എമിർ കുസ്തുറിക്ക: രാഷ്ട്രീയഭാവനയുടെ ചലച്ചിത്രഭാഷ്യങ്ങൾ

കലയും കലാപവും ഒരുപോലെ കൂട്ടിയോജിപ്പിച്ച ജിപ്‌സിയും ചിന്തകനുമായ കുസ്തുറിക്കയുടെ രാഷ്ട്രീയനിലപാടുകൾ ലോകമാസകലം ഇന്ന് ശ്രദ്ധയോടെ കേൾക്കുന്നുണ്ട്. എമിർ കുസ്തുറിക്കയുടെ റിട്രോസ്‌പെക്ടീവ് ഇരുപത്തേഴാമത് ഐ.എഫ്.എഫ്.കെയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നാവും. അദ്ദേഹത്തിന്റെ നാലുചിത്രങ്ങളാണ് മേളയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ലോകസിനിമയിൽ സമാനതകളില്ലാത്ത ചലച്ചിത്രസംവിധായകരിൽ ഒരാളാണ് എമിർ കുസ്തുറിക്ക. രണ്ടുതവണ കാനിൽ ഗോൾഡൻ പാം പുരസ്‌കാരവും ഒരു തവണ മികച്ച സംവിധായകനുള്ള പുരസ്‌കാരവും അദ്ദേഹം നേടുന്നുണ്ട്. ആദ്യസിനിമയ്ക്ക് വെനീസിൽ ഗോൾഡൻ ലയൺ പുരസ്‌കാരം നേടുമ്പോൾ എമിർ കുസ്തുറിക്കയ്ക്ക് 27 വയസ്സാണ്! ആദ്യത്തെ പാം ദി ഓർ നേടുമ്പോൾ 30 വയസ്സും! പത്തുവർഷത്തിനുള്ളിൽ രണ്ടാമതും പാം ദി ഓർ നേടി. ഫെല്ലിനിയ്ക്കും ഫോർഡ് കപ്പോളയ്ക്കും അടക്കം ചുരുക്കം പേർക്ക് ലഭിച്ച ഇരട്ട പാം ദി ഓർ ബഹുമതിയ്ക്ക് നാൽപ്പത് വയസ്സിനുള്ളിൽ കുസ്തുറിക്ക അർഹനായി. ലോകത്തെ എല്ലാ ചലച്ചിത്രമേളകളിലും കുസ്തുറിക്കയുടെ സിനിമകൾക്ക് വ്യാപകമായ സ്വീകാര്യതയും പുരസ്‌കാരങ്ങളും ലഭിച്ചു.

മുപ്പതുവർഷത്തിനടുത്ത ചലച്ചിത്രജീവിതത്തിൽ കുസ്തുറിക്ക സംവിധാനം ചെയ്തത് 12 സിനിമകൾ മാത്രമാണ്, 9 കഥാചിത്രങ്ങളും 3 ഡോക്യുമെന്ററികളും. സിനിമകൾ സംവിധാനം ചെയ്യുന്നതിനു പുറമേ, സെർബിയൻ സിനിമകളിലെ അഭിനേതാവും കൂടിയാണ് കുസ്തുറിക്ക. മികച്ച പാട്ടുകാരനും ഗിത്താർ വാദകനും. അദ്ദേഹത്തിന്റെ മ്യൂസിക്ക് ബാൻഡായ എമിർ കുസ്തുറിക്ക & നൊ സ്‌മോക്കിംഗ് ഓർക്കസ്ട്ര ലോകത്തെ ഏറ്റവും മികച്ച പോപ് സംഗീതഗ്രൂപ്പ് ആണ്. തന്റെ സിനിമകൾ മനോഹരമായ ഒപ്പറകൾ ആക്കി മാറ്റുകയും ചെയ്യും അദ്ദേഹം. കഥകളും നോവലുകളും എഴുതും. അമേരിക്കയുടെ മുതലാളിത്തതാല്പര്യങ്ങൾക്കും ചൂഷണത്തിനും എതിരായി ശബ്ദിക്കുന്ന, പോരടിക്കുന്ന അദ്ദേഹത്തെപ്പോലെ മറ്റൊരാൾ ചലച്ചിത്രലോകത്ത് കാണില്ല.

