ജൂറി എന്ത് പറയുന്നു; സംസ്ഥാന ചലച്ചിത്ര അവാർഡ് സമഗ്ര റിപ്പോർട്ട്

Think

ചലച്ചിത്ര വിഭാഗം ജൂറി റിപ്പോർട്ട്

മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി വളരെ ഏറെ ചിത്രങ്ങൾ പുരസ്‌കാരത്തിനായി സമർപ്പിക്കപ്പെട്ട വർഷമായിരുന്നു ഇത്. അവയിൽ 50 ശതമാനത്തിലേറെയും നവാഗത സംവിധായകരുടേതാണ് എന്നത് പ്രതീക്ഷ ഉളവാക്കുന്ന വസ്തുതയാണ്. അവയിൽ പരീക്ഷണാത്മക ചിത്രങ്ങൾ നിരവധി ഉണ്ടായിരുന്നു. അവ മലയാള സിനിമയുടെ ഭാഷയും ശൈലിയും വളരെയേറെ മുന്നോട്ടു കൊണ്ടു പോവുന്നു എന്നത് ജൂറി സന്തോഷത്തോടെ നോക്കിക്കാണുന്നു.

ജൂറി നിർദ്ദേശങ്ങൾ

സമർപ്പിക്കപ്പെടുന്ന ചിത്രങ്ങളുടെ എണ്ണം വർഷം തോറും വർദ്ധിക്കുന്ന സാഹചര്യത്തിൽ Rule (3) ൽ നിർദ്ദേശിക്കുന്നതിന് വ്യത്യസ്തമായി അവസാന റൗണ്ടിലേക്ക് പരിഗണിക്കാവുന്ന പരമാവധി ചിത്രങ്ങളുടെ എണ്ണം 21 - എന്നത് മാറ്റി മൊത്തം ചിത്രങ്ങളുടെ 30 ശതമാനം എന്ന് ആക്കണമെന്ന് നിർദ്ദേശിക്കുന്നു.

താഴെ പറയുന്ന വിഭാഗങ്ങളിലേക്ക് അവാർഡുകൾ നിർദ്ദേശിക്കുന്നു.

VFX

Action Director

Debutant Arttsi (Male & Female)

ജനപ്രിയഗാനം

മികച്ച ചിത്രം - വാസന്തി

സംവിധായകർ - റഹ്മാൻ ബ്രദേഴ്‌സ്

(ഷിനോസ് റഹ്മാൻ, സജാസ് റഹ്മാൻ)

നിർമ്മാതാവ് - സിജു വിൽസൻ

വാസന്തി പോസ്റ്റർ
വാസന്തി പോസ്റ്റർ

(നിർമ്മാതാവിന് 2,00,000 രൂപയും ശില്പവും പ്രശസ്തിപത്രവും, സംവിധായകർക്ക് 1,00,000 രൂപയും ശില്പവും പ്രശസ്തിപത്രവും വീതം)

വ്യത്യസ്തമായ ജീവിതസാഹചര്യങ്ങളിലൂടെ കടന്നുപോവേണ്ടി വരുന്ന പെൺകുട്ടിയുടെ സഹനവും അതിജീവനവും നാടകം, സിനിമ എന്നീ സങ്കേതങ്ങളുടെ സർഗാത്മകമായ സമ്മിശ്രണത്തിലൂടെ ആവിഷ്‌കരിക്കുന്ന സിനിമ.

കുമ്പളങ്ങി നെെറ്റ്സിൽ നിന്നൊരു രംഗം
കുമ്പളങ്ങി നെെറ്റ്സിൽ നിന്നൊരു രംഗം

മികച്ച രണ്ടാമത്തെ ചിത്രം - കെഞ്ചിര

സംവിധായകൻ - മനോജ് കാന

നിർമ്മാതാവ് - മനോജ് കാന

(നിർമ്മാതാവിന് 1,50,000 രൂപയും ശില്പവും പ്രശസ്തിപത്രവും, സംവിധായകന് 1,50,000 രൂപയും ശില്പവും പ്രശസ്തിപത്രവും)

ആദിവാസി സമൂഹം ഇന്ന് നേരിടുന്ന സ്വത്വപ്രതിസന്ധികളെയും സാമൂഹിക പ്രശ്‌നങ്ങളെയും സമഗ്രമായി ആവിഷ്‌കരിക്കുന്ന ചിത്രം. വഞ്ചനയ്ക്കും ചൂഷണത്തിനും വിധേയരായി കിടപ്പാടം നഷ്ടപ്പെടുന്ന നിസ്സഹായരുടെ ദുരിത ജീവിതത്തിന്റെ നേർക്കാഴ്ചകൾ പകർത്തുന്ന സാമൂഹിക പ്രസക്തിയുള്ള സിനിമ.

