‘‘സ്ത്രീസ്വാതന്ത്ര്യ സൗധത്തിന്റെ അടിസ്ഥാനശില സാമ്പത്തിക സ്വാതന്ത്ര്യമാണല്ലോ. സ്ത്രീകൾ ഉദ്യോഗത്തിന് കാംക്ഷിക്കുന്നത് ഈ സാമ്പത്തിക സമത്വം സമ്പാദിപ്പാനാണ്. സ്ത്രീകൾ സർവ്വതന്ത്ര സ്വതന്ത്രകളാണെന്ന് സ്ഥാനത്തും അസ്ഥാനത്തും അഭിമാനിക്കുന്ന കൂട്ടർ സ്ത്രീകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യത്തിനുള്ള മാർഗ്ഗമായ സർക്കാർ ഉദ്യോഗങ്ങളും മറ്റും അവർക്ക് ലഭിക്കാതിരിക്കണമെന്ന് വിചാരിച്ച് പ്രസംഗങ്ങൾ പൊടിപൊടിക്കുന്നതു കാണുമ്പോൾ ഈ പൂർവ്വാപരതവിരുദ്ധതയെ ഓർത്ത് ഹാസ്യസ്മിതം തൂകാനേ തരമുള്ളൂ.’’(ദേവിക ജെ, കല്പനയുടെ മാറ്റൊലി, ശാസ്ത്രസാഹിത്യപരിഷത്ത്, 2011)
നവോത്ഥാന പ്രസ്ഥാനങ്ങൾ ശക്തമായിരുന്ന 1920-30കളിൽ കേരളത്തിലെ പത്രമാധ്യമങ്ങളിലും പൊതുരംഗത്തും ഏറെ ശ്രദ്ധപിടിച്ചുപറ്റിയ വിഷയമാണ് സ്ത്രീകൾക്ക് സർക്കാർ മേഖലയിൽ ഉദ്യോഗം ലഭിക്കണമെന്ന വാദം. ആ വാദം സ്ത്രീബുദ്ധിജീവികൾ ഉയർത്തിയപ്പോൾ സ്ത്രീകൾ ഉദ്യോഗത്തിനു പോയാൽ വീട്ടുകാര്യങ്ങളും കുട്ടികളുടെ പരിപാലനവും അവതാളത്തിലാകുമെന്നും മാതൃത്വത്തിന്റെ മഹനീയത ഇല്ലാതാകുമെന്നും പറഞ്ഞ് പുരുഷ ബുദ്ധിജീവികൾ എതിർത്തു. പുരുഷന്മാരുടെ ഇത്തരം വാദങ്ങളെ എതിർത്ത് അന്നാ ചാണ്ടി 1929ൽ നടത്തിയ പ്രഭാഷണത്തിലെ ഏതാനും വാക്കുകളാണ് മുകളിൽ നല്കിയിരിക്കുന്നത്. ആധുനികത കേരളത്തിൽ ശക്തമായപ്പോൾ, ആധുനിക ഭരണരീതികളും ഓഫീസുകളും സ്‌കൂളുകളും മറ്റും വ്യാപകമായതോടെ ജാതിത്തൊഴിലിനുപകരം പുതിയ തൊഴിൽ സംസ്‌കാരം രൂപപ്പെട്ടു. ശമ്പളം കിട്ടുന്ന ഈ തൊഴിലുകളിലേക്ക് ആളുകൾ ഇടച്ചുകയറാനും തങ്ങളുടെ സാമ്പത്തിക ജീവിതം മെച്ചപ്പെടുത്താനും ശ്രമമുണ്ടായി. അങ്ങനെയാണ് ശമ്പളം കിട്ടുന്ന സർക്കാർ ജോലി ആകർഷണീയമാകുന്നതും ‘ശ്രീപദ്മനാഭന്റെ പത്തുചക്രം' എന്ന പറച്ചിൽ വ്യാപകമാകുന്നതും.
ഇക്കാലത്തെ നവോത്ഥാന പ്രസ്ഥാനങ്ങൾ സ്ത്രീകൾക്ക് നല്ലത് വീടാണെന്നും ശമ്പളം വാങ്ങുന്ന പുരുഷന്മാർ വേണം കുടുംബം നോക്കേണ്ടതെന്ന വാദങ്ങളുയർത്തുകയും ഈ ശമ്പളപ്പണികളിലേക്ക് (മേലാള)പുരുഷന്മാരെ പോകാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇവിടെയാണ് ആധുനിക വിദ്യാഭ്യാസം നേടിയ സ്ത്രീകൾ ഉദ്യോഗങ്ങൾക്ക് ശ്രമിച്ചതും പുരുഷന്മാർ എതിർത്തതും. കീഴാള സ്ത്രീകൾ പണിയെടുത്തിരുന്നതിനെ പരിപോഷിപ്പിച്ച ജാതിബോധം മറ്റൊരുവിഭാഗം സ്ത്രീകൾ ഉദ്യോഗം ചെയ്യുന്നത് വിലക്കി. തൊഴിൽപരമായ നീതിബോധം പ്രാഥമിക ദശയിലായിരുന്ന ആദ്യകാലത്ത് ഉദ്യോഗങ്ങളിലേക്കു പോയ (മേൽജാതി)സ്ത്രീകൾ കടുത്ത വിവേചനം നേരിട്ടിരുന്നതായി കാണാം. വീടിന്റെ ഭാരവും പ്രസവം പോലുള്ളവയും സ്ത്രീകളുടെ ജോലിഭാരം ഇരട്ടിപ്പിച്ചു. 1976ൽ വനിത നടത്തിയ, ഉദ്യോഗസ്ഥകളായ സ്ത്രീകൾ നേരിടുന്ന പ്രശ്‌നത്തെക്കുറിച്ചുള്ള ചർച്ചയിൽ ഒരുദ്യോഗസ്ഥ പറഞ്ഞകാര്യം ഉദ്യോഗത്തിന്റെ ലിംഗപരമായ പരിണാമം കൃത്യമായി വരച്ചിടുന്നുണ്ട്- പണ്ട് ഒരുസ്ത്രീ ജോലിക്കു പോയാൽ വിചിത്രജീവിയെയെന്നവണ്ണമാണ് സമൂഹം അവളെ നോക്കിയിരുന്നത്. ഇവൾ ഉടുത്തൊരുങ്ങി എവിടെപ്പോകുന്നുവെന്ന മട്ടിൽ. ഇപ്പോൾ ചില മുറുമുറുക്കലുകൾ മാത്രം. എൺപതുകളിൽപ്പോലും സ്ത്രീകളുടെ ഉദ്യോഗം പൂർണമായും അംഗീകരിച്ചിരുന്ന സമൂഹമല്ലായിരുന്നു കേരളമെന്ന വസ്തുത നമ്മുടെ ആദർശവല്കരിക്കപ്പെട്ട നവോത്ഥാനത്തോട് നിരവധി ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. എൺപതുകളിലെ ജനപ്രിയ സിനിമകൾ ഇത്തരം ചില ചോദ്യങ്ങളുന്നയിക്കാനുള്ള കാഴ്ചകൾ പ്രദാനംചെയ്യുന്നുണ്ടെന്നു കാണാം.
