സീൻ ഒന്ന് ഉത്സവം
ഉത്സവസീനിൽ നിന്നാണ് കൊടിയേറ്റം ആരംഭിക്കുന്നത്.
ഈ ഉത്സവത്തിന് ചിത്രത്തിൽ വലിയ പ്രാധാന്യമുണ്ട്. ആയിരക്കണക്കിന് മനുഷ്യർ ഉത്സവത്തിനായി ഒത്തുചേർന്നിട്ടുണ്ട്. ഉത്സവത്തിന്റെ സീക്വൻസുകൾ ആരംഭിക്കുന്നത് നിരത്തിവെച്ച കതിനകൾക്ക് തീ കൊടുക്കുന്നതോടെയാണ്. തുടർന്നാണ് ടൈറ്റിലുകൾ തെളിഞ്ഞുവരുന്നത്. ചെണ്ടയുടെ മുറുകിയ മേളത്തോടൊപ്പം കൂർത്ത മുനയുള്ള കുടയുമായി ഒറ്റക്കാലിൽ നൃത്തം ചെയ്യുന്ന ദേവിയുടെ പ്രതിപുരുഷനെ കാണാം. ഉയരെ ഉയർത്തിപ്പിടിച്ച കുടയുടെ ദണ്ഡ് ലംബമായി താളത്തിൽ ഉയർന്നും താഴ്ന്നും ചലിച്ചുകൊണ്ടിരിക്കുന്നു. ഇത് വ്യക്തമായി സിനിമ കാട്ടിത്തരുന്നുണ്ട്.
കൊടിയേറ്റത്തിലെ രണ്ടുത്സവങ്ങൾക്കിടയിൽ യഥാർത്ഥ കാലം മാത്രമല്ല ഒഴുകിപ്പോകുന്നത്. പതിറ്റാണ്ടുകൾ കൊണ്ടുണ്ടായ സാംസ്‌കാരിക പരിണാമത്തെയാണ് അടൂർ സൂക്ഷ്മമായി സംക്ഷേപിക്കുന്നത്.
ഉത്സവങ്ങൾ സാമൂഹികമായ സംഗമങ്ങളുടെ, കൂടിച്ചേരലുകളുടെ കൂടി സന്ദർഭമാണ്. അത് വംശോത്പാദനത്തിനുള്ള, വ്യാപനത്തിനുള്ള മനുഷ്യവർഗത്തിന്റെ ആദിമമായ വാസനകളിൽ ഒന്നാണ്. രതി അതിൽ അന്തർലീനമാണ്. കെട്ടിയുയർത്തിയ കോലങ്ങളുടെ എടുപ്പുകളുടെ കാഴ്ചകളിലേക്ക് തുടർന്ന് ഉത്സവദൃശ്യങ്ങൾ പരക്കും. ശ്രദ്ധേയമായ സംഗതി, ഈ വൻ ജനാവലി മുഴുവൻ ആണുങ്ങളാണ് എന്നതാണ്. അവിടെ അടിപിടിയും ചൂതാട്ടവും പൊലീസും ഉണ്ട്. ആരവങ്ങളും ഘോഷയാത്രകളും ഉണ്ട്. പ്രാകൃതമായ സ്വഭാവമാണ് ഇത്തരം കാഴ്ചകളിലൂടെ ഉത്സവത്തിന് കൈവരുന്നത്.
പ്രാകൃതവും വന്യവുമായ ഈ പുരുഷോത്സവം പ്രസക്തമാകുന്നത് കൊടിയേറ്റത്തിന്റെ ഒടുവിൽ വരുന്ന ഉത്സവുമായി ഇതിനെ ചേർത്തുവെക്കുമ്പോഴാണ്. അത് സ്വഭാവം കൊണ്ടും അന്തരീക്ഷം കൊണ്ടും ഇതിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. അത് പെണ്ണുങ്ങളുടെ ഉത്സവമാണ്. നിരനിരയായി താലപ്പൊലിയുമായി നിൽക്കുന്ന സ്ത്രീകളിൽ നിന്നാണ് ഇവിടുത്തെ കാഴ്ചകൾ ആരംഭിക്കുന്നത്. അവർ കുലീനവസ്ത്രം ധരിച്ചവരും അണിഞ്ഞൊരുങ്ങിയവരുമാണ്. അവരുടെ കയ്യിലെ തളികകളിൽ ദീപം കത്തിച്ചു വെച്ച നാളികേരവും തെങ്ങിൻ പൂത്തിരിയുമുണ്ട്. ക്ഷേത്രത്തിൽ നിറദീപമുണ്ട്.
കാഴ്ചയ്ക്ക് ചന്തം പകരാത്ത കതിനകൾക്കുപകരം ഇപ്പോൾ ആകാശത്ത് പൂക്കൾ ചിതറും പോലെ അമിട്ടുകളാണ് പൊട്ടിവിരിയുന്നത്. (വെടിക്കെട്ടിന്റെ തുടക്കം മൂർദ്ധന്യം അവസാനം എന്നിവയ്ക്ക് ലൈംഗിക പ്രക്രിയയുമായി സാമ്യമുണ്ട് എന്ന നിരീക്ഷണവും ഓർക്കാം. ഇതിന് സമാന്തരമായി കൊടിയേറ്റത്തിലെ നായകനായ ശങ്കരൻകുട്ടിയുടേയും ഭാര്യയുടെയും സംഗമം നടക്കുന്നുമുണ്ട്) കെട്ടിപ്പൊക്കിയ രഥങ്ങൾക്കും കുതിരകൾക്കും പകരം ഉയർത്തിപ്പിടിക്കുന്നത് വെഞ്ചാമരവും ആലവട്ടവും നെറ്റിപ്പട്ടവുമാണ്. ഇന്ന് നാം സംസ്‌കാരമെന്ന് വ്യവഹരിക്കുന്ന ഒരന്തരീക്ഷത്തിന്റെ വെളിച്ചത്തിലാണ് ആ ഉത്സവം നടക്കുന്നത്. അവിടെ കഥകളിയാണ് കല. കഥകളി കാണാൻ നിൽക്കുന്നവരിലും സ്ത്രീകളുണ്ട്.
