കിരീടം : ചരിത്രത്തിലെ കത്തിയും നായർ യുവാവിന്റെ തകർന്ന തൊഴിൽ സ്വപ്​നങ്ങളും

‘തറവാടിത്തമുള്ള ഒരു നായർ ചെറുപ്പക്കാരന്’ ആഗ്രഹിച്ച ജോലി സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ കിട്ടാത്തത് വലിയൊരു സങ്കടമായി അവതരിപ്പിക്കുന്ന ‘കിരീടം’ എന്ന സിനിമ, ആധുനികതയിലെ തൊഴിൽ സംഘർഷത്തിൽ ജാതി എങ്ങനെയാണ്​ ഇടപെടുന്നത്​ എന്ന്​ ദൃശ്യവൽക്കരിക്കുന്നു. എൺപതുകളിലെ മുഖ്യധാരാ മലയാള സിനിമകളെക്കുറിച്ചുള്ള പഠന പരമ്പരയിൽ, ​‘കിരീടം’ എന്ന സിനിമയുടെ കാഴ്​ച

1980 കളിലെ മലയാള സിനിമ കൈകാര്യം ചെയ്ത പ്രമേയങ്ങളിലൊന്ന് ചെറുപ്പക്കാരുടെ തൊഴിൽ പ്രതിസന്ധിയായിരുന്നു. ഈ പ്രതിസന്ധി ചരിത്രപരമായിട്ടുള്ളതാണെന്നാണ് സിനിമകളിലെ കാഴ്ചകൾ സൂചിപ്പിച്ചത്. ഭൂതകാലത്തിലെ ജാതിത്തൊഴിലുകൾ ഇല്ലാതായപ്പോൾ ആധുനികതയിലെ തൊഴിലുകളിൽ തങ്ങളുടെ വിദ്യാഭ്യാസത്തിനനുസരിച്ച് ഏർപ്പെടാനുള്ള സാഹചര്യം ലഭ്യമാകുന്നില്ലെന്നായിരുന്നു പൊതുവിലുയർന്ന വാദം.

കൊളോണിയൽ ആധുനികത ജാതിയെ ചോദ്യം ചെയ്തപ്പോഴാണ് തൊഴിൽ വലിയൊരു പ്രതിസന്ധിയായി വളർന്നതെന്നാണ് ചരിത്രം പറയുന്നത്. ബാർട്ടർ രീതിയിൽ ചെയ്തുവന്ന കുലത്തൊഴിലുകൾ ആധുനികതയുമായി ഇണങ്ങാതെ നില്ക്കുകയും തോട്ടം, ഫാക്ടറി കേന്ദ്രീകൃത തൊഴിലിടങ്ങളാൽ അവ അപ്രസക്തമാക്കപ്പെടുകയും ചെയ്തു. തോട്ടങ്ങളിലും ഫാക്ടറികളിലും കൂലി പണമായി കൊടുത്തോടെ ജാതിയടിമത്തപരമായി അനുഷ്ഠിച്ചിരുന്ന തൊഴിലുകളിൽനിന്ന് തൊഴിലാളികൾ അവിടേക്കു മാറുന്നു. തിരുവിതാംകൂറിൽ ഊഴിയംവേല നിരോധിച്ചതോടെ (1860) കൂലിത്തൊഴിലാളി വ്യാപകമാകുന്നു.

ഇക്കാലത്ത് സർക്കാർ മേഖലയിൽ ജാതിയുടെ വേരുകൾ പിടിമുറുക്കിയിരിക്കുകയായിരുന്നു. തമിഴ് ബ്രാഹ്‌മണരും നായന്മാരും എല്ലാ മേഖലയും കൈവശം വച്ചിരുന്നെങ്കിലും ഉയർന്ന ശമ്പളമുള്ള തസ്തികകൾ നായന്മാർക്കും കിട്ടിയിരുന്നില്ല. അതിനെതിരേയാണ് ‘നായർ മെമ്മോറിയൽ’ ഉണ്ടാകുന്നത്. ഈഴവരടക്കമുള്ളവർ അന്ന് സർക്കാർ ലാവണങ്ങളുടെ പുറത്തായിരുന്നു. അതിന്റെ പ്രതികരണമായാണ് ‘ഈഴവ മെമ്മോറിയൽ’ സംഭവിക്കുന്നത്. മാസംതോറും ശമ്പളം കിട്ടുമെന്ന സാധ്യതയാൽ ഇക്കാലത്ത് സർക്കാർ സർവ്വീസ് വിദ്യാഭ്യാസമുള്ളവരുടെ പ്രധാനപ്പെട്ട ശ്രദ്ധാകേന്ദ്രമായി മാറുന്നുണ്ട്. അങ്ങനെ "ശ്രീപദ്മനാഭന്റെ പത്തുചക്രം' കിട്ടാനുള്ള കാത്തിരിപ്പായി വിദ്യാഭ്യാസമുള്ളവരുടെ ലക്ഷ്യം.

ആധുനികത ശക്തമായതോടെ എല്ലാ സമുദായങ്ങളും ഇക്കാര്യത്തിൽ ശ്രദ്ധിച്ചതോടെ സവർണരുടെ ആധിപത്യത്തിന് കോട്ടംതട്ടുകയും നിവർത്തന സമരത്തിലൂടെ (1936) ജനസംഖ്യാനുപാതികമായി മിക്ക സമുദായങ്ങൾക്കും സർക്കാർ സർവ്വീസിൽ സംവരണം ലഭിക്കുന്ന വിപ്ലകരമായ മാറ്റം സംഭവിക്കുകയും ചെയ്തു. ഈ സമയം മലബാറിൽ ബ്രിട്ടീഷ് ഭരണത്തിലായിരുന്നതിനാൽ ഈഴവരൊക്കെ ഡപ്യൂട്ടി കളക്ടർ വരെയായി ഉയരുന്നുണ്ട്.

