സമയത്തെ ജപ്തി ചെയ്യുന്ന
വാലിബൻ കാഴ്ചകൾ

ഒരുപക്ഷെ മലയാള സിനിമ അതിന്റെ ചരിത്രത്തിലെവിടെയും കണ്ടിട്ടില്ലാത്ത, ദൃശ്യങ്ങളിലൂടെ സമയത്തെ ജപ്തി ചെയ്യുന്ന രീതി മലൈക്കോട്ടൈ വാലിബൻ എന്ന സിനിമയുടെ സവിശേഷതയായി മാറുന്നു.

താൻ കാണുന്നതുപോലെ ലോകത്തിന് രൂപം നൽകുന്ന ഘടനാത്മകമായ പ്രക്രിയ മനുഷ്യമനസ്സിൽ നടക്കുന്നുവെന്ന് പതിനെട്ടാം നൂറ്റാണ്ടിൽത്തന്നെ വിക്കോ എന്ന ഇറ്റാലിയൻ ചിന്തകൻ പറയുകയുണ്ടായി. പുരാവൃത്തങ്ങൾ ജന്മമെടുക്കുന്ന കാലാവസ്ഥയെന്ന നിലയ്ക്കാണ് ഈ ഘടനാത്മകപ്രക്രിയയെ കണക്കാക്കേണ്ടത്. മലൈക്കോട്ടൈ വാലിബൻ എന്ന സിനിമയിലൂടെ കടന്നുപോകുമ്പോൾ ഈയൊരു ആലോചനയാണ് മനസ്സിലേക്ക് വന്നത്.

വാലിബന്റേത് പുരാവൃത്തമാണെന്നല്ല, മറിച്ച് പുരാവൃത്തത്തിന്റെ വിനിമയസാധ്യതയെ ആ സിനിമ ഉപയോഗിച്ച വിധമാണ് രസകരമായി തോന്നിയത്. മിത്തുകളെയും നാടോടിക്കഥകളെയുമൊക്കെ പുതുതായി നിർമിച്ചെടുക്കുന്ന ജനപ്രിയചേരുവ തന്നെയാണ് വാലിബന്റെയും യുനീക് സെല്ലിങ് പോയിന്റ്. സ്റ്റോറി ടെല്ലിങ് വിത്ത് ഡാറ്റ എന്നൊരു രീതി ബിസിനസ് പ്രഫഷണലുകൾ ഉപയോഗിച്ചുകാണാറുണ്ട്. നമ്മുടെ അമ്മൂമ്മക്കഥകളുടെ കൊമഴ്സ്യൽ എക്സ്റ്റൻഷൻ എന്ന രീതി. നമ്മുടെ ഉറക്കത്തിനനുയോജ്യമായ ഒരു വിഷ്വലാണ് അമ്മൂമ്മ, കഥയായി തിരഞ്ഞെടുക്കുക. കഥയെ നേരിട്ട് ബാധിക്കുന്ന കോലാഹലങ്ങളെ (clutters) അമ്മൂമ്മ സമർത്ഥമായി ഒഴിവാക്കുന്നു. നമുക്ക് വേണ്ടവിധത്തിൽ കഥയുടെ പശ്ചാത്തലത്തെ ക്രമീകരിക്കുന്നു. ശ്രദ്ധയുറപ്പായാൽ കഥ പറഞ്ഞുതുടങ്ങുന്നു. ഈ കഥപറച്ചിൽ രീതിയാണ് വാലിബനും ഉടനീളം പിന്തുടരുന്നത്.

കഥയിൽ ചോദ്യമില്ല എന്നൊരു മുൻകൂർ ജാമ്യം ആദ്യമായെടുത്തത് പേരക്കുട്ടിക്ക് കഥ പറഞ്ഞുകൊടുക്കുന്നതിൽ പരിചയക്കുറവുള്ള ഏതോ അമ്മൂമ്മയായിരിക്കണം. അതിനുശേഷമുള്ള കുഞ്ഞുങ്ങളുടെ സംശയങ്ങൾക്കെല്ലാം കഥയിൽ ചോദ്യമില്ല എന്നൊരു സ്ഥിരമായ ഉത്തരമുണ്ട്. മലൈക്കോട്ടൈ വാലിബൻ അങ്ങനെയൊരു അമ്മൂമ്മക്കഥയാണ്. കാഴ്ചക്കാർക്ക് നൂറ് സംശയങ്ങൾ ചോദിക്കാനുണ്ടാവാം. പക്ഷെ ഉത്തരം ഒന്നേയുള്ളൂ, വാലിബന്റെ കഥയിൽ ചോദ്യങ്ങളില്ല.

കഥയെ ദൃശ്യവൽക്കരിക്കുക എന്നത് അത്യന്തം ശ്രമകരമായ ജോലിയാണ്. വാക്കുകളിലൂടെ സൃഷ്ടിച്ചെടുക്കുന്ന അത്ഭുതങ്ങൾ കാഴ്ചയിൽ അത്ഭുതങ്ങളല്ലാതായിത്തീരുന്നതാണ് പതിവ്. വാലിബൻ ഈയൊരു സ്റ്റീരിയോടൈപ്പ് ആദ്യം മുതൽ തന്നെ പൊളിച്ചുകളയുന്നു. 'കേട്ടതെല്ലാം പറയുന്നത് മതിയായ കളവാണ്' എന്ന ഖുർ ആൻ വചനത്തെ ഓർമിപ്പിക്കും വിധം പറയേണ്ടത് മാത്രം പറയുക, കാണിക്കേണ്ടത് മാത്രം കാണിക്കുക എന്നതായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി ഈ സിനിമയിൽ ചെയ്യാനുദ്ദേശിച്ച കാര്യം. അതുകൊണ്ടുതന്നെ ഓരോ ദൃശ്യത്തേയും അത്ഭുതദായകമായ അനുഭവമാക്കിത്തീർക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. അമർ ചിത്രകഥ പോലെ ദൃശ്യങ്ങളെ കൂട്ടിയിണക്കി കഥ പറയുകയല്ല, മറിച്ച് കഥയ്ക്കാവശ്യമായ ഭൂപ്രദേശങ്ങളിലേക്ക് കാഴ്ചക്കരെക്കൂടി ലിജോ ജോസ് കൂടെക്കൂട്ടി. ഈ സിനിമയിലെ ആൾക്കൂട്ടങ്ങളിലെല്ലാം കാഴ്ചക്കാരുമുണ്ട്. കയ്യടിക്കുമ്പോൾ, പോരടിക്കുമ്പോൾ, വെറും കാഴ്ചക്കാരായി നോക്കി നിൽക്കുമ്പോൾ, ചതിക്കപ്പെടുമ്പോൾ, വെല്ലുവിളിക്കുമ്പോൾ ഒക്കെയും ആക്റ്റീവായും പാസ്സീവായുമുള്ള കാഴ്ചക്കാരെത്തന്നെ സംവിധായകൻ സിനിമയിൽ ചേർത്തുനിർത്തുന്നു. കൗബോയ് സിനിമകളിൽ കണ്ടുപരിചയിച്ച എസ്റ്റാബ്ലിഷിങ് ഷോട്ടുകളും മാസ്റ്റർ ഷോട്ടുകളും കട്ട് എവെ ഷോട്ടുകളും എക്ട്രാ വൈഡ് ഷോട്ടുകളുമൊക്കെയായി സിനിമയ്ക്കകത്തുള്ള കാഴ്ചകളിലേക്ക് നമ്മളെ ഒരാൾക്കൂട്ടമായി ഉൾച്ചേർക്കുന്നു. ആ കാഴ്ചകൾ ഓരോ മനുഷ്യന്റെയും യഥാർത്ഥ കാഴ്ചകൾ പോലെ ചിലപ്പോൾ രസകരവും മറ്റു ചിലപ്പോൾ വിരസവുമായിത്തീരുന്നു. യഥാതഥമായ ഈ കാഴ്ചയാണ് മലൈക്കോട്ടെ വാലിബന്റെയും ആഖ്യാനത്തിലുള്ളത്.

ലിജോ ജോസ് പെല്ലിശ്ശേരി

അവധാനതയോടെ മുഴുകിയാൽ (Zealously engaged in) മാത്രം കാഴ്ചക്കാർക്കും സിനിമയ്‌ക്കൊപ്പം സഞ്ചരിക്കാം. അല്ലാത്തവർക്ക് ഇടയ്ക്കിടെ പുറത്തുപോവുകയും അകത്തുകയറുകയും ചെയ്യേണ്ടി വരും. 'ഗോൺ വിത്ത് ദി വിൻഡ്' പോലെയുള്ള സിനിമകൾ 1939-ൽ തന്നെ പരീക്ഷിച്ച നീണ്ട ആഖ്യാനങ്ങളുടെ 'തിയ്യറ്റർ ക്വാറന്റൈൻ' മലൈക്കോട്ടൈ വാലിബനും നൽകുന്നുണ്ട്. ഒരു പക്ഷെ മലയാളസിനിമ അതിന്റെ ചരിത്രത്തിലെവിടെയും കണ്ടിട്ടില്ലാത്ത, ദൃശ്യങ്ങളിലൂടെ സമയത്തെ ജപ്തി ചെയ്യുന്ന രീതി ഈ സിനിമയുടെ സവിശേഷതയായി മാറുന്നു.

ഫാന്റസിയുടെ രാഷ്ട്രീയത്തെപ്പറ്റിയുള്ള ചർച്ചകളിൽ ഏറ്റവും പ്രധാനമായത് അതൊരു രണ്ടാം ലോകത്തെക്കുറിച്ചുള്ള ചർച്ചയാണ് എന്ന കാര്യമാണ്. ഭൂമിയിലില്ലാത്ത പ്രദേശങ്ങൾ സൃഷ്ടിച്ചെടുക്കുമ്പോൾ കണ്ടുപരിചയിച്ചതിനെ അത്ഭുതം ജനിപ്പിക്കുന്നതാക്കി മാറ്റുകയെന്ന പരിമിതിയിലേക്ക്, അത് സൃഷ്ടിച്ചവർക്ക് കൂടുമാറേണ്ടിവരും. ഫാന്റസിയെന്നത് കണ്ടുപോന്നതിന്റെ ഏറ്റവും അത്ഭുതകരമായ പുനഃസൃഷ്ടിയാണല്ലോ. ഫാന്റസിയുടെ രാഷ്ട്രീയം ഈ പുനഃസൃഷ്ടിയുടെ രാഷ്ട്രീയമാണ്. ഷെർലക്ക് ഹോംസിനും ജയിംസ് ബോണ്ടിനുമൊക്കെയുള്ള ആംഗ്ലോഫൈൽ പരിവേഷം പോലെയൊന്ന് തീർച്ചയായും മലൈക്കോട്ടൈ വാലിബനുമുണ്ട്. പരമ്പരാഗതമായി കേട്ടുപോന്ന കഥകളുടെ പിൻഫലങ്ങളാണത്. വാലിബനിൽ സൃഷ്ടിക്കപ്പെട്ട രണ്ടാം ലോകം ദുർബലമാണോ അല്ലയോ എന്ന് തർക്കിക്കുമ്പോഴും അങ്ങനെയൊരു കറതീർന്ന ലോകമെന്നത് അപ്രാപ്യമായിത്തന്നെ തുടരുകയാണ്. എല്ലാ ഫാന്റസികളിലുമെന്ന പോലെ വാലിബനും അധികാരത്തെ പ്രധാനമായിക്കാണുന്നു. അധികാരത്തിനുവേണ്ടിയുള്ള വടംവലികളിൽ ജനാധിപത്യപരമെന്ന് തോന്നിപ്പിക്കുന്ന ചില പ്രവൃത്തികളിലേർപ്പെടുന്നു. എല്ലാ കഥകളിലും നമുക്കുണ്ടാവുന്ന യുക്തിഭദ്രതയുടെ പ്രശ്നത്തെ പ്രശ്നമായിത്തന്നെ ബാക്കിവെക്കുന്നു.

