IFFI 2023 കോടാലിരാമനും വില്ലാളിരാമനും അരുളാർന്ന മാറ്റത്തിൻ തിരപ്പടവും

ഗോവ ഇന്ത്യൻ രാജ്യാന്തര ചലച്ചിത്രമേളയിലെ ചില ശ്രദ്ധേയ ചിത്രങ്ങളുടെ സൗന്ദര്യശാസ്ത്രവും രാഷ്ട്രീയപക്ഷവും വിശകലനം ചെയ്യുന്നു.

കൊല്ലായ്കിലവൻ ഗുണമുള്ള പുമാൻ...
- നാരായണഗുരു, ‘ജീവകാരുണ്യപഞ്ചകം’

പാശ്ചാത്യ ജ്ഞാനോദയ ആധുനികതയുമായുള്ള അഞ്ചു നൂറ്റാണ്ടോളം നീണ്ട സമ്മിശ്രമായ അധിനിവേശബന്ധങ്ങളിലൂടെ വൈദികവും ബ്രാഹ്മണികവുമായ സനാതന വർണാശ്രമധർമത്തെ ഏതാണ്ടു ചെറുക്കുകയും ലോകോത്തരമായ ഒരു ബഹുസംസ്കാര രാജ്യാന്തര ജനായത്ത സംസ്കാരം രൂപം കൊള്ളുകയും ചെയ്തയിടമാണ് ഗോവ. ഇന്ത്യനാധുനികതയുടെ ഒരു സവിശേഷ സംസ്കാരയിടവും ലോകബന്ധങ്ങളുള്ള ബഹുസ്വര നാഗരികതയുമാണത്. ആധുനികമായ അധിനിവേശാനന്തര കാലത്ത് കോസ്മോപോളിറ്റൻ സാംസ്കാരിക ലോകങ്ങളെ ആകർഷിക്കുകയും ചെയ്തു, ഗോവ.

പ്രാചീന പ്രബുദ്ധമായ അശോകൻഗോമാന്തകമായിരുന്ന ആധുനിക ഗോവയുടേയും ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രമേളയുടേയും വരേണ്യവും അധീശവുമായ സനാതന ജാതിധർമത്തിലേക്കുള്ള പിന്നോട്ടടികളാണ് കഴിഞ്ഞ പത്തുവർഷമായി ഗോവ രാജ്യാന്തരമേളയെ വിമർശാത്മകമായി നോക്കിക്കാണുന്നവർക്കു മനസ്സിലാവുന്നത്. 54 വർഷങ്ങളായി ഇന്ത്യയുടെ തിരപ്പടമേള നടക്കുകയാണ്. അപരവൽക്കരണ പ്രതിനിധാന ഹിംസകളുടെ ഹിന്ദുപുരാണ പാരായണങ്ങളിലേക്കാണ് മേള പടിപടിയായി ആട്ടിത്തെളിക്കപ്പെടുന്നത്. കേരളത്തിലടക്കം ഗാന്ധിയുടെ സത്യബോധമായി പ്രസംഗപൈങ്കിളി പാടിപ്പുകഴ്ത്തുന്ന ആത്മാരമണനായ വംശഹത്യാപരൻ, പുണ്യപുമാൻ രാമബിംബത്തിലേക്കാണ് ഇന്ത്യയുടെ രാജ്യാന്തരമേളയെ കൊണ്ടുവന്ന് 2023-ൽ തളച്ചിരിക്കുന്നത്. നരേന്ദ്രനായ പ്രധാനമന്ത്രിയുടെ കട്ടൗട്ടുകളേയും വെല്ലുവിളിക്കുന്ന ആയുധപാണിയായ വിശ്വാമിത്രസമാനനായ രാമനാണ് നവഭാരതീയബിംബം. ‘കൊല്ലുന്നവനില്ല ശരണ്യതയെന്നും അവൻ എത്രകേമനായാലും മൃഗത്തിനു തുല്യനെന്നും’ ഒരു നൂറ്റാണ്ടുമുമ്പ് ദാർശനിക കവിതയിൽ തന്നെയെഴുതിയ നാരായണഗുരുവിൻ നാട്ടുകാരാണിതിനു ചുട്ടുപടേനി നടത്തുന്നതും.

ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ എല്ലാ വേദിക്കരികിലും പൂണൂല്‍ ധരിച്ച രാമവേഷത്തിലുള്ള രാംചരണ്‍ കട്ടൗട്ടുകള്‍ സ്ഥാപിച്ചിരിക്കുന്നു.

ക്ഷുദ്രപാഷണ്ഡതയുടെ പാദസേവകളും കരസേവകളും ഗീർവാണങ്ങളും

ഹിന്ദുദേശീയവാദകക്ഷി ഗോവയുടെ അധികാരത്തിലേറിയ നാളുമുതൽ ഇന്ത്യൻ വിദ്യാഭ്യാസത്തേയും ചരിത്രത്തേയും സംസ്കാരത്തേയും അശോകൻ ദേശീയബിംബങ്ങളേയും എന്ന പോലെ ചലച്ചിത്രത്തേയും രാജ്യാന്തരമേളയേയും ഹിന്ദുവൽക്കരിക്കാനും കാവിവൽക്കരിക്കാനും സംസ്കൃതീകരിക്കാനുമുളള കാര്യപരിപാടികൾ അനവരതം അരങ്ങേറ്റുകയുണ്ടായി. മാധ്യമം വാരികയിൽ മേളയെ വിലയിരുത്തി ഇക്കാര്യങ്ങൾ ലേഖകൻ എഴുതിപ്പോന്നിട്ടുണ്ട്. ചാണക്യനെ നായകനാക്കുന്ന നാടകം മുതൽ രാമനേയും സീതയേയും കട്ടൗട്ടുകളാക്കുന്ന തരത്തിലേക്കും അതിപ്പോൾ കൂപ്പുകുത്തിയിരിക്കുന്നു. പൂണൂലിട്ട ആയുധപാണിയായ രാമനും അമ്പും വില്ലുമേന്തി അപരോന്മൂലനഭാവത്തിൽ തികഞ്ഞ ദുർഗയായി നിൽക്കുന്ന സീതയും വമ്പൻ കട്ടൗട്ടുകളായി മഹാദയി എന്ന മാണ്ഡോവി നദിക്കരിയിലെ പനാജിയിലെ ഐനോക്സ് തിയേറ്റർ സമുച്ചയത്തിലും ഉയർത്തിയിരിക്കുന്നു. ജനപ്രിയ ചിത്രങ്ങളിലെ ബിംബങ്ങളെന്ന വ്യാജേനയാണിത് നടത്തിയിരിക്കുന്നത്. ജനപ്രിയമെന്നും ക്ലാസിക് എന്നുമുള്ള ലേബലിൽ നിരവധി അപരവൽക്കരണ വർഗീയ സിനിമകളും തിരുകിക്കയറ്റിയിട്ടുണ്ട്.

