ഈ വര്‍ഷത്തെ ട്രെന്‍ഡിംഗ് മലയാളം പാട്ടുകളുടെ ലിസ്റ്റ് നോക്കിയാല്‍ ആദ്യം വരുന്ന പാട്ട് ജില്‍ ജില്‍ ജിൽ ആണ്. ടി.കെ. കുട്ട്യാലി എന്നൊരു കവി 1978-ല്‍ റെക്കോര്‍ഡ് ആയി ഇറക്കിയ പാട്ടാണിത്. ഒരു കല്യാണവീട്ടിലെ ബഹളങ്ങളും സന്തോഷങ്ങളും മുഴുവന്‍ വാക്കുകളിലൂടെയൂം ചടുലതാളങ്ങളിലൂടെയും ദൃശ്യങ്ങളാക്കി അനുഭവപ്പെടുത്തുന്ന പാട്ട്. ഈ വർഷം ഇറങ്ങിയ സുലൈഖ മന്‍സില്‍ എന്ന സിനിമയില്‍ ഈ പാട്ട് പുനരവതരിപ്പിക്കപ്പെട്ടു. അതോടെ, ഈ പാട്ട് മാത്രമല്ല, മാപ്പിളപ്പാട്ടിലെ തന്നെ പുതിയ യുഗം പിറവിയെടുത്തതായി കാണാം.
സുലൈഖ മന്‍സിലിലെ പാട്ടുകളില്‍ ഒരു പ്രത്യേകത കൂടിയുണ്ട്. അതില്‍ ഒരിക്കല്‍ ജനപ്രിയമായി അവതരിച്ച്, മാപ്പിളപ്പാട്ട് കലാകാരര്‍ തന്നെ വിമര്‍ശിച്ച് മടക്കിക്കെട്ടിയ ഒരു പാട്ടുകൂടി ഉപയോഗിച്ചിട്ടുണ്ട്. ഒരു കാലത്ത് ആല്‍ബം സോംഗ്‌സ് എന്ന പേരില്‍ പ്രചരിച്ചിരുന്ന ഇവയ്ക്ക് കേരളത്തിലെ ബൗദ്ധിക വൃത്തത്തില്‍നിന്ന് അംഗീകാരം കിട്ടിയില്ല. ഒപ്പം, മാപ്പിളപ്പാട്ട് കലാകാരരും ഇതിനെ തള്ളിപ്പറഞ്ഞു. ഇവയെ പരിഹസിച്ച് ഒരു ആല്‍ബം തന്നെ മാപ്പിളപ്പാട്ടിന്റെ ആരാധകര്‍ ഇറക്കിയിരുന്നു. എങ്കിലും ആല്‍ബങ്ങള്‍ക്ക് സാമാന്യജനങ്ങള്‍ക്കിയില്‍ സ്വീകാര്യതയുണ്ടായിരുന്നു എന്നാണ് അതിന്റെ എണ്ണപ്പെരുപ്പം കാണിക്കുന്നത്. അത്തരത്തില്‍ പ്രശസ്തമായ ഒരു പാട്ടാണ് ഈ സിനിമയില്‍ പുനരവതരിപ്പിച്ച 'എത്ര നാള് കാത്തിരുന്നു ഒന്നു കാണുവാന്‍...' എന്നു തുടങ്ങുന്ന സലിം കോടത്തൂരിന്റെ പാട്ട്.
വളരെ പരിമിതമായ സാഹചര്യത്തില്‍ നിര്‍മിക്കപ്പെട്ടവയായിരുന്നു അന്നത്തെ പല ആല്‍ബങ്ങളും. പ്രാദേശികമായി ലഭ്യമായ ചെറിയ സ്റ്റുഡിയോകളെയും പരിമിത ലൊക്കേഷനുകളെയും വിഭവങ്ങളെയും ഉപയോഗപ്പെടുത്തി നിര്‍മിച്ച പഴയ ആല്‍ബം ഭൗതികമായ സാഹചര്യങ്ങള്‍ ഒരുക്കിയാല്‍ എത്ര ഭംഗിയാകും എന്ന് കാണിച്ചുതരിക തന്നെയാണ് ഈ പുതിയ അവതരണത്തിലൂടെ സുലൈഖ മന്‍സില്‍ ടീം ചെയ്തത്.
