2023- ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ പരിഗണനയ്ക്കായി സമർപ്പിക്കപ്പെട്ടത് 160 ചിത്രങ്ങളാണ്. ചലച്ചിത്ര അവാർഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന സംഖ്യയാണിത്. ഇതിൽനിന്നും പ്രാഥമിക ജൂറി രണ്ട് സബ് കമ്മിറ്റികളായി തിരിഞ്ഞ് 80 വീതം സിനിമകൾ കാണുകയും 35 സിനിമകൾ ഷോർട്ട് ലിസ്റ്റ് ചെയ്യുകയും ചെയ്തു.
കുട്ടികളുടെ ചിത്രങ്ങളുടെ വിഭാഗത്തിൽ നാലു ചിത്രങ്ങളാണ് സമർപ്പിക്കപ്പെട്ടിരുന്നത്. ഇവയിൽ ഒരു ചിത്രം കുട്ടികളുടെ വിദ്യാഭ്യാസ പരിപാടിയായതിനാൽ ഫീച്ചർ ഫിലിമായി പരിഗണിക്കാൻ കഴിയില്ലെന്ന് ജൂറി വിലയിരുത്തി. മറ്റു മൂന്നു ചിത്രങ്ങളും അവാർഡിന് പരിഗണിക്കാൻ തക്ക നിലവാരമുള്ളവയായിരുന്നില്ല.
പ്രാഥമിക ജൂറി തെരഞ്ഞെടുക്കാത്ത മൂന്നു ചിത്രങ്ങൾ അന്തിമ ജൂറി തിരിച്ചുവിളിച്ചു കാണുകയുണ്ടായി. അങ്ങനെ ആകെ 38 സിനിമകളാണ് അന്തിമജൂറി അവാർഡ് നിർണയത്തിനായി സസൂക്ഷ്മം വിലയിരുത്തിയത്. അന്തിമപട്ടികയിലെ 38 ചിത്രങ്ങളിൽ 22 ചിത്രങ്ങളും നവാഗത സംവിധായകരുടേതായി രുന്നുവെന്നത് മലയാളസിനിമയുടെ 'ഭാവിയെ സംബന്ധിച്ച് ആശാവഹമായ കാര്യമാണ്.
ജൂറി നിർദ്ദേശങ്ങൾ
1. പ്രാഥമിക ജൂറിയുടെ സബ്കമ്മിറ്റിയിൽ നിലവിൽ 4 അംഗങ്ങളാണുള്ളത്. അത് 3 അല്ലെങ്കിൽ 5 എന്ന നിലയിൽ പുനഃക്രമീകരിക്കേണ്ടതാണ്.
2. പുരസ്‌കാരങ്ങൾ ലഭിച്ച മലയാള ചിത്രങ്ങൾ കേരളത്തിന് പുറത്ത് പ്രദർശിപ്പിക്കാനുള്ള അവസരങ്ങൾ ഒരുക്കണം.
3. വൻകിട മൂലധന സഹായമില്ലാതെ സിനിമയെന്ന മാധ്യമത്തോട് പ്രതിബദ്ധത പുലർത്തുന്ന ഇൻഡി സിനിമകൾക്ക് പ്രത്യേക പ്രോത്സാഹനം നൽകണം.
4. മികച്ച തിരക്കഥകൾ ഒരുക്കുന്നതിനായി സ്‌ക്രിപ്റ്റ് ലാബ്, മെന്ററിംഗ് എന്നിവ ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കണം.
രചനാ വിഭാഗം - ജൂറി റിപ്പോർട്ട്
2023 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ രചനാവിഭാഗത്തിൽ 19 പുസ്തകങ്ങളും 45 ലേഖനങ്ങളുമാണ് എൻട്രികളായി സമർപ്പിക്കപ്പെട്ടിരുന്നത്. ക്വിയർ കാഴ്ചപ്പാടിലുള്ള സിനിമകളുടെ അപഗ്രഥനം, സിനിമയെ സാംസ്‌കാരികവും സാമൂഹികവും ചരിത്രപരവുമായി സമീപിക്കുന്ന ഗ്രന്ഥങ്ങൾ, വ്യക്തികേന്ദ്രിതമായ പഠനങ്ങൾ, സ്ത്രീപക്ഷ പഠനങ്ങൾ, ഓർമ്മക്കുറിപ്പുകൾ തുടങ്ങി വ്യത്യസ്ത വിഷയങ്ങളിലുള്ള ഗ്രന്ഥങ്ങളാണ് പരിഗണനയ്ക്കായി വന്നത്. രചനയിലെ മൗലികത, കേന്ദ്രീകൃതപ്രമേയത്തിലൂന്നിയുള്ള സമീപനം, വിഷയാവതരണത്തിലെ പുതുമ, രചനാപരമായ സൂക്ഷ്മത എന്നീ ഘടകങ്ങൾ ഒത്തിണങ്ങിയ ഗ്രന്ഥത്തിന് അംഗീകാരം നൽകുകയെന്നതായിരുന്നു ജൂറിയുടെ താൽപ്പര്യം.