കാനിനോടും വെനീസിനോടും താരതമ്യമുണർത്തി ‘ഇന്ത്യൻ റിവിയേറ’ എന്നു വിളിക്കുന്ന മഹാദയിക്കരയിൽ ഗോവൻ ഭരണകൂടം പരശുരാമന്റെ കോടാലിയും അമ്പും വില്ലുമേന്തിയ ഭീമാകാരവിഗ്രഹം പൊതുചെലവിൽ സ്ഥാപിച്ചു കഴിഞ്ഞു. കമ്പലിലെ തീർഥങ്കരശില്പം ഇരിക്കുന്ന മഹാവീരത്തോപ്പിനു തൊട്ടുപിന്നിലാണ് ഈ കോടാലിരാമവിരാടവിഗ്രഹം ഉയർത്തിയിരിക്കുന്നത്.

മഹാദയിക്കരയിൽ ഗോവൻ ഭരണകൂടം സ്ഥാപിച്ച പരശുരാമ പ്രതിമ

ആദ്യം കോടാലിരാമൻ, പിന്നെ ജയ്ശ്രീറാം.
1929-ൽ തിരുനക്കരവച്ച് മാളവ്യയുടെ രാമനാമജപത്തെ മടക്കിയത് ഗുരുശിഷ്യനായ സഹോദരനായിരുന്നു. കേരളത്തിൽ പരശുരാമ സ്തുതിവഹിക്കുന്ന ബോധേശ്വരഗാനം ഔദ്യോഗിക ഗാനമാക്കിയതിനെതിരെ പ്രതികരിക്കാനാളില്ലാത്ത സമയത്ത് മലയാളികുലീനർ വാഴുന്ന ഗോവയുടെ അധികാരയിടനാഴികളുടെ ഇരുട്ടു കനക്കുകയാണ്. നാമജപഘോഷയാത്രകളുടേയും തീണ്ടാരിലഹളകളുടേയും സ്വരാജ്യമായ മലയാളികുലീനരാജ്യത്തുനിന്നുള്ള മാളികപ്പുറം പോലുള്ള പടങ്ങളിലേക്കാണ് ഇന്ത്യൻ പനോരമയെ നയിക്കുന്നത്. ജനായത്ത ഭരണഘടനാ അട്ടിമറികളിൽ മലയാളികുലീനർ രാജ്യത്തിന് വീണ്ടും മാതൃകയാവുകയാണോ?. പുരാണപട്ടത്താനങ്ങളുടെ പരകോടിയിൽ നടന്ന 2018-ലെ കേരള ദേവസ്വം ഓർഡിനൻസു പോലെ കാര്യങ്ങൾ കുതിക്കുകയാണ്.

ശ്രീനാരായണഗുരു, സഹോദരന്‍ അയ്യപ്പന്‍

ഉദാത്തകലയുടെ ആസ്വാദനമെന്ന പേരിൽ വില കുറഞ്ഞ മദ്യത്തിന്റെ ഉപഭോഗവും ജീവനകലയാക്കുന്ന അവസരവാദികളും അധികാരസേവക്കാരുമായ പരമ്പരാഗത മലയാളി ബുദ്ധിജീവികളും വരേണ്യപണ്ഡിതമന്യരും അരാജകവാദികളും ഗോവാ മേളയെ തങ്ങളുടെ താവളവും രണ്ടാം ലാവണവുമാക്കുന്നുണ്ട്. തിണ്ണമിടുക്കാണല്ലോ അവസരവാദികളുടെ അവസാനതന്ത്രം. കേരളാ സ്റ്റോറിക്കെതിരെ പ്രതികരിച്ചവരെ മർദ്ദിക്കാനും പ്രാതിനിധ്യം റദ്ദാക്കാനും അവർക്കായി. എന്നാൽ മേളയുടെ ചോർന്നുപോകുന്ന സാമൂഹ്യ- രാഷ്ട്രീയ സാധ്യതയും സംസ്കാരപ്പോരാട്ടയാക്കങ്ങളും കുലീനകുമാരീകുമാരകരെ കുലുക്കുന്നില്ല. റെയ്മണ്ട് വില്യംസ് പറഞ്ഞപോലെ, ഏറ്റവും പുതിയ സാങ്കേതിക കലാമാധ്യമങ്ങളും ഏറ്റവും പഴകിയ സന്ദേശങ്ങളെ വഹിക്കുകയാണ്. നികുതിപ്പണം കൊടുത്ത് ഈ സംവിധാനങ്ങളെ നിലനിർത്തുന്ന ജനത വഞ്ചിതരാകുകയാണ്.

