സമകാലിക ഇന്ത്യൻ സിനിമയിൽ, വ്യക്തിബന്ധങ്ങളുടെ ആഴം, അസ്തിത്വ വ്യഥകൾ, മനുഷ്യന്റെ ആന്തരിക സംഘഷങ്ങൾ എന്നിവ തന്റെ ചിത്രങ്ങളിലൂടെ സൂക്ഷ്മമായ് ആവിഷ്കരിച്ചിട്ടുള്ള സംവിധായകനാണ് ഇംതിയാസ് അലി. 'ജബ് വി മെറ്റ്', 'റോക്ക്സ്റ്റാർ', 'തമാശ' തുടങ്ങിയ ഐക്കോണിക് ചിത്രങ്ങളിലൂടെ, കഥാപാത്രങ്ങളുടെ ബാഹ്യമായ യാത്രകളെ അവരുടെ ആന്തരികമായ സ്വയം കണ്ടെത്തലുകളാക്കി മാറ്റിക്കൊണ്ട് സിനിമയിലെ പരമ്പരാഗത രീതികളെ അദ്ദേഹം പുനർനിർവ്വചിച്ചു.
ഇംതിയാസ് അലിയുടെ ചലച്ചിത്ര ലോകത്ത്, യാത്രകൾ കേവലം പശ്ചാത്തലങ്ങളല്ല, മറിച്ച് വ്യക്തിഗതമായ മാറ്റങ്ങൾക്കും സ്വയം കണ്ടെത്തലുകൾക്കുമുള്ള ചാലകശക്തികളാണ്. ആധുനിക ജീവിതത്തിലെ ഏകാന്തത, വൈകാരികമായ വിള്ളലുകൾ, വ്യക്തിത്വം കണ്ടെത്താനുള്ള ശ്രമങ്ങൾ എന്നിവയെ കൃത്യമായി വിശകലനം ചെയ്യാൻ അദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.
തന്റെ ഏറ്റവും പുതിയ ചിത്രമായ 'മേം വാപസ് ആവൂംഗ’യിൽ, ഇംതിയാസ് അലി, ഈ ആന്തരിക അന്വേഷണം കേവലം വ്യക്തിഗതമായ ഒരു അനുഭവമായി ഒതുക്കാതെ, ചരിത്രപരമായ വിഭജനത്തിന്റെ രാഷ്ട്രീയത്തിലേക്കും നഷ്ടപ്പെട്ട ഭൂപടങ്ങളിലേക്കും വികസിപ്പിക്കുന്നു.
‘മേം വാപസ് ആവുംഗാ’
അതിർത്തികൾ ലംഘിക്കുന്ന
പ്രണയം
ദേശരാഷ്ട്രങ്ങൾ വരച്ചുചേർത്ത കൃത്രിമ അതിർത്തികൾ മനുഷ്യരുടെ വൈകാരിക ജീവിതത്തെയും ഓർമ്മകളെയും എങ്ങനെ അസ്ഥിരപ്പെടുത്തുന്നു എന്ന അന്വേഷണമാണ് ചിത്രം മുന്നോട്ടുവെക്കുന്നത്.
ഒരു വ്യക്തിയുടെ ഓർമ്മക്കുറവിനെ (dementia) ചരിത്രപരമായ മറവിക്കെതിരെയുള്ള രാഷ്ട്രീയ പ്രതിരോധമായും വിഭജനം വരുത്തിവെച്ച ആഘാതങ്ങളെ സൗഖ്യപ്പെടുത്താനുള്ള വൈകാരിക സാന്നിധ്യമായും മാറ്റിത്തീർക്കുന്നതിലൂടെ, 'മേം വാപസ് ആവൂംഗ' ചലച്ചിത്ര പഠനങ്ങളിലെ ചരിത്ര-ഓർമ്മപഠനങ്ങളിൽ (Memory Studies) പുതിയൊരു അധ്യായം കുറിക്കുന്നു.