അതോടൊപ്പം, വിഷ്ണു വിജയ് അതിന് നല്‍കിയ മാജിക് പോലൊരു താളക്കൂട്ടുമുണ്ട്. അത് എന്താണെന്ന് വിശദീകരിക്കാനാകാത്തതുകൊണ്ടുതന്നെയാണ് മാജിക് എന്ന് പറയുന്നത്. പുതിയ സംഗീതം അതിനെ സമകാലികമാക്കുന്നു. കേള്‍വിക്കാരെ പാട്ടിലാക്കുന്ന, അല്ലെങ്കില്‍ അതിലേക്ക് നമ്മളെ ഉള്‍ച്ചേര്‍ക്കുന്ന ഒന്നായി അത് അനുഭവപ്പെടുകയും ചെയ്യുന്നു. ഒരു കാലത്ത് ഞങ്ങള്‍ എന്തുകൊണ്ട് ആല്‍ബങ്ങള്‍ ഇഷ്ടപ്പെട്ടു എന്ന് വിശദീകരിച്ചുതരികയും കൂടിയാണ് വിഷ്ണു ഈ പുനരവതരണത്തിലൂടെ ചെയ്തത്. സലിം കോടത്തൂരിന്റെ പാട്ടിന് ജനങ്ങള്‍ക്കിടയില്‍ കിട്ടിയ സ്വീകാര്യതയുടെ സൂചന കൂടിയാണ് ഇതിലെ വരികളെ പൂര്‍ണമായി അനുകരിച്ചുകൊണ്ടുള്ള നൃത്തച്ചുവടുകള്‍ വെച്ച ഒരു ചെറുപ്പക്കാരന്റെ വീഡിയോ. അതിനെക്കൂടി പ്രയോജനപ്പെടുത്തിക്കൊണ്ടാണ് സിനിമയിലെ നൃത്തരംഗങ്ങളും സംവിധാനം ചെയ്തിട്ടുള്ളത് എന്നതും കൗതുകകരമാണ്.
ജനകീയ നൃത്തരീതികള്‍ സാങ്കേതികത്തികവോടെ അവതരിപ്പിക്കുമ്പോള്‍ താരങ്ങളുണ്ടാവുകയാണ് എന്ന് പറയാതെ പറഞ്ഞുവെക്കുകയാണ് അഷ്‌റഫ് ഹംസ, ഇതിലൂടെ. സിനിമാപ്പാട്ടുകള്‍ കേട്ട് ആവേശം കൊള്ളുന്ന, ചുവടുവെക്കുന്ന ഓരോരുത്തരെയും താരങ്ങളായി അംഗീകരിക്കുന്ന പ്രക്രിയ തന്നെയാണ് ഇതില്‍ നടന്നത്.

ടി.കെ. കുട്ട്യാലിയുടെ പാട്ട് അവതരിപ്പിച്ച രീതിയിലും ഏറെ സവിശേഷതകളുണ്ട്. തമിഴ് സിനിമകളിലെല്ലാം ചില സവിശേഷ സംസ്‌കാരത്തെ അവതരിപ്പിക്കാൻ അവരുടെ നാടന്‍പാട്ടുകളെ പുതിയ നൃത്തരീതികളുമായി ചേര്‍ത്തുവച്ച് അവതരിപ്പിക്കുന്നതുകാണാം. അതിനെ ഓര്‍മിപ്പിക്കുന്ന തരത്തിലാണ് ജില്‍ ജില്‍ ജില്‍ എന്ന പാട്ട് സംവിധാനം ചെയ്തിരിക്കുന്നത്. ഒരു മെലഡിയില്‍ തുടങ്ങി കല്യാണത്തിന്റെ ഹരങ്ങളിലേക്കും ആരവങ്ങളിലേക്കും നമ്മെ കൊണ്ടെത്തിക്കുന്നുണ്ട് ആ പാട്ട്. ഷഹജ എന്നൊരു ഗായിക പാടി ഇതിനകം ഈ പാട്ട് പ്രശസ്തമായിക്കഴിഞ്ഞിരുന്നു. അതിനെ സിനിമയുടെ ഇതിവൃത്തവുമായും മലബാറിലെ വിവാഹച്ചടങ്ങുകളുമായും ആഘോഷങ്ങളുമായുമെല്ലാം ചേര്‍ത്തുവച്ചതോടെ ദൗത്യം പൂര്‍ണമാകുകയായിരുന്നു എന്നു പറയാം. അതോടെ, ചിലര്‍ മലബാര്‍ കല്യാണപ്പാട്ട് എന്ന് പേരിട്ടുവിളിച്ചവ കേരളത്തിന്റെ കല്യാണവും കല്യാണപ്പാട്ടുകളുമായി. മലയാളത്തിലെ മുഖ്യധാരാ സിനിമകളില്‍ പലപ്പോഴും നെഗറ്റീവ് സെന്‍സില്‍ അവതരിപ്പിക്കപ്പെട്ട വിവാഹച്ചടങ്ങുകളും രീതികളും വരെ സുലൈഖ മന്‍സില്‍ മായ്ച്ചുകളയുന്നുണ്ട്. നിക്കാഹില്‍ പെണ്ണിന്റെ സമ്മതം ചോദിക്കുക / ഉറപ്പിക്കുക എന്നത് ഒരു ചടങ്ങല്ല, നിര്‍ബന്ധമാണെന്ന്, അത് മറന്നുപോയവരെ ഓര്‍മിപ്പിക്കുക കൂടിയാണ് ഈ സിനിമ.