മൂന്ന് പെണ്ണുങ്ങളുടെ കഥ
നർത്തകിയും മോഡലുമായ മേഴ്‌സിയുടെ കൊലപാതകമാണ് നിറക്കൂട്ട് (1985) എന്ന സിനിമയുടെ വിഷയം. മേഴ്‌സിയെ ഭർത്താവായ രവിവർമ്മ കൊന്നുവെന്നായിരുന്നു കേസ്. അറസ്റ്റു ചെയ്യപ്പെട്ട രവിവർമയെ അപൂർവ്വമായ കേസായി കണ്ട് കോടതി വധശിക്ഷയ്ക്കു വിധിച്ചു. മേഴ്‌സിയുടെ സഹോദരിയായ ശശികലയുടെ കണ്ണിലൂടെയാണ് ഈ കേസ് പ്രേക്ഷകരോട് പറയുന്നത്. പത്രപ്രവർത്തകയായി ശശികല കേരള രമ സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിക്കാനെത്തുന്നതോടെ ആരംഭിക്കുന്ന സിനിമ അവളുടെയും കൂടെത്താമസിക്കുന്ന ഡോ. സുമയുടെയും കണ്ണിലൂടെയാണ് കഥ പറയുന്നതെന്നു പറയാം. അവരുടെ ജീവിതത്തിലെ അനുഭവങ്ങളിൽ കടന്നുവരുമ്പോഴാണ് രവിവർമയുടെ ജീവിതം വെളിപ്പെടുന്നത്. മേഴ്‌സി- രവിമാരുടെ ബന്ധത്തെ ശശികല വ്യാഖ്യാനിക്കുന്നതാണ് സിനിമയുടെ ആദ്യം കാണുന്നത്. അതനുസരിച്ച് ക്രൂരനായ രവി മേഴ്‌സിയെ കൊല്ലുകയായിരുന്നു. രവിയുടെ സ്വാർഥതാത്പര്യങ്ങളായിരുന്നു അതിനുപിന്നിൽ. എന്നാൽ രവി തന്നെ ആ സംഭവങ്ങൾ വ്യക്തമാക്കുമ്പോൾ മറ്റൊന്നാകുന്നു. രവി- മേഴ്‌സി ബന്ധം തകർത്തത് ഫോട്ടോഗ്രാഫറായ അജിത്തിന്റെ മേഴ്‌സിയോടുള്ള കാമമാണെന്നും മോഡലായ മേഴ്‌സിയുടെ നഗ്‌നഫോട്ടോകൾ ഒളിഞ്ഞെടുത്ത് മേഴ്‌സിയെ ലൈംഗികമായി ഉപയോഗിക്കാനുള്ള ശ്രമമാണ് കൊലപാതകത്തിലെത്തിയതെന്നുമാണ് രവി പറയുന്നത്. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട രവി ജയിൽചാടുകയും അജിത്തിനെ കൊല്ലുകയും ചെയ്യുന്നിടത്താണ് സിനിമ അവസാനിക്കുന്നത്.
