ഷഫീഖ് താമരശ്ശേരി: കേരള രാഷ്ട്രീയത്തിൽ കോളിളക്കമുണ്ടാക്കിയ സംഭവമായിരുന്നല്ലോ 1996 ഒക്‌ടോബർ നാലിന് പാലക്കാട് കളക്ടറായിരുന്ന ഡബ്‌ള്യു.ആർ. റെഡ്ഡിയെ ബന്ദിയാക്കി അയ്യങ്കാളിപ്പട പ്രവർത്തകർ നടത്തിയ സമരം. ആ സംഭവത്തെ ഒരു സിനിമയാക്കാം എന്ന ആലോചന രൂപപ്പെട്ടത് എങ്ങനെയാണ്?
കമൽ കെ. എം: അയ്യങ്കാളിപ്പടയുടെ സമരവുമായി ബന്ധപ്പെട്ട് സിനിമ ചെയ്യാൻ തീരുമാനിക്കുന്നത് സമീപ കാലത്താണെങ്കിലും അതിന് ആദ്യ പ്രേരണയുണ്ടായത് ഒരുപക്ഷേ 1996ൽ ആ ആക്ഷൻ നടക്കുമ്പോൾ തന്നെയായിരിക്കും. അന്ന് ഞാൻ കേരള പ്രസ് അക്കാദമിയിൽ ജേണലിസം വിദ്യാർത്ഥിയായിരുന്നു. ക്ലാസ്മുറിയിലിരുന്ന് വായിച്ച വാർത്തകളിലൊന്നായിരുന്നു അയ്യങ്കാളിപ്പടയുടെ ബന്ദി സമരം. അതിനെ തുടർന്നുണ്ടായ സംഭവവികാസങ്ങളും ഞാൻ പിന്തുടർന്നിരുന്നു.
തൊണ്ണൂറുകളിൽ അയ്യങ്കാളിപ്പട നടത്തിയ ഇടപെടലുകളിൽ സവിശേഷമായ രാഷ്ട്രീയ പ്രതിബദ്ധതയുടെയും എവിടെയോ നമ്മൾ മറന്നുപോയ ചോദ്യം ചെയ്യലിന്റെയുമൊക്കെ തലങ്ങളുണ്ടായിരുന്നു. വർഷങ്ങൾക്കിപ്പുറം ചോദ്യങ്ങളുയർത്തുന്നവർ അടിച്ചമർത്തപ്പെടുകയും ഭീകരനിയമങ്ങൾ ചുമത്തപ്പെട്ട് തടവറയിലകപ്പെടുകയും ചെയ്യുന്ന കാലത്ത് ഇത്തരം ഓർമപ്പെടുത്തലുകൾ അനിവാര്യമാണ് എന്ന തോന്നലിൽ നിന്നാണ് ഈ സിനിമയുണ്ടാകുന്നത്.
ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളോട് പ്രതികരിക്കുന്നതിനായി വർഷങ്ങൾക്കു മുമ്പ് നടന്ന ഒരു സംഭവം തെരഞ്ഞെടുക്കുകയായിരുന്നോ?
കാൽ നൂറ്റാണ്ടിനുമുമ്പ് നടന്ന ഒരു സംഭവം സിനിമയായി ചിത്രീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോൾ അതിൻമേൽ വരുന്ന ആദ്യ ചിന്തകളിലൊന്ന് വിഷയത്തിന്റെ സമകാലിക പ്രസക്തിയെന്ത് എന്നതായിരിക്കുമല്ലോ. അതിനുള്ള ഉത്തരമെനിക്ക് ലഭിച്ചിരുന്നു. അയ്യങ്കാളിപ്പട അവരുടെ സമരത്തിലൂടെ അന്ന് ചോദിച്ചത് കേരളത്തിലെ ആദിവാസി ജീവിതവുമായി ബന്ധപ്പെട്ട ചില കഠിന ചോദ്യങ്ങളാണ്. ആദിവാസികളുടെ സ്വത്വത്തെ പ്രതിയുള്ള, ജീവനെ പ്രതിയുള്ള, അതിജീവനത്തെ പ്രതിയുള്ള ചോദ്യങ്ങൾ. ആ ചോദ്യങ്ങൾ ഇന്നും കൂടുതൽ പ്രസക്തമായി നിൽക്കുന്നു എന്നതിനാൽ ഈ സിനിമയുമായി മുന്നോട്ടുപോകുന്നതിൽ ഞങ്ങൾക്ക് കൂടുതൽ ചിന്തിക്കേണ്ടി വന്നില്ല.
2018ൽ അട്ടപ്പാടിയിൽ മധു എന്ന ആദിവാസി യുവാവ് ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത് നാം കണ്ടതാണ്. ആ സാഹചര്യത്തിലാണ് അയ്യങ്കാളിപ്പട ഉയർത്തിയ ചോദ്യം വീണ്ടും തീക്ഷ്ണമായി ചോദിക്കണമെന്ന് തോന്നിത്തുടങ്ങിയത്.
എന്റെ സിനിമാ ജീവിതത്തിലെ ഒരു തുടർച്ച മാത്രമാണ് പട എന്ന ചിത്രം. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചുകൊണ്ടിരുന്ന കാലത്ത് ഞാൻ ചെയ്ത സിനിമകൾക്കും സമാന സ്വഭാവം തന്നെയായിരുന്നു. ഭരണകൂടം എങ്ങനെ പുതിയ തീവ്രവാദികളെ നിർമിക്കുന്നു എന്നതുമായി ബന്ധപ്പെട്ടായിരുന്നു അക്കാലത്ത് ഞാൻ ചെയ്ത ഒരു സിനിമ. സമാനമായ ആശയമണ്ഡലത്തിൽ നിൽക്കുന്ന മറ്റ് പല കഥകളും നേരത്തെ ഞാൻ സിനിമയാക്കിയിട്ടുമുണ്ട്.