മികച്ച സംവിധായകൻ - ലിജോ ജോസ് പെല്ലിശ്ശേരി

ചിത്രം - ജെല്ലിക്കട്ട്

(2,00,000 രൂപയും ശില്പവും പ്രശസ്തിപത്രവും)

മനുഷ്യന്റെ ആദിമവും വന്യവുമായ പ്രാകൃത ചോദനകളെ അവതരിപ്പിക്കുന്ന വ്യത്യസ്തവും സങ്കീർണവുമായ പ്രമേയത്തെ മികച്ച കൈയടക്കത്തോടെയും ശില്പഭദ്രതയോടെയും ആവിഷ്‌കരിച്ച സംവിധാന മികവിന്

മികച്ച നടൻ - സുരാജ് വെഞ്ഞാറമൂട്

ചിത്രങ്ങൾ - 1. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ

വികൃതി

(1,00,000 രൂപയും ശില്പവും പ്രശസ്തിപത്രവും)

രണ്ടു ചിത്രങ്ങളിലെ തികച്ചും വ്യത്യസ്തമായ രണ്ടു കഥാപാത്രങ്ങളുടെ ആത്മ സംഘർഷങ്ങളെ ഹൃദയസ്പർശിയായി ആവിഷ്‌കരിച്ച അഭിനയ മികവിന്.

മികച്ച നടി - കനി കുസൃതി

ചിത്രം - ബിരിയാണി

(1,00,000 രൂപയും ശില്പവും പ്രശസ്തിപത്രവും)

മതവും പുരുഷാധിപത്യവും ചേർന്ന് ദുരിതത്തിലാഴ്ത്തിയ ഒരു പെൺകുട്ടിയുടെ നിസ്സഹായതയും സഹനങ്ങളും അതിജീവനശ്രമങ്ങളും അതിതീക്ഷ്ണമായി ആവിഷ്‌കരിച്ച അഭിനയ മികവിന്.

മികച്ച സ്വഭാവനടൻ - ഫഹദ് ഫാസിൽ

ചിത്രം - കുമ്പളങ്ങി നൈറ്റ്‌സ്

(50,000 രൂപയും ശില്പവും പ്രശസ്തിപത്രവും)

ആണധികാരത്തിന്റെ നിർദയമായ സമീപനങ്ങളും കപടനാട്യങ്ങളും അതിഭാവുകത്വത്തിന്റെ സ്പർശമില്ലാതെ സ്വാഭാവികമായി അഭിനയിപ്പിച്ചു ഫലിപ്പിച്ച പ്രകടന മികവിന്.

മികച്ച സ്വഭാവനടി - സ്വാസിക വിജയ്

ചിത്രം - വാസന്തി

(50,000 രൂപയും ശില്പവും പ്രശസ്തിപത്രവും)

അസ്വാഭാവികമായ ജീവിത സാഹചര്യങ്ങളിൽ പെട്ടുപോകുന്ന ഒരു പെൺകുട്ടിയുടെ അതിജീവനശ്രമങ്ങളുടെ തീവ്രവും ഹൃദയസ്പർശിയുമായ ഭാവാവിഷ്‌കാരത്തിന്.

സ്വാസിക വിജയ്
സ്വാസിക വിജയ്

മികച്ച ബാലതാരം (ആൺ) - വാസുദേവ് സജീഷ് മാരാർ

ചിത്രങ്ങൾ - 1. സുല്ല്

കള്ളനോട്ടം

(50,000 രൂപയും ശില്പവും പ്രശസ്തിപത്രവും)

അപ്രതീക്ഷിതമായി അടഞ്ഞ ഒരിടത്ത് പെട്ടുപോകുന്ന ഒരു കുട്ടിയുടെ വിഹ്വലതയും ക്യാമറ എന്ന കൗതുകത്തിന് പിന്നാലെ നടന്ന് മുതിർന്നവരുടെ ക്രൂരമായ ലോകത്ത് എത്തിപ്പെടുന്ന കുട്ടിയുടെ നിസ്സഹായതയും മനോഹരമായി അവതരിപ്പിച്ച അഭിനയ മികവിന്.

മികച്ച ബാലതാരം (പെൺ) - കാതറിൻ ബിജി

ചിത്രം - നാനി

(50,000 രൂപയും ശില്പവും പ്രശസ്തിപത്രവും)

നഗരജീവിതത്തിന്റെ യാന്ത്രികതയിൽ നിന്ന് പ്രകൃതിയുടെ മടിത്തട്ടിലേക്ക് എത്തിച്ചേരുന്ന ഒരു പെൺകുട്ടിയുടെ വിസ്മയഭാവങ്ങളെ മനോഹരമായി അവതരിപ്പിച്ച പ്രകടന മികവിന്.

മികച്ച കഥാകൃത്ത് - ഷാഹുൽ അലിയാർ

ചിത്രം - വരി - ദ സെന്റൻസ്

(50,000 രൂപയും ശില്പവും പ്രശസ്തിപത്രവും)

നീതിന്യായ വ്യവസ്ഥയുടെ യാന്ത്രികതയും വധശിക്ഷയുടെ നൈതികതയും ഉൾപ്പെടെ സാമൂഹിക പ്രസക്തമായ നിരവധി വിഷയങ്ങളെ സർഗാത്മകമായി ആവിഷ്‌കരിക്കുന്ന രചനാ മികവിന്.