ഇത്തരം പരിവർത്തനങ്ങളിലൂടെ ഒരുഭാഗത്ത് ആധുനിക തൊഴിലാളികളും മറുഭാഗത്ത് ഉദ്യോഗസ്ഥരും ജനിക്കുന്നു. കുടുംബം പുലർത്താൻ തൊഴിലാളിയായോ ഉദ്യാഗസ്ഥനായോ പുരുഷനും ജീവിക്കേണ്ടിവരുന്നുവെന്ന് ചരിത്രം പറയുന്നു. പരമ്പര്യമായി ലഭ്യമായ ജാതിപദവിയനുസരിച്ച് മെച്ചപ്പെട്ട ജോലികൾ ലഭിക്കാനുള്ള സവർണ താത്പര്യങ്ങളാണ് ചരിത്രത്തിലുടന്നീളം "അർഹത' പോലുള്ള വാദങ്ങളായി പ്രവർത്തിച്ചതെന്നു കാണാം.

സ്വപ്​നം തകർന്ന സേതുമാധവൻ

സാഹിത്യകൃതികളും സിനിമയും സവർണർക്ക് ഉദ്യോഗം ലഭിക്കുന്നതിന്റെയും കീഴാളർ തൊഴിലാളികളാകുന്നതിന്റെ കഥകൾ പറയുന്നതുകാണാം. ഈ തൊഴിൽ സംഘർഷം എൺപതുകളിലെ സിനിമകളിലും ശക്തമായി ദൃശ്യവത്കരിക്കുന്നു. വിദ്യാഭ്യാസത്തിനനുരിച്ച് മികച്ച തൊഴിൽ കിട്ടാത്തതിന്റെ ദുഃഖമായിട്ടും നാട്ടിൽ നിന്നാൽ ഒന്നും നടക്കില്ലെന്ന വിലാപമായും അതു രൂപപ്പെടുന്നു. ആധുനികതയിലെ ഈ തൊഴിൽ സംഘർഷത്തിന്റെ ചരിത്രത്തിനകത്താണ് കിരീടം എന്ന സിനിമയിലെ (1989) സേതുമാധവന്റെ സബ് ഇൻസ്‌പെക്ടറാവുകയെന്ന സ്വപ്നം തകരുന്നത്. ‘തറവാടിത്തമുള്ള ഒരു നായർ ചെറുപ്പക്കാരന്’ ആഗ്രഹിച്ച ജോലി സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ കിട്ടാത്തത് വലിയൊരു സങ്കടമായി അവതരിപ്പിക്കുകയാണ് സിനിമ പ്രത്യക്ഷത്തിൽ ചെയ്യുന്നത്.

സത്യസന്ധനായ പൊലീസ്​ കോൺസ്റ്റബിളായ അച്യുതൻനായരുടെ ആഗ്രഹം മകനായ സേതുമാധവനെ സബ് ഇൻസ്‌പെക്ടറാക്കണമെന്നാണ്. സേതുമാധവൻ അതിനുള്ള പരീക്ഷകളും മറ്റും പാസായി നില്കകുകയാണ്. ഇതിനിടെ രാഷ്ട്രീയക്കാരനായ ഒരാളുമായുണ്ടായ ഉരസലിൽ അച്യുതൻനായർക്ക് കീരിക്കാടൻ ജോസ് എന്ന ഗുണ്ട വാഴുന്ന രാമപുരം എന്ന സ്ഥലത്തേക്ക് സ്ഥലമാറ്റം ഉണ്ടാകുന്നു. അവിടെവച്ച് അച്യുതൻ നായരെയും മറ്റു പൊലീസുകാരെയും ജോസിന്റെ ഗുണ്ടകൾ ആക്രമിക്കുന്നു. ആ സമയം അവിടെയെത്തിയ സേതുമാധവൻ കീരിക്കാടനെ ആക്രമിച്ച് കീഴടക്കുന്നു. അതോടെ സേതുവിനെ രക്ഷകനായും ഗുണ്ടയായും നാട്ടുകാർ കാണുന്നു. അതോടെ മുറപ്പെണ്ണ് ദേവിയുമായുള്ള വിവാഹം നഷ്ടമാകുകയും കീരിക്കാടനെ കൊന്ന് സ്ഥലത്തെ പ്രധാന റൗഡിയായി അയാൾ മാറുകയും ചെയ്യുന്നു.

മുത്തശ്ശനെന്ന ഫ്യൂഡൽ വീരൻ

മലയാള സിനിമയിലെ മുത്തശ്ശിമാരും അമ്മമാരും പ്രധാനപ്പെട്ട ഒരു ദൃശ്യവിഷയമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പരമ്പരാഗതമായ പുരുഷാധിപത്യ കുടുംബവ്യവസ്ഥയെ താങ്ങിനിർത്തുന്ന ദുർബലമായ സ്വത്വം എന്ന മട്ടിലാണ് ഇവരെ പൊതുവിൽ അവതരിക്കാറ്​. കവിയൂർ പൊന്നമ്മ, സുകുമാരി, ഫിലോമിന തുടങ്ങിയവരുടെ വേഷങ്ങൾ ഇത്തരത്തിൽ സ്ഥാപനവൽക്കരിക്കപ്പെട്ട ഒന്നായി മാറിയിട്ടുണ്ട്. മുത്തശ്ശിമാരുടെ വേഷം ഇത്തരത്തിൽ ഇവിടെ ശ്രദ്ധേയമാണ്. മുത്തശ്ശിമാർ നന്നേ പ്രായമുള്ളവരായിരിക്കും. അതിലൂടെ ഭൂതകാലവുമായി അല്ലെങ്കിൽ ചരിത്രവുമായി നല്ല ബന്ധമുള്ള സ്വത്വങ്ങൾ എന്ന മട്ടിലാണ് ദൃശ്യവൽക്കരിക്കുന്നത്. ഇവർ തങ്ങൾ ജനിച്ചുവളർന്ന കാലംമുതലുള്ള ചരിത്രത്തെ ഉള്ളിൽപ്പേറുകയും അത് വാമൊഴി രൂപത്തിലും മറ്റും പുതുതലമുറയോട് സംവദിക്കുകയും ചെയ്യുന്നവരെന്നാണ് സൂചിപ്പിക്കുന്നത്.

ഇങ്ങനെ നോക്കുമ്പോൾ ഭൂതകാലവുമായി വർത്തമാനകാലത്തെ ബന്ധിപ്പിക്കുന്ന കണ്ണുകളാണ് മുത്തശ്ശിമാരെന്നുകാണാം. മലയാള സിനിമയിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള മുത്തശ്ശിമാർ നിർവ്വഹിക്കുന്ന പ്രധാനപ്പെട്ട ഒരു ധർമ്മം വിവാഹം, കുടുംബം പോലുള്ള സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഭൂതകാലത്തെയും പാരമ്പര്യത്തെയും കുടുംബ മഹിമയെയും ഉപദേശരൂപേണെ അവതരിപ്പിച്ച്​ വർത്തമാന കാലഘട്ടത്തിൽ പുതുതലമുറയെ അനുസരണശീലം ഉള്ളവരാക്കുകയെന്നതാണ്. വിവാഹവേളയിലും മറ്റും പാരമ്പര്യമായി ധരിക്കുന്ന തറവാടിത്തപരമായ ചടങ്ങുകളും മറ്റും നിരന്തരം പറഞ്ഞുകൊടുക്കുന്നവരായിട്ട് ഇവർ പ്രത്യക്ഷപ്പെടുന്നു. പൊതുവേ സാഹിത്യത്തിലും മറ്റും പ്രത്യക്ഷപ്പെടാറുള്ള മുത്തശ്ശിമാരും മുത്തശ്ശന്മാരും ഭൂതകാലത്തിന്റെ പാരമ്പര്യവാഹകരാണെന്നു കാണാം. പാരമ്പര്യത്തിന്റെ ഭാരംപേറി യുവതലമുറയുടെ പുതിയജീവിതരീതികളെ ഭയത്തോടെ നോക്കിക്കാണുകയും അതേസമയം അവരെ തങ്ങളുടെ വഴിക്ക് കൊണ്ടുവരുന്നവരായി ജീവിക്കുകയും ചെയ്യുന്നു.

ദേവിയുടെ മുത്തശ്ശി ഈ പാരമ്പര്യ ധർമമാണ് നിർവ്വഹിക്കുന്നത്. അവർ തങ്ങളുടെ ഭൂതകാലത്തിലെ ഓർമകളെ വർത്തമാനകാലത്തിലേക്ക് കൊണ്ടുവരികയും കരുത്തുറ്റ ഫ്യൂഡൽ പുരുഷനെ ആ ചരിത്രത്തിൽ കാണുകയും പുരുഷന്മാർ അങ്ങനെയാവണമെന്ന് നിരന്തരം ഉപദേശിക്കുകയും ചെയ്യുന്നു.

‘മുപ്പതോളം മാപ്പിളമാരെ ഒറ്റയടിക്ക് വീഴിച്ച വീരൻ’

ദേവിയുടെ മുത്തശ്ശി ചരിത്രത്തിലേക്ക് സേതുവിനെ ബന്ധിപ്പിക്കുന്ന കണ്ണിയായി നിലകൊള്ളുന്നത് സൂക്ഷ്മമായി ശ്രദ്ധിക്കേണ്ടുന്ന കാഴ്ചയാണ്. ആദ്യം സേതുവും മുത്തശിയും തമ്മിലുള്ള സംഭാഷണം നടക്കുന്നതിനു മുമ്പ് പത്രത്തിലെ ജീവൻ ടോണിന്റെ പരസ്യത്തിലെ കരുത്തനായ പുരുഷന്റെ ചിത്രം കൃഷ്ണൻ നായരെ കാണിച്ച് മുത്തശ്ശി, പുരുഷന്മാരായതിനാൽ ഇതുപോലെ കരുത്തരാകണം എന്നു പറയുന്നുണ്ട്. ഈ രംഗത്തേക്കാണ് സേതു വന്നു കയറുന്നതുതന്നെ. പിന്നീട് പുട്ടുംകഴിച്ച് മുത്തശി പറയുന്നത് സേതുവിന്റെ മുത്തശ്ശന്റെ കായികമിടുക്കിനെക്കുറിച്ചാണ്. കളരിയഭ്യാസിയായ അദ്ദേഹം രണ്ടുകലം പുട്ട് ഒറ്റയടിക്കു ഭക്ഷിച്ചിരുന്നത്രേ. ‘മുപ്പതോളം മാപ്പിളമാരെ ഒറ്റയടിക്ക് വീഴിച്ച വീരനാണദ്ദേഹ’മെന്ന പറച്ചിൽ പ്രത്യേകം ശ്രദ്ധിക്കണം. മുപ്പതുപേരെ വീഴിച്ചു എന്നുപറഞ്ഞാൽതന്നെ വ്യക്തമാകുന്ന ഈ ഭാഗത്ത് മാപ്പിളമാരെ കൊണ്ടുവരുന്നതാണ് സിനിമയുടെ ചരിത്രദർശനം എന്നു പറയാം. ഇങ്ങനെയാണ് സേതുവിന്റെ ചരിത്രബന്ധം സൃഷ്ടിക്കുന്നതും സിനിമ ഒരു ചെറുപ്പക്കാരന്റെ വർത്തമാനകാല രൂപപ്പെടലിനെ ചരിത്രപരമാക്കുന്നതും.

നായന്മാർ സൈനികരെന്ന നിലയിൽ ചരിത്രപരമായി വീരന്മാരായി ഗണിക്കപ്പെട്ടിരുന്നു. വടക്കൻ പാട്ടുകളിലെ തച്ചോളി ഒതേനനൊക്കെ ക്ലാസിക് സ്വഭാവമുള്ള വീരന്മാരായി അടയാളപ്പെടുന്നു. എന്നാൽ നമ്പ്യാർക്കവിതകളിൽ ഇവരെ കളിയാക്കുകയും ചെയ്യുന്നു. ചുരുക്കത്തിൽ തിരുവിതാംകൂറിന്റെ ചരിത്രത്തിൽ നായർജാതിയെ കേന്ദ്രീകരിച്ച് വീരത്തത്തിന്റെയും കായികപോരാട്ടത്തിന്റെയും പൊതുബോധം സാംസ്‌കാരികവ്യവഹാരങ്ങളിൽ രൂപപ്പെട്ടിട്ടുണ്ട്. ആധുനികതയിലും അതിന്റെ വേരുകൾ കാണാം.

നിവർത്തന സമരത്തോടെയാണ് (1936) തിരുവിതാംകൂറിലെ നായർ ബ്രിഗേഡ് എന്ന പട്ടാളം പിരിച്ചുവിടുന്നതെന്നത് ഈ പശ്ചാത്തലത്തിൽ പ്രധാനമാണ്. ഫ്യൂഡൽ കായിക, വീരത്തങ്ങളുടെ പാഠങ്ങളും കാഴ്ചകളും അപ്രസക്തമാക്കപ്പെടുകയും ആധുനികജനാധിപത്യം പുതുസമൂഹസങ്കല്പങ്ങളെ കൊണ്ടുവരികയും ചെയ്ത പശ്ചാത്തലത്തിലാണ് ഉദ്യോഗത്തിലൂടെ സാമൂഹികപദവികളാർജിക്കാൻ സേതുമാധവന്മാരുടെ തലമുറ പഠിക്കുന്നത്. അവിടെ മുത്തശ്ശി പഴയ കളരിപാരമ്പര്യത്തിന്റെ മസിൽ സേതുവിന്റെ ശരീരത്തിൽ തുന്നുന്നതിലൂടെ ആ പാരമ്പര്യത്തിന്റെ ചില കണ്ണികളെ കൂട്ടിയിണക്കാൻ ശ്രമിക്കുകയാണ്. പിന്നീട് സേതു കീരിക്കാടെനെ നേരിട്ടു ഗുണ്ടയായി വളരുന്നത് ആ പാരമ്പര്യത്തിലാണെന്നു കാണാം.

സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ടാണ് കീരിക്കാടനെ നേരിടുന്നതെങ്കിലും പിന്നീട് തന്റെയൊരു ദൗത്യമായി, അബോധമായി സേതു അത്​ ഉൾക്കൊള്ളുന്നത് കാണാം. ഗുണ്ടയാകുക അനിവാര്യമാണെന്നു തിരിച്ചറിഞ്ഞ് അതിനോട് സേതു പൊരുത്തപ്പെടുന്നത് മുത്തശ്ശിയുടെ ഈ ചരിത്രബോധത്തിലാണെന്നു പറയാം.

വിസ്​തരിക്കപ്പെടുന്ന പൗരുഷം

കീരിക്കാടനെ കുത്തിയശേഷം ദേവിയുടെ വീട്ടിൽവരുമ്പോൾ എല്ലാവരും ഭയന്ന് സംസാരിക്കാതിരിക്കുമ്പോൾ മുത്തശ്ശിയാവട്ടെ വളരെ സന്തോഷത്തോടെയാണ് ഈ കാര്യങ്ങൾ കേൾക്കാൻ തയ്യാറാവുന്നത്. അപ്പോഴും അവർ മുത്തച്ഛൻ ചെറുപ്പത്തിലെ സ്വഭാവങ്ങൾ അവർ വിവരിക്കുന്നു. അടിയുടെ കാര്യം വിസ്തരിച്ച് പറയാനാണ് അവരാവശ്യപ്പെടുന്നത്. ആ "വിസ്തരിച്ചുപറയൽ' എന്നുപറയുന്നത് കേരളീയ ഫ്യൂഡൽ കാലഘട്ടത്തിലെ സവർണരുടെ സവിശേഷമായ ഒരു അധികാരമാണെന്ന് കാണാം. വിസ്തരിച്ചു കഴിക്കുക, കുളിക്കുക, കാണുക എന്നിങ്ങനെ പ്രയോഗങ്ങളെല്ലാം സവർണർക്ക് മാത്രമുണ്ടായിരുന്ന സവിശേഷമായിട്ടുള്ള സാമൂഹ്യപദവിയെ കുറിക്കുന്നു. ഇഷ്ടംപോലെ സമയവും മറ്റു സൗകര്യങ്ങളും എടുത്ത് എല്ലാ സൗകര്യങ്ങളും ആസ്വദിച്ച്​ ജീവിതം ആഘോഷിക്കുന്ന ഒരു പ്രക്രിയയാണ് ഈ "വിസ്തരിക്കലെ'ന്നർഥം. സേതു നടത്തിയ അടിയൊക്കെ വിസ്തരിച്ചു കേൾക്കുക എന്നാൽ അയാളുടെ പൗരുഷത്തെ കൂടുതൽ അഭിമാനിക്കുന്ന വിധത്തിൽ മാറ്റിയെടുക്കുക എന്നാണർത്ഥം. അതിലൂടെ മുത്തശ്ശന്റെ ചെയ്തികളെയും കൂട്ടിയിണക്കി മുത്തച്ഛന്റെ ഒരു ചെറു ജാതിപ്പതിപ്പായി അയാളെ മാറ്റുകയെന്നാണർഥം. ഇതെല്ലാം സൂചിപ്പിക്കുന്നത് കേരളീയ ഫ്യൂഡൽകാലഘട്ടത്തിലെ ഓർമകൾ പേറുന്ന ആ മുത്തശ്ശി വർത്തമാനകാലത്തിലേക്ക് പഴയ കാലത്തെ കൊണ്ടുവരുവാൻ ശ്രമിക്കുന്നുവെന്നാണ്. ജാതി പാരമ്പര്യത്തെ അവർ സൂക്ഷ്മമായി നെയ്‌തെടുക്കുന്നു.