സംഘമെന്ന നിലയിലും ഗോത്രമെന്ന നിലയിലും കൂട്ടങ്ങളായും പറ്റങ്ങളായും ജീവിച്ചാനന്ദിച്ച മനഷ്യർ, ആ സാമൂഹികവും ജൈവികമമായ ഓർമ്മകളെ പിറകിൽ തള്ളി, വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളിലേക്ക് ചുരുങ്ങുന്നു.
കൊടിയേറ്റത്തിലെ രണ്ടുത്സവങ്ങൾക്കിടയിൽ യഥാർത്ഥ കാലം മാത്രമല്ല ഒഴുകിപ്പോകുന്നത്. പതിറ്റാണ്ടുകൾ കൊണ്ടുണ്ടായ സാംസ്‌കാരിക പരിണാമത്തെയാണ് അടൂർ സൂക്ഷ്മമായി സംക്ഷേപിക്കുന്നത്. ഉത്സവങ്ങളും അവയുടെ സാമൂഹികമായ അസ്തിത്വത്തിൽ നിന്ന് അകന്നുമാറി, കുടുംബത്തിന്റെ തുടർച്ചയാവുന്നു. കലസ്ത്രീകളുടെ താലപ്പൊലികൾ മാത്രമായി അവ ചുരുങ്ങുന്നു.
സംഘമെന്ന നിലയിലും ഗോത്രമെന്ന നിലയിലും കൂട്ടങ്ങളായും പറ്റങ്ങളായും ജീവിച്ചാനന്ദിച്ച മനഷ്യർ, ആ സാമൂഹികവും ജൈവികമമായ ഓർമ്മകളെ പിറകിൽ തള്ളി, വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളിലേക്ക് ചുരുങ്ങുന്നു. സമൂഹത്തിൽ നിന്ന്കുടുംബത്തിലേക്ക് പിൻവാങ്ങുന്നു. ചുമതലാബോധവും പരസ്പരമുള്ള സ്‌നേഹപരിചരണങ്ങളും നിർണ്ണായകമാകുന്ന കുടുംബബന്ധങ്ങൾ മറ്റെല്ലാത്തിനേക്കാളും പ്രധാനമാകുന്നു. ഈയൊരു സാമൂഹിക പരിവർത്തനത്തിൽ സ്വച്ഛവും സ്വാഭാവികവുമായ ജീവിതാനന്ദങ്ങളെ പിഴുതുമാറ്റി, ഉത്തരവാദിത്വത്തിന്റെയും ചുമതലയുടെയും ഔപചാരികതകളിൽ ഊന്നുന്ന കുടുംബത്തിന്റെ പക്ഷത്തുനിന്നുകൊണ്ട്, അർത്ഥവത്തായും സൂക്ഷ്മമായും അതിനെ ഈ രണ്ട് ഉത്സവരംഗങ്ങളിലൂടെ അടൂർ കൊടിയേറ്റത്തിൽ സാക്ഷാത്കരിക്കുന്നു.
സീൻ രണ്ട്കമലമ്മ ശങ്കരൻകുട്ടിക്ക്
ചോറു വിളമ്പുന്നു
കൊടിയേറ്റത്തിലെ മുഖ്യ കഥാപാത്രമായ ശങ്കരൻകുട്ടിയുടെ സ്വഭാവസവിശേഷതകളെ പ്രേക്ഷകമനസ്സിൽ ഉറപ്പിക്കുന്ന സീനുകളിൽ ഒന്നാണ് കമലമ്മ അയാൾക്ക് ചോറുവിളമ്പിക്കൊടുക്കുന്ന സീൻ. കമലമ്മയെ നമ്മൾ ആദ്യം കാണുന്നത് കുളക്കടവിൽ വെച്ചാണ്. മുങ്ങാംകുഴിയിട്ട് പെണ്ണുങ്ങളുടെ കടവിൽ പൊങ്ങിവരുന്ന ശങ്കരൻകുട്ടിയെ വശ്യമായ ചിരിയോടെ ശാസിക്കുകയാണ് അവർ. വീട്ടിലേക്ക് വിറകുകീറാൻ അയാളെ ക്ഷണിക്കുന്നതിലും ശങ്കരൻകുട്ടിയോടുള്ള അവരുടെ താത്പര്യം വ്യക്തമാണ്.
കുളിച്ച് ഒറ്റമുണ്ടിൽ ഈറനുമായി കുളപ്പടവു കയറിപ്പോകുന്ന തന്നെ കുളത്തിൽനിന്ന് ശങ്കരൻകുട്ടി നോക്കിനിൽക്കുന്നത് അവർ അറിയുന്നുണ്ട്. വിറകുവെട്ടുന്ന ശങ്കരൻകുട്ടിയുടെ ശരീരത്തിന്റെ നീണ്ടുനിൽക്കുന്ന ക്ലോസപ്പുകൾ തുടർന്നുവരുന്നു. തിണ്ണയിലിരുന്ന് മുറത്തിൽ കപ്പയുടെയോ മറ്റോ തൊലിക്കളയുന്ന കമലമ്മയുടെ നോട്ടമാണത്. അയാളുടെ കരുത്തും പൗരുഷവും വിറകുകീറുന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്. അയാളോട് വിധവയും സുന്ദരിയും ചെറുപ്പക്കാരിയുമായ കമലമ്മയ്ക്കുള്ള ആസക്തി വ്യക്തം. ‘ഊണുകാലമായില്ലേ' എന്ന അയാളുടെ ചോദ്യത്തിന് ‘എന്താ വിശപ്പായോ' എന്ന ഉത്തരം അർത്ഥവത്താണ്. ശബ്ദത്തിലും ആ ആസക്തി തുടരുന്നുണ്ട്. വിറകു കീറുന്നതിനെ തന്നെ ഒരു രതി പ്രക്രിയ പോലെയാണ് അവർ നോക്കിക്കാണുന്നത്.
