ജാഫർ പനാഹിയോളം വളർന്ന ഇറാൻ ചലച്ചിത്രകാരന്മാരില്ല എന്നുപറയുന്നത് പല കാരണങ്ങളാലാണ്. പനാഹിയെക്കാളും കലാപൂർണതയുള്ള സിനിമകൾ ചെയ്ത സംവിധായകരുണ്ടാകാം ഇറാനിൽ. എന്നാൽ, ഇറാനിലെ സിനിമയുടെ സ്വഭാവത്തെത്തന്നെ അട്ടിമറിച്ച മറ്റൊരു സംവിധായകനുമില്ല.
ഇറാനിൽ നിങ്ങൾക്ക് ഒരു സിനിമ നിർമിക്കണമെങ്കിൽ അധികാരികളുടെ കർശനമായ നിയന്ത്രണങ്ങളിലൂടെ പലകുറി കടന്നുപോകേണ്ടതുണ്ട്. കഥയും തിരക്കഥയും പരിശോധിച്ചു മാത്രമേ സിനിമയെന്ന സ്വപ്നത്തിന്റെ ആദ്യപടി കയറാൻ അനുവദിക്കൂ. അതിനകത്തുനിന്നുകൊണ്ടുള്ള കളിയിലൂടെയും ഇറാൻ സിനിമകൾ നമ്മെ വിസ്മയിപ്പിച്ചിട്ടുണ്ട് എന്നത് മറ്റൊരു കാര്യം.
എന്നാൽ വീട്ടുതടങ്കലിലും കർശനനിരീക്ഷണത്തിലും തടവറയിലും കഴിയുമ്പോൾ സിനിമയുടെ നാളിതുവരെയുള്ള ഘടനയെയും ഭാഷയെയും പൊളിച്ചെറിഞ്ഞ്അതിനെ നിതാന്തപരീക്ഷണത്തിന്റെ ഉപാധിയാക്കി തന്റെ പ്രതിഭയെ അടയാളപ്പെടുത്തിയ ജാഫർ പനാഹി സിനിമയെ ഒരു രാഷ്ട്രീയ ഉപകരണമാക്കി പരിവർത്തിപ്പിച്ചു. ആർക്കും തടഞ്ഞുനിർത്താൻ കഴിയാത്ത സർഗ്ഗാത്മകതയുടെ ആവിഷ്‌കാരത്തിന്റെ മാറുവാക്കാണ് ജാഫർ പനാഹി എന്ന പേര്.
തടവറയിലിടാൻ കഴിയാത്ത പ്രതിഷേധത്തിന്റെ, അടച്ചുവെക്കാൻ കഴിയാത്ത രോഷാഗ്‌നിയുടെ, ഭാവനചെയ്യാൻ ചെയ്യാൻ കഴിയുന്ന പരിധിയില്ലാത്ത പ്രമേയങ്ങളുടെ പുതിയകാലത്തെ ചിഹ്നമായി അദ്ദേഹം മാറിയിരിക്കുന്നു. ഇങ്ങനെയും സിനിമകൾ വിഭാവനം ചെയ്യാൻ കഴിയും എന്ന് ഓരോ തവണയും അദ്ദേഹം ലോകത്തെ വിസ്മയിപ്പിക്കുന്നു. ഏകാന്തതയിൽ തന്നോട് സംസാരിക്കുന്നതുപോലും സിനിമയാക്കി മാറ്റാൻ കഴിയുന്നു. ഒന്നായി, പലതായി, പലരായി മാറിമാറിവന്നു കഥപറയുന്നു. പറയുന്ന കഥ സിനിമയായി മാറുന്നു. ഡോക്യുമെന്ററി, ഫിക്ഷൻ എന്നിങ്ങനെയുള്ള അതിരുകൾ പ്രതിഭയുടെ കുത്തൊഴുക്കിൽ മാഞ്ഞുപോകുന്നു. അതുകൊണ്ടാണ് ജാഫർ പനാഹിയുടെ സിനിമകൾക്ക് ലോകത്തെങ്ങും ചുവന്ന പരവാതാനിയിൽ സ്വീകരണം ലഭിക്കുന്നത്. തടവറയിലിടാൻ കഴിയാത്ത മനുഷ്യസ്വാതന്ത്ര്യത്തിന്റെ പ്രഖ്യാപനമെന്നോണം അതിനോട് ചലച്ചിത്രപ്രേമികൾ ചേർന്നുനിൽക്കുന്നത്.
