‘അവളുടെ രാവുകളി’ലെ ബാബു, ‘ഇഷ്​കി’ലെ സച്ചി; സദാചാര ആങ്ങളമാർക്ക്​ നടുവിരൽ നമസ്കാരം

മോറൽ പോലീസിംഗ് പ്രമേയമായി മലയാളത്തിൽ കുറച്ചുസിനിമകളെ ഉണ്ടായിട്ടുള്ളൂ. ഇതിൽ ഇഷ്ക് എന്ന സിനിമയെ, അതിലെ സച്ചി എന്ന കഥാപാത്രത്തെ സവിശേഷമായി സമീപിക്കുകയാണ്.

ജീവിതത്തിന് മാറ്റമില്ല. സംഭവിച്ചതുതന്നെ സംഭവിക്കുന്നു. പറഞ്ഞതു തന്നെ നമ്മള് വീണ്ടും പറയുന്നു. ഇന്നലെ ആരോ ജീവിച്ച ജീവൻ തന്നെയാണ് ഇന്നത്തെ എന്റെ ജീവിതവും. ഇന്നലെ ആരോ പറഞ്ഞതു തന്നെയാണ് ഇന്ന് നമുക്ക് പറയാനുള്ളത്. (രാജി /സീമ - ‘അവളുടെ രാവുകൾ’)

ഒന്ന്​: രാജിയും അവളുടെ പുരുഷന്മാരും

1978-ലാണ് ഐ.വി. ശശി സംവിധാനം ചെയ്ത അവളുടെ രാവുകൾ റിലീസ് ചെയ്യുന്നത്. സീമ അവതരിപ്പിച്ച രാജമ്മ/ രാജി എന്ന ലൈംഗിക തൊഴിലാളിയുടെ ജീവിതമായിരുന്നു പ്രമേയം. രാജമ്മയെ നിരന്തരമായി പ്രാപിക്കുന്ന പരുക്കനായ, എന്നാൽ ഉള്ളിൽ നന്മകൾ സൂക്ഷിക്കുന്ന ജയൻ (സുകുമാരൻ), തന്റെ അനുജന്റെ മരണത്തിന് കാരണമാണെന്ന് രാജി വിശ്വസിക്കുന്ന ചന്ദ്രൻ മാഷ് (എം. ജി. സോമൻ) രാജി വളരെ നിഷ്കളങ്കമായി പ്രേമിക്കുന്ന കോളേജ് വിദ്യാർത്ഥിയായ ബാബു (രവികുമാർ) എന്നീ മൂന്ന് പുരുഷന്മാരിലൂടെയാണ് രാജിയുടെ ജീവിതം മുന്നോട്ടുപോകുന്നത്. താൻ തേവിടിശ്ശിയാണെന്ന് ബാബുവിനോട് ഒരിക്കൽ പറയുന്നുണ്ട് രാജി. തനിക്കിഷ്ടമുള്ള ഏത് പുരുഷന്റെ കൂടെയും കിടക്കുന്ന രാജിയെ വിവാഹം കഴിക്കാൻ ബാബു തയ്യാറാകുന്നു. സാഹചര്യങ്ങളാണ് രാജിയെ ലൈംഗികത്തൊഴിലാളിയാക്കിയതെന്ന തിരിച്ചറിവ് ബാബുവിന്റെ അമ്മയ്ക്കുമുണ്ട്.

അവളുടെ രാവുകളില്‍ സീമ, രവികുമാർ

പതിതയായ ഒരു പെണ്ണിനെ മലയാള സിനിമ ആദ്യമായി വരിക്കുന്നത് അവളുടെ രാവുകളിൽ ആണെന്ന് തോന്നുന്നു. വസ്തുവൽക്കരിക്കപ്പെട്ട സ്ത്രീശരീരത്തെ സ്വത്വബോധമുള്ള സ്ത്രീയാക്കി മാറ്റുന്നു എന്നതാണ്, എന്തൊക്കെ കുറ്റം പറഞ്ഞാലും അവളുടെ രാവുകൾ എന്ന സിനിമയ്ക്കുള്ള മേന്മ. ഒരുപക്ഷേ അന്നത് തിരിച്ചറിഞ്ഞില്ലെങ്കിലും ഇന്ന് നമുക്കത് തിരിച്ചറിയാൻ കഴിയുന്നു. അല്പം നെറ്റി ചുളിച്ചാണെങ്കിലും ആ തീരുമാനത്തെ ബാബുവിന്റെ അച്ഛൻ (ബഹദൂർ) സ്വീകരിച്ച പോലെ പ്രേക്ഷകരും സ്വീകരിച്ചു. അവർ കയ്യടിച്ച് ആ തീരുമാനത്തെ അംഗീകരിച്ചു. സ്ത്രീശരീരം കച്ചവടച്ചരക്കിൽ നിന്ന് പതിയെ മോചിപ്പിക്കപ്പെടുന്നു, സിനിമയുടെ അന്ത്യത്തിൽ. (സീമയുടെ അർദ്ധനഗ്നമായ ശരീരം നല്ലപോലെ ഉപയോഗിച്ച സിനിമയായിരുന്നു അവളുടെ രാവുകൾ എന്ന കാര്യം മറക്കുന്നില്ല. മാത്രമല്ല, ആ ശരീരത്തിന്റെ ആസ്വാദനത്തിനുവേണ്ടിയാണ് പുരുഷപ്രേക്ഷകർ തിയേറ്ററിൽ തള്ളിക്കയറിയത്.

