"വന്നല്ലോ വനമാല!!"
അലക്കുസോപ്പിന്റെ പരസ്യസംവിധായകൻ കെ.എൻ. ശശിധരൻ അന്തരിച്ചു എന്നാണ് ഈയിടെ അന്തരിച്ച പ്രശസ്ത ചലച്ചിത്രസംവിധായകനായ കെ.എൻ. ശശിധരന്റെ മരണവാർത്തയെ ഒരു പ്രമുഖ പത്രമാധ്യമം അഭിസംബോധന ചെയ്തത്.
അങ്ങനെ ഒരു പരസ്യം സംവിധാനം ചെയ്തു എന്ന പേരിൽ മാത്രം അറിയപ്പെടേണ്ട ഒരാളായിരുന്നില്ല ശശിധരൻ എന്ന് നിസ്സംശയം പറയാം. "അക്കരെ', "കാണാതായ പെൺകുട്ടി' എന്നീ രണ്ടു സിനിമകൾകൊണ്ടുതന്നെ മലയാളസിനിമാമേഖലയിൽ തന്റേതായ ഒരിടം ഉറപ്പിച്ച ഒരു പ്രതിഭയായിരുന്നു ശശിധരൻ.
മിഡിൽക്ലാസ്സ് കുടുംബങ്ങളുടെ, ആഡംബരങ്ങളോടുള്ള ആസക്തിയും, അതിനുവേണ്ടി ഒരു തഹസിൽദാറും അതിനയാളെ പ്രേരിപ്പിക്കുന്ന, ഒരൽപ്പം പൊങ്ങച്ചം കാണിക്കാൻ മനസ്സുകൊണ്ട് ഒരുപാട് ആഗ്രഹിക്കുന്ന ഭാര്യയുടെയും കഥയാണ് "അക്കരെ'. ഭർത്താവിന്റെ സുഹൃത്തും പൊങ്ങച്ചത്തിൽ അൽപം തല്പരനും സർവോപരി ഗൾഫുകാരനുമായ ജോണിയുടെ ജീവിതനിലവാരവും ആഡംബരവും കണ്ട്, സിനിമയുടെ പേര് സൂചിപ്പിക്കുന്ന പോലെ "അക്കരെ" കടന്നാലേ ഇതെല്ലാം സാധിക്കുകയുള്ളു എന്ന ചിന്തയിൽ, അക്കരെ കടക്കാനായി തഹസിൽദാറായ ഭർത്താവിനെ പ്രേരിപ്പിക്കുകയും, അതിനായി അവിടെ എത്തിപ്പെടാനായി ഒരു തഹസീൽദാറായ നായകനെ പല ഗൾഫുകാരുടെയും വാക്ക് കേട്ട് പലതരം കൈത്തൊഴിലുകൾ പഠിക്കാനായി വിടുന്ന ഭാര്യ.
ഇന്നത്തെക്കാലത്തു ഗൾഫുകാർക്കല്ല, മറിച്ച് ഗവണ്മെന്റ് ജോലിയുള്ളവർക്കേ പെൺകുട്ടികളെ കല്യാണം കഴിച്ചു കൊടുക്കൂ എന്നതാണ് അവസ്ഥ. എന്നാൽ സ്ഥിരവരുമാനമുറപ്പുനൽകുന്ന ഗവണ്മെന്റ് ജോലിയുണ്ടായിട്ടും അതിലും തൃപ്തിയാവാതെ സ്ഥിരതയേതുമില്ലാത്ത ഗൾഫുകാരൻ പദവിയിലേക്ക് ഭർത്താവിനെ "ഉയർത്താൻ', സ്വയം "ഉയരാൻ' തയ്യാറായ ഒരു ഭാര്യയുടെയും ഭർത്താവിന്റെയും നർമ്മത്തിൽ പൊതിഞ്ഞ ഒരു ആവിഷ്കരമാണ് "അക്കരെ".