നിലനിൽക്കുന്ന ഭരണകൂടത്തിന്റെ തെരഞ്ഞെടുപ്പ് അട്ടിമറി രീതികളെ വിമർശിച്ചതിന് 2009 ൽ, 20 വർഷത്തെ ചലച്ചിത്രനിർമാണനിരോധനം ഉൾപ്പെടെയുള്ള കഠിനമായ ശിക്ഷകൾ അദ്ദേഹത്തിന് ഇറാനിൽ വിധിക്കുന്നുണ്ട്. പനാഹിയുടെ യഥാർത്ഥ ശിക്ഷയിൽ ആറ് വർഷത്തെ കഠിനതടവും ഉൾപ്പെട്ടിരുന്നു. ലോകത്താകമാനമുള്ള ചലച്ചിത്രപ്രവർത്തകരും മനുഷ്യാവകാശപ്രസ്ഥാനങ്ങളും ഒബാമ അടക്കമുള്ള ഭരണാധികാരികളും പനാഹിക്ക് നൽകിയ ശിക്ഷയെ കടുത്ത ഭാഷയിൽ അപലപിച്ചു. തുടർന്ന് ഇറാൻ ഭരണകൂടം അത് വീട്ടുതടങ്കലിലാക്കി ചുരുക്കി. പനാഹിയുടെ പാസ്പോർട്ട് വർഷങ്ങൾക്കുമുമ്പ് കണ്ടുകെട്ടിയെങ്കിലും, വിദേശത്തേക്ക് പോകാനും അവിടെ ഒരു കരിയർ കെട്ടിപ്പടുക്കാനും തനിക്കാഗ്രഹമില്ലെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. ഏകാന്തതയിലും തടവിലും രഹസ്യമായി അദ്ദേഹം സിനിമകൾ നിർമിക്കുന്നത് പലവഴികളിലൂടെ തുടർന്നു.
‘ഇതൊരു സിനിമയല്ല' (This is Not a Film- 2011) എന്ന ചിത്രത്തിലൂടെ പനാഹി തകർത്തത് തന്റെ തടവറയെ മാത്രമല്ല; താനടക്കം അതുവരെ ചെയ്തുവന്ന സാമ്പ്രദായിക ചലച്ചിത്രനിർമാണരീതി കൂടിയാണ്. തനിച്ചുകഴിയുന്ന തന്റെ ദിവസങ്ങളെ അദ്ദേഹം ക്യാമറയുപയോഗിച്ച് ഷൂട്ട് ചെയ്യുന്നു. തന്റെ ക്യാമറാമാനെ വിളിച്ചുവരുത്തി താൻ തയ്യാറാക്കിയ പുതിയ തിരക്കഥ എങ്ങനെയാണ് ചിത്രീകരിക്കാൻ പോകുന്നത് എന്നയാൾക്ക് കാട്ടികൊടുക്കുന്നു.