കീരിക്കാടനുമായുള്ള സംഘട്ടത്തിനുശേഷം സേതു ദേവിയുടെ വീട്ടിലെത്തുമ്പോൾ ദേവിയുടെ മുത്തശ്ശി വളരെ സന്തോഷത്തോടെ സേതുവിനെ പ്രോത്സാഹിപ്പിക്കുന്നു. അവർ മുത്തശ്ശൻ തന്റെ എതിരാളികളോട് കാണിച്ച കാര്യങ്ങൾ നിരന്തരം പറയുന്നു. അപ്പോൾ ദേവിയതെല്ലാം എതിർക്കുകയും സേതു ഇത്തരം കാര്യങ്ങൾ ചെയ്യരുതെന്നു വിലക്കുകയും ചെയ്യുന്നു. എന്നാൽ മുത്തശ്ശിയാകട്ടെ അവളെ തള്ളി, തന്റെ കൗമാരകാലത്ത്, താനും ചോര പേടിയുള്ള ആളായിരുന്നുവെന്നും പിന്നീട് ചോര പതിവായി കണ്ട് സംഘട്ടനങ്ങളോടുള്ള പേടിയില്ലാതായെന്നും പറയുന്നു. മുത്തശ്ശനെ ആരാധിച്ചു ജീവിക്കുന്ന മുത്തശ്ശി കണ്ണിനുപകരം കണ്ണ് എന്ന ന്യായപ്രമാണം നിലനിന്ന ഫ്യൂഡലിസത്തിന്റെ അടയാളമായി നിലകൊള്ളുമ്പോൾ ആധുനികതയെ അവർ തിരസ്‌കരിക്കുന്നുവെന്ന് വ്യക്തം. ദേവിയാകട്ടെ മുത്തശ്ശന്റെ പാരമ്പര്യത്തെ എതിർക്കുകയും ആധുനികതയിൽ വിശ്വസിക്കുകയും ചെയ്യുന്നു. പൊലീസിലും കോടതിയിലും വിശ്വാസമില്ലാത്ത മുത്തശ്ശി കത്തികൊടുത്തുവിട്ടാണ് തന്റെ ഫ്യൂഡലിസത്തെ സേതുവിലേക്ക് പകരുന്നത്.

ജാതിയുടെ കത്തി

രാമപുരത്ത് എത്തി കീരിക്കാടന് അടിച്ചു അടിച്ചുവീഴ്ത്തി നാട്ടുകാരുടെ വീരപുരുഷനായി സേതു മാറിയശേഷം സേതുവിന്റെ അളിയൻ രമണൻ കള്ളുഷാപ്പിൽവച്ച് ഹൈദ്രോസിനോടു ചില ചരിത്രകാര്യങ്ങൾ പറയുന്നതാണ് സിനിമയിലെ ഭൂതകാലബന്ധത്തിന്റെ മറ്റൊരു തലം. സേതുവിന്റെയും രമണന്റെയും മുത്തച്ഛൻമാർക്ക് കൊച്ചിരാജാവിനെ പടത്തലവൻമാരോടും പടയാളികളോടും ബന്ധമുണ്ട് എന്നതാണ് ആ കാര്യം. ഇതിലെ മൂന്നുപേരുടെയും തറവാടുകളുടെ പാരമ്പര്യം രാജാധികാരവുമായി കണ്ണിചേർക്കപ്പെട്ടിരിക്കുന്നു. ഈ പാരമ്പര്യത്തിന്റെ തുടർച്ചയാണ് സേതുവിന്റെ ഈ സംഘട്ടനത്തിലുള്ളതെന്നാണ് സൂചന. ഒരടിയുടെ കാര്യത്തിൽ നടക്കുന്ന സംഭാഷണത്തിൽപ്പോലും ഭൂതകാലത്തിലെ പട്ടാള, വീരത്തബന്ധങ്ങൾ വരുന്നത് യാദൃച്ഛികമല്ലെന്നും സിനിമ പറയുന്ന നായർ കുടുംബങ്ങളുടെ പാരമ്പര്യത്തെ വർത്തമാനത്തിലേക്കു കൊണ്ടുവരാനുള്ള ശ്രമമാണെന്നുമാണ് വായിക്കേണ്ടത്.

കേരളചരിത്രത്തിലെ ജാതിയുടെ ഭൂതകാലം സിനിമയിൽ പ്രത്യക്ഷപ്പെടുന്നത് മുത്തശ്ശിയുടെയും മറ്റും സാന്നിധ്യത്തിലൂടെയും വാചകങ്ങളിലൂടെയും മാത്രമല്ല, സിനിമയിൽ പ്രത്യക്ഷപ്പെടുന്ന കത്തിയിലൂടെയും അതു സംഭവിക്കുന്നു. മുത്തശ്ശിയുടെയും രമണന്റെയും വാക്കുകളുടെ കഥയുടെ അടിപ്പടവായി ഭൂതകാലം നിലനില്ക്കുമ്പോൾ കത്തി പ്രത്യക്ഷത്തിൽ തന്നെ ഭൂതകാലത്തെ സവിശേഷമായ രീതിയിൽ വർത്തമാനകാലത്തിൽ കൊണ്ടുവരുന്നു.