കൊടിയേറ്റം തുറന്ന രതിയിൽ നിന്ന് കുടുംബത്തിനകത്തെ ലൈംഗികതയിലെക്കുള്ള തിരിച്ചുകയറ്റമാണ്. ഒരർത്ഥത്തിൽ ഗോവിന്ദൻകുട്ടിയുടെ മുതിരൽ ഒരു സമൂഹത്തിന്റെ മുതിരൽ ആണ് സംവിധായകന്.
ഊൺ പ്ലെയിറ്റ് കാലിയാക്കിയ ശങ്കരൻകുട്ടിക്ക് രണ്ടാമതും ചോറു വിളമ്പുന്നിടത്താണ് സീൻ തുടരുന്നത്. നിലത്തിരുന്ന് ചോറുകഴിക്കുന്ന അയാൾക്ക് തൊട്ടുമുന്നിൽ മുട്ടുകാൽ കുത്തിയിരുന്ന് കുനിഞ്ഞ് അവർ ചോറു വിളമ്പുന്നു. ഓരോ തവണയും വശ്യമായി അയാളുടെ മുഖത്ത് നോക്കി. പിന്നീടവൾ തുറന്ന് ചോദിക്കുന്നത്, ‘എന്നും ഇങ്ങനെ ഒറ്റക്ക് കഴിഞ്ഞാൽ മതിയോ' എന്ന്. ദീർഘമായ ആ സീനിലെ ഏക സംഭാഷണം അതാണ്. ഇരുവരുടെയും ഇടയിൽ നടക്കാതെ പോകുന്ന ഒരു വിനിമയമാണ് സീൻ ഉദാഹരിക്കുന്നത്. രണ്ടുപേരുടെയും താത്പര്യം രണ്ടു കാര്യങ്ങളിൽ ആകുന്നു.
കമലമ്മയുടെ കാഴ്ചയിൽ ശങ്കരൻകുട്ടി ഊണുകഴിക്കുന്നതിന് പിറകിലുള്ള മുറിയിൽ ഒരു ഒഴിഞ്ഞ കട്ടിലുണ്ട്. അയാളുടെ കാഴ്ചയിൽ ചോറും കറിയും വെച്ച പാത്രങ്ങൾ മാത്രവും. (ഭക്ഷണം പ്രധാനമാവുകയും മറ്റെല്ലാം അപ്രസക്തമാവുകയും ചെയ്യുന്ന കഥാപാത്രങ്ങൾ അടൂർ ലോകത്തിൽ ഏറെയുണ്ട് ) വയറിന്റെ വിശപ്പിനപ്പുറമുള്ള ശരീരത്തിന്റെ വിശപ്പിനെ മനസ്സിലാക്കാൻ ശങ്കരൻകുട്ടി അപ്പോൾ മുതിർന്നിട്ടില്ല. അവളുടെ ഭാവത്തിലെ, നോട്ടത്തിലെ, ശബ്ദത്തിലെ സൂചനകൾ അയാൾക്ക് അപരിചിതമാണ്. തുടർന്ന് ഈ സീനിലേക്കാണ് കമലമ്മയുടെ മകൻ ഗോപി ഓടിക്കയറി വരുന്നത്. അതോടെ സന്ദർഭത്തിന് അയവുവരുന്നു. ശങ്കരൻ കുട്ടി പ്രസന്നവാനാകുന്നു. ‘എന്താ താമസിച്ചത് ' എന്നയാൾ ഗോപിയോട് തിരക്കുന്നു. അവർ തമ്മിലുള്ള വിനിമയം അനായാസം സാധ്യമാകുന്നു. രണ്ടു കുട്ടികളും കളിക്കൂട്ടുകാരാണല്ലോ.
കൊടിയേറ്റം തുറന്ന രതിയിൽ നിന്ന് കുടുംബത്തിനകത്തെ ലൈംഗികതയിലെക്കുള്ള തിരിച്ചുകയറ്റമാണ്. ഒരർത്ഥത്തിൽ ഗോവിന്ദൻകുട്ടിയുടെ മുതിരൽ ഒരു സമൂഹത്തിന്റെ മുതിരൽ ആണ് സംവിധായകന്. അത് ശരിയാണോ, മനുഷ്യപ്രകൃതത്തിന് നിരക്കുന്നതാണോ, പുറമേനിന്ന് കെട്ടിയേൽപ്പിച്ചതാണോ എന്നിങ്ങനെയുള്ള ചോദ്യങ്ങളുണ്ടാവാം. എങ്കിലും അത് കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിന്റെ ഒരേടാണ്. അടൂർ സിനിമകൾ കേരളത്തിന്റെ സാംസ്‌കാരിക ജീവിതപരിണാമത്തിന്റെ ആഴത്തിലുള്ള അടയാളപ്പെടുത്തലാകുന്നത് ഇത്തരം സൂക്ഷ്മതകളെ പകർത്തുന്നത് കൊണ്ടുകൂടിയാണ്.
