ചോദ്യം: നാടകവുമായും സാഹിത്യവുമായും സംഗീതവുമായുമൊക്കെ താരതമ്യം ചെയ്യുമ്പോൾ താരതമ്യേന പുതിയ മാധ്യമമാണ് സിനിമ. ഒറ്റ നൂറ്റാണ്ടിന്റെ ചരിത്രം. സിനിമയുടെ, സിനിമയെന്ന കലാരൂപത്തിന്റെ സാമൂഹിക ദൗത്യം എന്താണ് എന്നാണ് കരുതുന്നത്?
മഹേഷ് നാരായണൻ: ഇന്നത്തെ കാലഘട്ടത്തിൽ ഏറ്റവും കച്ചവട സാധ്യതയുള്ള എന്റർടെയിൻമെൻറ് മീഡിയമാണ് സിനിമ. ആ കച്ചവടം കൂടുകയാണ്, ഒരു സൈഡിൽക്കൂടി. എത്രത്തോളം എൻഗേജ്ഡ് ആകാമോ അത്ര എൻഗേജ്ഡ് ആയിരിക്കുക എന്നാണ് ആളുകൾ ആലോചിക്കുന്നത്. കനമുള്ളതൊന്നും അവർക്ക് കാണാൻ താത്പര്യമുണ്ടെന്ന് തോന്നുന്നില്ല. എന്നോടുള്ള വിമർശനം അതാണ്, എന്റെ സിനിമയൊക്കെ ഭയങ്കര കനമാണ് എന്ന്. കുറച്ചുകൂടി ലൈറ്റായ സിനിമയെടുത്തുവെച്ചാൽ വന്ന് കാണാം എന്ന് പറയുന്നവരുണ്ട്. ഒരു പുസ്തകം എഴുതുന്നതു പോലെയോ ചിത്രം വരയ്ക്കുന്നതുപോലെയോ അല്ലല്ലോ, ഇതിനകത്ത് മാർക്കറ്റ് ഇൻവോൾവ്ഡ് ആയിരിക്കുന്നത്. പണ്ടത്തെ സ്വതന്ത്രസിനിമ പോലെയല്ല, ഇന്നിപ്പോൾ സ്വതന്ത്ര സിനിമ ഉണ്ടാക്കണമെങ്കിലും വൻതോതിൽ പണം വേണം. സിനിമ ഡിജിറ്റലാവുമ്പോൾ വ്യത്യാസം വരുമെന്ന് കരുതിയിരുന്നു. പക്ഷേ അങ്ങനെയല്ല.
ഇൻറിപ്പെൻഡൻറ് സിനിമയ്ക്ക് അങ്ങനെ നല്ല കാലമൊന്നുമല്ല. അതുകൊണ്ടു തന്നെ സാമൂഹിക പ്രതിബദ്ധത എന്നു പറയുന്നത് ഒരു ലെയറായിട്ടിടാമെന്നല്ലാതെ വേറൊന്നും നടക്കില്ല.
എന്റെ പുതിയ സിനിമ ‘അറിയിപ്പു' മായി ബന്ധപ്പെട്ട് ഞാൻ ലൊക്കാർണോ ഫിലിം ഫെസ്റ്റിവലിൽ പോയിരുന്നു. കുറച്ചുകാലങ്ങൾക്കുശേഷമാണ് ഇന്ത്യയിൽ നിന്നൊരു സിനിമ അവിടെ മത്സരിക്കാനെത്തുന്നത്. മറ്റ് മത്സരസിനിമകളൊക്കെ നോക്കുമ്പോൾ, അവിടങ്ങളിലൊക്കെ എല്ലാവരുടെ സിനിമകൾക്കും ഗവൺമെൻറ് ഫണ്ടുകളാണ്. റഷ്യൻ സംവിധായകൻ അലക്സാണ്ടർ സുഖ്റോവിന്റെ പടമൊക്കെ മത്സരിക്കുന്നുണ്ട്. ഇവിടെനിന്ന് കാണുന്ന സ്വഭാവത്തിലല്ല, അവിടത്തെ ഇൻറിപ്പെൻഡൻറ് സിനിമയ്ക്ക് നല്ല ക്വാളിറ്റിയാണ്. പൊട്ടക്കിണറ്റിൽ നിൽക്കുന്ന മനുഷ്യരെപ്പോലെയാണ് നമ്മളവിടെ നിൽക്കുന്നത്. അവർക്ക് അതിശയമാണ്, നമ്മൾ കയ്യിൽ നിന്ന് പൈസ മുടക്കിയാണ് ഇത്തരം സിനിമകളൊക്കെ ചെയ്യുന്നത് എന്നറിയുമ്പോൾ. ഞാൻ നോക്കുമ്പോൾ നമ്മുടെ സിനിമയ്ക്ക് സെയിൽസൊന്നും നടന്നിട്ടില്ല. മറ്റ് സിനിമകൾക്കൊക്കെ സെയിൽസ് നടന്നിട്ടുണ്ട്. താരതമ്യേന, ഏഷ്യൻ, സൗത്ത് ഏഷ്യൻ, ഇന്ത്യൻ എന്ന കാറ്റഗറിയിൽ നോക്കുമ്പോൾ, ഇൻറിപ്പെൻഡൻറ് സിനിമയ്ക്ക് അങ്ങനെ നല്ല കാലമൊന്നുമല്ല. അതുകൊണ്ടു തന്നെ സാമൂഹിക പ്രതിബദ്ധത എന്നു പറയുന്നത് ഒരു ലെയറായിട്ടിടാമെന്നല്ലാതെ വേറൊന്നും നടക്കില്ല.
ആളുകൾക്കിപ്പോൾ വേണ്ടത്, കെ.ജി.എഫ് പോലുള്ള സിനിമകളാണ്. ഞാനതിനെ എതിർത്തുപറയുന്നതല്ല കേട്ടോ. ഇന്റസ്ട്രി അതിജീവിക്കണമെങ്കിൽ എല്ലാതരം സിനിമകളും വേണം. പക്ഷേ നല്ല സിനിമ എന്ന ഗണത്തിലേക്ക് ഇത്തരം സിനിമകൾ വരികയാണ്. പണ്ട് അങ്ങനെയില്ലായിരുന്നു. അതൊരു കച്ചവട സിനിമയാണ് എന്നുതന്നെയാണ് കണ്ടിരുന്നത്. കോവിഡിന്റെ സമയത്താണ് മലയാളത്തിൽ ഏറ്റവും നല്ല സിനിമയുണ്ടായത് എന്ന് കുറച്ചുകാലം കഴിയുമ്പോൾ പറയും. കാരണം, സിനിമയുണ്ടാക്കാൻ നമുക്ക് ധൈര്യമുണ്ടായിരുന്നു. ധൈര്യത്തോടെ കണ്ടൻറ് ഉണ്ടാക്കിക്കൊണ്ടിരുന്നു. അത് വാങ്ങാനായി ചില പ്ലാറ്റ്ഫോമുകളുണ്ടായി. ഇപ്പോൾ ആ പ്ലാറ്റ്ഫോമുകളും കച്ചവടക്കാരെപ്പോലെത്തന്നെ, തിയ്യറ്ററുകളിലെ ഡിസ്ട്രിബ്യൂട്ടേഴ്സിനെപ്പോലെ സംസാരിച്ചുതുടങ്ങി. ഡിസ്ട്രിബ്യൂട്ടേഴ്സ് എപ്പോഴും ആളുകേറുന്ന പടമാണല്ലോ നോക്കുക. അവരെ സംബന്ധിച്ച് ഒരുപാട് കണ്ടൻറ് ഉണ്ട്. ഒരു പ്രത്യേക സിനിമയോട് അവർക്ക് മമതയൊന്നുമില്ല.