‘കേരള സ്റ്റോറി’ എന്ന സിനിമയിൽനിന്ന്

മുസ്‍ലിം പേടിയും മ്ലേഛവൽക്കരണവും അപരവൽക്കരണവും നാട്ടുനടപ്പാക്കുന്ന കേരള സ്റ്റോറി പോലുള്ള തരികിടപടങ്ങളും കഴിഞ്ഞ തവണ കശ്മീർ ഫയലെന്ന പോലെ മേളയിൽ തിരുകിക്കയറ്റുകയാണ് തൽപ്പര ജാതിഹിന്ദുസഖ്യങ്ങൾ. അവർക്കു ചൂട്ടുപിടിച്ചു കൊടുക്കുകയാണ് തുണിയും ചുറ്റി തൂണും ചാരി നിൽക്കുന്ന മലയാളിക്ഷുദ്രത. ‘മാളികപ്പുറത്തു’കാരെ വിളിച്ച് രാജ്ഭവനിൽ വിരുന്നൂട്ടലുമുണ്ടായി. പരശുരാമനെ കാലുകഴുകി സ്തുതിച്ച് പനാജിയിൽ സ്ഥാപിക്കുന്ന പാദജകോടാലി ചങ്ങായികൾ അറിയുന്നില്ല, അഞ്ചുനൂറ്റാണ്ട് മുമ്പ് പോർച്ചുഗീസ് ഗവർണർക്കായി നിർമിച്ച ഡോണപോളയിലെ മാളികയിലാണ് തന്താങ്ങളിന്നും അന്തിയുറങ്ങുന്നതെന്ന്. മുഖ്യമന്ത്രിയെ ജാതിത്തെറിവിളിച്ച്, ശൂദ്രലഹളയുടെ ഭരണഘടനായട്ടിമറിക്കാക്കം കൊടുത്ത മണിപ്പിള്ളമാരും അഭിനവ മനുപ്പിള്ളമാരും സ്വദേശാഭിമാനിപ്പിള്ളമാരും ഗുരു പറഞ്ഞപോലെ ബാലാരിഷ്ടത മാറാത്ത സാമൂഹ്യവിഭാഗങ്ങളും കേരളത്തേയും ഇന്ത്യയേയും കെടുത്തുകയാണ്. ബ്രാഹ്മണരേക്കാൾ വലിയ ഹിന്ദുക്കളായി ചമയുകയാണ് ശൂദ്രവിശ്വാസിലഹളകളും നാമജപഘോഷയാത്രകളും നടത്തുന്ന പ്രാതിനിധ്യ ജനായത്ത ഭരണഘടനയുടെ അന്തകർ. ചലച്ചിത്രസാക്ഷരതയ്ക്കുമുമ്പ് അവർ ജനായത്ത സാക്ഷരരാകേണ്ടതുണ്ട്.

പനോരമയിൽ മികച്ച കേരളതിരപ്പടങ്ങളുള്ളപ്പോൾ തന്നെയാണ് മാളികപ്പുറം പോലുള്ള നൈഷ്ഠിക ബ്രഹ്മചര്യത്തിൻ നാമജപ ചലച്ചിത്രങ്ങളും കുത്തിത്തിരുകപ്പെടുന്നത്.

ലോകവും ഇന്ത്യയും
തിരപ്പടങ്ങളുടെ കാലങ്ങളും ഇടങ്ങളും

ഉദ്ഘാടനചിത്രമായ കാച്ചിങ് ഡസ്റ്റ് ഒരു സാധാരണ ക്രൈംത്രില്ലറും മാനസിക ഭ്രമാത്മക ചിത്രവുമായി ഹിന്ദി സിനിമകളെ ഓർമിപ്പിച്ചു. കൊലയും കാമവും ഭോഗവും തികഞ്ഞ ഭാരതീയ കാവ്യേതിഹാസ പുരാണവ്യവഹാരത്തെ ഉജ്ജീവിപ്പിച്ചു, ഈ സ്ലോ ബേണർ. എരിപിരിത്രില്ലറായി അവതരിപ്പിച്ച പടം നടുക്കം മാത്രമവശേഷിപ്പിക്കുന്നു. പടവെടിയാണത്തങ്ങളുടെ പടുനിലമായിരിക്കാം ആകർഷണബിന്ദു. തനിക്ക് ഭാരതീയമായ പാരമ്പര്യമാണുള്ളത് എന്നും മാതൃരാജ്യത്തേക്ക് ഈ പടവുമായി വന്നതിൽ ആവേശമുണ്ട് എന്നുമാണ് ഭാരതീയ പാരമ്പര്യവും പിതൃത്വവും അവകാശപ്പെട്ട പാതി ആംഗ്ലോ സാക്സനായ സംവിധായകൻ സ്റ്റുവർട് ഗാറ്റ് വേദിയിൽ മൊഴിഞ്ഞത്. കലാരസികരായ നവഹിന്ദുത്വരെ അത് ആവേശം കൊള്ളിക്കാം.