സീൻ മൂന്ന്കമലമ്മ സുകുമാരപിള്ള സാറ്
കൂടിക്കാഴ്ച
കഥകളിക്കാർ വേഷമിടുന്ന രംഗത്തിന്റെ തുടർച്ചയിലാണ് ക്ഷേത്രത്തിൽ വെച്ച് കമലമ്മയും സുകുമാരപ്പിള്ള സാറും തമ്മിൽ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ശങ്കരൻകുട്ടി സാക്ഷിയാവുന്നത്. കഥകളി വേഷക്കാരൻ അനുക്രമം സ്ത്രീവേഷമായി മാറുന്നത് കൗതുകത്തോടെ ശങ്കരൻകുട്ടി നോക്കിനിൽക്കുന്നുണ്ട്. അഴികളിലൂടെയുള്ള ശങ്കരൻകുട്ടിയുടെ നോട്ടം, അയാളുടെ വിടർന്ന കണ്ണുകൾ ഈ സീനിലാണ് ആദ്യം സിനിമയിൽ തെളിഞ്ഞു കാണുന്നത്. പിന്നീട് ഈ വിസ്മയം ആവർത്തിക്കപ്പെടുന്നുണ്ട്. സാക്ഷിത്വമാണ് ശങ്കരൻകുട്ടിയുടെ ഭാവം. ശങ്കരൻകുട്ടി സാക്ഷിയാവുന്ന സീനുകളിൽ പ്രധാനപ്പെട്ട ഒന്ന് ഇവരുടെ ഈ സമാഗമമാണ്. കഥകളി സിനിമയിൽ പിന്നിടും ആവർത്തിക്കുന്നുണ്ട്. സ്ത്രീ- പുരുഷ സംഗമത്തിന്റെ സിനിമയിലെ രണ്ട് പ്രധാന ഘട്ടങ്ങളിലും പിന്നിൽ കഥകളിയുണ്ട്.
കമലമ്മയും സുകുമാരപിള്ളസാറും കൂടിച്ചേരുമ്പോഴും സിനിമയുടെ ഒടുവിൽ ശങ്കരൻകുട്ടി ഭാര്യ ശാന്തമ്മയുമായി വീണ്ടും ഒരുമിച്ചു ചേരുമ്പോഴും കഥകളി പശ്ചാത്തലത്തിൽ വരുന്നുണ്ട്. ഒരു ഫ്യൂഡൽ മൂല്യബോധത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമയിലെ സ്ത്രീ- പുരുഷ ബന്ധങ്ങൾ നിൽക്കുന്നത്. അവിടേക്ക് ആധുനികമായ മറ്റൊരു മൂല്യബോധം വരികയാണ്. കുടുംബം, സദാചാരം, ഏകപങ്കാളി തുടങ്ങിയവ അതിന്റെ ഭാഗമാണ്. പരസ്പരം ചേരാത്ത ഫ്യൂഡൽ / മുതലാളിത്ത ലോകബോധങ്ങൾ സംഘർഷമാല്ലാതെ സിനിമയിൽ വിളക്കിച്ചേർക്കപ്പെടുന്നു. അത് കേരളത്തിന്റെ എല്ലാ കാലത്തെയും പൊതുസ്വഭാവമാണ്. പരസ്പരവിരുദ്ധമായ ആശയധാരകളെ ആഹ്ലാദപൂർവ്വം വാരിപ്പുണരാനും എത്ര തോണികളിൽ വേണമെങ്കിലും ഒരുമിച്ചു കാൽവെക്കാനുമുള്ള മലയാളി സൈക്കി വികസിച്ചു വരുന്ന വഴി കൊടിയേറ്റം സൂചിപ്പിക്കുന്നുണ്ട്. ഇവിടെ, കമ്പൂട്ടറിൽ ജാതകം ഉണ്ടാക്കുകയും വിപ്ലവകാരി ജാത്യാഭിമാനം മറുകെ പിടിക്കുകയും ചെയ്യും. കഥകളി അതിന്റെ സൂക്ഷ്മസൂചനയായാണ് സിനിമയിൽ പ്രവർത്തിക്കുന്നത്.
കഥകളിയുടെ ഇരുൾ മുറിയിൽ നിന്ന് കതിനയുടെ ഒച്ചയാണ് ശങ്കരൻകട്ടിയുടെ ശ്രദ്ധയെ കമലമ്മയിലേക്ക് കൊണ്ടുവരുന്നത്. ദൈവത്തെ തൊഴുന്നതിനൊപ്പം അവർ ക്ഷേത്രത്തിലേക്ക് വരുന്ന സുകുമാരപിള്ള സാറിനെ കാണുകയും ചെയ്യുന്നുണ്ട്. പരസ്പരം ചേർന്നുനിൽക്കുന്ന അവരുടെ കാഴ്ചയെ ശങ്കരൻകുട്ടിയിൽ നിന്നും കാണിയിൽ നിന്നും മറയ്ക്കുന്നത് ക്ഷേത്രത്തിലെ സ്ത്രീശരീര ശിൽപ്പങ്ങളാണ്. ക്ഷേത്രമതിൽക്കെട്ടിനുപുറത്തു നിർത്തേണ്ട ഒന്നായിരുന്നില്ലല്ലോ നമ്മുടെ ദേശത്തിന് രതി. തൂണുകൾക്കുപിറകിൽ അവർ മറഞ്ഞിരിക്കുമ്പോഴും കതിനകൾ പൊട്ടിക്കൊണ്ടിരിക്കുന്നുണ്ട്. ഉദ്വേഗപൂർവ്വം തൂണിന് പിറകിലേക്ക് അയാൾ ഉറ്റുനോക്കുന്നുണ്ട്. ഇടയിൽ കയറിവന്ന മറ്റൊരാൾ ശങ്കരൻകുട്ടിയുടെ ശ്രദ്ധയെ മാറ്റുന്നു. അയാൾ പോയ ഉടൻ ശങ്കരൻകുട്ടി തൂണുകളുടെ പിറകിലേക്ക് ഉത്കണ്ഠയോടെ ചെന്നടുക്കുന്നു. അയാൾക്ക് ആരെയും കാണാൻ കഴിയുന്നില്ല ഈ സീൻ അവസാനിക്കുന്നത് ക്ഷേത്രമുന്നിലെ തൂണിൽ കുചങ്ങൾ ഉയർത്തിക്കെട്ടി നിൽക്കുന്ന സ്ത്രീയുടെ ശിൽപ്പത്തിലാണ് എന്നതും ശ്രദ്ധേയമാണ്.