മുഹ്‌സിന്‍ പരാരിയുടെ വരികളാകട്ടെ, ഇസ്‌ലാമിക ദര്‍ശനത്തെ തന്നെ ഒരനുഭവമാക്കി മാറ്റുന്നുണ്ട് ഈ ഭാഗത്ത്. അത് ചില സിദ്ധികളുള്ളവര്‍ക്കുമാത്രം അനുഭവവേദ്യമായ ഒന്നല്ല എന്നും, നമ്മളെല്ലാവരും ജീവിതത്തില്‍ പലപ്പോഴായി അനുഭവിച്ചിട്ടുള്ള അനുഗ്രഹമാണെന്നുമുള്ള തിരിച്ചറിവുകൂടിയാണ് വിഷ്ണുവുമായി ചേര്‍ന്ന് മുഹ്‌സിന്‍ പരാരി നമുക്ക് തരുന്നത്.

അറബിമലയാളത്തിലെ പാട്ടുകള്‍ക്ക് എഴുത്തിന്റെ പാരമ്പര്യവും വാമൊഴി പാരമ്പര്യവുമുണ്ട്. അതില്‍ എഴുത്തിന്റെ പാരമ്പര്യത്തില്‍ കണ്ടെടുക്കപ്പെട്ടവയില്‍ ഏറ്റവും പ്രാചീനമായ പാട്ടായി കണക്കാക്കുന്നത് 1607-ല്‍ എഴുതപ്പെട്ട മുഹ്‌യുദ്ദീന്‍ മാലയാണ്. ഇതേ പാട്ടിന്റെ ഈണവും ശൈലിയുമാണ് 2022-ല്‍ പുറത്തിറങ്ങിയ തല്ലുമാല എന്ന സിനിമയില്‍ ഉപയോഗിച്ചിട്ടുള്ളത്. മുഹ്‌യുദ്ദീന്‍ മാല ഒരു കാലത്ത് മുസ്‌ലിംകളുടെ നിത്യപാരായണഗ്രന്ഥം കൂടിയായിരുന്നു. സമുദായത്തിനകത്ത് മാത്രമല്ല, ഇതിന് പ്രചാരമുണ്ടായിരുന്നത്. ആധുനിക ഇടത്തില്‍ (Modern Space) പോലും ഇത് പല രീതിയില്‍ ആവിഷ്‌കരിക്കപ്പെട്ടിരുന്നു.
ഭാഷ ഏതാണെന്ന് നോക്കാതെ നമുക്ക് മനസ്സിലാകുന്ന വാക്കുകളെല്ലാം ഉപയോഗിച്ച് അവരെ കവിതയാക്കുകയാണ് മുഹ്‌സിന്‍ പരാതി ചെയ്തത്.