വീട്ടിലെ കാർപ്പറ്റിൽ തന്റെ നായികയായ മറിയത്തിന്റെ വീട് ഒരു ടേപ്പ് ഉപയോഗിച്ച് അടയാളപ്പെടുത്തി, രംഗങ്ങൾ വിശദീകരിച്ച് നൽകുന്നു. മറിയത്തിന്റെ വീടിന്റെ പുറത്തെ, തന്റെ വീടിന്റെ പുറമായിക്കണ്ട് മൊബൈലിൽ ചിത്രീകരിച്ച ഭാഗങ്ങൾ ചൂണ്ടിക്കാട്ടുന്നു. തന്റെ തന്നെ സിനിമകൾ വീട്ടിലെ ടെലിവിഷനിൽ പ്രദർശിപ്പിച്ച് അതിനെ ഇതോടു ബന്ധിപ്പിക്കുന്നു. തെരുവിലെ കലാപത്തിലേക്കിറങ്ങിപ്പോകുന്ന മനുഷ്യരെ കാട്ടി അതവസാനിക്കുന്നു. ഈ ചിത്രം ഒരു പെൻഡ്രൈവിലാക്കി ഒരു പിറന്നാൾ കേക്കിലൊളിപ്പിച്ച് കാൻ ഫെസ്റ്റിവലിൽ എത്തിക്കുന്നു. കാനിൽ ആ പെൻഡ്രൈവിന് റെഡ് കാർപറ്റ് സ്വീകരണം ലഭിക്കുന്നു. സിനിമയുടെ പ്രത്യേക പ്രദർശനം നടക്കുന്നു. ആ വർഷത്തെ ഏറ്റവും മികച്ച സിനിമയായി സൈറ്റ് & സൗണ്ട് അടക്കമുള്ള പ്രസിദ്ധീകരണങ്ങളും നിരവധി സ്ഥാപനങ്ങളും ‘This is Not a Film' നെ തെരഞ്ഞെടുക്കുന്നു. അവിശ്വസനീയമാണ് സിനിമയുടെ വഴികളെന്ന് നമ്മൾ ഒരിക്കൽ കൂടി അറിയുന്നു.
2013 ൽ തടവിൽ കഴിഞ്ഞുകൊണ്ടുതന്നെ പനാഹി അടുത്തചിത്രവും എടുക്കുന്നു; ‘ക്ലോസ്ഡ് കർട്ടൻ'. പ്രതീകാത്മകമായി ഇറാനിലെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങൾ അവതരിപ്പിക്കുകയാണ് ഈ ചിത്രവും. പട്ടികളെ അശുദ്ധമായി പ്രഖ്യാപിച്ച് അവയെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന സാഹചര്യത്തിൽ തന്റെ പ്രിയപ്പെട്ട പട്ടിയുമായി പനാഹിയുടെ വില്ലയിലെത്തുന്ന എഴുത്തുകാരനും, വീട്ടിലഭയം തേടുന്ന ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരിയുമാണ് ഈ ചിത്രത്തിലുള്ളത്.
എഴുത്തുകാരൻ എഴുതുന്ന തിരക്കഥയിലെ കഥാപാത്രങ്ങളാകാം അവർ. അതെല്ലാം പനാഹി ഒരുക്കുന്ന സിനിമയിലെ കഥാപാത്രങ്ങളും ആകാം. പനാഹി ഒരു സംവിധായകനായി സിനിമയിൽ പ്രത്യക്ഷപ്പെടുന്നു. ഇവർ തമ്മിൽ ചിലപ്പോൾ നടക്കുകയും മറ്റുചിലപ്പോൾ നടക്കാതെയും പോകുന്ന ആശയവിനിമയങ്ങളും ടെലിവിഷൻ സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്ന വാർത്തകളും പനാഹിയുടെയും ഷൂട്ടിംഗ് ക്രൂവിന്റെയും സാന്നിധ്യങ്ങളും എല്ലാം ചേർന്ന് ഒരു സർറിയലിസ്റ്റിക് ലോകം സൃഷ്ടിക്കപ്പെടും. മൊബൈൽ ഫോണുകളിലും മറ്റുമായാണ് സിനിമ ചിത്രീകരിച്ചത്. പ്രീമിയർ ചെയ്ത ബർലിനിൽ സിൽവർ ബിയർ പുരസ്‌കാരം ‘ക്ലോസ്ഡ് കർട്ടൻ' നേടി.
2015 ൽ പുറത്തുവന്ന ‘ടാക്‌സി', ലോകത്തെ അമ്പരപ്പിച്ച പനാഹി സിനിമയാണ്. എല്ലാ വശങ്ങളിലും ക്യാമറ പിടിപ്പിച്ച ഒരു ടാക്‌സിയുമായി തെഹ്റാനിലെ തെരുവുകളിലൂടെ സഞ്ചരിക്കുന്ന പനാഹിയും ആ ടാക്‌സിയിൽ കയറുന്ന മനുഷ്യരും അവിചാരിതമായി ടാക്‌സിയിലുണ്ടാകുന്ന സംഭവങ്ങളും എന്ന നിലയിൽ വിഭാവനം ചെയ്യപ്പെട്ട ചിത്രമാണിത്.
ഒരു പ്രതിഭാശാലിയായ സംവിധായകന് സിനിമ നിർമിക്കാൻ ഭാവന മാത്രമാണ് മുഖ്യമായും വേണ്ടത് എന്ന് വളരെ പരിമിതമായ വിഭവങ്ങളിലും സാഹചര്യങ്ങളിലും നിന്നുകൊണ്ട് പനാഹി ഈ ചിത്രത്തിലും ലോകത്തിന് കാട്ടിക്കൊടുത്തു. ഇറാനിലെ സാമൂഹികവ്യവസ്ഥയെക്കുറിച്ച് ടാക്‌സിയിൽ കയറുന്ന സ്ത്രീകളും പുരുഷന്മാരും തർക്കിക്കുന്നു. ബന്ധങ്ങളുടെ അടിസ്ഥാനം വിശകലനം ചെയ്യപ്പെടുന്നു. വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ഏറ്റുമുട്ടുന്നു. നിരവധി രംഗങ്ങളിലൂടെ പനാഹിയും അദ്ദേഹത്തിന്റെ ടാക്‌സിയും നീങ്ങിക്കൊണ്ടിരിക്കുന്നു. ടാക്‌സിയിൽ കയറുന്ന പനാഹിയുടെ മരുമകൾ ഹന്നയ്ക്ക്, സ്‌കൂളിൽ നിന്ന് കിട്ടിയ സാദാചാരപരമായ സിനിമയെടുക്കാനുള്ള പ്രോജക്റ്റിനെക്കൂടി പനാഹി ഈ ചിത്രത്തിന്റെ ആഖ്യാനത്തിനായി പ്രയോജനപ്പെടുത്തുനുണ്ട്. സിനിമയ്ക്ക് ബർലിനിൽ ഗോൾഡൻ ബെയർ പുരസ്‌കാരം ലഭിച്ചപ്പോൾ രാജ്യം വിട്ടുപോകാൻ അനുവാദമില്ലാത്ത പനാഹിക്കുപകാരം ഹന്നയാണ് പൊട്ടിക്കരഞ്ഞ് ആ ഉന്നത പുരസ്‌കാരം അദ്ദേഹത്തിനായി ഏറ്റുവാങ്ങിയത്.
2018 ൽ പനാഹി നിർമ്മിച്ച ‘ത്രീ ഫേസസ്' കാനിൽ പാം ദി ഓറിനുള്ള മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടുകയും ചെയ്തിരുന്നു. അത്ഭുതകരമായ ഒരു കഥാന്തരീക്ഷത്തെ വിഭാവനം ചെയ്തതുതന്നെയാണ് ഈ സിനിമയെയും പ്രാഥമികമായി ശ്രദ്ധേയമാക്കുന്നത്. പനാഹി ഈ ചിത്രത്തിലും താനായിത്തന്നെ പ്രത്യക്ഷപ്പെടുകയാണ്.