1947 ൽ ഇന്ത്യ - പാകിസ്ഥാൻ വിഭജന വേളയിൽ, ബ്രിട്ടീഷ് ഭരണാധികാരികൾ വരച്ച അതിർത്തിരേഖകൾ ഭാരതീയ ചരിത്രത്തിലെ ഏറ്റവും വലിയ മാനുഷിക ദുരന്തത്തിനാണ് വഴിവെച്ചത്. ലക്ഷക്കണക്കിന് മനുഷ്യരാണ് സ്വന്തം മണ്ണിൽ നിന്നും വേരറുക്കപ്പെട്ട് അഭയാർത്ഥികളായി പലായനം ചെയ്തത്. സ്വന്തം വീടും, സ്വത്തും ജനിച്ചുവളർന്ന നാടും ഒറ്റരാത്രികൊണ്ട് ഉപേക്ഷിക്കേണ്ടിവന്ന മനുഷ്യരുടെ യാതനകൾ പൂർണ്ണമായും അല്ലാതെയും ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.
വർഗ്ഗീയ കലാപങ്ങളും അക്രമങ്ങളും ഛിന്നഭിന്നമാക്കിയത് ലക്ഷക്കണക്കിന് മനുഷ്യരെയാണ്. സ്ത്രീകളും കുട്ടികളും അനുഭവിച്ച അതിക്രമങ്ങൾ ഈ ദുരന്തത്തിന്റെ വ്യാപ്തി കൂട്ടുന്നു. അതിർത്തികൾക്കപ്പുറത്തേക്ക് പലായനം ചെയ്ത ലക്ഷക്കണക്കിന് അഭയാർത്ഥികൾ നേരിട്ട നഷ്ടങ്ങളും പട്ടിണിയും രോഗങ്ങളും തലമുറകളോളം നീളുന്ന മാനസിക ആഘാതമായി (trauma) ഇന്നും കൈമാറിക്കൊണ്ടിരിക്കുന്നു.
ചരിത്രത്തിന്റെ ഈ വലിയ മുറിവിൽ നിന്നാണ് ഇംതിയാസ് അലി തന്റെ ചിത്രം ആരംഭിക്കുന്നത്. മഹാദുരന്തം അപഹരിച്ച പ്രണയത്തിന്റെയും നഷ്ടപ്പെട്ട ജന്മദേശത്തിന്റെയും ബന്ധങ്ങളുടെയും ആഴത്തിലുള്ള അന്വേഷണമാണ് ചിത്രത്തിന്റെ പ്രമേയം. വിഭജനകാലത്ത് (1947) പാകിസ്ഥാനിലെ സർഗോദയിൽ വെച്ച് പെട്ടെന്നുണ്ടായ വർഗ്ഗീയ കലാപങ്ങളാൽ വേർപിരിയേണ്ടിവന്ന രണ്ട് ചെറുപ്പക്കാരാണ് കീനുവും (വേദാങ് റെയ്ന) അഫ്സാനയും (ശർവരി). പ്രണയസാക്ഷത്കാരത്തിന് മുൻപ് 'ഞാൻ തിരിച്ചുവരും' എന്നൊരു അപൂർണ്ണമായ വാഗ്ദാനം മാത്രം ബാക്കിവെച്ച് രണ്ടുപേരും രണ്ട് അതിരുകളിലേക്ക് ചിതറിപ്പോകുന്നു.

പതിറ്റാണ്ടുകൾക്കിപ്പുറം, വർത്തമാനകാലത്ത് വാർദ്ധക്യത്തിലെത്തിയ കീനു (നസീറുദ്ദീൻ ഷാ) ഓർമ്മക്കുറവ് (Dementia) മൂലം ക്ലേശിക്കുകയാണ്. എന്നാൽ, സ്വന്തം ചുറ്റുപാടുകളെയും ബന്ധുക്കളെയും മറക്കുമ്പോഴും വിഭജനത്തിന്റെ വരകൾക്ക് മായ്ക്കാൻ കഴിയാത്ത ആ പഴയ സർഗോദയും അഫ്സാനയ്ക്ക് നൽകിയ വാഗ്ദാനവും അദ്ദേഹത്തിന്റെ മനസ്സിൽ വ്യക്തമായി അവശേഷിക്കുന്നു.
