കവെൻട്രി പാറ്റ്മോറിന്റെ 'ദി എയ്ഞ്ചൽ ഇൻ ദ ഹൗസ്' എന്ന കവിതയുടെ ശീർഷകത്തിന് അനുയോജ്യമായ മലയാള വിവർത്തനം ‘ഉത്തമ സ്ത്രീ’ എന്നോ ‘വീട്ടകത്തെ മാലാഖ’ എന്നോ വിവക്ഷിക്കാം. വിക്ടോറിയൻ കാലഘട്ടത്തിൽ രചിക്കപ്പെട്ട കവിതയുടെ ഉള്ളടക്കം മലയാളത്തിലുണ്ടായിട്ടുള്ള ചില കവിതകൾക്കും സിനിമാഗാനങ്ങൾക്കും സമാനമാണ്. പാറ്റ്‌മോർ സ്വന്തം ഭാര്യയായ എമിലിയെ സങ്കല്പിച്ചെഴുതിയ വരികളിൽ ഉത്തമ സ്ത്രീസങ്കൽപ്പത്തെ വർണിക്കുന്നത് passive, powerless, meek, charming, graceful, sympathetic, pure, self-sacrificing എന്നീ വിശേഷങ്ങളോടെയാണ്. ഭാരതീയ സ്ത്രീ സങ്കൽപ്പവും വിക്ടോറിയൻ സദാചാര മൂല്യങ്ങളും അത്രമേൽ സ്വാധീനം ചെലുത്തിയ സംസ്കാരം എന്ന നിലക്ക് ഇന്ത്യൻ സ്ത്രീയെക്കുറിച്ചുള്ള വർണനകളിൽ എയ്ഞ്ചൽ ഇൻ ദ ഹൗസ് എന്ന സങ്കല്പനം നിഴലിച്ചുനിൽക്കും. കലയിൽനിന്നും സാഹിത്യത്തിൽ നിന്നും അടർന്നുമാറാൻ വിസമ്മതിച്ചുകൊണ്ട് പാറ്റ്മോറിന്റെ മാലാഖ കാലങ്ങളായി ഇവിടെ നിലനിൽക്കുന്നു.
വിർജീനിയ വൂൾഫ് തന്റെ ഉള്ളിലെ മാലാഖയെ പിഴുതെറിഞ്ഞുകൊണ്ടാണ് സാഹിത്യ പ്രവർത്തനത്തിൽ സ്വാതന്ത്ര്യത്തോടെ ഇടെപെടാൻ തുടങ്ങിയത് എന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പാറ്റ്മോറിന്റെ കവിതക്ക് മറുപടിയായി വിർജീനിയ എഴുതിയ 'Killing the angel in the house’ എന്ന ലേഖനം എഴുത്തിൽ ഇടപെടുന്ന എല്ലാവരോടുമുള്ള ആഹ്വാനമാണ്. എല്ലാ എഴുത്തുകാരുടെയും ഉള്ളിൽ ചരിത്രാതീതമായി നിലകൊള്ളുന്ന ഒരു മാലാഖാ സങ്കല്പമുണ്ട്. സ്ത്രീ കഥാപാത്രങ്ങളുടെ സൃഷ്ടിയിലേക്ക് എഴുത്തുകാർ പ്രവേശിക്കുന്ന സന്ദർഭത്തിൽ ഉള്ളിലെ ഉത്തമ സ്ത്രീസങ്കല്പം എഴുത്തിൽ ഇടപെടുകയും അവരുടെ സൃഷ്ടിപരതയെ വഴിതിരിച്ചുവിട്ട് സദാചാര വാർപ്പുമാതൃകയിലുള്ള മാലാഖാ രൂപത്തെ സൃഷ്ടിക്കുകയും ചെയ്യും. വേഷത്തിലും രൂപത്തിലും സ്ഥലകാലങ്ങളിലും വ്യത്യസ്തരാകുമ്പോഴും സ്ത്രീ കഥാപാത്രങ്ങൾ ഏറെയും മൂല്യബോധങ്ങളുടെ അടിസ്ഥാനത്തിൽ ഒരേ ചിന്തയുടെ തുടർച്ചയായി മാത്രം അവശേഷിക്കുന്നു. ഉള്ളിലുള്ള മാലാഖ രൂപത്തെ തകർക്കാതെ ഒരെഴുത്തുകാരനും ആധുനികവും സ്വതന്ത്രവുമായ ഒരു സ്ത്രീ കഥാപാത്രത്തെ നിർമിക്കുവാൻ സാധിക്കില്ല എന്നതാണ് വിർജീനിയ വൂൾഫ് തന്റെ സുദീർഘമായ ലേഖനത്തിലൂടെ പറയാൻ ശ്രമിക്കുന്നത്.
