സീതാറാം യെച്ചൂരിയെ ഓർമ്മിപ്പിക്കുന്ന ‘ഹസാരോം ഖ്വായിഷെയ്ൻ ഐസി’

സിദ്ധാർത്ഥ് ത്യാബ്ജി എഴുപതുകളിലെ പരാജയപ്പെട്ട റാഡിക്കൽ യുവത്വത്തിൻെറ രൂപകം ആണെങ്കിൽ സഖാവ് യെച്ചൂരി വർത്തമാന ഇന്ത്യ നേരിടുന്ന രാഷ്ട്രീയ ഭാവിയുടെ കരുതലും രാഷ്ട്രീയ കരുത്തുമായ യാഥാർത്ഥ്യമായിരുന്നു - പ്രേംകുമാർ എഴുതുന്നു…

2022-ൽ എതിരൻ കതിരവൻ ട്രൂകോപ്പി തിങ്കിൽ എഴുതിയ ‘ജെ.എൻ.യുവിലെ യെച്ചൂരി ഡെയ്സ്’ എന്ന ഓർമ്മക്കുറിപ്പ് വായിച്ചതിന്റെയും സഖാവ് സീതാറാം യെച്ചൂരിയുടെ (Sitaram Yechury) വേർപാടിന്റെയും പശ്ചാത്തലത്തിലാണ് ഫിലിം മേക്കർ സുധീർ മിശ്രയുടെ ‘ഹസാരോം ഖ്വായിഷെയ്ൻ ഐസി’ (Hazaaron Khwaishein Aisi) എന്ന സിനിമയുടെ ലിങ്കിലേക്ക് എത്തിച്ചേരാനിടയായത്. 2003-ൽ പൂർത്തിയായ ചിത്രം 2005-ലാണ് റിലീസ് ചെയ്തത്. ഓർമ്മകൾ ആർക്കൈവ് സിനിമകളുടെ റീലുകൾ പോലെ ഇടയ്ക്ക് മസ്തിഷ്കത്തിലൂടെ സ്ക്രീൻചെയ്തു കൊണ്ടിരിക്കും. എതിരൻ കതിരവൻ എഴുതിയ ഓർമ്മക്കുറിപ്പ് വായിക്കുമ്പോൾ നമുക്ക് കിട്ടുന്ന എഴുപതുകളിലെ ഇന്ത്യൻ രാഷ്ട്രീയ ദൃശ്യഭാവനയുണ്ട്. അതിന്റെ ദൃശ്യ അനുഭവമാണ് ‘ഹസാരോം ഖ്വായിഷെയ്ൻ ഐസി’ എന്ന സിനിമ.

"ആയിരം ആഗ്രഹങ്ങൾ ഇങ്ങനെ" എന്ന് ഈ ഹിന്ദി സിനിമയുടെ പേരിനെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താം. എനിക്ക് "ആയിരം ഡിസയറുകൾ ഇങ്ങനെ" എന്ന പരിഭാഷയാണ് ഇഷ്ടം. അടിയന്തരാവസ്ഥക്കാലത്തെ ഭീകരവാഴ്ചയുടെ പശ്ചാത്തലത്തിൽ 1970-കളിൽ ജീവിച്ച യുവതയുടെ കഥ. വലിയ തോതിലുള്ള സാമൂഹിക രാഷ്ട്രീയ മാറ്റങ്ങൾക്ക് വഴി വെട്ടിയ, ആശയപരമായ ഏറ്റുമുട്ടലുകൾക്ക് രാഷ്ട്രീയ പോർക്കളമായ, ജനാധിപത്യ സ്വാതന്ത്ര്യത്തെ പ്രതിസന്ധിയിലാക്കിയ സ്വേച്ഛാധികാരവാഴ്ചക്കെതിരെ പോരാടിയ യുവാക്കളുടെ ക്യാമ്പസ് രാഷ്ട്രീയവും പ്രണയവുമെല്ലാം നിറഞ്ഞ കാലഘട്ടമായിരുന്നു അത്. ഈ സിനിമയുടെ പേര് മിർസ ഗാലിബിന്റെ ഉറുദു കവിതയിൽ നിന്നെടുത്തതാണ്. മിർസ ഗാലിബ് ഒരു രാഷ്ട്രീയ കവിയാവുന്നത് ഇതിന് ശേഷമാണ്. ഹിന്ദിയിൽ നിന്നും ഉറുദുവും അറബിയും വെട്ടിമാറ്റി ഹിന്ദുത്വ രാഷ്ട്രം നിർമ്മിക്കുന്ന തിരക്കിലാണ് വർത്തമാന ഇന്ത്യ എന്നതാണ് ഹിന്ദുത്വ ഇന്ത്യയുടെ പൊളിറ്റിക്കൽ ഐറണി.