മികച്ച ഛായാഗ്രാഹകൻ - പ്രതാപ് പി. നായർ

ചിത്രങ്ങൾ - 1. ഇടം

കെഞ്ചിര

(50,000 രൂപയും ശില്പവും പ്രശസ്തിപത്രവും)

വ്യത്യസ്തമായ രണ്ടു ചിത്രങ്ങളിലെ കഥാന്തരീക്ഷങ്ങൾക്ക് തികച്ചും അനുയോജ്യമായ വിധത്തിലുള്ള ക്യാമറ ചലനങ്ങളിലൂടെയും ദീപ വിന്യാസത്തിലൂടെയും ദൃശ്യങ്ങൾ പകർത്തിയ ഛായാഗ്രഹണ മികവിന്.

12. മികച്ച തിരക്കഥാകൃത്ത് - റഹ്മാൻ ബ്രദേഴ്‌സ്

(ഷിനോസ് റഹ്മാൻ, സജാസ് റഹ്മാൻ)

ചിത്രം - വാസന്തി

(25,000 രൂപയും ശില്പവും പ്രശസ്തിപത്രവും വീതം)

നാടകവും ജീവിതവും ഇടകലരുന്ന വ്യത്യസ്തമായ ഒരു കഥയ്ക്ക് ചലച്ചിത്രാവിഷ്‌കാരം നൽകുന്നതിനായി ഒരുക്കിയ ശിൽപ്പഭദ്രമായ തിരക്കഥ.

മികച്ച തിരക്കഥ (അഡാപ്‌റ്റേഷൻ) - പി.എസ്. റഫീഖ്

ചിത്രം - തൊട്ടപ്പൻ

(50,000 രൂപയും ശില്പവും പ്രശസ്തിപത്രവും വീതം)

മൂലകഥയുടെ ശക്തിസൗന്ദര്യങ്ങൾ ചോർന്നുപോകാതെ ചലച്ചിത്രാവിഷ്‌കാരത്തിനായി അനുകൽപ്പനം നടത്തിയ രചനാമികവിന്.

മികച്ച ഗാനരചയിതാവ് - സുജേഷ് ഹരി

ചിത്രം - സത്യം പറഞ്ഞാ വിശ്വസിക്കുവോ?

ഗാനം - ‘പുലരിപ്പൂ പോലെ ചിരിച്ചും....’

(50,000 രൂപയും ശില്പവും പ്രശസ്തിപത്രവും)

പ്രിയപ്പെട്ടവന്റെ അവഗണനയിലും സ്‌നേഹനിരാസത്തിലും പെട്ട് ഉഴലുന്ന ഒരു പെൺകുട്ടിയുടെ ആത്മഗതങ്ങൾ ഭാവ തീവ്രവും കാവ്യാത്മകവുമായി ആവിഷ്‌കരിച്ച രചനാ മികവിന്.

മികച്ച സംഗീത സംവിധായകൻ (ഗാനങ്ങൾ)- സുശിൻ ശ്യാം

ചിത്രം - കുമ്പളങ്ങി നൈറ്റ്‌സ്

ഗാനം - എല്ലാ ഗാനങ്ങളും

(50,000 രൂപയും ശില്പവും പ്രശസ്തിപത്രവും)

കഥാന്തരീക്ഷത്തിന് ഉതകുന്ന വിധം മിതമായ സംഗീത ഉപകരണങ്ങൾ ഉപയോഗിച്ച് വ്യത്യസ്തമായ ഈണങ്ങൾ ഒരുക്കിയ സംഗീത സംവിധാന പാടവത്തിന്.

മികച്ച സംഗീത സംവിധായകൻ - അജ്മൽ ഹസ്ബുള്ള

(പശ്ചാത്തല സംഗീതം)

ചിത്രം - വൃത്താകൃതിയിലുള്ള ചതുരം

(50,000 രൂപയും ശില്പവും പ്രശസ്തിപത്രവും)

പ്രമേയത്തിന്റെ ആഖ്യാനത്തിന് സഹായകമാകുന്ന വിധത്തിൽ കഥാഗതിയ്ക്ക് ഇണങ്ങുന്ന മിതവും വ്യത്യസ്തവുമായ പശ്ചാത്തല സംഗീതം ഒരുക്കിയതിന്.

മികച്ച പിന്നണി ഗായകൻ - നജീം അർഷാദ്

ചിത്രം - കെട്ട്യോളാണെന്റെ മാലാഖ

ഗാനം - ‘ആത്മാവിലെ വാനങ്ങളിൽ....’

(50,000 രൂപയും ശില്പവും പ്രശസ്തിപത്രവും)

പ്രണയത്തിന്റെയും വിരഹത്തിന്റെയും ഭാവങ്ങൾ ഹൃദയഹാരിയായി അവതരിപ്പിച്ച ആലാപന മികവിന്.