ഫ്യൂഡലിസത്തെയും ആധുനിക മുതലാളിത്ത വികാസത്തെയും ചേർത്തു നിർത്തുന്ന പതിവ് അടൂർ സിനിമകളിൽ പലതിലും ഉണ്ട്.
ഈ ദൃശ്യങ്ങൾ കൂടുതൽ അർത്ഥവത്താകുന്നത് സിനിമയുടെ അന്ത്യത്തിൽ, സുകുമാരപിള്ള സാറിനാൽ ഗർഭിണിയായ കമലമ്മ അക്കാര്യം ആരും കാണാതെ അയാളെ അറിയിക്കുന്ന രംഗത്തോട് ചേർത്തുനിർത്തുമ്പോഴാണ്. അപ്പോഴും അതിന് സാക്ഷിയാകുന്നത് ശങ്കരൻകുട്ടിയാണ്. ക്ഷേത്രമതിലിന് പുറത്തൂടെ ശങ്കരൻകുട്ടി നടന്നുവരുന്ന ലോംഗ് ഷോട്ടിലാണ് ആ സീൻ ആരംഭിക്കുന്നത്. പതുക്കെ നമ്മൾ മതിലിനപ്പുറത്തു നിന്ന് കമലമ്മ കരയുന്നതും സുകുമാരപ്പിള്ള അവരെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നതും കേൾക്കും. ശബ്ദത്തിനായി മതിലിനോട് ചേർന്ന് ശങ്കരൻകുട്ടി കാതോർക്കും. കട്ട് ചെയ്യാതെ രംഗം ശങ്കരൻകുട്ടിയിലേക്ക് പതുക്കെ സൂം ചെയ്യപ്പെടും. ക്ലോസപ്പിലെ എത്തുന്നതുവരെ അതെത്തും. ഇപ്പോൾ ആ സംഭാഷണം കേൾക്കുന്ന അയാളുടെ മനോവ്യഥകൾ വ്യക്തമാണ്. ശങ്കരൻകുട്ടി കാര്യകാരണങ്ങളെ കൂട്ടിയോജിപ്പിക്കുന്ന, തിരിച്ചറിവിലേക്ക് ഉണരുന്ന പ്രധാനപ്പെട്ട സന്ദർഭങ്ങളിൽ ഒന്നാണിത്.
സീൻ നാല്എന്തൊരു സ്പീഡ്!
കൊടിയേറ്റത്തിലെ വിഖ്യാതമായ സീനാണ്, വിവാഹം കഴിഞ്ഞ് ആദ്യമായി ഭാര്യയുമൊന്നിച്ച് അവരുടെ വീട്ടിലേക്ക് പോകുന്ന ശങ്കരൻകുട്ടിയുടെ ശരീരത്തിലേക്ക് നിരത്തിലൂടെ വേഗതയിൽ പോകുന്ന ലോറി ചളി തെറിപ്പിക്കുന്നതും ലോറിയെ നോക്കി ശങ്കരൻകുട്ടി വാ പൊളിച്ച് ‘എന്തൊരു സ്പീഡ്' എന്ന് അതിശയപ്പെടുന്നതും. ദീർഘമായ ആ സീൻ തുടങ്ങുന്നത് കുഞ്ഞിനെ എടുത്തു നിൽക്കുന്ന സുകുമാരപിള്ള സാറിന്റെ ഭാര്യയുടെ മിഡിൽ ഷോട്ടിൽ നിന്നാണ്. തൊടി നിറയെ തെങ്ങുകൾ നിറഞ്ഞ ഒരു നല്ല വീടിന്റെ മുന്നിലാണ് അവരപ്പോൾ നിൽക്കുന്നത്. മുന്നിലെ ചെമ്മൺ നിരത്തിലൂടെ ഗോവിന്ദൻകുട്ടിയും ഭാര്യ ശാന്തമ്മയും പുത്തനുടുപ്പുകളുമിട്ട് എവിടേക്കോ പുറപ്പെട്ടിരിക്കയാണ്. ആ സ്ത്രീയോട് സംസാരിച്ചാണ് ഗോവിന്ദൻകുട്ടി നടക്കുന്നത്.
സുകുമാരപിള്ള സാറ് എല്ലാവർക്കും ഒരുപകാരിയാണ് എന്ന് അയാൾ ഭാര്യയോട് നല്ല വാക്ക് പറയുന്നുണ്ട്. ഇടയിൽ കുട്ടികൾ കിണറ്റിൽ വീണ പന്ത് എടുക്കാൻ അയാളെ പിടിച്ചു വലിക്കുന്നുണ്ട്. ശാന്തമ്മയാണ് കുട്ടിക്കൂട്ടത്തിൽ നിന്ന് അയാളെ മോചിപ്പിക്കുന്നത്. എന്നാൽ അയാളുടെ മനസ്സ് അവരൊപ്പമാണ്. ഒരു വിധം പറ്റുമെങ്കിൽ അയാൾ ഭാര്യയെ വിട്ട് അവർക്കൊപ്പം പോയേനേ. തുടർന്നാണ് ലോറിയുടെ ശബ്ദം നാം കേട്ടു തുടങ്ങുന്നത്. ചെമ്മൺപാതയിലെ കുഴികളിൽ കെട്ടിക്കിടന്ന ചെളിവെള്ളം രണ്ടു പേരുടെയും ശരീരത്തിലേക്ക് തെറിപ്പിച്ചു കൊണ്ടാണ് ലോറി മുന്നോട്ട് കുതിച്ചത്. ചളിയിൽ കുളിച്ചു നിൽക്കുന്ന ശങ്കരൻകുട്ടിയുടെ രൂപം കണ്ട് അവൾ ‘അയ്യേ ' എന്ന് പരിതപിക്കുന്നു. അപ്പോഴും ലോറിയിൽ നിന്ന് കണ്ണെടുക്കാത്ത ശങ്കരൻകുട്ടി, ആഹ്ലാദത്തോടെ പതുക്കെ മുഖം തിരിച്ച് വിഷമിച്ചു നിൽക്കുന്ന ഭാര്യയുടെ മുഖത്തു നോക്കി, ‘എന്തൊരു സ്പീഡ്' എന്നുപറയുന്ന സീൻ സിനിമയിൽ പ്രധാനപ്പെട്ടതാണ്.