സിനിമയുടെ പേര് മിർസ ഗാലിബിന്റെ ഉറുദു കവിതയിൽ നിന്നെടുത്തതാണ്. മിർസ ഗാലിബ് ഒരു രാഷ്ട്രീയ കവിയാവുന്നത് ഇതിന് ശേഷമാണ്.
സിനിമയുടെ പേര് മിർസ ഗാലിബിന്റെ ഉറുദു കവിതയിൽ നിന്നെടുത്തതാണ്. മിർസ ഗാലിബ് ഒരു രാഷ്ട്രീയ കവിയാവുന്നത് ഇതിന് ശേഷമാണ്.

എല്ലാ കാലഘട്ടങ്ങളിലും യുവാക്കൾക്ക് ആശയങ്ങൾ പ്രചരിപ്പിക്കാൻ ഉണ്ടാകും. അറുപതുകളുടെ അവസാനത്തിലും എഴുപതുകളുടെ തുടക്കത്തിലും യുവാക്കൾ കൃതാവ് വെച്ച്, താടി വളർത്തി, നാടൻ ചാരായമടിച്ച്, ലാൽസലാം പ്രിന്റ് ചെയ്ത ടീ ഷർട്ട് ധരിച്ച്, ഡയലറ്റിക്കൽ മെറ്റീരിയലിസം പറഞ്ഞ് നടന്നു. ആ യുവസംഘത്തിൽ രാഷ്ട്രീയ ഇന്ത്യയിലെ മതത്തെയും രാഷ്ട്രീയത്തെയും വേർപെടുത്താൻ ആത്മാർത്ഥമായി ഇറങ്ങിത്തിരിച്ചവരും ഉണ്ടായിരുന്നു. ആ രാഷ്ട്രീയ യുവത ബംഗാളിലേക്കും ബീഹാറിലേക്കും യുപിയിലേക്കും ഡൽഹിയിലേക്കും ആന്ധ്രയിലേക്കും അവരുടെ പോരാട്ടങ്ങളെ വിന്യസിപ്പിച്ചു. പൊലീസ് വാഴ്ചയേയും, വരേണ്യ വാഴ്ചയേയും നിരക്ഷരരും ദരിദ്രരുമായ ഗ്രാമീണ കർഷകരെ സംഘടിപ്പിച്ചുകൊണ്ട് അവർ നേരിട്ടു. ആ രാഷ്ട്രീയ രൂപകല്പനയുടെ കാലഘട്ടം എഴുപതുകളിലെ നക്സൽ വിപ്ലവ റൊമാന്റിക്കുകളുടെ ഉദയകാലം കൂടിയായിരുന്നു.