ഒരു പോസ്റ്ററോ ട്രെയിലറോ ഇറങ്ങിക്കഴിഞ്ഞാൽ ആളുകൾ തീരുമാനിക്കുകയാണ്, ഏത് തിയറ്ററിൽ കാണണം, ഏത് പ്ലാറ്റ്ഫോമിൽ കാണണം എന്ന്. കുറച്ച് ഗൗരവമുള്ള വിഷയമാണെങ്കിൽ, കുറച്ച് കനമുള്ള കണ്ടന്റാണെങ്കിൽ എന്തിനാണിത് തിയറ്ററിൽ പോയി കാണുന്നത്? ഒ.ടി.ടി.യിൽ കണ്ടാൽ പോരേ എന്ന് തീരുമാനിക്കുകയാണ്.
ഞാൻ ഫിലിമിന്റെ കാലത്ത് എഡിറ്റിങ്ങ് തുടങ്ങിയ ആളാണ്. ആ സമയത്ത് നമ്മൾ ഓപ്പറേറ്റർമാരുടെ അടുത്ത് പോയിരിക്കും. അവർക്ക് ഒരുപാട് എക്സ്പീരിയൻസ് ഉണ്ടല്ലോ. കലാഭവൻ തിയറ്ററിലൊക്കെ സിനിമയോടുന്ന സമയത്ത് ഫിലിമിൽ പേപ്പറിടുന്ന ഒരു സിസ്റ്റമുണ്ട്. കൂവുന്ന സ്ഥലത്ത് അവർ ഒരു പ്രത്യേക നിറമുള്ള പേപ്പറിടും. കയ്യടിക്കുന്ന സ്ഥലത്ത് വേറെ നിറത്തിലുള്ള പേപ്പർ വെയ്ക്കും. ഇത് തിരിച്ച് വൈൻറ് ചെയ്യുന്ന ഒരു സമയമുണ്ട്. കൈ കൊണ്ടാണ് റീവൈൻറ് ചെയ്യുന്നത്. അങ്ങനെ റീവൈൻറ് ചെയ്യുമ്പോൾ ഈ പേപ്പറുകളൊക്കെ ഇളകിവരും. അത് കാണിച്ച് അവർ പറയും, ദാ ഈ ഭാഗം മുതൽ ഇത്ര ഭാഗം വരെ ലാഗാ കേട്ടോ, വെട്ടിമാറ്റിയേരെ എന്ന്. ആളുകൾക്കിത് ഇഷ്ടപ്പെടുന്നില്ല. ഇത് വെട്ടിമാറ്റിയാൽ രണ്ട് ദിവസം എക്സ്ട്രാ കളിക്കാൻ പറ്റും എന്നൊക്കെ പറയും. അത് വളരെ ഫ്രാങ്കായി, സത്യസന്ധമായി പറയുന്നതാണ്. ഞാനതിനെ തള്ളിപ്പറയുകയല്ല. ഇന്നത് മാറി, പക്ഷേ എല്ലാവരുടേം മനസ്സിൽ ഇതു പോലൊരു ഫങ്ങ്ഷനിംഗ് നടക്കുന്നുണ്ട്. ഒരു പോസ്റ്ററോ ട്രെയിലറോ ഇറങ്ങിക്കഴിഞ്ഞാൽ ആളുകൾ തീരുമാനിക്കുകയാണ്, ഏത് തിയറ്ററിൽ കാണണം, ഏത് പ്ലാറ്റ്ഫോമിൽ കാണണം എന്ന്. കുറച്ച് ഗൗരവമുള്ള വിഷയമാണെങ്കിൽ, കുറച്ച് കനമുള്ള കണ്ടന്റാണെങ്കിൽ എന്തിനാണിത് തിയറ്ററിൽ പോയി കാണുന്നത്? ഒ.ടി.ടി.യിൽ കണ്ടാൽ പോരേ എന്ന് തീരുമാനിക്കുകയാണ്. അത്തരമൊരു സമൂഹത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. പണ്ട് ടി.വി. വരുന്ന സമയത്ത് എല്ലാവർക്കും ഇനി സിനിമയുണ്ടാവില്ല എന്നൊരു പേടിയുണ്ടായിരുന്നു. തുടർച്ചയായ ഒരു കാഴ്ചയല്ല ടി.വിയിലുള്ളത്. ഇടയ്ക്ക് പരസ്യം വരും, നമ്മുടെ ഇഷ്ടത്തിന് കാണാൻ പറ്റില്ല. ഇവിടെയിപ്പോൾ ഇഷ്ടത്തിന് കാണാവുന്ന അന്തരീക്ഷമുണ്ട്.
മലയാള സിനിമ ജീവിതനിറവിലാണിപ്പോൾ. നിറയെ സിനിമകൾ, നിറയെ ഫിലിം മേക്കേഴ്സ്. നിറയെ അഭിനേതാക്കൾ, സാങ്കേതിക പ്രവർത്തകർ. കോവിഡാനന്തര സിനിമാക്കാലം സിനിമകളിങ്ങനെ ഒഴുക്കുകയാണ്. സിനിമയുണ്ടാക്കുന്നവരുടെ കമ്യൂൺ വലുതാവുന്നു. അതിനകത്തെ ആക്ടീവായ ഒരാൾ എന്ന നിലയിൽ ഈ കാലത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്?
