‘കാതൽ’ കണ്ടിറങ്ങുന്നവരുടെ കണ്ണീരും ക്വിയർ രാഷ്ട്രീയവും

ആണത്തത്തിന്റെ മൂർത്തരൂപമായിരുന്ന ഒരു മെഗാതാരം ഒരു ഹോമോസെക്ഷ്വൽ കഥാപാത്രം ചെയ്യുമ്പോൾ ആവർത്തനവിരസതയിൽ നിന്നു കിട്ടുന്ന ആശ്വാസത്തിന്റെ കണ്ണുനീർ മാത്രമല്ലേ ‘കാതൽ’ കണ്ടിറങ്ങുന്നവരുടെ കണ്ണിൽ?

‘കാതൽ: ദ കോർ’ എന്ന സിനിമയെ ചുറ്റിപ്പറ്റിയുള്ള ചർച്ച ചൂടുപിടിക്കുകയാണല്ലോ. 'സ്വവർഗാനുരാഗം’ എന്ന് വികലമായി വിവർത്തനം ചെയ്യപ്പെടുന്ന ഹോമോസെക്ഷ്വാലിറ്റി എന്ന പ്രതിഭാസത്തെപ്പറ്റി മലയാളികൾ അവസാനം മിണ്ടിത്തുടങ്ങുകയാണ്. 1978-ൽ പുറത്തിറങ്ങിയ 'രണ്ടു പെൺകുട്ടികൾ’ മുതൽ നാലുവർഷം മുമ്പിറങ്ങിയ ‘മൂത്തോൻ‘ വരെ പല ഘട്ടങ്ങളിലായി ഇതിനുമുമ്പും സിനിമ മലയാളികളോട് ക്വിയർ ജീവിതങ്ങളെപ്പറ്റി പറയാൻ ശ്രമിച്ചിട്ടുള്ളതാണ്. എന്നാൽ പ്രബുദ്ധതയുടെ മറവിൽ കഴിയുന്ന കേരളീയർ ക്വിയർ ജീവിതങ്ങളെ 'ഞങ്ങൾക്കു മനസ്സിലാകാത്ത സംഗതി’ എന്നു തള്ളിപ്പറഞ്ഞ് ഇക്കാലമത്രയും മണ്ണിൽ തലപൂഴ്ത്തിയ ഒട്ടകപക്ഷികളായി കഴിയുകയായിരുന്നു.

ഈയൊരു പരിപ്രേക്ഷ്യത്തിന് ഇത്തിരി ഇളക്കം ഉണ്ടാക്കുകയാണ് 'കാതൽ’. പടം കണ്ടിട്ടില്ലാത്തവർപോലും പ്രായഭേദമന്യേ സമൂഹമാധ്യമങ്ങളിലും ചായക്കട സംഭാഷണങ്ങളിലും പടത്തോടുള്ള പ്രതികരണങ്ങൾ ശ്രദ്ധിക്കാൻ നിർബന്ധിതരാവുകയാണ്, യാഥാസ്ഥിതികവാദികൾ ഉൾപ്പടെ.

ബാംഗ്ലൂരിൽ സിനിമ കാണാൻ പോയ രണ്ടു പ്രാവശ്യവും സദസ്സ് നിറഞ്ഞിട്ടുണ്ടായിരുന്നു. പലരും കുട്ടികളെ കൊണ്ടുവന്നിരുന്നു, പലരും മലയാള സിനിമയെ സ്നേഹിക്കുന്ന കന്നഡ, തമിഴ് ഭാഷകൾ സംസാരിക്കുന്നവരായിരുന്നു. അതിവൈകാരികതയില്ലാതെ സങ്കീർണ സാഹചര്യങ്ങളെ സൂക്ഷ്മമായും മാനുഷികമായും പടം കൈകാര്യം ചെയ്യുന്നു എന്ന് അനവധി പേർ പറയുകയാണ്. കഥാതന്തുവിനെക്കാൾ കൂടുതൽ ചർച്ചയാവുന്നത് ഒരു മെഗാതാരം 'ഇങ്ങനെയുള്ളൊരു കഥാപാത്രം’ ഏറ്റെടുക്കാൻ കാണിച്ച ധൈര്യമാണ് എന്ന വിമർശനം പ്രസക്തമാണെങ്കിലും സിനിമ എന്ന മാധ്യമത്തിന്റെ അർഥശാസ്ത്രം കണക്കിലെടുക്കുമ്പോൾ അത് മനസ്സിലാക്കാവുന്നതേയുള്ളൂ. പടത്തിന്റെ മറ്റു തലങ്ങളിലേക്ക് ഇവിടെ ശ്രദ്ധതിരിക്കേണ്ടതായുണ്ട്.