എമിർ കുസ്തുറിക്ക
എമിർ കുസ്തുറിക്ക

ആഗോളവത്കരണത്തെ എതിർക്കുന്നതിനുവേണ്ടിയും സാംസ്‌കാരികമായ ബഹുസ്വരതയെ നിലനിർത്തുന്നതിനു വേണ്ടിയും അദ്ദേഹം സെർബിയയിൽ സ്ഥാപിച്ച ക്യുസ്റ്റെൻഡോർഫ് (Kustendorf) എന്ന പ്രകൃതിരമണീയമായ ഗ്രാമത്തിൽ സ്വന്തമായി മികച്ച ചലച്ചിത്രമേളകളും സംഗീതോത്സവങ്ങളും അദ്ദേഹം നടത്തിവരുന്നു. കലയും കലാപവും ഒരുപോലെ കൂട്ടിയോജിപ്പിച്ച ജിപ്‌സിയും ചിന്തകനുമായ കുസ്തുറിക്കയുടെ രാഷ്ട്രീയനിലപാടുകൾ ലോകമാസകലം ഇന്ന് ശ്രദ്ധയോടെ കേൾക്കുന്നുണ്ട്.

എമിർ കുസ്തുറിക്കയുടെ റിട്രോസ്‌പെക്ടീവ് ഇരുപത്തേഴാമത് ഐ.എഫ്.എഫ്.കെയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നാവും. അദ്ദേഹത്തിന്റെ നാലുചിത്രങ്ങളാണ് മേളയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

അണ്ടർഗ്രൗണ്ട്

സമകാലിക രാഷ്ട്രീയ വിഷയത്തെ മുൻനിർത്തി ലോകസിനിമയിലുണ്ടായ എക്കാലത്തെയും അതിനിശിതമായ ഇടപെടൽ എന്ന നിലയിലും സാമൂഹികവിഷയങ്ങൾ കലയിൽ സൗന്ദര്യാത്മകമായി ആവിഷ്‌കരിക്കേണ്ടതെങ്ങനെയാവണം എന്നതിനെക്കുറിച്ചുള്ള തെളിഞ്ഞ ഉദാഹരണമെന്ന നിലയിലും "അണ്ടർഗ്രൗണ്ട്' ചലച്ചിത്രചരിത്രത്തിലെ വിസ്മയിപ്പിക്കുന്ന അനുഭവമാണ്. കാലികവും സാർവകാലികവുമായ പ്രസക്തി ഈ സിനിമയ്ക്കുണ്ട്. ഒരു ദേശത്തിന്റെ കഥയാവുമ്പോൾത്തന്നെ അത് ലോകത്തെവിടെയും പ്രസക്തമായ പ്രമേയമായി മാറുന്നു. അധികാരം, സമ്പത്ത്, സുഖലോലുപത, സ്വാർഥത, ചതി, ചൂഷണം, ക്രൗര്യം തുടങ്ങി നമുക്ക് വിഭാവനം ചെയ്യാവുന്ന മാനവികതയ്‌ക്കെതിരെയുള്ള എല്ലാ ഘടകങ്ങളെയും ചേർത്തുവെച്ച് ഒരു കാലിഡോസ്‌കോപ്പിലെന്നപോലെ വിചിത്രരൂപത്തിൽ കാട്ടിത്തരുന്ന ഈ ചിത്രം മനുഷ്യത്വത്തിന്റെ എക്കാലത്തെയും പാഠപുസ്തകവുമാണ്.

