‘ആളൊരുക്കം’, ‘സബാഷ് ചന്ദ്രബോസ്’ എന്നിവയാണ് എൻെറ ആദ്യത്തെ രണ്ട് സിനിമകൾ. അവയിൽ നിന്ന് അൽപം വ്യത്യസ്തമായ ഒരു പരീക്ഷണമാണ് ‘എ പാൻ ഇന്ത്യൻ സ്റ്റോറി’. ഇതൊരു ഫാമിലി ത്രില്ലർ ഗണത്തിൽ പെടുന്ന സിനിമയാണ്. സാധാരണ ത്രില്ലർ എന്ന് പറയുമ്പോൾ, കുടുംബത്തിന് പുറത്തേക്ക് പോവുകയാണല്ലോ ചെയ്യുക. സിനിമകളിൽ ചെയ്തുവരുന്നൊരു രീതി അങ്ങനെയാണ്. ഇത് കുടുംബത്തിനകത്തുനിന്നു തന്നെ ത്രില്ലിങ് ആയ സംഭവങ്ങൾ ആവിഷ്കരിക്കുന്ന സിനിമയാണ്. ഇന്ത്യയിലെ ഏത് വീട്ടിലും അവതരിപ്പിക്കാൻ പറ്റുന്ന കഥയായതുകൊണ്ടാണ് സിനിമയുടെ പേര് ‘എ പാൻ ഇന്ത്യൻ സ്റ്റോറി’ എന്നായത്.
എല്ലാ വീട്ടിലും ഇങ്ങനെ നടക്കുന്നു എന്നു ഞാൻ പറയില്ല. എന്നാൽ എല്ലാ വീട്ടിലെയും ആളുകൾക്ക് മനസ്സിലാവുന്ന കഥയാണ്. ഇന്ത്യയിലെ ഏത് ഭാഷയിലും ഈ കഥ മനസ്സിലാവും. എവിടെയും ഇത് നടന്നേക്കാൻ സാധ്യതയുള്ളതാണ്. വിഷ്ണു ഉണ്ണികൃഷ്ണൻ, ധർമജൻ ബോൾഗാട്ടി, ഫഹദ് സിദ്ദീഖ്, ജോണി ആൻറണി, ഡാവിഞ്ചി സതീഷ്, രമ്യ സുരേഷ്, ഷൈലജ അംബു, വിസ്മയ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ആദ്യസിനിമയായ ‘ആളൊരുക്കം’ IFFK-യിൽ വരുമെന്ന് പ്രതീക്ഷിച്ചിരുന്നു. വലിയ രീതിയിൽ അംഗീകാരം ലഭിക്കുകയും ചർച്ചയാവുകയും ചെയ്ത സിനിമയായിരുന്നു അത്. ആ സിനിമയിലൂടെയാണ് ഇന്ദ്രൻസിന് മികച്ച നടനുള്ള പുരസ്കാരം ലഭിക്കുന്നത്. സിനിമയ്ക്ക് ദേശീയ പുരസ്കാരവും ലഭിച്ചു. അങ്ങനെയൊരു സിനിമ IFFK-യിൽ വരാതിരുന്നതിൽ വലിയ വിഷമം തോന്നുകയും പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ അതൊരു ജൂറിയുടെ തീരുമാനമാണെന്നും, സിനിമ ഒരു ഫെസ്റ്റിവെലിനയച്ചാൽ ജൂറിയെ ബഹുമാനിക്കണം എന്നുമുള്ള ഒരു കരുതൽ എനിക്ക് ആ ഘട്ടത്തിലുണ്ടായിരുന്നില്ല.
‘ആളൊരുക്കം’ IFFK-യിൽ വരാതിരുന്നതിൽ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. എന്നാൽ അതൊരു ജൂറി തീരുമാനമാണെന്നും, ഒരു ഫെസ്റ്റിവെലിന് അയച്ചാൽ ജൂറിയെ ബഹുമാനിക്കണം എന്നുമുള്ള കരുതൽ എനിക്ക് ആ ഘട്ടത്തിലുണ്ടായിരുന്നില്ല.
രണ്ടാമത്തെ ചിത്രമായ ‘സബാഷ് ചന്ദ്രബോസ്’ IFFK-യിലേക്ക് തെരഞ്ഞെടുക്കപ്പെടാതിരുന്നപ്പോൾ അത് പക്വതയോടെ ഉൾക്കൊള്ളാൻ സാധിച്ചു. ഓരോ ജൂറിയും അവരവരുടേതായ ഇഷ്ടത്തിന് സിനിമകൾ തെരഞ്ഞെടുക്കുകയാണെന്ന തിരിച്ചറിവ് എനിക്കുണ്ട്. പുതിയ സിനിമ IFFK-യിൽ ഉൾപ്പെട്ടപ്പോൾ അമിത സന്തോഷമൊന്നുമില്ല. തീർച്ചയായും ഇത്തരമൊരു വലിയ വേദിയിൽ പ്രദർശിപ്പിക്കുന്നതിൽ സന്തോഷവും അഭിമാനവുമുണ്ട്. IFFK വേദിയിൽ കൂടുതൽ ആളുകൾ കാണുമെന്നും അവരുടെ അഭിപ്രായം അറിയാൻ സാധിക്കുമെന്നുമുള്ള പ്രതീക്ഷയുമുണ്ട്.
എൻെറ മൂന്ന് സിനിമകളും ആർട്ട് ഹൗസ് സിനിമയാണെന്ന് വിശ്വസിക്കുന്നില്ല. മൂന്നും സമാന്തരമായ കഥ പറച്ചിൽ രീതിയിലാണ് ചെയ്തിട്ടുള്ളത്. എനിക്ക് ആർട്ട് ഹൗസ് സിനിമ എന്താണെന്ന് ഇപ്പോഴും അറിയില്ല. ആർട്ട് ഹൗസ് എന്ന് പറയുന്നത് ബൗദ്ധികതയുടെ അതിപ്രസരമുള്ള സിനിമാ കാഴ്ചപ്പാടിനെ അവതരിപ്പിക്കുന്നതാണെങ്കിൽ എൻെറ മൂന്ന് സിനിമകളും ആ ഗണത്തിൽ പെടുത്താവുന്നവയല്ല. അത് എൻെറ പരിമിതിയാവാം. ആദ്യ സിനിമയായ ആളൊരുക്കത്തിൽ കൃത്യമായ ഒരു പ്രമേയം പറഞ്ഞിട്ടുണ്ട്. സബാഷ് ചന്ദ്രബോസാണ് എൻെറ ഏറ്റവും നല്ല സിനിമയെന്ന് ഞാൻ വിശ്വസിക്കുന്നു. അത് ആളുകൾ നന്നായി സ്വീകരിക്കുകയും തിയേറ്ററിൽ വിജയം നേടുകയും ചെയ്തിരുന്നു. 1986-ൽ നടക്കുന്ന ഒരു സംഭവത്തെ ഹ്യൂമറസായി അവതരിപ്പിക്കുന്ന സിനിമയാണത്. പാൻ ഇന്ത്യൻ സ്റ്റോറിയിലും പ്രമേയത്തിന് വലിയ പ്രസക്തിയുണ്ട്. അത് പറയാൻ എൻേറതായ രീതി അവലംബിച്ചുവെന്നേയുള്ളൂ. വളരെ ലളിതമായി കഥ പറഞ്ഞ് അവസാനിപ്പിക്കുന്നതാണ് രീതി. എനിക്കൊരു കഥ പറയണം… അത് ഞാൻ എൻേറതായ ശൈലിയിൽ ചെയ്യുന്നു എന്നേയുള്ളൂ. ചിലപ്പോൾ ആ ശൈലി മറ്റാരുടെയെങ്കിലും സ്വാധീനത്തിൽ രൂപം കൊണ്ടതാവാം.
IFFK-യിലെ ‘മലയാളം സിനിമ ടുഡേ’ വിഭാഗത്തിൽ വരുന്ന സിനിമകളെല്ലാം കാണാൻ ശ്രമിക്കാറുണ്ട്. ഇത്തവണയും അതിലെ സിനിമകളെല്ലാം കാണാൻ ആഗ്രഹിക്കുന്നുണ്ട്. ചില സിനിമകളുടെ സംവിധായകർ സുഹൃത്തുക്കളാണ്. മത്സരവിഭാഗത്തിലുള്ള ഇന്ദുലക്ഷ്മിയുടെ അപ്പുറം എന്ന സിനിമയും കൃഷാന്തിൻെറ സിനിമയുമൊക്കെ കാണാൻ വലിയ ആഗ്രഹമുണ്ട്. ഉദ്ഘാടന സിനിമയാണ് (I am still here) ഏറ്റവും പ്രതീക്ഷയുള്ള ഒരു സിനിമ.
2024-ൽ കണ്ടതിൽ വളരെയധികം ഇഷ്ടപ്പെട്ട ഒരു സിനിമ ഡോൺ പാലത്തറയുടെ ‘ഫാമിലി’യാണ്. അത് കഴിഞ്ഞ വർഷം IFFK-യിൽ ഉണ്ടായിരുന്നു. ഫാസിൽ റസാഖിൻെറ തടവാണ് മറ്റൊന്ന്. ഇത് രണ്ടും ഞാൻ ഇപ്പോഴാണ് കാണുന്നത്. ഈ സിനിമകളുടെ കണ്ടൻറും ചെയ്ത രീതിയുമാണ് ആകർഷിച്ചത്.
▮
IFFK-യിലെ ‘‘എ പാൻ ഇന്ത്യൻ സ്റ്റോറി’ ഷെഡ്യൂൾ:
14.12.2024: കലാഭവൻ
17.12.2024: ന്യൂ തിയറ്റർ സ്ക്രീൻ 1
19.12.2024: ശ്രീ