ഗോവ മേളയിലെ ഉദ്ഘാടനചിത്രമായ കാച്ചിങ് ഡസ്റ്റ്-ല്‍ നിന്ന്

പാതിമേളയിൽ മിഡ്ഫെസ്റ്റ് പടമായി അവതരിപ്പിച്ച സമകാലിക തുർക്കി ചലച്ചിത്രകാരനായ നൂറി ബിൽജേ സേലാൻ അവതരിപ്പിച്ച എബൌട്ട് ഡ്രൈ ഗ്രാസസ് എന്ന പടമാണ് സിനിമാനിലവാരം പുലർത്തിയത്. മഞ്ഞുമൂടിയ തണുപ്പുകാലവും വരണ്ടുണങ്ങിയ വേനലും മാത്രമുള്ള വിദൂരമായ നാട്ടിൻപുറത്ത് നീണ്ട സേവനം ചെയ്യേണ്ടിവന്ന സർക്കാർ പള്ളിക്കൂട വാധ്യാരുടെ ജീവിതവും വ്യക്തിബന്ധങ്ങളുമാണ് ഈ നീണ്ട തിരപ്പടം. നൂറേ എന്ന സഹാധ്യാപികയും ചിത്രത്തെ അതിവർത്തിക്കുന്നു. സേലാന്റെ അതിസൂക്ഷ്മമായ നിരവധി പോർട്രെയിറ്റ്- ലാൻഡ്സ്കേപ്പ് സ്റ്റില്ലുകൾ സൂക്ഷ്മമായി സന്നിവേശിപ്പിച്ച അപൂർവ ദൃശ്യപരിചരണവും ചാരുതയുമുള്ള ചരിത്രചിത്രണ ചലച്ചിത്രമാണിത്. നാടിനേയും നാട്ടാരേയും നാടകങ്ങളേയും ആഴത്തിലാവാഹിക്കുന്ന ചിത്രണം. സംഭാഷണ സിനിമയായും കാണാം. സിനിമയെ സമകാലിക ചരിത്രണത്തിനും സംവാദ രാഷ്ട്രീയ സമരത്തിനുമുളള പരിവർത്തന മാധ്യമമാക്കി നിലനിർത്തുന്ന കനപ്പെട്ട തിരപ്പടമാണിത്. താൻ ഇന്ത്യയിലും ഇത്തരം സ്റ്റില്ലുകൾ എടുത്തുകൊണ്ടിരിക്കുകയാണ് എന്നാണ് പ്രദർശനത്തിനുമുമ്പ് സംസാരിച്ച നൂറി സേലാൻ പറഞ്ഞത്.

അനാട്ടമി ഓഫ് എ ഫോൾ

2023-ൽ നടന്ന ലൊക്കാർനോ, കാൻ മേളകളിൽ മികച്ച പുരസ്കാരങ്ങൾ നേടിയ ജസ്റ്റിൻ ട്രൈയെറ്റ് എന്ന സംവിധായികയുടെ അനാട്ടമി ഓഫ് എ ഫോൾ എന്ന പടവും ഗാഢമായ സിനിമാനുഭവം പകർന്നു. സൈക്കോ- മിസ്റ്ററിയും സസ്പെൻസും നിറഞ്ഞ കുറ്റാന്വേഷണകഥനവും കുമ്പസാരവും കോടതിവിചാരണാനാടകങ്ങളും ചിത്രത്തെ ശാന്തഗംഭീരമായ സന്തുലിത ത്രില്ലറും കൂടിയാക്കുന്നു. കുട്ടിയുടേയും പട്ടിയുടേയും പോലും നോക്കുപാടുകളേയും ട്രോമയേയും ഓർമകളേയും അനുഭവങ്ങളേയും സിനിമയുള്ളുണർത്തുന്നത് ഏറെ വിരേചനഭാവത്തിലാണ്.

സ്നോ ലെപേഡ് എന്ന റ്റിബറ്റൻ- ചൈനീസ് പടം ഇതുപോലെ അപരനോട്ടങ്ങളേയും സ്വത്വങ്ങളേയും അടുപ്പത്തിലുമഭേദചിന്തയിലും കാഴ്ച്ചപ്പെടുത്തുന്നതാണ്. അനുകമ്പയുടേയും മഹാകരുണയുടേയും മൈത്രിയുടേയും ചലച്ചിത്രമായി ഈ റ്റിബറ്റൻ ആഖ്യാനം മാറുന്നു. ആനിമേഷൻ അതിശയിപ്പിക്കുന്നതാണ്. പെസൻറ്സ് എന്ന ആനിമേഷൻ പടവും അസാധ്യമായ കലാശില്പമാണ്. മഞ്ഞുപുലിയുടെ മുന്നിൽ നിർഭയനായി നിൽക്കുന്ന, മഞ്ഞുപുലിയെ പലതവണ രക്ഷിക്കുന്ന യുവ ബുദ്ധഭിക്ഷുവിന്റെ ദൃശ്യം ഒരുപാടു തുറവികളുണ്ടാക്കുന്നു.

സ്നോ ലെപേഡ്, ഹൗ റ്റു ഹാവ് സെക്സ്

ഹൗ റ്റു ഹാവ് സെക്സ് എന്ന മോളി വോക്കറുടെ ബ്രിട്ടീഷ് പടമാണ് കാണികളെ ആവേശം കൊള്ളിച്ചത്. ഒരു മിനിറ്റിനുള്ളിൽ ഓൺലൈനിൽ ടിക്കറ്റുകൾ തീർന്നിരുന്നു. കൗമാര ലൈംഗികതയും ഭോഗലാലസതയും മലയാളി കുലീനരായ കാഴ്ച്ചക്കാരെ എപ്പോഴും ആകർഷിക്കാറുണ്ട്. ഏറ്റവും നീളമേറിയ വളഞ്ഞുപുളഞ്ഞ നിരയാണ് കൊട്ടകയിലേക്കു കാണപ്പെട്ടത്.

ഷാർലറ്റ് റീഗൻ എന്ന സംവിധായികയുടെ സ്ക്രാപ്പർ എന്ന ബ്രിട്ടീഷ് പടവും ഏറെ പ്രേക്ഷകരെയാകർഷിച്ചു. പള്ളിക്കൂടത്തിൽ പഠിക്കുന്ന, അനാഥയെപോലെ സ്വന്തം അപ്പാർട്ട്മെൻറിൽ ഒറ്റയ്ക്കു ജീവിക്കുന്ന, സൈക്കിൾ കക്കുന്ന ചെറു പെൺകുട്ടിയുടെ ജീവിതവും അതിജീവനപോരാട്ടവും അലി എന്ന മുസ്‍ലിം പ്രവാസി ബാലകനുമായുള്ള കൂട്ടും കുട്ടിത്തങ്ങളും മുതിർച്ചയും വെളിപ്പെടുത്താൻ പടത്തിനുകഴിഞ്ഞു.

