‘എന്തുകൊണ്ടാണ് താങ്കളുടെ സിനിമകളിൽ ഇത്ര അശുഭാപ്തിവിശ്വാസം?' ബേലാ താറിന്റെ ‘ദി ടൂറിൻ ഹോഴ്സി'ന്റെ പ്രദർശനം കഴിഞ്ഞയുടൻ ചോദ്യോത്തരവേളയിൽ ഒരു പ്രേക്ഷകൻ അദ്ദേഹത്തോടു ചോദിച്ചു.
ബേലാ താറിന്റെ ഉത്തരം തിരിച്ചൊരു ചോദ്യമായിരുന്നു: ‘നിങ്ങൾ തന്നെ പറയൂ, സിനിമക്കുശേഷം നിങ്ങൾക്ക് കൂടുതൽ ശക്തിയാണോ ലഭിച്ചത്, അല്ല ദൗർബല്യമാണോ?'.
‘എനിക്ക് കൂടുതൽ ശക്തി തോന്നി' എന്നായിരുന്നു മറുപടി.
താർ പറഞ്ഞു, ‘നന്ദി. താങ്കളുടെ ചോദ്യത്തിന് താങ്കൾ തന്നെ ഉത്തരം കണ്ടെത്തി'.
ബേലാ താറിന്റെ ഈ മറുപടി അദ്ദേഹത്തിന്റെ സിനിമകളുടെ പൊതുസ്വഭാവത്തിലേക്കുമാത്രമല്ല, കലയുടെ, പ്രത്യേകിച്ച് സിനിമയുടെ, പൊതുവായ ലക്ഷ്യമെന്തായിരിക്കണമെന്ന പഴയ ചോദ്യത്തിനുള്ള ഉത്തരത്തിലേക്കുകൂടി കാഴ്ചക്കാരെ നയിക്കുന്നു.
അനിതരസാധാരണമായ ചലച്ചിത്രസൃഷ്ടികൾ കൊണ്ട് അത്ഭുതം സൃഷ്ടിച്ച ഹംഗേറിയൻ ചലച്ചിത്ര സംവിധായകനാണ് ബേലാ താർ. തന്റെ ചലച്ചിത്രസൃഷ്ടിയുടെ കലാമേന്മയിൽ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറല്ലാത്ത സംവിധായകൻ. ചരിത്രപരമായ കാവ്യാത്മകത കൊണ്ടും സവിശേഷ ശൈലികൊണ്ടും ലോകസിനിമയിൽ വേറിട്ടുനിൽക്കുന്ന സിനിമകൾ തീർത്ത ബേലാ താറിനാണ് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ആജീവനാന്ത സംഭാവനയ്ക്കുള്ള ഇത്തവണത്തെ പുരസ്‌കാരം. അദ്ദേഹത്തിന്റെ ആറു സിനിമകൾ ഉൾപ്പെടുത്തിയുള്ള റിട്രോസ്‌പെക്ടീവ് ഈ ഐ.എഫ്.എഫ്. കെ യുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരിക്കും.
ലോകസിനിമയിലെതന്നെ ആധുനികതയുടെ അവസാനത്തെ വക്താവ്, ദാർശനികനായ ചലച്ചിത്ര സംവിധായകൻ, സിനിമയിൽ സവിശേഷശൈലി സൂക്ഷിക്കുന്ന അപൂർവം ചലച്ചിത്രകാരന്മാരിലൊരാൾ എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന ബേലാ താർ തന്റെ നിശ്ശബ്ദവും കാവ്യാത്മകവുമായ ശൈലിയിൽ തീർത്ത ദൃശ്യകാവ്യങ്ങൾ ലോകസിനിമയെ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുന്ന ചലച്ചിത്രാസ്വാദകർക്ക് മാറ്റിവെക്കാൻ കഴിയുന്നവയല്ല.