1947-ലെ നെഹ്റുവിന്റെ പ്രസംഗത്തിലെയും, മാവോ സേതൂങ്ങിന്റെ പ്രസംഗങ്ങളിലെയും ഉദ്ധരണികൾ എടുത്തു പറഞ്ഞുകൊണ്ടാണ് യെച്ചൂരി ജെ.എൻ.യു ക്യാംപസിലെ എസ്.എഫ്.ഐ പ്രസ്ഥാനത്തെ ദേശീയനേതൃത്വത്തിലേക്ക് നയിച്ചതെന്ന് ഡോ. അമൽ പുല്ലാർക്കാട് ട്രൂ കോപ്പി തിങ്കിലെ മറ്റൊരു ലേഘനത്തിൽ പറയുന്നുണ്ട്. മാവോയുടെ "നൂറുപൂക്കൾ വിടരട്ടെ ആയിരം ചിന്താസരണികൾ ഉണരട്ടെ" എന്ന വിയോജിപ്പിന്റെ സ്വരത്തെ അംഗീകരിക്കുന്ന വാചകങ്ങൾ അദ്ദേഹം പറഞ്ഞു. നെഹ്റു 1947-ൽ ഉത്തർപ്രദേശിലെ അലഹബാദ് സർവ്വകലാശാലയിൽ പ്രസംഗിച്ച, ജെഎൻയുവിന്റെ ആപ്തവാക്യങ്ങളായി എഴുതിചേർത്ത, "A University should stand for humanism, reason, tolerance, and adventure of ideas" എന്ന വാക്യവും യെച്ചൂരി പറഞ്ഞു. ഇതായിരുന്നു ഉദ്ധരണികളത്രേ. ലോകം മുഴുവൻ അന്ന് സോഷ്യലിസ്റ്റ് പാതയിലായിരുന്നു.

നെഹ്റു 1947-ൽ ഉത്തർപ്രദേശിലെ അലഹബാദ് സർവ്വകലാശാലയിൽ പ്രസംഗിച്ച, ജെഎൻയുവിന്റെ ആപ്തവാക്യങ്ങളായി എഴുതിചേർത്ത, "A University should stand for humanism, reason, tolerance, and adventure of ideas" എന്ന വാക്യവും യെച്ചൂരി പറഞ്ഞു.
നെഹ്റു 1947-ൽ ഉത്തർപ്രദേശിലെ അലഹബാദ് സർവ്വകലാശാലയിൽ പ്രസംഗിച്ച, ജെഎൻയുവിന്റെ ആപ്തവാക്യങ്ങളായി എഴുതിചേർത്ത, "A University should stand for humanism, reason, tolerance, and adventure of ideas" എന്ന വാക്യവും യെച്ചൂരി പറഞ്ഞു.

ആയിരം ഡിസയേഴ്സും വിച്ഛേദങ്ങളുടെ അസ്തിത്വ സ്വപ്നങ്ങളുമായി ഇടതു രാഷ്ട്രീയ ജീവിതം നയിച്ച റാഡിക്കൽ കലക്ടീവ് ജനറേഷന്റെ കഥയാണ് ‘ഹസാരോം ഖ്വായിഷെയ്ൻ ഐസി’. സിനിമ തുടങ്ങുന്നത് 1970-കളിലെ അടിയന്തരാവസ്ഥ കാലത്തെ ഡൽഹിയിലെ ഹിന്ദു സർവ്വകലാശാലയിൽ നിന്നാണ്. അവിടെ വിദ്യാർത്ഥികൾ ആയിരുന്നു സിദ്ധാർത്ഥ് ത്യാബ്ജി, ഗീത റാവു, വിക്രം മൽഹോത്ര എന്നിവർ. സിനിമയും അവരുടെ ജീവിതവും നമ്മളെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, കരയിപ്പിക്കുകയും ചെയ്യും. ഡോപോമിൻ പമ്പുചെയ്ത് വല്ലാതെ ആകർഷണ വലയത്തിലാക്കും.