പനോരമയിലെ കേരള സിനിമകളും പരിയമ്പുറങ്ങളും

കേരളതിരപ്പടങ്ങൾ മേളയിൽ പനോരമയിൽ മതിയായ പ്രാതിനിധ്യം നേടി. ഏകർഷിയുടെ ആട്ടവും ജിയോ ബേബിയുടെ കാതലുമെല്ലാം പ്രേക്ഷകരെ ആകർഷിച്ചു. മമ്മൂട്ടിയുടെ കാതലിലെ പ്രകടനവും ഏറെ പ്രശംസിക്കപ്പെട്ടു. പക്ഷേ പലപ്പോഴും അതിവൈകാരികതയിലേക്കും നിർമമതയിലേക്കും വഴിമാറിപ്പോകുന്ന അഭിനയവും ചിത്രണവും പ്രതിനിധാന സംതുലനം പാലിക്കുന്നില്ല. പനോരമയിൽ മികച്ച കേരളതിരപ്പടങ്ങളുള്ളപ്പോൾ തന്നെയാണ് മാളികപ്പുറം പോലുള്ള നൈഷ്ഠിക ബ്രഹ്മചര്യത്തിൻ നാമജപ ചലച്ചിത്രങ്ങളും കുത്തിത്തിരുകപ്പെടുന്നത്.

‘കാതല്‍’ എന്ന സിനിമയില്‍ ജ്യോതിക, മമ്മൂട്ടി

നായിക പാടിയാടി ശ്രീകൃഷ്ണനെ പ്രത്യക്ഷമാക്കുന്ന ഗുരുവായൂരപ്പന്റെ പരസ്യപ്പടം പോലുള്ള കമ്പോള സിനിമയും യാഗം ചെയ്ത് മഴ പെയ്യിക്കുന്ന യജ്ഞസിനിമയും വിനായകനായ ഗജോത്തമന്റെ തുമ്പിക്കൈയ്യിൽ ചാരിനിർത്തി ബാലികയെ ക്രൂരഭോഗം ചെയ്യുന്ന ഭീകരപടവുമെടുത്ത അൽപ്പന്മാരായ ക്ഷുദ്രജന്മങ്ങൾ കേരള അക്കാദമികൾ സ്ഥിരം ലാവണമാക്കി നികുതിപ്പണം പൊടിച്ച് തിണ്ണമിടുക്കും തറത്തരവും കാട്ടുമ്പോൾ ഇന്ത്യൻമേളയെ മാത്രം കുറ്റപ്പെടുത്താനാവില്ല. പുരാവസ്തു- സാംസ്കാരിക ഡയറക്ടറേമാനായ നടുനായകൻ ജനങ്ങളുടെ ചെലവിൽ ഈയിടെയിറക്കിയ രാജാവിനേയും ലജ്ജിപ്പിക്കുന്ന രാജദാസ്യഭക്തിയുടെ വർണാശ്രമനോട്ടീസുപോലെ കേന്ദ്രത്തേയും ലജ്ജിപ്പിക്കുന്ന പാദജകരസേവകളാണ് കേരളത്തിൽ മലയാളികുലീന ഒളിഗാർക്കി സംസ്കാരത്തിൻ സമഗ്രരംഗത്തും നടത്തുന്നത്.

ഡോ. ബിജു തന്റെ സിനിമകളെല്ലാം മേളയിൽ നിന്ന് പിൻവലിച്ചിട്ടും സാംസ്കാരിക ഡയറക്ടർക്ക് സ്ഥാനചലനമുണ്ടായിട്ടും അക്കാദമിനായകൻ കസേരയിലാണിരുപ്പ്. ആറാട്ടുപുഴയെക്കുറിച്ചുള്ള ജനപ്രിയചിത്രം ചവറാണെന്നും അതിന് യാതൊരു അംഗീകാരവും കൊടുക്കരുതെന്നും പറഞ്ഞവനെയാണ് ജനങ്ങൾ ചുമക്കേണ്ടിവരുന്നത്. അമിത പ്രാതിനിധ്യം കയ്യാളിയ ദേവസം ബോർഡിലെ സവർണർക്കുമാത്രമുള്ള 2018-ലെ സാമ്പത്തിക സംവരണ ഓഡിനൻസുപോലെ, ലോകത്തെ ലജ്ജിപ്പിക്കുന്ന പടങ്ങളും നവഭാരതീയ പനോരമയിലേക്കു കടക്കുന്നു. ഒളിഗാർക്കിയെന്ന കുലീനരുടെ കുത്തകഭരണം ജനായത്തത്തിൻ അന്ത്യമാണ്.

ഡോ. ബിജു

രബീന്ദ്ര കാവ്യരഹസ്യങ്ങളും വംഗമാഹാത്മ്യങ്ങളും തെക്കനേഷ്യയും

സ്ഥാപകനായ ഠാക്കൂർ സാഹിബിനെയും യൂണിയൻ ഭരണകൂടശക്തികൾ വിശ്വഭാരതി സർവകലാശാലയിൽ നിന്നും പൂർണമായി വെട്ടിനീക്കിയ സന്ദർഭത്തിൽ രബീന്ദ്രനാഥ ഠാക്കൂറിൻ കാവ്യമീംമാസയേയും രാജ്യാന്തര ജീവിതത്തേയും ദേശീയതാ വിമർശത്തേയും ജനായത്ത ലെഗസിയേയും പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്ന രബീന്ദ്രകാവ്യരഹസ്യം എന്ന ചിത്രം ശ്രദ്ധേയമാകുന്നു. പാശ്ചാത്യലോകത്തെ കുറ്റപ്പെടുത്തി ഭരണകൂടയുക്തികളെ പരോക്ഷമായി സഹായിക്കുന്ന പരിമിതിയും പ്രശ്നവും ഇതിലുണ്ട്. എന്നാലും ഠാക്കൂറിന്റെ കാലത്ത് തമസ്ക്കരിക്കപ്പെട്ട ഏകലവ്യസെന്നിനെ പോലുള്ള യുവകവികളെ കുറിച്ചുള്ള പുനരാലോചനയും കാനോനയുടെ പുതുക്കലും വികാസവും തിരപ്പടത്തിൽ ദൃശ്യമാണ്. കവിയുടെ പ്രതികാര കൊലപാതക കഥ അൽപം കൂടിപ്പോയി. രോബി ഠാക്കൂറിന്റെ കവിഗുരുവായും ഗുരുദേബായുമുള്ള ചിത്രണം ഏറെ ആകർഷണീയമായിരിക്കുന്നു. സായന്തൻ ഘോസൽ എന്ന സംവിധായകൻ വെബ്സീരീസുകളുടെ തമ്പുരാനും കൂടിയാണെന്നു തിരപ്പടത്തിൽ ഇൻറർകട്ടു ചെയ്ത അപസർപ്പകഭാഗവും നായികയുടെ അവസാനത്തെ പടവെടികളും വെടിയേറ്റുള്ള വീരമരണവും വെളിപ്പെടുത്തുന്നു. പ്രധാനമന്ത്രിയുടെ പേരിൽ കേന്ദ്രീയ വിദ്യാലയങ്ങളും കല്ലൂരികളും വിശ്വവിദ്യാലയങ്ങളുമേറവേ നളന്ദ വിട്ടോടിയ അമർത്യ സെന്നും ഠാക്കൂറിൻ വിശ്വഭാരതിയുടെ സന്താനമാണെന്ന കാര്യം നാമോർത്തുപോകും.