പൂതപ്പാട്ടിലെ പൂതം സംസാരിക്കുന്ന ഭാഷ എങ്ങനെയായിരിക്കുമെന്ന് ഇടയ്ക്ക് സങ്കല്പിച്ചുനോക്കാറുണ്ട്. ഒരിക്കലും കേൾക്കാത്ത ആ ഭാഷകൂടിയാണ് പൂതത്തെ നിലനിർത്തുന്നത്. മലൈക്കോട്ടൈ വാലിബൻ ഭാഷയെ നിലനിർത്തുന്നത് ഒരൊറ്റ പ്രാദേശികതയിലേക്ക് ചുരുക്കാതെയാണ്. സ്വപ്നം കാണുമ്പോഴുള്ള ഭാഷയിൽ നമുക്ക് പരിചിതരായവർ അപരിചിതമായ ഭാഷ സംസാരിക്കുന്നതിലെ നിസ്സാരത പോലെ ഈ സിനിമയും ഭാഷയെ വെറുതെ വിടുന്നു. ദൃശ്യങ്ങളിൽ മൂടിപ്പോകുന്ന ഭാഷയല്ല വാലിബന്റെ ഭാഷ. ഏത് സാഹചര്യത്തിലും വീണ്ടെടുക്കാവുന്ന ആശയവിനിമയസാധ്യത മാത്രമാണത്. ഓരോ ഭൂപ്രദേശങ്ങളും കാഴ്ചയുടെ ഭാഷയായി പരിണമിക്കുമ്പോൾ വാചികമായ ആശയവിനിമയങ്ങൾ വാലിബനിൽ സമാന്തരമായ മറ്റൊരു വഴി തുറന്നിടുന്നു. അമ്മൂമ്മക്കഥകളിൽ വാക്കുകളെക്കാൾ, കേൾവിയിലൂടെ ഭാവനയിൽ രൂപപ്പെടുന്ന ലോകങ്ങൾ പ്രധാനമാകുന്നതുപോലെയാണത്. ഒരേസമയം കഥയുടെയും കാഴ്ചയുടേയുമൊപ്പം പ്രേക്ഷകർ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു.
ആ സഞ്ചാരത്തിന്റെ ചടുലതയും ഇഴച്ചിലുമൊക്കെ അതിനൊപ്പം സഞ്ചരിക്കുന്നവർക്ക് മാത്രമുള്ളതാണ്. ആസ്വദിക്കാവുന്നവർ ഒപ്പം നടക്കുന്നു, അല്ലാത്തവർ ഒപ്പമുള്ള നടത്തം നിർത്തുന്നു.

മലൈക്കോട്ടൈ വാലിബൻ എല്ലാവരുടെയും കപ്പ് ഓഫ് ടീയല്ല. അതിന്റെയർത്ഥം ആ സിനിമ ആരുടെയെങ്കിലും കപ്പ് ഓഫ് ടീ ആണെന്നുമല്ല. ലിജോ ജോസ് പെല്ലിശ്ശേരി എല്ലായ്പ്പോഴുമെന്നപോലെ, അയാൾക്കിഷ്ടമുള്ള ഒരു സിനിമ പുറത്തിറക്കിയിരിക്കുന്നു. മോഹൻലാൽ എന്ന നടനെ അയാൾക്കാവശ്യമുള്ളവിധത്തിൽ ഉപയോഗിച്ചിരിക്കുന്നു. താരരാഷ്ട്രീയത്തിന്റെ വടംവലികൾക്കിടയിലൂടെ ആരാധകവൃന്ദം പലതും പ്രതീക്ഷിക്കുന്നത് ലിജോയുടെ തെറ്റല്ല. അതിനെ തൃപ്തിപ്പെടുത്തുന്ന സിനിമയല്ലാത്തതുകൊണ്ട് വാലിബൻ കല്ലെറിയപ്പെടേണ്ടതല്ല.

മലയാള സിനിമാചരിത്രത്തിലെ ഏറ്റവും ധൈര്യമുള്ള പരീക്ഷണമാണ് മലൈക്കോട്ടൈ വാലിബൻ. ലിജോയുടെ തന്നെ ഡബിൾ ബാരൽ എന്ന സിനിമ ഇവിടെ താരതമ്യപ്പെടുത്താവുന്ന ഒന്നാണ്. ബോക്സ് ഓഫീസ് പരാജയത്തിനുശേഷം കാലം ചെല്ലുന്തോറും ആ സിനിമയ്ക്ക് അത് ഡിമാൻഡ് ചെയ്യുന്ന പ്രേക്ഷകരുണ്ടാവുന്നു. വാലിബനെത്തേടിയും അവർ വരിക തന്നെ ചെയ്യും. കാലം തെറ്റിപ്പെയ്യുന്ന മഴയെ നോക്കി പലരും പറയുന്നത് കേട്ടിട്ടില്ലേ... എന്തൊരു നശിച്ച മഴ!

(റഫറൻസ്: രാജഗോപാലൻ, സി. ആർ, ഫോക് ലോർ സിദ്ധാന്തങ്ങൾ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2019.)

Comments