മാലിക് എങ്ങനെയാണ് ബീമാപ്പള്ളിയുടെ കഥയാകുന്നത്?

വിഴിഞ്ഞത്തെ ‘നോ മാൻസ് ലാൻഡ്’ എന്ന ദുഷ്ടസങ്കൽപം തകർക്കാനാണ് കേരളത്തിലെ മനസ് ഒന്നിക്കേണ്ടതെന്ന് ‘മാലിക്’ സിനിമയുടെ പശ്ചാത്തലത്തിൽ കഥാകൃത്തായ ലേഖകൻ

പി. പദ്മരാജന്റെ ‘അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ’ എന്ന സിനിമയുണ്ട്. ഒരു മുസ്​ലിം പേരുള്ള മനുഷ്യനാണ് നായകൻ. അയാളും സുഹൃത്തുക്കളും, ഗ്രാമത്തിലെ ഒരു ആഢ്യ ഹിന്ദു സ്ത്രീ നടത്തുന്ന വേശ്യാഗൃഹം സന്ദർശിക്കുന്നതാണ് കഥ. തുടർന്നുള്ള വർഗീയലഹളയിൽ നായകൻ കൊല്ലപ്പെടുന്നു. ചിത്രം അമ്പേ പരാജയപ്പെട്ടു. പക്ഷേ ആ ചലച്ചിത്രം കാലത്തിന്റെ മുന്നിൽ തോറ്റില്ല.

സങ്കുചിതമനോനിലകൾ വരുത്തുന്ന അപകടങ്ങളെ കുറിച്ച് ധൈര്യപൂർവം കഥ പറയാൻ പിൽക്കാല കലാകാരന്മാർക്ക് പ്രചോദനമായി നിലനിന്നു. അതിന്റെ തുടർച്ചയാകും ഈയിടെ ഇറങ്ങിയ മാലിക്​’ എന്ന സിനിമ. ഇപ്പോഴല്ല, പിന്നെ.
കാരണം, കാലം കഴിയുന്തോറും സമൂഹത്തിന്റെ സങ്കുചിതത്വങ്ങളുടെ മേൽ കലാകാരന് ധൈര്യത്തോടെ കഥ പറയാൻ എളുപ്പമല്ലാതായി. ഇപ്പോൾ പുതിയ സിനിമയിലെ പുതിയ ചെറുപ്പക്കാർ അതിനെ ലംഘിക്കാൻ ശ്രമിക്കുന്നു. അപ്പോൾ ആക്രമണങ്ങളുടെ കാലമായി. അതുവരെ ശത്രുപക്ഷത്തുനിന്ന സാമുദായിക, യാഥാസ്ഥിതിക സങ്കുചിത ചിന്താധാരകൾ ഒരുമിക്കുന്നു. പ്രതിരോധിക്കുന്നു. അത് കല കൊള്ളേണ്ടിടത്തുകൊണ്ടു എന്നതിന്റെ നല്ല സൂചനയാണ്. സമൂഹത്തെ പിന്നോട്ടു വലിക്കാൻ ഞങ്ങളെ അനുവദിച്ചില്ലെങ്കിൽ ഒരുമിച്ചെതിർക്കും എന്ന് ഇവർ പറയുന്നു. കലാകാരന്മാരെ ഇവർ ഒറ്റതിരിഞ്ഞ് തകർത്തിട്ടിട്ടുണ്ട്. ചിരകാലം പറ്റില്ല. കാലം, അയാളുടെ കഥയും കൊണ്ട് ഉരുളും.

ചലച്ചിത്രസ്വാംശീകരണത്തിൽ വിയോജിപ്പുണ്ടാകും. കൈകാര്യം ചെയ്തതിൽ പിഴവു വരാം. കഥാഘടനയിൽ പാളിച്ച വരാം. അയാളുടെ ഉദ്ദേശ്യശുദ്ധിയിൽ അപകടം പതിയിരിപ്പുണ്ടെങ്കിൽ അതു പറഞ്ഞ് ആക്രമിക്കാം. ഇവിടെ അതല്ല കാണുന്നത്.

ഞാൻ ഈ സിനിമ ഒരു ജനതയുടെ അതിജീവനത്തിന്റെ കഥയായിട്ടാണ് കണ്ടത്. ഒന്നര പതിറ്റാണ്ടിലേറെ ഞാൻ പത്രപ്രവർത്തകനായി, തിരുവനന്തപുരം നഗരത്തിലെ വാർത്തകൾ കൈകാര്യം ചെയ്തിരുന്ന ആളാണ്. അവരുടെ വേദനകളും അതിജീവനവും കഥയാക്കാനുള്ള സാന്ദ്രതയുള്ളതായിരുന്നു.
ഒരു എഴുത്തുകാരനും ധൈര്യം വന്നില്ല.

ചെറിയൊരു ദുർഗന്ധം പോലും സഹിക്കാത്ത നഗരത്തിലെ മനുഷ്യർ വലിച്ചെറിയുന്ന ചവറുകൾ വന്നടിഞ്ഞ്, അതിനിടയിൽ പുഴുക്കളെ പോലെ കഴിഞ്ഞ ഒരു ജനത. അതിനെ ബീമാപ്പള്ളി എന്നു പറഞ്ഞു ചുരുക്കുന്നിടത്താണ് പ്രശ്നം. ഇങ്ങനെ എത്രയോ ഇടങ്ങളുണ്ട്; ലോകമെങ്ങുമുളള നഗരത്തിന്റെ നാറുന്ന ഓരങ്ങളിൽ. നിവൃത്തികേടിന്റെ അങ്ങേയറ്റത്തു നിന്ന് ഈ ജനതയിലെ ഒരു ചെറുപ്പക്കാരൻ പ്രതിരോധിക്കാൻ നോക്കുന്നു. സമുദായഭേദമില്ലാതെ ജനതയെ ഒന്നിച്ചു ചേർത്തുപിടിച്ചുകൊണ്ട്. വിശപ്പ് മാറ്റുക, ജീവിക്കുക, നല്ല വായു ശ്വസിക്കുക എന്നതായിരുന്നു പ്രശ്നം. അവർ ഒന്നിച്ചു നിന്നു. ഇടയ്ക്ക് രാഷ്ട്രീയക്കാരില്ല. മതത്തിന്റെ ദുഷിപ്പില്ല. കുത്തിത്തിരിപ്പുകാരില്ല. കാരണം അവരുടെ കയ്യിൽ ഒന്നുമില്ല.

മീനിന്ന് അന്ന് വിലയില്ല. കടൽ വലിയ പാഠമാണ്. കൊച്ചു കൊച്ചു കള്ളക്കടത്തു സാധനങ്ങൾ തുറയിൽ അടുപ്പിക്കാമെന്ന് കണ്ടെത്തി. അതുവരെ ഇതൊരു പ്രണയ സിനിമയാണ്. പണം വന്നപ്പോൾ രാഷ്ട്രീയക്കാർ വന്നു. തൽപ്പരകക്ഷികൾ വളർന്നു. പ്രണയത്തിൽ വിള്ളൽ വന്നു. സുഹൃദ്ബന്ധങ്ങൾ വീഴ്​ത്തി. ആദ്യം സമൂഹത്തെ സാമുദായികമായി രണ്ടാക്കി. വീണ്ടും ഭരിക്കാൻ ഉതകുന്ന വിധത്തിൽ ഒരു സമുദായത്തെ പിന്നെയും പല തട്ടാക്കി. സിനിമയിൽ പച്ചക്കൊടിയുടെ പശ്ചാത്തലത്തിൽ വില്ലനായ എംഎൽഎ വേദിയിൽ നിൽക്കുന്നത് ഈ സൂചനയ്ക്കാണ്.

ഇത്തരം കാര്യങ്ങൾ കുത്തിപ്പൊക്കി, ഒരു മതത്തിന്റെ പേരു പറഞ്ഞുള്ള ‘ഫോബിയ’ എന്നൊക്കെ പറഞ്ഞ് ചില സാംസ്കാരികനായകന്മാർ രംഗത്തു വന്നത് വലിയ സൂക്ഷ്മതക്കുറവാണ്. ഒരു കലാസൃഷ്ടിയെ കലയായി കാണണം. അല്ലാതെ നമുക്ക് വിയോജിപ്പുള്ള സ്ഥലങ്ങളിൽ അതിനെ യഥാർഥ ജീവിതമായി കാണുകയും, യോജിപ്പുള്ള കാര്യങ്ങളിൽ സിനിമയായി കാണുന്നതും നല്ലതല്ല.

തൻകാര്യത്തിൽ ഒരു ഫോബിയയും ഇന്നു വരെ കേരളസമൂഹത്തിലില്ല. ബീമാപ്പള്ളി ഭാഗത്ത് എല്ലാ സമുദായങ്ങളും സുരക്ഷിതമായി തന്നെ ‘പർച്ചേസ്’ ചെയ്തു മടങ്ങിയിട്ടുണ്ട്. എല്ലാ സമൂഹത്തിലെയും രാഷ്ട്രീയപാർട്ടിയിലെയും ഉന്നതർ ഉൾപ്പെടെ.

കേരളത്തിൽ മൂന്നു പ്രബല മതങ്ങളുണ്ട്. അവരിലുള്ളവരുടെ പേരു വച്ച് നായകന്മാരുണ്ടാകും. പ്രത്യേക സംസ്കാരം ഉള്ളവരെ കുറിച്ച്, പല മാതിരി മനുഷ്യർ തിങ്ങിപ്പാർക്കുന്ന ഇടങ്ങളെ വച്ച്, മലയാളത്തിലെ തന്നെ പല തരം ഭാഷ വച്ച്, രാഷ്ട്രീയത്തെ കുറിച്ച് ഒക്കെ ഇനിയും കേരളത്തിൽ കഥകൾ ഉണ്ടാകും. അവ എഴുതപ്പെടും. സിനിമകൾ വരും. എതിർക്കപ്പെടും. അതിനിടയിലൂടെ ക്രിയാത്മകമായ ഉരുത്തിരിയലുകൾ ഉണ്ടാകും. കലാകാരന്റെ ഉദ്ദേശ്യശുദ്ധിയിൽ പാകക്കുറവുണ്ടെങ്കിൽ പഴിക്കാം. എതിർക്കാം. കഥയിലെ കഥ, ഒരു പ്രത്യേക പ്രദേശത്തിന്റെയോ സമുദായത്തിന്റെയോ ആണെന്ന് കളംവരച്ച് ചിന്തിക്കരുത്. പറയുന്നവർ തോറ്റു പോകും. കലാകാരനും മതേതരകേരളവും അതിനെ ഭേദിച്ച് കടക്കും.

തങ്ങൾ ഒരു കൈത്താങ്ങും കൊടുക്കാത്ത ജനത സ്വയം ഒരു സിസ്റ്റമുണ്ടാക്കുമ്പോൾ, അതിനെ തുലയ്ക്കാൻ ആ ജനതയ്ക്കുള്ളിൽ നിന്നു തന്നെ ഭരണകൂടം പണിയെടുക്കുമെന്നാണ് ഈ സിനിമ പറയുന്ന രാഷ്ട്രീയം. അതിൽ സമുദായവും വർഗവും കൊടിയുടെ നിറവുമൊന്നുമില്ല.
ഇനി ഒളിച്ചോടണ്ട, ബീമാപള്ളിയുടെ കഥ തന്നെയാണിത്. അതിന്റെ രാഷ്ട്രീയത്തിലേയ്ക്ക് വരൂ എന്നാണെങ്കിൽ ഓക്കെ. ഏറ്റവും വലിയ രാഷ്ട്രീയം തിരുവനന്തപുരത്ത് രണ്ടു സമുദായത്തിനുമിടയിൽ നൂറു മീറ്ററോളം ദൂരത്തിൽ ‘നോ മാൻസ് ലാൻഡാ’യി ഇന്നും കിടപ്പുണ്ട്. അൻപതു കൊല്ലമായി. ഈ 100 മീറ്റർ പ്രദേശത്ത് രണ്ടു സമുദായത്തിലുമുള്ളവർ പരസ്പരം സന്ധിച്ചു കൂടാ. വള്ളം കയറ്റി വച്ചു കൂടാ. ഇപ്പോഴും കാറ്റാടി കഴ കൊണ്ടുവന്ന് സർക്കാർ മതിൽ കെട്ടുന്നു. എന്നിട്ടും അവർ പരസ്പരം പോകുന്നു. സുഹൃത്തുക്കളാകുന്നു. ഭരണകൂടം അവരെ വിശ്വാസത്തിലെടുത്തില്ല.

‘ബർലിൻ മതിൽ’ ഇല്ലാത്ത, വേർതിരിവില്ലാത്ത ഒരു തീരദേശ കേരളം തിരിച്ചുപിടിക്കാനാണ് ശ്രമിക്കുന്നത്. അതിന് ഈ സിനിമ പ്രചോദനമാകുന്നെങ്കിൽ അങ്ങനെയാകട്ടെ. അതിനായി തുടങ്ങാം ക്രിയാത്മകമായ യുദ്ധം. പണ്ടെന്നോ നടന്ന ഒരു ലഹളയുടെ പേരിൽ ഇപ്പോഴും മനുഷ്യരെ വേർതിരിച്ചു വച്ചിരിക്കുന്ന ഈ ഭരണകൂട സങ്കുചിതത്വത്തിനെതിരെയുള്ള പോരാട്ടം.



ജി. ആർ. ഇന്ദുഗോപൻ

കഥാകൃത്ത്, നോവലിസ്റ്റ്. മാധ്യമപ്രവർത്തകനായിരുന്നു. അമ്മിണിപ്പിള്ള വെട്ടുകേസ്, തസ്കരൻ മണിയൻ പിള്ളയുടെ ആത്മകഥ, ഡിറ്റക്​ടീവ്​ പ്രഭാകരൻ, വിലായത്ത്​ ബുദ്ധ ഉൾപ്പടെ മുപ്പതിലേറെ കൃതികൾ.

Comments