ഇന്ത്യയുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള പോസ്റ്റ് - ഡേറ്റട് (Post dated) കമന്ററി പോലെയാണ് എതിരന്റെ ഓർമ്മകളുടെ എഴുത്തും സുധീർ മിശ്രയുടെ സിനിമയും. സിനിമയിലേക്കു വീണ്ടും വന്നാൽ ഓക്സ്ഫോർഡ് സർവ്വകലാശാലയിൽ നിന്ന് ബിരുദം കഴിഞ്ഞ് തിരിച്ചെത്തുന്ന ഗീത റാവു (ചിത്രാംഗദ) ( അന്തരിച്ച നടി സ്മിതാ പാട്ടിലിന്റെ സാദൃശ്യമുണ്ടവർക്ക്) കലക്ടറായ ഭർത്താവിനെ ഉപേക്ഷിച്ച് സഹപാഠിയും കാമുകനുമായ സിദ്ധാർത്ഥ് ത്യാബ്ജിയുടെ വിപ്ലവ പ്രവർത്തനങ്ങളിൽ ആകർഷിക്കപ്പെട്ട് അവനെ പ്രണയിച്ച് ബീഹാറിലെ ഗ്രാമങ്ങളിൽ പ്രവർത്തിക്കുന്നു. സിദ്ധാർത്ഥ് ത്യാബ്ജി റിട്ടയേർഡ് ജഡ്ജിയുടെ മകനും സമ്പന്നനുമാണ്. അയാളിലെ രാഷ്ട്രീയ ത്യാഗത്തിന്റെ ഉൾപ്രേരണയുടെ മൂലധനം റബലിയനിസവും യുവത്വവും ബ്ലൻഡ് ചെയ്ത് ഒഴുകിയ റാഡിക്കൽ നിഷേധിയെന്ന കൾട്ട് ആയിരുന്നു.

സുധീർ മിശ്ര
സുധീർ മിശ്ര

ബിഹാറിലെ അടിസ്ഥാന ജനവിഭാഗങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചിരുന്ന സിദ്ധാർത്ഥ് ത്യാബ്ജി പോലീസിൻെറ പിടിയിലാവുകയും ക്രൂര മർദ്ദനങ്ങൾക്ക് ഇരയായ ശേഷം ആശുപത്രിയിലാവുകയും ചെയ്യുന്നു. സിദ്ദാർത്ഥിനെ രക്ഷിക്കാൻ സഹപാഠിയായിരുന്ന വിക്രം എത്തുന്നു. എന്നാൽ, വാഹനാപകടത്തിൽ പരിക്കേറ്റ് സിദ്ധാർത്ഥ് ത്യാബ്ജിയെ പ്രവേശിപ്പിച്ച ആശുപത്രിയിൽ തന്നെ എത്തുന്നു. ഗീതാറാവുവിനോടുള്ള കടുത്ത പ്രണയമാണ് വിക്രമിനെ ഈ അവസ്ഥയിലെത്തിക്കുന്നത്. സിദ്ധാർത്ഥ് ത്യാബ്ജിയെ നക്സലൈറ്റ് സഖാക്കൾ അതിവിദഗ്ധമായി പോലീസിന്റെ കണ്ണുവെട്ടിച്ച് ആശുപത്രിയിൽ നിന്ന് കടത്തിക്കൊണ്ടുപോയി. എന്നാൽ, വിക്രം പോലീസിന്റെ പ്ലാൻ ബിയിൽ പെട്ടുപോകുന്നു. അയാൾ പോലീസിന്റെ മർദ്ദനത്തിൽ മരണതുല്യനായിത്തീരുന്നു. അംഗപരിമിതനായ വിക്രമിനെയും ഗ്രാമീണരായ കർഷകരെയും ഉപേക്ഷിച്ച് സിദ്ധാർത്ഥ് ത്യാബ്ജിയെ അനുഗമിക്കാൻ ഗീതാറാവു മടിച്ചു. അവൾ ഗ്രാമത്തിൽ തന്നെ തുടർന്നു. ഗീതാറാവു ഒരു റാഡിക്കൽ റൊമാന്റിക് ആയിരുന്നില്ല!