ബേലാ താറിനെ ഇക്കാലം കാണുന്നത് കൂടുതൽ പ്രസക്തമാണ്. അദ്ദേഹം സിനിമ സംവിധാനം ചെയ്യുന്നത് നിർത്തിയിട്ടുതന്നെ പത്തുവർഷത്തിലധികമായെങ്കിലും തന്റെ കാലത്തെയും തനിക്ക് പിന്നാലെ വന്നവരെയും ഇത്രയും ആഴത്തിൽ സ്വാധീനിച്ച മറ്റൊരു ചലച്ചിത്രകാരനില്ല. ബേലാ താർ സിനിമകൾ സംവിധാനം ചെയ്ത 1970 കളുടെ ഒടുക്കം മുതൽ 2000 വരെയുള്ള കാലഘട്ടം, ലോകത്ത് ഏറ്റവും കൂടുതൽ പരിവർത്തനങ്ങൾ നടക്കുകയും വലിയ സന്ദിഗ്ധതകൾ മനുഷ്യർക്ക് സമ്മാനിക്കുകയും ചെയ്ത ഒന്നാണ്. സോവിയറ്റ് യൂണിയൻ തകരുന്നു, ബർലിൻ മതിൽ ഇല്ലാതാവുന്നു, പുതിയ ദേശീയതകൾ രൂപപ്പെടുന്നു, മുതലാളിത്തം കൂടുതൽ ശക്തമാവുന്നു തുടങ്ങിയ പരിവർത്തനങ്ങളെ സൂക്ഷ്മമായും ചരിത്രപരമായും നോക്കിക്കണ്ട ചലച്ചിത്രകാരനാണ് അദ്ദേഹം.
കമ്യൂണിസ്റ്റ് വ്യവസ്ഥയിലെയും മുതലാളിത്ത വ്യവസ്ഥയിലെയും മനുഷ്യാന്തസ്സിനുനിരക്കാത്തതും സ്വതന്ത്രചിന്തകൾക്ക് വിലങ്ങിടുന്നതുമായ നയങ്ങളെ അദ്ദേഹം വിമർശിക്കുന്നുണ്ട്. ആ വിമർശനം പക്ഷേ മറ്റുചലച്ചിത്രകാരന്മാരെപ്പോലെ പ്രത്യക്ഷമായ ഒന്നല്ല, സൂക്ഷ്മവും ആഴമുള്ളതുമാണ്. അദ്ദേഹം സിനിമയിൽ ഉപയോഗിക്കുന്ന സൂചകങ്ങൾ പക്ഷേ, ആ വിമർശനം എടുത്തുകാട്ടും. മാത്രമല്ല, അദ്ദേഹം സിനിമകളിലൂടെ ആവിഷ്‌കരിച്ച മനുഷ്യന്റെ നൈതിക ശൂന്യത (Ethical void) കൂടുതൽ മനസ്സിലാകുന്ന ഒരു കാലമാണിത്. കാരണം മനുഷ്യൻ അനുദിനം ആന്തരികമായി ശൂന്യരായിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്.
ബേലാ താറിന്റെ ‘ടൂറിൻ ഹോഴ്‌സ്' പോലുള്ള സിനിമകൾ ഭാഷ കൊണ്ടും വേഗത കൊണ്ടും സന്ദർഭങ്ങൾ കൊണ്ടും ഉണ്ടാക്കുന്ന വൈകാരികാനുഭവം ഇക്കാലത്ത് കൂടുതൽ വ്യക്തമായി അനുഭവിക്കാൻ കഴിയുന്നതാണ്.
ബേലാ താറിന്റെ സിനിമകളെ പ്രസക്തമാക്കുന്ന മറ്റൊരു ഘടകം ലോകസിനിമയും മനുഷ്യരും ഇന്നെത്തിനിൽക്കുന്ന അതിവേഗതയ്ക്ക് നേരെ എതിരായ പ്രതിലാവണ്യബോധം ആ സിനിമകൾ ഉൾക്കൊള്ളുന്നു എന്നതാണ്. ഒരുതരം ധ്യാനാത്മകമായ പതിഞ്ഞതാളമാണ് ആ സിനിമകൾ ഉൾക്കൊള്ളുന്നത്. സംഭവരഹിതമായ വലിച്ചുനീട്ടലല്ല ഇത്. അദ്ദേഹത്തിന്റെ ഷോട്ടുകളിലെ സമയദൈർഘ്യമുണ്ടാക്കുന്ന ഭാവതീവ്രത വേഗതയുടെ കാലത്ത് സവിശേഷ കലാനുഭൂതി പകരുന്നതാണ്.