‘ഉള്ളൊഴുക്കി’ലെ ഹിംസ
ആധുനികതയ്ക്കും പാരമ്പര്യ ബദ്ധമായ കെട്ടുപാടുകൾക്കുമിടയിൽ ജീവിക്കുന്ന മലയാളി സമൂഹം ഒരേസമയം ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണഭോക്താക്കക്കളും വിക്ടോറിയൻ സദാചാരത്തിന്റെ ഇരകളുമാണ്. ഉള്ളൊഴുക്കിലെ അഞ്ജുവിന്റെ നിർമിതിയിലും മേൽപ്പറഞ്ഞ ആന്തരിക സംഘർഷം വ്യക്തമാണ്. ആഖ്യാനത്തിന്റെ ചില ഘട്ടങ്ങളിൽ സ്വന്തം ശരീരത്തിന്റെയും ലൈംഗികതയുടെയും മേൽ അഞ്ജു സ്വതന്ത്രവും ധീരവുമായ തീരുമാങ്ങൾ എടുക്കുക്കുകയും മറ്റുചില സന്ദർഭങ്ങളിൽ സ്വയം കുറ്റവാളിയായി സങ്കല്പിച്ചുകൊണ്ട് ആത്മപീഡനത്തിന്റെ ചുഴിയിൽ അകപ്പെടുകയും ചെയ്യുന്നു.
സമൂഹത്തിൽ നിലനിൽക്കുന്ന പുരുഷാധിപത്യ അധികാരഘടനയും കുടുംബം എന്ന സ്ഥാപനത്തിന്റെ അധീശത്വ സ്വഭാവവും പ്രതീകാത്മകമായി പുനരുത്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന സംവിധാനമാണ് സിനിമയും സാഹിത്യവും എന്ന് പിയറി ബോർദ്യൂ പ്രതീകാത്മക ഹിംസ എന്ന ചിന്തയിലൂടെ അവതരിപ്പിക്കുന്നുണ്ട്. വ്യവസ്ഥകളുടെ പരമാധികാര സംവിധാനങ്ങൾക്ക് കീഴ്‌പ്പെട്ടുനിൽക്കുന്ന സ്ത്രീക്ക് സമൂഹം നൽകുന്ന ഉയർന്ന സ്ഥാനമാണ് 'വീട്ടമ്മ' എന്ന പദവി. ബന്ധങ്ങളുടെ അനിശ്ചിതത്വത്തിലൂടെ കടന്നുപോകുന്ന അഞ്ജുവിന് കഥാന്ത്യത്തിൽ ലഭിക്കുന്ന 'വീട്ടമ്മ' പദവി പ്രതീകാത്മക ഹിംസയുടെ മറുപുറമാണ്. മറ്റൊരുതരത്തിൽ, വീട്ടമ്മ എന്ന പദവിയിലേക്ക് ഉയർത്തുക വഴി അഞ്ജുവിന്റെ വിമോചനത്തെ ഹിംസാത്മകമായി നേരിടുകയാണ് സിനിമ.
അധികാരഘടനയെ തകർത്തുകൊണ്ടേ, സ്ത്രീക്ക് അടിച്ചമർത്തുകയും സ്വാതന്ത്രം നിഷേധിക്കുകയും ചെയ്യുന്ന കുടുംബത്തിൽ നിന്ന് പുറത്തുകടക്കാൻ കഴിയൂ എന്നിരിക്കെ വീട് എന്ന സുരക്ഷിതത്വമാണ് സ്ത്രീക്ക് വേണ്ടത് എന്ന് സിനിമ പലനിലക്ക് സമർത്ഥിക്കുന്നു.
കുടുംബം എന്നത് ഒരുകൂട്ടം മനുഷ്യർക്കിടയിലുള്ള അതിസങ്കീർണമായ ബന്ധങ്ങളിലൂടെയുള്ള സഹവാസമാണെങ്കിൽ അതിന്റെ ഭൗതിക അടിത്തറയാണ് വീട്. അധികാര കേന്ദ്രവും അത് ഏൽപ്പിക്കുന്ന അടിച്ചമർത്തലുകളും കുടുംബത്തിനുള്ളിൽ ഭദ്രമാണ്. അധികാരഘടനയെ തകർത്തുകൊണ്ടേ, സ്ത്രീക്ക് അടിച്ചമർത്തുകയും സ്വാതന്ത്രം നിഷേധിക്കുകയും ചെയ്യുന്ന കുടുംബത്തിൽ നിന്ന് പുറത്തുകടക്കാൻ കഴിയൂ എന്നിരിക്കെ വീട് എന്ന സുരക്ഷിതത്വമാണ് സ്ത്രീക്ക് വേണ്ടത് എന്ന് സിനിമ പലനിലക്ക് സമർത്ഥിക്കുന്നു.
വിവാഹശേഷം സ്വന്തം വീട് അഞ്ജുവിനെ ഉൾക്കൊള്ളാൻ കഴിയാത്ത ഇടമായി മാറുന്നു. അതേസമയം ഭർത്താവിന്റെ വീട് അഞ്ജുവിന് ഒരു തടവറയാണ്. ആണധികാരത്തിന്റെയും കുടുംബ മഹിമയുടെയും മർദ്ദനോപാധിയായിട്ടാണ് സിനിമയിൽ വീട് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. ഓടിരക്ഷപ്പെടാനുള്ള ഓരോ ശ്രമങ്ങൾക്കും ഒടുവിൽ അഞ്ജു അതേ വീടിന്റെ ഒറ്റമുറിയിലേക്ക് തന്നെ തിരികെയെത്തുന്നു. ആഖ്യാനത്തിന്റെ മറ്റൊരു ഘട്ടത്തിൽ ഭർത്താവിന്റെ വീട് അഞ്ജുവിനെ പുറംതള്ളാൻ കാത്തിരിക്കുന്ന ഇടമായി മാറുന്നു. കാമുകനോടൊപ്പം ആഗ്രഹിച്ച ജീവിതത്തിന് തടസ്സമാകുന്നതും അയാൾക്ക് സ്വന്തമായി വീടില്ല എന്ന പ്രതിസന്ധിയാണ്. അങ്ങനെ വീട് ഒരു സ്ത്രീയുടെ അന്തസിനെയും നിലനില്പിനെയും ബാധിക്കുന്ന സ്ഥാപനമായി പ്രവർത്തിക്കുന്നു. ബന്ധുവായ കന്യാസ്ത്രീയെ നിശ്ശബ്ദയാകാൻ ലീലാമ്മ ഉപയോഗിക്കുന്ന വാചകം ‘കന്യാസ്ത്രീക്ക് കുടുംബമില്ലാത്തതിന്റെ അസൂയയാണ്’ എന്നാണ്. വീട്ടമ്മ എന്ന പദവിയും വീട് എന്ന ഇടവും ചേർന്നുകൊണ്ട് സൃഷ്ടിക്കുന്ന മൂല്യമാണ് ഇവിടെ സ്ത്രീയുടെ അന്തസ്സിന്റെ ആകെത്തുകയായി പ്രവർത്തിക്കുന്നത്.
പുറപ്പെടുന്ന സ്ത്രീ ശരീരങ്ങൾ
സമീപകാല സിനിമകളിലെ നായികാകഥാപാത്രങ്ങൾ കുടുംബത്തിന്റെ അധികാര ഘടനയിൽനിന്നും പുറത്തുകടക്കുന്നവരും സ്വതന്ത്രജീവിതത്തിലേക്ക് നടന്നുപോകുന്നവരുമാണ്. ഗ്രേറ്റ് ഇന്ത്യൻ കിച്ചണിലെ നായിക, ജയ ജയ ജയഹേയിലെ ജയഭാരതി, റാണി പദ്മിനിയിലെ പദ്മിനി, ഥപ്പട് എന്ന സിനിമയിലെ അമൃത, കാതലിലെ ഒമാന, ലാപ്പതാ ലേഡീസിലെ പുഷ്പ തുടങ്ങി ഒരുകൂട്ടം സ്ത്രീകഥാപാത്രങ്ങൾ വീട് എന്ന ഇടത്തേയും വീട്ടമ്മ എന്ന പദവിയേയും ഉപേക്ഷിച്ച് സിസ്റ്റത്തിന്റെ പുറത്തുകടക്കുന്നവരാണ്. പലനിലയിലുള്ള ഗാർഹീക പീഡനമാണ് നായികയുടെ തിരോധാനത്തിൽ കലാശിക്കുന്നത്. സമ്മർദ്ദശക്തിയും ഇരയും തമ്മിലുള്ള സംഘർഷത്തിൽ നീതിയെന്നത് ഇരയുടെ വിമോചനമാണെന്ന് ഈ സിനിമകൾ തീർപ്പുകൽപ്പിക്കുമ്പോൾ സിനിമയുടെ ചരിത്രത്തിൽതന്നെ നിർണായകമായ മാറ്റമാണ് വന്നിരിക്കുന്നത്. പക്ഷെ വീടിന്റെ അധികാരഘടനയിൽനിന്ന് പുറത്തുകടക്കുന്ന സ്ത്രീ കഥാപാത്രങ്ങൾക്ക് വിപരീതമാണ് ഉള്ളൊഴുക്കിലെ നായിക. അധികാര പിതൃരൂപങ്ങളും സാമുദായിക സമ്മർദ്ദങ്ങളും നിറഞ്ഞുനിൽക്കുന്ന വീട്ടിലേക്ക് തിരികെ എത്തുകയാണ് അഞ്ജു.
മലയാള സിനിമാചരിത്രത്തിൽ നായകശരീരങ്ങൾ പലപ്പോഴായി തിരോധാനം ചെയ്തിട്ടുള്ളവരാണ്. എൺപതുകളിലെയും തൊണ്ണൂറുകളിലെയും കൂട്ടുകുടുംബ ചിത്രങ്ങളിലെ അധികാര പിതൃരൂപങ്ങൾ സഹനത്തിന്റെയും ത്യാഗത്തിന്റെയും മൂർത്തരൂപങ്ങളായി നിലനിൽക്കുകയും ആഖ്യാനത്തിന്റെ ഒരു ഘട്ടത്തിൽ ബാധ്യതകൾ ഉപേക്ഷിച്ചു അജ്ഞാത ലോകത്തേക്ക് പാലായനം ചെയ്യുന്നവരുമാണ്. വീടുവിടാനുള്ള കാരണങ്ങൾ പലതാണ്. അരക്ഷിതമായ കുടുംബ ബന്ധങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ, പ്രണയ നൈരാശ്യം, മാറിയ രാഷ്ട്രീയ സാഹചര്യങ്ങൾ തുടങ്ങി കാരണങ്ങൾ പലതാണ്. നായക ശരീരം അവശേഷിപ്പിച്ചുപോകുന്ന ശൂന്യത കുടുംബത്തിൽ അരക്ഷിതാവസ്ഥയുണ്ടാക്കുകയും വീട് അയാളുടെ മടങ്ങിവരിവിനായി കാത്തിരിക്കുകയും ചെയ്യുന്നു. വീട്ടിലേക്ക് തിരിച്ചുവരുന്ന പുരുഷൻ സ്വീകാര്യനാണ്. എൺപതുകളിലെയും തൊണ്ണൂറുകളിലെ രാഷ്ട്രീയ കാലാവസ്ഥ മാറുകയും കൂട്ടുകുടുംബ സമ്പ്രദായം അവസാനിക്കുകയും ചെയ്യുന്നതോടെ നായക ശരീരത്തിന്റെ പാലായനം സിനിമയിൽ നിന്നും അപ്രത്യക്ഷമായി.
വിവാഹശേഷം സ്വന്തം വീട് അഞ്ജുവിനെ ഉൾക്കൊള്ളാൻ കഴിയാത്ത ഇടമായി മാറുന്നു. അതേസമയം ഭർത്താവിന്റെ വീട് അഞ്ജുവിന് ഒരു തടവറയാണ്. ആണധികാരത്തിന്റെയും കുടുംബ മഹിമയുടെയും മർദ്ദനോപാധിയായിട്ടാണ് സിനിമയിൽ വീട് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.
എന്നാൽ സ്ത്രീശരീരത്തിന്റെ വീട് ഉപേക്ഷിക്കലിന് തികച്ചും വ്യത്യസ്ത കാരണങ്ങളാണുള്ളത്. അധികാര പുരുഷരൂപങ്ങളുടെ ശാരീരിക ലൈഗിക അതിക്രമങ്ങളാണ് ഥപ്പട്, ജയ ജയ ജയ്‌ഹോ, ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്നീ സിനിമകളിലെ നായികമാരുടെ ഇറങ്ങിപ്പോക്കിന് കാരണം. ഗാർഹിക പീഡനത്തിന്റെ മറ്റൊരു വശമായ വിദ്യാഭ്യാസം നിഷേധിക്കുന്നതാണ് ലാപ്പതാ ലേഡീസിലെ നായികയുടെ തിരോധാനത്തിന് കാരണം. പുരുഷന്റെ പലായനത്തിൽനിന്ന് വിഭിന്നമായി സ്ത്രീയുടെ യാത്ര വിവാഹബന്ധത്തെ നിയമപരമായി അവസാനിപ്പിക്കുക എന്നതിലാണ് അവസാനിക്കുന്നത്. ഒരിക്കൽ പുറത്തുകടന്ന വീട്ടിലേക്ക് തിരികെ പോകാൻ നായികാ ശരീരം ആഗ്രഹിക്കുകയും ചെയ്യുന്നില്ല. ജോലി നേടുകയും പൂർണമായ സ്വാതന്ത്രം അനുഭവിക്കുകയും ചെയ്യുന്ന നായികയുടെ ഒറ്റയ്ക്കുള്ള ഷോട്ടിലാണ് ഈ സിനിമകൾ അവസാനിക്കുന്നത്. സ്ത്രീയുടെ വിമോചനത്തെ ആധുനിക സിനിമ അടയാളപ്പെടുത്തുന്നത് ഇങ്ങനെയാണ്. ഉള്ളൊഴുക്കിലെ നായികാശരീരത്തിന്റെ കഥാപാത്രനിർമിതി ഇക്കാരണങ്ങൾ കൊണ്ട് മേൽപ്പറഞ്ഞ കഥാപാത്രങ്ങളുടെ യാത്രയിൽ നിന്ന് തീർത്തും വിഭിന്നമാണെന്ന് മനസിലാക്കാം.
മടങ്ങിവരുന്ന മാലാഖ
Slow cinema- കളുടെ പ്രത്യേകതയായി നിരീക്ഷിക്കാൻ കഴിയുന്നത് ആഖ്യാനത്തിലെ മന്ദതയാണ്. വീടിനുള്ളിലെ മനുഷ്യരുടെ വികാരങ്ങൾ കെട്ടിനിൽക്കുന്ന വെള്ളം പോലെ സാവധാനത്തിൽ ഒഴുകിപ്പരക്കുന്നു. മന്ദഗതിയിലുള്ള ജീവിതാവിഷ്ക്കാരം പ്രേക്ഷകരിൽ അസ്വസ്ഥത ഉണ്ടാക്കുകയും പെട്ടന്നുള്ള മാറ്റത്തിനായി അവർ ആഗ്രഹിക്കുകയും ചെയ്യുന്നു. ഇതാണ് സിനിമയിലെ ശാന്തത വലിയൊരു ആകാംക്ഷ ഉണ്ടാക്കുന്നതിൽ എപ്പൊഴും വിജയിക്കുന്നത്. മുറ്റത്തും വീടിനകത്തും വെള്ളം കേറിയ നിലയിൽ അഞ്ജുവും മേരിയും അടക്കിപ്പിടിച്ചിരിക്കുന്ന സംഘർഷാവസ്ഥ വലിയൊരു പൊട്ടിത്തെറിയായി അവസാനിക്കുമെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്നു. അഞ്ജുവിന്റെ ജീവിതത്തിന് മുന്നിൽ രണ്ട് വഴികളാണ് അവശേഷിക്കുന്നത്. വീടിനുള്ളിൽ നിലനിൽക്കുക അല്ലെങ്കിൽ വീടുപേക്ഷിച്ച് പുറത്തുപോകുക. രണ്ട് തിരഞ്ഞെടുപ്പുകളിലും സ്ത്രീയുടെ സ്വാതന്ത്ര്യം ഉണ്ടെന്ന് തോന്നുമെങ്കിലും കഥ സ്ത്രീയെ സമൂഹത്തിനിനും കുടുംബത്തിനും ചേർന്നവളായി ഉദാരതയോടെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷക മനസിനെ തൃപ്തിപ്പെടുത്തുകയാണ്.
സ്വയംനിർണയത്തിനുള്ള വഴികൾ അടച്ചുകൊണ്ട് സ്ത്രീയെ അധികാരഘടനക്കുള്ളിൽ നിലനിർത്താനുള്ള തന്ത്രങ്ങൾ അഞ്ജുവിന്റെ മുന്നിൽ നിരത്തിക്കൊണ്ടാണ് ആഖ്യാനം പുരോഗമിക്കുന്നത്. വിവാഹത്തോടെ നഷ്ടപ്പെട്ട ജോലി, തുടർന്നുണ്ടാകുന്ന സാമ്പത്തിക അരക്ഷിതാവസ്ഥ, വിവാഹേതര ബന്ധത്തിലുണ്ടായ ഗർഭാവസ്ഥ, കുടുംബത്തിന്റെ സൽപ്പേരിനെ സംരക്ഷിക്കേണ്ട ബാധ്യത, കാമുകന്റെ തിരസ്‌കാരം, സ്വന്തമായി വീടില്ല എന്ന അവസ്ഥ എന്നിങ്ങനെ ഭർത്താവിന്റെ വീട്ടിലേക്ക് അഞ്ജുവുവിനെ തിരികെ എത്തിക്കുവാനുള്ള കുടുക്കുകൾ ആഖ്യാനത്തിലെ കൗശലങ്ങളായി മനസിലാക്കാം. രണ്ട് സ്ത്രീകൾ സമ്മിലുള്ള പാരസ്പര്യം എന്ന ഉദാത്ത മാതൃകക്ക് മുകളിൽ അഞ്ജുവിന്റെ നിസ്സഹായാവസ്ഥയെ പരമാവധി ചൂഷണം ചെയ്തുകൊണ്ടാണ് സിനിമ സാഹോദര്യത്തിൽ ഊന്നാൻ ശ്രമിക്കുന്നത്.
ത്യാഗത്തിലൂടെ വിശുദ്ധയാക്കപ്പെടുന്ന സ്ത്രീകളുടെ ലോകത്തിൽ ഏറ്റവും ഒടുവിലെ പേരല്ല അഞ്ജു. പക്ഷെ വീടുപേക്ഷിച്ചു പോകുന്ന സ്ത്രീ കഥാപാത്രങ്ങളുടെ ഇടയിൽ വീട്ടിലേക്ക് തിരികെ തോണിയേറിപ്പോകുന്ന അഞ്ജു സംവാദാത്മകമായൊരു തലം തുറന്നിടുന്നുണ്ട്.
ഉള്ളൊഴുക്കിലെ കഥാപാത്രങ്ങൾ എല്ലാവരും സത്യത്തെ മറച്ചു വെക്കുന്നവരും കള്ളം പറയുന്നവരുമാണ്. ബന്ധങ്ങളെക്കുറിച്ച്, സാമ്പത്തിക ഇടപാടുകളെ കുറിച്ച്, ശരീരത്തെ കുറിച്ച്, അസുഖത്തെ കുറിച്ച്, അങ്ങനെ മനുഷ്യനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും അവർ കള്ളം പറയുകയും വസ്തുതകൾ മറച്ചുവെക്കുകയും ചെയ്യുന്നു. ഇത്തരം കള്ളങ്ങൾ പരസ്പരം മുറിവേൽപ്പിക്കുന്നുണ്ടെങ്കിലും കുടുംബത്തിന്റെ നിലനിൽപ്പിന് ഇത് അത്യാവശ്യമായി അവർ കരുതുന്നു. ‘ഇനിയും ഞാനറിയാത്ത എത്ര കാര്യങ്ങൾ ഈ വീട്ടിലുണ്ട്’ എന്ന് വ്യസനിക്കുന്ന ജോർജും കള്ളങ്ങൾ പേറുന്ന ആളാണ്.
കഥാഗതിയുടെ പല ഭാഗങ്ങളിലും കള്ളങ്ങൾ ഓരോന്ന് തകർന്നുവീഴുകയും കഥാപാത്രങ്ങൾ ഏറ്റുപറച്ചിലിലൂടെ ശക്തരാകുകയും ചെയ്യുന്നു. തോമസുകുട്ടിയുടെ മൃതദേഹത്തിന് അന്ത്യ ചുംബനം നൽകിക്കൊണ്ട് അഞ്ജു പറയുന്നത് ‘ഞാൻ പൊറുത്തിരിക്കുന്നു എന്നോടും പൊറുക്കണം’ എന്നാണ്. കാമുകനിൽ നിന്നുണ്ടായ ഗർഭാവസ്തയാണ് അഞ്ജുവിന്റെ മാപ്പുപറച്ചിലിനാധാരം. സ്വയം തെറ്റുചെയ്തു എന്ന മതാത്മകമായ ചിന്തയിലൂടെ ഉണ്ടായ ആത്മപീഢയാണ് ഇത്തരം ഒരു ഏറ്റുപറച്ചിലിന് അഞ്ജുവിനെ പ്രേരിപ്പിക്കുന്നതും. ഒരുപക്ഷെ സിനിമയുടെ ഏറ്റവും കാതലായ ഭാഗവും ഇതുതന്നെ.
തോമസുകുട്ടിയുടെ ജീവനറ്റ ഭൗതികശരീരവും അഞ്ജുവിന്റെ സ്വാതന്ത്രം കൊതിക്കുന്ന ശരീരവും തമ്മിലുള്ള സംഘർഷത്തിന്റെ അവസാന നിമിഷമാണ് അത് സംഭവിക്കുന്നത്. സ്വതന്ത്രയാകുമ്പോഴും പാപഭാരം ചുമന്നുകൊണ്ടാണ് അഞ്ജുവിന്റെ യാത്ര. ഇതിനെ വിമോചനം എന്ന് വ്യാഖ്യാനിക്കാൻ കഴിയില്ല. ആന്തരീകമായി ഉറഞ്ഞുകൂടിയ മതാത്മകമായ സദാചാരത്തിൽ നിന്നും മാറ്റിനിർത്തി ശരീരത്തിന്റെ വിമോചനത്തെ കാണുവാനും കഴിയില്ല. ഉള്ളൊഴുക്കിലെ 'മാലാഖ സങ്കല്പം' പ്രവർത്തിച്ചത് ആഖ്യാനത്തിലെ ഈ നിർണായക ഘട്ടത്തിലാണ്. തെറ്റുകൾ ഏറ്റുപറഞ്ഞും അഴുക്കുകൾ കഴുകിക്കളഞ്ഞും പാപ ഭാരത്തിൽനിന്ന് എല്ലാവരും മുക്തരാകുമ്പോഴും അഞ്ജുവും മേരിക്കുട്ടിയും മറ്റൊരു കള്ളം ഒളിപ്പിക്കുന്നുണ്ട്. പിറക്കാൻ പോകുന്ന കുഞ്ഞ് ഹിന്ദുവായ കാമുകന്റെതാണെന്ന സത്യമാണ് ഒളിപ്പിക്കപ്പെടുന്നത്. സവർണ ഫ്യൂഡൽ തറവാടിന്റെ രക്തശുദ്ധിയിയിൽ കലർന്ന കളങ്കം രഹസ്യമായിത്തന്നെ അവശേഷിക്കുന്നു. ത്യാഗത്തിലൂടെ വിശുദ്ധയാക്കപ്പെടുന്ന സ്ത്രീകളുടെ ലോകത്തിൽ ഏറ്റവും ഒടുവിലെ പേരല്ല അഞ്ജു. പക്ഷെ വീടുപേക്ഷിച്ചു പോകുന്ന സ്ത്രീകഥാപാത്രങ്ങളുടെ ഇടയിൽ വീട്ടിലേക്ക് തിരികെ തോണിയേറിപ്പോകുന്ന അഞ്ജു സംവാദാത്മകമായൊരു തലം തുറന്നിടുന്നുണ്ട്.