ഒരു എക്സ്‌കഷന് പോയ സ്കൂൾ ബസ് മറിഞ്ഞു ആ ട്രിപ്പ് തന്നെ ക്യാൻസൽ ആയി തിരിച്ചു വരുന്ന കൂട്ടത്തിൽ നിന്ന്, വീട്ടിലേക്കെന്ന് പറഞ്ഞു പുറപ്പെട്ട ഒരു ടീനേജുകാരിയെ ആ ദിവസം തന്നെ കാണാതാവുന്നതും, തൊട്ടടുത്ത ദിവസം മാതാപിതാക്കൾ മകളെ കാണാതായതായി പോലീസിൽ പരാതിനൽകിയതിനു തൊട്ട് പിന്നാലെ ആ കുട്ടിയെ റെയിൽപാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുന്നതുമാണ് "കാണാതായ പെൺകുട്ടി"യുടെ ഇതിവൃത്തം.
ആ പെൺകുട്ടി എങ്ങനെ റെയിൽപാളത്തിൽ എത്തി, ആ കുട്ടിയെ ആരവിടെ കൊണ്ടുപോയി ഉപേക്ഷിച്ചു, ആര് കൊന്നു, എന്തിനു കൊന്നു, എങ്ങനെ കൊന്നു എന്ന അത്യധികം ഉദ്വേകജനകമായ ചോദ്യങ്ങളുടെയെല്ലാം ആകെത്തുകയാണ് ഈ സിനിമ. ഇന്നത്തെ കാലത്ത് നമുക്ക് ഒട്ടും തന്നെ അപരിചിതമല്ലാത്ത എക്സ്ട്രാമറൈറ്റൽ റിലേഷന്ഷിപ്പും അതിനെ സംരക്ഷിക്കാനോ മറയ്ക്കാനോ ചെയ്യുന്നതുമായ ക്രൈംസ്, അന്നത്തെ കാലത്തു ഇല്ലെന്നല്ല, മറിച്ച് അതെല്ലാം സിനിമാരൂപേണ അവതരിപ്പിച്ചിരുന്നത് അത്യപൂർവ്വമായിരുന്നു.
ത്രില്ലർ എന്നാൽ ഇനി എന്തുണ്ടാവും, എന്തുതരം ക്രൈംസാവുമുണ്ടാവുക, ആരാവും ഈ ക്രൈംസ് എല്ലാം ചെയ്തതെന്നെല്ലമുള്ള ചോദ്യങ്ങൾക്ക് വളരെ സസ്പെൻസ്ഫുൾ ആയ എൻഡിങ് കൊടുക്കുന്ന ഒന്നാണ്. എന്നാൽ മിസ്റ്ററി ഴോണറിൽ, ഒരു കുറ്റകൃത്യം നടന്ന്, ആ ക്രൈമിലേക്ക് പ്രതി എന്തുകൊണ്ട് എത്തിച്ചേർന്നു, എങ്ങനെ നടത്തി എന്നുള്ളതിനെല്ലാമുള്ള ഉത്തരമായാണ് കടന്നുപോകുക. ഒട്ടും അരോചകമല്ലാതെ എന്നാൽ നല്ല രീതിയിൽ സസ്പെൻസുമൊളിപ്പിച്ച അത്തരത്തിലുള്ള മികച്ച ഒരു മിസ്റ്ററി എലമെന്റ് തന്നെ "കാണാതായ പെൺകുട്ടി"യിലുണ്ട്.
കെ.ജി ജോർജ്, ഭരതൻ, പത്മരാജൻ, മോഹൻ എന്നിങ്ങനെയുള്ള പ്രതിഭകളെ വെച്ചുനോക്കുമ്പോൾ ഒട്ടും തന്നെ പിറകിൽ നിൽക്കേണ്ട ആളേയല്ല ശശിധരൻ. എങ്കിലും പിന്നീടങ്ങോട്ട് എന്തുകൊണ്ട് സിനിമകൾ ചെയ്തില്ല എന്നത് ആരേയും അമ്പരിപ്പിക്കുന്ന ഒരു കാര്യമാണ്. എന്നിരുന്നാലും ആ അമ്പരപ്പിനെക്കാളും അമ്പരിപ്പിക്കുന്ന സിനിമകളിലൂടെ പൂനെ ഫിലിം ഇന്സ്ടിട്യൂട്ടിൽ നിന്ന് പഠിച്ചിറങ്ങിയ ഈ ഗുരുവായൂരുകാരൻ ശശിധരൻ നമ്മെയെല്ലാം അത്ഭുതപ്പെടുത്തിയെന്നുള്ളത് തർക്കവിധേയമല്ലാത്ത സത്യമാണ്.