വിശന്നുവലഞ്ഞപ്പോൾ ഭക്ഷണം മോഷ്ടിച്ചതിന്റെ പേരിൽ 2018ൽ അട്ടപ്പാടിയിൽ മധു എന്ന ആദിവാസി യുവാവ് ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത് നാം കണ്ടതാണ്. ആ സാഹചര്യത്തിലാണ് അയ്യങ്കാളിപ്പട ഉയർത്തിയ ചോദ്യം വീണ്ടും തീക്ഷ്ണമായി ചോദിക്കണമെന്ന് തോന്നിത്തുടങ്ങിയത്. നമ്മുടെ സാമൂഹ്യബോധവും രാഷ്ട്രീയ ചിന്തകളുമൊക്കെയായി ബന്ധപ്പെട്ട ചില വൈകാരികതകൾ കൂടിയാണത്. പട സിനിമയുടെ കഥയുമായി ബന്ധപ്പെട്ട ആശയ പരിസരങ്ങളും ചോദ്യങ്ങളും ഞാൻ കുറേ കാലം മനസ്സിൽ കൊണ്ടുനടന്നിട്ടുണ്ട് എന്നതല്ലാതെ സവിശേഷമായി ഈ സിനിമ എന്നെ സംബന്ധിച്ച് ദീർഘകാലം മനസ്സിൽ കൊണ്ടുനടന്ന ഒരു പ്രൊജക്ട് ആയിരുന്നില്ല.
തിരക്കഥയ്ക്ക് വേണ്ടിയുള്ള പഠനം ഏതുരീതിയിലായിരുന്നു?
അയ്യങ്കാളിപ്പടയുടെ സമരമടക്കമുള്ള അക്കാലത്തെ നക്‌സലൈറ്റ് പ്രവർത്തനങ്ങളെക്കുറിച്ച് നിലവിലുണ്ടായിരുന്ന വിവിധ തരം ഡോക്യുമെന്റുകൾ വിശദമായി പരിശോധിച്ചിരുന്നു. കേരളത്തിലെ നക്‌സലൈറ്റ് ചരിത്രത്തെക്കുറിച്ച് പുസ്തകമെഴുതിയ മാധ്യമം ആഴ്ചപ്പതിപ്പിലെ പത്രാധിപ സമിതി അംഗം ആർ.കെ. ബിജുരാജ് സിനിമയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളിൽ എന്നെ സഹായിക്കുകയും ചെയ്തിരുന്നു. ചരിത്ര വിവരങ്ങളേക്കാൾ അന്ന് ആ സംഭവത്തിന്റെ ഭാഗമായിരുന്ന ഓരോ മനുഷ്യരുടെയും ആ സമയത്തെ വൈകാരിക തലങ്ങളെയും ചിന്തകളെയും പിന്തുടരാനാണ് ഞാൻ ശ്രമിച്ചത്. അന്ന് അയ്യങ്കാളിപ്പട പ്രവർത്തകർക്കും സർക്കാറിനുമിടയിൽ മധ്യസ്ഥത വഹിച്ച, തൃശ്ശൂരിൽ ക്രിമിനൽ അഭിഭാഷകനായിരുന്ന വീരചന്ദ്രമേനോൻ ഒഴികെ ബാക്കിയെല്ലാവരും ജീവിച്ചിരിക്കുന്നവരാണ്. അവരെയെല്ലാം നേരിൽ കണ്ട് വിശദമായി സംസാരിച്ചശേഷമാണ് കഥാപാത്രങ്ങളുടെ സ്വഭാവവും തിരക്കഥയുമെല്ലാം ഡിസൈൻ ചെയ്തത്.
അന്ന് ആ സംഭവത്തിൽ ഇടപെട്ടിരുന്ന ഓരോ മനസ്സുകളെയും ആഴത്തിൽ വായിക്കാനാണ് ഞാൻ ശ്രമിച്ചത്. ഒരു പ്രത്യേക കാലത്ത് ഒരു പ്രത്യേക ഇടത്തിൽ സവിശേഷമായ പ്രാധാന്യങ്ങളുള്ള കുറേയധികം മനുഷ്യർ ഇടപെട്ട ഒരു സംഭവം പിന്തുടരാൻ ശ്രമിച്ച ഒരാളെന്ന നിലയിൽ ആ സംഭവത്തിനുപിറകിലെ ഓരോ വിചാരങ്ങളെയും ലക്ഷ്യങ്ങളെയും മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ട്.
സായുധ സമരമോ മാവോയിസ്റ്റ് രാഷ്ട്രീയമോ അത്തരം പ്രത്യയശാസ്ത്രങ്ങളുടെ ഉയർച്ച താഴ്ചകളോ ഒന്നുമല്ല ഈ സിനിമയുടെ വിഷയം. കേരള സമൂഹത്തിൽ ഒരു ശതമാനം മാത്രമുള്ള ഒരു ജനതയുടെ ജീവത്സമരങ്ങളാണ് സിനിമയുടെ വിഷയം.
കേരളത്തിന്റെ നക്‌സലൈറ്റ് ചരിത്രവുമായി ബന്ധപ്പെട്ട പല ആഖ്യാനങ്ങളിലും വ്യത്യസ്തമായ നരേറ്റീവുകൾ കാണാറുണ്ട്. ഉദാഹരണത്തിന് തിരുനെല്ലി - തൃശ്ശിലേരി ആക്രമണം, പുൽപ്പള്ളി - കായണ്ണ ആക്ഷനുകൾ, ഇവയിലൊക്കെ പങ്കെടുത്തിരുന്ന മുൻകാല നക്‌സലൈറ്റുകൾ അന്നത്തെ സംഭവങ്ങൾ ഇപ്പോൾ വിശദീകരിക്കുമ്പോൾ അവയിൽ പരസ്പരം പൊരുത്തക്കേടുകളുണ്ടാകാറുണ്ട്. മിക്കവരും അവരുടെ കാഴ്ചപ്പാടുകളിൽ നിന്നാണ് ചരിത്രം വിശദീകരിക്കാറ്. അയ്യങ്കാളിപ്പടയുടെ സമരത്തെക്കുറിച്ചുള്ള അന്വേഷണങ്ങളിൽ അത്തരമൊരു പ്രതിസന്ധി നേരിടേണ്ടി വന്നിരുന്നോ? അന്ന് സമരപക്ഷത്തുണ്ടായിരുന്നവരുടെയും സർക്കാർ പക്ഷത്തുണ്ടായിരുന്നവരുടെയും വിശദീകരണങ്ങൾ തമ്മിൽ വലിയ വൈരുധ്യം ഉണ്ടായിരുന്നോ?
ഇല്ല എന്നുതന്നെ പറയാം. സിനിമക്കുവേണ്ടി ഞാൻ ആദ്യമായി കാണുന്നത് അയ്യങ്കാളിപ്പടയുടെ സമരത്തിന്റെ പിന്നിൽ പ്രവർത്തിച്ചവരിലൊരാളായ മുൻ നക്‌സലൈറ്റ് നേതാവ് എം.എൻ. രാവുണ്ണിയെയാണ്. അദ്ദേഹം അന്ന് നടന്ന കാര്യങ്ങൾ വിശദീകരിച്ചപ്പോൾ, അതിൽ തന്നെ ഒരു തിരക്കഥയുണ്ടായിരുന്നു. തുടർന്ന്, ആക്ഷനിൽ പങ്കെടുത്ത കല്ലറ ബാബു, അജയൻ മണ്ണൂർ, വിളയോടി ശിവൻകുട്ടി, കാഞ്ഞങ്ങാട് രമേശൻ എന്നിവരെയും അന്നത്തെ ചീഫ് സെക്രട്ടറിയായിരുന്ന സി.പി. നായർ, കളക്ടർ ഡബ്‌ള്യു. ആർ. റെഡ്ഡി, ജില്ലാ ജഡ്ജിയായിരുന്ന രാജപ്പൻ ആചാരി, പൊലീസ് മേധാവിയായിരുന്ന ജേക്കബ് പുന്നൂസ് എന്നിവരെയെല്ലാം നേരിൽ കണ്ട് വിശദമായി സംസാരിച്ചു. അവരെല്ലാം സംഭാവന ചെയ്തത് നേരത്തെ എനിക്ക് ലഭിച്ചിരുന്ന തിരക്കഥയിലേക്ക് തന്നെയാണ്. അയ്യങ്കാളിപ്പടയുടെ പ്രവർത്തകരിൽ നിന്ന് ലഭിച്ച ഏകദേശ ചിത്രം തന്നെയാണ് അന്ന് അവരുടെ എതിർപക്ഷത്തുണ്ടായിരുന്നവരിൽ നിന്നും ലഭിച്ചത്.
പറയുന്ന കാര്യങ്ങളുടെ വിശദാംശങ്ങളിലേക്ക് പോകുന്നതിൽ ഓരോരുത്തർക്കും അവരുടെ ഓർമകളുമായി ബന്ധപ്പെട്ടുണ്ടായിരുന്ന പരിമിതികൾ മാത്രമാണ് ഒരു വെല്ലുവിളി എന്ന നിലയിൽ അഭിമുഖീകരിക്കേണ്ടി വന്നത്. മുഴുവൻ പേരെയും വ്യക്തിപരമായി അറിയലായിരുന്നു എന്റെ ലക്ഷ്യം. ഓരോരുത്തരും അവരുടെ സെൻസിറ്റിവിറ്റിയുടെ ഏത് അടരിൽ നിന്നാണ് ഈ പ്രശ്‌നത്തോട് ആ ദിവസം പ്രതികരിച്ചത് എന്നത് മനസ്സിലാക്കാനാണ് ഞാൻ കൂടുതൽ ശ്രമിച്ചത്. അത് തിരിച്ചറിയാൻ ശ്രമിക്കുമ്പോൾ നമുക്കവരുടെ എല്ലാ സന്ദേഹങ്ങളും ഐക്യപ്പെടലുകളും കാണാൻ കഴിയുമെന്നതാണ് സത്യം.
എന്റെ പിതാവ് അറുപതുകളിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ എറണാകുളം ജില്ലയിലെ ഒരു നേതാവായിരുന്നു. വ്യവസ്ഥാപിത ഇടതുപക്ഷ കക്ഷികളിലെ പ്രവർത്തകർ, സമാന്തര പ്രസ്ഥാനങ്ങളിലെ പ്രവർത്തകർ, തീക്ഷ്ണ ചിന്താഗതിയുള്ള ഉത്പതിഷ്ണുക്കളായ രാഷ്ട്രീയ പ്രവർത്തകർ ഇങ്ങനെ പലതരം രാഷ്ട്രീയാന്വേഷകരെ പല കാലങ്ങളിലായി ഞാൻ ജീവിതത്തിൽ അടുത്തറിഞ്ഞിട്ടുണ്ട്.
ഓരോ രാഷ്ട്രീയ വിഷയങ്ങളുമായി ബന്ധപ്പെട്ട് വ്യത്യസ്ത സംവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളും ഒക്കെ സംഭവിക്കാറുണ്ടെങ്കിലും അവയെ കൃത്യമായി വിലയിരുത്തിയാൽ നമുക്ക് കുറേ കൂടി വ്യക്തതയിൽ ചരിത്രസംഭവങ്ങളെയും അവയുടെ രാഷ്ട്രീയത്തെയും ഉൾക്കൊള്ളാൻ സാധിക്കും. ചരിത്രത്തിന്റെ രാഷ്ട്രീയത്തുടർച്ചകളിൽ വ്യത്യസ്ത കാലങ്ങളിൽ വന്നുപോകുന്നവരായി മാത്രമാണ് ഞാൻ ഇവരെയെല്ലാം കാണുന്നത്.
അയ്യങ്കാളിപ്പട അന്ന് ഒരു നിരോധിത പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു. സായുധ സമരമായിരുന്നു അവരുടെ രാഷ്ട്രീയവഴി. രാജ്യത്ത് നിരോധിക്കപ്പെട്ട മാവോയിസ്റ്റ് രാഷ്ട്രീയത്തെ ഉയർത്തിപ്പിടിച്ചു നടന്ന ഒരു സമരത്തെ വർഷങ്ങൾക്കിപ്പുറം സിനിമയായി ചിത്രീകരിക്കുമ്പോൾ ഭരണകൂടം അതെങ്ങിനെ സ്വീകരിക്കുമെന്ന കാര്യത്തിൽ ഭയമുണ്ടായിരുന്നോ?
ഒരിക്കലുമില്ല. എന്റെ രാഷ്ട്രീയം ആരും നിരോധിച്ചിട്ടില്ലല്ലോ. എന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകൾക്കനുസരിച്ചുള്ള ആശയവിനിമയാവകാശങ്ങളെ ഇവിടെയാരും നിരോധിച്ചിട്ടില്ല. ചരിത്രത്തിന്റെ ഒരു ഘട്ടത്തിൽ നിന്ന് കണ്ടെടുക്കുന്ന ചില നിരീക്ഷണങ്ങളെയാണ് പറയാൻ ശ്രമിക്കുന്നത്. അതിന് ഞാനാരെയും ഭയക്കേണ്ടതില്ലല്ലോ.