സ്ത്രീപ്രേക്ഷകർ അപ്പോഴും അതിൽ നിന്ന് വിട്ടുനിന്നു). സ്ത്രീയുമായി ബന്ധപ്പെട്ട്​ ചാർത്തിക്കൊടുക്കുന്ന ചാരിത്ര്യം, ചാരിത്ര്യശുദ്ധി എന്നിവ ഉടഞ്ഞുപോകുന്നത് അത്ഭുതത്തോടെ നോക്കി നിന്നു മലയാളി. എന്നാലും, സിനിമാ കൊട്ടകയുടെ ഭ്രമലോകത്തിൽ നിന്ന് വിടുതൽ ചെയ്ത് വീട്ടിലെത്തുന്ന പ്രേക്ഷകൻ (പ്രേക്ഷകയല്ല) രാജിയുടെ അർദ്ധനഗ്നനായ ശരീരത്തെയും വീട്ടിലെത്തിച്ച്, രാജിയെ ഓർത്ത് തന്റെ ഭാര്യയെ പ്രാപിക്കുന്നു. അല്ലെങ്കിൽ മുഷ്ടി മൈഥുനം ചെയ്ത് നിർവൃതി കൊള്ളുന്നു. അപ്പോൾ യഥാർത്ഥത്തിൽ സംഭവിക്കുന്നത് സ്ത്രീ ശരീരത്തിന്റെ വസ്തുവല്‍ക്കരണം മാത്രമാണ്. അതുമാത്രമാണ് നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്ന യാഥാർത്ഥ്യവും. കയ്യടിച്ച പ്രേക്ഷകരും കയ്യടിപ്പിച്ച സംവിധായകനും (സംവിധായികയല്ല) ഇത് നല്ല പോലെ തിരിച്ചറിഞ്ഞവരാണ്. ആ തിരിച്ചറിവും വൈരുദ്ധ്യവും തന്നെയാണ് ആ സിനിമയുടെ വിജയകാരണവും.

രണ്ട്​: മോറൽ പൊലീസിങ്​ സിനിമയിൽ

കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയുടെ അന്ത്യത്തിൽ ഫഹദ് ഫാസിൽ അവതരിപ്പിക്കുന്ന ഷമ്മി എന്ന കഥാപാത്രം ഒരു വലയിൽപ്പെടുന്നുണ്ട്. ആൺകോയ്മ എന്ന ഉന്മാദത്തിന്റെ വലയാണത്. ആ വലയിൽനിന്ന് പുറത്തു കടക്കാൻ അയാൾക്ക് ഒരിക്കലും കഴിയില്ല. അതുപോലെ, മലയാളികളെ മൊത്തം വരിഞ്ഞു മുറുക്കിയിരിക്കുന്ന മറ്റൊരു വലയുണ്ട്. മോറൽ പോലീസിംഗിന്റെ വല. മതങ്ങളാണ് ഈ സദാചാരവാദത്തിന്റെ ഏറ്റവും വലിയ ഉൽപ്പാദനശാല. ശ്രദ്ധിച്ചാൽ മനസ്സിലാകും മതങ്ങൾ സ്ത്രീയെ എങ്ങനെയാണ് പരിലാളിക്കുന്നതെന്ന്. മതങ്ങളെല്ലാം സ്ത്രീയെ വെറുമൊരു കച്ചവടച്ചരക്കായാണ് കാണുന്നത്, സ്വകാര്യസ്വത്തായും.

