IFFK-യുടെ മത്സരവിഭാഗത്തിലെ ചിത്രമായ ഉണ്ണികൃഷ്ണൻ ആവളയുടെ ‘തന്തപ്പേര്’ ടാഗോർ തിയേറ്ററിൽ കണ്ടുകൊണ്ടിരിക്കുമ്പോളാണ് മേളയുടെ സ്ക്രീനിംഗ് ഷെഡ്യൂളിൽ ഉൾപ്പെട്ട 19 ചലച്ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ച കേന്ദ്ര സർക്കാർ ഇണ്ടാസ് വിവരം വാട്സ്ആപ് മെസേജായി ഫോണിൽ എത്തുന്നത്. ഇന്ത്യയുടെ അഭിമാനമായിമാറിയ, ലോകസിനിമാ ഫെസ്റ്റിവൽ റൂട്ടിംഗിൽ അടയാളപ്പെടുത്തപ്പെട്ട ജനകീയ ഫിലിം ഫെസ്റ്റിവെൽ എന്ന ഖ്യാതി നേടിയ IFFK-യുടെ സാംഗത്യംതന്നെ ചോദ്യം ചെയ്യുന്ന രീതിയിൽ 19 സിനിമകൾക്ക് Exemption Certificate നിഷേധിച്ചിരിക്കയാണ് യൂണിയൻ സർക്കാർ.
ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയിൽ അരങ്ങേറിയ നിർബന്ധിത വന്ധ്യംകരണം എന്ന ഫാസിസ്റ്റ് നടപടി ചോലനായ്ക്കർ കമ്മ്യൂണിറ്റിയുടെ നിലനിൽപ് തന്നെ അപകടത്തിലാക്കിയ അവസ്ഥ ഗംഭീരമായി ആലേഖനം ചെയ്ത ‘തന്തപ്പേര്’ എന്ന ചലച്ചിത്രത്തിൻ്റെ സ്ക്രീനിംഗിനിടയിലാണ് IFFK-യുടെ വരിഉടയ്ക്കുന്ന നടപടിയുമായി കേന്ദ്രസർക്കാർ എത്തിയത് എന്നത് യാദൃശ്ചികമല്ല തന്നെ.
ചലച്ചിത്രം എന്ന മാധ്യമത്തിൻ്റെ ജനകീയത ഭരണകൂടങ്ങൾ ഭയക്കുന്നു എന്നതിൻ്റെ നേർസാക്ഷ്യം കൂടിയാണ് ഈ നടപടി. ലോകത്തിലെ എല്ലാ ചലച്ചിത്ര പഠന കോഴ്സുകളിലും പാഠപുസ്തകമായ നൂറു വർഷം മുൻപ് പുറത്തിറങ്ങിയ ലോക ക്ലാസിക് സിനിമയായ ‘ബാറ്റിൽഷിപ് പോതംകിൻ’ ഈ നിരോധിത ലിസ്റ്റിൽ ഉൾപ്പെട്ടു എന്ന ഒറ്റ കാരണം മതി ഈ ഫാഷിസ്റ്റ് നടപടിയ്ക്ക് പിന്നിലെ അരസികത്വത്തിൻ്റെ ആഴമറിയാൻ. യൂട്യൂബിൽ ‘പോതംകിൻ’ സിനിമയുടെ റീമാസ്റ്റർഡ് വേർഷൻ ലഭ്യമാണെന്നിരിക്കെ ഈ നിരോധനത്തിൻ്റെ പ്രസക്തി എന്തെന്നുപോലും മനസ്സിലാവുന്നില്ല.

Read More: 100 വർഷം പഴക്കമുള്ള ഒരു നിശബ്ദ സിനിമയാണോ ഭരണകൂടത്തെ ഭയപ്പെടുത്തുന്നത്?
ജാഫർ പനാഹിയെ പോലെ പ്രഗത്ഭനായ ഒരു ചലച്ചിത്രകാരനെ ജയിലിലടച്ച ഇറാൻ ഭരണകൂടത്തിൻ്റെ നടപടിയേക്കാൾ നാണം കെട്ട പ്രവർത്തിയാണ് 19 സിനിമകൾക്ക് നിരോധനം ഏർപ്പെടുത്തിക്കൊണ്ട് ഇന്ത്യാ ഗവൺമെൻറ് ഇറക്കിയ ഉത്തരവ്.
റാപ്പർമാർ തങ്ങളുടെ പാട്ടുകളിലൂടെ എതിരാളിയുടെ പാട്ടുകളെ പരിഹസിക്കുന്ന ഏർപ്പാടാണ് ‘Beef’. ഇത് പ്രേമേയമാക്കിയ ഇൻഗ്രിഡേ സാൻ്റോസ് സംവിധാനം ചെയ്ത സ്പാനിഷ് ചിത്രം ‘Beef’ നിരോധിച്ച സിനമകളുടെ കൂട്ടത്തിൽ ഉണ്ട് എന്നറിയുമ്പോഴാണ് യൂണിയൻ സർക്കാരിൽ ഇത്തരം തീരുമാനം എടുക്കുന്നവരുടെ അറിവിൻ്റെ യഥാർത്ഥ അവസ്ഥ മനസ്സിലാവുകയുള്ളൂ.

ജനകീയ പ്രതിരോധത്തിൻ്റെ ഏറ്റവും ശക്തമായ കലാമാധ്യമമായ സിനിമ ജനങ്ങളിലേക്ക് എത്തിക്കുവാൻ ബദൽ മാർഗങ്ങൾ തേടുകയേ ഇതുപോലുള്ള ഒരു ബനാന റിപ്പബ്ലിക്കിനെ തുറന്നുകാട്ടാൻ വഴിയുള്ളൂ. ഏകദേശം 80 വർഷങ്ങൾക്ക് മുൻപ് ഫാഷിസ്റ്റുകൾ നിരോധിച്ച ‘ബാറ്റിൽഷിപ് പോതംകിൻ’ സിനിമയുടെ സ്പൂളുകൾ മുറിച്ച് കടത്തി യൂറോപ്പിൻ്റെ വിവിധഭാഗത്ത് എത്തിച്ച ആക്ടിവിസ്റ്റുകളുടെ പാഠം കഴിഞ്ഞുപോയ ഒരു ചരിത്ര സംഭവം മാത്രമല്ല എന്നും അത് ഭാവിയിൽ ഭരണകൂട വിമർശനങ്ങൾ ചലച്ചിത്ര പ്രമേയമായി സ്വീകരിക്കുന്ന ചലച്ചിത്രകാരർക്കുള്ള ചൂണ്ടു പലകകൂടെയാണന്നും ഈ നിരോധനം നമ്മെ ഓർമിപ്പിക്കുന്നു.