മികച്ച പിന്നണി ഗായിക - മധുശ്രീ നാരായൺ

ചിത്രം - കോളാമ്പി

ഗാനം - ‘പറയാതരികെ വന്ന പ്രണയമേ...’

(50,000 രൂപയും ശില്പവും പ്രശസ്തിപത്രവും)

അനുരാഗത്തിന്റെയും വേർപാടിന്റെയും ഭാവതീവ്രതകൾ ഹൃദയസ്പർശിയായി അവതരിപ്പിച്ച ആലാപന മികവിന്.

മികച്ച ചിത്രസംയോജകൻ - കിരൺ ദാസ്

ചിത്രം - ഇഷ്‌ക്

(50,000 രൂപയും ശില്പവും പ്രശസ്തിപത്രവും)

സിനിമയുടെ പ്രമേയം ആവശ്യപ്പെടുന്ന തരത്തിൽ കഥാന്തരീക്ഷം സൃഷ്ടിക്കുന്നതിൽ ക്രിയാത്മകമായ പങ്ക് വഹിച്ച ചിത്രസംയോജന മികവിന്.

ഇഷ്‌കിൽ നിന്നൊരു രംഗം
ഇഷ്‌കിൽ നിന്നൊരു രംഗം

മികച്ച കലാസംവിധായകൻ - ജ്യോതിഷ് ശങ്കർ

ചിത്രങ്ങൾ - 1. കുമ്പളങ്ങി നൈറ്റ്‌സ്

ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ഢലൃ. 5.25

(50,000 രൂപയും ശില്പവും പ്രശസ്തിപത്രവും)

കഥാന്തരീക്ഷം ആവശ്യപ്പെടുന്ന തരത്തിലുള്ള സൂക്ഷ്മനിരീക്ഷണ പാടവത്തോടെയുള്ള പശ്ചാത്തല സജ്ജീകരണവും കഥാപാത്രങ്ങളുടെ മാനസിക വ്യാപാരം പ്രതിഫലിപ്പിക്കുന്ന പരിസരങ്ങളും ഒരുക്കിയ കലാസംവിധാന മികവിന്.

മികച്ച സിങ്ക് സൗണ്ട് - ഹരികുമാർ മാധവൻ നായർ

ചിത്രം - നാനി

(50,000 രൂപയും ശില്പവും പ്രശസ്തിപത്രവും)

പ്രകൃതിയിലെ സ്വാഭാവിക ശബ്ദങ്ങൾ അതിന്റെ തനിമയിലും അമ്മു എന്ന കഥാപാത്രത്തിന്റെ സംവേദനങ്ങൾ അതിന്റെ സൂക്ഷ്മതലങ്ങളിലും ഒപ്പിയെടുത്ത തൽസമയ ശബ്ദലേഖന മികവിന്.

മികച്ച ശബ്ദമിശ്രണം - കണ്ണൻ ഗണപതി

ചിത്രം - ജെല്ലിക്കട്ട്

(50,000 രൂപയും ശില്പവും പ്രശസ്തിപത്രവും)

ഇരയും വേട്ടക്കാരനും ഒന്നായി മാറുന്ന വന്യവും സംഘർഷഭരിതവുമായ കഥാന്തരീക്ഷത്തിലെ ശബ്ദങ്ങൾ വിദഗ്ധമായി സന്നിവേശിപ്പിച്ച ശബ്ദമിശ്രണ മികവിന്.

23. മികച്ച ശബ്ദരൂപകൽപ്പന - 1. ശ്രീശങ്കർ ഗോപിനാഥ്

വിഷ്ണു ഗോവിന്ദ്

ചിത്രം - 1. ഉണ്ട

ഇഷ്‌ക്

(25,000 രൂപയും ശില്പവും പ്രശസ്തിപത്രവും വീതം)

കഥാന്തരീക്ഷത്തിന് അനുയോജ്യമായതും തീക്ഷ്ണമൂഹൂർത്തങ്ങളെ ധ്വനിപ്പിക്കുന്നതുമായ ശബ്ദാന്തരീക്ഷം സൃഷ്ടിച്ചെടുത്ത ശബ്ദരൂപകൽപ്പനയ്ക്ക്.

മികച്ച പ്രോസസിംഗ് ലാബ്/കളറിസ്റ്റ് - ലിജു

(Rang Rays Media Works)

ചിത്രം - ഇടം

(50,000 രൂപയും ശില്പവും പ്രശസ്തിപത്രവും)

വർണ്ണങ്ങളുടെയും കറുപ്പിന്റെയും തലങ്ങളുടെ മിതവും സ്ഥിരതയാർന്നതുമായ ദൃശ്യപരിചരണ മികവിന്.