ആ ചരക്കുവൽക്കരണമാണ് പൊതുസമൂഹത്തിൽ പ്രതിഫലിക്കുന്നത്. ആ പ്രതിഫലനം തന്നെയാണ് മോറൽ പോലീസിംഗ് ആയി പരിണമിക്കുന്നത്. അതായത്, സ്ത്രീയുടെ സ്വത്വബോധത്തെ മതങ്ങളും മതവിശ്വാസികളായ ഭൂരിപക്ഷം പുരുഷന്മാരും പരിഗണിക്കുന്നില്ല. പരിഗണിച്ചുകൊണ്ടേയിരിക്കുന്നു എന്ന് അവർ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നുവെങ്കിലും. പുരുഷനാൽ സംരക്ഷിക്കപ്പെടേണ്ടവളാണ് സ്ത്രീ, പുരുഷന് കീഴടങ്ങേണ്ടവളാണ് സ്ത്രീ, അവൾ പതിവ്രതയായിരിക്കണം, ചാരിത്ര്യം വളരെ വിലപ്പെട്ട ഒന്നാണ്- ഇങ്ങനെ കുഞ്ഞുനാൾ തൊട്ടേ കേൾക്കുന്ന സദാചാര സാരോപദേശ കഥകളിലൂടെ ഓരോ പെൺകുട്ടിയുടെയും ആൺകുട്ടിയുടെയും മനസ്സിൽ വേരുറയ്ക്കപ്പെട്ട ധാരണകളും മനോഭാവങ്ങളും പൊതുബോധനിർമ്മിതിയിൽ വളരെ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ആണും പെണ്ണും സംസാരിക്കുന്നത്, ഒന്നിച്ചിരിക്കുന്നത്, ഒന്നിച്ച് ഭക്ഷണം കഴിക്കുന്നത്, ഒന്നിച്ച് സിനിമയ്ക്ക് പോകുന്നത്, കെട്ടിപ്പിടിക്കുന്നത്, ഉമ്മ വെക്കുന്നത് തുടങ്ങി എല്ലാം സദാചാരക്കണ്ണടയിലൂടെ കാണുന്ന ഒരാൾക്ക് അത് അപരന്റെ പ്രശ്നമല്ല തന്റെ മാത്രം പ്രശ്നമാണെന്ന് തിരിച്ചറിയാൻ കഴിയുന്നില്ല എന്നതാണ് ഖേദകരം. ഈ തിരിച്ചറിവില്ലായ്മയാണ് അയാൾ തന്നെത്തന്നെ സമൂഹത്തിന്റെ മൊത്തം സംരക്ഷകനായ സദാചാരവാദിയായി അവരോധിക്കാൻ കാരണം.

അതുമാത്രമല്ല, സത്യത്തിൽ സദാചാരവാദി, സംരക്ഷകൻ തുടങ്ങിയ സ്വയമവരോധനം ഒരു മറയാണ്. സുരക്ഷയും സ്വരക്ഷയുമാണ്. ഇരയാക്കപ്പെട്ട സ്ത്രീയുടെ ശരീരത്തിന്റെ മേൽ അധികാരം സ്ഥാപിക്കാനുള്ള, വേട്ടയാടാനുള്ള ത്വരയെ, കാമത്തെ മറച്ചുവെക്കാനുള്ള ഒരു ഉപാധി. ചുരുക്കിപ്പറഞ്ഞാൽ, അതിലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന സദാചാരവാദിയുടെ കരഞ്ഞു തീർക്കുന്ന കാമമാണ് മോറൽ പോലീസിംഗ്. അതിന്റെ മനഃശാസ്ത്രം ഇതുമാത്രമാണ്.

മോറൽ പോലീസിംഗ് പ്രമേയമായി മലയാളത്തിൽ കുറച്ചുസിനിമകളെ ഉണ്ടായിട്ടുള്ളൂ. ഗിരീഷ് സംവിധാനം ചെയ്ത അങ്കിൾ (2018), സനൽകുമാർ ശശിധരന്റെ എസ് ദുർഗ (2018), അമൽ നീരദിന്റെ വരത്തൻ (2018), അനുരാജ് മനോഹർ സംവിധാനം ചെയ്ത ഇഷ്ക് (2019). ഇതിൽ ആദ്യത്തെ മൂന്നു സിനിമകളെയും മാറ്റിനിർത്തി ഇഷ്ക് എന്ന സിനിമയെ, അതിലെ സച്ചി എന്ന കഥാപാത്രത്തെ സവിശേഷമായി സമീപിക്കുകയാണ്.

മൂന്ന്​: ‘ഇഷ്​കി’ലെ സച്ചി

ഷ്ക് എന്നാൽ ഇഷ്ടം / പ്രണയം. എന്നാൽ ടാഗ് ലൈനിൽ ‘ഇതൊരു പ്രണയകഥയല്ല’ എന്ന് വ്യക്തമാക്കുന്നു (not a love story). ഈ വൈരുദ്ധ്യം രതീഷ് രവി തിരക്കഥയെഴുതി അനുരാജ് മനോഹർ സംവിധാനം ചെയ്ത ഇഷ്ക് ആദ്യന്തം വച്ചുപുലർത്തുന്നു. കാക്കനാട് ഐ.ടി പാർക്കിൽ ജോലിചെയ്യുന്ന സച്ചി എന്ന സച്ചിദാനന്ദൻ (ഷൈൻ നിഗം), അയാളുടെ കാമുകിയായ കോളേജ് വിദ്യാർത്ഥിനി വസുധ (ആൻ ശീതൾ). അവരുടെത് അതിതീവ്രമായ പ്രണയം തന്നെയാണ്. ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാൻ കഴിയാത്തത്ര അടുപ്പം. ആദ്യ സീനിൽത്തന്നെ പ്രേക്ഷകർ ഈ പ്രണയം അനുഭവിക്കുന്നു.