മുത്തശ്ശന്റെ ഈ അറ്റുപോകുന്ന ഓർമ്മകളെയും അതിനുപിന്നിലെ നഷ്ടപ്രണയത്തെയും തിരിച്ചറിയുന്ന പേരക്കുട്ടി (ദിൽജിത് ദോസാഞ്ച്), കീനുവിന്റെ ഈ ആഗ്രഹം നിറവേറ്റാൻ ഒപ്പം നിൽക്കുന്നു. വർത്തമാനകാലത്തിന്റെ വ്യാകുലതകൾക്കിടയിലൂടെ ഭൂതകാലത്തിന്റെ നഷ്ടപ്പെട്ട വഴികളിലേക്കുള്ള യാത്രയിൽ പേരക്കുട്ടി മുത്തശ്ശന്റെ സ്വപ്നം സാക്ഷത്കരിക്കുന്നതോടൊപ്പം സ്വന്തം അസ്‌തിത്വവും കണ്ടെത്തുന്നിടത്ത് ചിത്രം പൂർണ്ണമാകുന്നു.
ഓർമ്മകൾ പ്രതിരോധമാകുമ്പോൾ
ദേശരാഷ്ട്രങ്ങൾ അതിർത്തികൾ വരച്ച് മനുഷ്യരെ വേർതിരിക്കുമ്പോൾ, അധികാര രൂപങ്ങൾക്കെതിരെയുള്ള ഏറ്റവും ശക്തമായ രാഷ്ട്രീയ പ്രതിരോധമായി മാറുന്നത് മനുഷ്യരുടെ ഓർമ്മകളാണ്. 'മേം വാപസ് ആവൂംഗ' എന്ന ചിത്രത്തിൽ ഈ പ്രതിരോധം പ്രകടമാകുന്നത് മുത്തശ്ശന്റെ ഓർമ്മക്കുറവിലൂടെയാണ് (Dementia). വർത്തമാനകാലത്തെ മറന്നുപോകുന്ന മുത്തശ്ശൻ (നസീറുദ്ദീൻ ഷാ), വിഭജനത്തിന് മുൻപുള്ള സർഗോദയെയും പ്രണയത്തെയും നെഞ്ചേറ്റുന്നു. ഈ ഓർമ്മക്കുറവ് കേവലമൊരു രോഗമല്ല, മറിച്ച്, വർത്തമാനകാലത്തെ കൃത്രിമ അതിർത്തികളെയും ദേശീയതയെയും നിഷേധിക്കാനുള്ള വൈകാരികമായ പ്രതിരോധമാണ്.
ചരിത്രത്തിന്റെ പുനർനിർമ്മിതി
ഇന്ത്യയുടെയും പാകിസ്ഥാന്റെയും പേരിൽ ഔദ്യോഗിക ഭൂപടങ്ങൾ മണ്ണിനെ അറുത്ത് മുറിച്ചപ്പോൾ, മുത്തശ്ശന്റെ ഓർമ്മകൾ അതിർത്തികൾക്കപ്പുറമുള്ള പഴയ സാംസ്കാരിക പൈതൃകത്തെ വീണ്ടെടുത്ത് ചരിത്രത്തെ പുനർനിർമ്മിക്കുന്നു.
വർത്തമാനകാലത്തെ മറവിയുടെ നിഴലിലേക്ക് മാറ്റിനിർത്തി, വിഭജനത്തിന് മുൻപുള്ള സർഗോദയിലെ ജീവിതത്തിലേക്ക് ആ മനസ്സ് വീണ്ടും സഞ്ചരിക്കുമ്പോൾ, അത് അധികാര കേന്ദ്രങ്ങൾ മനുഷ്യരിൽ അടിച്ചേൽപ്പിച്ച അന്യത്വത്തെയും വർഗ്ഗീയ വിഭജനങ്ങളെയും പൂർണ്ണമായും നിഷേധിക്കുകയാണ് ചെയ്യുന്നത്.