മലയാളത്തിൽ ഒരു സമയത്ത് വർഷത്തിൽ 60 സിനിമയാണ് ഉണ്ടായിരുന്നതെങ്കിൽ ഇന്ന് 160- 180 സിനിമ ഉണ്ടാവുന്നുണ്ട്. അത് നല്ലതാണ്. അതിനിടയിൽ എത്ര സിനിമകൾക്ക് വിസിബിലിറ്റിയുണ്ടാവും എന്നതാണ് കാര്യം. ചില സിനിമകൾ നല്ലതായിരുന്നു, കാണേണ്ടതായിരുന്നു എന്നതൊക്കെ പിൽക്കാലത്താണ് അറിയുകയും ചർച്ച ചെയ്യുകയും ചെയ്യുന്നത്. അത് എല്ലാക്കാലത്തും ഉണ്ടായിരുന്നു താനും. മനുഷ്യരുടെ ആസ്വാദനം എന്നത് പ്രവചിക്കാൻ കഴിയുന്നതല്ല. ഇതിന് പ്രത്യേകിച്ച് ടെംപ്ലേറ്റ് ഒന്നുമില്ലല്ലോ. അൽഗോരിതം വെച്ച് നിയന്ത്രിക്കാൻ പറ്റുന്നതല്ലല്ലോ. കോവിഡിനുശേഷം കുറേക്കാലം നമ്മൾ കമ്മ്യൂണിറ്റി ലിവിങ്ങിന് പോകാതിരുന്നു. പതുക്കെപ്പതുക്കെ അതിൽ നിന്ന് മാറി. ഇന്നിപ്പോൾ തിയറ്ററിലേക്ക് ആളുകളെ കൊണ്ടുവരാനായി പുതിയ ആശയങ്ങൾ കൊണ്ടുവരേണ്ടിവരും. പരീക്ഷണങ്ങൾ നടത്തേണ്ടി വരും. ഇതിന്നിടയിൽ സർവൈവ് ചെയ്യുന്ന പടങ്ങൾ വളരെ കുറവാണ്.
ഒരു ഫിലിം മേക്കർക്ക് ധൈര്യപൂർവ്വം ഒരു കണ്ടൻറ് ഉണ്ടാക്കാനുള്ള സാധ്യത ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം തരികയാണെങ്കിൽ നമുക്ക് ആ വഴി തെരഞ്ഞെടുക്കാം. അതിൽ തെറ്റില്ല. ഞാൻ തിയറ്ററിനുവേണ്ടി മാത്രമേ സിനിമ ചെയ്യൂ എന്നുപറയുന്ന ആളല്ല.
തിയറ്ററിലായിരുന്നു സിനിമ. ഓപ്പൺ എയറിൽ പ്രദർശിപ്പിച്ചപ്പോഴൊക്കെയും ഇരുട്ടും ആൾക്കൂട്ടവും സിനിമയുടെ ചുറ്റും ഉണ്ടായിരുന്നു, വേണ്ടിയിരുന്നു. പക്ഷേ സിനിമയ്ക്കിപ്പോൾ അതൊന്നും വേണ്ട. ഒറ്റയ്ക്കൊരാൾ തന്റെ കുഞ്ഞു സ്‌ക്രീനിൽ കാണുകയാണ് സിനിമ. അത് ഒറ്റയിരിപ്പിന് കാണണമെന്ന് പോലുമില്ല. മീഡിയത്തിന് സംഭവിച്ച മാറ്റം മേയ്ക്കിങ്ങിനെ ഏതെങ്കിലും തരത്തിൽ മാറ്റിയിട്ടുണ്ടോ?
ഡിജിറ്റലിലേക്ക് വന്നപ്പോൾ കോ എക്സിസ്റ്റിംഗ് എന്ന ധാരണയിലായിരുന്നു ഞാൻ ഉണ്ടായിരുന്നത്. അതുതന്നെയാണ് ഞാനിപ്പഴും വിശ്വസിക്കുന്നതും. രണ്ടിടത്തും സിനിമ നിൽക്കണം. ഒരു ഫിലിം മേക്കർക്ക് ധൈര്യപൂർവ്വം ഒരു കണ്ടൻറ് ഉണ്ടാക്കാനുള്ള സാധ്യത ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം തരികയാണെങ്കിൽ നമുക്ക് ആ വഴി തെരഞ്ഞെടുക്കാം. അതിൽ തെറ്റില്ല. ഞാൻ തിയറ്ററിനുവേണ്ടി മാത്രമേ സിനിമ ചെയ്യൂ എന്നുപറയുന്ന ആളല്ല. മലയാളം താരതമ്യേന ചെറിയ ഇന്റസ്ട്രി ആയതു കൊണ്ട് ഡയറക്റ്റായി ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് സിനിമ എടുക്കുന്ന രീതി കോവിഡു കാലത്തേതിൽ നിന്ന് മാറിയിട്ടുണ്ട്. മറ്റ് ഭാഷകളിൽ പക്ഷേ ഇപ്പോഴും അതുണ്ട്. ഇവിടെ ഇനി കൂടുതലായി സബ്സ്‌ക്രൈബേഴ്സിനെ അവർക്ക് കിട്ടാനില്ല. മാക്സിമം കിട്ടിക്കഴിഞ്ഞു. സിനിമകൾ തിയറ്ററിൽ വന്നുകഴിഞ്ഞാലും വീണ്ടും അവരുടെ പ്ലാറ്റ്ഫോമുകളിലേക്കുതന്നെ വീണ്ടും വരും. നമുക്ക് അവരെ ആശ്രയിക്കാതെ പറ്റില്ല. ഇതിൽനിന്ന് രക്ഷപ്പെടണമെങ്കിൽ തിയറ്ററുകാർ പറയുന്നതുപോലെ ഒരു വിൻഡോയിംഗ് സിസ്റ്റം വരണം. ഹിന്ദിയിലൊക്കെ എട്ടാഴ്ച കഴിഞ്ഞേ ഡിജിറ്റലിലേക്ക് വരൂ. ഡിജിറ്റലിൽ വരട്ടെ, എന്നിട്ട് കാണാം എന്ന് പറയുന്ന ഒരു പാട് മനുഷ്യരും ഒരുപാട് സിനിമകളുമുണ്ട്.
എനിക്ക് തോന്നിയിട്ടുള്ളത്, ഡിജിറ്റലിൽ സിനിമയുണ്ടാക്കാനാണ് ഏറ്റവും ബുദ്ധിമുട്ട് എന്നാണ്. കാരണം കാണികളുടെ കയ്യിൽ റിമോട്ടുണ്ട്. എപ്പോൾ വേണമെങ്കിൽ ഫോർവേഡ് ചെയ്യാം, പോസ് ചെയ്യാം. അതുകൊണ്ട് ഒറ്റ സ്ട്രച്ചിൽ ആൾക്കാരെ പിടിച്ചിരുത്താൻ ബുദ്ധിമുട്ടാണ്. സിനിമയിൽ ഇന്റർവെൽ പോലും വേണ്ട എന്ന് കരുതുന്നവരാണ് നമ്മൾ. ഒരു രസം പറയാം. പണ്ട് ഇന്ത്യൻ സിനിമയിൽ പാട്ടുണ്ടാവുന്ന സമയത്ത്, 400 അടിയായിരുന്നു ഒരു റീൽ. പണ്ട് ലൈവായി പാടി റെക്കോർഡ് ചെയ്യുകയായിരുന്നു. അഭിനയിക്കുന്ന ആൾ തന്നെയായിരുന്നു പാടുന്നത്. അന്ന് സൗണ്ട് നെഗറ്റീവിലായിരുന്നു ഇത് റെക്കോർഡ് ചെയ്തിരുന്നത്. സൗണ്ട് നെഗറ്റീവിൽ 400 അടിയാണ് മാഗസിനിൽ ലോഡ് ചെയ്യാൻ പറ്റുന്നത്. 400 അടി എന്ന് പറഞ്ഞാൽ ഏതാണ്ട് നാലര മിനിട്ടാണ്. അതുകൊണ്ടാണ് പല്ലവി, അനുപല്ലവി, ചരണം എന്നുപറയുന്ന സിസ്റ്റം വന്നത്. അന്ന് ആയിരം അടിയുടെ മാഗസിനായിരുന്നെങ്കിൽ പത്ത് മിനുട്ട് പാട്ട് നമ്മൾ ഇപ്പോഴും സഹിക്കേണ്ടി വന്നേനെ.