ചിത്രത്തിന്റെ ആലോചന, പ്രൊഡക്ഷൻ, പോസ്റ്റ് പ്രൊഡക്ഷൻ എന്നിങ്ങനെയുള്ള ഏതെങ്കിലും ഘട്ടത്തിൽ സിനിമ ഉയർത്തുന്ന രാഷ്ട്രീയം മൂലം പ്രതിസന്ധികൾ നേരിടേണ്ടി വന്നിരുന്നോ?
ഇല്ല. അത്തരം അനുഭവങ്ങളൊന്നുമുണ്ടായിട്ടില്ല. സാധാരണയായി ഇത്തരം കഥാ പശ്ചാത്തലങ്ങളിൽ നിന്നുള്ള സിനിമകൾക്ക് നിർമാതാക്കളെ ലഭിക്കില്ല എന്നതാണ് ഒരു പൊതുഅവസ്ഥ. എന്നാൽ ഞാൻ ഈ സിനിമ ചെയ്യാൻ തീരുമാനിക്കുന്നതു തന്നെ സിനിമയുടെ പ്രൊഡ്യൂസർമാരിൽ ഒരാൾക്കൊപ്പമിരുന്നുകൊണ്ടാണ്. സിനിമയുമായി മുന്നോട്ടുപോയപ്പോൾ ഞങ്ങൾ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി ഇതൊരു വലിയ ക്യാൻവാസിൽ ചെയ്യേണ്ട സിനിമയാണ് എന്നതായിരുന്നു. അതായിരുന്നു ഏറ്റവും വലിയ ചലഞ്ച്.
അടിസ്ഥാന വിരുദ്ധമായ ഈ വിമർശനങ്ങൾക്ക് മറുപടി പറയാൻ സാധിക്കില്ല. സിനിമയുമായി ബന്ധപ്പെട്ട് സി.പി.എം നേതൃത്വത്തിൽ നിന്ന് മികച്ച അനുഭവങ്ങളാണ് എനിക്കുണ്ടായത്.
പാലക്കാട് കലക്ടറേറ്റിൽ വെച്ച് അയ്യങ്കാളിപ്പട നടത്തിയ സമരവും അതുമായി ബന്ധപ്പെട്ട വികാസങ്ങളും അതിന്റെ അതേ വ്യാപ്തിയിൽ ഒരു സിനിമയിൽ ചിത്രീകരിക്കണമെങ്കിൽ അതിന് വലിയൊരു ശ്രമം ആവശ്യമുണ്ട് എന്നത് ഞങ്ങൾക്ക് ബോധ്യമായി. സമരത്തെത്തുടർന്ന് സ്തംഭിക്കുന്ന കളക്ടറേറ്റും വലിയ ജനക്കൂട്ടവുമൊക്കെ ഷൂട്ട് ചെയ്യേണ്ടതായുണ്ട്. അത് വലിയൊരു വെല്ലുവിളി തന്നെയായിരുന്നു. അതിനുള്ള റിസോഴ്‌സും ബജറ്റും വേണം. ഒരു മികച്ച സിനിമ തന്നെ സൃഷ്ടിക്കണം എന്ന ആഗ്രഹമുണ്ടായിരുന്നതിനാൽ സിനിമയുടെ സ്‌കെയിലിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകരുത് എന്ന തീർച്ചയും ഞങ്ങൾക്കുണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഞങ്ങൾ മുന്നോട്ടുപോയി. അല്ലാതെ സിനിമയുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് പ്രതിസന്ധികളൊന്നും നേരിടേണ്ടി വന്നിരുന്നില്ല.
സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യതയും പ്രശംസയുമാണ് സിനിമ നേടിയത്. അതേ സമയം ചില വിമർശനങ്ങളും സിനിമക്കുനേരെ ഉയർന്നുവന്നിരുന്നു. ‘അനീതിക്കെതിരെ സായുധ കലാപം നടത്തുക എന്ന കാൽപനികവും കാലഹരണപ്പെട്ടതുമായ രാഷ്ട്രീയമാണ് സിനിമ മുന്നോട്ടുവെക്കുന്നത്' എന്നാണ് ഏതാനും സി.പി.എം. അനുകൂല പ്രൊഫൈലുകൾ ഉയർത്തിയ വിമർശനം. അത്തരം വിമർശനങ്ങളെ എങ്ങിനെ കാണുന്നു?
അടിസ്ഥാന വിരുദ്ധമായ ഈ വിമർശനങ്ങൾക്ക് മറുപടി പറയാൻ സാധിക്കില്ല. സിനിമയുമായി ബന്ധപ്പെട്ട് സി.പി.എം നേതൃത്വത്തിൽ നിന്ന് മികച്ച അനുഭവങ്ങളാണ് എനിക്കുണ്ടായത്. സിനിമ റിലീസ് ചെയ്യപ്പെട്ടതിന്റെ പിറ്റേ ദിവസം യു. പ്രതിഭ, പി.വി. ശ്രീനിജൻ എന്നീ രണ്ട് യുവ ഇടതുപക്ഷ എം.എൽ.എമാരുടെ കോളുകൾ എനിക്ക് വന്നിരുന്നു. എത്രത്തോളം ഗൗരവമായാണ് ഈ സിനിമയെ അവർ സമീപിച്ചത് എന്നത് അവരുടെ സംസാരത്തിൽ നിന്ന് ബോധ്യമായതാണ്. ആദിവാസി വിഭാഗവുമായി ബന്ധപ്പെട്ട വിഷയങ്ങളിലുള്ള അവരുടെ ഇടപെടലുകളെ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് ഈ സിനിമ കാരണമാകുമെന്നാണ് അവർ എന്നെ അറിയിച്ചത്. അതിനുശേഷം അവർ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിൽ നിയമസഭാംഗങ്ങളെ ഈ സിനിമ കാണിക്കുന്നതിനായി സ്പീക്കർ എം.ബി. രാജേഷിനെ കാണുകയും ചെയ്തിരുന്നു. നിയമസഭാംഗങ്ങളെ സിനിമ കാണിക്കുന്ന കാര്യം സമയപരിമിതി മൂലം നടന്നില്ലെങ്കിലും വളരെ പോസിറ്റീവായാണ് അദ്ദേഹവും സിനിമയോട് സമീപിച്ചത്. ഉത്തരവാദിത്തപ്പെട്ട ഇടതുപക്ഷ നേതാക്കൾ സിനിമയോടും സിനിമ ഉയർത്തിയ രാഷ്ട്രീയത്തോടും നല്ല സമീപനമാണ് സ്വീകരിച്ചത്.