കത്തി ആദ്യം പ്രത്യക്ഷപ്പെടുന്നത്, കീരിക്കാടനെ കുത്തിയശേഷം ദേവിയുടെ വീട്ടിൽ പോയി സേതുമാധവനും മടങ്ങിവരുമ്പോൾ അവിടെനിന്നു കൊണ്ടുവരുന്ന സാധനങ്ങളുടെ കൂട്ടത്തിലാണ്. സാധനങ്ങൾ എടുക്കുന്ന സേതുമാധവന്റെ സഹോദരിയാണ് ഈ കത്തി ആദ്യംകാണുന്നത്- തോലുറയിൽ പൊതിഞ്ഞ കത്തി. അപ്പോൾ ഇതൊരു പഴയകത്തിയാണല്ലോ എന്ന് അച്യുതൻ നായർ പറയുന്നു. മുത്തശ്ശി ഒരു സമ്മാനവും കൂടെ വച്ചിട്ടുണ്ടെന്ന കാര്യം സേതുമാധവൻ പറയുന്നു. അതോടെ കത്തി ഉത്പാദിപ്പിക്കുന്ന ഭയം അവിടെ നിറയുന്നുണ്ട്. അപ്പോൾതന്നെ അച്യുതൻനായർ ആ കത്തിയെടുത്ത് പറമ്പിലേക്ക് എറിഞ്ഞുകളയുന്നു. എന്നാൽ കത്തിവീഴുന്ന സ്ഥാനം സേതു നോക്കിക്കാണുന്നത് ക്ലോസപ്പ് ഷോട്ടിലൂടെ കാണിക്കുന്നു. അതോടുകൂടി കത്തി അപ്രത്യക്ഷമായെങ്കിലും പിന്നീട് അവസാനഭാഗത്ത് പറമ്പിൽനിന്ന് ആ കത്തി സേതുമാധവൻ കണ്ടെടുക്കുന്നുണ്ട്. അപ്പോളതു കാണുന്ന സഹോദരിയോട് ജീവൻ രക്ഷിക്കാനിതുവേണമെന്നു സേതു പറയുന്നു. മുത്തശ്ശി നല്കിയ കത്തിയായതിനാൽ അത് മുത്തശ്ശനുപയോഗിച്ചതാകാണ് സാധ്യത. ഭൂതകാലത്തിലെ ഒരു വീരന്റെ കത്തിയിലൂടെ പാരമ്പര്യം സേതുവിലെത്തി നില്ക്കുന്നു. ഈ കത്തികൊണ്ടേ തനിക്കു ജീവൻ നിലനിർത്താൻ കഴിയൂയെന്ന സേതു വിചാരിക്കുന്നിടത്താണ് പാരമ്പര്യം എന്നത് രാഷ്ട്രീയമായി മാറുന്നത്.

സർക്കാർ ജോലി ഏതാണ്ട് ഉറപ്പായിരുന്നു സേതുമാധവന് ആ സന്ദർഭത്തെ അതിജീവിക്കുക എന്നത് സാധ്യമായ ഒന്നായിരുന്നുവെങ്കിലും അതിനല്ല അയാൾ ശ്രമിച്ചതെന്ന് പല സൂചനകളുണ്ട്. ആത്മസുഹൃത്തിനോട് ഒരുതവണ സേതു ഇക്കാര്യം പറയുന്നുണ്ട്. എല്ലാത്തിനെയും അടിച്ചൊതുക്കി പോകാൻ തോന്നുന്നുണ്ടെന്നും എന്നാൽ അമ്മയുടെയും അച്ഛന്റെയും കാര്യമോർക്കുമ്പോൾ ആകെ സങ്കടമാകുന്നുവെന്നും അയാൾ പറയുന്നു. അടിക്ക്​ അതേനിലയിൽ തിരിച്ചടിക്കുക എന്ന അഭിലാഷവും അത്തരം കാര്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറി സമാധാനത്തോടെ ജീവിക്കുകയെന്ന ആഗ്രഹവും സംഘർഷപ്പെടുന്നുവെന്നാണിത് കാണിക്കുന്നത്. കേരള ചരിത്രത്തിലെ ചാവേറുകളെപ്പോലെ കൊല്ലപ്പെടുമെന്നറിഞ്ഞ്​ യുദ്ധത്തിനു പോകുന്ന പടയാളികളെ പോലെയാണ് വീട്ടിലെ എല്ലാവരോടും യാത്രപറഞ്ഞ് അയാളുടെ അവസാനത്തെ സംഘട്ടത്തിനുള്ള പോക്കെന്ന് ശ്രദ്ധിക്കണം. അപ്പോൾ തന്റെ അനിയനെയാണ് അച്ഛന്റെ ആഗ്രഹംപോലെ സബ് ഇൻസ്‌പെക്ടറാകാൻ സേതു ചുമതലപ്പെടുന്നതെന്നതും പ്രധാനമാണ്.

സേതുവിന് പുതിയ കിരീടം ചാർത്തുന്നതിന് കാരണമാകുന്നത് കത്തിയാണ്. അവസാനരംഗത്ത് ജോസിനെ കുത്തിക്കൊല്ലുമ്പോൾ ആ സമയം അവിടെയെത്തുന്ന അച്യുതൻ നായർ "കത്തി താഴെയിടെടാ, നിന്റച്ഛനാണ് പറയുന്നത് കത്തി താഴെയിടെടാ' എന്നു കരഞ്ഞു പറയുന്നുണ്ട്. മുത്തശ്ശി നല്കിയ കത്തി സേതു എന്തിന് ഉപയോഗിച്ചുവെന്ന് വ്യക്തമല്ലെങ്കിലും അവസാനം ജോസ് കുത്താനായി കൊണ്ടുവരുന്ന കത്തി കൊണ്ടാണ് സേതു അവനെ വകവരുത്തുന്നത്. സേതുവിന്റെ മുത്തശ്ശനെപ്പോലെ ഒരുപാടുപേരെ കുത്തിക്കൊല്ലുന്ന ധർമം നിർവഹിച്ച് കുത്തുന്ന ആളിനെ വീരനാക്കുന്ന കർമം ഇവിടെയും തുടരുന്നു. ആ നിലയിൽ ജാതിധർമങ്ങളുടെ പ്രതീകാത്മകമായ തുടർച്ച ഇവിടെയും സംഭവിക്കുന്നു.