ഇഷ്ക് സിനിമയുടെ ടൈറ്റില്‍

സച്ചിയുടെയും വസുധയുടെയും നോട്ടത്തിലും ഭാവത്തിലും പ്രകടനത്തിലും പൂത്തുലഞ്ഞു നിൽക്കുന്നുണ്ട് പ്രണയം. അത് പരസ്പര വിശ്വാസത്തിൽ അധിഷ്ഠിതമാണ്. കാമത്തിൽ നിന്ന് വിടുതൽ ചെയ്യപ്പെട്ടതാണ്. (ഇത് പിന്നീട് വിശദീകരിക്കാം). തനിക്കൊരു പ്രണയമുണ്ടെന്ന് സച്ചി അമ്മയോട് പറയുന്നുണ്ട്. പക്ഷേ അമ്മയ്ക്കത് തമാശയാണ്. വിവാഹം ഉറപ്പിക്കപ്പെട്ട ഒരു ചേച്ചി കൂടിയുണ്ട് സച്ചിക്ക്. വസുധ ഹോസ്റ്റലിലാണ്. കോളേജ്, സമരം കൊണ്ട് പ്രക്ഷുബ്ധമായ ഒരു ദിവസം കൂട്ടുകാരനിൽ നിന്ന് കടം വാങ്ങിയ കാറുമായി സച്ചി വസുധയുമായി യാത്ര ചെയ്യുന്നു. ഹോസ്റ്റൽ വാർഡനെ വിളിച്ച് വീട്ടിൽ പോകുന്നു എന്ന കള്ളമാണ് വസുധ പറയുന്നത്. അവരുടെ യാത്ര പ്രേക്ഷകരുടെയും യാത്രയാണ്. ഇനിയങ്ങോട്ട് നിശ്ശബ്ദരായ, പ്രതികരിക്കണമെന്ന് കരുതിയാലും പ്രതികരിക്കാൻ കഴിയാത്ത ദൃക്സാക്ഷികൾ മാത്രമാണ് പ്രേക്ഷകർ.

മൂന്നു പകൽ, രണ്ടു രാത്രികൾ. അത്രയേയുള്ളൂ കഥാസമയം. എന്നാൽ സച്ചിയേയും വസുധയേയും സംബന്ധിച്ച്​ ആദ്യ പകലും ആദ്യ രാത്രിയും വളരെ പ്രധാനപ്പെട്ടതാണ്. അങ്ങനെ ഏറ്റവും ഇഷ്ടമുള്ള രണ്ടുപേർ, അനുരാഗികളായ രണ്ടുപേർ അവരുടേത് മാത്രമായ സമയങ്ങളിലൂടെ, ആരും ശല്യപ്പെടുത്താനില്ലാത്ത ഒരു ലോകത്തിലൂടെ യാത്ര ചെയ്യുന്നു. വസുധയുടെ മുഖസൗന്ദര്യത്തിൽ ആമഗ്നനാണ് സച്ചി. അതയാൾ പറയുന്നുമുണ്ട്. ആ രാത്രി അയാൾക്ക് വേണമെങ്കിൽ അവളെയും കൊണ്ട് ഏതെങ്കിലും ഹോട്ടൽ മുറിയിൽ തങ്ങാം. ശാരീരികബന്ധത്തിൽ ഏർപ്പെടാം. എന്നാൽ സച്ചിക്ക് അങ്ങനെയൊരു ഉദ്ദേശ്യമില്ല. അതിദീർഘമായ, നേരം പുലരുവോളമുള്ള ഡ്രൈവിംഗ്. പക്ഷേ വസുധ തന്റെ സ്വകാര്യ സ്വത്താണെന്ന ബോധം അയാൾക്കുണ്ട്. അവളെ മറ്റൊരാൾ നോക്കുന്നതു പോലും അയാൾക്കിഷ്ടമല്ല. അത്തരമൊരു 'കുറ്റം' ചെയ്ത ഒരാളോട് തട്ടിക്കയറുന്നുണ്ട് സച്ചി റെസ്റ്റോറന്റിൽ വച്ച്. ഇത് ഒരു സൂചനയാണ്. പക്ഷേ, ആ റസ്റ്റോറൻറ് രംഗത്തിൽ പ്രേക്ഷകർ അതിനത്ര പ്രാധാന്യം കൊടുക്കുന്നില്ല, വസുധയെപ്പോലെ.

