അധികാരാനന്തരം വന്നുചേരുന്ന മനുഷ്യാവസ്ഥയുടെ പരിണാമത്തിന് എത്രയോ ഉദാഹരണങ്ങളുണ്ട് ചരിത്രത്തിലുടനീളം. അധികാരോഹണം അവന്റെ തന്നെ ഭൂതകാലത്തിനുപോലും പിടികിട്ടാത്ത തരത്തിൽ വഴിമാറിപ്പോകുന്ന അവസ്ഥാവിശേഷങ്ങളും അനുഭവവും നമ്മൾക്ക് ചുറ്റിലുമുണ്ട്, നമ്മളിലും. അതിന് ഹിറ്റ്‌ലറെ തേടിപ്പോകേണ്ടതില്ല എന്നുതോന്നുന്നു. ബാൽ താക്കറെയുടെ യൗവ്വനകാലത്തെ സൗമ്യഭാവത്തെയും സൗമനസ്യങ്ങളെയുംകുറിച്ച് അദ്ദേഹം കാർട്ടൂണിസ്റ്റായിരുന്ന കാലം ഓർത്ത് സഹപ്രവർത്തകനായിരുന്ന ടി.ജെ.എസ്. ജോർജ് ഘോഷയാത്രയിലെഴുതി.
മാക്‌ബെത്തിന്റെ സ്‌കോട്ടിഷ് രൂപഘടനയ്ക്ക് അധികം ദൂരത്തല്ലാതെ ഐറിഷ് പ്രവിശ്യയിൽ വിപ്ലവാനന്തരം അധികാരവും മൂപ്പിളമതർക്കവും എങ്ങനെ ഒരു വിമോചന പ്രസ്ഥാനത്തെയാകെ മാറ്റിമറിക്കുന്നുവെന്ന് കെൻ ലോച്ചിന്റെ സിനിമ പറയുന്നുണ്ട്, ബാർളിപ്പാടത്തെ ഉലയ്ക്കുന്ന കാറ്റിന്റെ കഥയിലൂടെ. ഒരുമിച്ച് പോരാടിയ സഖാക്കൾ അധികാരം കൈവരുന്നതോടെ രണ്ട് തട്ടുകളിലേക്ക് മാറിപ്പോകുകയും അധികാരം നിലനിർത്തേണ്ടതിലെ യുക്തിയെ അവർ മാറ്റി നിർ വചിക്കുകയും ചെയ്യുന്നതിലെ ആസന്നതയെ കെൻ ലോച് കാണിച്ചുതരുന്നുണ്ട് ആ ചിത്രത്തിലൂടെ. മാക്‌ബെത്തിൽ നിന്ന് ആശയപ്രചോദനം ഉൾക്കൊണ്ട് സൃഷ്ടിച്ച സിനിമയായ ദിലീഷ് പോത്തന്റെ ജോജിയുടെ നരേറ്റീവും അധികാരത്തെക്കുറിച്ചുതന്നെയാണ്. അത് സംഭവിക്കുന്നത് മണിമലയാറിന്റെ കരയിലെ പച്ചപ്പുള്ള പ്രശാന്തതകൾക്കിടെയാണെന്നുമാത്രം. അപ്പനെന്ന അധികാരബിംബത്തിലൂടെ മക്കളും അവരുടെ ജീവിതാസക്തിയും സൃഷ്ടിക്കുന്ന കൊച്ചു ട്രെമറുകളിലൂടെ നീങ്ങുന്ന കഥ ഒടുവിലതൊരു വിസ്‌ഫോടനമായി മാറുന്നതാണ് ജോജി. ഓരോരുത്തരുടേയും ആഗ്രഹനിവർത്തികളെ, ദുരയെ, ബന്ധാ-അസംബന്ധങ്ങളെ ചിത്രീകരിക്കാനാണ് ജോജിയിലൂടെ ദിലീഷ് പോത്തനെന്ന സംവിധായകൻ ശ്രമിക്കുന്നത്. അതിലദ്ദേഹം വലിയ അളവിൽ വിജയിക്കുന്നത് കാണാം.
മൂന്നു പതിറ്റാണ്ടിനു മുമ്പ് സംഭവിച്ച മലയാളത്തിന്റെ എക്കാലത്തേയും മികച്ച സൈക്കോളജിക്കൽ ത്രില്ലറായ ഇരകൾ എന്ന കെ.ജി.ജോർജ് ചിത്രമാണ് ജോജിയിലൂടെ സഞ്ചരിക്കുന്ന നേരം മനസ്സിലേക്ക് എത്തിപ്പെടുക. ഷേക്‌സ്പീരിയൻ ദുരന്തനാടകത്തിൽ നിന്നുള്ള ആശയപ്രചോദനമാണ് ജോജിയെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും സന്നിവേശത്തിലും ആഖ്യാനത്തിലും കെ.ജി. ജോർജിന്റെ ഇരകളോട് ജോജി വലിയ തോതിൽ ദൃശ്യാനുതാപം പ്രകടിപ്പിക്കുന്നു ജോജി. റബ്ബർ തോട്ടങ്ങളും അവിടത്തെ മനുഷ്യരും അധികം വെളിച്ചമില്ലാത്ത വലിയ വീടും മുറികളും അതിലൂടെയുള്ള ക്യാമറയുടെ സഞ്ചാരവും ദുർഗ്രഹമായ ഘടനയുള്ള കഥാപാത്രങ്ങളുടെ മാനസികാവസ്ഥയുമെല്ലാമായി ജോജി ഇരകളോട് സർഗാത്മകസാമ്യം പ്രകടിപ്പിക്കുന്നുണ്ട്. മനുഷ്യാസക്തിയും ഹിംസാത്മകതയും എന്നാൽ ചില നേരങ്ങളിലെ സൗമനസ്യങ്ങളും ഒരുപോലെ വരച്ചിട്ട സിനിമയാണ് ഇരകൾ എന്ന് നമുക്കറിയാം. ആസക്തിയാണ് കെ.ജി. ജോർജിന്റെ സിനിമയുടെ ക്രക്‌സ്. അതിലെ വരുംവരായ്കളെ നിശ്ചയിച്ചത് തൃഷ്ണയാണ്. അതിന്റെ തന്നെ മറ്റൊരു ഭാവമാണ് ജോജിയിലും.
അധികാരം വരുന്നതോടെ വന്നുചേരുന്ന പലതിനോടുമുള്ള അദമ്യമായ ആഗ്രഹത്തെക്കുറിച്ചാണ് ജോജി പറയുന്നത്. പക്ഷേ ഇങ്ങനെയൊക്കെയാണെങ്കിലും തികഞ്ഞ ഒതുക്കത്തിൽ സ്വതന്ത്രമായ കഥ പറച്ചിലിന്റെ സാധ്യതയെ വിട്ടുകളയാതെ അവതരിപ്പിക്കാനായി സംവിധായകൻ എന്നതാണ് ജോജിയുടെ സൗന്ദര്യം. കഥാപാത്രങ്ങളുടെ വാചകങ്ങളിലൂടെ ഒട്ടും സിനിമാറ്റിക് ആകാതെയുള്ള റിയലിസ്റ്റിക് താളം ജോജിയുടെ സ്‌ക്രിപ്റ്റ് പ്രകടിപ്പിക്കുന്നു. സംഭാഷണങ്ങളിലുടനീളം റിയൽ ഡ്രാമ നരേറ്റീവിലേക്ക് കഥാപാത്രങ്ങളെ എത്തിച്ചതിൽ സംവിധായകനുള്ള മിടുക്ക് ശ്രദ്ധേയം. തന്റെ മുൻ ചിത്രങ്ങളിൽ നിന്ന് കൂടുതൽ മുന്നോട്ടുതന്നെ നടക്കുകയാണ് ദിലീഷ് പോത്തനിലെ സംവിധായകനെന്ന് ജോജി തെളിയിക്കുന്നു.
ദുരയുടെ മാനിഫെസ്റ്റോയാണ് ഇരകളും ജോജിയുമെല്ലാം. അത്തരം കഥാനുഗായികകളെയാണല്ലോ ഷേക്‌സ്പീരിയനെന്ന് പേരിട്ടുവിളിക്കുന്നതും. അടങ്ങാത്ത ദുരയുടെ അവസ്ഥാന്തരങ്ങളാണവ. അസ്തിത്വപ്രശ്‌നവും അതിജീവന വ്യഗ്രതയും അവഗണനയും നിരാസങ്ങളുമെല്ലാം ഓരോരുത്തരിലും സൃഷ്ടിക്കുന്ന ട്രെമറുകളിൽ നിന്ന് പുതിയ അവരുണ്ടാകുന്നു എന്ന സത്യം ജോജി ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നുണ്ട്. അതുകൊണ്ടാണല്ലോ പഴയ താക്കറെ പിന്നീട് എത്ര അത്ഭുതകരവും അപ്രതീക്ഷിതവുമായ ശരീരഭാഷയിലേക്കാണ് മാറിപ്പോയതെന്ന് ടി.ജെ.എസ്. എഴുതിയത്.
വീട് എന്ന എല്ലാ അധികാരപ്രയോഗങ്ങളുടേയും ട്രെയിനിങ് ക്യാംപിലൂടെയാണ് ജോജിയുടെ കഥ പറച്ചിൽ വികസിക്കുന്നത്. പനച്ചേൽ പി.കെ. കുട്ടപ്പന്റെ വീട് ജോജിയിൽ ഒരു കഥാപാത്രം തന്നെയാണ്. അധികാരപ്രയോഗത്തിന്റെ എല്ലാ സാധ്യതകളേയും നമ്മൾ മനനം ചെയ്‌തെടുക്കുന്നത് വീട്ടിൽ നിന്നാണല്ലോ. എല്ലാ ടെസ്റ്റ് ഡോസുകളുടേയും തുടക്കം വീടാണ്. വീട്ടിൽ ഒരു വേലക്കാരിയെ വെക്കാവുന്ന സ്ഥിതിയിലേക്ക് അന്തരീക്ഷണം മാറുന്നതോടെ ബിൻസിയുടെ കഥാപാത്രം ഷർട്ടുകൾ വെവ്വേറെയായി അലക്കണം എന്ന് നിർദേശിക്കുന്നത്, മൂത്തവനായ ജോമോന്റെ നിർദേശം തന്നേക്കാൾ ഇളയവനോട് ജോജി പറയുന്നതിലെ ശരീരഭാഷ, തരംകിട്ടുന്ന നേരത്തെല്ലാം ആ പയ്യനെ വിരട്ടുന്നതിലെ ജോജിയുടെ മനസുഖം, മരങ്ങളും കാടും കൃഷിയുമുള്ള മീനച്ചിലാറിന്റെ തീരത്തെ കൂറ്റൻ വസതിയുടെ ഏതോ കോണിൽ അപ്പനെ പേടിച്ച് രഹസ്യമായി സിഗരറ്റ് വലിക്കാറുള്ള ജോജി പിന്നീട് സിഗരറ്റ് വലി ടെറസിലേക്ക് മാറ്റുന്നത്... ഈ രംഗങ്ങളിലൂടെ മനോഹരമായി അധികാരത്തിന്റെ മാറ്റത്തെക്കുറിച്ച് ദിലീഷ് പറഞ്ഞുവെക്കുന്നുണ്ട്. ഒട്ടുപാലിനുണ്ടായവനേ- എന്ന റബ്ബർ മലയോരദേശത്തിന്റെ വിളിയിലെ ക്രൂരപരിഹാസം ജോജി നേരിടുന്നതും പിന്നീട് വേറൊരു ഘട്ടത്തിൽ മറ്റൊരാൾക്ക് നേരെ അതേ അധികാരം പ്രയോഗിക്കുന്നതും ഈ മാറ്റമാണ് സൂചിപ്പിക്കുന്നത്.
പി.കെ. കുട്ടപ്പന്റെ ശരീരാഭ്യാസ കിതപ്പിൽ നിന്ന് കിടപ്പിലേക്ക് വഴിമാറുന്നത് മനുഷ്യാവസ്ഥയുടെ മാത്രമല്ല സാമൂഹ്യാവസ്ഥയിലെ അധികാരമാറ്റത്തിന്റെ സ്വഭാവത്തെ കൂടിയാണ് കാണിക്കുന്നത്. കുട്ടപ്പന്റെ കിടപ്പ് പല കിടപ്പുകളെ ഓർമിപ്പിച്ചു. ഓരോ കിടപ്പും ഭിന്നബോധ്യങ്ങളാണ് എന്നതാണ് നമ്മുടെയെല്ലാം ചരിത്രാനുഭവം. സ്റ്റാലിന്റെ മൃതദേഹവും ആ കിടപ്പുമാണ് മാർകേസിനെ ഓട്ടം ഓഫ് ദ പാട്രിയാർക് എഴുതാൻ പ്രേരണയായത് എന്ന് എവിടെയോ വായിച്ചിട്ടുണ്ട്. യുദ്ധം ചെയ്ത് തളർന്ന, ആരവമൊടുങ്ങിയ കിടപ്പാണത്. കിഴക്കൻ ജർമനിയിലെ ക്രിസ്റ്റീനെ എന്ന കമ്യൂണിസ്റ്റനുഭാവിയായ അമ്മയുടെ തളർന്നുള്ള കിടപ്പിന് മറ്റൊരു രാഷ്ട്രീയഭാവമുണ്ട്. ബർലിൻ മതിലിന്റെ തകർച്ചയും തകർക്കപ്പെട്ട ലെനിന്റെ പ്രതിമയെ ഹെലികോപ്റ്റർ എടുത്തുകൊണ്ടുപോകുന്നത് ജനലിലൂടെ കാണുന്നതിലെ നിസ്സഹായവസ്ഥയുമായി വോള്ഫ്ഗാങ് ബെക്കർ ഈസ്റ്റ് ജർമനിയുടെ സ്വപ്നങ്ങളുടെ തകർച്ചയെക്കുറിച്ച് പറയുന്നത് പല ദേശത്തിനും ചേരുന്നുമുണ്ട്. ചില കിടപ്പുകൾ കാലാതീതമാണ് എന്ന് വരുന്നു. അതായത്, ഓരോ കിടപ്പും പലതാണ് എന്നുവരുന്നു. മക്കോണ്ടയുടെ സ്വന്തം ഹൊസേ അർക്കേദിയോ ബുവൻഡിയ ചെസ്റ്റ് നട്ട് മരത്തിന്റെ ചുവട്ടിലാണ് ഏകാന്തതയുടെ നൂറ് വർഷങ്ങളിൽ മരണം കാത്തുകിടക്കുന്നത്.
കുട്ടപ്പനും ഒരു കിടപ്പ് കിടക്കുന്നു ജോജിയിൽ. ദ സീ ഓഫ് ലോസ്റ്റ് ടൈം- എന്ന ഭാവത്തിലാണ് കിടപ്പ്. അപ്പന്റെ കൈ പൊക്കി നോക്കി പനച്ചേല് കുടുംബത്തിന്റെ വംശാവലിയിലെ അധികാര തളർച്ചയെ തൂക്കിനോക്കുന്നുണ്ട് ജോജി. ക്രൈം പൂർത്തീകരിക്കുന്നതിലെ നരേറ്റീവിനെ മാറ്റിനിർത്തിയാൽ ജോജിയിലെ മനുഷ്യനെ നമുക്കെല്ലാമറിയാം. എല്ലാവരിലുമുള്ള എലമെന്റിനെ അതിൽ ദർശിക്കാം. ഉള്ളിൽ മറച്ചുവെച്ച ഹിംസയുള്ള മൃഗമാണത്. അതുകൊണ്ടാണ് കണ്ണാടിയിൽ നോക്കുന്ന ജോജി മാസ്‌ക് എടുത്തണിയുന്നതും ബിൻസി അതാവശ്യപ്പെടുന്നതും. ട്രാജഡി എന്ന കീ എലമെന്റിനെയാണ് മാക്‌ബെത്തിൽ നിന്ന് എടുത്തതെന്ന് ദീലീഷ് ഏതോ അഭിമുഖത്തിൽ പറയുന്നുണ്ട്. മാക്‌ബെത്ത് കാണുന്നതുപോലും അപശകുനമായി ജനം കരുതിയ അക്കാലത്തെന്ന് വായിച്ചിട്ടുണ്ട്. ആ സ്‌കോട്ടിഷ് ഡ്രാമ - എന്നാണത്രെ പേര് ഉച്ചരിക്കാതെ, സ്‌കോട്ടിഷ് ജനത മാക്‌ബെത്തിനെക്കുറിച്ച് പറഞ്ഞിരുന്നത്.
ഫഹദിലൂടെ ജോജിയുടെ പ്രകടനം പതിവുപോലെ മികച്ചതാണെങ്കിലും ശ്രദ്ധേയമായ പ്രകടനം കണ്ടത് ഫഹദിന്റെ സഹോദരനായ ജെയ്‌സന്റെ വേഷം ചെയ്ത ജോജി മുണ്ടക്കയം എന്ന പുതുമുഖമാണ്. ഉണ്ണിമായ, ബിൻസി എന്ന കഥാപാത്രത്തിന് ഒതുങ്ങുന്ന തരത്തിൽ അഭിനയവും ശബ്ദക്രമീകരണവും ചെയ്ത് മികച്ചതാക്കി. പുതുമുഖങ്ങളെ വെച്ച് സ്വാഭാവികമായ അഭിനയം പുറത്തെടുക്കുക എന്ന രീതി മഹേഷിന്റെ പ്രതികാരത്തിലും തൊണ്ടിമുതലും ദൃക്‌സാക്ഷിയിലും പരീക്ഷിച്ച ടാസ്‌ക് ദിലീഷ് ഇത്തവണയും വിജയകരമായി നടത്തി. ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലെ പ്രദർശനസാധ്യത, സർഗാത്മകമായ സ്വാതന്ത്ര്യം സിനിമകൾക്ക് നൽകുന്നുണ്ട് എന്നുതോന്നുന്നു. കൂടുതൽ റിയലിസ്റ്റിക് ആക്കാനുള്ള സാധ്യതയാണത്. ഒരു ജീവിത സന്ദർഭത്തിൽ പറയാനിടയുള്ള വാക്കുകളെ സെൻസർ ചെയ്യേണ്ട ബാധ്യതയിൽ നിന്ന് ഒ.ടി.ടി. സിനിമകൾക്കുള്ള സ്വാതന്ത്ര്യം വലുതാണ്. അത് കയ്യടക്കത്തോടെ കൈകാര്യം ചെയ്യാനുമായി സംവിധായകന്. ലിജോയുടെ ചുരുളിയിലും ഈ സ്വാതന്ത്ര്യം പ്രകടമാണ്.
പനച്ചേൽ പി.കെ. കുട്ടപ്പനെന്ന മുഖ്യകഥാപാത്രമായത് സണ്ണി എന്ന നടനാണ്. മോഹൻലാൽ നായകനായ സ്ഫടികം എന്ന സിനിമയിലെ തൊരപ്പന് ബാസ്റ്റ്യന് എന്ന ഗുണ്ടയുടെ വേഷം ചെയ്തയാളാണ് അത്. സണ്ണിയുടെ മികച്ച വേഷമാണിത്. ആഷിക് അബുവിന്റെ സാൾട്ട് ആന്റ് പെപ്പറെന്ന ചിത്രത്തിലെ വേഷം പോലെ വ്യത്യസ്ത റോളുകള് കുറച്ചുമാത്രം ചെയ്തിട്ടുള്ള, പൊതുവേ വില്ലനായി മാത്രം സ്‌ക്രീനിൽ കണ്ടിട്ടുള്ള ബാബുരാജ് നല്ല പ്രകടനമാണ് ജോജിയിൽ നടത്തിയത്. കെ.ജി. ജോർജിന്റെ ഇരകളിലൂടെ തന്നെ മലയാളസിനിമാലോകത്തേക്ക് എത്തിയ ഷമ്മി തിലകനും പതിവുപോലെ കുറ്റമറ്റതാക്കി തന്റെ റോൾ. ഛായാഗ്രഹകനായ ഷൈജു ഖാലിദും പശ്ചാത്തലസംഗീതം നൽകിയ ജസ്റ്റിന് വർഗീസും എഡിറ്റ് ചെയ്ത കിരൺദാസും മികച്ച നിലവാരത്തിലേക്ക് എത്തിച്ചു, ജോജിയെ. ഗോകുൽദാസിന്റെ കലാസംവിധാനവും മികച്ചതാണ്.
ഛായാഗ്രഹണം, സിനിമയിൽ ക്യാമറയുടെ സാന്നിധ്യത്തെ രേഖപ്പെടുത്താതെ കഥയിൽ മുഴുകാൻ പ്രേക്ഷകരെ സഹായിക്കുന്നതിൽ വിജയിക്കുന്നുണ്ട്. ഇരകളിലൂടെ ഛായാഗ്രാഹകനായ വേണു ചെയ്ത ദൃശ്യപരിചരണം അതായിരുന്നു. ഷൈജു ഖാലിദ് വേണുവിനെ ഓർമിപ്പിക്കുന്നു. അത്തരം പാറ്റേണുകൾ ജോജി ആവശ്യപ്പെടുന്നുമുണ്ട്. ജോജി കെ.ജി. ജോർജിനുള്ള ഒരു ട്രിബ്യൂട്ട് ആണെന്ന് പറയാം. ഹിംസയും ആസക്തിയും അധികാരരുചിയുമായി മനുഷ്യാവസ്ഥയെക്കുറിച്ച് തങ്ങളുടേതായ ആഖ്യാനമൊരുക്കുന്നതിൽ ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും വിജയിച്ചിരിക്കുന്നു ജോജിയിലൂടെ. പല സിനിമകളിലും എഴുത്തിലൂടെ പൊളിറ്റിക്കൽ കറക്റ്റ്‌നെസ് ബാലൻസിങ് ട്രിപ്പീസിലേക്ക് പോകാറുള്ള ശ്യാം പുഷ്‌കരൻ പക്ഷേ ജോജിയിൽ കൃത്യമായ സ്‌കെയിലില് സ്‌ക്രിപ്റ്റിനെ എത്തിച്ചിരിക്കുന്നുവെന്നുകാണാം. അതുകൊണ്ടെല്ലാമായിരിക്കാം സമീപകാലത്തെ ഏറ്റവും നല്ല സിനിമാനുഭവമായി ജോജി മാറുന്നതും.