ശിക്ഷയായി മാറുന്ന കയ്യടികൾ

ഒന്നിനെ അഭിനന്ദിക്കുന്നതിന് അതിനോടുള്ള നമ്മുടെ ഇഷ്ടവും ആവേശവും പ്രകടിപ്പിക്കുന്നതിനാണ് നാം കയ്യടിക്കുന്നത്. എന്നാൽ കൈയ്യടികൾ പോലും നമ്മുടെ ചുമതലയും കടമയുമായി മാറുമ്പോൾ, അധികാരികളെ പ്രീതിപ്പെടുത്താനുള്ള ഉപാധിയാകുമ്പോൾ അവ കഠിനമായ ശിക്ഷയായി മാറും. സ്റ്റാലിൻ റഷ്യയിൽ ഭരണം നടത്തുന്ന കാലത്തെ അടയാളപ്പെടുത്തുന്ന സിനിമ. പതിനഞ്ചാമത് ഇൻ്റർനാഷണൽ ഡോക്യുമെൻ്ററി ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ (IDSFFK 2023) പ്രദർശിപ്പിച്ച ഇവാൻ സബാഷനോവിൻ്റെ അപ്ളോസ് എന്ന ചെറു സിനിമയെക്കുറിച്ച്

ദരസൂചകവും ബഹുമാനാർത്ഥവുമായ ഒന്ന് അതിൻ്റെ മറ്റൊരു കോണിലുള്ള കാഴ്ചയിൽ അങ്ങേയറ്റം പരിഹാസ്യമായി തീരാം. ഉയർന്നവിതാനങ്ങളിൽ സ്ഥാപിക്കപ്പെടുകയും പ്രകീർത്തിക്കപ്പെടുകയും ചെയ്ത ചിലതിനെ അതിൻ്റെ തന്നെ നേർ വിപരീത ധ്രുവത്തിലുള്ള പരിഹാസത്തിന്റെ പരകോടിയിലേക്ക് തള്ളിയിടുമ്പോൾ, തുറന്നചിരിപ്പിക്കൊപ്പം ആഴമുള്ള ചിന്തകളും അത് നമ്മിലുണ്ടാക്കും. ഫാസിസം പല വഴിയിൽ പലയിടങ്ങളിൽ മുഖാമുഖം വരുമ്പോൾ തീർച്ചയായും ചലച്ചിത്ര സംവിധായകരും പൊതുവിൽ കലാകാരന്മാരും അവരുടെ ഭാവനയുടെ കുന്തമുനകൾക്ക് മൂർച്ച കൂട്ടേണ്ടതുണ്ട്. പുതിയ ചലച്ചിത്ര സംവിധായകർക്ക് അത് സാധിക്കുന്നുണ്ടോ എന്ന സംശയത്തിനുള്ള ഉത്തരമാണ് ഇവാൻ സബാഷനോവ് സംവിധാനം ചെയ്ത 'അപ്ളോസ് '. നോബൽ സമ്മാന ജേതാവ് കൂടിയായ റഷ്യൻ നോവലിസ്റ്റ് അലക്സാണ്ടർ സോൾസെനിറ്റ്സിന്റെ രചനയെ മുൻനിർത്തി വികസിപ്പിച്ച സിനിമയിലെ പരിഹാസത്തിന്റെ സൂചിമുനകൾ ചരിത്രത്തിലേക്കും വർത്തമാനത്തിലേക്കും ഒരേസമയം ആഞ്ഞു തറക്കും.