മൂന്നുസ്ത്രീകളുടെ കണ്ണിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. തുടക്കംതന്നെ ശശികല വർഗീസ് പത്രസ്ഥാപനത്തിൽ ജോലിചെയ്യാൻ വരുന്നതാണ്. ഡോ. സുമയൊടൊപ്പം താമസിച്ച് അവർ ജോലി തുടങ്ങുന്നതും പത്രസ്ഥാപനം പ്രവർത്തിക്കുന്നതുമാണ് ആദ്യഭാഗം. ആ സ്ഥാപനത്തിൽ ശശികലയ്‌ക്കൊപ്പം നിരവധി സ്ത്രീകൾ എഡിറ്റർ, റിപ്പോർട്ടർ തസ്തികയിൽ പ്രവർത്തിക്കുന്നതുകാണാം. സ്ത്രീകളെ ഏറെ കണ്ടിരുന്ന തൊഴിലിടം അധ്യാപനം പോലുള്ള മേഖലകളാണ്. എന്നാൽ സ്ത്രീകളുടെ തൊഴിൽസങ്കല്പത്തിൽ വലിയമാറ്റം വരുന്ന കാലമാണ് എൺപതുകളെന്ന് അക്കാലത്തെ സിനിമകൾ പറയുന്നതാണ് ഇത് സൂചിപ്പിക്കുന്നത്. പത്രപ്രവർത്തനരംഗത്തേക്ക് സ്ത്രീകൾ കടന്നുവരുന്നു, പലകാരണങ്ങളാൽ അത് ആകർഷണീയമായ തൊഴിൽമേഖലയായി മാറുന്നു. സിനിമയിൽ ജയിൽ വാർഡൻ ശശികലയോട് പത്രപ്രവർത്തനത്തിലേക്കു വന്നതിനെപ്പറ്റി ചോദിക്കുന്നുണ്ട്. അപ്പോൾ തനിക്ക് റിപ്പോർട്ടിംഗ് ഇഷ്ടമാണെന്നും ഈ കരിയറിൽ ശ്രദ്ധിക്കുമെന്നും മറുപടി പറയുന്നുണ്ട്. കുടുംബജീവിതത്തെ സാധ്യമാക്കുകയും സഹായിക്കുകയും ചെയ്യുന്ന തൊഴിൽ കണ്ടെത്തുകയെന്ന പരമ്പരാഗത ലക്ഷ്യം തിരസ്‌കരിച്ച് പുതിയ മേഖലകൾ കരിയറായി കാണുകയും കരിയറിലൂടെ വ്യക്തിത്വം സൃഷ്ടിച്ചെടുക്കുകയും ചെയ്യുന്ന സമീപനം വളരുന്നതാണിത് സൂചിപ്പിക്കുന്നത്. കേരളീയ നവോത്ഥാനപാരമ്പര്യം സ്ത്രീകൾക്കനുവദിച്ചത് അമ്മയാകാനും നല്ല ഭാര്യയാകാനും ഭാവി തലമുറയെ കരുപ്പിടിക്കുന്ന വഴികാട്ടിയാകാനുമാണ്. ഇതിനു സഹായകമാകും വിധം തൊഴിൽ ചെയ്യുകയെന്നതാണ് അക്കാലത്തെ പ്രസ്ഥാനങ്ങൾ പറഞ്ഞിരുന്നത്. അതിനാൽ സ്ത്രീകൾ പുരുഷന്മാരെപ്പോലെ ഉദ്യോഗത്തിനുപോകുന്നത് എതിർക്കപ്പെട്ടിരുന്നു. സ്ത്രീയുടെ പൂർണത മാതൃത്വമാണെന്നും എത്ര വലിയ ഉദ്യോഗം നേടിയാലും മാതാവായില്ലെങ്കിൽ എന്തോ അപൂർണത അവളിലുണ്ടെന്നും പറയുന്ന ആഖ്യാനങ്ങൾ അക്കാലത്ത് വ്യാപകമായിട്ടുണ്ടായിരുന്നു. ഇത്തരം ആഖ്യാനങ്ങളെ തിരസ്‌കരിച്ച് വീടും മാതൃത്വവും സ്ത്രീകളുടെ ഉത്തരവാദിത്വമല്ലെന്നും പുരുഷനെപ്പോലെ ജോലിനോക്കി ജീവിക്കേണ്ടവളാണ് സ്ത്രീകളെന്നും പറയുന്ന വാദങ്ങളും ശക്തിപ്പെടുന്നുണ്ടായിരുന്നു. ഇത്തരം വാദങ്ങൾ ശക്തിപ്പെട്ടപ്പോഴും വീടും പാചകവും കുട്ടികളുടെ ഉത്തരവാദിത്വവും സ്ത്രീകളുടെ ജൈവികവും ശാരീരികവുമായി ഉത്തരവാദത്വമെന്ന നിലയിലാണ് പൊതുസമൂഹം കണ്ടത്. അത്തരം വിചാരങ്ങളിൽ വലിയൊരു മാറ്റം സംഭവിക്കുന്നതാണ് ഈ സിനിമ അടയാളപ്പെടുത്തുന്നത്.
മോഡലിംഗ് എന്ന തൊഴിൽ
ഒരാളെ നായികയാക്കുന്ന ശീലം ഉപേക്ഷിച്ച് മൂന്നു സ്ത്രീകൾക്കും തുല്യപങ്കാളിത്തം നല്കുന്നതിലൂടെ തൊഴിലെടുക്കുന്ന സ്ത്രീകളുടെ പുതിയൊരു പാരമ്പര്യം സൃഷ്ടിക്കുകയാണ് സിനിമയെന്നു കാണാം. മേഴ്‌സിയുടെ കഥയിൽ അവളാണ് ആ വീട്ടിലെ അന്നദാതാവ്. നർത്തകിയായിരിക്കുമ്പോൾ തന്നെ ഒരു സ്ഥാപനത്തിലെ ടൈപ്പിസ്റ്റായി ജോലിനോക്കുന്ന മേഴ്‌സിയുടെ ജീവിതത്തിലെ പ്രധാന പ്രശ്‌നം ശമ്പളക്കുറവായ ജോലി തന്നെയാണ്. അവളുടെ ശമ്പളം കൊണ്ടുവേണം ആ വീട്ടിലെ ചെലവ് കഴിയാനെന്ന് പറയുന്നുണ്ട്. ടൈപ്പിസ്റ്റ് ജോലി ഇല്ലാതാകുമ്പോൾ അവൾ ആകെ പരിഭ്രമിക്കുന്നുണ്ട്. മറ്റൊരു ജോലിക്കു നോക്കണം എന്ന് ഡോ. സുമ അപ്പോൾ പറയുന്നു. ജോലിയിലില്ലാതെ ജീവിക്കാനാവുകയില്ലെന്ന് സ്ത്രീകൾ തിരിച്ചറിയുന്ന ചില ചരിത്രസന്ദർഭങ്ങളാണിത് അടയാളപ്പെടുത്തുന്നത്. അവിടെയാണവൾ രവിവർമ നീട്ടുന്ന മോഡലിംഗ് എന്ന തൊഴിൽ സ്വീകരിക്കുന്നതും ധാരാളം പണം നേടുന്നതും.