ഹ്യൂമറും രഷ്ട്രീയശരിയും പരസ്പരവിരുദ്ധമാണ് എന്ന് കരുതുന്നുണ്ടോ? രാഷ്ട്രീയശരി സൂക്ഷ്മമായി പുലർത്തേണ്ടിവരുമ്പോൾ ഹ്യൂമർ ചോർന്നുപോവും എന്ന് കരുതുന്നുണ്ടോ?
ഇതിനകത്തൊക്കെ ഒരു നിബന്ധന വെച്ച് ചെയ്യേണ്ടതുണ്ടോ എന്ന് എനിക്കറിയില്ല. ഒരു കാര്യം ഉറപ്പാണ്, ഒരുപാട് സ്ത്രീ വിരുദ്ധമായ ജോക്കുകൾ കേട്ട് ആളുകൾ, സ്ത്രീകൾ തന്നെ കയ്യടിച്ചും ചിരിച്ചും അവർ പോലുമറിയാതെ കൊമേഴ്സ്യൽ സിനിമയുടെ അകത്ത് പെട്ടുപോയിട്ടുണ്ട്. അതിന് കുറച്ചുമാറ്റം വന്നിട്ടുണ്ട് എന്നുതോന്നുന്നു. ഒരുപാട് ആലോചിക്കുന്നുണ്ട്. അത് പോസിറ്റീവാണ്.
എന്റെ സിനിമകളിലൊക്കെ അസിസ്റ്റൻറ് ഡയറക്റ്റേഴ്സായും അല്ലാതെയും സ്ത്രീകൾ വർക്ക് ചെയ്യാറുണ്ട്. അവരൊക്കെ കഷ്ടപ്പെട്ട് വർക്ക് ചെയ്യുന്നവർ തന്നെയാണ്. പുരുഷൻമാരേക്കാൾ കൂടുതൽ പണിയെടുക്കുക സ്ത്രീകൾ തന്നെയാണ്.
സ്ത്രീകളെ സിനിമ ഏത് രീതിയിലാണ് ഉൾക്കൊണ്ടിരുന്നത്? സിനിമയുടെ ആശയത്തിൽ / തീമിൽ / മേക്കിംങ്ങിൽ / അഭിനേതാക്കൾ എന്ന നിലയിൽ / പ്രേക്ഷകർ എന്ന നിലയിൽ? ഈ ചോദ്യം പാസ്റ്റ് ടെൻസിലാണ്. പ്രസൻറ് ടെൻസിലും ഇതിന്റെ ഉത്തരങ്ങൾ എന്തൊക്കെയാണ്?
ഇപ്പോഴും സ്ത്രീകളായ ഫിലിം മേക്കേഴ്സ് കുറവാണ് എന്നുതന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. എഡിറ്റിംഗ് സൈഡിൽ ആകെ അറിയാവുന്നത് ബീനാ പോൾ മാത്രം. മറ്റു ഭാഷകളിൽ പക്ഷേ, ഉണ്ട്. സിനിമാറ്റോഗ്രാഫേഴ്സിനെ നോക്കിയാൽ ഇല്ല. സൗണ്ട് ഡിസൈനിലും ആരുമില്ല. മ്യുസിഷ്യൻസിനകത്തും വളരെ കുറവാണ്. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളിലൊക്കെ ധാരാളം സ്ത്രീകൾ പഠിക്കുന്നുണ്ട്. പക്ഷേ പലരും സിനിമയിലേക്ക് വരാൻ താത്പര്യപ്പെടുന്നില്ല. ഇതൊരു മെയിൽ ഡോമിനൻറ് ഇൻഡസ്ട്രി തന്നെയാണ്. അത് മാറേണ്ട ആവശ്യവുമുണ്ട്. അത് പരസ്പരമുള്ള റെസ്പെക്ട് കുറവുകൊണ്ടാണോ എന്നൊക്കെ പരിശോധിക്കേണ്ടതുണ്ട്. എന്റെ സിനിമകളിലൊക്കെ അസിസ്റ്റൻറ് ഡയറക്റ്റേഴ്സായും അല്ലാതെയും സ്ത്രീകൾ വർക്ക് ചെയ്യാറുണ്ട്. അവരൊക്കെ കഷ്ടപ്പെട്ട് വർക്ക് ചെയ്യുന്നവർ തന്നെയാണ്. പുരുഷൻമാരേക്കാൾ കൂടുതൽ പണിയെടുക്കുക സ്ത്രീകൾ തന്നെയാണ്. അവരൊക്കെ ഇൻഡിപ്പെന്റന്റായി വരും എന്നുതന്നെയാണ് പ്രതീക്ഷ.
അതുപോലെ, സ്ത്രീകൾ ഒറ്റയ്ക്കുവന്ന് സിനിമ ആസ്വദിക്കാറുണ്ട്. സ്ത്രീപ്രേക്ഷകർ എന്ന് സോ കോൾഡ് ഇന്റസട്രി, പറയുന്നത് ഫാമിലി പ്രേക്ഷകരെയാണ്. ഫാമിലി കേറും കേട്ടോ എന്നുപറഞ്ഞാൽ സ്ത്രീകൾ കേറും എന്നാണ്. ഒരു മാസ് കൾച്ചർ പുരുഷൻമാർക്കുമാത്രമേ ആസ്വദിക്കാൻ പറ്റൂ എന്നൊന്നും ഇല്ല. സ്ത്രീകളും നന്നായി ആസ്വദിക്കുന്നുണ്ട്. അവർ തന്നെയാണ് ഏറ്റവും കൂടുതൽ വിമർശിക്കുന്നതും. എനിക്ക് തോന്നുന്നു, സിനിമയെ കുറച്ചു കൂടി അനലൈസ് ചെയ്യാൻ സ്ത്രീകൾക്ക് കൂടുതൽ കഴിവുണ്ട്. എനിക്കുകിട്ടുന്ന ഫീഡ്ബാക്കാണ് ഞാൻ പറയുന്നത്. സിനിമ ഗഹനമായി പഠിക്കുന്ന ആൾക്കാരെക്കുറിച്ചൊന്നുമല്ല ഞാൻ പറയുന്നത്, സാധാരണ സ്ത്രീകളെക്കുറിച്ചാണ്.