മികച്ച മേക്കപ്പ്മാൻ - രഞ്ജിത്ത് അമ്പാടി

ചിത്രം - ഹെലൻ

(50,000 രൂപയും ശില്പവും പ്രശസ്തിപത്രവും)

അതിശീതാവസ്ഥയിൽ അകപ്പെട്ടുപോയ ഒരു പെൺകുട്ടിയുടെ ശരീരത്തിന് സംഭവിക്കുന്ന രൂപഭേദങ്ങളെ തനിമയോടെയും സൂക്ഷ്മതയോടെയും ചമയിച്ചൊരുക്കിയ വൈദഗ്ധ്യത്തിന്.

മികച്ച വസ്ത്രാലങ്കാരം - അശോകൻ ആലപ്പുഴ

ചിത്രം - കെഞ്ചിര

(50,000 രൂപയും ശില്പവും പ്രശസ്തിപത്രവും)

ആദിവാസി സമൂഹത്തിന്റെ വേഷവിധാനങ്ങളുടെ തനിമയാർന്ന അവതരണത്തിന്.

മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (ആൺ) - വിനീത് രാധാകൃഷ്ണൻ

ചിത്രം - 1. ലൂസിഫർ

മരക്കാർ : അറബിക്കടലിന്റെ സിംഹം

കഥാപാത്രം - 1. ബോബി (വിവേക് ഒബ്‌റോയ്)

അനന്തൻ (അർജുൻ)

(50,000 രൂപയും ശില്പവും പ്രശസ്തിപത്രവും)

കഥാപാത്രങ്ങളുടെയും നടന്മാരുടെയും ഗാംഭീര്യവും ഭാവവും ഉൾക്കൊണ്ട് സ്വാഭാവികമായി ശബ്ദം പകർന്നു നൽകിയതിന്.

മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (പെൺ) - ശ്രുതി രാമചന്ദ്രൻ

ചിത്രം - കമല

കഥാപാത്രം - കമല (റൂഹാനി ശർമ്മ)

(50,000 രൂപയും ശില്പവും പ്രശസ്തിപത്രവും)

കമല എന്ന കഥാപാത്രത്തിന്റെ സ്വഭാവവും മാനസികാവസ്ഥയും ധ്വനിപ്പിക്കുന്ന വിധം സ്വഭാവികമായി ശബ്ദം പകർന്നു നൽകിയതിന്.

29. മികച്ച നൃത്തസംവിധാനം - 1. ബൃന്ദ

പ്രസന്ന സുജിത്ത്

ചിത്രം - മരയ്ക്കാർ : അറബിക്കടലിന്റെ സിംഹം

(25,000 രൂപയും ശില്പവും പ്രശസ്തിപത്രവും വീതം)

ഗാനത്തിന്റെ ഈണത്തിനും താളത്തിനും ഏറ്റവും അനുയോജ്യമായ ചുവടുകൾ ഒരുക്കിയ നൃത്തസംവിധാന മികവിന്.

30.ജനപ്രീതിയും കലാമേന്മയുമുള്ള മികച്ച ചിത്രത്തിനുള്ള പ്രത്യേക അവാർഡ് - കുമ്പളങ്ങി നൈറ്റ്‌സ്

നിർമ്മാതാക്കൾ - 1. ഫഹദ് ഫാസിൽ

നസ്രിയ നസിം

ദിലീഷ് പോത്തൻ

ശ്യാം പുഷ്‌കരൻ

സംവിധായകൻ - മധു സി. നാരായണൻ

(നിർമ്മാതാക്കൾക്ക് 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും വീതം,

സംവിധായകന് 1,00,000 രൂപയും ശില്പവും പ്രശസ്തിപത്രവും)

കലാമൂല്യവും ജനപ്രിയ ഘടകങ്ങളും അതിവിദഗ്ധമായി സമന്വയിപ്പിച്ചുകൊണ്ട് ഒരു കായലോര ഗ്രാമത്തിലെ ശിഥിലമായ കുടുംബത്തിലെ സ്ത്രീപുരുഷ ബന്ധങ്ങളെ മനോഹരമായി ആവിഷ്‌കരിച്ച ചിത്രം.

31. മികച്ച നവാഗത സംവിധായകൻ - രതീഷ് പൊതുവാൾ

രതീഷ് പൊതുവാൾ
രതീഷ് പൊതുവാൾ

ചിത്രം - ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ഢലൃ. 5.25

(1,00,000 രൂപയും ശില്പവും പ്രശസ്തിപത്രവും)

അവഗണിക്കപ്പെടുന്ന വാർദ്ധക്യത്തിന്റെ വേദനകളെയും യന്ത്രവൽക്കരിക്കപ്പെട്ട ഡിജിറ്റൽ യുഗത്തിലെ സ്‌നേഹരഹിതമായ മനുഷ്യബന്ധങ്ങളെയും കൈയൊതുക്കത്തോടെ ആവിഷ്‌കരിച്ച സംവിധാന മികവിന്.