പത്രം വില്ക്കുന്ന ഒരു പയ്യന്റെ കഥപറയുന്ന സിനിമയാണ് -ന്യൂസ് പേപ്പർ ബോയ്- മലയാളത്തിലെ സിനിമാ സംസ്‌കാരത്തിലെ ഒരു പരിണാമത്തെ അടയാളപ്പെടുത്തിയതെങ്കിൽ എൺപത്- തൊണ്ണൂറുകളിലെ പത്രങ്ങളുടെ കഥപറഞ്ഞ സിനിമകൾ തൊഴിലിടത്തിലെ ലിംഗബോധ്യങ്ങളെ തിരുത്തിയ കാഴ്ചകളായിരുന്നു
മോഡലിംഗായി മേഴ്‌സി ചെയ്യുന്നത് സോപ്പിന്റെ പരസ്യങ്ങൾ പോലെയുള്ളവയാണ്. പരസ്യങ്ങൾക്ക് വലിയ പ്രചാരം കിട്ടുന്ന മാധ്യമ സംവിധാനങ്ങളും സാമൂഹികതയും വന്ന കാലത്തെയാണ് ഇത് അടയാളപ്പെടുത്തുന്നത്. വിപണിയും ഉപഭോഗവും വർധിച്ച കേരളീയതയുടെ രൂപപ്പെടലാണിത്. ഗൾഫാണ് കേരളസമൂഹത്തെ താങ്ങിനിർത്തുന്നതെന്ന സൂചന തുടക്കത്തിലെ പെട്രോൾപമ്പിലെ രംഗത്തിലുണ്ട്. പമ്പിൽവച്ച് എത്രലിറ്ററടിക്കണം എന്ന കാര്യത്തിൽ സുമയും ശശികലയും തർക്കിക്കുന്നു. താനൊരു സർക്കാർ ഡോക്ടറാണെന്നും കുറച്ച് അടിച്ചാൽ മതിയെന്നുമാണ് സുമ പറയുന്നത്. സർക്കാർ ശമ്പളം കൊണ്ട് ഒട്ടും ആർഭാടമായി കഴിയാനാവുകയില്ലെന്ന സൂചനയാണ് സുമ നല്കുന്നത്. ‘ഗൾഫിൽനിന്ന് കെട്ടിയോന്റെ ചെക്കുവരുന്നുണ്ടല്ലോ’ എന്ന് ശശികല തിരിച്ചടിക്കുന്നു. അപ്പോൾ, ‘ഗൾഫിലെ കാശ് ഇവിടെ കളയാനുള്ളതല്ലെ’ന്ന് സുമയും പറയുന്നു. ശശികലയാണ് പത്തുലിറ്ററിനുള്ള കാശ് നല്കുന്നതെന്ന് കാണാം. വിവാഹം കഴിച്ചിട്ട് ഡോക്ടറെന്ന പദവിക്കൊപ്പം ഗൾഫ്ഭാര്യയായും കഴിയുന്ന ആളാണ് സുമ. സുമയുടെ പിശുക്ക് കേവലമായി പണം ചെലവഴിക്കുന്നതിലെ മടിയായി കാണുന്നതിലുപരി പണം ചെലവഴിക്കാൻ നമ്മുടെ സമൂഹത്തിൽ സ്ത്രീക്കുള്ള അധികാരമില്ലായ്മയായിട്ടാണ് വായിക്കേണ്ടതെന്നു പറയാം. എന്നാൽ ശശികലയാകട്ടെ ആ മടിയും ഭയവുമില്ലാതെ പണത്തിന്റെ കാര്യത്തിൽ തീരുമാനം എടുക്കുന്നു.
വിപണി, പരസ്യം, മോഡലിംഗ് എന്ന ത്രയത്തെ കേന്ദ്രീകരിച്ചുള്ള കേരളത്തിലെ ചർച്ചകളൊക്കെ വിപണിയും പരസ്യങ്ങളും മനുഷ്യരെ വഴിതെറ്റിക്കുന്ന സംസ്‌കാരമാണെന്ന വാദമാണ് അവതരിപ്പിക്കുന്നത്. എല്ലാ വസ്തുക്കൾക്കും സ്ത്രീകളുടെ മുഖവും ശരീരവും കാണിക്കുന്ന പരസ്യസംസ്‌കാരം സ്ത്രീയെ കച്ചവടച്ചരക്കാക്കുന്നുവെന്ന വാദവും ഉണ്ട്. എന്നാൽ ഈ കാഴ്ചപ്പാടിനപ്പുറത്തേക്കു കടക്കാനുള്ള ചില വാതിലുകൾ മേഴ്‌സിയുടെ മോഡലിംഗ് തുറന്നിടുണ്ടെന്നു കാണാം. മേഴ്‌സിയുടെ സൗന്ദര്യവും ശരീരവുമാണ് രവിവർമയെയും മറ്റുള്ളവരെയും ആകർഷിക്കുന്നത്. ഒരുപടികൂടി കടന്ന് അജിത്തിനത് കാമോത്തേജകമാകുന്നു. എന്നാൽ ആദ്യം മോഡലിംഗിനെ എതിർക്കുന്ന മേഴ്‌സിക്കത് തന്റെ ജീവിതം വളർത്തുന്നതിനുള്ള വലിയ വരുമാനം നല്കുന്ന തൊഴിലിടമാണ്. മോഡലിംഗ് എന്ന പുതിയ തൊഴലിടം ജനിക്കുന്നതിന്റെ കഥയാണ് നിറക്കൂട്ട് പറയുന്നതെന്നു കാണാം. മറ്റു തൊഴിലിടങ്ങൾപോലെ തൊഴിലാളിയും മുതലാളിയും തൊഴിൽപരമായ ചൂഷണവും നിലനില്ക്കുന്ന ഒരു തൊഴിലിടമാണിത്. സ്ത്രീകൾക്കു പറ്റിയ ഇടമല്ലെന്നും സ്ത്രീയുടെ ശരീരത്തെ ചൂഷണം ചെയ്യുന്ന സ്ഥലമാണെന്നുമുള്ള ചിന്ത മാറ്റിവച്ച് ഈ തൊഴിലിടത്തെ തൊഴിലെടുക്കാനുള്ള ഇടമായി കണക്കാക്കണം എന്നത് സിനിമ പറയുന്നുണ്ട്.