രാത്രിയിൽ വെറുതെ കാറോടിച്ചു പോകവേ, എഫ്.എമ്മിൽ അവർ കേൾക്കുന്ന, പ്രേക്ഷകർ കേൾക്കുന്ന രണ്ട് പാട്ടുകളുണ്ട്. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ "മിഴിയോരം നനഞ്ഞൊഴുകും" , ജാലകം എന്ന സിനിമയിലെ "ഒരുദലം മാത്രം" എന്നീ പാട്ടുകൾ. രണ്ടും പ്രണയത്തിന്റെയും വിരഹത്തിന്റെയും സിനിമകളാണ്. രണ്ടാമത്തെ ഗാനത്തിന്റെ "തരള കപോലങ്ങൾ നുള്ളിനോവിക്കാതെ തഴുകാതെ ഞാൻ നോക്കി നിന്നു" എന്ന വരികളിലാണ് സംവിധായകൻ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നത്. വിശുദ്ധ പ്രണയത്തിന്റെ മാറാപ്പ്, കാമത്തിൽ നിന്ന് വിടുതൽ ചെയ്ത പ്രണയത്തിന്റെ മാറാപ്പ് സച്ചി തലയിലേറ്റാൻ തുടങ്ങുന്നു. വിവാഹം കഴിക്കാൻ തീരുമാനിച്ചവരാണവർ. വിവാഹപൂർവ ലൈംഗിക ബന്ധത്തിന് അതുകൊണ്ടുതന്നെ നീതികരണമുണ്ട്. പക്ഷേ സച്ചിയുടെയും വസുധയുടെയും പ്രണയം മാംസനിബന്ധമല്ല. അത്തരമൊരു നീതീകരണത്തിൽ പ്രേക്ഷകരും എത്തപ്പെടുന്നു. അതുകൊണ്ടുതന്നെ സദാചാരവാദികളായ പ്രേക്ഷകർക്ക് ഇനിയങ്ങോട്ട് സച്ചിയെയും വസുധയെയും പിന്തുണയ്ക്കാതെ വയ്യ. അത്തരമൊരു പിന്തുണ പ്രേക്ഷകരുടെ കയ്യിൽ നിന്ന്​ കിട്ടാനാണ് സംവിധായകൻ അവരുടെ പ്രണയത്തെ കാമത്തിൽ നിന്ന് മോചിപ്പിച്ചത്. ഇത് ഒരു തന്ത്രമാണ്. അല്ലെങ്കിൽ വലയാണ്. ആ വലയിൽ പ്രേക്ഷകർ കുടുങ്ങിക്കഴിഞ്ഞു.

പക്ഷേ, നിർഭാഗ്യവശാൽ സച്ചിയും വസുധയും പെടുന്ന ട്രാപ്പ്, ഭേദിക്കാൻ കഴിയാത്തതാണ്. ശ്വാസംമുട്ടിക്കുന്നതാണ്. രാത്രി ഒരു ആശുപത്രിയുടെ പാർക്കിംഗ് ഏരിയയിൽവച്ച്, കാർ പാർക്ക് ചെയ്ത് വസുധയോട് ഒരു ഉമ്മ ചോദിക്കുന്നുണ്ട് സച്ചി. ലിപ് ലോക്ക് അല്ല. തരളമായ പ്രണയത്തിന്റെ സ്നേഹചുംബനം. വസുധയ്ക്കും അതിൽ പ്രതിഷേധമില്ല. പക്ഷേ അവിടേക്ക് കടന്നുവന്ന ആൽവിൻ (ഷൈൻ ടോം ചാക്കോ) കാറിന്റെ ഗ്ലാസ്സിൽ മുട്ടുകയും മൊബൈൽ ക്യാമറ ഓണാക്കുകയും ചെയ്യുന്നു.

ഷൈന്‍ ടോം ചാക്കോ ഇഷ്കില്‍

സച്ചിക്ക് ഇതിൽ പ്രതിഷേധമുണ്ട്. എന്നാൽ ആൽവിൻ താനൊരു പോലീസുകാരനാണെന്ന് പറയുന്നു. അവിടം തൊട്ട് സച്ചി ദുർബലനും ആൽവിൻ ശക്തനുമായിത്തീരുന്നു. അയാളുടെ ശരീരഭാഷ ഒരു പോലീസുകാരന്റേതാണ്. സത്യത്തിൽ അയാൾ ആംബുലൻസ് ഡ്രൈവറാണ്. ഇക്കാര്യം സച്ചി മനസ്സിലാക്കുന്നത് ഒരു ദിവസംകൂടി കഴിഞ്ഞാണ്. പക്ഷേ ആൽവിന്റെ ഈ പ്രച്ഛന്നവേഷമാണ് സച്ചിയേയും വസുധയേയും മുൾമുനയിൽ നിർത്തുന്നത്. ആൽവിനെ സഹായിക്കാൻ മുകുന്ദൻ (ജാഫർ ഇടുക്കി) എത്തുന്നു. അതോടെ കാര്യങ്ങൾ വീണ്ടും സങ്കീർണ്ണമാകുന്നു. സച്ചിയെ പുറത്താക്കി വസുധക്കുമേൽ ആൽവിൻ കാറിൽ വച്ച് ലൈംഗികാക്രമണം നടത്തിയെന്ന് സച്ചിയും പ്രേക്ഷകരും വിശ്വസിക്കുന്ന ഒരു ഘട്ടമുണ്ട്. അപ്പോഴെല്ലാം നിസ്സഹായനായി നിൽക്കുന്ന സച്ചിയെ നമുക്കു കാണാം. ഇത് സച്ചിയെ അസ്വസ്ഥനാക്കുന്നതുപോലെ പ്രേക്ഷകരെയും അസ്വസ്ഥരാക്കും. ജീവിതത്തിൽ, ആണും പെണ്ണും ഒരുമിച്ചിരിക്കുന്നതിനെ ചോദ്യം ചെയ്യുന്ന, തുറിച്ചു നോക്കുന്ന, കായികമായി നേരിടുന്ന സദാചാരവാദിയായ ഒരു പ്രേക്ഷകൻ ഇവിടെ ഈ നിമിഷം ആൽവിനെ ഒന്ന് പൊട്ടിക്കാൻ ആഗ്രഹിക്കും. സച്ചി അങ്ങനെ ചെയ്യാത്തതിൽ നിരാശപ്പെടും.