ചലച്ചിത്രതാരമായ ബെഹ്നാസ് ജാഫറിയും സിനിമയിൽ അവരായിത്തന്നെ എത്തുന്നുണ്ട്. ബെഹ്നാസിന് അജ്ഞാതയായ ഒരു പെൺകുട്ടി താൻ ആത്മഹത്യചെയ്യാൻ പോകുന്നതിന്റെ രംഗം മൊബൈലിൽ അയച്ചുകൊടുക്കുകയും പഠിക്കാനായി തന്നെ പുറത്തുപോകാൻ അനുവദിക്കാത്ത യാഥാസ്ഥിതിക കുടുംബത്തിൽ നിന്ന് രക്ഷപ്പെടുത്താൻ അഭ്യർത്ഥിക്കുകയും ചെയ്യുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. സംവിധായകനായ ജാഫർ പനാഹിയെയും കൂട്ടി അവർ ആ പെൺകുട്ടിയുടെ ഗ്രാമത്തിലേക്ക് നടത്തുന്ന യാത്രയാണ് ഈ സിനിമ. ഇറാന്റെ ഗ്രാമീണമായ സംസ്‌കാരത്തിന്റെ, കലകളുടെ ലളിതജീവിതത്തിന്റെ സമ്പന്നത ബോധ്യപ്പെടുന്നതിനൊപ്പം പനാഹിക്കും പ്രേക്ഷകർക്കും ഗ്രാമങ്ങളിൽ നിലനിൽക്കുന്ന യാഥാസ്ഥിതികചിന്തയുടെ ആഴങ്ങൾ ബോധ്യപ്പെടുകയും ചെയ്യും.
പനാഹിയുടെ ഏറ്റവും പുതിയ സിനിമ ‘നോ ബെയേർസും' (2022) തുർക്കി- ഇറാൻ അതിർത്തി ഗ്രാമത്തിലാണ് നടക്കുന്നത്. രണ്ടു പ്രണയങ്ങളാണ് ഈ സിനിമയെ ആത്യന്തം സംഘർഷത്തിൽ നിലനിർത്തുന്നത്. പനാഹി ഒളിഞ്ഞിരുന്ന് സിനിമ ചിത്രീകരിക്കാൻ ഒരു കൊച്ചുവീട് തരപ്പെടുത്തി. ഇപ്പോൾ താമസിക്കുന്ന കുഗ്രാമാത്തിലാണ് അതിലെ ഒരു പ്രണയം അരങ്ങേറുന്നത്.
പ്രാദേശിക ആചാരപ്രകാരം ജനനസമയത്ത് വിവാഹനിശ്ചയം ചെയ്തതിന്റെ പേരിൽ ഒരു പെൺകുട്ടിയിൽ അവകാശമുന്നയിക്കുന്ന ഒരാളും അവൾ യഥാർത്ഥത്തിൽ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന ആളും തമ്മിലുള്ള സംഘർഷമാണ് അവിടെ നടക്കുന്നത്. മറ്റൊന്ന്, അദ്ദേഹം ഇന്റർനെറ്റ് വഴി നിർദ്ദേശം കൊടുത്ത് ചിത്രീകരിക്കുന്ന സിനിമയിലെ കഥാപാത്രങ്ങൾക്കിടയിലും.
വിശ്വാസങ്ങൾ, അവയുടെ പൊള്ളത്തരങ്ങൾ, ഗ്രാമങ്ങളിലെ മനുഷ്യരുടെ സ്‌നേഹം, ഒപ്പംതന്നെ അവരുടെ കടുത്ത ആചാരങ്ങൾ - ഇതിനൊക്ക നടുവിലാണ് പനാഹി ഗ്രാമത്തിൽ കഴിയുന്നത്. അതിർത്തി ആണ് സിനിമയിലെ പ്രധാനരൂപകമായി പ്രവർത്തിക്കുന്നത്. ആത്യന്തികമായി പനാഹിയും അദ്ദേഹത്തിന്റെ ചുറ്റുമുള്ളവരും കഥാപാത്രങ്ങളും അന്വേഷിക്കുന്നത് സ്വാതന്ത്ര്യത്തിലേക്കുള്ള അപകടകരമായ ചില വഴികളാണ്.