പരിഹാസത്തിന് സിനിമ ഉപാധിയാക്കുന്നത് കയ്യടിയെയാണ്. ഒന്നിനെ അഭിനന്ദിക്കുന്നതിന്, പ്രോത്സാഹിപ്പിക്കുന്നതിന്, അതിനോടുള്ള നമ്മുടെ ഇഷ്ടവും ആവേശവും പ്രകടിപ്പിക്കുന്നതിനാണ് നാം കയ്യടിക്കുന്നത്. അതിൽ ആദരവിന്റെയും  ചേർന്നുനിൽക്കലിന്റെയും ഒരു തലവുമുണ്ട്. എന്നാൽ കൈയ്യടികൾ പോലും നമ്മുടെ ചുമതലയും കടമയുമായി മാറുമ്പോൾ, അധികാരികളെ പ്രീതിപ്പെടുത്താനുള്ള ഉപാധിയാകുമ്പോൾ അവ കഠിനമായ ശിക്ഷയായി മാറും. ആ ശിക്ഷയുടെ രാഷ്ട്രീയഭാഷ്യമാണ് ഈ റഷ്യൻ സിനിമ. ഏകാധിപത്യത്തിന്റെയും സമഗ്രാധിപത്യത്തിന്റെയും നാളുകളിൽ നമുക്ക് ചുറ്റുമുയരുന്ന  ആത്മാർത്ഥതയില്ലാത്തതും വികൃതവുമായ കയ്യടി ശബ്ദം നമ്മെ ചിരിപ്പിക്കുന്നതിനപ്പുറം ഭീതിയിലാഴ്തുകയാണ് ചെയ്യുക.

സ്റ്റാലിൻ റഷ്യയിൽ ഭരണം നടത്തുന്ന കാലത്തെ ഒരു കൊച്ചു രാഷ്ട്രീയ യോഗമാണ് സിനിമയുടെ പ്രമേയം. വിമർശനത്തിൻ്റെ പേരിൽ തടവിലാക്കപ്പെട്ട സെക്രട്ടറിക്ക് ശേഷം തെരഞ്ഞെടുക്കപ്പെട്ട പുതിയ സെക്രട്ടറിയുടെ സ്ഥാനാരോഹണ ചടങ്ങാണ്. ചുമതലയേറ്റ നേതാവ് തൻ്റെ പ്രസംഗം അവസാനിപ്പിക്കുന്നു. രാജ്യത്തെ പുരോഗതിയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന മഹാനായ സ്റ്റാലിന്റെ കരങ്ങൾക്ക് ശക്തി പകരാൻ ഉച്ചൈസ്തരം ആഹ്വാനം ചെയ്തുകൊണ്ടും ഉറക്കെ കയ്യടിച്ചുകൊണ്ടുമാണത്. ചുവന്ന പരവതാനി വിരിച്ച, ചുവന്ന കർട്ടണുകൾ തൂങ്ങിക്കിടക്കുന്ന, ലെനിൻ്റെയും സ്റ്റാലിൻ്റേയും വലിയ ചിത്രങ്ങൾ തൂക്കിയിരിക്കുന്ന ആ ചെറിയ കമ്മിറ്റി ഹാളിലെ സ്ത്രീകളും പുരുഷന്മാരും എഴുന്നേറ്റ് നിന്ന് സെക്രട്ടറിയുടെ വാക്കുകൾക്കൊപ്പം കയ്യടിക്കാൻ തുടങ്ങുന്നു. ഒന്നോ രണ്ടോ നിമിഷം ആ ആവേശം നിൽക്കും. എന്നാൽ കയ്യടി നീണ്ടുപോകും. ആരാണ് ഈ കയ്യടി അവസാനിപ്പിക്കുകയെന്നത് ഗൗരവതരമായ ഒരു പ്രശ്നമായി വളരും. അയാൾ നോട്ടപ്പുള്ളിയാകും, സംശയത്തിനിടവരും. അതുകൊണ്ട് ആർക്കും, തുടങ്ങിപ്പോയ കയ്യടി നിർത്താനാവില്ല. വേദിയിലും സദസ്സിലുമുള്ള മുഴുവൻ ആളുകളുകളുടെയും മടുപ്പോടെയും പലവിധ കാര്യങ്ങളിൽ ഇടപെട്ടുമുള്ള കയ്യടി സിനിമയുടെ അന്ത്യംവരെ തുടരും. ഹാളിൽ ഇതിനിടയിൽ പലതും നടക്കും. അവ ചിത്രീകരിച്ചു കൊണ്ടാണ് അപ്ളോസ് വിമർശനത്തിന്റെ മൂനകൂർപ്പിക്കുന്നത്.

വേദിയിൽ നിന്നുകൊണ്ട് കൈകൊട്ടുന്ന നേതാക്കന്മാർക്കിടയിൽ വലിയ ആഭ്യന്തരസമരങ്ങളും സംശയങ്ങളും പാരവെപ്പുമുണ്ട്. അവർ നടത്തിയ അഴിമതികളും പ്രീണനങ്ങളും പരസ്പരം വിളിച്ചു പറയുന്നുണ്ട്. കൈകൊട്ടിക്കൊണ്ടു തന്നെ പരസ്പരം ചവിട്ടുകയും തള്ളുകയും ചെയ്യുന്നുണ്ട്. ദേഷ്യവും അസൂയയും ശത്രുതയും മടുപ്പും  അവരുടെ കൈകൊട്ടലിയിൽ പ്രതിഫലിക്കുന്നുണ്ട്.

സദസ്സിലുള്ള ആളുകളും വലിയ ബുദ്ധിമുട്ടിലാവുന്നു. ഗർഭിണിയായ ഒരു സ്ത്രീക്ക് വയ്യാതാകുന്നു, ചൂടുകൊണ്ട് ഒരു പെൺകുട്ടി തളർന്നു വീഴുന്നു. സമീപത്തു നിൽക്കുന്ന സ്ത്രീയുടെ മാറിടത്തിലേക്ക് കാമത്തോടെ നോക്കി നിന്നുകൊണ്ട് കയ്യടിക്കുന്ന ഒരു ചെറുപ്പക്കാരനും അതിലുണ്ട്. ഇതിനെയെല്ലാം ആസ്വദിച്ചുകൊണ്ട് ചിരിക്കുന്ന രണ്ടു കട്ടികളും കൂട്ടത്തിലുണ്ട്. എത്രമടുത്തിട്ടും ആർക്കും നിർത്താൻ അത് കഴിയുന്നില്ല. കയ്യടിയുടെ ആവേശം ചുരുങ്ങുമ്പോൾ ചിലർ മഹാനായ നേതാവിന് മുദ്രാവാക്യം വിളിച്ചു കൊണ്ട് വീണ്ടും അതിൽ ആവേശം നിറക്കാൻ ശ്രമിക്കും. ഒടുവിൽ ജനാധിപത്യത്തെക്കുറിച്ചുള്ള ചെറുപ്രതീക്ഷയിൽ സിനിമ അവസാനിക്കും.

ചരിത്രത്തിൽ മാത്രമല്ല, വർത്തമാനത്തിലും ഏകാധിപത്യത്തിൻ്റെ ഭീഷണികൾ നിലനിൽക്കുന്നുണ്ട്. സ്തുതികളും പ്രശംസകളും മാത്രം ഭരണാധികാരികൾക്ക് ചുറ്റും മുഴങ്ങിക്കൊണ്ടിരിക്കുന്നു. ഒരു വിമർശന ശബ്ദത്തിനും എവിടെയും പഴുതില്ലാവുന്നു. ഈ ദുരന്തകാലത്തെ കൂടി സൂക്ഷ്മമായി വ്യഞ്ജിപ്പിക്കുന്നതുകൊണ്ടാണ് ഈ ചെറുസിനിമ നമ്മുടെ ഹൃദയത്തിൽ നിന്നും അഭിനന്ദനത്തിൻ്റെ സഹർഷമുള്ള കയ്യടികൾ കരസ്ഥമാക്കുന്നത്.

Comments