ബേലാ താറിന്റെ പ്രസിദ്ധ സിനിമയായ ‘ദ ടൂറിൻ ഹോഴ്‌സ്' (The Turin Horse-2011) തത്വാചിന്താപരമായ ഒരു കവിതയാണ്. 1889-ൽ ഇറ്റലിയിലെ ടൂറിനിൽ, നടക്കാൻ വിസമ്മതിച്ച തന്റെ കുതിരയെ ഒരു മനുഷ്യൻ തുടർച്ചയായി ചമ്മട്ടികൊണ്ട് അടിക്കുന്നത് കണ്ട ജർമൻ തത്ത്വചിന്തകനായ ഫ്രീഡ്രിക് നീച്ചയുടെ (Friedrich Nietzsche) കുപ്രസിദ്ധമായ മാനസിക തകർച്ചയെക്കുറിച്ച് ആഖ്യാതാവ് വിശദീകരിക്കുന്നതോടെയാണ് സിനിമ ആരംഭിക്കുന്നത്. ‘അമ്മേ, ഞാൻ വിഡ്ഢിയാണ്' എന്ന തന്റെ അവസാന വാക്കുകൾ ഉച്ചരിച്ചശേഷം, മരിക്കുന്നതുവരെ നീച്ച ഊമയും ഉന്മാദിയുമായിരുന്നു.
19-ാം നൂറ്റാണ്ടിൽ കഠിനമായ കാറ്റുവീശുന്ന ഒരു ഗ്രാമപ്രദേശത്തുള്ള, ദരിദ്ര ഉരുളക്കിഴങ്ങു കർഷകരായ അച്ഛനെയും മകളെയും അവരുടെ കുതിരയെയും കേന്ദ്രീകരിച്ചാണ് സിനിമ മുന്നോട്ടുപോകുന്നത്. ആഖ്യാതാവ് പറയുന്നതനുസരിച്ച് അക്ഷരാർത്ഥത്തിലോ രൂപകമായോ ഈ കുതിര നീച്ച കണ്ടതുതന്നെയാണ്. അവരുടെ ഏകതാനമായ ദിനചര്യയിലൂടെ സന്തോഷമില്ലാതെ ജീവിതതിലൂടെയാണ് സിനിമ നീങ്ങുന്നത്. 2011 ലെ ബർലിൻ ചലച്ചിത്രമേളയിൽ ഫിപ്രസ്‌കി പുരസ്‌കാരവും സിൽവർ ബെയർ അവാർഡും ‘ടൂറിൻ ഹോഴ്‌സ് ' നേടിയിരുന്നു.
സോഷ്യലിസ്റ്റ് റിയലിസത്തിന്റെ സ്വാധീനം കാണാവുന്ന ബേലാ താറിന്റെ ആദ്യകാല സിനിമയാണ് ‘ദ ഔട്ട് സൈഡർ' (The Outsider -1981). പ്രധാന കഥാപാത്രമായ ആൻഡ്രാസ്, നല്ല കഴിവുള്ള, എന്നാൽ വലിയ ഉൽക്കർഷേച്ഛയില്ലാത്ത സംഗീതജ്ഞനാണ്. അസാധാരണമായി അയാൾ വയലിൻ വായിക്കും. എന്നാൽ ക്ലാസിക്കൽ സംഗീതത്തിൽ പരിശീലനം ലഭിച്ചിട്ടില്ലാത്തതിനാൽ തനിക്ക് അതുകൊണ്ട് ജീവിക്കാൻ കഴിയുമെന്ന വിശ്വാസമയാൾക്കില്ല. അതുകൊണ്ട് ഒരു ചെറിയ പട്ടണത്തിലെ ഫാക്ടറിയിൽ അയാൾ ജീവിതം പാഴാക്കുകയാണ്. സംഗീതമാണ് ഈ ചിത്രത്തിന്റെ കാതൽ. താറിന്റെ ഈ ആദ്യകാല സിനിമ രാഷ്ട്രീയപ്രമേയമുൾക്കൊള്ളുന്നതും റിയലിസ്റ്റിക്കുമാണ്.
1970-കളുടെ അവസാനത്തിൽ കമ്യൂണിസ്റ്റ് ഹംഗറിയിൽ പലവിധ സമ്മർദ്ദങ്ങളാൽ പതിയെ തകർന്നുപോകുന്ന ഒരു കുടുംബത്തിന്റെ സൂക്ഷ്മമായ അവതരണമാണ് ബേലാ താറിന്റെ ആദ്യസിനിമയായ ‘ഫാമിലി നെസ്റ്റ് ' (Family Nest -1979). സിനിമയുടെ പരമ്പരാഗതമായ പ്ലോട്ടിലൂന്നിയല്ല ഈ ചിത്രം എടുത്തത്. ഛായാഗ്രഹണത്തിലൂടെയും അവതരണത്തിലൂടെയും വികാരത്തിന്റെയും അർത്ഥത്തിന്റെയും അടരുകൾ സൃഷ്ടിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്.