‘നോ ബെയേർസ്' പൂർത്തീകരിച്ച ഉടനെയാണ് പനാഹി വീണ്ടും അറസ്റ്റ് ചെയ്യപ്പെടുന്നത്. 2020 ൽ ബർലിൻ മേളയിൽ ‘ദേർ ഈസ് നോ ഈവിൾ' എന്ന ചിത്രത്തിന് ഗോൾഡൻ ബെയർ സമ്മാനം നേടിയ ഇറാൻ സംവിധായകൻ മൊഹമ്മദ് റസൂലോഫിന്റെയും അയാളുടെ സഹപ്രവർത്തകൻ മുസ്തഫാ അലി അഹമ്മദിന്റെയും കേസ് എന്തായെന്നറിയാൻ പ്രോസിക്യൂട്ടറുടെ ഓഫീസിൽ ചെന്നപ്പോഴാണ് പനാഹിയെ അറസ്റ്റു ചെയ്തത്. ഈ വർഷം മെയ് 23 ന് അബാദാനിലെ മെട്രോപോൾ എന്ന പത്ത് നിലയുള്ള കെട്ടിടം തകർന്ന് 43 പേർ മരിക്കാനിടയായ സംഭവത്തിനെതിരെ ഇറാനിൽ വ്യാപക പ്രതിഷേധമുണ്ടായിരുന്നു. ദുരന്തത്തിന് കാരണക്കാരായ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രകടനങ്ങൾ. കണ്ണീർവാതക പ്രയോഗവും അറസ്റ്റും കൊണ്ട് പൊലീസ് അവയെ നേരിട്ടു.
‘അഴിമതി, കൊള്ള, കാര്യക്ഷമതയില്ലായ്മ, അടിച്ചമർത്തൽ ഇവയുടെ പശ്ചാത്തലത്തിൽ സുരക്ഷാ ഭടന്മാർ ആയുധം താഴെ വെക്കണം' എന്ന് റസൂലോഫിന്റെ നേതൃത്വത്തിൽ ഇറാനിലെ ഒരു സംഘം ചലച്ചിത്രകാരന്മാർ ഒരു തുറന്ന കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇതായിരുന്നു ഇവരെ അറസ്റ്റു ചെയ്യുന്നതിലേക്കും ആറുവർഷത്തെ തടവിന് വിധിക്കുന്നതിലേക്കും സർക്കാരിനെ നയിച്ചത്. പനാഹിയും സുഹൃത്തുക്കളും ഇപ്പോഴും ജയിലിൽ കഴിയുകയാണ്.
‘നോ ബെയേർസ്’വെനീസ് ഫെസ്റ്റിവലിൽ പ്രീമിയർ ചെയ്യുന്നതിന് മുമ്പായി മുഴുവൻ ചലച്ചിത്രപ്രവർത്തകരും ‘പനാഹിയെയും സഹപ്രവർത്തകരെയും വിട്ടയക്കുക' എന്ന പ്ലക്കാർഡുമായി റെഡ് കാർപറ്റിൽ നടത്തിയ ഫ്ലാഷ് മോബ് വൈകാരികാനുഭവമായിരുന്നു. അതിപ്രശസ്തമായ അനേകം ചിത്രങ്ങളിലൂടെ ലോകമെമ്പാടുമുള്ള കലാസ്‌നേഹികളുടെ ആദരവുനേടിയ പനാഹിയേയും അന്താരാഷ്ട്ര പുരസ്‌കാരങ്ങൾ നേടിയ റസൂലോഫിനെയും സഹപ്രവർത്തകരെയും വിട്ടയക്കണമെന്ന ലോകചലച്ചിത്ര സമൂഹത്തിന്റെ ആവശ്യത്തിനൊപ്പം ചേരുന്നതിനു കൂടിയാണ് ‘നോ ബെയേർസി'ന്റെ പ്രദർശനത്തിന് എത്തിച്ചേരേണ്ടത്.