എല്ലാ കലാരൂപങ്ങളും ആത്യന്തികമായി ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയം മുന്നോട്ടുവെയ്ക്കും. ആ രാഷ്ട്രീയം എന്താണ് എന്ന് തീരുമാനിക്കുന്നിടത്താണ് സിനിമയിൽ ഫിലിം മേക്കർ സ്ഥാനപ്പെടുന്നത്. അടൂർ ഗോപാലകൃഷ്ണന്റെ സിനിമയല്ല അരവിന്ദന്റെ സിനിമ. അതല്ല കെ.ജി.ജോർജിന്റെ സിനിമ. പത്മരാജന്റെ സിനിമയല്ല ദിലീഷ് പോത്തന്റെയും ശ്യാം പുഷ്‌കരന്റെയും സിനിമ. സിനിമയ്ക്ക് മുഖ്യധാരയെന്നും സമാന്തര ധാരയെന്നും വേർതിരിവുണ്ടായിരുന്നു. പക്ഷേ ഈ തലമുറ ആ വേർതിരിവിനെ മനോഹരമായി ബ്രേക്ക് ചെയ്തു. ഈ ചരിത്രത്തെ മുൻനിർത്തി നിങ്ങളുടെ സ്വന്തം സിനിമ എവിടെയാണ് സ്വയം പ്ലേസ് ചെയ്യാൻ ആഗ്രഹിക്കുന്നത്?
ഞാനൊരു മിഡ് ലൈനിൽ വിശ്വസിക്കുന്നയാളാണ്. ഒരു അൾട്ടിമേറ്റ് കൊമേഴ്സ്യൽ പടം ഞാനിതുവരെ എടുത്തിട്ടില്ല. ഭയങ്കര അക്കാദമിക്കായ സിനിമയും എടുത്തിട്ടില്ല. രണ്ടിന്റേയും മിഡിലിൽ നിൽക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഞാനിപ്പഴും വിശ്വസിക്കുന്നത്, ഒരു സിനിമ എക്സിക്യൂട്ട് ചെയ്യാനെടുക്കുന്ന ബജറ്റ്അനുസരിച്ചാണ് ഇപ്പോഴും ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നത് എന്നാണ്. മാലിക് എന്ന സിനിമയ്ക്ക് ബജറ്റ് കുറച്ച് അധികമായിരുന്നു. ഇപ്പോഴത്തെ തലമുറ അധികവും നിർമാതാക്കൾക്ക് നഷ്ടം വരുത്തരുത് എന്നാഗ്രഹിക്കുന്ന ഫിലിം മേക്കേഴ്സിന്റെതാണ്. അതൊരു സത്യമാണ്. പഴയ അക്കാദമിക് സിനിമകൾക്ക് അതിന്റെ വിപണന സാധ്യത എത്രയുണ്ടായിരുന്നു എന്നെനിക്കറിയില്ല. പത്മരാജൻ സാറിന്റെ പല സിനിമകളും എടുത്താൽ, അതിൽ വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമേ തിയറ്ററിൽ വിജയിച്ചിട്ടുള്ളൂ. ബാക്കി സിനിമകളെല്ലാം പിൽക്കാലത്താണ് വിജയിച്ചിട്ടുള്ളത്. സത്യത്തിൽ പിന്നീടല്ല അത് ചർച്ച ചെയ്യേണ്ടത്. അതിറങ്ങിയ സമയത്ത് സംസാരിക്കണം, സാമ്പത്തികമായും വിജയിക്കണം. മുടക്കിയ കാശ് തിരിച്ചുകിട്ടുക എന്ന ആവശ്യമുണ്ട്. ‘അറിയിപ്പ്’ എന്ന സിനിമയുടെ നിർമാണത്തിലേക്ക് ഞാൻ തന്നെ വരുന്നതിന്റെ കാരണം അതാണ്. അതിന്റെ ബാധ്യത ഞാൻ തന്നെ അനുഭവിച്ചാൽ പോരേ എന്ന തോന്നലിൽ നിന്നാണ് ആ തീരുമാനമുണ്ടാവുന്നത്. മാത്രമല്ല, ഒരു ബിഗ് സ്‌ക്രീനിൽ കൂടുതൽ വിശ്വസിക്കുന്നുണ്ട്. നമ്മുടെ പരിമിതികൾ നമുക്ക് നന്നായിട്ടറിയാം. എന്നിട്ടും കുറച്ചുകൂടി ആൾക്കാരിലേക്കിത് എത്തുന്നുണ്ടെങ്കിൽ എത്തട്ടെ എന്ന് ചിന്തിച്ചിട്ടാണ് അത് ചെയ്യുന്നത്.
എന്റെ സിനിമകൾ അധികവും മൈഗ്രൻറ് ആൾക്കാരെ ഡിപ്പൻറ് ചെയ്തിട്ടുള്ള സിനിമകളാണ്. നമുക്ക് ഇഷ്ടപ്പെടുന്ന സിനിമകൾക്ക് അങ്ങനെയൊരു സ്വഭാവം ഉള്ളതുകൊണ്ടായിരിക്കാം. ശ്യാം പുഷ്‌കരന്റെയൊക്കെ ഒരു ഗുണം, എല്ലാ വിഷയത്തെയും കുറച്ചു കൂടി നർമത്തിൽ പറയാൻ കഴിവുണ്ട് എന്നതാണ്. നർമത്തെ മലയാള സിനിമ സ്വീകരിക്കുന്ന ഒരു രീതിയുണ്ട്, അതൊരു സ്പെഷ്യൽ രീതിയാണ്. അതുകൊണ്ടാണ് തിയറ്ററിലത് വർക്കാവുന്നത്.
ടേക്ക് ഓഫ് പോലുള്ള സിനിമയെടുക്കുമ്പോൾ സ്ത്രീകൾ തന്നെ പറഞ്ഞിട്ടുണ്ട്, കലാഭവനിലൊക്കെ സിനിമ കാണുന്ന പ്രേക്ഷകരുണ്ട്, അവിടെ സിനിമ കാണുന്ന പ്രേക്ഷകരെന്നു പറഞ്ഞാൽ അവർ കുറച്ചുകഴിഞ്ഞേ തിയറ്ററിലേക്ക് വരാൻ ആഗ്രഹിക്കുന്നുള്ളൂ, അവിടെ വരുന്ന പ്രേക്ഷകരും പറയുന്നുണ്ട്, സിനിമ ഭയങ്കര കനമാണ്. മലയൻ കുഞ്ഞിലായാലും അതുണ്ടായിരുന്നു. എന്തിനാണ് ഇത്ര കഠിനമായി പറയുന്നത് എന്ന് ചോദിച്ചവരുണ്ട്. പലതരം സിനിമകളും അതിഷ്ടപ്പെടുന്നവരും ഉണ്ട്. എന്നാലും എല്ലാത്തിനും ഒരു മിനിമം ഗ്യാരണ്ടിയുണ്ടാക്കണം എന്ന് ആഗ്രഹിക്കുന്നുണ്ട്.