കൊടിയേറ്റം, ഒട്ടും വികസിക്കാത്ത ഫ്യൂഡൽ മൂല്യബോധത്തിൽ നിന്ന് ധൈര്യപൂർവ്വം ആധുനികതയുടെ ചളിക്കുഴമ്പുവരമ്പുകളിലേക്ക് ഇറങ്ങാൻ ധൈര്യം കാണിക്കുന്ന മനസ്സിനെ സാക്ഷ്യപ്പെടുത്തുന്നു.
ഫ്യൂഡലിസത്തെയും ആധുനിക മുതലാളിത്ത വികാസത്തെയും ചേർത്തു നിർത്തുന്ന പതിവ് അടൂർ സിനിമകളിൽ പലതിലും ഉണ്ട്. ഫ്യൂഡൽ മൂല്യബോധത്തിൽ ഉറച്ചുപോയ, ആധുനിക ലോകത്തെ നേരിടാനാവാത്ത മനുഷ്യർ ആ ലോകത്തിൽ നിരവധിയുണ്ട്. ആധുനികത അവരെ സംബന്ധിച്ച് വൃത്തികെട്ടതാണ്. അടഞ്ഞ ലോകബോധമാണ് അവരുടെ സ്വർഗീയ പരിസരം. എലിപ്പത്തായത്തിൽ സ്വയം കരുക്കിയിടപ്പെട്ടവരാണവർ. എന്നാൽ കൊടിയേറ്റം, ഒട്ടും വികസിക്കാത്ത ഫ്യൂഡൽ മൂല്യബോധത്തിൽ നിന്ന് ധൈര്യപൂർവ്വം ആധുനികതയുടെ ചളിക്കുഴമ്പുവരമ്പുകളിലേക്ക് ഇറങ്ങാൻ ധൈര്യം കാണിക്കുന്ന മനസ്സിനെ സാക്ഷ്യപ്പെടുത്തുന്നു. ഫ്യൂഡൽ വൃത്തിസങ്കൽപ്പത്തിലേക്കാണ് ആധുനികത ചെളിതെറിപ്പിച്ച് കടന്നുവരുന്നത്. പഴയ വൃത്തിയേക്കാൾ പുതിയ വേഗതയാണ് ശങ്കരൻകുട്ടിയും കാണിയും ആഗ്രഹിക്കുന്നത്. മന്ദത /വേഗത, ശുദ്ധി / അശുദ്ധി, ഗ്രാമം / നഗരം തുടങ്ങി ഇന്നലെയും ഇന്നും നേർക്കുനേർ ഏറ്റുമുട്ടുന്ന ഇടങ്ങളെയെല്ലാം ‘എന്തൊരു സ്പീഡ്' എന്ന അതിശയം ശങ്കരൻ കുട്ടിയോടൊപ്പം കാണിയും സാക്ഷ്യപ്പെടുത്തും.
ആവർത്തനം കൊടിയേറ്റത്തിന്റെ താളത്തിന്റെ ഭാഗമാണ്. പലതിന്റെയും തുടർച്ചകളെ അത് ബോധപൂർവ്വം കാഴ്ചയിലേക്ക് കൊണ്ടുവരുന്നു. ഇപ്രകാരം ആവർത്തിക്കുന്ന ഒരു യാത്രയുടെ ആദ്യഘട്ടമാണ് ഇപ്പോൾ ശങ്കരൻകുട്ടി കടന്നുപോകുന്ന വഴി. സിനിമയുടെ ഒടുവിൽ ഈ വഴിതന്നെ ശങ്കരൻകുട്ടി തിരിച്ചുവരുന്നുണ്ട്. അന്ന് നടന്നുപോയ ആൾ ഇന്ന് ലോറിയിൽ അഭിമാനത്തോടെ യാത്രചെയ്യുന്ന തെഴിലാളിയാണ്. ജീവിതയാത്രയിലൂടെ അയാൾ നേടിയ തന്റേടം അയാളുടെ നോക്കിലും വാക്കിലും ഇപ്പോൾ ഉണ്ട്.
അയാൾ പണ്ട് ഭിക്ഷാംദേഹിയായി ഇരുന്ന ചായക്കട അയാൾ മറ്റൊരു വിതാനത്തിലിരുന്നാണ് ഇപ്പോൾ കാണുന്നത്. എന്നും കടയുടെ പുറത്തിട്ട ബഞ്ചിലായിരുന്നു അയാളുടെ സ്ഥാനം. താഴെ ഇരുന്ന് കടയെ നോക്കുന്ന അയാളുടെ കണ്ണിൽ ആ കട വളരെ വലുതായിരുന്നു. ചായക്കടക്കാരന്റെ ദയാദാക്ഷിണ്യങ്ങളാണ് അയാളെ പോറ്റിയിരുന്നത്. ഇന്നയാൾ ലോറിയിൽ ഉയരത്തിലിരുന്നാണ് ആ കട കാണുന്നത്. അത് അയാളുടെ മുന്നിൽ തീരെ ചെറുതായിരിക്കുന്നു. നല്ല വസ്ത്രങ്ങൾ ധരിച്ച്, ഭയരഹിതമായ ആത്മവിശ്വാസത്തോടെ അയാൾ ലോറിയിൽ ഉയരത്തിൽ ഇരിക്കുകയാണ്. ‘എന്തൊരു സ്പീഡ്' എന്നയാൾ അതിശയപ്പെട്ട അതേ ലോറിയിലാണ് അയാൾ ഇപ്പോൾ ഇരിക്കുന്നത്. വേഗത ഇന്നയാളുടെ ആവേശമാണ്. തങ്ങളെ വഴിയിൽ പിന്തുടർന്ന കാറിനെ തോൽപ്പിക്കാൻ കൂടുതൽ വേഗത്തിൽ ലോറിയോടിക്കാൻ അയാൾ ഡ്രൈവറെ പിരികയറ്റുന്നുണ്ട്.