തന്റെ കാമുകിയെ കാറിനുള്ളിൽ വച്ച് ആൽവിൻ എന്തു ചെയ്തു എന്ന ചോദ്യം സച്ചിയെ വല്ലാതെ കുഴക്കുന്നുണ്ട്. അടുത്ത പകലും രാത്രിയും അയാൾ അതിന്റെ സംഘർഷങ്ങൾ മുഴുവൻ അനുഭവിക്കുന്നു. ബാത്റൂമിൽ പതിവിൽ കൂടുതൽ സമയം അയാൾ ചെലവഴിക്കുന്നു. മറ്റുള്ളവരോട് ഇടപഴകുന്നില്ല. അമ്മയോട് തട്ടിക്കയറുന്നു. അങ്ങനെ ചുരുക്കം ചില സംഭവങ്ങളിലൂടെ സച്ചിയുടെ മനോവ്യഥ സംവിധായകൻ കാണിച്ചുതരുന്നു. എന്നിരുന്നാലും അയാൾ ഒരിക്കൽ പോലും വസുധയെ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കാനോ അവളെ ആശ്വസിപ്പിക്കാനോ ശ്രമിക്കുന്നില്ല. കാരണം, അയാളുടെ മനസ്സിൽ അവൾ പതിതയാണ്. ആൽവിൻ തൊട്ട, ചുംബിച്ച പെണ്ണാണ്. അവൾ ആഗ്രഹിക്കാതെ നടന്ന പ്രവൃത്തിയാണെങ്കിലും അയാൾക്ക് അവളോട് ക്ഷമിക്കാൻ വയ്യ. അയാളുടെ മനസ്സ് അതിന് സമ്മതിക്കുന്നില്ല.

പള്ളിപ്പെരുന്നാൾ നടക്കുന്ന ഒരു വൈകുന്നേരം സച്ചി ആൽവിനെ തേടി അയാളുടെ വീട്ടിലെത്തുന്നുണ്ട്. ആൽവിനെക്കൊണ്ടു തന്നെ അയാളുടെ ഭാര്യയുടെ മുന്നിൽവച്ച് ചെയ്ത തെറ്റിന് മാപ്പു പറയിപ്പിക്കാൻ അയാൾ ആഗ്രഹിക്കുന്നു. അന്നുരാത്രി സംഭവിച്ച കാര്യങ്ങൾ ആൽവിൻ പറഞ്ഞുതന്നെ അയാളുടെ ഭാര്യ അറിയണം. അത്തരം ഒരു പ്രതികാരമാണ്​ സച്ചി ആഗ്രഹിക്കുന്നത്. പ്രേക്ഷകരും അതാഗ്രഹിക്കുന്നുണ്ട്. അതിൽക്കൂടുതലായി അയാൾക്കറിയേണ്ടത് അന്ന് രാത്രി കാറിനുള്ളിൽ വച്ച് ആൽവിൻ വസുധയെ എന്തു ചെയ്തു എന്നതാണ്.

കാര്യങ്ങൾ സംഘർഷത്തിലേക്കെത്തുമെന്ന് കാണുമ്പോൾ സച്ചി ആൽവിന്റെ ഭാര്യയെയും എട്ടുവയസ്സോളം പ്രായമുള്ളമകളെയും ബന്ദികളാക്കുന്നു. ഈ പ്രവൃത്തിയുടെ അവസാനം അയാൾ അവരോട് മാപ്പ് പറയുന്നുണ്ട്. മുറിവുകളേറ്റ് നിസ്സഹായനായി എഴുന്നേൽക്കാൻ കഴിയാതെ സച്ചിക്ക് മുന്നിൽ ആൽവിൻ കിടക്കുമ്പോൾ "ഇത്രയെങ്കിലും ഞാൻ ചെയ്യേണ്ട ചേച്ചി" എന്നാണ് ആൽവിന്റെ ഭാര്യയോട് അയാൾ പറയുന്നത്. ഇവിടെ ആൽവിൻ വസുധയോട് ചെയ്തതിന്റെ മറ്റൊരു വേർഷനാണ് സച്ചി ആൽവിന്റെ ഭാര്യയോടും മകളോടും ചെയ്യുന്നത്. ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയാത്ത പ്രതികാരം. ആൽവിൻ എന്ന കഥാപാത്രത്തിൽ നിന്ന് വലിയ വ്യത്യാസമൊന്നുമില്ല സച്ചി എന്ന കഥാപാത്രത്തിന്. കാരണം സ്ത്രീ എന്താകണം, എന്തായിരിക്കണം എന്ന പുരുഷ പൊതുബോധത്തിന്റെ ഇരകൾ തന്നെയാണ് സച്ചിയും ആൽവിനും.