എതിരൻ കതിരവൻ
എതിരൻ കതിരവൻ

യെച്ചൂരി ഇന്ത്യയെക്കുറിച്ച് രാഷ്ട്രീയ സ്വപ്നങ്ങൾ കണ്ട് അടിമുടി കമ്മ്യൂണിസത്തിൽ ഉറച്ചുനിന്ന് രാഷ്ട്രീയ ജീവിതം നയിച്ചു. മതനിരപേക്ഷ ഇന്ത്യയെ ചേർത്തു പിടിക്കാനുള്ള യെച്ചൂരിയുടെ നിതാന്ത രാഷ്ട്രീയ ജാഗ്രത ജെ.എൻ.യുവിലെ ഗവേഷണ പഠനം ഉപേക്ഷിക്കാൻ നിർബ്ബന്ധിതമാക്കി. 1975-ൽ അടിയന്തരാവസ്ഥക്കെതിരെ പോരാടി ജയിൽവാസമനുഭവിച്ചു. എല്ലാ മനുഷ്യരും സ്വപ്നങ്ങൾ കണ്ടുകൊണ്ടേയിരിക്കും. എല്ലാ സ്വപ്നങ്ങളും വിപ്ലവ വസന്തങ്ങൾ ആകണമെന്നില്ല. അതൊന്നും സ്വപ്നങ്ങൾ കാണാൻ അവരെ വിലക്കാറുമില്ല. അവർ കൂടുതൽ സ്വപ്നങ്ങൾ കണ്ടുകൊണ്ടേയിരിക്കും. നിങ്ങളിൽ പ്രണയിക്കുന്നവരും, പ്രണയത്തിൻെറ വിരഹവേദന അനുഭവിക്കുന്നവരും ഈ സിനിമ കണ്ടാൽ കിട്ടുന്നത് വല്ലാത്തൊരു അനുഭൂതിയായിരിക്കും. എതിരൻ കതിരവന്റെ യെച്ചൂരിയെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പ് വായിച്ചു കഴിയുമ്പോൾ നമ്മളെ പിടികൂടുന്ന അജ്ഞാത വികാരം വിങ്ങി വീർത്തു ഒരു നെടുവീർപ്പായി പരിണമിക്കുന്നപോലെയായിരിക്കും അത്. സിദ്ധാർത്ഥ് ത്യാബ്ജി എഴുപതുകളിലെ പരാജയപ്പെട്ട റാഡിക്കൽ യുവത്വത്തിൻെറ രൂപകം ആണെങ്കിൽ സഖാവ് യെച്ചൂരി വർത്തമാന ഇന്ത്യ നേരിടുന്ന രാഷ്ട്രീയ ഭാവിയുടെ കരുതലും രാഷ്ട്രീയ കരുത്തുമായ യാഥാർത്ഥ്യമായിരുന്നു.

സിനിമയിൽ ‘സാവരാ മൻ ദേക്ക്നേ ചലാ ഏക് സപ്ന’ എന്ന സ്വാനന്ദ് കിർകിരെയുടെ ഇമ്പമുള്ള ഗാനമുണ്ട്, ശന്തനു മൊയ്ത്രയുടെ സംഗീതവുമുണ്ട്. ശുഭാ മുദ്ഗലിൻെറ ഭാവസാന്ദ്രമായ സുന്ദര ശബ്ദവും ഒപ്പമുണ്ട്. 2023 IFFKയിൽ ഫിലിം അവാർഡ് കമ്മറ്റിയുടെ ചെയർപേഴ്സൺ ആയിരുന്നു ചിത്രത്തിൻെറ സംവിധായകനായ സുധീർ മിശ്ര. കാതറിൻ ഡിയോറാണ് എഡിറ്റർ. ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് രവി കെ. ചന്ദ്രൻ.


Summary: Filmmaker Sudhir Mishra's 'Hazarom Khwaishein Aisi' how relates to CPIM leader Sitaram Yechury's life, writes R Prem Kumar


പ്രേംകുമാര്‍ ആര്‍.

ബ്ലസിയുടെ അസിസ്റ്റന്റ് ഡയറക്ടർ ആയി ഭ്രമരം സിനിമയിൽ പ്രവർത്തിച്ചു. പരസ്യചിത്രങ്ങൾ ഷോട്ട് ഫിലിമുകൾ ഡോക്യൂമെന്ററി ഫിലിം സംവിധാനം ചെയ്തിട്ടുണ്ട്. പരസ്യമേഖലയിൽ ക്രിയേറ്റീവ് ഡയറക്ടറായി തൊഴിൽ ചെയ്തുവരുന്നു. കുറച്ചുകാലം ടി.വി പോഗ്രാം ഡയറക്ടറായും പ്രവർത്തിച്ചു.

Comments