സിനിമയുടെ ഒടുവിലെ അവരുടെ കൂടിക്കാഴ്ച കൂടുതൽ പ്രധാനമാണ്. ഇപ്പോൾ രാത്രിയിലാണ് അയാൾ എത്തിയിരിക്കുന്നത്. എന്നത്തെയും പോലെ അയാൾക്ക് തിരക്കില്ല. കുഞ്ഞ് ഉറങ്ങിയെന്നും അമ്മ കഥകളി കാണാൻ പോയിരിക്കയാനെന്നും ഉള്ള ശാന്തമ്മയുടെ വാക്കുകളുടെ പൊരുൾ അയാൾക്ക് ഇപ്പോൾ തിരിച്ചറിയാം.
എങ്കിലും സുകുമാരപിള്ള സാറിന്റെ വീട്ടിനുമുന്നിലെത്തിയപ്പോൾ അയാളുടെ മുഖം മ്ലാനമാവുന്നു. ഇപ്പോഴും ആ വീടിനുമുന്നിൽ നേരത്തെ നാം കണ്ട അമ്മയും കുഞ്ഞും ഉണ്ട്. സുകുമാരപിള്ള ഭാര്യയുടെ ഒക്കത്തിരിക്കുന്ന കുഞ്ഞിനെ ലാളിക്കുകയാണ്. ഒരു സന്തുഷ്ട കുടുംബത്തിന്റെ ലക്ഷണങ്ങൾ പ്രകടം. ഈ കാഴ്ച അയാളുടെ ആഹ്ലാദങ്ങളെ കെടുത്തുന്നു. അയാൾ ചിന്താകുലനാകുന്നു. അയാൾ അപ്പോൾ ഓർക്കുന്നത് ആരെയാവും എന്ന് കാണികൾക്ക് ഊഹിക്കാം. അയാളുടെ മനസ്സിലൂടെ പായുന്ന രംഗങ്ങൾ എന്തൊക്കെയാവും എന്ന് നമുക്കും കാണാം. ഉപകാരിയും രക്ഷകനും ആയ സുകുമാരപിള്ളയുടെ വഞ്ചനയുടെയും ചതിയുടെയും ഇരയായ കമലമ്മയുടെ ദുരന്തം ഒരിക്കൽ കൂടി അയാളുടെ കണ്ണിൽ തെളിയുകയാണ്. ശങ്കരൻകുട്ടിയുടെ വളർച്ച പൂർണ്ണമാകുന്നതിന് ഇപ്പോൾ സാക്ഷിയാകുന്നത് പ്രേക്ഷകനാണ്.
സീൻ അഞ്ച്ശങ്കരൻകുട്ടി ശാന്തമ്മയുടെ അടുത്ത്
തിരിച്ചെത്തുന്നു
ശങ്കരൻകുട്ടിയുടെയും ശാന്തമ്മയുടെയും പുനസ്സമാഗമം നടക്കുന്ന സീക്വൻസുകൾ ആരംഭിക്കുന്നത് ക്ഷേത്രത്തിൽ ഉത്സവം കൊടിയേറുന്ന ദൃശ്യത്തിൽ നിന്നാണ്. തുടർന്ന് നേരത്തെ സൂചിപ്പിച്ച സ്ത്രീകളുടെ ഉത്സവക്കാഴ്ചകൾ നിറയുന്നു. കഥകളിപ്പാട്ടിന്റെ പശ്ചാത്തലത്തിൽ കുഞ്ഞിനെ തൊട്ടിലാട്ടി ഉറക്കുന്ന ശാന്തമ്മ. പുറത്തുനിന്ന് ശങ്കരൻകുട്ടിയുടെ മുരടനക്കൽ. നാലോ അഞ്ചോ തവണ ആ വീട്ടിലേക്കുള്ള ശങ്കരൻകുട്ടിയുടെ വരവ് സിനിമയിൽ ചിത്രീകരിക്കപ്പെടുന്നുണ്ട്. ശാന്തമ്മ പിണങ്ങി സ്വന്തം വീട്ടിലേക്ക് വരികയും അവൾ പ്രസവിക്കുകയും ചെയ്ത് കുറേക്കഴിഞ്ഞ് ശാന്തമ്മയെ വീട്ടിലേക്ക് കൊണ്ടുപോകാനായി ശങ്കരൻകുട്ടി ആ വീട്ടിലേക്ക് കയറിവരുന്നത് സൂക്ഷ്മമായി സിനിമയിൽ കാണാം.
ദൂരെ വയൽ വരമ്പിലൂടെ മുഷിഞ്ഞുകീറിയ വസ്ത്രങ്ങളും ധരിച്ച് ഇടയിൽ വരമ്പിൽ നിന്നും വഴുതി ദുർബലനായി പതുക്കെ അയാൾ ആ വീട്ടിലേക്കുവരുന്നു. ഭാര്യയുടെയും ഭാര്യാമാതാവിന്റെയും കടുത്ത പരിഹാസത്തിന് പാത്രമായി അയാൾ അപമാനിതനായി തിരിച്ചുപോകുന്നു.