എലിജീസ്

ഹോങ്കോങ്ങിൽ നിന്നുള്ള വിശ്രുത സംവിധായകൻ അൻ ഹുയിയുടെ എലിജീസ് എന്ന പടം, കവികളിലൂടെയും അവരുടെ കവിതകളിലൂടെയും ഹോങ്കോങ്ങിന്റെ സാംസ്കാരിക ചരിത്രത്തെ ഉണർത്തിയെടുക്കുന്ന രചനയാണ്. പാശ്ചാത്യ അധിനവേശം മാത്രമല്ല, ചീനയുടെ ആന്തരാധിനിവേശവും വെളിവാകുന്ന പടമാണിത്. കാവ്യചരിത്രവും ദേശചരിത്രവും സാംസ്കാരികമായി കലരുന്നതും പെരുകുന്നതും പരക്കുന്നതും നമുക്കനുഭവിക്കാനാവും, ശാന്തിയും സമാധാനവും വിചിന്തനവും പകരുന്ന വിപസ്സന പോലുളള ആത്മവിചിന്തനപരമായ ഈ ധ്യാനം കൂടിയ സിനിമയിൽ. അനിത്യതയുടെ കലയും സംസ്കാര രാഷ്ട്രീയപ്രയോഗവുമായി തിരപ്പടത്തെ മാറ്റുന്ന നിർമിതിയാണിത്. ഇടവും കാലവും കലരുകയും പതറുകയും മാറുകയും ചെയ്യുന്നത് അനുഭവവേദ്യമാക്കപ്പെടുന്ന ചലച്ചിത്രണം നിറമനസ്സിൻ നിർമിതിയാകുന്നു. ഡോക്യുമെൻററിയുടെ കാവ്യമീമാംസയും അപരോന്മുഖത്തവും സ്പഷ്ടീകരിക്കുന്ന രചന. വ്യാഖ്യാനാത്മകവും ആഖ്യാനാത്മകവുമായ ചരിത്രചിത്രണ ചലച്ചിത്രം മൊണ്ടാഷ് ഡോക്യു-സിനിമയിലേക്കുള്ള പരിണാമവുമാണ്. രൂപഭാവങ്ങളും സന്ദേശങ്ങളും കലരുന്ന സംസ്കാരനിർമിതിയായി ചലച്ചിത്രണത്തെ മാറ്റുന്ന പടം.

ക്ലൈമറ്റ് സിനിമയും ഡിസാസ്റ്റർ തിരപ്പടവും പരിസ്ഥിതി സംരക്ഷണ സിനിമയും

ഉം തായ് ഹ്വാ എന്ന പ്രമുഖ തെക്കൻ കൊറിയൻ സംവിധായകന്റെ കോൺക്രീറ്റ് യൂട്ടോപ്പിയ എന്ന പടവും നഗരത്തെയും ഇടത്തെയും കാലത്തെയും കുറിച്ചുള്ള ഭ്രാന്തവും ആകുലവുമായ ഭാവനകളെയും ഭീതികളേയും വെളിപ്പെടുത്തുകയും നാഗരികതയുടെ അന്ത്യങ്ങളേയും അപകടങ്ങളേയും കുറിച്ചുള്ള ബോധോദയം പകരുകയും ചെയ്യുന്ന ദുരന്ത ചിത്രണമാണ്. ഡിസ്ടോപ്പിയൻ ഭാവനയുണർത്തുന്ന ഡിസാസ്റ്റർ സിനിമയെന്ന ദുരന്തചലച്ചിത്രമാണിത്. പ്രകൃതിദുരന്തവും കാലാവസ്ഥാ ചലച്ചിത്രണവും കാഴ്ച്ചവയ്ക്കുന്ന പാരിസ്ഥിതിക സ്വഭാമുള്ള ക്ലൈമറ്റ് ഫിക്ഷൻ സിനിമകളും ബാംഗ്ലാദേശിൽ നിന്നു വരുന്നു.

കോൺക്രീറ്റ് യൂട്ടോപ്പിയ

മൈറ്റി അഫ്രീൻ ഇൻ ദ റ്റൈം ഓഫ് ഫ്ലഡ്സ് എന്ന ഏഞ്ചലസ് റലിസിന്റെ പടം പ്രളയപ്പടവും കൂടിയാണ്. ബ്രഹ്മപുത്രയുടെ തുരുത്തുകൾ ഇല്ലാതാവുന്നു. ബാംഗ്ലാ ഡെൽറ്റകളില്ലാതാവുന്നു. ഗ്ലോബൽ സ്റ്റോമിങ്ങിലൂടെ നാം കടന്നുപോകുന്നു. കേരളത്തിലെ അഞ്ചു ജില്ലകളാണ് ഈ കടലേറ്റം നേരിടുന്നത്. യൂറോപ്യൻ നിർമിതികളാണ് ഈ സിനിമകളെങ്കിലും കാലത്തിന്റെ സത്യങ്ങളിലേക്കു ജനതയെ ഉണർത്താൻ ഇവക്കു സാധ്യതയുണ്ട്. 2018: എവരിവൺ ഈസ് എ ഹീറോ എന്ന ജൂഡ് ആന്തണി ജോസഫിൻ ജനപ്രിയ പടവും പനോരമയിലുണ്ടായിരുന്നു.