സായുധ സമരമോ മാവോയിസ്റ്റ് രാഷ്ട്രീയമോ അത്തരം പ്രത്യയശാസ്ത്രങ്ങളുടെ ഉയർച്ച താഴ്ചകളോ ഒന്നുമല്ല ഈ സിനിമയുടെ വിഷയം. കേരള സമൂഹത്തിൽ ഒരു ശതമാനം മാത്രമുള്ള ഒരു ജനതയുടെ ജീവത്സമരങ്ങളാണ് സിനിമയുടെ വിഷയം. ആ ജനത അവഗണിക്കപ്പെടുന്നതും ആട്ടിയോടിക്കപ്പെടുന്നതും അവർ ഭൂപടത്തിൽ നിന്ന് തുടച്ചുമാറ്റപ്പെടുന്നതും ചർച്ച ചെയ്യപ്പെടണമെന്ന് മാത്രമാണ് സിനിമ മുന്നോട്ടുവെക്കുന്നത്.
ആദിവാസി- ദലിത് സംഘടനകളുടെ ഭാഗമായി പ്രവർത്തിക്കുന്ന ഏതാനും പേരും സിനിമയോട് വിയോജിപ്പുകളുമായി വന്നിരുന്നു. അയ്യങ്കാളിപ്പടയുടെ സമരം ആദിവാസി മേഖലകളിലേക്കുള്ള പൊലീസിന്റെ കടന്നുവരവിനാണ് കാരണമായതെന്നും അയ്യങ്കാളിപ്പട ആദിവാസികളുടെ രക്ഷാകർതൃത്വം ഏറ്റെടുക്കുകയായിരുന്നു എന്നുമൊക്കെയാണ് ഉയർന്നുവന്ന വിമർശനങ്ങൾ. അയ്യങ്കാളിപ്പടയെ വലിയ രീതിയിൽ മഹത്വവത്കരിക്കുക മാത്രമാണ് സിനിമ ചെയ്തതെന്നും ചിലർ ആരോപിച്ചിട്ടുണ്ട്. ഇത്തരം വിമർശനങ്ങളെ എങ്ങിനെയാണ് കാണുന്നത്?
ഈ ആരോപണങ്ങളിൽ വസ്തുതാപരമായി തന്നെ നിരവധി പിശകുകളുണ്ട്. ആദിവാസി സമരങ്ങളെക്കുറിച്ചാണ് സിനിമ സംസാരിക്കുന്നത് എന്ന ഒരു ക്ലെയിം ആരും എവിടെയും ഉന്നയിച്ചിട്ടില്ല. ആദിവാസികളുടെ അവകാശങ്ങൾക്കുവേണ്ടി ഏതാനും ചെറുപ്പക്കാർ ചോദ്യമുയർത്തിയ ഒരു സംഭവത്തെക്കുറിച്ച് മാത്രമാണ് സിനിമ. ആദിവാസി അവകാശങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളുയർത്തിയ നിരവധി രാഷ്ട്രീയ സംഘടനകളും വ്യക്തികളും ഇവിടെയുണ്ട്. അവരിൽ പലരും ഇന്ന് അവരുടെ ഭൂതകാല രാഷ്ട്രീയത്തെ കൈയൊഴിഞ്ഞതും മറന്നുപോയതും ഓർമിപ്പിക്കാനാണ് ഈ സിനിമ ശ്രമിച്ചിട്ടുള്ളത്. അതിലപ്പുറം ഏതെങ്കിലും തരത്തിലുള്ള രക്ഷാകർതൃത്വമോ അവകാശവാദമോ ഈ സിനിമ മുന്നോട്ടുവെക്കുന്നില്ല. സിനിമയിലെ കഥാപാത്രങ്ങളായാലും ആ കഥാപാത്രങ്ങൾക്ക് കാരണക്കാരായ ജീവിച്ചിരിക്കുന്ന വ്യക്തികളായാലും ആരും എവിടെയും അത്തരമൊരു സമീപനം സ്വീകരിച്ചിട്ടില്ല.
സിനിമ കണ്ടിറങ്ങിയശേഷം അയ്യങ്കാളിപ്പട പ്രവർത്തകരായിരുന്ന നാലുപേർ മാധ്യമങ്ങളോട് പ്രതികരിച്ചതും അത്തരത്തിൽ മാത്രമാണ്. അന്നത്തെ ഒരു ചരിത്രസന്ധിയിൽ ഒരു നിയമനിർമാണത്തിനെതിരായി അവർ നടത്തിയ ഒരു പ്രതിഷേധ പ്രകടനം എന്നതല്ലാതെ അതുകൊണ്ട് ചരിത്രം മാറ്റിമറിച്ചു എന്നോ, അവർ രക്ഷകർത്താക്കളായി നിലകൊണ്ടു എന്നോ ഉള്ള ഒരു അവകാശവാദവും അന്നത്തെ അയ്യങ്കാളിപ്പട പ്രവർത്തകർക്കുള്ളതായി എനിക്കറിവില്ല. അത്തരമൊരു ശ്രമത്തിന് സിനിമയും മുതിർന്നിട്ടില്ല.
കേരളത്തിലെ ദലിത്- ആദിവാസി രാഷ്ട്രീയത്തിന്റെ നാൾവഴി പരിശോധിച്ചാൽ അതിൽ നിരവധി പ്രസ്ഥാനങ്ങൾക്ക് പങ്കുള്ളതായി കാണാം. ഇവിടുത്തെ നവോത്ഥാന പ്രസ്ഥാനങ്ങളുടെയും സ്വാതന്ത്ര്യപോരാട്ടങ്ങളുടെയുമൊക്കെ ഭാഗമായാണ് ദലിത്- ആദിവാസി വിമോചന രാഷ്ട്രീയം വികസിച്ചുവന്നിട്ടുള്ളത്. ഇടത് പാർട്ടികളുടെ ചരിത്രം നോക്കിയാലും, അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പും പിന്നീട് സി.പി.എമ്മിൽ നിന്നും പിളർന്ന് സി.പി.ഐ -എം.എൽ പോലുള്ള നക്‌സലൈറ്റ് പ്രസ്ഥാനങ്ങൾ ഉണ്ടായതുമെല്ലാം പരിശോധിച്ചാൽ അവയെല്ലാം കൂടുതൽ കൂടുതൽ പ്രാന്തവത്കരിക്കപ്പെട്ട പ്രശ്‌നങ്ങളിൽ ഇടപെടാനും വർഗ രാഷ്ട്രീയത്തിന്റെ തീക്ഷ്ണതയിൽ കൂടുതൽ അടിയുറച്ച് നിൽക്കാനുമുള്ള കമ്യൂണിസ്റ്റ് ശ്രമങ്ങളായിരുന്നു എന്നുകാണാം.