മേഴ്‌സി ടൈപ്പിസ്റ്റായി ജോലി നോക്കുമ്പോൾ പലതരം ചൂഷണം അനുഭവിച്ചിരുന്നതായി കാണാം. അതിന്റെ ഫലമായിരുന്നു അവളുടെ പുറത്താക്കൽ. ഒരുദിവസം സ്ഥാപനമുടമ പറയുന്നതോടെ അവളുടെ തൊഴിലില്ലാതാകുന്നു. നൃത്തം ഒരു തൊഴിലായി കാണാനോ വരുമാനം ഉണ്ടാക്കാനോ പറ്റുന്ന ഇടമായി വികസിച്ചതായി സൂചനയില്ല. എന്നാൽ മോഡലിംഗ് വരുമാനവും പ്രശസതിയും മേഴ്‌സിക്കു നല്കി. അതുകൊണ്ടാവണം അവൾ ആ തൊഴിലിലേക്ക് തന്നെ കൊണ്ടുവന്ന ആളെ വിവാഹം ചെയ്തതും. നഗ്‌നഫോട്ടോ കാട്ടി തന്നെ ചൂഷണം ചെയ്യാൻ ശ്രമിച്ച അജിത്തിന്റെ മുറിയിൽചെന്ന് ഒരുകെട്ട് നോട്ടുകൾ അവൾ എറിയുന്ന ഒരുരംഗമുണ്ട്, തന്നെ ഉപദ്രവിക്കാതിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി. ആ പണം അവൾ രവിവർമയുടെ ഭാര്യയായതിന്റെ പേരിൽ രവിവർമയിൽനിന്ന് സംഘടിപ്പിച്ചതാവാൻ വഴിയില്ല, മറിച്ച് തന്റെ മോഡലിംഗിന്റെ വരുമാനത്തിൽനിന്നാണ് എടുത്തതെന്ന് കാണാം. തൊഴിലെടുത്ത് വരുമാനമുണ്ടാക്കി സമ്പത്താർജിക്കാൻ സ്ത്രീക്കു കഴിയുമെന്ന് ഇത് വ്യക്തമായി അടിവരയിടുന്നു. പിന്നീട് വിവാഹജീവിതം തകർന്ന് വിവാഹമോചനത്തിലെത്തിയപ്പോഴും ഭയപ്പെടാതെ നില്ക്കാൻ അവളെ പ്രേരിപ്പിച്ചത് ഈ സാമ്പത്തിക മൂല്യമാണെന്നും പറയാം.
രണ്ടുകാര്യങ്ങൾ ഇവടെ ശ്രദ്ധേയമാണ്.
1. ജോലിയിലൂടെ സാമ്പത്തികവളർച്ച നേടി സ്ത്രീക്ക് ജീവിക്കാനാകും എന്നതിന്റെ ഉറപ്പിക്കൽ. അതിന് പൊതുസമൂഹം നല്ലതെന്നു കരുതുന്ന തൊഴിലുതന്നെ വേണമെന്നില്ലെന്നു പറഞ്ഞ് സദാചാരത്തെ തിരസ്‌കരിക്കൽ.
2. ഈ ബോധത്തിലൂടെ വിവാഹംപോലുള്ള കാര്യങ്ങൾ സ്ത്രീക്ക് തനിയെ തീരുമാനിക്കാവുന്നതാണെന്ന സ്വാതന്ത്ര്യ പ്രഖ്യാപനം.