നാല്​: സദാചാര ആങ്ങളമാർക്കൊരടി

ലയാളി പുരുഷപൊതുബോധം സ്ത്രീ ലൈംഗികതയെ പരിചരിക്കുന്ന വിധം നാം ഇപ്പോഴെങ്കിലും ചർച്ച ചെയ്യുന്നുണ്ട്, തിരിച്ചറിയുന്നുണ്ട്. സ്വകാര്യമെന്ന് കരുതപ്പെടുന്ന പലതും സ്ത്രീകൾ ഉറക്കെ പറയുകയും നിലനിൽക്കുന്ന കപടപുരുഷ സദാചാര പൊതുബോധത്തെ വെല്ലുവിളിക്കുകയും ചെയ്യുന്നു, സിനിമയിലും ജീവിതത്തിലും. അത് ഉൾക്കൊള്ളാൻ പുരുഷ പൊതുബോധം പരിപക്വമായിട്ടില്ല. തന്റെ ഭാര്യ, കാമുകി പരിശുദ്ധയായിരിക്കണം, ചാരിത്ര്യശുദ്ധിയുള്ളവളായിരിക്കണം എന്ന പുരുഷ ബോധം / ബോധ്യം അതേപടി പിന്തുടരുന്ന കാമുകൻ / പുരുഷൻതന്നെയാണ് സച്ചി.

വില്ലൻ കഥാപാത്രമായി വരുന്ന, മലയാളി കപട സദാചാര ബോധത്തിന്റെ പ്രതിനിധിയായി വരുന്ന ആൽവിൻ, തന്റെ കാമുകിയായ വസുധയെ എന്താണ് കാറിനുള്ളിൽ വച്ച് ചെയ്തതെന്ന് വസുധയോടു തന്നെ ചോദിക്കുന്നുണ്ട്, രണ്ട് തവണയിൽ കൂടുതൽ സച്ചി എന്ന ഈ കഥാപാത്രം. ഈ ചോദ്യം മാത്രമാണ് അയാൾ ചോദിച്ചുകൊണ്ടിരിക്കുന്നത്. അവളെ ആശ്വസിപ്പിക്കാൻ അയാൾ ഒരിക്കലും തയ്യാറാകുന്നില്ല. വസുധയോടുള്ള സച്ചിയുടെ ഈ ചോദ്യമാണ്, അതിന്റെ ഉത്തരമാണ് ഈ സിനിമയെ വേറിട്ട സിനിമയാക്കുന്നത്. സ്ത്രീസ്വത്വബോധം പുരുഷന്റെ ഭുജശാഖ വിട്ട്​ വിഹായസ്സിൽ പറന്നുയരുകയും ഉത്തരങ്ങൾക്കല്ല ചോദ്യങ്ങൾക്കാണ് പ്രസക്തി എന്ന് പ്രേക്ഷകരോട് /പ്രേക്ഷകനോട് പറയുകയും ചെയ്യുന്നു. ആൽവിൻ തന്നെ ഉപദ്രവിച്ചിരുന്നുവെങ്കിൽ സച്ചി തന്നെ സ്വീകരിക്കുമോ എന്ന ചോദ്യം വസുധ ഉയർത്തുന്നുണ്ട്.