32. മികച്ച കുട്ടികളുടെ ചിത്രം - നാനി

നിർമ്മാതാവ് - ഷാജി മാത്യു

സംവിധായകൻ - സംവിദ് ആനന്ദ്

(നിർമ്മാതാവിന് 3,00,000 രൂപയും ശില്പവും പ്രശസ്തിപത്രവും. സംവിധായകന് 1,00,000 രൂപയും ശില്പവും പ്രശസ്തിപത്രവും)

നഗരകേന്ദ്രീകൃതമായി വളരുന്ന ബാല്യങ്ങൾക്ക് ഒരു മികച്ച സന്ദേശം നൽകുന്ന കുട്ടികളുടെ ചിത്രം. നിഷ്‌കളങ്ക ബാല്യത്തിന്റെ കൗതുകങ്ങളും പ്രകൃതിയുമായുള്ള ബന്ധവും സമൂഹത്തിൽ പതിയിരിക്കുന്ന അപകടങ്ങളും ഈ ചിത്രത്തിന്റെ പ്രമേയ തലത്തിൽ കടന്നുവരുന്നു.

'കെഞ്ചിര' പോസ്റ്റർ
'കെഞ്ചിര' പോസ്റ്റർ

33. പ്രത്യേക ജൂറി അവാർഡ് - സിദ്ധാർത്ഥ് പ്രിയദർശൻ

(വിഷ്വൽ എഫക്ട്‌സ്)

ചിത്രം - മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം

(50,000 രൂപയും ശില്പവും പ്രശസ്തിപത്രവും)

പ്രക്ഷുബ്ധമായ കടലിലെ യുദ്ധരംഗങ്ങളും കരയിലെ പോരാട്ടങ്ങളും യാഥാർത്ഥ്യ പ്രതീതി ജനിപ്പിക്കുന്ന വിധം സ്വാഭാവികതയോടെ ഒരുക്കിയ ദൃശ്യസാങ്കേതിക മികവിന്.

പ്രത്യേക ജൂറി പരാമർശങ്ങൾ

1. സംഗീത സംവിധാനം - ഡോ.വി.ദക്ഷിണാമൂർത്തി

സിനിമ - ശ്യാമരാഗം

(ശില്പവും പ്രശസ്തിപത്രവും)

സംഗീത പ്രധാന്യമുള്ള സിനിമയിലെ ക്ലാസിക്കൽ സ്പർശമുള്ള മനോഹര ഗാനങ്ങൾ ഒരുക്കിയ സംഗീത സംവിധാന മികവിന്.

2. അഭിനയം - നിവിൻ പോളി

സിനിമ - മൂത്തോൻ

(ശില്പവും പ്രശസ്തിപത്രവും)

ലക്ഷദീപിലെ മതാത്മക ജീവിതത്തിന്റെയും മുംബൈ നഗരത്തിലെ അധോലോക ജീവിതത്തിന്റെയും ദ്വന്ദ്വഭാവങ്ങളെയും സംഘർഷഭരിതമായ പുരുഷകാമനകളെയും അയത്‌നലളിതമായി ആവിഷ്‌കരിച്ച അഭിനയമികവിന്.

3. അഭിനയം - അന്ന ബെൻ

സിനിമ - ഹെലൻ

(ശില്പവും പ്രശസ്തിപത്രവും)

മരണത്തെ മുഖാമുഖം കാണുന്ന പ്രതിസന്ധിഘട്ടത്തിൽ അകപ്പെട്ട പെൺകുട്ടി മനോബലം കൊണ്ടും സ്ഥിരോത്സാഹം കൊണ്ടും അതിജീവിക്കുന്നതിന്റെ തീക്ഷ്ണമായ ഭാവാവിഷ്‌കാരത്തിന്.

ഹെലനിലെ അന്നാബെൻ
ഹെലനിലെ അന്നാബെൻ

4. അഭിനയം - പ്രിയംവദ കൃഷ്ണൻ

സിനിമ - തൊട്ടപ്പൻ

(ശില്പവും പ്രശസ്തിപത്രവും)

കൊലയാളികളുടെയും മോഷ്ടാക്കളുടെയും ഇടയിൽ ജീവിക്കേണ്ടി വരുന്ന ഒരു പെൺകുട്ടിയുടെ ആത്മസംഘർഷങ്ങളുടെയും പ്രണയകാമനകളുടെയും തീവ്രമായ ഭാവാവിഷ്‌കാര മികവിന്.