ഇങ്ങനെ കാലത്തിന്റെ പൊതുബോധത്തോടു പിണങ്ങുന്ന മേഴ്‌സിയെന്ന കഥാപാത്രമാണ് ഒരു പുരുഷൻ ചൂഷണം ചെയ്യാൻശ്രമിച്ചപ്പോൾ പതറി ആരോടും പറയാനാവാതെ കുഴങ്ങുന്നതും ഒടുവിൽ അവളുടെ ദുരന്തത്തിലേക്ക് എത്തുന്നതും. മലയാള സിനിമ അവതരിപ്പിക്കുന്ന സ്ത്രീഭാവം ഈ വൈരുദ്ധ്യമാണെന്നു കാണാം. സമ്പത്തും തൊഴിലും നേടി അവൾക്കു സ്വതന്ത്രയായി ജീവിക്കാനാവും എന്നു സൂചിപ്പിക്കുമ്പോൾ തന്നെ അവൾ ദുർബലയാണെന്നും പറയുന്നതിലൂടെയാണ് സിനിമ ആധുനികത കേരളീയ സ്ത്രീയെ വാർത്തെടുത്തത്. ഇത് കേരളനവോത്ഥാനത്തിലെ പുരുഷഭാവനയുടെ സംഘർഷാത്മകതയാണെന്നും കാണാം. ലൈംഗികത്തൊഴിലിലൂടെ ധാരാളം പണം നേടുന്ന ‘വേശ്യ’കൾ മാനസാന്തരപ്പെടുന്ന നിരവധി കവിതകൾ നവോത്ഥാനകാലത്ത് ഉണ്ടാകുന്നതുകാണാം. കുമാരനാശാന്റെ കരുണ, വള്ളത്തോളിന്റെ മഗ്ദലന മറിയം, ഉള്ളൂരിന്റെ പിങ്ഗള എന്നിവ ശരീരം വിറ്റ് പണമുണ്ടാക്കിയ ‘വേശ്യ’കളുടെ കഥയാണ്. ഇവരെല്ലാം ഒടുവിൽ തന്റെ തൊഴിൽ ശരിയല്ലെന്നു കണ്ട് ദൈവികവഴിയിലേക്ക് തിരിയുകയാണ്. അതായത് സ്ത്രീക്ക്തൊഴിൽചെയ്ത് പണമുണ്ടാക്കി സ്വന്തം കാലിൽ നില്ക്കുന്ന ശ്രമം ആവശ്യമില്ലെന്നും വീടെന്ന ഇടത്തിന്റെ പിന്തുണക്കാരിയായി മാത്രം നിലകൊണ്ടാൽ മതിയെന്നുമുള്ള പ്രഖ്യാപത്തിന്റെ അടിക്കുറിപ്പുകളാണ് ഇത്തരം സാഹിത്യം. അങ്ങനെ വീട്ടമ്മയായി മാറണമെങ്കിൽ പണത്തിന്റെ കൈകാര്യമേഖലയിൽ നിന്ന് സ്ത്രീയെ പിഴുതെറിയണം എന്നതാണ് പ്രധാനം.
1967 ൽ ഇറങ്ങിയ ഉദ്യോഗസ്ഥ എന്ന സിനിമയിൽ, ഉദ്യോഗം വഹിക്കുന്ന വിമലയ്ക്ക് ആ ജോലി ഭാരമാവുകയും അവളുടെ ജീവിതം ദുരന്തത്തിലെത്തുകയും ചെയ്തു. സ്ത്രീക്ക് അവളുടെ ശരീരം ഉദ്യോഗത്തിന് ബാധ്യതയാണെന്നാണ് ഈ സിനിമ പറയുന്നത്.
സമ്പത്തിന്റെ മേഖലയിലേക്ക് പ്രവേശിക്കമ്പോൾ സാമൂഹികമായി പലതരം അധികാരങ്ങളിലേക്ക് സ്ത്രീ കയറും. അത് പുരുഷാധിപത്യത്തിന് ഭീഷണിയാകും. എന്നാൽ ചരിത്രപരമായി സ്ത്രീ ബുദ്ധിജീവികൾ ഈ പ്രശ്‌നം തിരിച്ചറിഞ്ഞുവെന്നാണ്, നവോത്ഥാനകാലത്തെത്തന്നെ അവരുടെ ബൗദ്ധിക കലഹം സൂചിപ്പിക്കുന്നത്. അങ്ങനെ ഉദ്യോഗം വേണമെന്ന് സ്ത്രീകൾ ആവശ്യപ്പെടാൻ തുടങ്ങി. അക്കാലത്ത് ക്രിസ്ത്യൻ സ്ത്രീകൾ നഴ്‌സിംഗ് പഠിച്ച് വിദേശത്തൊക്കെ പോയി ധാരാളം പണമുണ്ടാക്കി ക്രിസ്ത്യൻ കുടംബങ്ങളെ സാമ്പത്തികമായി വളർത്തിയ ചരിത്രം തൊഴിലിന്റെ ലിംഗചരിത്രത്തിലെ പ്രധാന ഏടാണ്. അത് എഴുപതുകളോടെ വ്യാപകമാവുകയും ഗൾഫ്പണത്തിന്റെ വരവും കേരളത്തിന്റെ ഉപഭോഗ സമൂഹത്തിലേക്കുള്ള പരിണാമവും ഇതിനാക്കം കൂട്ടുകയും ചെയ്തു. ഇവിടെയാണ് ‘സ്ത്രീയാണ് ധനം’ എന്ന മുദ്രാവാക്യങ്ങളൊക്കെ പലരും പ്രചരിപ്പിച്ചത്. സ്ത്രീധനത്തിനെതിരേയുള്ളതെന്നു തോന്നിപ്പിക്കുന്ന ഇത്തരം മുദ്രാവാക്യങ്ങൾ സ്ത്രീക്ക് സ്വന്തം നിലയിൽ തൊഴിലെടുത്ത് പണമുണ്ടാക്കി സമ്പന്നയാകാം എന്ന ആശയമല്ല പറഞ്ഞത്, മറിച്ച് സ്ത്രീയുടെ സ്വഭാവ സവിശേഷതകൾക്കും മറ്റും ഉന്നതമൂല്യമുണ്ടെന്ന പരമ്പരാഗത സ്ത്രീസങ്കല്പമാണ്.
