IFFK-യിൽ പ്രദർശിപ്പിക്കുന്ന എന്റെ മൂന്നാമത്തെ സിനിമയായ പാത്ത് ഒരു മോക്യുമെന്ററിയാണ് (mockumentary). സിനിമാറ്റിക് പരീക്ഷണം എന്ന നിലയിലാണ് ഈ സിനിമ ചെയ്തിരിക്കുന്നത്. അഭിനേതാക്കളെല്ലാം പുതുമുഖങ്ങളാണ് എന്നതാണ് പ്രധാന പ്രത്യേകത.
IFFK എന്ന ലക്ഷ്യത്തിലാണ് സിനിമ ചെയ്യുന്നത്. സംസ്ഥാന സർക്കാറിന്റെ അവാർഡ് ലഭിച്ചശേഷം, രേഖ എന്ന സിനിമ ചർച്ച ചെയ്യപ്പെട്ടു. തിയേറ്ററിലെത്തുന്നതിനുമുമ്പ് രേഖ IFFK-യിലേക്ക് അയച്ചിരുന്നുവെങ്കിലും തെരഞ്ഞെടുക്കപ്പെട്ടില്ല. അപ്പോൾ മുതലുള്ള ആഗ്രഹമായിരുന്നു അടുത്ത സിനിമ IFFK വേദിയിൽ പ്രദർശിപ്പിക്കണമെന്നത്. അതിനുവേണ്ടിതന്നെ ചെയ്ത സിനിമയാണ് പാത്ത്.
‘രേഖ’ എന്ന സിനിമയുടെ കാര്യത്തിൽ ഞാനടക്കമുള്ള ക്രൂവിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് തിയേറ്ററുകൾ കിട്ടാതെ വന്നതിന്റെ കാരണം.
സിനിമയെ വളരെ ഗൗരവത്തോടെ കാണുന്നവരാണ് IFFK-യിലെത്തുന്നത്. സിനിമയുടെ അത്തരമൊരുത്സവത്തിൽ എന്റെ സിനിമയും തെരഞ്ഞെടുക്കപ്പെടുന്നത്, അത്രയും ഗംഭീര പ്രേക്ഷകർക്കിടയിൽ അത് പ്രദർശിപ്പിക്കുന്നത് ഏറെ അഭിമാനകരവുമാണ്. കാരണം, അവിടെ പ്രേക്ഷകരുടെ വിലയിരുത്തലുകൾ നേരിട്ടറിയാം. നല്ലതാണെങ്കിൽ നല്ലതെന്ന് പറയും, അല്ലെങ്കിൽ അതും തുറന്നുപറയും. ഒരു സംവിധായകന്റെ മുന്നോട്ടുള്ള പോക്കിനെ അത് വളരെയധികം സഹായിക്കും. അത്തരമൊരു വേദിയിൽ അതിഥിയായി പോവുക, നമ്മുടെ സിനിമകൾ ഗൗരവത്തോടെ ചർച്ച ചെയ്യപ്പെടുക എന്നിവയെല്ലാം സംവിധായകൻ എന്ന നിലയിൽ ഏറെ പ്രധാനമാണ്.
സ്ഥിരമായി IFFK-യിൽ പങ്കെടുക്കുന്ന ആളല്ല ഞാൻ. ആദ്യ സിനിമയായ അറ്റൻഷൻ പ്ലീസ് പ്രദർശിപ്പിച്ച വർഷമാണ് മേളയിൽ ആദ്യമായി പങ്കെടുക്കുന്നത്. അപ്പോൾ മുതൽ IFFK-ക്കുവേണ്ടി എല്ലാ വർഷവും ഒരു സിനിമ ചെയ്യണമെന്ന ആഗ്രഹമുണ്ടായിരുന്നു. അങ്ങനെയാണ് എന്റെ രണ്ട് സിനിമകളും സംഭവിക്കുന്നത്.
കല എന്ന നിലയിൽ മാത്രമാണ് ഞാൻ സിനിമയെ സമീപിക്കുന്നത്. സംവിധായകരെയോ എഴുത്തുകാരെയോ സംബന്ധിച്ച് അവരുടെ സൃഷ്ടികളിൽ തങ്ങളുടെ രാഷ്ട്രീയം പ്രതിഫലിക്കും, അത് നിർബന്ധപൂർവം ചെയ്യേണ്ടതില്ല. ഫിലിം മേക്കറുടെ രാഷ്ട്രീയം സിനിമയിൽ കാണാൻ കഴിയും. ഞാൻ ചെയ്യുന്ന സിനിമകളിലും അത് കാണാം. അതല്ലാതെ നിർബന്ധപൂർവം രാഷ്ട്രീയം പറഞ്ഞ്, സിനിമകൊണ്ട് വലിയ മാറ്റം സൃഷ്ടിക്കാം എന്ന ധാരണയൊന്നും എനിക്കില്ല.
തിയേറ്ററിനുവേണ്ടിക്കൂടി സിനിമ ചെയ്യാനാഗ്രഹിക്കുന്നയാളാണ് ഞാൻ. രേഖ അങ്ങനെ ചെയ്ത സിനിമയായിരുന്നു. എന്നാൽ, കൊമേഴ്സ്യൽ വിജയമായില്ല. ആ സിനിമക്ക് തിയേറ്റർ പോലും കിട്ടിയില്ല. സിനിമ നെറ്റ്ഫ്ലിക്സിലെത്തിയശേഷമാണ് ചർച്ച പോലുമായത്. സിനിമയുടെ കാര്യത്തിൽ ഞാനടക്കമുള്ള ക്രൂവിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് തിയേറ്ററുകൾ കിട്ടാതെ വന്നതിന്റെ കാരണമെന്ന് തോന്നുന്നു. പ്രൊമോഷൻ കൃത്യമായി നടത്താത്തതായിരുന്നു അതിന്റെ പ്രധാന കാരണം. IFFK വേദിയിലൂടെ സിനിമ കൂടുതൽ ആളുകളിലേക്ക് എത്തും. സിനിമാ ഗ്രൂപ്പുകളിലുണ്ടാകുന്ന ചർച്ചകളുടെ ഗുണം സിനിമക്ക് ലഭിക്കുക തന്നെ ചെയ്യും.
കൊമേഴ്സ്യൽ സിനിമകളും ചെയ്യാനാഗ്രഹിക്കുന്നയാളാണ് ഞാൻ. സാമ്പത്തിക ഭദ്രതക്ക് അത്തരം സിനിമകൾ അനിവാര്യമാണ്. അത്തരമൊരു സിനിമ ചെയ്യുന്നതിനിടെയുണ്ടായ കാലതാമസം മൂലമാണ് ആ ഇടവേളയിൽ ‘പാത്ത്’ ചെയ്യാൻ സാധിച്ചത്.
ഈ വർഷം എനിക്ക് ഒരുപാടിഷ്ടപ്പെട്ട ഒരു സിനിമയാണ് മെയ്യഴകൻ. അതിലെ സംഭാഷണങ്ങളാണ് എന്നെ സിനിമയോട് കൂടുതൽ അടുപ്പിച്ചത്. മലയാളത്തിൽ കൂടുതൽ ഇഷ്ടപ്പെട്ടത് കിഷ്‌കിന്ധാകാണ്ഡമാണ്. ആ സിനിമാസമീപനം വ്യത്യസ്തമായാണ് അനുഭവപ്പെട്ടത്.
▮
IFFK-യിലെ ‘പാത്ത്’ ഷെഡ്യൂൾ:
15.12.2024: Sree
17.12.2024: New 1
19.12. 2024: Ajanta