അതിർത്തിക്ക് അപ്പുറത്തുള്ള നാടും പ്രണയവും അന്യമല്ല, മറിച്ച് തന്റെ തന്നെ സ്വത്വത്തിന്റെ (identity) ഭാഗമാണെന്ന് ആ ഓർമ്മകൾ ഉറക്കെ പ്രഖ്യാപിക്കുന്നു. രാഷ്ട്രങ്ങൾ അവരവരുടെ താല്പര്യങ്ങൾക്കനുസരിച്ച് ചരിത്രത്തെ തിരുത്തി എഴുതുമ്പോഴും, വിഭജനം അപഹരിച്ച മനുഷ്യത്വത്തിന്റെയും സൗഹൃദത്തിന്റെയും ബാക്കിപത്രങ്ങളെ സ്വന്തം ഓർമ്മകളിൽ തടവിലാക്കി സൂക്ഷിക്കുകയാണ് കഥാപാത്രം. ഭൂപടങ്ങൾ മായ്ച്ചു കളയാൻ ശ്രമിച്ച ഒരു വലിയ കാലഘട്ടത്തെയും പങ്കുവെക്കപ്പെട്ട പൈതൃകത്തെയും വർത്തമാനകാലത്ത് വീണ്ടും പ്രതിഷ്ഠിക്കുക വഴി, വിസ്മൃതിക്കെതിരെയുള്ള ശക്തമായ ഒരു പ്രതിരോധമായി ഈ ഓർമ്മകൾ മാറുന്നു.

ചൊവ്വയും ചന്ദ്രനും പോലെ അന്യവൽക്കരിക്കപ്പെടുന്ന ജന്മദേശങ്ങൾ
ഓർമ്മക്കുറവുള്ള മുത്തശ്ശൻ തന്റെ ഭൂതകാലം ചെറുമകനോട് പറയുമ്പോൾ, ചന്ദ്രൻ (Moon) ചൊവ്വ (Mars) തുടങ്ങിയ രൂപകങ്ങൾ തുടർച്ചയായ് ഉപയോഗിക്കുന്നുണ്ട്. ഇതിനു പിന്നിലും ശക്തമായ രാഷ്ട്രീയമുണ്ട്. തങ്ങൾ ജനിച്ചുവളർന്ന മണ്ണും സാംസ്കാരിക അടയാളങ്ങളും ഒറ്റരാത്രി കൊണ്ട് കഥാപാത്രങ്ങൾക്ക് ശത്രുരാജ്യമായി മാറുന്നു. ഇതോടെ, സ്വന്തം ആവാസവ്യവസ്ഥ നഷ്ടപ്പെട്ട മനുഷ്യർ തങ്ങൾ പുതുതായി എത്തിയ ദേശത്ത്, ഏതോ വിദൂരമായ 'ചൊവ്വ'യിലോ (Mars) 'ചന്ദ്രനിലോ' (Moon) വന്നിറങ്ങിയത് പോലെയുള്ള വന്യമായ അപരിചിതത്വം അനുഭവിക്കുന്നു. അടിയന്തിരമായി കെട്ടിപ്പടുത്ത അഭയാർത്ഥി ക്യാമ്പുകളിലെയും അപരിചിതമായ തെരുവുകളിലെയും ജീവിതം അവർക്ക് സമ്മാനിച്ചത് സ്വന്തം ജന്മദേശത്തുനിന്നുള്ള ക്രൂരമായ നാടുകടത്തലായിരുന്നു. തങ്ങളെ ഉൾക്കൊള്ളാൻ മടിക്കുന്ന ഒരു പുതിയ രാഷ്ട്രീയ വ്യവസ്ഥയ്ക്കുള്ളിൽ, ഈ അഭയാർത്ഥികൾ തങ്ങളുടെ ഭാഷ കൊണ്ടും വേഷം കൊണ്ടും ഭൂതകാലത്തിന്റെ സങ്കടങ്ങൾ കൊണ്ടും തികച്ചും അന്യരായി കാണപ്പെട്ടു. പൗരത്വവും വിലാസവും ഉണ്ടായിരുന്നിട്ടും സ്വന്തം നാട്ടിൽത്തന്നെ യാതൊരു വൈകാരിക ബന്ധവുമില്ലാത്ത, ഏതോ ഗ്രഹത്തിൽ നിന്നെത്തിയ 'മാർഷ്യൻ' (Martian) ജീവികളെപ്പോലെ ഒരു ജനത അന്യവൽക്കരിക്കപ്പെടുന്നു.