1967 ൽ ഇറങ്ങിയ ഉദ്യോഗസ്ഥ എന്ന സിനിമയിൽ കാണുന്നതും ഈ സമീപനമാണ്. അതിൽ ഉദ്യോഗം വഹിക്കുന്ന വിമലയ്ക്ക് ആ ജോലി ഭാരമാവുകയും അവളുടെ ജീവിതം ദുരന്തത്തിലെത്തുകയും ചെയ്തു. സ്ത്രീക്ക് അവളുടെ ശരീരം ഉദ്യോഗത്തിന് ബാധ്യതയാണെന്നാണ് ഈ സിനിമ പറയുന്നത്. അതിന്റെ ചില തുടർച്ചകൾ നിറക്കൂട്ടിലും കാണാം. മേഴ്‌സിയുടെ ദുരന്തം അവളുടെ ശരീരത്തിലൂടെയാണല്ലോ സംഭവിക്കുന്നത്. മോഡലിംഗുപോലെയുള്ള തൊഴിലുകൾ സ്ത്രീകൾക്ക് പറ്റിയതല്ലെന്നുള്ള സൂചന ഇവിടെവരുന്നുണ്ട്. വിവാഹശേഷം മേഴ്‌സി മോഡലിംഗ് ചെയ്തിട്ടില്ലെന്ന് രവിവർമ പറയുന്നുണ്ട്. വിവാഹശേഷം അവളൊരു വീട്ടമ്മയും ഭാര്യയുമായി മാറുന്നുവെന്നാണ് സിനിമയുടെ സൂചന.
തൊഴിലിടം രൂപപ്പെടുത്തുന്നവർ
മേഴ്‌സിയുടെ മരണശേഷമാണ് ശശികല തൊഴിലിടത്തിൽ വരുന്നത്. ശശികലയുടെ വിദ്യാഭ്യാസമൊക്കെ മേഴ്‌സിയുടെ ശമ്പളം കൊണ്ടാണ് നടന്നത്. മേഴ്‌സിയുടെ മരണവും അതിനുപിന്നിലെ ആളിനെയും തിരക്കുന്ന സിനിമാ ആഖ്യാനം ശശികലയിലൂടെയും സുമയിലൂടെയും തൊഴിൽപരമായ തുടർച്ച സൃഷ്ടിക്കുന്നുണ്ട്. മേഴ്‌സി തൊഴിലിടത്തിൽനിന്ന് വിവാഹത്തോടെ മടങ്ങിയെങ്കിൽ ശശികലയും സുമയും തൊഴിലിടത്തിൽ തുടരുകയാണ്. സിനിമയുടെ തുടക്കം തന്നെ കേരള രമ എന്ന പത്രസ്ഥാപനം കാണിക്കുന്നതാണ്. ഒരു തൊഴിലിടമാണ് സിനിമയുടെ കേന്ദ്രമായി വരുന്നത്. രവിവർമയുടെ പരസ്യസ്ഥാപനമാണ് മറ്റൊരു തൊഴിലിടം. രണ്ടു തൊഴിലിടങ്ങളിൽ പണിയെടുക്കുന്നവരുടെ കഥയാണിതെന്നു വ്യക്തം. കേരള രമയിലേക്ക് നിയമനം നേടാൻ തനിച്ചെത്തുകയാണ് ശശികല. താനാഗ്രഹിച്ചു നേടിയ ജോലിയിൽ ആവേശത്തോടെ ജോലിചെയ്യുന്ന മട്ടിലാണ് ശശികലയെ അവതരിപ്പിക്കുന്നത്. അതിന്റെ ശക്തമായൊരു രംഗം ആദ്യഭാഗത്തുകാണാം. ശശികലയും സുമയും രാത്രിൽ സിനിമയ്ക്കു പോയശേഷം കാറിന് പെട്രോളടിക്കാൻ പമ്പിലെത്തുന്നു. ഉറങ്ങുന്ന കടക്കാരനെ വിളിച്ചുണർത്തി പെട്രോളടിക്കുമ്പോൾ എതിർവശത്ത് ഒരു വാനിൽ ഒരുസംഘം ആളുകൾ എത്തുന്നു. അവർ പോൾ മാത്യു എന്ന വ്യവസായിയെ കൊല്ലുന്നുവെന്നറിയുമ്പോൾ ശശികല പമ്പിലെ ഫോണിലൂടെ പൊലീസിന് വിവരം നല്കുകയും പൊലീസിനൊപ്പം ആ വാനിനെ പിന്തുടരുകയും ചെയ്യുന്നു. ആ സംഘത്തെ പൊലീസ് പിടിച്ചുകഴിഞ്ഞ ശേഷം ആ സ്ഥലത്തുനിന്ന് പാതിരാത്രിക്ക് പത്രമോഫീസിലെത്തി വാർത്ത റിപ്പോർട്ടുചെയ്തിട്ടാണ് ശശികല മടങ്ങുന്നത്. രാപകൽ ഭേദമില്ലാതെ എപ്പോഴും തന്റെ കരിയറിൽ ജീവിക്കുകയാണ് ശശികല. ആ സംഘത്തെ പാതിരാത്രിയിലും പിന്തുടരാൻ പ്രേരിപ്പിച്ച ധൈര്യവും തൊഴിൽപരമായ ധാർമികതയും എടുത്തുപറയേണ്ടതാണ്. സുമയും ഇത്തരത്തിൽ നിലപാടെടുക്കുന്നത് കാണാം. രവി ജയിൽചാടിയെത്തിയശേഷം മുറിവേറ്റ അയാളെ ശുശ്രൂഷിക്കാൻ സുമ തീരുമാനിക്കുമ്പോൾ ശശികല എതിർക്കുന്നു. അപ്പോൾ രോഗിക്ക് ശുശ്രൂഷ നല്‌കേണ്ടത് തന്റെ കർത്തവ്യമാണെന്ന് ശക്തമായി സുമപറയുന്നു.
