്. ആഴങ്ങളിലേക്കു പോകാതെ, പ്രതലങ്ങളിൽ മാത്രം ആകൃഷ്ടമായ മനുഷ്യബന്ധങ്ങളെ വെളിപ്പെടുത്തുകയാണ് ചലച്ചിത്രകാരൻ. മനസ്സു കാണാതെ മുഖത്തെ പ്രണയിക്കുന്നവരുടെ നാഗരികതയെ അദ്ദേഹം പ്രതിക്കൂട്ടിൽ നിർത്തുന്നു.

സ്വപ്നങ്ങളാൽ ബന്ധിക്കപ്പെട്ട മനുഷ്യർ

ബ്രെത്ത് (2007) ശിഥിലജന്മങ്ങളുടെ കഥയാണ്. ചിത്രത്തിലെ കഥാപാത്രങ്ങളൊന്നും പാപത്തിൽനിന്ന് മുക്തരല്ല. തടവുകാരൻ തന്റെ ഭാര്യയെയും കുട്ടിയെയും കൊന്നയാളാണ്. ടൂത്ത്ബ്രഷിന്റെ മൂർച്ചകൂട്ടി തൊണ്ടയിൽ കുത്തിയും മറ്റും അയാൾ ഇടക്കിടക്ക് ആത്മഹത്യക്കു ശ്രമിക്കുന്നുണ്ട്. പ്രണയരഹിതമായ വിവാഹത്തിൽപെട്ട സ്ത്രീയാണ് ഈ ചിത്രത്തിലെ നായിക. ഭർത്താവ് അവളെ ഒട്ടും മനസ്സിലാക്കുന്നില്ല. തടവുകാരന്റെ വധശിക്ഷയെപ്പറ്റി പതിവായി കേൾക്കുന്ന അവൾ അയാളെ സന്ദർശിക്കാൻ ഇറങ്ങിത്തിരിക്കുകയാണ്. താൻ അയാളുടെ കാമുകിയായിരുന്നുവെന്നു പറഞ്ഞാണ് ആ തടവുകാരനെ അവൾ കാണാൻ ചെല്ലുന്നത്. ജയിലിലെ സന്ദർശകസെൽ അവൾ ഒരു വാൾപേപ്പർകൊണ്ട് അലങ്കരിക്കുന്നു.

ബ്രെത്ത്
ബ്രെത്ത്

സ്വാതന്ത്ര്യവും തടവറയിലെ പാരതന്ത്ര്യവും സൂചിപ്പിക്കുന്ന അസംബന്ധരൂപകങ്ങളായിരുന്നു ആ ചുമർച്ചിത്രത്തിൽ. തുറന്നിരിക്കുന്നതിന്റെയും അടഞ്ഞുകിടക്കുന്നതിന്റെയും അവസ്ഥകൾ തമ്മിലുള്ള വൈരുധ്യം സൂചിപ്പിക്കുന്ന ബിംബങ്ങൾ ഈ ചിത്രത്തിൽ നിറഞ്ഞിരിക്കുന്നു. തടവറയിൽനിന്ന് പുറത്തുകടന്ന് സമാധാനം നേടാനുള്ള അവരുടെ ശ്രമങ്ങളോരോന്നും നിഷ്ഫലമാവുന്നുണ്ട്. പരസ്പരമറിയാത്ത തടവുകാരനും സ്ത്രീയും തമ്മിലുള്ള വിചിത്രമായ ബന്ധത്തിലൂടെ സ്വാതന്ത്ര്യത്തിന്റെ വില ബോധ്യപ്പെടുത്തിത്തരുകയായിരുന്നു കിം കി ഡുക്.
'ഡ്രീം' (2008) സ്വപ്നങ്ങളാൽ പരസ്പരം ബന്ധിക്കപ്പെട്ട രണ്ടു മനുഷ്യരുടെ കഥയാണ്. കൈവിട്ടുപോയ തന്റെ കാമുകിയെ സ്വപ്നം കണ്ടുനടക്കുന്ന യുവാവും അയാളുടെ സ്വപ്നസ്ഥലികളിലൂടെ നിദ്രാടനം തുടരുന്ന പെൺകുട്ടിയുമാണ് കേന്ദ്രകഥാപാത്രങ്ങൾ.