രചന വിഭാഗം ജൂറി റിപ്പോർട്ട്

അവാർഡിനായി പരിഗണനയ്‌ക്കെത്തിയ 12 പുസ്തകങ്ങളും ജഡ്ജിംഗ് കമ്മിറ്റി സസൂക്ഷ്മം വിലയിരുത്തി. ഒറ്റയൊറ്റ സിനിമകളുടെ പഠനങ്ങൾ, സിനിമയുടെ സാങ്കേതിക വശങ്ങൾ വിശദീകരിക്കുന്ന കൃതികൾ, സിനിമയുടെ സാമൂഹ്യശാസ്ത്രത്തിലേക്ക് വെളിച്ചം വീശുന്ന രചനകൾ, സിനിമാചരിത്രത്തിന്റെ അംശങ്ങളടങ്ങുന്ന കൃതികൾ ഇങ്ങനെ വ്യത്യസ്തതരം പുസ്തകങ്ങളാണ് ഇക്കുറി ലഭിച്ചിട്ടുള്ളത്. പ്രമേയത്തിന്റെയും പ്രതിപാദനത്തിന്റെയും മൗലികത, വിഷയസ്വീകരണത്തിലെ ഏകാഗ്രത, ഗവേഷണമൂല്യം, സൈദ്ധാന്തിക ഘടകത്തിന്റെ സാന്നിദ്ധ്യം എന്നീ കാര്യങ്ങൾക്കാണ് കമ്മിറ്റി മുൻതൂക്കം നൽകിയത്. എന്നാൽ ഇത്തരത്തിലുള്ള കൃതികൾ പൊതുവേ കുറവായിരുന്നു. സിനിമയെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങൾ അടങ്ങുന്ന ചില കൈപ്പുസ്തകങ്ങൾ ഇക്കൂട്ടത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ഈ പ്രവണത തീർത്തും നിരുത്സാഹപ്പെടുത്തേണ്ടതാണ്. ചലച്ചിത്രാസ്വാദനത്തെ നവീകരിക്കാൻ സഹായിക്കുന്ന ഗൗരവമുള്ള പഠനങ്ങൾക്കുവേണ്ടി ഈ അവാർഡ് മാറ്റിവെയ്ക്കണമെന്ന് കമ്മിറ്റി ശുപാർശ ചെയ്യുന്നു. നമുക്ക് ദേശീയതലത്തിൽ ഉയർത്തിക്കാട്ടാൻ കഴിയുന്ന മൂല്യമുള്ള പുസ്തകങ്ങളുടെ രചനയെ പ്രോത്സാഹിപ്പിക്കുക എന്നതായിരിക്കണം ഈ അവാർഡിന്റെ ആത്യന്തിക ലക്ഷ്യം എന്നുകൂടി കമ്മിറ്റിക്ക് അഭിപ്രായമുണ്ട്.

അവാർഡിനായി പരിഗണയ്‌ക്കെത്തിയ 51 ലേഖനങ്ങളും കമ്മിറ്റി സസൂക്ഷ്മം വിലയിരുത്തി. പത്രപ്രവർത്തനത്തിന്റെ വിതാനം വിട്ടുയരാത്ത ദുർബ്ബല ലേഖനങ്ങൾ തൊട്ട് താത്വികാംശമുള്ള മികച്ച ലേഖനങ്ങൾ വരെ ഇക്കൂട്ടത്തിലുണ്ട്. ഇവ വേർതിരിക്കുക എന്നതായിരുന്നു. കമ്മിറ്റിയുടെ പ്രാഥമികമായ ജോലി. മറ്റ് വിജ്ഞാനശാഖകളിൽ നിന്ന് കടംകൊണ്ട സംജ്ഞകളും പദാവലിയും ആശയങ്ങളും ഉപയോഗിച്ച് തെരഞ്ഞെടുത്ത മലയാള സിനിമകളെ വ്യാഖ്യാനിക്കാനും വിലയിരുത്താനും ശ്രമിക്കുന്ന ചില ലേഖനങ്ങൾ ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇത്തരം ലേഖനങ്ങൾക്കാണ് കമ്മിറ്റി പ്രഥമ പരിഗണന നൽകിയത്. കമ്മിറ്റി കണക്കിലെടുത്ത മറ്റൊരു കാര്യം പ്രതിപാദന രീതിയുടെ മികവും ഭാഷയുടെ സ്പഷ്ടതയുമാണ്.

ജൂറി നിർദ്ദേശങ്ങൾ

ജഡ്ജിംഗ് കമ്മിറ്റി പ്രത്യേകം നിർദ്ദേശിക്കുകയാണെങ്കിൽ പ്രസ്തുത വർഷത്തിലെ മികവുറ്റ ഒരു ചലച്ചിത്ര ഗ്രന്ഥം ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്താൻ ആവശ്യമായ സഹായം ചലച്ചിത്ര അക്കാദമി ചെയ്യേണ്ടതാണ്.

കഴിഞ്ഞ 10 വർഷത്തിനിടയിൽ ഉണ്ടായിട്ടുള്ള ഏറ്റവും മികച്ച സിനിമാ പഠനഗ്രന്ഥത്തിന് ഒരു പ്രത്യേക പുരസ്‌കാരം ഏർപ്പെടുത്താവുന്നതാണ്.

സിനിമാ നിരൂപകർക്ക് വേണ്ടി ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഒരു ത്രിദിന ശില്പശാല നടത്തുവാൻ വേണ്ട നടപടികൾ സ്വീകരിക്കാവുന്നതാണ്.