‘മമ്മൂട്ടി കരയുമ്പോൾ…’

അതിലൊന്നാണ് പടം കണ്ടിറങ്ങുന്ന പ്രേക്ഷകർ പ്രകടിപ്പിക്കുന്ന വികാരങ്ങൾ. സിനിമ ചെയ്യുന്ന, വികാരങ്ങളുളവാക്കുക എന്ന പ്രധാന കൃത്യത്തെ അതിന്റെ ചരിത്ര- രാഷ്ട്രീയ പശ്ചാത്തലത്തിൽ നിർത്തി വിലയിരുത്തേണ്ടതായുണ്ട്. 'കാതൽ’ കണ്ടിറങ്ങിവരുന്നവരുടെ പ്രതികരണങ്ങൾ വീഡിയോകളായും കുറിപ്പുകളായും നവമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടല്ലോ. ഈ സ്വരങ്ങളിൽ മുഴങ്ങുന്നത് സഹതാപം എന്ന വികാരമാണ് എന്ന് എളുപ്പം കാണാം. പലരും പറയുന്നു മാത്യു ദേവസ്സിയുടെ 'എന്റെ ദൈവമേ’ എന്ന വിളി അവരുടെ ഹൃദയം ഭേദിച്ചു എന്ന്. ഇവിടെയും നമുക്ക് ഹോമോസെക്ഷ്വാലിറ്റി എന്ന 'പ്രശ്ന’ത്തിൽ അകപ്പെട്ടിരിക്കുന്ന മനുഷ്യരോടുള്ള സഹതാപം കാണാൻ സാധിക്കും. 'മമ്മൂട്ടി കരയുമ്പോൾ കേരളം കരയും’ തുടങ്ങിയ തലക്കെട്ടുകളും ഒരു താരം പ്രേക്ഷകരിൽ തന്റെ കഥാപാത്രത്തോട് ഉളവാക്കുന്ന സഹതാപത്തിന്റെ തന്നെ സൂചനയാണ്.

എന്നാൽ ഈ സഹതാപപ്രകടനം ക്വിയർ പ്രസ്ഥാനങ്ങളുടെ ചരിത്രത്തിന് വിലോമമായാണ് നില്ക്കുന്നത്. 1969-ലെ സ്റ്റോൺവാൾ കലാപത്തിനു ശേഷം ക്വിയറിടങ്ങളിൽ നടന്ന നാനാ മുന്നേറ്റങ്ങളിലോ ഇന്ത്യയിൽ ഇന്ന് ഉടനീളം നടന്നുവരുന്ന ക്വിയർ സ്വാഭിമാന ഘോഷയാത്രകളിലോ എവിടെയും ക്വിയർ സമൂഹം ഇവിടുത്തെ ഹെറ്ററോനോർമറ്റീവ് പൊതുസമൂഹത്തിൽ നിന്ന് പ്രതീക്ഷിക്കുന്നത് സഹതാപമാണെന്ന് പറയുന്നില്ല. 'ക്വിയർ’ എന്ന പദത്തെ, അതിന്റെ മൂലാർഥങ്ങളായ 'വിചിത്രം’, 'വികൃതം’ എന്നിവ നിലനില്ക്കേത്തന്നെ, ലൈംഗിക ന്യൂനപക്ഷങ്ങൾ ഏറ്റെടുത്തത് ഇതേ കാര്യത്തെ ദ്യോതിപ്പിക്കുന്നു. ‘We are here, we are queer’ എന്ന മുദ്രാവാക്യവും ഒരു തരത്തിലുള്ള സഹതാപവും ക്വിയർസമൂഹം തങ്ങളുടെ സ്വത്വാവകാശ പ്രകടനങ്ങളോട് പ്രതീക്ഷിക്കുന്നില്ല എന്നാണ് കാണിക്കുന്നത്. ഇക്കാര്യം ക്വിയർ സമൂഹത്തിനകത്തുള്ള ജാതി-മത-വർഗ്ഗ-ലിംഗപരമായ വിള്ളലുകളുടെ കാര്യത്തിലും പ്രസക്തമാണ്. ക്വിയറിടങ്ങളിൽ മേൽക്കോയ്മയുള്ള സവർണ- മധ്യവർഗ്ഗ- സിസ്- ഗേ പുരുഷന്മാരിൽ നിന്ന് ഒരു തരത്തിലുള്ള സഹതാപവും മറ്റു സ്വത്വക്കാർ പ്രതീക്ഷിക്കുന്നില്ല.