ചെത്തുകത്തിയും ക്ഷുരകകത്തിയുമൊക്കെ ജാതിപരമായി നിർവഹിച്ച ധർമത്തിന്റെ ആധുനിക തുടർച്ചയാണിത്. പ്രവാസം ശക്തമായി എല്ലാവരും ഏറ്റവും പുതിയ തൊഴിലിടങ്ങളിലേക്കു പോയി ജാതിപാരമ്പര്യങ്ങളെ റദ്ദാക്കിക്കൊണ്ടിരുന്ന ഒരുകാലത്ത് ബന്ധുവായ മുത്തശ്ശി നല്കിയ കത്തിയുമായി തന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച കഥാപാത്രം പ്രത്യക്ഷത്തിൽ നിഷ്‌കളങ്കനെങ്കിലും ഉള്ളിൽ ഏതുശത്രുവിനെയും നേരിടുന്ന വീരനാണെന്നു തെളിയിക്കുന്നു. അതിലൂടെ പുതിയകാലത്തും ജാതിപാരമ്പര്യത്തിന്റെ രക്തത്തിളപ്പും ജനിതകവും പ്രവർത്തിക്കുന്നുണ്ടെന്നു അടിവരയിടുന്നു. എന്നാൽ അത്തരം ചെയ്തികൾക്ക് ആധുനികകാലത്ത് നിലനില്പില്ലെന്നും പറയുന്നുണ്ട്.

ഫ്യൂഡലിസത്തിന്റെ പാടങ്ങൾ ഇല്ലാതാകുമ്പോൾ

എൺപതുകളിൽ പ്രവാസപ്പണം എത്തുന്നതോടെ സംഭവിക്കുന്ന നഗരവത്കരണപ്രവണതകളിലേക്ക് കിരീടം വെളിച്ചംവീശുന്നത് ഗ്രാമത്തിന്റെ പഴമ പരിവർത്തനവിധേയമാകുന്നതായി ദൃശ്യവത്കരിച്ചാണ്. പുറംരംഗങ്ങളിൽ ഗ്രാമമായി കാണിക്കുന്നത് പാടവും തൊടും ഇടകലർന്ന കേരളീയസ്ഥലപരതയാണ്. സേതുവും ദേവിയും പാടത്തിനു നടുവിലെ വരമ്പത്തുകൂടി സഞ്ചരിക്കുന്ന ദൃശ്യങ്ങൾ ധാരാളം കാണുന്നു (കണ്ണീർപ്പൂവിന്റെ കവിളിൽ തലോടിയെന്ന ഗാനം). എന്നാൽ പതുക്കെ ആ ഭൂമിശാസ്ത്രം മാറുന്നത് അവസാനഭാഗങ്ങളിൽ കാണുന്നു. വലിയ പാടങ്ങൾക്കു നടുവിലൂടെ ടാറിട്ട റോഡുകൾ വരുന്നതും തോടുകളെ ബന്ധിപ്പിച്ച്​ പാലങ്ങൾ വന്നിരിക്കുന്നതും ദൃശ്യമാകുന്നു. ദേവിയോടൊപ്പം സേതു സൈക്കളിൽ സഞ്ചരിക്കുന്നത് പാടങ്ങളിലൂടെ പണിത റോഡുകളിലൂടെയാണ്. കേരളീയ ഫ്യൂഡലിസത്തിന്റെ പ്രത്യക്ഷതയാണ് എല്ലായിടത്തും കാണുന്ന പാടങ്ങൾ. ഈ പാടങ്ങളെ കരഭൂമിയാക്കി കാർഷികേതര നിർമാണങ്ങൾക്ക് ഉപയോഗിക്കുന്ന പരിവർത്തനത്തിന്റെ ശക്തിപ്പെടലാണ് എൺപതുകളിലെ സിനിമകളിലെ പ്രധാനപ്പെട്ട കാഴ്ചയെന്നു പറയുന്നത്.

ഈ പരിവർത്തനങ്ങളുടെ തുടർച്ചയിലാണ് തൊഴിൽസങ്കല്പങ്ങൾ രൂപപ്പെടുന്നത്. മെച്ചപ്പെട്ട സർക്കാർജോലി ചെയ്ത് ശമ്പളം വാങ്ങി നല്ല നിലയിൽ കുടുംബജീവിതം നയിക്കുകയെന്ന ലക്ഷ്യമാണ് ഇവിടെ ചെറുപ്പക്കാരുടെ ആഗ്രഹമായി പ്രത്യക്ഷപ്പെടുന്നത്. അച്യുതൻനായരെപ്പോലെ പൊലീസ് കോൺസ്റ്റബിളായാൽ മെച്ചപ്പെട്ട നിലയിൽ കുടുംബം ലഭിക്കുകയില്ല. കഷ്ടിച്ച് കഴിഞ്ഞുകൂടാനെ സാധിക്കുകയുള്ളൂ. കൂടുതൽ സൗകര്യങ്ങളും സമ്പത്തും പ്രതീക്ഷിക്കുന്ന പുതിയകാലത്തിന്റെ മാറ്റങ്ങളാണ് സേതുമാധവൻമാരെ സൃഷ്ടിക്കുന്നതെന്നു പറയാം. സേതുവിന്റെ അളിയനായ രമണൻ അച്യുതൻനായരുടെ സത്യസന്ധതയെ കളിയാക്കുന്നുണ്ട്. മറ്റു പൊലീസുകാർ കൈക്കൂലിയിലൂടെ ധാരാളം പണം സമ്പാദിക്കുമ്പോൾ അച്യുതൻ നായർ സത്യസന്ധത അഭിനയിച്ച് അവസരം കളയുകയാണെന്നാണ് അയാൾ പറയുന്നത്. സത്യസന്ധതയ്ക്കുപരി ജീവിതത്തിലെ ആധുനിക സൗകര്യങ്ങളാണ് വേണ്ടതെന്ന കാഴ്ചപ്പാട് ശ്രദ്ധിക്കേണ്ടതാണ്. വർത്തമാന കാലത്ത് മെച്ചപ്പെട്ട ജീവിതം സാധ്യമാക്കുന്നതിനുള്ള ജോലിയും മറ്റുമാണ് വേണ്ടതെന്നാണ് ഇവിടെ ഉന്നയിക്കപ്പെടുന്നത്.

പുതിയ തൊഴിലിടങ്ങളെക്കുറിച്ച് ചില ചർച്ചകൾ സിനിമയിലുണ്ട്. രമണന് വിദ്യാഭ്യാസമില്ലെങ്കിലും 10,000 രൂപ ശമ്പളം കിട്ടുന്ന ജോലിവേണം എന്ന വാദമാണ് ഒന്ന്. സേതു ദേവിയുടെ വീട്ടിലേക്കുവരുമ്പാഴാണതിൽ അടുത്തത് സംഭവിക്കുന്നത്. ദേവി ടി. ടി. സി പാസായി സ്‌കൂളിൽ പഠിപ്പിക്കുന്നു. അധ്യാപനം പോലുള്ളവ സവർണ സ്ത്രീകളുടെ ആകർഷണീയമായ തൊഴിലിടമാകുന്നതാണ് ഇവിടെ സൂചിപ്പിക്കുന്നത്. പുരുഷന്മാരുടെ തൊഴിലിടമായി പൊലീസ് പോലുള്ളതും വരുന്നു. ചെറിയ കുട്ടികളെ തറ പറ പഠിപ്പിക്കുന്നതിനെക്കാൾ വിലിയ ജോലിയാണ് പൊലീസ് ജോലിയെന്ന് സേതു കളിയാക്കി പറയുന്നുണ്ട്. ഈ തൊഴിൽത്തർക്കവും ദേവിയുടെ സ്വത്വവും ശ്രദ്ധിക്കേണ്ടതാണ്.

മിക്കപ്പോഴും വീടിനു പുറത്ത് സഞ്ചരിക്കുന്നവളായിട്ടാണ് ദേവിയെ കാണിക്കുന്നത്. ഒരിക്കൽ വഴിയിൽവച്ച് കലുങ്കിലിരിക്കാൻ സേതു ദേവിയെ ക്ഷണിക്കുമ്പോൾ നാട്ടുകാർ വല്ലതും പറയുമെന്നു പറഞ്ഞ് അവളത് നിഷേധിക്കുന്നുണ്ടെങ്കിലും വീടിനകത്ത് അടച്ചിരിക്കുന്ന സ്വഭാവത്തെ ഇല്ലാതാക്കിയ കർതൃത്വമായിട്ടാണ് അവളുടെ പ്രത്യക്ഷതകൾ. എല്ലാക്കാര്യത്തിലും കൃത്യമായ അഭിപ്രായം അവൾ പ്രകടിപ്പിക്കുന്നുണ്ട്. സേതു ഗുണ്ടായിസത്തിലേക്കു പോകുമ്പോൾ അവൾ കർശനമായി താക്കീതിന്റെ രീതിയിൽ പ്രതികരിക്കുന്നുണ്ട്. മറ്റൊരാളെ വിവാഹം കഴിക്കാനും അവൾ തയാറാകുന്നു. വിവാഹം കഴിഞ്ഞശേഷം കുട്ടികളുടെ കാര്യത്തെക്കുറിച്ച് ചർച്ചയുണ്ടാകുന്നതും ശ്രദ്ധേയമാണ്. വിവാഹം കഴിഞ്ഞാലുടനെ ഓരോവർഷവും കുട്ടിസേതുമാർ വേണമെന്ന് സേതു തമാശപോലെ പറയുമ്പോൾ അവൾ ചെറുക്കുന്നുണ്ട്. ഇത് കേവലം തമാശയല്ല മറിച്ച് സ്ത്രീകളെ "പ്രസവയന്ത്ര'മായിക്കണ്ട ഫ്യൂഡലിസത്തിന്റെ സാംസ്‌കാരികമായ വേരുകൾ സേതുവിനെ കെട്ടിവരിയുന്നതാണ്. വീട്ടുയന്ത്രം എന്ന നിലയിൽനിന്ന് പുതിയ തൊഴിൽസംസ്‌കാരം സ്ത്രീകളെ മാറ്റിപ്പണിയുന്നത് ചെറുതായിട്ടെങ്കിലും എൺപതുകളിലെ സിനിമകൾ വ്യക്തമാക്കുന്നതാണ് ഇവിടെയും കാണുന്നത്.

സത്യസന്ധനായ അച്യുതൻ നായരെ ബുദ്ധിമുട്ടിക്കുന്നത് രാഷ്ട്രീയക്കാരാണ് എന്ന സൂചനയും പ്രധാനമാണ്. നിയമം ലംഘിച്ച രാഷ്ട്രീയക്കാരനായ ആളിന്റെ മകന്റെ വണ്ടിയെടുത്തു മാറ്റിയപ്പോഴാണ് അയാൾക്ക് സ്ഥലംമാറ്റം ഉണ്ടായത്. രാഷ്ട്രീയക്കാരൊക്കെ അഴിമതിക്കാരും കൊള്ളരുതാത്തവരാണെന്നും സത്യസന്ധരായ ഉദ്യോഗസ്ഥരെ വരെ നശിപ്പിക്കുന്നത് അവരാണെന്നും എൺപതുകളിലെ സിനിമ വ്യക്തമായി പറഞ്ഞിരുന്നു. അതിലൂടെ രാഷ്ട്രീയക്കാരെന്ന വില്ലന്മാരെ സൃഷ്ടിക്കുന്നു. അതിനു ബദലായി സത്യസന്ധരും ദേശീയബോധവുമുള്ള ഉദ്യേഗസ്ഥരെ തൊണ്ണൂറുകളിൽ അവതരിപ്പിക്കുന്നു. ചുരുക്കത്തിൽ സവർണപാരമ്പര്യമുള്ളവർക്ക് ആധുനികത പല പ്രതിസന്ധികളും സൃഷ്ടിക്കുന്നുവെന്ന പൊതുബോധമാണ് കിരീടവും പങ്കുവയ്ക്കുന്നതെന്ന് വ്യക്തം.

Comments