അവാർഡുകൾ

1. മികച്ച ചലച്ചിത്ര ഗ്രന്ഥം - സിനിമാ സന്ദർഭങ്ങൾ : സിനിമാശാലയും കേരളീയ പൊതുമണ്ഡലവും

ഗ്രന്ഥകർത്താവ് - ഡോ. പി. കെ. രാജശേഖരൻ

(രചയിതാവിന് 30,000 രൂപയും ശില്പവും പ്രശസ്തിപത്രവും)

സിനിമാ കൊട്ടകകളുടെ ഉയർച്ചയും വളർച്ചയുമായി ബന്ധപ്പെടുത്തി മലയാള സിനിമയുടെ ചരിത്രത്തെ നോക്കിക്കാണാനുള്ള കാമ്പുറ്റ ശ്രമം. ഏറെ ഗവേഷണ മൂല്യമുള്ള ഒരു കൃതി.

2. മികച്ച ചലച്ചിത്ര ലേഖനം - 1. മാടമ്പള്ളിയിലെ മനോരോഗി

കോമാളി മേൽക്കൈ നേടുന്ന കാലം

ലേഖകൻ - ബിപിൻ ചന്ദ്രൻ

(രചയിതാവിന് 20,000 രൂപയും ശില്പവും പ്രശസ്തിപത്രവും)

1. മനഃശാസ്ത്രപരമായ ഉൾക്കാഴ്ചയോടുകൂടി "മണിച്ചിത്രത്താഴി'ലെ സ്ത്രീ കഥാപാത്ര ചിത്രീകരണത്തെ വിലയിരുത്തുന്നു. ദീർഘമായ സൈദ്ധാന്തിക ചർച്ച.

2. ലോകസിനിമയുടെ പശ്ചാത്തലത്തിൽ ചർച്ച ചെയ്യപ്പെടുന്ന മലയാള സിനിമയിലെ കോമാളിത്തം, ചിരി, ഭ്രാന്ത് എന്നിവ. അനേകം വാതായനങ്ങളുള്ള ഒരു വിഷയം.


മൂലധനത്തിന്​ കോംപ്രമൈസ്​ വേണ്ടിവന്നാൽ സിനിമ ചെയ്യുന്നത്​ ഞങ്ങൾ നിർത്തും


പ്രത്യേക ജൂറി പരാമർശങ്ങൾ

1. ചലച്ചിത്ര ഗ്രന്ഥം - സിനിമ : മുഖവും മുഖംമൂടിയും

ഗ്രന്ഥകർത്താവ് - ഡോ. രാജേഷ് എം. ആർ.

(രചയിതാവിന് ശില്പവും പ്രശസ്തിപത്രവും)

സിനിമയുടെ ഭിന്നമുഖങ്ങൾ അടയാളപ്പെടുത്താനുള്ള ശ്രമം ഇതിലുണ്ട്. ചലച്ചിത്ര സൗന്ദര്യശാസ്ത്രത്തിന്റെയും സാമൂഹ്യശാസ്ത്രത്തിന്റെയും അംശങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്.

ചലച്ചിത്ര ലേഖനം - ജെല്ലിക്കെട്ടിന്റെ ചരിത്രപാഠങ്ങൾ

ലേഖകർ - 1. ഡോ. സെബാസ്റ്റ്യൻ ജോസഫ്

സുധി. സി. ജെ.

(രചയിതാവിന് ശില്പവും പ്രശസ്തിപത്രവും)

ചരിത്രാംശങ്ങളുമായി ചേർത്തുവെച്ച് ‘ജെല്ലിക്കെട്ടി'നെ അപഗ്രഥിക്കുന്നു. നിരീക്ഷണത്തിലെ തനിമയും ആവിഷ്‌കരണത്തിലെ കെട്ടുറപ്പും ലേഖനത്തെ പ്രത്യേക പരാമർശത്തിന് അർഹമാക്കി.

ജൂറി അംഗങ്ങൾ ചലച്ചിത്ര വിഭാഗം

മധു അമ്പാട്ട് - ജൂറി ചെയർമാൻ

2. സലിം അഹമ്മദ് - മെമ്പർ

3.എബ്രിഡ് ഷൈൻ - മെമ്പർ

വിപിൻ മോഹൻ - മെമ്പർ

എൽ.ഭൂമിനാഥൻ - മെമ്പർ

രാധാകൃഷ്ണൻ എസ്. - മെമ്പർ

എൻ. ലതിക - മെമ്പർ

ജോമോൾ - മെമ്പർ

ബെന്യാമിൻ - മെമ്പർ

സി. അജോയ് - മെമ്പർ സെക്രട്ടറി

രചനാവിഭാഗം

ഡോ. വി. രാജകൃഷ്ണൻ - ജൂറി ചെയർമാൻ

പി.ജി.സദാനന്ദൻ - മെമ്പർ

ഡോ. ടി. അനിതാകുമാരി - മെമ്പർ

സി.അജോയ് - മെമ്പർ സെക്രട്ടറി

Comments