ഡോക്യുമെൻററിയെ അതിവർത്തിക്കുന്ന ചലച്ചിത്ര വ്യാഖ്യാനങ്ങളായി സത്യാനന്തരയുഗത്തിലെ ഡോക്യു- മൊൻറാഷുകൾ മാറുകയാണ്.

ആഫ്രിക്കയുടെ ചകിതമായ യാഥാർഥ്യങ്ങളേയും മായികമായ പ്രതിനിധാന റിയലിസത്തേയും ജീവിതദുരന്തങ്ങളേയും കാഴ്ച്ചപ്പെടുത്തുന്ന നിർമിതികളും ശ്രദ്ധേയമാണ്. അധിനിവേശാനന്തര പാശ്ചാത്യ നോക്കുപാടുകൾ ഇവയിൽ പലതിലും അധീശമായ പൊതുബോധമായി മാറുന്നതുകാണാം. പലതും യൂറോ കൊളാബുകളാണ്. അൻറാർട്ടിക്ക കോളിങ് എന്ന ലൂക് ജാക്വറ്റിന്റെ മൂന്നു പതിറ്റാണ്ടെടുത്തു ചിത്രീകരിച്ച രചനയും ഇല്ലാതാവുന്ന വലിയ ഭൂഖണ്ഡത്തെക്കുറിച്ചുള്ള ക്ലൈമറ്റ് ഫിലിമായും കോൺസർവേഷൻ സിനിമയെന്ന പരിസ്ഥിതിസംരക്ഷണ ചിത്രമായും കാണാം. ഗാഢപരിസ്ഥിതിയിലേക്കും ധമ്മപരിസ്ഥിതിയിലേക്കും അനുകമ്പയുടെ തിരപ്പടം മാറുകയാവാം. ലോകത്തെ മഥിക്കുന്ന വംശീയ, ജാതി, ലിംഗ, വർഗ പ്രശ്നങ്ങളുടെ വിഭജനാന്തര വിഷയാന്തര യാഥാർഥ്യങ്ങളുടെ അദൃശ്യതയാണീ പരിസ്ഥിതിവാദത്തിന്റെ മൗലികമായ പരിമിതിയും അധീശരാഷ്ട്രീയവും. വമ്പൻ മൂലധന വ്യവസായമായും ക്ലൈമറ്റ് ഫിക്ഷനും ഫിലിമും വരേണ്യലോകത്തെ പിഴിയുന്നു.

2018: എവരിവൺ ഈസ് എ ഹീറോ

ഭിന്നയാഥാർഥ്യങ്ങളുടെ കലരലും അരുളാർന്ന മാറ്റത്തിൻ തിരപ്പടവും

ഫിലിപ്പിനോ സംവിധായകനായ ലവ് ഡിയസിന്റെ എസൻഷ്യൽ ട്രൂത്സ് ഓഫ് ദ ലെയിക്ക് ചരിത്രത്തിലും കാലത്തിലും പുതഞ്ഞുകിടക്കുന്ന അഗ്നിപർവതച്ചാരത്തേയും ചാരനിറമുള്ള കായലിലെ തണുത്തുറഞ്ഞ വെള്ളത്തേയും സാമൂഹ്യധ്വനികളോടെ അന്യാപദേശം ചെയ്യുന്ന വിളംബിതമായ ചലച്ചിത്രമാണ്. ഭൂമിയെ സാമൂഹ്യമായി കാണുന്നതാണീ സിനിമ. തണ്ടുവച്ച തോണിയിലും ചെറുപള്ളിയോടത്തിലും മനുഷ്യർ തുഴഞ്ഞുനീങ്ങുന്ന കനപ്പെട്ട സത്യങ്ങളുടെ, യാഥാർഥ്യങ്ങളുടെ വമ്പിച്ച ജലരാശിയിലേക്കാണു ലവ് ഛായാഗ്രഹണിയെയാഴ്ത്തുന്നത്. അധിനിവേശാനന്തരകാലത്തെ ഏഷ്യയുടെ മിശ്രതയും പ്രാദേശികാധുനികതയുടെ കലമ്പലുകളും ഇടർച്ചകളുമാണീ കയ്പ്പാടുകളിലൂടെയും കായലേലകളിലൂടെയും അലയടിക്കുന്നതും മൂകമായി മുഴങ്ങുന്നതും. മനുഷ്യപ്രകൃതികഥാനുഗായിയായി ലവ് മാറുന്നു. ഓരങ്ങളിലെ മനുഷ്യജീവിതവും ഇവിടെ പ്രധാനമാകുന്നു. സിനിമയുടെ നീളമാണ് കാഴ്ച്ചക്കാരെ ഡിയസിൽ നിന്നകറ്റുന്നത്.

എസൻഷ്യൽ ട്രൂത്സ് ഓഫ് ദ ലെയിക്ക്

ഇറാനിയൻ സിനിമയുടെ ലാളിത്യവും കാവ്യഭംഗിയും അടയാളപ്പെടുത്തുന്ന പടമാണ് ബെഹ്റൂയിസ് റസൂലിന്റെ മെലഡി. പക്കികളേയും പറവകളേയും പ്രകൃതിയേയും അറിഞ്ഞംഗീകരിച്ച് മൈത്രീബോധത്തോടെ അർബുദത്തെ നേരിടുന്ന കുട്ടികളുടെ ഔഷധമാക്കുന്ന ഈണവും താളവുമാണീ ചലച്ചിത്രം. ശബ്ദചിത്രണം അതിസുന്ദരം. പറവകളുടെ പാട്ടും ആട്ടവും പടങ്ങളും ചേതോഹരമാക്കുന്ന ചിത്രണം ഏറെ ലാവണ്യാത്മകവും അനുകമ്പയാർന്നതുമാണ്. മൈത്രിയുടെ തിരപ്പടത്തിലേക്കുള്ള തിരനോക്കുകളാണിവ. കുട്ടിപ്പടങ്ങളുടെ സെൻസറിങ്ങ് വെട്ടിപ്പുതന്ത്രം ഏറെ പ്രകടവുമാണ്.