'മേം വാപസ് ആവൂംഗ' എന്ന ചിത്രത്തിലൂടെ ഇംതിയാസ് അലി നടത്തുന്നത് കേവലമൊരു നൊസ്റ്റാൾജിക് സഞ്ചാരമല്ല, മറിച്ച്, ദേശരാഷ്ട്ര- അധികാര ശക്തികൾ മായ്ച്ചു കളയാൻ ശ്രമിച്ച /ശ്രമിക്കുന്ന ഒരു ജനതയുടെ വികാരങ്ങളെയും ചരിത്രത്തെയും വീണ്ടെടുക്കാനുള്ള ബോധപൂർവ്വമായ രാഷ്ട്രീയ ശ്രമമാണ്. വർത്തമാനകാലത്ത് മനുഷ്യരിലുണ്ടാകുന്ന 'മറവി' എന്ന ശാരീരികാവസ്ഥയെപ്പോലും ഭരണകൂടങ്ങൾ അടിച്ചേൽപ്പിച്ച കൃത്രിമ അതിർത്തികൾക്കും ചരിത്രപരമായ വിസ്മൃതിക്കുമെതിരെയുള്ള ശക്തമായ പ്രതിരോധമായി മാറ്റാൻ ചിത്രത്തിന് കഴിയുന്നു.

സ്വന്തം ജന്മദേശത്തുതന്നെ 'മാർഷ്യൻ' ജീവികളെപ്പോലെ അന്യവൽക്കരിക്കപ്പെട്ട മനുഷ്യരുടെ മുറിവുകളെ, വർത്തമാനകാല തലമുറ അർഹിക്കുന്ന സഹാനുഭൂതിയോടെ തിരിച്ചറിയുമ്പോഴാണ് വിഭജനം വരുത്തിവെച്ച ആഘാതങ്ങൾക്ക് പൂർണ്ണമായ വൈകാരിക സൗഖ്യം (intergenerational healing) സാധ്യമാകുന്നത്. അതിരുകൾ വരച്ച് ഭൂമിയെ പങ്കുവെക്കാൻ രാഷ്ട്രീയത്തിന് സാധിച്ചേക്കാം.എന്നാൽ മനുഷ്യർ നെഞ്ചിലേറ്റുന്ന സ്നേഹത്തെയും ഓർമ്മകളെയും കീറിമുറിക്കാൻ ഒരതിർത്തി രേഖകൾക്കും കഴിയില്ലെന്ന് ഈ ചിത്രം ഉറക്കെ പ്രഖ്യാപിക്കുന്നു. ഭൂപടങ്ങളുടെ അതിരുകൾ അവസാനിക്കുന്നിടത്ത് മനുഷ്യന്റെ ഓർമ്മകളുടെയും പ്രണയത്തിന്റെയും അതിരില്ലാത്ത ആകാശം ആരംഭിക്കുന്നുവെന്ന് ചലച്ചിത്ര ഭാഷയിലൂടെ അടിവരയിടുകയാണ് 'മേം വാപസ് ആവൂംഗ'.