അണ്ടർഗ്രൗണ്ട്
അണ്ടർഗ്രൗണ്ട്

അമ്പതുവർഷത്തെ യുഗോസ്ലാവിയയുടെ ചരിത്രവും രാഷ്ട്രീയവുമാണ് ഈ ചിത്രത്തിൽ കുസ്തുറിക്ക സംഗ്രഹിക്കുന്നത്. നാസികൾ യുഗോസ്ലാവിയ പിടിച്ചടക്കുന്നതും ടിറ്റോയുടെ നേതൃത്വത്തിൽ നടന്ന വിമോചനപോരാട്ടവും ഏറ്റവും ഒടുവിൽ യുഗോസ്ലാവിയയെ ചിതറിത്തെറിപ്പിച്ച വംശീയമായ പോരാട്ടങ്ങളും മൂന്നുഭാഗങ്ങളായി സിനിമയിൽ വരുന്നു. കറുത്തഹാസ്യത്തിന്റെയും അതിശയോക്തിയുടെയും പരകോടിയിലാണ് ഈ സിനിമ അതിന്റെ സാമൂഹികവും രാഷ്ട്രീയവുമായ വിമർശനം മുന്നോട്ടുവെക്കുന്നത്. തിളച്ചുമറിയുന്ന രാഷ്ട്രീയസംഘർഷങ്ങളുടെ ഒരു ദുരന്തകാലത്തെ പ്രതീകാത്മകമായി അവതരിപ്പിക്കുന്ന "അണ്ടർഗ്രൗണ്ട്' ഒരേസമയം ഒരു നാടിന്റെ സമകാലിക യാഥാർഥ്യങ്ങളിലേക്ക് ശ്രദ്ധക്ഷണിക്കുകയും അതേസമയം അതൊരു രൂപകമായി ലോകത്തെല്ലായിടത്തെയും മനുഷ്യാവസ്ഥകളെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു.

അണ്ടർഗ്രൗണ്ട്
അണ്ടർഗ്രൗണ്ട്

ഈ നിലവറ വിശ്വാസത്തിന്റേതാകാം, അറിവില്ലായ്മയുടേതാകാം, അടിമബോധത്തിന്റേതാകാം. പുറത്തെത്തും വരെ താൻ ഇത്രയുംകാലം കഴിഞ്ഞത് ഒരു നിലവറയ്ക്കകത്താണെന്നുപോലും ഇതിൽ ഒരാളും തിരിച്ചറിയുകയില്ല. സ്വതന്ത്രമായ ലോകത്തെ അഭിമുഖീകരിക്കാൻ കഴിയാതെ ആ നിലവറയ്ക്കകത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന സിനിമയിലെ ജൊവാനെപ്പോലെയാകും പതുക്കെയവർ. അവരുടെ വിശ്വാസത്തെ, പ്രതിബദ്ധതയെ, സത്യസന്ധതയെ ഒക്കെയാണ് ലോകത്തെ എല്ലാ ഫാസിസ്റ്റുകളും അവരുടെ വളർച്ചയ്ക്കുള്ള ഇന്ധനമാക്കിയിരുന്നത്.
എമിർ കുസ്തുറിക്കയ്ക്ക് രണ്ടാമത്തെ പാം ദി ഓർ ലഭിക്കുന്നത് "അണ്ടർഗ്രൗണ്ട്' എന്ന സിനിമയ്ക്കാണ്.

ബ്ലാക്ക് ക്യാറ്റ്, വൈറ്റ് ക്യാറ്റ്

വെനീസിൽ മികച്ച സംവിധായകനുള്ള സിൽവർ ലയൺ പുരസ്‌കാരം എമിർ കുസ്തുറിക്കയ്ക്ക് നേടിക്കൊടുത്ത, 1998 ൽ പുറത്തിറങ്ങിയ "ബ്ലാക്ക് ക്യാറ്റ്, വൈറ്റ് ക്യാറ്റ്' എന്ന സിനിമ, ജീവിതം സുന്ദരമാണെന്നും അത്ഭുതകരമാണെന്നും നമ്മോട് ആഹ്ലാദത്തോടെ പറയുന്ന സിനിമയാണ്. ജീവിതത്തിന്റെ വൈവിധ്യത്തെ, വൈചിത്ര്യത്തെ, ആകസ്മികതയെ ഇത്രമാത്രം പ്രണയിച്ച, അതിലെ നിറമുള്ള നിമിഷങ്ങളെ വാരിപ്പുണർന്ന മറ്റധികം സംവിധായകരില്ല നമുക്ക്. കുസ്തുറിക്കയുടെ ജിപ്‌സി സിനിമകൾ വലിയ സാമൂഹികപാഠങ്ങൾക്കായി നിർമ്മിച്ചതല്ല. "ടൈം ഓഫ് ജിപ്‌സീസും' "ബ്ലാക്ക് ക്യാറ്റ്, വൈറ്റ് ക്യാറ്റും' ജിപ്‌സി ജീവിതത്തിന്റെ വൈവിധ്യങ്ങളെയാണ് ആവിഷ്‌കരിച്ചത്.