മെലഡി

ഡോക്യു- മൊൻറാഷുകളും ആനിമേഷനുകളും പ്രത്യേക പരാമർശമർഹിക്കുന്നു. പതിനായിരക്കണക്കിന് എണ്ണച്ചായചിത്രങ്ങൾ ചെയ്തതിൽ നിന്നാണ് പല ആനിമേഷൻ ഫിക്ഷനുകളും നിർമിക്കുന്നത്. യഥാർഥ നടീനടന്മാരെ ആധാരമാക്കിയാണീ പുതുപടങ്ങൾ പലതും പൂർത്തിയാക്കുന്നത്. മൂർത്തമനുഷ്യരുടെ സ്വന്തം ശബ്ദവും ഉപയോഗിക്കും. ബീം, ദ പെസൻറ്സ് എന്നിവ ഉദാഹരണം. ഡോക്യുമെൻററിയെ അതിവർത്തിക്കുന്ന ചലച്ചിത്ര വ്യാഖ്യാനങ്ങളായി സത്യാനന്തരയുഗത്തിലെ ഡോക്യു- മൊൻറാഷുകൾ മാറുകയാണ്. ഐസൻസ്റ്റീനിയൻ മൊൻറാഷിനെ തന്നെ അപനിർമിക്കുന്ന മാമന്നൻ എന്ന പാ രഞ്ചിത്ത് പള്ളിക്കൂടത്തിൽ നിന്നുള്ള മാരി സെൽവരാജ് സിനിമയിലെ പെരിയോർ ശില്പത്തിൻ അപനിർമാണസീൻ നമ്മുടെ ഓർമയിലേക്കു വരും.

മാമന്നന്‍ സിനിമയില്‍ ഫഹദ് ഫാസില്‍

‘ഇൻറർ ഗ്രേഡ്’ എന്ന വിഭാഗത്തിൽ പ്രദർശിപ്പിച്ച സംഗീതാത്മക സിനിമാനിർമിതികളും ശ്രദ്ധേയമാണ്. രാഷ്ട്രീയചരിത്രവിമർശം ഉൾക്കൊള്ളുന്ന വൺസ് വിത്തിൻ എ റ്റൈം എന്ന റെജിയോ, കെയിൻ എന്നീ സംവിധായകരുടെ സംഗീതചിത്രം ഏറെ ലാവണ്യാത്മകവും വിമർശബോധമുളവാക്കുന്നതുമാണ്. കാരുണ്യത്തിന്റെയും മൈത്രിയുടേയും സംസ്കാരവ്യവഹാരമായി ചലച്ചിത്രത്തെ മാറ്റിപ്പണിയുന്ന വർത്തമാനലോകം നമുക്കു പ്രതീക്ഷകൾ തരുന്നു. അതേസമയം, ആകുലവും കലുഷവുമായ ഇന്ത്യയുടെ വർത്തമാന സമഗ്രാധിപത്യ അമിതപ്രാതിനിധ്യ അപരവൽക്കരണ വംശഹത്യാധീശ ഹിംസാവ്യവഹാരങ്ങളേക്കുറിച്ചുള്ള മൗനവും ജാതിവർണലിംഗ പ്രശ്നങ്ങളുടെ പ്രതിനിധാനം നിർവഹിക്കുന്ന സിനിമകളുടെ പ്രാതിനിധ്യമില്ലായ്മയും ജനായത്ത ആധുനിക മാനവികസമൂഹത്തിനു വെല്ലുവിളിയുമാണ്.

യുദ്ധവിരുദ്ധമായ പുതുതിരപ്പടങ്ങൾ ഡോ. ബിജുവിനെ പോലുള്ള പുതുസംവിധായകർ നിർവഹിച്ചപോലെ അപൂർവജാലകങ്ങളായി നമുക്കു മുന്നിൽ തെളിയുമ്പോഴും ജനങ്ങളുടെ ചെലവിൽ ഒളിഗാർക്കി ജനായത്ത ഭരണഘടനാ സ്ഥാപനങ്ങളെ കോളനീകരിച്ച് കുത്തകയാക്കി വാതിലുകൾ കൊട്ടിയടയ്ക്കുകയാണ്. വമ്പിച്ച ബഹുജന പ്രതികരണങ്ങളും ജനായത്ത പ്രാതിനിധ്യ പ്രക്ഷോഭങ്ങളും അനിവാര്യമാകുന്ന സന്ദർഭമാണിത്. മാറ്റത്തിൻ കലയായ തിരപ്പടം സാമൂഹ്യരാഷ്ട്രീയ സംസ്കാരപരിവർത്തനങ്ങളുടെ ചാലകശക്തിയാകട്ടെ. ജനായത്തപരമായ പ്രതിനിധാനങ്ങളും പ്രാതിനിധ്യങ്ങളും സിനിമയിലൂടെ വികസിക്കട്ടെ.


ഡോ. അജയ് എസ്. ശേഖർ

ഗവേഷകൻ, വിവർത്തകൻ, ചിത്രകാരൻ. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ഇംഗ്ലീഷ് വിഭാഗം അധ്യാപകൻ. പുത്തൻ കേരളം: കേരള സംസ്കാരത്തിന്റെ ബൗദ്ധ അടിത്തറ, Sahodaran Ayyappan Towards a democratic future life and Select Works തുടങ്ങിയ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments