ആരിരാംഗ്

കിം ഡുക്കിന്റെ വിഷാദകാലം

‘‘ചരിത്രത്തിന്റെ ചില പ്രത്യേക ഘട്ടങ്ങളിൽ എന്റെ രാജ്യവും ജനതയും കടന്നുപോയ ജീവിതത്തിന്റെ സാക്ഷ്യങ്ങളാണ് എന്റെ ഓരോ സിനിമയും. എന്റെ നാട്ടിലെ പ്രേക്ഷകർ ആ സിനിമകളൊക്കെ വേണ്ടവിധം കണ്ടിട്ടുണ്ടോ എന്നാണ് എന്റെ സംശയം.''

അപകർഷബോധത്തിൽ നിന്നാണ് എന്റെ സിനിമകൾ പിറവിയെടുക്കുന്നത്.കിം കി ഡുക്ക്

2008 ൽ പുറത്തുവന്ന ഡ്രീം എന്ന ചിത്രത്തിനുശേഷമുള്ള മൂന്നു വർഷം ഒരു സിനിമ പോലും കിം കി ഡുക്ക് സംവിധാനം ചെയ്തില്ല. അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെയും കലാജീവിതത്തെയും പിടിച്ചുലച്ച ചില സംഭവങ്ങൾ ഈ സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായി. ഡ്രീമിലെ നായികയായി അഭിനയിച്ച ലീ നാ യൂങ് ക്ലൈമാക്‌സിലെ തൂങ്ങിമരണരംഗം ചിത്രീകരിക്കുന്നതിനിടെ വലിയൊരപകടത്തിൽപ്പെട്ടു. യഥാർത്ഥത്തിൽ അവർ കുരുക്ക് കഴുത്തിൽ മുറുകി മരിച്ചുപോകേണ്ടതായിരുന്നു. മുൻകരുതലിനായി സൂക്ഷിച്ചിരുന്ന ചെറിയൊരു കോണി ഉണ്ടായിരുന്നതുകൊണ്ടാണ് ദുരന്തം ഒഴിവായത്. സംവിധായകൻ പെട്ടെന്ന് കോണിയിൽ ചാടിക്കയറി കുരുക്ക് അഴിച്ചെടുക്കുകയായിരുന്നു. ഈ സംഭവം ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള ചില അഗാധമായ ചിന്തകളിലേയ്ക്ക് അദ്ദേഹത്തെ നയിച്ചു. സിനിമയുമായി മാത്രമല്ല, പുറംലോകവുമായിത്തന്നെ ഒരു ബന്ധവും പുലർത്താതെ ഏതാണ്ട് വിജനമായ ഒരു പ്രദേശത്ത് വലിയ സൗകര്യങ്ങളൊന്നുമില്ലാത്ത ഒരു ചെറിയ വീട്ടിൽ അദ്ദേഹം ഒറ്റയ്ക്കു താമസിച്ചു.

ഡ്രീം

ആത്മാന്വേഷണത്തിന്റെയും സ്വത്വപ്രതിസന്ധിയുടെയും വേദനയിൽ കടന്നുപോയ മൂന്നു വർഷങ്ങൾ. സ്‌ഫോടനാത്മകമായ വിഷയങ്ങളും ഭ്രമാത്മകമായ അവതരണശൈലിയും കൊണ്ട് അന്താരാഷ്ട്ര സിനിമയിൽ സജീവമായി നിന്ന കിം കി ഡുക്ക് റൈറ്റേഴ്‌സ് ബ്ലോക്ക് എന്ന മാനസിക പ്രതിസന്ധിയിൽ അകപ്പെട്ടു. ആ കാലഘട്ടത്തെ സത്യസന്ധമായി പകർത്താൻ ശ്രമിക്കുന്ന ആത്മഭാഷണസ്വഭാവമുള്ള സിനിമയാണ് 2011 ൽ കിം കി ഡുക്ക് പുറത്തിറക്കിയ ആരിരാംഗ്.

ഫീച്ചർ സിനിമ എന്നോ, ഡോക്യുമെന്ററി എന്നോ, ഡോക്യു ഫിക്ഷൻ എന്നോ അതിനെ വിളിക്കാനാകില്ല. കിം കി ഡുക്ക് തന്നെയാണ് ചിത്രത്തിലുടനീളം പ്രത്യക്ഷപ്പെടുന്ന ഒരേയൊരു മനുഷ്യ കഥാപാത്രം. അൽപം കൃത്രിമത്വമുള്ള ഒരു സ്വയം വിമർശനമാണ് കിം കി ഡുക് ഈ സിനിമയിൽ നടത്തുന്നത്. ക്യാമറയെ നോക്കി അദ്ദേഹം റെഡി എന്നും ആക്ഷൻ എന്നും പറയുന്നു. പിന്നെ സംസാരിച്ചു തുടങ്ങുന്നു.

ഡ്രീം എന്ന സിനിമ യഥാർത്ഥത്തിൽ ഒരു സ്വപ്നം പോലെത്തന്നെയായിരുന്നു, ഡുക്ക് പറയുന്നു: അതിനടുത്ത സിനിമ മരണത്തെക്കുറിച്ചായിരിക്കണം എന്ന് ഞാൻ തീരുമാനിച്ചിരുന്നു. പക്ഷേ, ആ അപകടം (നായികയായി അഭിനയിച്ച നടി മരണവക്ത്രത്തിൽപ്പെട്ട് തിരിച്ചെത്തിയ സംഭവം) കഴിഞ്ഞതോടെ മരണത്തിന്റെ അർത്ഥം തന്നെ മാറിപ്പോയി. മരണമെന്നത് നിഗൂഢതകൾ നിറഞ്ഞ മറ്റൊരു ജീവിതത്തിലേയ്ക്കുള്ള പടിവാതിലാണെന്ന കാഴ്ചപ്പാട് ഡുക് ആദ്യസിനിമയായ ക്രൊക്കോഡൈൽ മുതൽത്തന്നെ പിന്തുടരുന്നുണ്ട്. അസാധാരണമായ ഒരു ജലസമാധിയിലാണല്ലോ ആ സിനിമ അവസാനിക്കുന്നത്. കറുപ്പും വെളുപ്പും ഒരേ നിറം തന്നെ, ഡുക്ക് പറയുന്നു; ഇതാണ് എന്റെ സിനിമകളുടെ അടിസ്ഥാന സിദ്ധാന്തം.

ആരിരാംഗ് പോസ്റ്റർ

റൈറ്റേഴ്‌സ് ബ്ലോക്കിനെക്കുറിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട സിനിമകളിലൊന്ന് ഫെഡറിക്കോ ഫെലീനിയുടെ എയ്റ്റ് ആൻഡ് എ ഹാഫ് (എട്ടര) ആണ്. ക്രിയാത്മക ജീവിതത്തിന്റെ മദ്ധ്യവയസ്സിൽ അനുഭവിച്ച പ്രതിസന്ധിയെക്കുറിച്ചു പറയാൻ ഫെലീനി ഉപയോഗിച്ചത് തന്റെ ഇഷ്ടതാരവും സിനിമയിലെ ബദൽ സ്വത്വവുമായ മാഴ്സ്റ്റലോ മാഴ്‌സ്ട്രിയോണിയെയാണെങ്കിൽ ആരിരാംഗിൽ സംവിധായകൻ തന്നെ ക്യാമറയ്ക്കു മുന്നിൽ വന്ന് തന്റെ വ്യക്തിജീവിതത്തെയും കലാജീവിതത്തെയും വലിച്ചു കീറുന്നു. ഇടയ്ക്ക് അദ്ദേഹം വിഷാദരോഗിയും ചിന്താധീനനുമാകുന്നു. ചിലപ്പോൾ പൊട്ടിത്തെറിക്കുന്നു. അസഭ്യപദങ്ങൾ ഉപയോഗിച്ച് എല്ലാവരെയും ശകാരിക്കുന്നു, ഭീഷണിപ്പെടുത്തുന്നു. ചിലപ്പോൾ കരയുന്നു. ആരിരാംഗ് എന്ന പർവ്വതത്തെക്കുറിച്ചുള്ള കൊറിയൻ നാടൻപാട്ട് തന്റെ ഇമ്പമില്ലാത്ത ശബ്ദത്തിൽ പാടുന്നു. പാചകം ഉൾപ്പെടെ എല്ലാ കാര്യങ്ങളും സ്വയം നിർവ്വഹിച്ച്, പുസ്തകം വായിക്കുകയും സിനിമ കാണുകയും ചെയ്തുകൊണ്ട്, പലപ്പോഴും നിലവിട്ട് മദ്യപിച്ച് ദിവസങ്ങൾ തള്ളിനീക്കുകയും ചെയ്യുന്നതിനിടയിലാണ് ഡുക്കിന്റെ ഈ ക്രൂരമായ ആത്മവിമർശനം. പലപ്പോഴും ഈ വിമർശനം ആത്മരതിയോളമെത്തുന്നുണ്ടെന്ന കാര്യം പറയാതെ വയ്യ. കിം കി ഡുക്, നിങ്ങൾ വേഗം സിനിമയെടുക്കൂ. എന്തുതരം സിനിമയായാലും അതു കാണാൻ നിങ്ങളുടെ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നു എന്നൊക്കെ അദ്ദേഹം പറയുന്നുണ്ട്. പന്ത്രണ്ടു വർഷം കൊണ്ട് പതിനഞ്ചു സിനിമയെടുക്കാനും അന്താരാഷ്ട്രവേദികളിലെ തിളങ്ങുന്ന താരമാകാനും കഴിഞ്ഞതിലുള്ള അഭിമാനം വ്യംഗ്യമായി ഇടയ്ക്ക് പുറത്തുവരുന്നുണ്ട്. സ്വന്തം നാട്ടിൽ വേണ്ടത്ര അംഗീകാരം ലഭിച്ചില്ലെന്നു മാത്രമല്ല, വിമർശന ശരങ്ങൾ - വിശേഷിച്ചും ഫെമിനിസ്റ്റുകളിൽ നിന്ന് - ധാരാളം ഏൽക്കുകയും ചെയ്തതിലുള്ള വിഷമവും അദ്ദേഹം മറച്ചു വെയ്ക്കുന്നില്ല.

ചരിത്രത്തിന്റെ ചില പ്രത്യേക ഘട്ടങ്ങളിൽ എന്റെ രാജ്യവും ജനതയും കടന്നുപോയ ജീവിതത്തിന്റെ സാക്ഷ്യങ്ങളാണ് എന്റെ ഓരോ സിനിമയും. എന്റെ നാട്ടിലെ പ്രേക്ഷകർ ആ സിനിമകളൊക്കെ വേണ്ടവിധം കണ്ടിട്ടുണ്ടോ എന്നാണ് എന്റെ സംശയം.

സിനിമയിൽ കാണുന്നതുപോലുള്ള ജീവിതം നയിക്കുന്ന പലരും ആധുനിക സമൂഹത്തിലുണ്ടെന്നാണ് ഡുക്കിന്റെ വിശ്വാസം. അതുകൊണ്ടാണ് വിചിത്രസ്വഭാവികളായ അത്തരം മനുഷ്യരെത്തേടി ഈ സംവിധായകൻ അലയുന്നത്. ആരിരംഗിൽ നിന്ന് ബോദ്ധ്യമാകുന്ന ഒരു സത്യമുണ്ട് - ആരും നടന്നുപോകാൻ ധൈര്യപ്പെടാത്ത ഏകാന്തവീഥികളിലൂടെ സഞ്ചരിക്കുന്ന കിം കി ഡുക്കിന്റെ കഥാപാത്രങ്ങൾ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ ഭിന്നമുഖങ്ങൾ തന്നെയാണ്. യഥാർത്ഥജീവിതവും കൽപനാലോകവും തമ്മിൽ വേർതിരിക്കാനാകാത്ത വിധം ഈ മനുഷ്യനിൽ ഇഴചേർന്നിരിക്കുന്നു. എങ്ങനെയെങ്കിലും എനിക്ക് ഒരു സിനിമയെടുത്തേ തീരൂ. സിനിമയെടുക്കുമ്പോൾ മാത്രമാണ് ഞാൻ ജീവിതത്തിലേറ്റവുമധികം സന്തോഷിക്കുന്നത്. പക്ഷേ എനിക്കതിനു കഴിയുന്നില്ലല്ലോ, ഡുക് വിലപിക്കുന്നു.

സ്വന്തം നിഴലിനെക്കൊണ്ടുതന്നെ കിം കി ഡുക് ചോദ്യങ്ങൾ ചോദിപ്പിക്കുന്നുണ്ട്. നിങ്ങളുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് എന്താണ്? എന്ന് നിഴൽ ചോദിക്കുന്നു. സ്വന്തം സിനിമകളുടെ ദർശനം വിവരിക്കുന്ന പ്രകോപനപരമായ ഒരഭിപ്രായമാണ് മറുപടി - ജീവിതം എനിക്ക് പരപീഡനരതിയാണ്. ആത്മപീഡനവും ആത്മപീഡനരതിയുമാണ്.

ഡ്രീം

കുട്ടിക്കാലം മുതൽ ഏകാന്തനായിരുന്നുവെന്ന് ദക്ക് ഓർക്കുന്നു. സിനിമയിൽ വന്ന് ഒരുപാടു പേർക്കു നടുവിൽ നിൽക്കുമ്പോൾപ്പോലും മനസ്സുകൊണ്ട് ഞാൻ ഒറ്റയ്ക്കായിരുന്നു. സിനിമയിൽ വരുന്നതിനുമുമ്പ് ഫാക്റ്ററികളിൽ ജോലി ചെയ്തു. തെരുവിൽ ചിത്രങ്ങൾ വരച്ചു. നന്നായി സംസാരിക്കാൻ അറിയാത്തതുകൊണ്ട് പലപ്പോഴും നിശ്ശബ്ദനായി നിന്ന് മറ്റുള്ളവരെ നിരീക്ഷിച്ചു. അതുകൊണ്ടാണ് വിചിത്രസ്വഭാവികളായ കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ കഴിഞ്ഞത്.
തിന്നുകൊണ്ടിരിക്കുന്ന ഒരു പഴം നീട്ടിക്കൊണ്ട് അദ്ദേഹം പറയുന്നു: ഞാനീ പഴത്തെ കൊന്നു-എനിക്കു ജീവിക്കാൻ വേണ്ടി. എണ്ണമറ്റ മരണങ്ങൾ ഭക്ഷിച്ചാണ് മനുഷ്യൻ നിലനിൽക്കുന്നത്. മരിച്ച പറവകൾ, മരിച്ച മൃഗങ്ങൾ. സ്യങ്ങളുടെയും മൃഗങ്ങളുടെയും മരണം കൊണ്ട് നിലനിൽക്കുകയെന്നത് മനുഷ്യന് അനിവാര്യമാണ്.

സ്വയം നിർമ്മിച്ച കൈത്തോക്കുമേന്തി കിം കി ഡുക്ക്​ നഗരത്തിലേയ്ക്ക് കാറോടിച്ചുപോകുന്നു. പ്രേക്ഷകരെയടക്കം അസഭ്യം വിളിച്ച് ഒരുന്മാദിയെപ്പോലെയാണ് യാത്ര. അദ്ദേഹം കാർ നിർത്തി ചില കെട്ടിടങ്ങളിലേയ്ക്ക് കയറിപ്പോകുന്നു. ഓരോ തവണയും വെടിയൊച്ച മുഴങ്ങുന്നു.
ഒരു ഘട്ടത്തിൽ അദ്ദേഹം തന്റെ ഏറ്റവും പ്രശസ്തമായ സിനിമ - സ്പ്രിങ്, സമ്മർ, ഫാൾ, വിന്റർ- കണ്ടുകൊണ്ടിരിക്കുന്നു. ഓർമകൾ വേട്ടയാടുന്ന അസ്വസ്ഥമായ മനസ്സോടെ. കൊടുംമഞ്ഞുകാലത്ത് ഉറഞ്ഞ തടാകത്തിനു നടുവിലുള്ള ആശ്രമത്തിലേക്ക് തിരിച്ചെത്തുന്ന ശിഷ്യൻ ജീവത്യാഗം ചെയ്ത ഗുരുവിന്റെ സ്ഥാനമേറ്റെടുക്കുന്ന അവസാന സീക്വൻസാണ് അദ്ദേഹം കാണുന്നത്. അരയിൽ ബന്ധിച്ച പാറക്കല്ലുമായി ബുദ്ധന്റെ ശിലാവിഗ്രഹം കയ്യിലേന്തി മലമുകളിലേയ്ക്ക് ക്ലേശിച്ചു നടന്നു നീങ്ങുന്ന ശിഷ്യന്റെ വേഷം ചെയ്തത് കിം കി ദക്ക് തന്നെയാണ് എന്നോർക്കുക. ജീവിതം നിലനിൽപിനു വേണ്ടിയുള്ള വലിയൊരു സമരം തന്നെയാണെന്ന് പറയുന്ന ഈ സംവിധായകന്റെ കലാജീവിതത്തിലെ കൊടുമുടി തന്നെയാണ് സ്പ്രിങ്, സമ്മർ, ഫാൾ, വിന്റർ എന്ന സിനിമയും അതിലെ പ്രസിദ്ധമായ അവസാന സീക്വൻസും. സ്പ്രിങ്, സമ്മർ, ഫാൾ, വിന്റർ എന്ന സിനിമയ്ക്കു മുമ്പും പിമ്പും എന്ന് കിം കി ദക്കിന്റെ സിനിമാജീവിതത്തെ കൃത്യമായി വേർതിരിക്കാം. ക്രിയാത്മകമായി ഒന്നും ചെയ്യാനാകാതെ ഭയചകിതനായി ഒറ്റയ്ക്കിരിക്കുമ്പോൾ ഡുക്കിനെപ്പോലെ മൗലികപ്രതിഭയുളള ഒരു ചലച്ചിത്രകാരൻ കാണേണ്ടത് ആ സിനിമ തന്നെയാണ്. വരുംകാലത്തേയ്ക്ക് ഊർജ്ജം സംഭരിക്കാൻ. ▮


കെ.ബി. വേണു

സിനിമ-മാധ്യമ പ്രവർത്തകൻ, നടൻ, നിർമാതാവ്, സംവിധായകൻ. ശ്രദ്ധേയമായ നിരവധി സിനിമ ടെലിവിഷൻ പരിപാടികൾ അവതരിപ്പിച്ചു. ഓഗസ്റ്റ് ക്ലബ് എന്ന സിനിമ സംവിധാനം ചെയ്തു. കെ.ജി. ജോർജിന്റെ ചലച്ചിത്രയാത്രകൾ, സിനിമയുടെ സ്വതന്ത്ര റിപ്പബ്ലിക്കുകൾ എന്നീ പുസ്തകങ്ങൾ എഴുതി.

Comments