അന്നയാൾ വേലയും കൂലിയും ഇല്ലാത്തവനാണ്. ‘നീ ഒരാണാണോ?' എന്ന് ഭാര്യാമാതാവ് അയാളുടെ മുഖത്ത് നോക്കി ചോദിക്കുന്നുണ്ട്. ലോറിപ്പണിക്കാരനായതിനുശേഷം അയാൾ ആ വീട്ടിലേക്ക് കയറുന്നതും സൂക്ഷ്മമായി സിനിമ പകർത്തുന്നുണ്ട്. അയാളുടെ നടത്തം വേഗത്തിലും ആത്മവിശ്വാസത്തോടെയും ആണ്. അയാൾ ധരിച്ചിരിക്കുന്നത് വൃത്തിയുള്ള കുപ്പായങ്ങളാണ്. അയാളുടെ കയ്യിൽ ഭാര്യയ്ക്കുള്ള സമ്മാനപ്പൊതിയുണ്ട്. വൃത്തിയായി ഷേവ് ചെയ്ത് മേൽമീശവെച്ച് അയാൾ ഒരാണായിയിരിക്കുന്നു. അയാൾക്കാണ് കുടുംബത്തിൽ സ്ഥാനം. അയാൾക്കവിടെ സ്വീകാര്യതയുണ്ട് എന്നയാൾക്കറിയാം.
കുഞ്ഞിനെ കാണാൻ തൊട്ടിലിനടുത്തെത്തിയ അയാളുടെയും ഭാര്യയുടെയും കൈകൾ തൊട്ടിലിന്റെ പിടിയിൽ ഒരുമിച്ചു വരുന്നതിന്റെ ക്ലോസപ്പ് ഷോട്ടിൽ അവളുടെ വിരലിൽ അണിഞ്ഞ വിവാഹമോതിരം എടുത്തുകാണാം. അവളുടെ കഴുത്തിലെ കെട്ടുതാലിയും ക്ലോസപ്പിൽ തന്നെ വരുന്നുണ്ട്. ഒരു തൊട്ടിൽ കയറിന്റെ ചതുരത്തിനുള്ളിൽ ഭാര്യയേയും ഭർത്താവിനെയും കുഞ്ഞിനേയും കൃത്യമായും സംവിധായകൻ കൊണ്ടുവന്നിട്ടുണ്ട്.
സിനിമയുടെ ഒടുവിലെ അവരുടെ കൂടിക്കാഴ്ച കൂടുതൽ പ്രധാനമാണ്. ഇപ്പോൾ രാത്രിയിലാണ് അയാൾ എത്തിയിരിക്കുന്നത്. എന്നത്തെയും പോലെ അയാൾക്ക് തിരക്കില്ല. കുഞ്ഞ് ഉറങ്ങിയെന്നും അമ്മ കഥകളി കാണാൻ പോയിരിക്കയാനെന്നും ഉള്ള ശാന്തമ്മയുടെ വാക്കുകളുടെ പൊരുൾ അയാൾക്ക് ഇപ്പോൾ തിരിച്ചറിയാം. ഊണ് കഴിക്കാൻ ശാന്തമ്മ അയാളെ ക്ഷണിക്കുന്നുണ്ട്. അയാൾ അത് നിരസിക്കുന്നു. അത് പ്രധാനമാണ്. വയറിന്റെ വിശപ്പ് മാത്രമല്ല മനുഷ്യനുള്ളതെന്നുള്ള ബോധം അയാൾക്ക് ഇന്നുണ്ട്. അവളുടെ നോട്ടത്തിന്റെയും ഭാവത്തിന്റെയും അർത്ഥം ഗ്രഹിക്കാൻ അയാൾക്ക് പ്രയാസമില്ല. ഈ സന്ദർഭത്തിലാണ് അയാൾ ശാന്തമ്മയ്ക്ക് ഒരിക്കൽ കൂടി പുടവ കൊടുക്കുന്നത്. അതിന് പശ്ചാത്തലമായി ക്ഷേത്രത്തിലെ വെടിക്കെട്ടാരംഭിക്കും. ആകാശത്ത് പൂത്തിരികൾ കത്തിയുലരും. വീണ്ടുകിട്ടിയ ജീവിതം ശാന്തമ്മയെ കരയിക്കും.
കുടുംബം എന്നതിന്റെ സാമൂഹികവും വൈയ്യക്തികവുമായ പ്രാധാന്യത്തിലാണ് കൊടിയേറ്റം ഊന്നുന്നത്. അയഞ്ഞതും ശിഥിലമായ ബന്ധങ്ങളിൽ നിന്ന് സുദൃഢവും ഉത്തരവാദിത്വപൂർണവുമായ കുടുംബബന്ധങ്ങളിലേക്ക് കേരളീയ സമൂഹം നടന്നടുത്തതിന്റെ സുദീർഘചരിത്രമാണ് കൊടിയേറ്റം രണ്ടുമണിക്കൂറിൽ പറഞ്ഞുവെക്കുന്നത്. ഫ്യൂഡൽ മൂല്യബോധത്തിന്റെയും മരുമക്കത്തായത്തിന്റെയും സാംസ്‌കാരിക പരിസരങ്ങളിൽ നിന്ന് മക്കത്തായത്തിലേക്കും ആണധികാരത്തിലെക്കും നടന്നുകയറിയ കേരളീയ കുടുംബപരിണാമത്തിന്റെ കൊടിയേറ്റമാണ് അടൂർ അതിസൂക്ഷം തന്റെ മാസ്റ്റർപീസ് എന്നുവിളിക്കാവുന്ന ഈ സിനിമയിലൂടെ ലോകസമക്ഷം അവതരിപ്പിച്ചിരിക്കുന്നത്. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.