മൽസരത്തിന് ലഭിച്ച ലേഖനങ്ങളിൽ പലതും മികച്ച നിലവാരം പുലർത്തുന്ന വയായിരുന്നു. ദേശീയത, ജനപ്രിയത, താരനിർമ്മിതി, നവസാങ്കേതികത, ലിംഗപദവി, ചലച്ചിത്രകാരന്മാരെപ്പറ്റിയുള്ള വ്യക്തിഗതപഠനങ്ങൾ തുടങ്ങി വൈവിധ്യമുള്ള വിഷയങ്ങളായിരുന്നു ലേഖനങ്ങളിൽ പ്രധാനമായും കണ്ടത്.
2023 ലെ രചനാ വിഭാഗത്തിൽ മികച്ച പുസ്തകത്തിനുള്ള പുരസ്‌കാരം, കിഷോർ കുമാറിന്റെ 'മഴവിൽ കണ്ണിലൂടെ മലയാള സിനിമ' എന്ന ഗ്രന്ഥത്തിനും മികച്ച ചലച്ചിത്ര ലേഖനത്തിനുള്ള പുരസ്‌കാരം ഡോ.രാജേഷ് എം.ആറിന്റെ 'ദേശീയതയെ അഴിച്ചെടുക്കുന്ന സിനിമകൾ' എന്ന ലേഖനത്തിനും നൽകുവാൻ ജൂറി ശുപാർശ ചെയ്യുന്നു.
പുരസ്‌കാര നിർണയത്തിൽ രണ്ടാം സ്ഥാനത്തെത്തിയ 'കാമനകളുടെ സാംസ്‌കാരിക സന്ദർഭങ്ങൾ' എന്ന പി.പ്രേമചന്ദ്രന്റെ പുസ്തകത്തിന്റെ മികവ് പരിഗണിച്ച് പ്രത്യേക ജൂറി പരാമർശം നൽകാൻ ശിപാർശ ചെയ്യുന്നു.
'ഫിലിം സൊസൈറ്റി പ്രസ്ഥാനം കേരളത്തിൽ: ചരിത്രവും രാഷ്ട്രീയവും' എന്ന ലേഖനത്തിന്റെ രചനാപരമായ സമഗ്രത പരിഗണിച്ച് പ്രത്യേക ജൂറി പരാമർശം നൽകാൻ ശിപാർശ ചെയ്യുന്നു.
രചനാ വിഭാഗം: ജൂറി നിർദ്ദേശങ്ങൾ
1. ഓൺലൈൻ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്ന സിനിമാ പഠനങ്ങളെയും മത്സരത്തിൽ ഉൾപ്പെടുത്താവുന്നതാണ്.
2. കൃത്യമായ രീതിശാസ്ത്രപദ്ധതികൾ ഉപയോഗിച്ചുകൊണ്ടുള്ള ചലച്ചിത്രപഠന ങ്ങളെയും സിനിമാ നിരൂപണങ്ങളെയും രണ്ടായി പരിഗണിക്കാവുന്നതാണ്.
3. പുരസ്‌കാരത്തുക കാലോചിതമായി വർധിപ്പിക്കാവുന്നതാണ്.
രചനാ വിഭാഗം - അവാർഡുകൾ
1. മികച്ച ചലച്ചിത്രഗ്രന്ഥം - മഴവിൽ കണ്ണിലൂടെ മലയാള സിനിമ
(ഗ്രന്ഥകർത്താവ് - കിഷോർ കുമാർ)]
(രചയിതാവിന് 30,000 രൂപയും ശില്പവും പ്രശസ്തിപത്രവും)
മൗലികവും നൂതനവുമായ കാഴ്ചപ്പാടിലൂടെ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനുള്ളിൽ മലയാള സിനിമയിൽ സംഭവിച്ച ഭാവുകത്വ പരിണാമത്തെ സൂക്ഷ്മവും വിമർശനാത്മകവുമായി അപഗ്രഥിക്കുന്ന കൃതി. സിനിമയിലെ ക്വിയർ രാഷ്ട്രീയത്തെ ഈ കൃതി സംവാദാത്മകമാക്കുന്നു.
2. മികച്ച ചലച്ചിത്ര ലേഖനം - ദേശീയതയെ അഴിച്ചെടുക്കുന്ന സിനിമകൾ
[ലേഖകൻ - ഡോ.രാജേഷ് എം.ആർ.]
(രചയിതാവിന് 20,000 രൂപയും ശില്പവും പ്രശസ്തിപത്രവും)
ഇന്ത്യൻ സിനിമ ദേശീയതയെ എപ്രകാരമാണ് ആവിഷ്കരിക്കുന്നതെന്ന് പരിശോധിക്കുന്ന ലേഖനം. അപരവത്കരണം, ദേശവിരുദ്ധത, ജാതീയത തുടങ്ങിയ പ്രമേയങ്ങൾ ചർച്ച ചെയ്യുന്ന ബോളിവുഡ് സിനിമകളെയും പ്രാദേശിക ഭാഷാ സിനിമകളെയും ആഴത്തിൽ വിശകലനം ചെയ്യുന്ന രചന.
പ്രത്യേക ജൂറി പരാമർശങ്ങൾ
1. പുസ്തകം - കാമനകളുടെ സാംസ്‌കാരിക സന്ദർഭങ്ങൾ- - പി.പ്രേമചന്ദ്രൻ. (ഗ്രന്ഥകർത്താവിന് ശില്പവും പ്രശസ്തിപത്രവും)
സിനിമയുടെ ബഹുമുഖതലങ്ങളെ സാംസ്‌കാരിക വിശകലനത്തിന് വിധേയമാക്കുന്ന കൃതി. സാർവദേശീയവും പ്രാദേശികവുമായ ചലച്ചിത്രങ്ങളിലെ ലിംഗരാഷ്ട്രീയത്തെ സൂക്ഷ്മവും ശ്രദ്ധേയവുമായ രീതിയിൽ രേഖപ്പെടുത്തുന്ന പുസ്തകം.
2. ലേഖനം - ഫിലിം സൊസൈറ്റി പ്രസ്ഥാനം കേരളത്തിൽ: ചരിത്രവും രാഷ്ട്രീയവും, ലേഖകൻ - അനൂപ് കെ.ആർ, (രചയിതാവിന് ശില്പവും പ്രശസ്തിപത്രവും)
കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ ഉദ്ഭവവും വികാസപരിണാമങ്ങളും രാഷ്ട്രീയമായി വിശകലനം ചെയ്യുന്ന പഠനം.
ചലച്ചിത്ര വിഭാഗം - അവാർഡുകൾ
1. മികച്ച ചിത്രം - കാതൽ ദി കോർ (Best Film - Kathal - The core)
സംവിധായകൻ - ജിയോ ബേബി
നിർമ്മാതാവ് - മമ്മൂട്ടി, മമ്മൂട്ടി കമ്പനി
(നിർമ്മാതാവിന് 2,00,000/- രൂപയും ശില്പവും പ്രശസ്തിപത്രവും, സംവിധായകന് 2,00,000/- രൂപയും ശില്പവും പ്രശസ്തിപത്രവും).
പരമ്പരാഗത മാനുഷികബന്ധങ്ങൾക്കതീതമായി, മാറുന്ന സാമൂഹിക യാഥാർത്ഥ്യങ്ങളെ അതിസൂക്ഷ്മമായും ധ്വനിപ്രധാനമായും അവതരിപ്പിച്ചുകൊണ്ട് വൈവിധ്യങ്ങളെ സ്വീകരിക്കാനും ഉൾക്കൊള്ളാനും പ്രേരിപ്പിക്കുന്ന പ്രമേയത്തിന്റെ ശക്തമായ ആവിഷ്‌കാരത്തിന്.
2. മികച്ച രണ്ടാമത്തെ ചിത്രം- ഇരട്ട (Second Best film - Iratta)
സംവിധായകൻ - രോഹിത് എം.ജി കൃഷ്ണൻ
നിർമ്മാതാവ് - ജോജു ജോർജ്
അപ്പു പാത്തു പപ്പു പ്രൊഡക്ഷൻ ഹൗസ്
(നിർമ്മാതാവിന് 1,50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും, സംവിധായകന് 1,50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
ദുരിതപൂർണ്ണമായ ബാല്യത്തെയും കുറ്റബോധത്തെയും മനഃശാസ്ത്രപരമായി സമീപിച്ചുകൊണ്ട് തികഞ്ഞ കൈയൊതുക്കത്തോടെയും ഘടനാപരമായ ദൃഢതയോടെയും ഉദ്വേഗജനകമായ പ്രമേയത്തിന്റെ ആഖ്യാനം നിർവഹിച്ചതിന്.
3. മികച്ച സംവിധായകൻ - ബ്ലെസി (Best Director - Blessy)
ചിത്രം - ആടുജീവിതം
(2,00,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
പ്രവാസജീവിതത്തിന്റെ അറിയപ്പെടാത്ത പുറങ്ങളെ സാങ്കേതിക മികവോടെയും സൗന്ദര്യപരമായ കൃത്യതയോടെയും ആവിഷ്‌കരിച്ച സംവിധാന മികവിന്
4. മികച്ച നടൻ - പൃഥ്വിരാജ് സുകുമാരൻ
ചിത്രം - ആടുജീവിതം
(1,00,000 രൂപയും ശില്പവും പ്രശസ്തിപത്രവും)
ജീവിതത്തിന്റെ പരീക്ഷണഘട്ടങ്ങളിൽപ്പെട്ടുപോയ ഒരു മനുഷ്യന്റെ അതിജീവനത്വരയെയും നിസ്സഹായതയെയും അതിനു ശേഷമുള്ള ശരീരഭാഷയെയും തന്മയത്വത്തോടെ അവതരിപ്പിച്ച പ്രകടന മികവിന്.
5. മികച്ച നടി
1. ഉർവശി | 2. ബീന ആർ. ചന്ദ്രൻ
ചിത്രങ്ങൾ - 1. ഉള്ളൊഴുക്ക് | 2. തടവ്
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും വീതം)
തുലനം ചെയ്യാൻ പറ്റാത്ത മനുഷ്യാവസ്ഥകളുടെ രണ്ട് വശങ്ങളെ അവിസ്മരണീയ മാക്കിയതിന് ഈ അവാർഡ് രണ്ടുപേർക്കായി പങ്കിടുന്നു.
1. മകന്റെ മരണത്തെ തുടർന്ന് പുത്രവധുവുമായി ഇണങ്ങിയും പിണങ്ങിയും ആത്മബന്ധം സ്ഥാപിക്കുന്ന കഥാപാത്രത്തിന്റെ സംഘർഷഭരിതമായ ഭാവാവിഷ്‌കാരത്തിന്.
2. ദാരിദ്ര്യത്തിലൂടെയും രോഗപീഡയിലൂടെയും കടന്നുപോവുന്ന സ്ത്രീജീവിതത്തിന്റെ വിവിധ ഭാവങ്ങൾ അനായാസമായി അവതരിപ്പിച്ചതിന്.
6. മികച്ച സ്വഭാവനടൻ - വിജയരാഘവൻ
ചിത്രം - പൂക്കാലം
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
പ്രായാധിക്യമുള്ള കഥാപാത്രത്തിന്റെ വളരെ സൂക്ഷ്മമായ ഭാവങ്ങൾ ആദ്യാവസാനം നിലനിർത്തിക്കൊണ്ട് അവതരിപ്പിച്ച അഭിനയ മികവിന്.
7. മികച്ച സ്വഭാവനടി - ശ്രീഷ്മ ചന്ദ്രൻ
ചിത്രം - പൊമ്പളൈ ഒരുമൈ
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
ഒരു നാടൻ വീട്ടമ്മയുടെ സംഘർഷങ്ങൾ സ്വാഭാവികവും നിയന്ത്രിതവുമായി അവതരിപ്പിച്ച പ്രകടന മികവിന്.
8. മികച്ച ബാലതാരം (ആൺ) - അവ്യുക്ത് മേനോൻ
ചിത്രം - പാച്ചുവും അത്ഭുതവിളക്കും (50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
സിനിമയിലെ സുപ്രധാനമായ ഒരു സന്ദർഭത്തിൽ കടന്നുവരുകയും തന്റെ കഥാപാത്രത്തെ ശ്രദ്ധേയമാക്കുകയും ചെയ്ത അഭിനയ മികവിന്.
9. മികച്ച ബാലതാരം (പെൺ) - തെന്നൽ അഭിലാഷ്
ചിത്രം - ശേഷം മൈക്കിൽ ഫാത്തിമ
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
കുഞ്ഞുമനസ്സിൽ ഒരു ജീവിതലക്ഷ്യം എങ്ങനെ രൂപം കൊള്ളുന്നുവെന്ന് ഫാത്തിമ എന്ന കഥാപാത്രത്തിന്റെ കുട്ടിക്കാലത്തിലൂടെ അസാമാന്യമായി അവതരിപ്പിച്ച പ്രകടന മികവിന്.
10. മികച്ച കഥാകൃത്ത് - ആദർശ് സുകുമാരൻ
ചിത്രം - കാതൽ ദി കോർ
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
ബഹുസ്വരമായ ഒരു സമൂഹത്തിലേക്ക് ഉൾച്ചേരുന്ന മനുഷ്യബന്ധങ്ങളുടെ വ്യത്യസ്തമായ കഥ പറഞ്ഞ രചനാചാതുരിക്ക്.
11. മികച്ച ഛായാഗ്രാഹകൻ - സുനിൽ കെ.എസ്.
ചിത്രം - ആടുജീവിതം
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
കഥയുടെ വൈകാരിക തലങ്ങൾ ദൃശ്യബിംബങ്ങളിലൂടെയും നിറഭേദങ്ങളിലൂടെയും കാത്തുസൂക്ഷിക്കാൻ കഴിഞ്ഞ ഛായാഗ്രഹണ മികവിന്.
12. മികച്ച തിരക്കഥാകൃത്ത് - രോഹിത് എം.ജി കൃഷ്ണൻ
ചിത്രം - ഇരട്ട
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
ബാല്യത്തിനുശേഷം രണ്ടുവഴികളായി വേർപിരിഞ്ഞ ഇരട്ട സഹോദരന്മാരുടെ സംഘർഷഭരിതവും സങ്കീർണവുമായ ജീവിതത്തെ പിരിമുറുക്കത്തോടെ അവതരിപ്പിച്ച രചനാമികവിന്.
13. മികച്ച തിരക്കഥ (അഡാപ്‌റ്റേഷൻ) - ബ്ലെസി
ചിത്രം - ആടുജീവിതം
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
മലയാളത്തിലെ പ്രധാനപ്പെട്ട ഒരു സാഹിത്യരചനയെ ചലച്ചിത്രമാധ്യമത്തിന്റെ സാധ്യതകൾ സമർത്ഥമായി ഉപയോഗപ്പെടുത്തി അനുവർത്തനം ചെയ്‌തെടുത്ത മികവിന്.
14. മികച്ച ഗാനരചയിതാവ് - ഹരീഷ് മോഹനൻ
ഗാനം - ചെന്താമരപ്പൂവിൻ
ചിത്രം - ചാവേർ
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
ചിത്രത്തിന്റെ ഇതിവൃത്തത്തെ സംഗീതാത്മകമായ വരികളിലൂടെ പാരമ്പര്യത്തിന്റെ ഊർജ്ജം പ്രസരിപ്പിച്ചുകൊണ്ട് പ്രതിഫലിപ്പിച്ച കാവ്യരചനയ്ക്ക്.
15. മികച്ച സംഗീത സംവിധായകൻ - ജസ്റ്റിൻ വർഗീസ്
(ഗാനങ്ങൾ)
ഗാനം - ചെന്താമരപ്പൂവിൻ
ചിത്രം - ചാവേർ
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
പൈതൃക സംഗീതത്തെ പുതിയ കാലത്തിന്റെ സൗന്ദര്യസങ്കൽപ്പങ്ങളോട് സന്നിവേശിപ്പിച്ച സംഗീത സംവിധാന മികവിന്.
16. മികച്ച സംഗീത സംവിധായകൻ - മാത്യൂസ് പുളിക്കൻ
(പശ്ചാത്തല സംഗീതം)
ചിത്രം - കാതൽ ദി കോർ
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
സന്ദിഗ്ധമായ അവസ്ഥയിലൂടെ കടന്നുപോകുന്ന കഥാപാത്രങ്ങളുടെ സൂക്ഷ്മവികാരതലങ്ങൾ പൂർണ്ണമായി ഉൾക്കൊണ്ട് പശ്ചാത്തല സംഗീതം പകർന്ന മികവിന്.
17. മികച്ച പിന്നണി ഗായകൻ (ആൺ) - വിദ്യാധരൻ മാസ്റ്റർ ഗാനം - പതിരാണെന്നോർത്തൊരു കനവിൽ
ചിത്രം - ജനനം 1947 പ്രണയം തുടരുന്നു.
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
പ്രമേയത്തിന്റെ എല്ലാ വൈകാരിക ഭാവങ്ങളെയും ശബ്ദത്തിലേക്ക് ആവാഹിച്ച ആലാപന മികവിന്.
18. മികച്ച പിന്നണി ഗായിക (പെൺ) - ആൻ ആമി
ഗാനം - തിങ്കൾപ്പൂവിൻ ഇതളവൾ
ചിത്രം - പാച്ചുവും അത്ഭുതവിളക്കും
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
ഇമ്പമേറിയ ആലാപനശൈലിയിലൂടെ സിനിമയുടെ കഥാസന്ദർഭത്തെ സംഗീതാത്മകമായ ശ്രാവ്യാനുഭവമാക്കിയ മികവിന്.
19. മികച്ച ചിത്രസംയോജകൻ - സംഗീത് പ്രതാപ്
ചിത്രം - ലിറ്റിൽ മിസ് റാവുത്തർ
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
എഡിറ്റിംഗിനെ ആഖ്യാനത്തിനുള്ള ഉപാധിയായി ഉപയോഗിച്ച് പ്രമേയത്തെ മുന്നോട്ട് നയിച്ച വൈദഗ്ധ്യത്തിന്.
20. മികച്ച കലാസംവിധായകൻ - മോഹൻദാസ്
ചിത്രം - 2018 എവരിവൺ ഈസ് എ ഹീറോ
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
പ്രളയത്തിന്റെ കെടുതികളെ വിശ്വസനീയമായി പുനഃസൃഷ്ടിച്ചുകൊണ്ട് ഒരു ചലച്ചിത്രത്തിന്റെ നട്ടെല്ലായി നിലകൊണ്ട കലാസംവിധാന പാടവത്തിന്.
21. മികച്ച സിങ്ക് സൗണ്ട് - ഷമീർ അഹമ്മദ്
ചിത്രം - ഒ. ബേബി
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
ഏലത്തോട്ടത്തിന്റെ കഥാപശ്ചാത്തലത്തിൽ രൂപം കൊള്ളുന്ന അതിസൂക്ഷ്മ ശബ്ദങ്ങളെയും സംഭാഷണങ്ങളെയും സ്പഷ്ടമായി ഒപ്പിയെടുത്ത തൽസമയ ശബ്ദലേഖന പാടവത്തിന്.
22. മികച്ച ശബ്ദമിശ്രണം - 1. റസൂൽ പൂക്കുട്ടി
2. ശരത് മോഹൻ
ചിത്രം - ആടുജീവിതം
(25,000/- രൂപയും ശില്പവും പ്രശസ്തിപത്രവും വീതം)
മരുഭൂമിയിലെ വിവിധ സ്ഥലകാലങ്ങളിൽ നിന്നുള്ള ശബ്ദശകലങ്ങൾ, സംഭാഷണം, സംഗീതം എന്നിവയുടെ കൃത്യമായ അളവിലും അനുപാതത്തിലുമുള്ള മിശ്രണം നിർവഹിച്ചതിന്.
23. മികച്ച ശബ്ദരൂപകൽപ്പന -
1. ജയദേവൻ ചക്കാടത്ത്
2. അനിൽ രാധാകൃഷ്ണൻ
ചിത്രം - ഉള്ളൊഴുക്ക്
(25,000/- രൂപയും ശില്പവും പ്രശസ്തിപത്രവും വീതം)
ചലച്ചിത്രം സൃഷ്ടിക്കുന്ന വൈകാരിക അന്തരീക്ഷത്തെ സന്തുലിതമായി നിലനിർത്തുന്ന ശബ്ദരൂപകൽപ്പനയ്ക്ക്
24. മികച്ച പ്രോസസിംഗ് ലാബ്/കളറിസ്റ്റ് - വൈശാഖ് ശിവഗണേഷ്
(ന്യൂബ് സിറസ്)
ചിത്രം - ആടുജീവിതം
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
കഥാപശ്ചാത്തലത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾക്കനുസരിച്ച് കൃത്യമായ വർണപരിചരണം നടത്തിയ വൈദഗ്ധ്യത്തിന്.
25. മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് - രഞ്ജിത് അമ്പാടി
ചിത്രം - ആടുജീവിതം
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
വിവിധ കഥാപാത്രങ്ങളുടെ വ്യത്യസ്തമായ ജീവിതസന്ദർഭങ്ങളെയും കടന്നുപോയ കാലത്തെയും കൃത്യമായി അടയാളപ്പെടുത്തിയ ചമയവൈദഗ്ധ്യത്തിന്.
26. മികച്ച വസ്ത്രാലങ്കാരം - ഫെമിന ജബ്ബാർ
ചിത്രം - ഒ.ബേബി
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
വേഷവിധാനത്തിലൂടെ കാലം, ദേശം, വർഗം എന്നിവ സുവ്യക്തമായി ആവിഷ്‌കരിച്ച വസ്ത്രാലങ്കാര മികവിന്.
27. മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (ആൺ) - റോഷൻ മാത്യൂ
ചിത്രങ്ങൾ - ഉള്ളൊഴുക്ക്, വാലാട്ടി
കഥാപാത്രം - ''ഉള്ളൊഴുക്കി''ലെ രാജീവ് എന്ന കഥാപാത്രം,
''വാലാട്ടി''യിലെ ടോമി എന്ന നായ.
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
ഒരു ചിത്രത്തിൽ കാമുക കഥാപാത്രത്തിന്റെ മനോവ്യാപാരങ്ങൾക്കും മറ്റൊന്നിൽ ടോമി എന്ന നായയുടെ സ്വഭാവസവിശേഷതകൾക്കും ഇണങ്ങുന്ന രീതിയിൽ ശബ്ദം പകർന്ന മികവിന്.
28. മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (പെൺ) - സുമംഗല
ചിത്രം - ജനനം 1947 പ്രണയം തുടരുന്നു
കഥാപാത്രം - ഗൗരി ടീച്ചർ
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
ഒരു വൃദ്ധ സ്ത്രീകഥാപാത്രത്തിന്റെ ആത്മ സംഘർഷങ്ങൾക്ക് അനുഗുണമായ വിധം നിയന്ത്രിതവും സൂക്ഷ്മവുമായി ശബ്ദം പകർന്ന മികവിന്.
29. മികച്ച നൃത്തസംവിധാനം - ജിഷ്ണു
ചിത്രം - സുലൈഖ മൻസിൽ
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
കഥാസന്ദർഭത്തിന് തീർത്തും അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് പരമ്പരാഗത പശ്ചാത്തലത്തിന് ആധുനികമായ ചുവടുകളൊരുക്കിയ നൃത്ത സംവിധാന പാടവത്തിന്.
30. ജനപ്രീതിയും കലാമേന്മയുമുള്ള - ആടുജീവിതം
മികച്ച ചിത്രത്തിനുള്ള പ്രത്യേക അവാർഡ്
നിർമ്മാതാവ് - വിഷ്വൽ റൊമാൻസ്
സംവിധായകൻ - ബ്ലെസി
(നിർമ്മാതാവിന് 1,00,000/- രൂപയും ശില്പവും പ്രശസ്തിപത്രവും
സംവിധായകന് 1,00,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
ഒരു സാഹിത്യകൃതിയുടെ ചലച്ചിത്രാവിഷ്‌കാരം വെല്ലുവിളികൾ നിറഞ്ഞതായിരുന്നിട്ടും കലാമൂല്യവും സാങ്കേതികത്തികവും നിലനിർത്തിക്കൊണ്ട് പ്രേക്ഷക പ്രീതി നേടിയെടുത്തതിന്.