എല്ലാ ഘടകങ്ങളും ഒത്തുവന്ന്, ക്വാളിറ്റിയുള്ള ഒരു സിനിമ എടുക്കാൻ പറ്റുമോ എന്നെനിക്കറിയില്ല. അതിന് ഭയങ്കര ബുദ്ധിമുട്ടുണ്ട്. അതിന് സ്റ്റേറ്റും സർക്കാരും എല്ലാം വിചാരിക്കണം. പണ്ട് അതൊക്കെ ആക്റ്റീവായിരുന്നു. പക്ഷേ ഇപ്പോൾ അവരൊന്നും നമ്മളെ കാണാറില്ല.
ഞാൻ എഡിറ്റ് ചെയ്ത് തുടങ്ങിയത് സമാന്തര സിനിമകളാണ്. നമുക്കറിയാമല്ലോ, അതിൽ കിട്ടുന്ന വേതനമെന്താണെന്ന്. ഇന്നതല്ല. ഒരു സെൻസിബിൾ സിനിമ എടുക്കുമ്പോൾ എല്ലാവർക്കും അവരവരുടെ പ്രീമിയം കാശ് പേ ചെയ്യും. അത് സിനിമയുടെ ക്വാളിറ്റിയെ ബാധിച്ചിട്ടുണ്ടോ എന്നു ചോദിച്ചാൽ, ക്വാളിറ്റി എന്നതിനെ പല തരത്തിലാണ് ഞാൻ വിശേഷിപ്പിക്കുക. എല്ലാ ഘടകങ്ങളും ഒത്തു വന്ന്, ക്വാളിറ്റിയുള്ള ഒരു സിനിമ എടുക്കാൻ പറ്റുമോ എന്നെനിക്കറിയില്ല. അതിന് ഭയങ്കര ബുദ്ധിമുട്ടുണ്ട്. അതിന് സ്റ്റേറ്റും സർക്കാരും എല്ലാം വിചാരിക്കണം. പണ്ട് അതൊക്കെ ആക്റ്റീവായിരുന്നു. പക്ഷേ ഇപ്പോൾ അവരൊന്നും നമ്മളെ കാണാറില്ല. അത്തരം ഫണ്ടിങ്ങുകളൊന്നും ഇപ്പോൾ സിനിമയ്ക്കില്ലല്ലോ. സിനിമയിൽ നടക്കാറുണ്ട്, പക്ഷേ നമ്മുടെ ഭാഷയിൽ നടക്കാറില്ല.
ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും ശക്തവും വലുതുമായ സിനിമയുണ്ടാവുന്നുണ്ട്. മലയാളവുമായി താരതമ്യം ചെയ്യുമ്പോൾ എന്താണ് തോന്നുന്നത്?
നമ്മുടെ ഇൻഡസ്ട്രിയ്ക്കു പറ്റാവുന്ന രീതിയിലുള്ള സിനിമകൾ ഇവിടെ ഉണ്ടാവുന്നുണ്ടല്ലോ. ആളുകളെല്ലാം നമ്മുടെ ഭാഷയിലെ സിനിമകൾ കാണാൻ ആഗ്രഹിക്കുന്നുണ്ട്. സബ്ടൈറ്റിലോടെ തന്നെ സിനിമ പലയിടത്തും ആദർശിപ്പിക്കുന്നുണ്ട്. ഔട്ട് സൈഡ് കേരള കളക്ഷൻ നോക്കുമ്പോൾത്തന്നെ അതറിയാം, കൂടുന്നുണ്ട്. മറ്റു ഭാഷകളുടെ കാര്യമെടുത്താലും അങ്ങനെത്തന്നെയാണ്. തമിഴിലും കച്ചവട സിനിമകളും അല്ലാത്ത സിനിമകളും ഉണ്ടാവുന്നുണ്ട്. പാരലൽ ശ്രേണിയുമുണ്ട്. മറാത്തിയിലും മറ്റു ഭാഷകളിലുമൊക്കെ അതുണ്ട്. നമ്മൾ ഉണ്ടാക്കുന്ന ഒരു പടം അതേ ഭാഷയിൽ, സബ്ടൈറ്റിലോടെ മറ്റൊരു ഭാഷയിലെ ആൾക്കാർക്ക് മനസ്സിലാക്കാൻ പറ്റുന്നുണ്ടെങ്കിൽ അതല്ലേ കാര്യം.
നന്നായി എഡിറ്റ് ചെയ്യപ്പെട്ട ഒരു സിനിമയിൽ എഡിറ്റിങ്ങ് തിരിച്ചറിയാൻ പ്രേക്ഷകർക്ക് പറ്റില്ല. എഡിറ്റിങ്ങ് ഭയങ്കരമാണ് എന്ന് പറഞ്ഞാൽ എഡിറ്റിങ്ങിന് എന്തോ കുഴപ്പമുണ്ട് എന്നാണ് അർത്ഥം.
ക്യാമറയുള്ള മൊബൈൽ ഫോണിന്റെ വരവിനുമുൻപ് വിഷ്വൽ ലാംഗ്വേജിൽ നടന്നിട്ടുള്ള ആവിഷ്‌കാരം സിനിമകളും ഡോക്യുമെന്ററികളും ആണ്. ടെലിവിഷനും ഫോട്ടോഗ്രാഫിയും ആ ഭാഷയിലെ മറ്റ് ധാരകളാണ്. വിഷ്വൽ ഭാഷയിൽ ഇപ്പോൾ ഇതൊന്നുമല്ലാത്ത ധാരാളം ആവിഷ്‌കാരങ്ങൾ നടക്കുന്നുണ്ട്. ഒ.ടി.ടി. പ്ലാറ്റ്ഫോമുകളിലെ സീരീസുകൾ, സോഷ്യൽ മീഡിയയിലെ റീലുകളും ഷോട്ട്സുകളും ഒക്കെ. ക്യാമറയോടുള്ള, പ്രൊഡക്ഷൻ രീതികളോടുള്ള മനുഷ്യരുടെ കൗതുകം ഇപ്പോൾ മറ്റൊരു തരത്തിലാണ് പ്രവർത്തിക്കുന്നത്. ഇത് നിങ്ങളുടെ സിനിമാ ചിന്തകളെ എങ്ങനെയാണ് ബാധിക്കുന്നത്?