ബ്ലാക്ക് ക്യാറ്റ്, വൈറ്റ് ക്യാറ്റ്
ബ്ലാക്ക് ക്യാറ്റ്, വൈറ്റ് ക്യാറ്റ്

കൃത്യമായ ജീവിതപാഠങ്ങൾക്കപ്പുറം ജീവിതത്തിന്റെ വൈവിധ്യം തിരിച്ചറിയുക, മനുഷ്യർ കടന്നുപോകുന്ന നാനാതരം ജീവിതസന്ധികളെ മുഖാമുഖം കാണുക, ജീവിതാഹ്ലാദങ്ങളുടെ സൗന്ദര്യം കൺനിറയെ കാണുക, ജീവിതത്തിന് നാം കൽപ്പിക്കുന്ന ഉയർന്ന മൂല്യവും ലക്ഷ്യവുമെല്ലാം അത്രവലിയ കാര്യമൊന്നുമല്ലെന്ന് ലളിതമായി പറയുക എന്നിങ്ങനെ ജീവിതത്തെ മറ്റൊരു കോണിൽനിന്നു കാണാനാണ് ഈ സിനിമകൾ നമ്മെ പഠിപ്പിക്കുക. മനുഷ്യജീവിതത്തിന്റെ സ്വതന്ത്രമായ ഒഴുക്കിന്റെ സൗന്ദര്യം ആധുനികതയുടെ തടവിൽപ്പെട്ട മനുഷ്യരെ അവ ബോധ്യപ്പെടുത്തും. ജീവിതത്തെ അത്രമേൽ ലാഘവത്തോടെ കാണാൻ ലോകത്തെല്ലായിടത്തുമുള്ള മനുഷ്യരെ ഈ സിനിമകൾ പ്രേരിപ്പിക്കും.

ജീവിതത്തിന്റെ അധോലോകങ്ങളിൽ കഴിയുന്നവരാണ് ഇതിലെ ഒട്ടുമിക്ക കഥാപാത്രങ്ങളും. മുൻ മാഫിയാത്തലവന്മാർ, വലിയ അധോലോക നായകന്മാർ, ഇടത്തരം കള്ളന്മാർ, തട്ടിപ്പുനടത്തി ജീവിക്കുന്നവർ, ഗുണ്ടകൾ, വേശ്യകൾ തുടങ്ങിയവർ ജീവിക്കുന്ന ഒരിടത്താണ് ബ്ലാക്ക് ക്യാറ്റ്, വൈറ്റ് ക്യാറ്റിലെ സംഭവങ്ങൾ നടക്കുന്നത്. കുസ്തുറിക്കയുടെ സിനിമാപ്രപഞ്ചത്തിലെ എല്ലാ ഘടകങ്ങളും "ബ്ലാക്ക് ക്യാറ്റ് വൈറ്റ് ക്യാറ്റി'ൽ ഒരുമിക്കുന്നുണ്ട്. സമൂഹത്തിന്റെ പിന്നാമ്പുറത്തുള്ള കഥാപാത്രങ്ങളും കഥാപരിസരവും മാത്രമല്ല, മാജിക്, കാർണിവൽ, സംഗീതം, നൃത്തം, ആഘോഷം, നാനാതരത്തിലുള്ള ജീവിവർഗങ്ങളുടെ നിരന്തരമായ സാമീപ്യം ഇവയെല്ലാം ഈ സിനിമയിൽ മേളിക്കുന്നുണ്ട്.

ബ്ലാക്ക് ക്യാറ്റ്, വൈറ്റ് ക്യാറ്റ്
ബ്ലാക്ക് ക്യാറ്റ്, വൈറ്റ് ക്യാറ്റ്

സിനിമയിൽ ആദ്യവസാനം കയറിയിറങ്ങുന്ന കറുത്ത പൂച്ചയും വെളുത്ത പൂച്ചയും ലോകത്തിലെ മനുഷ്യർ തമ്മിലുള്ള വൈജാത്യങ്ങളെയും വൈരുദ്ധ്യങ്ങളെയും സംഘർഷങ്ങളാലല്ല, കൂടിച്ചേർക്കലിലൂടെയാണ് പരിഹരിക്കേണ്ടത് എന്ന വലിയ മാനം ഈ സിനിമയ്ക്ക് നൽകും.