31. മികച്ച നവാഗത സംവിധായകൻ - ഫാസിൽ റസാഖ്
ചിത്രം - തടവ്
(1,00,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
നവാഗതരെ അണിനിരത്തിക്കൊണ്ട് വികാരതീക്ഷ്ണമായ ഒരു പ്രമേയത്തെ ലളിതമായും കൈയൊതുക്കത്തോടെയും ആവിഷ്‌കരിച്ച സംവിധാന മികവിന്.
32. മികച്ച കുട്ടികളുടെ ചിത്രം
നിലവാരമുള്ള എൻട്രികൾ ഇല്ലാത്തതിനാൽ ഈ വിഭാഗത്തിൽ അവാർഡ് നൽകിയിട്ടില്ല.
33. മികച്ച വിഷ്വൽ എഫക്ട്‌സ്
1. ആൻഡ്രൂ ഡിക്രൂസ്
2. വിശാഖ് ബാബു
ചിത്രം -2018 എവരിവൺ ഈസ് എ ഹീറോ
(25,000/- രൂപയും ശില്പവും പ്രശസ്തിപത്രവും വീതം)
മഹാപ്രളയത്തിന്റെ ഭീതിജനകമായ കഥാന്തരീക്ഷത്തെ പുനഃസൃഷ്ടിച്ച യാഥാർത്ഥ്യ പ്രതീതിയുള്ള ദൃശ്യപ്രഭാവ നിർമ്മിതിക്ക്.
34. സ്ത്രീ/ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുള്ള പ്രത്യേക
അവാർഡ് - ശാലിനി ഉഷാദേവി
ചിത്രം - എന്നെന്നും
(50,000/- രൂപയും ശില്പവും പ്രശസ്തിപത്രവും)
മനുഷ്യന്റെ അനശ്വരതയെ സംബന്ധിച്ച ദാർശനികാന്വേഷണങ്ങളെ ഭാവിസൂചകമായ പ്രമേയത്തിലൂടെ അവതരിപ്പിച്ച സംവിധാന പാടവത്തിന്.
പ്രത്യേക ജൂറി അവാർഡ്
ചിത്രം - ഗഗനചാരി
നിർമ്മാതാവ് - അജിത്കുമാർ സുധാകരൻ
സംവിധായകൻ - അരുൺ ചന്ദു
(25,000/- രൂപയും ശില്പവും പ്രശസ്തിപത്രവും വീതവും)
പരീക്ഷണോന്മുഖമായ സമീപനത്തിലൂടെ ഭാവികാല പശ്ചാത്തലത്തിലുള്ള ഭാവനയെ ആക്ഷേപ ഹാസ്യരൂപേണ അവതരിപ്പിച്ച നൂതനമായ പരിശ്രമത്തിന്.
പ്രത്യേക ജൂറി പരാമർശങ്ങൾ
അഭിനയം - കൃഷ്ണൻ
ചിത്രം - ജൈവം
(ശില്പവും പ്രശസ്തിപത്രവും)
വയോധികനായ ഗാന്ധിയന്റെ മനോവേദനകളെ ഹൃദയസ്പർശിയായി അവതരിപ്പിച്ചതിന്.
അഭിനയം - കെ.ആർ.ഗോകുൽ
ചിത്രം - ആടുജീവിതം
(ശില്പവും പ്രശസ്തിപത്രവും)
മരുഭൂമിയിലെ ദുരിതപൂർണമായ അതിജീവനശ്രമങ്ങളെ സ്വാഭാവികമായി അവതരിപ്പിച്ച് പ്രധാന കഥാപാത്രത്തോടൊപ്പം തന്നെ മികവു പുലർത്തിയതിന്.
അഭിനയം - സുധി കോഴിക്കോട്
ചിത്രം - കാതൽ ദി കോർ
(ശില്പവും പ്രശസ്തിപത്രവും)
ഉള്ളിലൊതുക്കിയ ആത്മസംഘർഷങ്ങളും അരക്ഷിതാവസ്ഥയും നിശ്ശബ്ദവും നിയന്ത്രിതവുമായി പകർത്തിയ ഭാവാവിഷ്‌കാര മികവിന്.