ആൽവിൻ തന്നെ വാചികമായും കായികമായും ആക്രമിക്കാൻ ശ്രമിക്കുമ്പോഴൊക്കെയും നിന്റെ ആണത്തം എവിടെപ്പോയി എന്നും വസുധ സച്ചിയെ ചോദ്യം ചെയ്യുന്നു. ആൽവിൻ, വസുധയെ ആക്രമിച്ചിട്ടില്ല എന്ന് സച്ചി തിരിച്ചറിയുന്ന ഒരു മുഹൂർത്തമുണ്ട്. അവന്റെ ഉള്ളിൽ ഊറിവരുന്ന ഒരു ചിരി, ആശ്വാസത്തിന്റെയും നിഷ്കളങ്കതയുടെയും ചിരിയാണെന്ന് പ്രേക്ഷകർ തെറ്റിദ്ധരിച്ചേക്കാം. നിഷ്കളങ്കത ഇവിടെ പ്രച്ഛന്നമാണ്. ഏതായാലും ഈ തിരിച്ചറിവിൽ നിന്നാണ് അവൻ വസുധയ്ക്ക് ജന്മദിന സമ്മാനം നൽകാൻ തീരുമാനിക്കുന്നത്. അവൻ നൽകുന്ന ജന്മദിനസമ്മാനം, സ്വർണമോതിരം (അത് വെഡ്ഡിംഗ് റിങുതന്നെയാണ്) അണിയുവാൻ മോതിര വിരലിനു പകരം നടുവിരൽ വസുധ സച്ചിക്കു നേരെ നീട്ടുകയാണ്. ഈ നടുവിരൽ നമസ്കാരത്തിൽ സച്ചിയുടെ മുഖം വിവർണമാകുമ്പോൾ പ്രേക്ഷകരുടെ മുഖവും വിവർണമാകുന്നു. കാമുകിയുടെ കൈയ്യിൽ നിന്ന് സച്ചിക്കു കിട്ടുന്ന ഈ അടി, നടുവിരൽ നമസ്കാരം, അതുവരെ തിയേറ്ററിലിരുന്ന്​ സച്ചിക്കുവേണ്ടി കയ്യടിച്ചവർക്കുകൂടി കിട്ടുന്ന അടിയായി, നടുവിരൽ നമസ്കാരമായിമാറുന്നു. അത് സദാചാര ആങ്ങളമാർക്കുള്ള അടിയായി മാറുന്നു.

അഞ്ച്​: മലയാളി പുരുഷൻ ഇന്ന്​ എവിടെ?

നിരതെറ്റിയതിനെ നിരയിലൊതുക്കാനാണ് പല്ലിൽ കമ്പിയിടുന്നത്. (സദാചാരബോധവും നിരതെറ്റി തന്നെയാണ് നിൽക്കുന്നത്). സച്ചിയുടെ പല്ലിൽ കമ്പിയുണ്ട്. ഭക്ഷണം ശരിക്കും ചവച്ചരച്ചുകഴിക്കാനും മറ്റും ഇത് ബുദ്ധിമുട്ടുണ്ടാക്കും. ദഹനക്കുറവ് സംഭവിക്കും. ഇങ്ങനെ ദഹിക്കാതെ കിടക്കുന്ന പലതും ചില സന്ദർഭങ്ങളിൽ പുറത്തുവരും. അത് പുരുഷബോധമാകാം, സദാചാരബോധമാകാം, സ്ത്രീ, ഭാര്യ, പെങ്ങൾ, കാമുകി എങ്ങനെ ആവണമെന്നുള്ള പൊതുബോധമാകാം.

ചാരിത്ര്യബോധമാകാം, പാതിവ്രത്യ ബോധമാകാം. ഇതെല്ലാം സച്ചി എന്ന പുരുഷന്റെ, കാമുകന്റെ ഉള്ളിൽ ദഹിക്കാതെ കിടക്കുന്നുണ്ട്. ആൽവിൻ നിന്നെ എന്തു ചെയ്തു എന്ന ചോദ്യം ആ ബോധത്തിൽ നിന്നാണ് ഉല്പാദിപ്പിക്കപ്പെടുന്നത്. അന്യ പുരുഷൻ തൊട്ട സ്ത്രീ പതിതയാണെന്ന പുരുഷബോധത്തിന്റെ ഇരയാണ് സച്ചി. ആ ഇരയെ തന്റെ നടുവിരൽ നമസ്കാരത്തിലൂടെ കാമുകിയായ വസുധ വേട്ടയാടുമ്പോൾ സച്ചിയോടൊപ്പം പ്രേക്ഷകരും വേട്ടയാടപ്പെടുന്നു. അതാണ് മുന്നേ ചൂണ്ടിക്കാണിച്ചത്. ലിംഗോദ്ധാരണശേഷിയിൽ അമിതാഹ്ലാദം കൊള്ളുന്ന മലയാളി പൗരുഷത്തിന്റെ ശിരസ്സ് വസുധയയുടെ മുന്നിൽ അറിയാതെ കുനിഞ്ഞുപോകുന്നു. സച്ചിയുടെ ശിരസ്സു പോലെ. പതിതയായ രാജിയെ സ്വീകരിച്ച അവളുടെ രാവുകളിലെ ബാബുവിൽ നിന്ന് നാൽപ്പതു വർഷം കഴിഞ്ഞ്, കാമുകിയിൽ നിന്ന് നടുവിരൽ നമസ്കാരം ലഭിച്ച ഇഷ്കിലെ സച്ചിയിലെത്തുമ്പോൾ, മലയാളി പുരുഷ കപട സദാചാരബോധം എവിടെയാണ്​ എത്തി നിൽക്കുന്നതെന്നോർത്ത് നമുക്ക് തലകുനിക്കേണ്ടി വരുന്നു.

Comments