സഹതാപം എന്ന വികാരം ‘കാതൽ’ കണ്ട മനുഷ്യരെ കൂടാതെ നമ്മുടെ നിയമ-ഭരണകൂടവ്യവസ്ഥകളുടെ പ്രവൃത്തികളിലും ദർശിക്കാം. വിവാഹത്തിനായുള്ള ക്വിയർ സമൂഹത്തിന്റെ തുല്യാവകാശത്തെപ്പറ്റി സുപ്രീം കോടതി ഈയടുത്തു പ്രസ്താവിച്ച വിധി അതിനൊരു ഉദാഹരണമാണ്. തുല്യാവകാശം നിഷേധിക്കുന്നതിനുമുമ്പ് രണ്ടര മണിക്കൂർ നീണ്ടു നിന്ന വിധിപ്രസ്താവനയിൽ ജസ്റ്റിസുമാർ ക്വിയർ സമൂഹം നേരിടുന്ന വിവേചനങ്ങളെപ്പറ്റിയും അവകാശലംഘനങ്ങളെപ്പറ്റിയും ദീർഘമായി വിവരിക്കുന്നുണ്ട്. എന്നാൽ തുല്യാവകാശം എന്ന വിഷയം ഭരണപരമായ ബുദ്ധിമുട്ടുകൾ എന്ന കാരണം പറഞ്ഞ് ഒരു തീവ്രവലതുപക്ഷ സർക്കാറിന്റെ കൈയിൽ കൊടുത്ത് ക്വിയർ സമൂഹത്തിന്റെ വിഷമങ്ങളെപ്പറ്റിയും ഹെല്പ്ലൈൻ നമ്പറുകളുടെ ആവശ്യകതയെപ്പറ്റിയും വാചാലമാവുന്നത് സഹതാപം കാണിക്കൽ തന്നെയാണ് സൂചിപ്പിക്കുന്നത്.

സഹതാപപ്രകടനം അതിന്റെ ആവർത്തനത്തിലൂടെയാണ് സാധുതയാർജ്ജിക്കുന്നത്. ആവർത്തനം എന്ന പ്രക്രിയ എങ്ങനെയാണ് സാധുത കൈവരിക്കാനുള്ള ഉപാധിയാവുന്നത് എന്നത് ജെൻഡറിന്റെ ഉദാഹരണമെടുത്ത് ജൂഡിത്ത് ബട്ലർ പറഞ്ഞുവച്ചിട്ടുള്ളതാണ്. 1990-ൽ പുറത്തിറങ്ങിയ 'ജെൻഡർ ട്രബിൾ’ എന്ന നിർണായക കൃതിയിൽ ജെൻഡർ റോളുകൾ വാർപ്പുമാതൃകകളായി മാറുന്നത് അവയുടെ വീണ്ടും വീണ്ടുമുള്ള ആവർത്തനത്തിലൂടെയാണ് എന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ഒരു ആൺകുട്ടിയുടെ ശരീരഭാഷയെയും സ്വരത്തെയും ചിന്തയെയും ആണത്തം എന്ന സാങ്കല്‌പിക ആശയത്തിലൂന്നി നിർവചിച്ച് കുടുംബം- സ്കൂൾ- സിനിമ- കായികം മുതലായ സാമൂഹ്യസ്ഥാപനങ്ങളിലൂടെ ആ നിർവചനത്തെ ആവർത്തിച്ചാവർത്തിച്ച് ഊട്ടിയുറപ്പിച്ചാണ് ഒരു പുരുഷനെ സമൂഹം വാർത്തെടുക്കുന്നത്.

അതേപോലെത്തന്നെ ക്വിയർ വ്യക്തികളെ കളിയാക്കി, പുറന്തള്ളി, ഉള്ളറയിൽ (closetൽ) ഒതുക്കി, മാനസികമായും ശാരീരികമായും ലൈംഗികമായും അവരുടെമേൽ അക്രമം നടത്തുകയെന്നത് ഈയടുത്തുവരെ ആവർത്തനത്തിലൂടെ സ്വീകാര്യത നേടിയ കാര്യമായിരുന്നു. ഇതിൽ നിന്നും മാറി, ആണത്തത്തിന്റെ മൂർത്തരൂപമായിരുന്ന ഒരു മെഗാതാരം ഒരു ഹോമോസെക്ഷ്വൽ കഥാപാത്രം ചെയ്യുമ്പോൾ ആവർത്തനവിരസതയിൽ നിന്നും കിട്ടുന്ന ആശ്വാസത്തിന്റെ കണ്ണുനീർ മാത്രമല്ലേ ‘കാതൽ’ കണ്ടിറങ്ങുന്നവരുടെ കണ്ണിൽ?

ഉള്ളറ രാഷ്ട്രീയം

ഇവിടെ ഹെറ്ററോനോർമറ്റീവ് പൊതുസമൂഹം - ക്വിയർ സമൂഹം എന്ന ദ്വന്ദ്വം (binary) ഉപയോഗിക്കാൻ കാരണങ്ങളുണ്ട്. ദ്വന്ദ്വങ്ങൾക്കെതിരെയുള്ള സമരങ്ങളായിരുന്നു ക്വിയർ മുന്നേറ്റങ്ങൾ എന്നും. (ദ്വന്ദ്വങ്ങൾക്കും ഗ്രാൻഡ് നറേറ്റീവുകൾക്കുമെതിരെ പോരാടാൻ നമ്മെ പഠിപ്പിച്ചത് ഉത്തരാധുനിക ആഖ്യാനങ്ങളാണ് എന്ന് കേരളത്തിലെ ക്വിയർ പ്രസ്ഥാനത്തെ ഒപ്പിയെടുക്കാൻ ശ്രമിക്കുന്ന, ഉത്തരാധുനിക സിദ്ധാന്തങ്ങളെ തള്ളിപ്പറയുന്ന, ഇടതുകക്ഷികൾ ഓർക്കേണ്ടതുണ്ട് എന്ന് ഇവിടെ പറയേണ്ടതായുണ്ട്.) ദ്വന്ദ്വങ്ങളെ ഇല്ലാതാക്കാൻ ദ്വന്ദ്വങ്ങൾ ഇല്ല എന്ന് നടിക്കാനാകില്ല. ക്വിയർ സിദ്ധാന്തത്തിലെ മറ്റൊരു അടിസ്ഥാന കൃതിയായ ‘ദി എപിസ്റ്റമോളജി ഓഫ് ദ ക്ലോസറ്റിൽ’ ഈവ് കൊസോഫ്‌സ്കി സെഡ്ജ്വിക് ഇക്കാര്യം സ്പഷ്ടമായി വിശദീകരിക്കുന്നുണ്ട്. ചരിത്രം പരിശോധിച്ചാൽ ഒരു ദ്വന്ദ്വത്തിലെ രണ്ടു ഘടകങ്ങൾ സമാന അധികാരങ്ങളോടെയല്ല നിലനിൽക്കുന്നത് എന്ന് കാണാനാവും. അതിൽ ഒന്ന് (ഹെറ്ററോസെക്ഷ്വാലിറ്റി) മറ്റേതിനെ (ഹോമോസെക്ഷ്വാലിറ്റി / ക്വിയർ ലൈംഗികതകളെ) നിരന്തരം അടിച്ചമർത്തിക്കൊണ്ടേയിരിക്കുന്നു. ക്വിയർ സ്വത്വരാഷ്ട്രീയം ഇതിലെ ആദ്യത്തേത് അടിച്ചേൽപ്പിക്കുന്ന ചട്ടങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് മുന്നേറുന്നത്.

ഹെറ്ററോനോർമറ്റീവ് പൊതുസമൂഹത്തിന്റെ സഹതാപപ്രകടനം എന്തുകൊണ്ട് പ്രശ്നവത്കരിക്കപ്പെടേണ്ടതായുണ്ട് എന്നത് ഇപ്പോൾ കൂടുതൽ വ്യക്തമാവും. പാശ്ചാത്യ സംസ്കാരത്തിന്റെ സന്ദർഭത്തിൽ സെഡ്ജ്വിക് പറഞ്ഞതുപോലെ ഹെറ്ററോസെക്ഷ്വാലിറ്റിയാണ് സ്വാഭാവികം, നൈസർഗികം എന്ന തെറ്റിദ്ധാരണയ്ക്കു മേലാണ് ഇവിടത്തെയും സംസ്കാരം കെട്ടിപ്പടുത്തിയിരിക്കുന്നത്. ക്വിയർ സ്വത്വങ്ങളെ ഉൾക്കൊള്ളാതെ നിർമിക്ക​പ്പെട്ട ഈ സാംസ്കാരികത - അതു കലാപരമായതായിക്കോട്ടെ സാഹിത്യപരമായതായിക്കോട്ടെ രാഷ്ട്രീയപരമായതായിക്കോട്ടെ - അടിമുടി പൊള്ളയാണ്. മൊത്തം മനുഷ്യസംസ്കാരത്തെ അഴിച്ചുപണിയാനുള്ള വെല്ലുവിളിയാണ് ഇവിടെ ഉയർത്തപ്പെടുന്നത്.

ഉള്ളറയുടെ സങ്കീർണതകളെപ്പറിയും സെഡ്ജ്വിക് നമ്മളോട് സംസാരിക്കുന്നുണ്ട്. ഉള്ളറയിൽ കഴിയുമ്പോൾ കൊടിയ മാനസിക സംഘർഷം അനുഭവിക്കേണ്ടിവരുന്നു എന്നിരിക്കേ തന്റെ സ്വത്വം വെളിപ്പെടുത്തുമ്പോൾ സംഘർഷങ്ങൾക്ക് കുറവു വന്നേക്കില്ല എന്ന വസ്തുതയെയും ഒരു ക്വിയർ വ്യക്തിക്ക് അഭിമുഖീകരിക്കേണ്ടതായി വരുന്നു. സ്വന്തം വീട്ടിൽ നിന്നോ വാടകവീട്ടിൽ നിന്നോ ഉള്ള പുറത്താക്കൽ, ജോലിസ്ഥലത്തുനിന്നുള്ള പ്രത്യക്ഷ-പരോക്ഷങ്ങളായ പുറന്തള്ളലുകൾ എന്നീ യാഥാർഥ്യങ്ങൾ മുൻനിർത്തിയാൽ ഉള്ളറയിൽ നിന്നും ക്വിയർ വ്യക്തികൾ പുറത്തുവന്നാൽ മാത്രം ഹെറ്ററോ / ക്വിയർ എന്ന ദ്വന്ദ്വത്തിൽ അടങ്ങിയിട്ടുള്ള അധികാര വ്യത്യാസങ്ങൾ ഇല്ലാതാവും എന്ന് പറയാനേ ഒക്കില്ല.

'ബധായി ദോ’ സിനിമയിൽ നിന്ന്

അതുകൊണ്ടുതന്നെ സഹതാപപ്രകടനങ്ങളെ ഗൗരവത്തോടെ കാണുന്നതിന് പരിധിയുണ്ട്. പുതുതായി വരുന്ന പല ക്വിയർ സിനിമകളിലും ഈ പ്രവണത ദൃശ്യമാണ്. 'ബധായി ദോ’ എന്ന ഹിന്ദി ചലച്ചിത്രവും ഇവിടെ പാളിയിരുന്നു. ക്വിയർ സ്വത്വത്തെ സ്വീകാര്യമാക്കുക എന്നു കാണിക്കാൻ ഒരു കുഞ്ഞിനുവേണ്ടി ഒരു ഗേ പുരുഷനും ഒരു ലെസ്ബിയൻ സ്ത്രീയും ദാമ്പത്യത്തിൽ തുടരുന്നതും നായകൻ തന്റെ സ്വത്വത്തെ വെളിപ്പടുത്തി കുടുംബാംഗങ്ങൾക്കു മുന്നിൽ പൊട്ടിക്കരയുന്നതും അവസാനം എല്ലാവരും കുടുംബസമേതം ഒരു ഹോമം നടത്തുന്നതേടെ എല്ലാം ശുഭമാവുന്നതുമാണ് പടം കാണിക്കുന്നത്. സഹതാപം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ഈ ദൃശ്യങ്ങൾക്കു വിപരീതമായി പാകിസ്താനിൽ നിന്നു വന്ന 'ജോയ് ലാൻഡ്’ എന്ന സിനിമ അതിന്റെ സ്വത്വരാഷ്രീയം വ്യത്യസ്തമായി വിളിച്ചു പറയുന്നു. ജീവിക്കാനും മരിക്കാനും തീരുമാനിക്കുന്നിടങ്ങളിൽ എവിടെയും കഥാപാത്രങ്ങൾ പ്രേക്ഷകരിൽ നിന്ന് സഹതാപം ആവശ്യപ്പെടുന്നില്ല. 'കാതൽ’ പോലെ തന്നെ ഇവിടെയും നിശ്ശബ്ദതയാണ് കുടുംബത്തിന്റെ ഇടനാഴികളിൽ അധികാരം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച് നമ്മളോട് സംസാരിക്കുന്നത്.

മലയാളി കുടുംബവും
ക്വിയർ ജീവിതങ്ങളും

ലിംഗവുമായി ബന്ധപ്പട്ട അധികാരത്തിന്റെ (power) ആഴവും പരപ്പും മനസ്സിലാക്കാൻ മിഷൽ ഫൂക്കോ പറഞ്ഞുതന്നതു പോലെ അതിനെ ഒരു ‘ഡിസ്പോസിറ്റിഫ്’ (dispositif) ആയി കാണണം. സാമൂഹിക സ്ഥാപനങ്ങൾ, വിവിധ പ്രവൃത്തികൾ (practices), നിയമങ്ങൾ, ശാസ്ത്രത്തെ അവലംബിച്ച് പുറപ്പെടുവിക്കുന്ന പ്രസ്താവനകൾ, ജ്ഞാനഘടനകൾ, വാമൊഴി- വരമൊഴികളിലെ പദപ്രയോഗങ്ങൾ, ധാർമിക- താത്വിക വാദങ്ങൾ, സാങ്കേതികവിദ്യകൾ എന്നിവയല്ലാം ഉൾചേർന്ന ഒരു വലയമാണ് സമൂഹത്തിൽ അധികാരം എങ്ങനെ പ്രവർത്തിക്കുന്നു എന്നത് നിർണയിക്കുന്നത്. ഇതിനെ ഫൂക്കോ ഡിസ്പോസിറ്റിഫ് എന്നു വിളിക്കുന്നു. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ ഇതിന്റെ രൂപം വ്യക്തമാകണമെങ്കിൽ ‘ കേരളാ മോഡലിൽ’ നിന്നു തുടങ്ങാം. ശരാശരി മലയാളി കുടുംബത്തെ വാർത്തെടുക്കുന്നതിൽ ഈ വികസന മാതൃകക്ക് വലിയ പങ്കുണ്ടായിട്ടുണ്ടെന്നത് ഇതിനകം സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.

ആദ്യകാലത്ത് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെയും പിന്നീട് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെയും അടിത്തട്ടിലുള്ള പ്രവർത്തനങ്ങൾ ഇവിടെ ജീവിതനിലവാരം കൂട്ടാൻ സഹായിച്ചു. ഭൂപരിഷ്കരണം, വർഗരാഷ്ട്രീയത്തിലൂന്നിയ തൊഴിലാളികളുടെ സംഘടിക്കൽ, പൊതുവിദ്യാഭ്യാസം - പൊതു ആരോഗ്യം എന്നീ മേഖലകളിൽ നടത്തിയ നിക്ഷേപങ്ങൾ, സാമൂഹ്യക്ഷേമ പദ്ധതികളുടെ നടപ്പിലാക്കൽ, പിന്നീട് അധികാര വികേന്ദ്രീകരണം എന്നിവയോടെപ്പം ഗൾഫ് രാജ്യങ്ങളിൽ നിന്നും പല കുടുംബങ്ങളിലേക്കും ഒഴുകിയെത്തിയ പണം ഒരു മധ്യവർഗ്ഗ ജീവിതശൈലി ഇവിടെ നിർമിക്കാൻ സഹായിച്ചു. അതേസമയം ദലിത്- ആദിവാസി-മത്സ്യത്തൊഴിലാളി- തോട്ടം തൊഴിലാളി വിഭാഗങ്ങളെ ഇത് കാര്യമായിത്തന്നെ പാർശ്വവത്കരിച്ചു. ക്വിയർ വീക്ഷണത്തിലൂടെ നോക്കിയാൽ ഇതിന്റെ മറ്റൊരു പ്രതലം ചുരണ്ടി വേർതിരിച്ചെടുക്കാൻ സാധിക്കും. കേരളാ മോഡൽ ലഭ്യമാക്കിയ സാമൂഹ്യസുരക്ഷയുടെ ഗുണഭോക്താക്കൾ ഈ വികസന പദ്ധതിയുടെ ആദ്യകാലങ്ങളിൽ, അതായത് 1950-70 കളിൽ ജനിച്ചവർ കെട്ടിപ്പടുത്തിയ സവർണമധ്യവർഗ്ഗ കുടുംബങ്ങളാണെന്ന് കാണാം. ഈ അനുഭവം സവർണമധ്യവർഗ്ഗ മലയാളി കുടുംബത്തിന് നൽകിയത് ഉയർന്ന ജീവിതനിലവാരത്തിലധിഷ്ഠിതമായ ദൃഢമായ ഒരുതരം ആത്മവിശ്വാസമാണ്. അങ്ങേയറ്റം ഹെറ്ററോനോർമറ്റീവ് ആയ, ‘ഹെറ്ററോ സെക്ഷ്വൽ കുടുംബമാണ് സുരക്ഷിത കുടുംബം’ എന്ന ആത്മവിശ്വാസം. 1990-കളിൽ നടന്ന അധികാര വികേന്ദ്രീകരണം ഈ ആത്മവിശ്വാസത്തെ കൂടുതൽ ഊട്ടിയുറപ്പിച്ചു. ഗ്രാമസഭകളിലും പാർട്ടി ആപ്പീസുകളിലും, എന്തിന്, വായനശാലകളിലും വരെ ഈ ഹെറ്ററോനോർമറ്റീവ് ആത്മവിശ്വാസം ദർശിക്കാൻ സാധിക്കും. അതുകൊണ്ടുതന്നെ ഇവയെ വെറും ആണിടങ്ങൾ എന്നു പറയാതെ ഹെറ്ററോനോർമറ്റീവ് ഇടങ്ങൾ എന്നു പറയുന്നതാവും ഉചിതം. പ്രബുദ്ധത എന്ന ഒരു നറേറ്റീവ് ചമച്ച് ഈ മാതൃക സാധൂകരിക്കപ്പെട്ടു. കേരളാ മോഡലിനെ രൂപപ്പെടുത്തുന്ന dispositif എങ്ങനെ നിർമിക്കപ്പെട്ടിരിക്കുന്നുവെന്ന് ഇപ്പോൾ മനസ്സിലാവും. 1980-കളുടെ അവസാനം മുതൽ തുടങ്ങിയ നവലിബറൽ ചിന്തയുടെ കുത്തൊഴുക്ക് പിന്നീടുള്ള ദശകങ്ങളിൽ ജനിച്ചവർക്ക് നല്കിയത് സാമ്പത്തിക- സാമൂഹിക അസുരക്ഷിതത്വമാണ്. തൊഴിലിന്റെ താല്കാലികവത്കരണം, കാർഷിക പ്രതിസന്ധി എന്നിവയെല്ലാം ഈ അസുരക്ഷിതത്വത്തിന് ആക്കം കൂട്ടി. മുതിർന്ന തലുറയുടെ ഹെറ്ററോനോർമറ്റീവ് ആത്മവിശ്വാസത്തിനു മുന്നിൽ അസുരക്ഷിതരായ ഈ തലുറയിലെ ക്വിയർ വ്യക്തികൾ തകർന്നു പോവുന്നു. സ്വത്വത്തെക്കുറിച്ചുള്ള ഏറ്റുപറച്ചിലുകൾ നടത്താനുള്ള ഇടം ഇവിടെ തീരെ ഇല്ലാതായി പോവുന്നു. കേരളം തന്നെ അവർക്ക് ഉള്ളറയായി മാറുന്നു. ഒരു ക്വിയർ വ്യക്തി വർഷങ്ങളായി വായനയിലൂടെയും പലായനങ്ങളിലൂടെയും തന്നെപോലുള്ളവരെ തേടിയുള്ള യാത്രകളിലൂടെയും ആർജ്ജിക്കുന്ന ധൈര്യം ഒറ്റനിമിഷം കൊണ്ട് കെടുത്താൻ കേരളാ മോഡൽ അച്ഛനമ്മമാർക്ക് സാധിക്കുന്നു.

ഇവിടെയാണ് 'കാതലി’ലെ 'എനിക്ക് പേടിയായിരുന്നു’ എന്ന മാത്യു ദേവസ്സിയുടെ രോദനം പ്രസക്തമാവുന്നത്. ഓമനയുടെ മുമ്പിൽ നിസ്സഹായനാവുന്ന മാത്യു തുറന്നുകാട്ടുന്നത് ഭീതിയുടെ (terror) ഇടമാണ് ഉള്ളറ എന്നതാണ്. കുടുംബത്തിന്റെ മേൽപറഞ്ഞ ഹെറ്ററോനോർമറ്റീവ് ആത്മവിശ്വാസം ക്വിയർ വ്യക്തികളിൽ ഉണ്ടാക്കുന്നത് അളവറ്റ ഭീതിയാണ്. ശിഖണ്ഡി, കുണ്ടൻ, ആണുംപെണ്ണും കെട്ടവൻ എന്നീ വിളികൾ പല ക്വിയർ കുട്ടികൾക്കും ചെറുപ്പത്തിലേതന്നെ പരിചിതമാക്കിക്കൊടുക്കുന്നത് ഇന്ന് ‘കാതൽ’ കണ്ടിറങ്ങി സഹതപിക്കുന്ന സിസ്- ഹെറ്റ് സ്ത്രീ-പുരുഷന്മാരിൽ പലർ തന്നെയാണ്.

ജാക്ക് ഹാൽബർസ്റ്റാം 'ദ ക്വിയർ ആർട്ട് ഓഫ് ഫെയ്‌ല്യർ’ എന്ന രചനയിൽ പറയുന്നതുപോലെ ക്വിയർ ശരീരങ്ങൾ ഹെറ്ററോനോർമറ്റീവ് സമൂഹത്തിന്റെ പ്രതീക്ഷകളുടെ മുമ്പിൽ പരാജിതരായിക്കൊണ്ടേയിരിക്കുന്നു. എന്നിരുന്നാലും തങ്ങളുടെ പരാജയങ്ങളിലൂടെ അവർ അധികാരഘടനകളെ ചോദ്യം ചെയ്തു കൊണ്ടേയിരിക്കും.

Comments