പൊതുസമൂഹത്തിലേക്ക് സ്ത്രീ ഇറങ്ങുമ്പോൾ വീട്ടിലിരിക്കലും അടുക്കളയും ഇല്ലാതാകും. ഒട്ടേറെ രംഗങ്ങൾ നിറക്കൂട്ടിൽ സുമയുടെ വീടിനുള്ളിലായിട്ടും അതിൽ അടുക്കളയുടെ സാന്നിധ്യം തീരെക്കുറവായിരിക്കുന്നത് ഏറെ ശ്രദ്ധിക്കേണ്ടതാണ്.
ലാഭകരമായ രീതിയിൽ നടന്നുപോകുന്ന പത്രമാണ് കേരള രമയെന്നാണ് സൂചനകൾ. ആധുനികമായ യന്ത്രങ്ങളുള്ളതായി അതിന്റെ പത്രാധിപർ പറയുന്നുണ്ട്. അതിനർഥം വേണ്ടത്ര പ്രചാരവും അതിനൊത്ത വരുമാനവും കിട്ടുന്നുണ്ടെന്നാണ്. എന്നാൽ മറ്റു പത്രങ്ങളോട് മത്സരവും ഈ പത്രത്തിനുണ്ട്. പത്രങ്ങൾ തമ്മിലുള്ള മത്സരം ഉപഭോഗ സമൂഹത്തിലെ വിപണി പിടിച്ചെടുക്കൽ യുദ്ധമാണെന്നു കാണാം. രവിവർമയുടെ പരസ്യസ്ഥാപനത്തിന്റെ സാമ്പത്തിക വളർച്ചയും കേരള രമയുടെ വളർച്ചയും കേരള സമൂഹത്തിലെ സമ്പത്തിന്റെയും ഉപഭോഗപരതയുടെയും അടയാളമാണ്. ആ ഉപഭോഗശീലം ഗൾഫ് എന്ന വ്യവഹാരത്തിന്റെ സൃഷ്ടിയാണെന്നു വ്യക്തമായി കാണാം. പത്രം വരുത്തുകയെന്ന ശീലം പണത്തിന്റെ മിച്ചവുമായി ബന്ധപ്പെട്ട് രൂപപ്പെട്ട ഒരു മാന്യതയാണെന്നു പറയാം. എൺപതുകളിൽ പത്രം പ്രധാനമാകുന്ന സിനിമകൾ ധാരാളം വരുന്നത് മാറുന്ന കേരളസമൂഹത്തിന്റെ വായനാസംസ്‌കാരത്തെയും തൊഴിൽസംസ്‌കാരത്തെയും അടയാളപ്പെടുത്തുന്നു. ഈ പത്രസിനിമകളിൽ പ്രധാനവേഷം ചെയ്യുന്നത് സ്ത്രീകളാകുന്നതും കാണാം. പത്രം വില്ക്കുന്ന ഒരു പയ്യന്റെ കഥപറയുന്ന സിനിമയാണ് -ന്യൂസ് പേപ്പർ ബോയ്- മലയാളത്തിലെ സിനിമാസംസ്‌കാരത്തിലെ ഒരു പരിണാമത്തെ അടയാളപ്പെടുത്തിയതെങ്കിൽ എൺപത്- തൊണ്ണൂറുകളിലെ പത്രങ്ങളുടെ കഥപറഞ്ഞ സിനിമകൾ തൊഴിലിടത്തിലെ ലിംഗബോധ്യങ്ങളെ തിരുത്തിയ കാഴ്ചകളായിരുന്നു (നിറക്കൂട്ട്, ന്യൂഡൽഹി, പത്രം).
മറ്റു തൊഴിലിടങ്ങളിൽനിന്ന് ഭിന്നമായി പത്രപ്രവർത്തനം ആഴത്തിലുള്ള പൊതുവിടത്തിലെ സാന്നിധ്യവും സാമൂഹികബോധ്യവും നിലപാടും ആവശ്യപ്പെടുന്നുണ്ട്. അങ്ങനെയുള്ള കർതൃത്വങ്ങളായി സ്ത്രീകളെ കഥാപാത്രമാക്കുന്നതാണ് ഈ ചിത്രങ്ങളിൽ കാണുന്നത്. പൊതുസമൂഹത്തിലേക്ക് സ്ത്രീ ഇറങ്ങുമ്പോൾ വീട്ടിലിരിക്കലും അടുക്കളയും ഇല്ലാതാകും. ഒട്ടേറെ രംഗങ്ങൾ നിറക്കൂട്ടിൽ സുമയുടെ വീടിനുള്ളിലായിട്ടും അതിൽ അടുക്കളയുടെ സാന്നിധ്യം തീരെക്കുറവായിരിക്കുന്നത് ഏറെ ശ്രദ്ധിക്കേണ്ടതാണ്. കേരളനവോത്ഥാനത്തിന്റെ ലിംഗബോധ്യത്തിന്റെ വാർപ്പുരൂപങ്ങളെ ചെറുതായിട്ടെങ്കിലും ഉലച്ചത് ഇത്തരം കഥകൾ പറഞ്ഞ ജനപ്രിയസിനിമകളാണെന്നു കാണാം.
നിറക്കൂട്ട് (1985): സംവിധാനം: ജോഷി, നിർമാണം: ജോയ് തോമസ്, തിരക്കഥ: ഡെന്നീസ് ജോസഫ്, അഭിനേതാക്കൾ: ഉർവശി, സുമലത, ലിസി, മമ്മൂട്ടി, ബാബു നമ്പൂതിരി, സംഗീതം: ശ്യാം, ഗാനചരന: പൂവച്ചൽ ഖാദർ, ഛായാഗ്രഹണം: ജയാനൻ വിൻസെൻറ്. ▮
(പുസ്തകസൂചി: വനിതാ ദ്വൈവാരിക, 1976)
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.