പട്ടണത്തിന് മുകളിലുള്ള കൺവെയർ ബെൽറ്റിലൂടെ ഓടുന്ന കേബിൾ കാറുകളുടെ ഒരു പരമ്പരയാണ് ‘ഡാംനേഷൻ' (Damnation -1988) എന്ന സിനിമയുടെ കേന്ദ്രം. നിരന്തര ചലനത്തിന്റെ ഈ റിബണിനുകീഴിൽ മനുഷ്യത്വം മിക്കപ്പോഴും നിശ്ചലമാകുന്നു, മാനവികതയുടെ ജീവശക്തി പതുക്കെ ഈ കറക്കം വലിച്ചെടുക്കുന്നു. അസുഖകരമായ ഈ ഇരുണ്ട ലോകത്തിനുള്ളിലാണ്, മരണത്തിന്റെ മുഖംമൂടി ധരിച്ച് ഭൂമിയിൽ സഞ്ചരിക്കുന്ന കാരർ എന്ന മനുഷ്യൻ ജീവിക്കുന്നത്. ഒരു പ്രാദേശിക നൈറ്റ് ക്ലബ് ഗായികയുടെ സാന്നിധ്യമാണ് അയാളെ സന്തോഷിപ്പിക്കുന്ന ഏകകാര്യം. ഈ നരകത്തിൽ നിന്ന് രക്ഷപ്പെട്ട് എവിടെയെങ്കിലും പോയി പ്രശസ്ത ഗായികയാവുക എന്നതാണ് അവളുടെ അഭിലാഷം. ഓർമകളാലും പശ്ചാത്താപങ്ങളാലും പീഡിപ്പിക്കപ്പെടുന്ന ഈ രണ്ടു കഥാപാത്രങ്ങളിലൂടെയാണ് സിനിമ വികസിക്കുന്നത്. 2005 ലെ കാൻ ചലച്ചിത്രമേളയിൽ മികച്ച വിദേശഭാഷാചിത്രത്തിനുള്ള പുരസ്‌കാരം ഈ സിനിമ നേടി.
ഒരു കാലഘട്ടത്തിലെ ഏറ്റവും മികച്ച ഹംഗേറിയൻ സിനിമയെന്നും മനോഹരവും വേട്ടയാടുന്നതുമായ യൂറോപ്യൻ ചിത്രങ്ങളിൽ ഒന്നെന്നും വിശേഷിപ്പിക്കപ്പെട്ട ചിത്രമാണ് ബേലാ താറിന്റെ ‘ദ വെർക്ക്മീസ്റ്റർ ഹാർമണീസ്.' (Werckmeister Harmonies -2000). ഈ ചിത്രം 2001ൽ ബെർലിൻ ചലച്ചിത്രമേളയിൽ ജൂറി പുരസ്‌കാരം നേടി. 1994 ൽ പുറത്തിറങ്ങിയ ഏഴു മണിക്കൂർ ദൈർഘ്യമുള്ള ഇതിഹാസമായ ‘സാറ്റാൻടാങ്കോ’ (Sátántangó) യുടെ വലിയ നിരൂപകശ്രദ്ധക്കുശേഷം, മൂന്നു വർഷമെടുത്താണ് അദ്ദേഹം ഈ മാസ്റ്റർപീസ് പൂർത്തിയാക്കിയത്. ചെറിയ ഒരു ഹംഗേറിയൻ പട്ടണത്തിലെ ശൈത്യകാലത്താണ് ഇതിലെ കഥ നടക്കുന്നത്. നഗരത്തിൽ നിന്ന് ഒരു യാത്രാസർക്കസ് വരുന്നതോടെ ദേശത്തിന്റെ സമാധാനം തകരാറിലാകുന്നു. അവിടെ നടക്കുന്ന ചെറിയ ചില സംഭവങ്ങൾ ഗ്രാമത്തിലെ ജനങ്ങളെ സംഭ്രാന്തരാക്കുകയും അക്രമാസക്തരാക്കുകയും ചെയ്യുന്നു. ‘ദ വെർക്ക്മീസ്റ്റർ ഹാർമണി' അദ്ദേഹത്തെ ചലച്ചിത്രകലയിലെ ഏറ്റവും സ്വീകാര്യനും ആരാധ്യനുമായ സംവിധായകരിൽ ഒരാളാക്കി മാറ്റുന്നുണ്ട്. 37 ഷോട്ടുകൾ മാത്രമുപയോഗിച്ചാണ് മനസ്സിനെ പിടിച്ചുലയ്ക്കുന്ന ഈ ചിത്രം അദ്ദേഹം തീർത്തത്, കറുപ്പിലും വെളുപ്പിലുമുള്ള അതിമനോഹരമായ ദൃശ്യങ്ങളും വിഷാദാത്മകമായ സംഗീതവും ഈ ചിത്രത്തെ അവിസ്മരനീയമാക്കുന്നു.