ലൈഫ് ഈസ് എ മിറാക്കിൾ

എമിർ കുസ്തുറിക്കയുടെ "ലൈഫ് ഈസ് എ മിറാക്കിൾ' എന്ന സിനിമയുടെ ഭാവം നിശ്ചയിക്കുന്നതിൽ അതിന്റെ പശ്ചാത്തലമായി വർത്തിക്കുന്ന ഭൂഭാഗത്തിന് വലിയ പ്രാധാന്യമുണ്ട്. സെർബിയയുടെ അതിർത്തിയിലുള്ള "സ്ലാറ്റിബോർ' മലയിടുക്കുകൾക്കിടയിലുള്ള "മൊക്ര ഗോര' എന്ന ഗ്രാമത്തിലാണ് സിനിമ ചിത്രീകരിച്ചത്. അവിടത്തെ വ്യത്യസ്ത സീസണിലെ കാലാവസ്ഥയും പ്രകൃതിയും രമണീയമാണ്. അവ കഥാപാത്രങ്ങളുടെ മനോനിലയുമായി ബന്ധപ്പെടുന്നുണ്ട്.

വിശാലമായ മേടുകൾ, കുന്നിൻചെരിവുകൾ, മഞ്ഞയും ചുവപ്പും ഇലകളുള്ള മനോഹരമായ വൃക്ഷങ്ങൾ, മഞ്ഞുമൂടിയ പ്രദേശങ്ങൾ, നദികൾ... അവിടത്തെ സൗവർണശോഭയുള്ള പകലുകൾ, നിലാവുള്ള രാത്രികൾ.. കൂടാതെ വളഞ്ഞും പുളഞ്ഞും, തുരങ്കങ്ങളിലൂടെയും പാലത്തിലൂടെയും കടന്നുപോകുന്ന ഒരു റെയിലും അതിലൂടെ കടന്നുപോകുന്ന ചെറുതീവണ്ടികളും അവിടുണ്ട്.

ലൈഫ് ഈസ് എ മിറാക്കിൾ
ലൈഫ് ഈസ് എ മിറാക്കിൾ

ഈ മനോഹരമായ ഭൂഭാഗം സിനിമയിൽ ആവിഷ്‌കരിക്കുന്ന പ്രണയത്തിന്റെ പശ്ചാത്തലമാണ്. അതിലുപരി ഈ മനോഹാരിതയ്ക്ക് മുകളിലാണ് യുദ്ധം അതിന്റെ വിഷധൂളികൾ വിതറുന്നത്. സുന്ദരമായ എല്ലാറ്റിന്റെയും മുകളിൽ ഭീകരശബ്ദത്തോടെ ബോംബുകൾ വീഴും... മനുഷ്യർ മാത്രമല്ല, കിളികളും മൃഗങ്ങളും അതിനിരയാവും. യുദ്ധത്തിന്റെ ഭീകരത വെളിവാക്കാൻ സൗന്ദര്യത്തിന്റെ പശ്ചാത്തലം ഒരുക്കുകയാണ് ലൈഫ് ഈസ് എ മിറാക്കിളിൽ കുസ്തുറിക്ക ചെയ്യുന്നത്. പ്രകൃതിയുടെ ഭംഗിയിൽ, സംഗീതത്തിൽ ലയിച്ചു ജീവിക്കുന്ന മനുഷ്യരുടെ ഹൃദയത്തെ ആഴത്തിൽ പിളർന്നുകൊണ്ടാണ് യുദ്ധവും വംശീയവെറിയും എക്കാലത്തും നടന്നുകൊണ്ടിരിക്കുന്നത് എന്ന് ഈ സിനിമ നമ്മെ ആഴത്തിൽ ബോധ്യപ്പെടുത്തും.