അതിനൊരു സിംപിൾ ഉദാഹരണം പറയാം. നമ്മൾ ഫോൺ ക്യാമറ ഉപയോഗിച്ച് പടങ്ങളെടുക്കാൻ തുടങ്ങിയപ്പോൾ ആദ്യം ഫ്രണ്ട് ക്യാമറ ഇല്ലായിരുന്നു, ബാക്ക് ക്യാമറ മാത്രമായിരുന്നു. അതിൽ ഫോട്ടോ എടുത്തുതുടങ്ങിയപ്പോഴാണ് സൂര്യന്റെ ഗ്ലയർ ഫോട്ടോകളിൽ വരാൻ തുടങ്ങിയത്. കാരണം ആദ്യം ആളുകൾക്കറിയില്ലാ സൂര്യന്റെ ഓപ്പോസിറ്റ് വെളിച്ചത്തിൽ വച്ചെടുത്താലേ ചിത്രം നന്നാവൂള്ളൂ എന്ന്. പണ്ട് സിനിമയുടെ തിയറിയിൽ ഗ്ലെയർ എന്ന കോൺസെപ്റ്റ് തെറ്റായിരുന്നു. ഗ്ലെയർ വന്നാൽ മോശം സിറ്റിമാറ്റോഗ്രഫിയാണ് എന്നായിരുന്നു. പക്ഷേ പതുക്കെ അത് സ്റ്റെലൈസ്ഡ് ആയി മാറി. അതിന്റെ കാരണം, ഫോൺ ക്യാമറ ഉപയോഗമാണ്. ഇപ്പോൾ വെർട്ടിക്കൽ ഫോർമാറ്റ് കണ്ടുകണ്ട്, വെർട്ടിക്കലിനോട് നമുക്ക് ഭയങ്കര ഇഷ്ടം വന്നുതുടങ്ങി. ഇനിയിപ്പോൾ, വെർട്ടിക്കലിലും സിനിമയെടുക്കാം. ഞാൻ ചെയ്ത സീ യൂ സൂൺ എന്ന സിനിമയ്ക്ക് ആസ്പെക്റ്റ്റേഷ്യോ ഇല്ല. ഇതിത്രയേ ഉള്ളൂ. നന്നായി എഡിറ്റ് ചെയ്യപ്പെട്ട ഒരു സിനിമയിൽ എഡിറ്റിങ്ങ് തിരിച്ചറിയാൻ പ്രേക്ഷകർക്ക് പറ്റില്ല. എഡിറ്റിങ്ങ് ഭയങ്കരമാണ് എന്ന് പറഞ്ഞാൽ എഡിറ്റിങ്ങിന് എന്തോ കുഴപ്പമുണ്ട് എന്നാണ് അർത്ഥം. കഥയെഴുത്തിൽ കഥയേക്കാൾ ഭാഷയുടെ മികവ് വരികയാണെങ്കിൽ അത് കഥയുടെ പരാജയമാണ്.
ഞാനീ മാറ്റത്തെ പോസറ്റീവ് ആയാണ് കാണുന്നത്. യൂട്യൂബിൽ വരുന്ന വീഡിയോ കളുടെ ഫോർവേഡ് ബട്ടൻ ആദ്യം 5 സെക്കന്റായിരുന്നു. ഇപ്പോഴത് 20, 30 സെക്കൻറ് ആയിട്ടുണ്ട്. അവരത് പരീക്ഷിക്കുകയാണ്. 30 സെക്കൻറ് സ്‌കിപ്പ് ചെയ്താലും ഒന്നും സംഭവിക്കില്ല. പ്രേക്ഷകർ തന്നെ എഡിറ്ററായല്ലോ. മൗസും റിമോട്ടും പ്രേക്ഷകരെ എഡിറ്ററാക്കിയിട്ടുണ്ട്. മറ്റ് രാജ്യങ്ങളെ വെച്ച് നോക്കുമ്പോൾ ഇന്ത്യയിൽ ഇന്റർനെറ്റ് ഭയങ്കര ചീപ്പാണ്. യൂറോപ്പിലും അമേരിക്കയിലുമൊക്കെ വളരെ എക്സ്പെൻസീവാണ്, അതുകൊണ്ടുതന്നെ അവർക്ക് ഡാറ്റ കൊണ്ട് മറ്റ് പല ഉപയോഗങ്ങളുമുണ്ട്. എനിക്കോർമയുണ്ട്, പണ്ട് നമ്മൾ ടോറന്റിലൊക്കെ പടം ഡൗൺലോഡ് ചെയ്യാനിട്ട് പത്തും പതിനാറും ദിവസം കാത്തിരിക്കും. ഇന്നിത് അഞ്ചും പത്തും മിനിട്ടുകൊണ്ടല്ലോ നടക്കുന്നത്. ടെലഗ്രാമിൽ സിനിമ കാണുന്നത് ലീഗലാണ് എന്നാണ് ആളുകൾ സീരിയസായി കരുതുന്നത്. പണ്ട് ഒരു ശരാശരി ഹാർഡ് ഡിസ്‌കിന്റെ സൈസ്, 10 GB 12 GB ഒക്കെയാണ്. ഇപ്പഴത് വലുതായി. അതും ഒരു വലിയ ഫാക്ടറാണ്.
എല്ലാക്കാലത്തും സെൻസറിങ്ങിനുപോവുമ്പോൾ പേടിയുള്ള ആളാണ് ഞാൻ. കാരണം ഇതുവരെ ഞാനെഴുതിയ സിനിമകളിൽ മലയൻകുഞ്ഞ് മാത്രമാണ് ക്ലീൻ ആയി കിട്ടിയിട്ടുള്ളത്. ബാക്കിയുള്ളതിനൊക്കെ എന്തെങ്കിലും തരം പ്രശ്നങ്ങളുണ്ടായിട്ടുണ്ട്.
ഭാഗം രണ്ട്
സാഹിത്യരൂപങ്ങളുടെ സിനിമാആവിഷ്‌കാരം എല്ലാ കാലത്തും സംഭവിച്ചിട്ടുണ്ട്. വായനയുടെ സ്വഭാവം എന്താണ്? കഥകളാണോ സംഭവങ്ങളാണോ തിരയുന്നതും പ്രചോദിപ്പിക്കുന്നതും?
എന്നെ ചുറ്റുപാടും നടക്കുന്ന സാഹചര്യങ്ങളാണ് പ്രചോദിപ്പിച്ചിട്ടുള്ളത്. ഇതുവരെ കഥകളായിട്ട് സ്വാധീനിച്ചിട്ടില്ല. അങ്ങനെത്തന്നെയാണ് എന്റെ എല്ലാ സിനിമകളും ഉണ്ടായിട്ടുള്ളത്. ചിലർക്ക് കഥകളാവാം.
സിനിമ നിരോധിക്കപ്പെടുന്ന ഒരു കാലത്തെക്കുറിച്ച് സങ്കൽപ്പിച്ച് നോക്കിയിട്ടുണ്ടോ?