സ്വപ്നവും യാഥാർഥ്യവും തമ്മിലുള്ള സംഘർഷങ്ങളിലൂടെ മനുഷ്യബന്ധങ്ങളുടെ മറുപുറങ്ങൾ തിരഞ്ഞു പോവുകയാണ് കിം കി ഡുക്.
കാൻ ചലച്ചിത്രമേളയിൽ അൺസേട്ടൻ റിഗാർഡ് വിഭാഗത്തിൽ അവാർഡ് നേടിയ ആരിരംഗ് (2011) ഒരു ആത്മാന്വേഷണമാണ്. താൻ കടന്നുപോയ സ്വത്വപ്രതിസന്ധികളെ ആത്മപരിശോധനയ്ക്കു വിധേയമാക്കുകയാണ് കിം ഈ ചിത്രത്തിൽ.

മൊബിയസ്
മൊബിയസ്

യേശുവിന്റെ മൃതശരീരം വഹിച്ചുനിൽക്കുന്ന കന്യാമറിയത്തിന്റെ ശിൽപ്പത്തെ ഓർമ്മിപ്പിക്കുന്ന പിയത്തെ (2012) ക്രിസ്ത്യൻ ബിംബങ്ങളുടെ പ്രതീകാത്മക ഉപയോഗത്തിലൂടെ സ്ത്രീപുരുഷബന്ധത്തിന്റെ സങ്കീർണതകൾ ആവിഷ്‌കരിക്കുന്നു. ഉടലിന്റെ ആനന്ദവും വേദനയും അതിന്റെ തീക്ഷ്ണമായ മൂർച്ഛകളിൽ അവതരിപ്പിക്കുന്ന ചിത്രമാണ് മൊബിയസ് (2013) മനുഷ്യജീവിതത്തിന്റെ അർത്ഥമെന്തെന്ന് ദാർശനികമായ ചോദ്യമുന്നയിക്കുകയാണ് Human, Space, Time and Human എന്ന 2018ലെ ചിത്രം.

പ്രമേയ വൈവിധ്യങ്ങളുടെ പേരിൽ മാത്രമാവില്ല കിം കി ഡുക് ചലച്ചിത്ര ചരിത്രത്തിൽ ഓർമ്മിക്കപ്പെടുക. മനുഷ്യന്റെ ആന്തരിക വൈരുധ്യങ്ങളെ തീക്ഷ്ണമായ ദൃശ്യഭാഷയിൽ ആവിഷ്‌കരിച്ച പ്രതിഭാശാലി എന്ന നിലയിലാവും ആ പേര് പതിഞ്ഞുകിടക്കുക.▮

കിം കി ഡുക്​: ജനനം: 1960, ഡിസംബർ 20; മരണം: 2020, ഡിസംബർ 11


ഡോ. എൻ.പി. സജീഷ്‌

ചലച്ചിത്ര നിരൂപകൻ, എഴുത്തുകാരൻ, മാധ്യമപ്രവർത്തകൻ. കേരള ചലച്ചിത്ര അക്കാദമിയിൽ ഡെപ്യൂട്ടി ഡയറക്ടർ (പ്രോഗ്രാംസ്). തിരമലയാളത്തിന്റെ അവസ്ഥാന്തരങ്ങൾ, ശലഭച്ചിറകുകൾ കൊഴിയുന്ന ചരിത്ര ശിശിരത്തിൽ, പുരുഷവേഷങ്ങൾ, വീട്ടിലേക്കുള്ള കത്തുകൾ, സഹസ്രാബ്ദത്തിന്റെ സിനിമകൾ തുടങ്ങിയവ പ്രധാന കൃതികൾ.

Comments