താൻ ഏകസാക്ഷിയായ ഒരു കൊലപാതകം നടന്ന സ്ഥലത്തുനിന്ന് ഗണ്യമായ തുകയടങ്ങിയ ഒരു ബ്രീഫ്കേസ് ലഭിക്കുന്ന റെയിൽവേ തൊഴിലാളിയായ മാലോയിനാണ് ‘ദ മാൻ ഫ്രം ലണ്ടനി'ലെ (The Man From London- 2007) കേന്ദ്രകഥാപാത്രം. കുറ്റബോധവും തന്റെ കള്ളത്തരം കണ്ടുപിടിക്കപ്പെടുമോ എന്ന ഭയവും മൂലം മലോയിൻ നിരാശയിലേക്കു മൂക്കുകുത്തുന്നു. ഇത് അയാളുടെ കുടുംബത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. അതിനിടെ, ഒരു പൊലീസുദ്യോഗസ്ഥൻ പണത്തിന്റെ തിരോധാനവും ഈ കുറ്റകൃത്യവുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങളും അന്വേഷിക്കാനെത്തുന്നു.
2011ലെ ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവെലിൽ ‘ദ ടൂറിൻ ഹോഴ്‌സ്' എന്ന ചിത്രത്തിന്റെ പ്രദർശനത്തിനുശേഷം ബേലാ താർ പ്രേക്ഷകരോട് ഇപ്രകാരം പറഞ്ഞു: ‘തീർച്ചയായും ഇതെന്റെ ഒടുവിലത്തെ സിനിമയാണ്. മനോഹരമായ ഒരു ബൂർഷ്വാജോലിയാണ് സിനിമാനിർമാണം. ഇനിയും വേണമെങ്കിൽ പത്തോ പതിനഞ്ചോ സിനിമകൾ എനിക്ക് ചെയ്യാം. അങ്ങിനെ ഞാൻ ചെയ്തതുതന്നെ ആവർത്തിച്ചുകൊണ്ടിരിക്കാം, പക്ഷെ പണമുണ്ടാക്കാൻ മാത്രമായി ഒരേ പോലെയുള്ള സിനിമകൾ തന്നെ ഉണ്ടാക്കിക്കൊണ്ടേയിരിക്കുന്നത് എനിക്കിഷ്ടമുള്ള കാര്യമല്ല'.
പ്രശസ്തിയുടെ പരമകോടിയിൽ നിൽക്കുമ്പോൾ തന്നെ സിനിമ സംവിധാനം ചെയ്യുന്നത് എന്നെന്നേക്കുമായി നിർത്തിവെക്കുന്നതായി പ്രഖ്യാപിച്ച് അത് പ്രാബല്യത്തിൽ വരുത്തിയ ചലച്ചിത്രകാരൻ കൂടിയാണ് അദ്ദേഹം.
‘‘ബേലാ താർ സിനിമാലോകത്തെ ഏറ്റവും സാഹസികരായ കലാകാരന്മാരിലൊരാളാണ്. അദ്ദേഹത്തിന്റെ ‘ദ ടൂറിൻ ഹോഴ്‌സ്' പോലുള്ള ചിത്രങ്ങൾ, യഥാർത്ഥത്തിൽ നാം നേരിട്ട് നമ്മുടെ ഉള്ളിലേക്കെടുക്കുകയും മനസ്സിൽക്കിടന്ന് വികസിച്ചുകൊണ്ടേയിരിക്കുകയും ചെയ്യുന്നവയാണ്'’ എന്നാണ് പ്രസിദ്ധ ചലച്ചിത്രകാരനായ മാർടിൻ സ്‌കോസെസെ അഭിപ്രായപ്പെട്ടത്.