മാവോയിസ്റ്റ് - ഒച്ചയും ഒച്ചും

ചെ ഗുവേരയെ പോലും ഓർമിപ്പിക്കുന്ന രൂപഭാവങ്ങളുള്ള ഒരു ചെറുപ്പക്കാരൻ്റെ തിരോധാനത്തിൻ്റെ കൗതുകകരമായ ദുരൂഹതയെ പരിസ്ഥിതിയോടും രാഷ്ട്രീയത്തോടും കണ്ണിചേർത്ത്, പ്രേക്ഷകരുടെ നിഗമനങ്ങൾക്കും അഭ്യൂഹങ്ങൾക്കും വിട്ടുകൊടുത്ത് പിൻവാങ്ങുകയാണ് മാവോയിസ്റ്റ് എന്ന സിനിമയിൽ പ്രതാപ് ജോസഫ് ചെയ്യുന്നത്.

ഒച്ചകളെ എളുപ്പം ഇല്ലാതാക്കാം
അവയുടെ മാറ്റൊലിയെ എന്തു ചെയ്യും?
- നിശ്ശബ്ദതയുടെ റിപ്പബ്ലിക്, വീരാൻകുട്ടി.

കാടും സംഗീതവും യുവത്വവും അരിച്ചരിച്ചുനീങ്ങുന്ന ഒച്ചുമാണ് പ്രതാപ് ജോസഫിൻ്റെ മാവോയിസ്റ്റ് എന്ന പുതിയ സിനിമയുടെ ചേരുവകൾ. ഹാബിറ്റാറ്റ്, ഷെൽ, റോൾ, ചലഞ്ചസ് എന്നിങ്ങനെ നാല് ചാപ്റ്ററുകളിലായി ഡോക്യു ഫിക്ഷൻ്റെ രൂപവും റിയലിസ്റ്റിക് പരിചരണവും ഫാൻ്റസിയുടെ ഭാവവുമാണ് സിനിമ സ്വീകരിച്ചിരിക്കുന്നത്.

2019 സെപ്റ്റബർ 11 മുതൽ 2020 ജനുവരി 30 വരെയുള്ള കാലമാണ് സാങ്കേതികമായി സിനിമയിലുള്ളത്.
ഒരു മ്യൂസിക് ബാൻ്റിലേക്ക് മോഡലായെത്തുന്ന രതീഷ് സുന്ദർ എന്ന 28 വയസ്സുകാരൻ്റെ മിസ്സിങ്ങും അയാളുടെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത നോട്ടുബുക്കിലെ ഒരു ