നാളുകൾ നീണ്ട കാത്തിരിപ്പുകൾക്കൊടുവിലാണ് മാലിക് ബുധനാഴ്ച റിലീസായത്. പെരുന്നാളിന് തീയേറ്ററിൽ റിലീസ് ആകാത്തതിന്റെ നിരാശ നല്ലോണമുണ്ട്. കണ്ടു തീർന്നപ്പോൾ സങ്കടം ഇരട്ടിച്ചു. മാലിക് അതിഗംഭീര തിയേറ്റർ എക്സ്പീരിയൻസ് ആണ്.
എല്ലാ കാലവും വളച്ചൊടിക്കപ്പെടുന്ന ഒന്നാണ് ചരിത്രം . രാഷ്ട്രീയ- സാമുദായിക-വ്യക്തിഗത താൽപര്യങ്ങൾക്കനുസരിച്ച് അത് പുനർ നിർമ്മിക്കപ്പെടുന്നത് കലയുടെ ചരിത്രത്തിലുടനീളം കാണാം. 2009 മെയ് 17ന്, കേരളീയ സമൂഹത്തെ ഞെട്ടിച്ച് നടന്ന ബീമാപള്ളി വെടിവെപ്പാണ് സിനിമയുടെ പശ്ചാത്തലം. ഭരണകൂട വഞ്ചനയും വർഗ്ഗീയ സംഘർഷങ്ങളും രാഷ്ട്രീയ മുതലെടുപ്പുമൊക്കെ ചരിത്രത്തിന്റെ പക്ഷത്തു നിന്നുകൊണ്ട് തന്നെ പറഞ്ഞു പോകാൻ സംവിധായകന് കഴിയുന്നുണ്ട് എന്നത് സമകാലിക സാമൂഹിക പശ്ചാത്തലത്തിൽ എടുത്തു പറയേണ്ട ഒന്നാണ്. ബീമാപ്പള്ളിയിൽ ക്രൈസ്തവ -മുസ്ലിം മുദായങ്ങൾക്കിടയിൽ സംഘർഷം ഉടലെടുത്തതിനുപിന്നിൽ ഭരണകൂടത്തിനും രാഷ്ട്രീയ സംഘടനകൾക്കും എത്രത്തോളം പങ്കുണ്ട് എന്ന് സിനിമയിൽ വ്യക്തമാണ്. വർഗീയതയെ ഒരു മറയുമില്ലാതെ സിനിമ തുറന്നു കാണിക്കുന്നുണ്ട്.
റമദാ പള്ളിയിൽ നിയമങ്ങൾ വ്യത്യസ്തമാണ്. ഭരണകൂടം അത്രത്തോളം അവരെ വഞ്ചിച്ചിട്ടുണ്ട്. അവരുടെ "മാലിക്’ ആണ് സുലൈമാൻ അലി അഹമദ്. കള്ളക്കടത്തിൽ തുടങ്ങി പിന്നീട് റമദാ പള്ളിയുടെ രക്ഷകനായി മാറുന്ന സുലൈമാൻ മാലിക്. പേര് അർത്ഥമാക്കുന്നത് പോലെ തന്നെ അയാൾ അവരുടെ യജമാനനാണ്. അയാൾ വളർത്തിയെടുത്തതാണ് റമദാ പള്ളി . ആ മണ്ണാണ് അയാളെ വളർത്തിയതും. കൈവെള്ളയിൽ പരാതികൾ എഴുതി വാങ്ങിയാണ് അയാൾ ഹജ്ജിനു യാത്രയാവുന്നത്. എന്നാൽ ആ യാത്ര അയാൾക്ക് പൂർത്തിയാക്കാനാകുന്നില്ല. വർഷങ്ങൾക്കുശേഷം റമദാപള്ളിയിൽ നിന്ന് പുറത്ത് വരുന്ന മാലിക്കിനെ വേട്ടയാടാൻ കാത്തിരിക്കുകയായിരുന്നു ഭരണകൂടവും പൊലീസും. റമദാ പള്ളിയിൽ അവർക്കതിന് സാധിക്കുമായിരുന്നില്ല.
കഥക്കുള്ളിൽ പല ഉപകഥകളും കടന്നുവരുന്നുണ്ട്. പലതിലേക്കും സംവിധായകൻ പ്രേക്ഷകനെ കൊണ്ടെത്തിക്കുന്നു. എന്നാൽ ഒന്നും പൂർണമല്ല. ഒരു സീരീസായി റിലീസ് ചെയ്യാൻ പാകത്തിന് കഥകളുണ്ട് റമദാ പള്ളിക്ക് പറയാൻ. സുലൈമാൻ മാലിക്കിന്റെ വളർച്ചയുടെ കഥ പറയാൻ തന്നെ സിനിമയുടെ പകുതിയോളം സമയം എടുക്കുന്നുണ്ട്. ഇതോടൊപ്പം ആണ് റമദാ പള്ളിയിലെ മറ്റ് കഥകളും. അവ രണ്ടേമുക്കാൽ മണിക്കൂറിൽ ചുരുക്കിയതും ചില അഭിനേതാക്കൾക്ക് പ്രാദേശിക ശൈലിയോട് നീതിപുലർത്താൻ കഴിയാൻ ആവാത്തതും മാത്രമാണ് സിനിമയുടെ പോരായ്മ.
അല്പനേരം മാത്രമേ ഉള്ളൂ എങ്കിലും സുലൈമാനും നിമിഷ അവതരിപ്പിച്ച റോസലിനും തമ്മിലുളള പ്രണയം അതിന്റെ മനോഹാരിതയിൽ കാണാൻ കഴിയും. ഫഹദിലെ കാമുകൻ പൂർണമായും സുലെെമാനിലുണ്ട്. അയാളുടെ ഓരോ നോട്ടവും പ്രേക്ഷകന്റെ ഹൃദയത്തിലേക്ക് കൂടിയാണ് വന്ന് പതിക്കുന്നത്.
സുലൈമാൻ മാലിക്കിലൂടെ ഗംഭീര പ്രകടനം കാഴ്ചവച്ചു ഫഹദ്. നിമിഷയുടെ കരിയർ ബെസ്റ്റ് പെർഫോമൻസ്. ഓരോ കഥാപാത്രവും അഭിനയമികവോടെ കാഴ്ചവച്ച ആദ്യ 13 മിനിറ്റിലെ ലോങ്ങ് ഷോട്ട്. സുഷിന്റെ ഉള്ള് തൊടുന്ന സംഗീതം.
സിനിമ അവസാനിക്കുമ്പോൾ ഉള്ളിൽ നിറയുന്നത് ഇതൊക്കെയാണ്. മഹേഷ് നാരായണനൊപ്പം കലാസംവിധായകനായ സന്തോഷ് രാമനും ഛായാഗ്രാഹകനായ സാനു ജോൺ വർഗീസും പ്രത്യേക അഭിനന്ദനം അർഹിക്കുന്നുണ്ട്.
ഒതുക്കിനിർത്തിയില്ലായിരുന്നുവെങ്കിൽ ഒരുപക്ഷേ മാലിക്കായി ഇതിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഫഹദിന് കഴിയുമായിരുന്നു. അയാൾ പലപ്പോഴും നമ്മുടെ പരിധികൾപ്പുറമാണ്. ‘നായകനു’ മായും ‘വടചെന്നൈ’ മായും താരതമ്യപ്പെടുത്തുന്നുണ്ടെങ്കിലും മലയാളത്തിലെ "മാലിക്ക്’ ആയി തന്നെ ലോകത്തിന് മുന്നിൽ ഈ സിനിമ അറിയപ്പെടട്ടെ..
2009 മെയ് 17നായിരുന്നു ഏറെ രാഷ്ട്രീയ വിവാദങ്ങളുണ്ടാക്കിയ ബീമാപള്ളി വെടിവെപ്പ് നടന്നത്. പൊലീസ് ജനങ്ങൾക്കുനേരെ നിറയൊഴിച്ചതിൽ ആറ് മുസ്ലിം മത്സ്യത്തൊഴിലാളികളാണ് കൊല്ലപ്പെട്ടത്, 52 പേർക്ക് പരിക്കേറ്റു. മെയ് 16ന് കൊമ്പ് ശിബു എന്ന ഗുണ്ട ബീമാപ്പള്ളി ചെറിയതുറ ഭാഗത്ത് സൃഷ്ടിച്ച അതിക്രമങ്ങളുടെ തുടർച്ചയായ സംഘർഷാവസ്ഥ പുറത്തേക്ക് വ്യാപിക്കുകയും അത് വെടിവെപ്പിലെത്തുകയും ചെയ്തുവെന്നാണ് പൊലീസ് ഭാഷ്യം. കേരളം കണ്ട വലിയ വെടിവെപ്പ് നടക്കുമ്പോൾ കോടിയേരി ബാലകൃഷ്ണനായിരുന്നു അന്ന് ഇടതുമുന്നണി സർക്കാറിൽ ആഭ്യന്തമന്ത്രി.
അന്നത്തെ സബ് കളക്ടർ സഞ്ജീവ് കൗളിന്റെ നിർദ്ദേശപ്രകാരമാണ് വെടിയുതിർത്തതെന്ന് പൊലീസ് പറഞ്ഞുവെങ്കിലും പിന്നീട് അത് സത്യമല്ല എന്ന് ബോധ്യപ്പെട്ടു. കണ്ണീർ വാതകം, റബ്ബർ ബുള്ളറ്റ്, വെള്ളം ചീറ്റൽ, ലാത്തി പ്രയോഗം എന്നിവ ഒന്നുമില്ലാതെയാണ് നേരിട്ട് വെടിയുതിർക്കാൻ ആരംഭിച്ചത്. 16 വയസ്സുള്ള കുട്ടിയെ വലിച്ചിഴച്ച, ക്രൂരമായ മുസ്ലിം വേട്ടയ്ക്ക് ഉത്തരവാദികളായ പൊലീസുദ്യോഗസ്ഥർക്ക് കാര്യമായ ശിക്ഷ ലഭിച്ചില്ല. ജസ്റ്റിസ് കെ. രാമകൃഷ്ണന്റെ നേതൃത്വത്തിൽ വി.എസ്. അച്യുതാനന്ദൻ സർക്കാർ നടത്തിയ അന്വേഷണ റിപ്പോർട്ട് ഇന്നും പുറത്തു വിടാത്തത് നിരവധി ദുരൂഹതകളുയർത്തുന്നുമുണ്ട്.