മാനാഞ്ചിറ നിന്ന് സൈക്കിളെടുത്തിട്ട്
വട്ടത്തില്‍ ചവിട്ട്യപ്പം നീളത്തില് പോയോളേ…
എന്ന വരികൾക്കൊപ്പം വായ്ത്താരിയായി ലോല ലോല ലോല എന്നു പാടി കാമ്പസുകളില്‍ നിറഞ്ഞുനിന്നവയായിരുന്നു ഈ പാട്ട്. റഹ്മാന്‍ ഖാലിദ് ഈ പാട്ടിനെ സിനിമയില്‍ ഉപയോഗിച്ചപ്പോള്‍മാപ്പിളപ്പാട്ടിന്റെ മാത്രമല്ല, കാമ്പസുകളിലെ യുവത്വത്തിന്റെ ഊര്‍ജം കൂടി ഇതില്‍ പ്രവഹിച്ചതായി കാണാം. ആ പാട്ട് വരികള്‍ കൊണ്ടും ഈണം കൊണ്ടും സിനിമയ്ക്ക് ആമുഖമായി മാറി. മാപ്പിളപ്പാട്ടിന്റെ മാത്രമല്ല, സിനിമാപ്പാട്ടിന്റെ തന്റെ ജനിതകത്തെ മാറ്റിമറിച്ചവയാണിതിലെ പാട്ടുകള്‍. സംസ്‌കൃതീകരിച്ച പദാവലികളും നാടോടിപ്പാട്ടിന്റെ ചൊല്ലുവഴക്കങ്ങളും ഇതിലുണ്ട്. ഭാഷ ഏതാണെന്ന് നോക്കാതെ നമുക്ക് മനസ്സിലാകുന്ന വാക്കുകളെല്ലാം ഉപയോഗിച്ച് അവരെ കവിതയാക്കുകയാണ് മുഹ്‌സിന്‍ പരാതി ചെയ്തത്.

കണ്ടന്റ് പോലെത്തന്നെ മേക്കിംഗ് രീതികൊണ്ടുകൂടിയാണ് തല്ലുമാല യുവാക്കളുടെ ഹരമായത്. അത് ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയെങ്കിലും അതിനെയെല്ലാം അതിജീവിച്ച് സംസ്ഥാന അംഗീകാരങ്ങള്‍ വരെ ഈ സിനിമ നേടുമ്പോള്‍ ഇത് യുവാക്കളെ കൂടി അംഗീകരിക്കലാണ്. അതോടൊപ്പം, എല്ലാം തല്ലിത്തീര്‍ത്ത് വയലന്‍സിനെ ഒരു സമൂഹത്തില്‍നിന്ന് മാറ്റിനിര്‍ത്തിയ ജനസമൂഹത്തെക്കൂടി അംഗീകരിക്കലാണ്.
ഇത്രയും പ്രതിഭാത്വത്തോടുകൂടി പുതിയ തലമുറ പാട്ടിനെ ഉപയോഗിക്കുമ്പോള്‍ അത് എല്ലാവര്‍ക്കും ഓരോ പാഠമാകുന്നുണ്ട്. ചില കാര്‍ക്കശ്യങ്ങളില്‍ മതത്തിനെ തളച്ചിടാന്‍ നോക്കുന്നവര്‍ക്കും ഒപ്പം ഇതാണ് ഇസ്‌ലാം എന്ന് വിധി കല്‍പ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും.
മലബാറിലെ മുസ്‌ലിം ജീവിതാവിഷ്‌കാരങ്ങളെന്ന നിലയ്ക്ക് മലബാര്‍ സിനിമകളെന്ന ടേം തന്നെ ചിലര്‍ ഈ സിനിമകളെ കുറിയ്ക്കാനായി ഉപയോഗിച്ചുവരുന്നതുകാണാം. കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ നടക്കുന്ന ഒരു കല്യാണ ആഘോഷത്തിന്റെ കഥയാണ് സുലൈഖ മന്‍സില്‍ എന്ന സിനിമ പറയുന്നത്. എന്നാല്‍, അതില്‍ തന്നെ കേരളത്തിലെ സാമൂഹിക ജീവിതത്തിന്റെ മുഴുവന്‍ ചിത്രവും നമുക്ക് ലഭിക്കുന്നുണ്ട്. ജാതി- മത- പ്രായ വ്യത്യാസങ്ങളില്ലാതെ, മുതലാളി- തൊഴിലാളി ദ്വന്ദ്വങ്ങള്‍ വരെ മാഞ്ഞുപോകുന്ന, വലുപ്പച്ചെറുപ്പങ്ങളില്ലാതെ പരസ്പരം അംഗീകരിക്കുന്ന കുറെ മനുഷ്യരുടെ കഥയാണ് ഈ സിനിമ പറയുന്നത്. അതിനെ കേരളത്തിന്റെ സിനിമയായി അംഗീകരിക്കുക തന്നെയാണ് ജനം ചെയ്തത്. ആ സ്വീകാര്യത തന്നെയാണ് ഈ പാട്ടുകളുടെ പ്രചാരവും സൂചിപ്പിക്കുന്നത്.

മാപ്പിളപ്പാട്ട് / സിനിമാപ്പാട്ട്, പഴയത് / പുതിയത്, സാമുദായിക മൂല്യങ്ങള്‍ / ആധുനിക മൂല്യങ്ങള്‍ എന്നിങ്ങനെ പരിസ്പരവിരുദ്ധമായി നമ്മള്‍ കരുതിവച്ചവയെ മുഴുവന്‍ അട്ടിമറിച്ച് ഇന്ന് പാട്ടുകള്‍ യുവാക്കളുടെ സ്‌ഫോടനാത്മകമായ ആശയങ്ങളെ അവതരിപ്പിക്കുന്ന റീലുകളായി മാറുന്നു. പഴയ മാപ്പിളപ്പാട്ടുകളും ആല്‍ബങ്ങളും അതേ മട്ടില്‍ തീര്‍ത്ത പുതിയ പാട്ടുകളുമെല്ലാം ഈ കുത്തൊഴുക്കില്‍ കയറിവരുന്നുണ്ട്. ഇവയില്‍ പലതും തിരുത്തലുകളാകുന്നതും നാം ശ്രദ്ധിക്കുക തന്നെ വേണം. 'എല്ലാം പടൈത്തുള്ള ഖല്ലാഖുടയോനേ...' എന്നു തുടങ്ങുന്ന ബാപ്പു വെളിപ്പറമ്പിന്റെ ഒരു ഭക്തിഗാനമുണ്ട്. വി.എം. കുട്ടിയുടെ ഈണത്തില്‍ കേരളത്തെ ഭക്തിസാന്ദ്രമാക്കിയ ആ പാട്ട് യേശുദാസ് പാടിയിട്ടുണ്ട്. ഈ പാട്ടിനെ ഹാല്‍ എന്ന പേരിലുള്ള മ്യൂസിക് ഗ്രൂപ്പ് പുനരവതരിപ്പിച്ചത് സ്വവര്‍ഗാനുരാഗത്തെ ആവിഷ്‌കരിക്കുന്ന കുറെ ഭംഗിയുള്ള ഫ്രെയിമുകളിലൂടെയാണ്. ക്യാമറയുടെ ഫ്രെയിമും ചലനങ്ങളും വരെ പ്രണയത്തെ ആവിഷ്‌കരിക്കുന്നതില്‍ എങ്ങനെ പങ്കുവഹിക്കുന്നുവെന്ന് ഇതിലെ ചില ദൃശ്യങ്ങള്‍ വെളിപ്പെടുത്തും. അതിലെ 'എല്ലാര്‍ക്കും കാരുണ്യമേകുന്നോനെ എന്റെ ജല്ലജലാലായ തമ്പുരാനേ' എന്ന വരികള്‍ അവര്‍ പാടുമ്പോള്‍ കിട്ടുന്ന അനുഭൂതി, അറിയാതെ നമ്മളെ ദൈവത്തിലേക്ക് അല്ലെങ്കില്‍ അതുപോലുള്ള മറ്റേതോ ശക്തിയിലേക്ക് ചേര്‍ത്തുവക്കുന്നുണ്ട്. അവിടെ ദൈവത്തിന്റെ കാരുണ്യത്തിന് കിട്ടുന്ന അര്‍ഥതലം വിശദീകരിക്കാനാകാത്തതാണ്.
ഇത്രയും പ്രതിഭാത്വത്തോടുകൂടി പുതിയ തലമുറ പാട്ടിനെ ഉപയോഗിക്കുമ്പോള്‍ അത് എല്ലാവര്‍ക്കും ഓരോ പാഠമാകുന്നുണ്ട്. ചില കാര്‍ക്കശ്യങ്ങളില്‍ മതത്തിനെ തളച്ചിടാന്‍ നോക്കുന്നവര്‍ക്കും ഒപ്പം ഇതാണ് ഇസ്‌ലാം എന്ന് വിധി കല്‍പ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും.