എൺപതുകളുടെ നക്‌സലൈറ്റ് രാഷ്ട്രീയത്തിൽ അംബേദ്കറൈറ്റ് ദർശനങ്ങളുടെ സ്വാധീനം കാണാൻ കഴിയും. പലപ്പോഴും വിമർശനം ഉന്നയിക്കുന്നവർ കാണാതെ പോകുന്ന കാര്യം, ആധുനിക കേരളത്തിലെ ഏറ്റവും മികച്ച ദലിത് ബുദ്ധിജീവികളിൽ പലരും കടന്നുവന്നത് ആ ഒരു രാഷ്ട്രീയധാരയിൽ നിന്നാണ് എന്നതാണ്.
ഇന്ന് സിനിമകൾക്ക് വീണ്ടും മാറ്റം സംഭവിക്കുന്നുണ്ടെങ്കിൽ അതിന്റെ കാരണം സിനിമയുടെ അണിയറ പ്രവർത്തകർ മാത്രമല്ല, മാറിക്കൊണ്ടിരിക്കുന്ന പ്രേക്ഷക അഭിരുചികൾ കൂടിയാണ്.
1975 ലെ ആദിവാസി ഭൂസംരക്ഷണ നിയമം പിൽക്കാലത്ത് വന്ന സർക്കാർ അട്ടിമറിച്ച സംഭവം വിശദീകരിച്ച് കേരളത്തിലെ ആദിവാസി ഭൂപ്രശ്‌നം സങ്കീർണമാണ് എന്ന് സിനിമ പറയാൻ ശ്രമിച്ചുവെങ്കിലും അതിന് കാരണക്കാരായ അന്നത്തെ രാഷ്ട്രീയ ഉദ്യോഗസ്ഥ പ്രതിനിധികളെ സിനിമയിൽ പ്രശ്‌നവത്കരിച്ചുകണ്ടില്ല. ഉദ്യോഗസ്ഥരുടെ മാനുഷിക സമീപനങ്ങൾ സിനിമയിൽ പലയിടത്തായി കടന്നുവരുന്നുമുണ്ടായിരുന്നു. എന്തുകൊണ്ടാണ് അങ്ങനെയൊരു സമീപനം സ്വീകരിച്ചത്?
സിനിമ ഉയർത്തുന്ന വിഷയവുമായി ബന്ധപ്പെട്ട് ചില ആളുകൾ അതിന്റെ എതിർപക്ഷത്തായിരുന്നു എന്നുള്ളതുകൊണ്ട് എനിക്കവരെ ഒരു വ്യവസ്ഥാപിത സിനിമയുടെ ഫോർമുലയിലേക്ക് കൊണ്ടുപോയി തള്ളാനാവില്ല. ഞാനവരെ നേരിട്ട് വില്ലൻമാരായി ചിത്രീകരിക്കാൻ ശ്രമിച്ചാൽ സിനിമ സത്യവിരുദ്ധമാകും.
അന്നത്തെ ചീഫ് സെക്രട്ടറി സി.പി. നായരോട് ഞാൻ ചോദിച്ചത് ഏത് സമയത്തതാണ് അദ്ദേഹത്തിന് ഈ സംഭവം വലിയൊരു അപകടത്തിലേക്ക് പോകില്ല എന്ന് തോന്നിയത് എന്നാണ്. അതിനദ്ദേഹം നൽകിയ ഉത്തരത്തിൽ നിന്ന്, എത്രത്തോളം സെൻസിറ്റീവായാണ് അന്നദ്ദേഹം ആ സാഹചര്യങ്ങളെ സമീപിച്ചത് എന്നതെനിക്ക് ബോധ്യമായിരുന്നു. അത്തരമൊരാളെ കഥാപാത്രമായി ചിത്രീകരിക്കുമ്പോൾ നാം യാഥാർത്ഥ്യത്തോട് നീതി പുലർത്തണമല്ലോ. ഇവരെല്ലാം, സമൂഹത്തിൽ എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ ഉണ്ടാകണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നവരും, തങ്ങളുടേതായ ബോധ്യങ്ങളിൽ സാധ്യമായ രീതിയിൽ അവക്കുവേണ്ടി പ്രവർത്തിക്കുന്നവരുമാണ്. പൊതുവിടങ്ങളിൽ തങ്ങളുടേതായ റോളുകളുള്ളവരാണ് അവരെല്ലാവരും. ഓരോരുത്തരും ചെയ്യുന്ന പ്രവർത്തിയിൽ അവരുടെ ചില സെൻസിറ്റിവിറ്റി ഉണർന്നിരിക്കുന്നുണ്ട്. സിനിമക്കുവേണ്ടി വേണമെങ്കിൽ എനിക്കവരെ ക്രൂരരും മനുഷ്യവിരുദ്ധരുമൊക്കെയായ ഉദ്യോഗസ്ഥരാക്കി ചിത്രീകരിക്കാമായിരുന്നു, എന്നാൽ അതിന്റെ ആവശ്യമുണ്ടായിരുന്നില്ല.
മുൻകാലങ്ങളിൽ ഇത്തരം ഗൗരവമായ രാഷ്ട്രീയ വിഷയങ്ങൾ സമാന്തര സിനിമകൾ മാത്രമായിരുന്നു കൈകാര്യം ചെയ്തിരുന്നത്. എന്നാൽ സമീപകാലത്ത് മലയാളത്തിലെ മുൻനിര സിനിമകൾ തന്നെ ഗൗരവമേറിയ രാഷ്ട്രീയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന പ്രവണത കൂടിവരുന്നുണ്ട്. ഈ സാഹചര്യങ്ങളെ എങ്ങിനെയാണ് കാണുന്നത്?
പുതുതായി സംഭവിക്കുന്ന ഒരു കാര്യമല്ല ഇത്. മലയാള സിനിമ അതിന്റെ ചരിത്രം തിരിച്ചുപിടിക്കുക മാത്രമാണ്. ഒരു കാലത്ത് വളരെ പുരോഗമനാത്മകമായിരുന്ന മലയാള സിനിമയിൽ തൊണ്ണൂറുകൾക്കുശേഷം വല്ലാത്ത ഒരു പുറംതിരിഞ്ഞു നിൽക്കൽ ഉണ്ടായിട്ടുണ്ട്. ആഗോളവത്കരാണന്തര കാലത്ത് മാറി വന്ന ജനങ്ങളുടെ സാമൂഹിക മാനസികനില സിനിമകളെ കൂടി സ്വാധീനിച്ചതാണത്. ഇന്ന് സിനിമകൾക്ക് വീണ്ടും മാറ്റം സംഭവിക്കുന്നുണ്ടെങ്കിൽ അതിന്റെ കാരണം സിനിമയുടെ അണിയറ പ്രവർത്തകർ മാത്രമല്ല, മാറിക്കൊണ്ടിരിക്കുന്ന പ്രേക്ഷക അഭിരുചികൾ കൂടിയാണ്. പ്രേക്ഷക അഭിരുചികൾ മാറുന്നതുകൊണ്ടാണ് നമുക്ക് പ്രേക്ഷക അഭിരുചിയെക്കൂടി മുന്നോട്ട് നയിക്കാൻ സാധിക്കുന്ന തരത്തിൽ സിനിമകളുണ്ടാക്കാൻ സാധിക്കുന്നത്.
മുംബൈയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ അടിസ്ഥാന ജനതയുടെ പൗരത്വം, മേൽവിലാസം, കുടിയേറ്റ തൊഴിലാളികളുടെ ജീവിതം എന്നിവയെല്ലാം വിഷയമായി കടന്നുവന്ന ഐഡി എന്ന ചിത്രമാണ് താങ്കൾ നേരത്തെ സംവിധാനം ചെയ്തത്. കൂടുതലും ഫെസ്റ്റിവലുകളെ ലക്ഷ്യംവെച്ചുകൊണ്ടുള്ള ഒരു സമാന്തര സിനിമ എന്ന നിലയിലായിരുന്നു ഐഡി വന്നത്. എന്നാൽ പടയിലെത്തിയപ്പോൾ രാഷ്ട്രീയ സ്വഭാവം നിലനിർത്തിക്കൊണ്ട് തന്നെ മുഖ്യധാര സിനിമയുടെ ഭാഗമാവുകയാണ് താങ്കൾ ചെയ്തത്. ഈയൊരു മാറ്റത്തെക്കുറിച്ച്?
സമാന്തര സിനിമ, മുഖ്യധാരാ സിനിമ എന്ന വാക്കുകളും സങ്കൽപങ്ങളുമൊക്കെയായി ബന്ധപ്പെട്ട് പലവിധ ചർച്ചകൾ ആവശ്യമാണ്. അടിസ്ഥാനപരമായി ഞാൻ അങ്ങനെ ഒരു ബൈനറിയിൽ വിശ്വസിക്കുന്നില്ല. ഐഡിയിൽ നിന്ന് പടയിലേക്കെത്തിയപ്പോൾ സിനിമ ആവശ്യപ്പെടുന്ന ഒരു ഫോർമാറ്റിലേക്ക് മാറി എന്നത് മാത്രമാണ്. പട എന്ന സിനിമയുടെ കഥാ പശ്ചാത്തലത്തിന് ഒരു ത്രില്ലർ സ്വഭാവം ഉണ്ടായിരുന്നു എന്നതുകൊണ്ട് കൂടിയാണ് ഇതൊരു വലിയ ക്യാൻവാസിലുള്ള മുഖ്യധാരാ സിനിമയായി മാറിയത്. കുഞ്ചാക്കോ ബോബൻ, വിനായകൻ, ദിലീഷ് പോത്തൻ, ജോജു ജോർജ്, പ്രകാശ് രാജ്, ഉണ്ണിമായ, കനി കുസൃതി, ഇന്ദ്രൻസ്, സലിം കുമാർ, ടി.ജി. രവി, ഇങ്ങനെയുള്ള വലിയൊരു താരനിര തന്നെ ചിത്രത്തിലേക്കുവന്നത് ഇത്തരമൊരു സിനിമയോടുള്ള അവരുടെ താത്പര്യം കൊണ്ടുകൂടിയാണ്. ഈ സിനിമ ഉയർത്തുന്ന ചോദ്യങ്ങളോടുള്ള അവരുടെ ഐക്യപ്പെടൽ കൂടി അതിനിടയിൽ സംഭവിച്ചിട്ടുണ്ട്.
പ്രസ് അക്കാദമിയിൽ ജേണലിസം വിദ്യാർത്ഥിയായിരുന്നുവെന്ന് തുടക്കത്തിൽ പറഞ്ഞല്ലോ. അതിനുശേഷം എങ്ങനെയാണ് സിനിമയിലേക്കെത്തിയത്?
എന്റെ സിനിമാ സ്വപ്‌നങ്ങളെല്ലാം തുടങ്ങുന്നത് കോതമംഗലം സുമംഗല ഫിലിം സൊസൈറ്റിയിൽ നിന്നാണ്. പിന്നീട് കോതമംഗലം കോളേജിൽ ഡിഗ്രിക്ക് ചേർന്നപ്പോൾ ഇപ്പോഴത്തെ ഛായാഗ്രാഹകൻ മധു നീലകണ്ഠൻ, എഡിറ്റർ ബി. അജിത് കുമാർ എന്നിവരെല്ലാം അവിടെ സഹപാഠികളായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട യാത്രകൾ അക്കാലത്ത് തന്നെ ആരംഭിച്ചിട്ടുണ്ട്. അന്നൊക്കെ കൊച്ചിൻ ഫിലിം സൊസൈറ്റിയടക്കമുള്ള ഫിലിം സൊസൈറ്റികളുടെ സമാന്തര സിനിമ പ്രദർശനങ്ങളിൽ പങ്കെടുക്കാനായി ഞങ്ങൾ എറണാകളത്തേക്ക് പോകുമായിരുന്നു. അങ്ങനെ ഏതെങ്കിലുമൊക്കെ സിനിമാ പ്രദർശനങ്ങളിലോ യൂണിവേഴ്‌സിറ്റി ഫിലിം ക്യാമ്പുകളിലോ ഒക്കെ കണ്ട് പരിചയപ്പെട്ട് സൗഹൃദത്തിലായവരാണ് ഇന്ന് മലയാള സിനിമയിലെ പ്രമുഖരായ നിരവധി പേർ. തൊണ്ണൂറുകളുടെ സാമൂഹിക- രാഷ്ട്രീയ ചുറ്റുപാടുകളിൽ വളർന്ന് സിനിമാ സ്വപ്‌നങ്ങളും താത്പര്യങ്ങളുമൊക്കെയായി മുന്നോട്ടുപോയ അക്കാലത്തെ സൗഹൃദങ്ങൾ തന്നെയാണ് ഞങ്ങളെയെല്ലാവരെയും സിനിമാ രംഗത്ത് ഓരോ തരത്തിൽ വാർത്തെടുത്തത്.
ഞാൻ വിശ്വസിക്കുന്നത് എല്ലാ സിനിമകൾക്ക് പിന്നിലും ഒരു രാഷ്ട്രീയമുണ്ട് എന്നു തന്നെയാണ്. അത് ഏത് നിലയിൽ ആ സിനിമയിൽ പ്രതിനിധീകരിക്കപ്പെടുന്നു എന്നതിലാണ് വ്യത്യാസം.
ഡിഗ്രി പഠനത്തിനുശേഷം എറണാകുളം പ്രസ് അക്കാദമിയിൽ ജേണലിസം പഠനത്തിന് ചേർന്നു. പിന്നീട് കെ. വേണുവിന്റെ നേതൃത്വത്തിൽ ഇറങ്ങിയ സമീക്ഷ എന്ന മാസികയിൽ രണ്ട് വർഷം ജോലി ചെയ്തു. അതിനും ശേഷമാണ് പൂനൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സിനിമ പഠിക്കാൻ പോയത്. ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനശേഷം 2004 ൽ സന്തോഷ് ശിവന്റെ കൂടെയാണ് എന്റെ പ്രൊഫഷണൽ ജീവിതം ആരംഭിക്കുന്നത്. അദ്ദേഹത്തിന്റെ കൂടെ അസോസിയേറ്റ് ഡയറക്ടർ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ എന്നീ നിലകളിലെല്ലാം അഞ്ച് വർഷത്തോളം ജോലി ചെയ്തു.
2012 ലാണ് സ്വതന്ത്രമായി ഐഡി എന്ന ആദ്യ ഫീച്ചിർ ഫിലിം ചെയ്യുന്നത്. ബൂസാൻ ഫിലിം ഫെസ്റ്റിവലടക്കം 35-40 ഓളം അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. ഐ.എഫ്.എഫ്.കെയിൽ മികച്ച ഏഷ്യൻ ചലച്ചിത്രത്തിനുള്ള അവാർഡ് അടക്കം പത്തോളം അവാർഡുകൾ നേടുകയും ചെയ്തു. ഐഡിക്ക് വലിയ ശ്രദ്ധ ലഭിച്ചത് കരിയറിന് വലിയ ഗുണം ചെയ്തിരുന്നു.
‘കളക്ടീവ് ഫേസ് വൺ’ എന്ന പേരിൽ സിനിമാ പ്രവർത്തകരുടെ ഒരു കൂട്ടായ്മയായിരുന്നു ചിത്രം നിർമിച്ചത്. രാജീവ് രവി, മധു നീലകണ്ഠൻ, റസൂൽ പൂക്കുട്ടി, സുനിൽ ബാബു, ബി. അജിത് കുമാർ, എന്നിവരെല്ലാമടങ്ങുന്ന സംഘമാണ് കളക്ടീവ് ഫേസ് വണിന്റെ പ്ലാറ്റ്‌ഫോമിൽ ഐഡി എന്ന സിനിമയുടെ നിർമാണത്തിൽ എന്റെയൊപ്പം പങ്കുചേർന്നത്. ആ സിനിമ വിജയമായതോടു കൂടി ഫിലിം മേക്കേഴ്‌സ് എന്ന തരത്തിൽ ഞങ്ങളുടെയെല്ലാവരുടെയും ആത്മവിശ്വാസം വർധിച്ചിരുന്നു.
അതിനിടയിൽ തന്നെ അന്നയും റസൂലും, ഞാൻ സ്റ്റീവ് ലോപ്പസ് തുടങ്ങിയ സിനിമകൾ ചെയ്ത് രാജീവ് രവി മലയാളത്തിൽ സജീവമാകുന്നുണ്ട്. മലയാള സിനിമയിൽ നമുക്കെല്ലാവർക്കും കൂട്ടായ ചില ഇടപെടലുകൾ നടത്താം എന്ന ആലോചനയുടെ ഭാഗമായാണ് 2014ൽ ഞാൻ കേരളത്തിലേക്ക് വരുന്നത്. 2014 മുതൽ 2018 വരെയുള്ള നാല് വർഷം കേരള സർക്കാറിന്റെ കെ.ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ തിരക്കഥ, സംവിധാനം വിഭാഗത്തിന്റെ അധ്യാപകനായിരുന്നു. നാല് വർഷത്തെ അധ്യാപന ജീവിതത്തിനുശേഷം 2018 ലാണ് പൂർണമായും സിനിമ എന്ന നിലയിലേക്ക് തിരിയുന്നത്. അങ്ങനെയാണ് പട സംഭവിക്കുന്നത്.
വരാനിരിക്കുന്ന പ്രൊജക്ടുകൾ ഏതൊക്കെയാണ്?
മെയ്, ജൂൺ മാസത്തിൽ ജോജു ജോർജ് നായകനായ കണ്ണൂരിന്റെ പശ്ചാത്തലത്തിൽ വരുന്ന ഏകാകി എന്ന സിനിമ, സെപ്തംബറിൽ കുഞ്ചാക്കോ ബോബൻ നായകനാകുന്ന മ്യൂസിക്കൽ ത്രില്ലർ എന്നിവയാണ് ഇനി വരാനിരിക്കുന്നത്.
രാഷ്ട്രീയ സ്വഭാവമുള്ള സിനിമകൾ തന്നെയായിരിക്കുമോ അവയും?
ഞാൻ വിശ്വസിക്കുന്നത് എല്ലാ സിനിമകൾക്ക് പിന്നിലും ഒരു രാഷ്ട്രീയമുണ്ട് എന്നു തന്നെയാണ്. അത് ഏത് നിലയിൽ ആ സിനിമയിൽ പ്രതിനിധീകരിക്കപ്പെടുന്നു എന്നതിലാണ് വ്യത്യാസം. ഞാൻ കടന്നുവന്ന വഴികൾ വെച്ച് ഞാൻ ഏത് വിഷയത്തെ സമീപിച്ചാലും അതിൽ രാഷ്ട്രീയ വായനകളുണ്ടാകും എന്നാണ് തോന്നുന്നത്. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.