ലൊക്കാർണോവിൽ പോയപ്പോൾ കോസ്റ്റാ ഗാർവസ് (Costa-Garvas) ഉണ്ടായിരുന്നു. അദ്ദേഹമാണ് ലോകത്തിലെ ഏറ്റവും പൊളിറ്റിക്കലായ ഫിലിം മേക്കർ എന്ന് ഞാൻ വിശ്വസിക്കുന്നു. കാരണം അദ്ദേഹത്തിന്റെ ഇസഡ് (z ) പോലുള്ള, മിസ്സിംഗ് പോലുള്ള സിനിമകൾ. ഒരുപാട് പ്രതിസന്ധികളിൽ സിനിമ ഷൂട്ട് ചെയ്ത വ്യക്തിയാണ്. അദ്ദേഹത്തോട് ചോദ്യം ചോദിക്കാൻ ഒരവസരം കിട്ടിയപ്പോൾ ഞാൻ ചോദിച്ചിരുന്നു, ഇന്ത്യയിൽ ഇങ്ങനൊരു പ്രശ്നം വരുന്നുണ്ട്, സാറിനെന്തെങ്കിലും സൊല്യൂഷനുണ്ടോ എന്ന്. I don't have a solution എന്നായിരുന്നു മറുപടി, ‘എനിക്കൊരു സൊല്യൂഷൻ പറയാനില്ല, നിങ്ങൾ ധൈര്യപൂർവ്വം സിനിമയുണ്ടാക്കിക്കൊണ്ടിരിക്കുക.’
എല്ലാക്കാലത്തും സെൻസറിങ്ങിനുപോവുമ്പോൾ പേടിയുള്ള ആളാണ് ഞാൻ. കാരണം ഇതുവരെ ഞാനെഴുതിയ സിനിമകളിൽ മലയൻകുഞ്ഞ് മാത്രമാണ് ക്ലീൻ ആയി കിട്ടിയിട്ടുള്ളത്. ബാക്കിയുള്ളതിനൊക്കെ എന്തെങ്കിലും തരം പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. മറ്റ് രാജ്യങ്ങളിലുമതെ. ടേക്ക് ഓഫ് ഏറ്റവുമധികം കട്ട് ചെയ്തിരിക്കുന്നത്, മിഡിലീസ്റ്റ് പ്രദേശങ്ങളിലാണ്. കുവൈറ്റിൽ ടിക്കറ്റെടുത്ത് ആളുകൾ കാണാൻ വരുമ്പോൾ രണ്ട് മണിക്കൂർ മുൻപ് പടം ബാൻ ചെയ്തു. അങ്ങനൊരു അവസ്ഥയൊക്കെ വരികയാണെങ്കിൽ ഒന്നും ചെയ്യാൻ പറ്റില്ലല്ലോ. വേറെ എവിടേയ്ക്കെങ്കിലും മാറി സിനിമയെടുക്കേണ്ടി വരും.
ചെയ്ത അവസാന പടം മോശമാണെങ്കിൽ നിങ്ങളൊരു മോശം ഫിലിം മേക്കറാണ്. ഇൻഡസ്ട്രിയിൽ നിങ്ങളൊരു നല്ല കച്ചവടവസ്തുവല്ല. കഴിഞ്ഞ പടം നന്നായിട്ടുണ്ടെങ്കിൽ കച്ചവടത്തിന് പറ്റിയ മനുഷ്യനാണ്. അത്രയേയുള്ളൂ.
താങ്കൾക്ക് എന്താണ് സിനിമ എന്ന മാധ്യമം? ഒരു വലിയ വ്യവസായം കൂടിയായ സിനിമയിൽ താങ്കളുടെ സിനിമയുടെ വിജയത്തിന്റെ മാനദണ്ഡം എന്താണ്?
വിജയത്തിന്റെ മാനദണ്ഡം ഒരു ഫിലിം മേക്കറുടെ മാനദണ്ഡമായിട്ടാണ് ഞാൻ കാണുന്നത്. ചെയ്ത അവസാന പടം മോശമാണെങ്കിൽ നിങ്ങളൊരു മോശം ഫിലിം മേക്കറാണ്. ഇൻഡസ്ട്രിയിൽ നിങ്ങളൊരു നല്ല കച്ചവടവസ്തുവല്ല. കഴിഞ്ഞ പടം നന്നായിട്ടുണ്ടെങ്കിൽ കച്ചവടത്തിന് പറ്റിയ മനുഷ്യനാണ്. അത്രയേയുള്ളൂ. പണ്ടൊക്കെ ഫിലിം മേക്കേഴ്സിനെക്കുറിച്ച് പറയുമായിരുന്നു, അയാൾ ഇന്നയിന്ന പടങ്ങളെടുത്തയാളാണ്, തിരിച്ച് എന്നെങ്കിലും നല്ല പടമെടുക്കും എന്ന്. ഇന്നങ്ങനെയല്ല. ലാസ്റ്റ് പടം വെച്ചിട്ടാണ് സക്സസ് തീരുമാനിക്കുന്നത്. ആത്യന്തികമായി തിയറ്റർ കളക്ഷൻ മാത്രമല്ലല്ലോ ഇതിന്റെ റവന്യൂ. മറ്റ് പല ഘടകങ്ങളുമുണ്ടല്ലോ. ആ റവന്യൂസ്ട്രീം വ്യക്തികളുടെ പേരിലേക്ക് വരുമ്പോൾ ആളുകൾ ഇതെല്ലാം നോക്കും. ആളുകളുടെ അഭിരുചി നമുക്ക് പ്രവചിക്കാൻ കഴിയില്ല. ഒരു വലിയ സ്പെക്ട്രം പ്രേക്ഷകരെയാണ് നമ്മൾ പറയുന്നത്. സിനിമാ ആസ്വാദനത്തിൽ കാര്യമായ മാറ്റം വന്നു, ഡിജിറ്റൽ വന്നപ്പോൾ, ആളുകൾ പുതിയ പുതിയ കണ്ടന്റിലേക്ക് മാറുന്നു, പുതിയ രീതികൾ ഇഷ്ടപ്പെട്ടു തുടങ്ങി എന്നൊക്കെ പറയാറുണ്ട്. പക്ഷേ എനിക്കങ്ങനെ തോന്നുന്നില്ല. അത് ആ ഒരു സ്പെക്ട്രം ആൾക്കാർക്ക് മാത്രമേയുള്ളൂ. എത്ര പേരുണ്ട്, ഡിജിറ്റൽ സബ്‌സ്‌ക്രിപ്ഷൻ ഇപ്പഴും സാധ്യമാവുന്നവർ?
15 ലക്ഷം പേർ യൂട്യൂബിൽ ഒരു ട്രെയ്ലർ കണ്ടു എന്നുപറയുന്നു. 15 ലക്ഷം പേർ ഒരു സിനിമ കണ്ടാൽ സൂപ്പർഹിറ്റാണ്. ▮