പ്രോമിസ് മീ ദിസ്

ഒരു ജാപാനീസ് കഥയുടെ ലാളിത്യമാണ് 'പ്രോമിസ് മീ ദിസി'ന്റെ ഘടനയ്ക്കുള്ളത്. അല്ലെങ്കിൽ നമ്മെ ചലിപ്പിക്കുന്ന ഒരു സെർബിയൻ നാടോടിക്കഥയുടെ സ്വഭാവം. ഒരാൾ നഗരത്തിലേക്ക് പോകുന്നു; എന്നിട്ടവിടെ പലകാര്യങ്ങളും കാണുന്നു, പലതും ചെയ്യുന്നു... എന്നിങ്ങനെയുള്ള ഒരു ലളിതപാഠമാണ് ഈ സിനിമയ്ക്കുള്ളത്. അപ്പൂപ്പന്റെ ആഗ്രഹം സാധിക്കാൻ, സ്വേദ്ക്ക എന്ന പശുവുമായി നഗരത്തിലെത്തുന്ന സാനെയുടെ കഥയാണ് ഈ സിനിമ. വലിയ പശുവുമായി നഗരത്തിൽ അലയുന്ന സാനെ നാഗരികർക്ക് ഒരു വിചിത്രകാഴ്ചയാണ്. സിനിമയിലെ വില്ലന്മാരുടെ സംഘം അവനെ ഭയപ്പെടുത്തുകയും ബന്ദിയാക്കി പശുവിനെ അപഹരിക്കുകയും ചെയ്യും.

പ്രോമിസ് മീ ദിസ്
പ്രോമിസ് മീ ദിസ്

അപ്പൂപ്പന്റെ അർദ്ധസഹോദരന്റെ കൊച്ചുമക്കളുടെ അടുത്ത് അവൻ എത്തിപ്പെടുന്നു. നഗരത്തിലെ ക്രിമിനലുകൾക്ക് വേണ്ടി ഗുണ്ടാപ്പണിചെയ്യുന്ന കരുത്തരാണ് അവർ. നഗരത്തിൽ എത്തിയ ദിവസം തന്നെ യാസ്‌നയെ ആകസ്മികമായി അവൻ കണ്ടിരുന്നു. ആദ്യകാഴ്ചയിൽത്തന്നെ അവനെ ആകർഷിച്ച, അവനെക്കാൾ മുതിർന്ന യാസ്‌നയെ തന്റെ ഭാര്യയായി ലഭിക്കാൻ അവൻ നടത്തുന്ന ശ്രമങ്ങളാണ് സിനിമ തുടർന്ന് കാണിക്കുന്നത്. നഗരവും നാട്ടിൻപുറവും തമ്മിലുള്ള സംഘർഷമാണ് ചിത്രത്തിന്റെ കാതൽ. 'പ്രോമിസ് മീ ദിസ്' ഒരു ബാൾക്കൻ സ്വപ്നദർശനമാണ്. അർത്ഥരഹിതമായവയിൽനിന്നും അസംബന്ധത്തിന്റെ തലത്തിലേക്കും അസംബന്ധം ആഴത്തിലുള്ള ആലോചനകളിലേക്കും ആ ആലോചനകൾ ആഹ്ലാദഭരിതമായ തുറസ്സുകളിലേക്കും നയിക്കത്തക്ക നിലയിലാണ് എമിർ കുസ്തുറിക്ക ഈ സിനിമ ഒരുക്കിയിരിക്കുന്നത്.

എമിർ കുസ്തുറിക്കയുടെ സിനിമകൾ തീർച്ചയായും വലിയ സ്‌ക്രീനിൽ അതിന്റെ എല്ലാ അതിശയങ്ങളോടെയും കാണാനുള്ള സന്ദർഭം ഈ ഐ എഫ് എഫ് കെ യുടെ ഹൈലൈറ്റായിരിക്കും എന്നത് തീർച്ചയാണ്.
So, don't Miss It.


Summary: കലയും കലാപവും ഒരുപോലെ കൂട്ടിയോജിപ്പിച്ച ജിപ്‌സിയും ചിന്തകനുമായ കുസ്തുറിക്കയുടെ രാഷ്ട്രീയനിലപാടുകൾ ലോകമാസകലം ഇന്ന് ശ്രദ്ധയോടെ കേൾക്കുന്നുണ്ട്. എമിർ കുസ്തുറിക്കയുടെ റിട്രോസ്‌പെക്ടീവ് ഇരുപത്തേഴാമത് ഐ.എഫ്.എഫ്.കെയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നാവും. അദ്ദേഹത്തിന്റെ നാലുചിത്രങ്ങളാണ് മേളയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.


പി. പ്രേമചന്ദ്രൻ

അധ്യാപകൻ, ചലച്ചിത്ര പ്രവർത്തകൻ, എഴുത്തുകാരൻ.

Comments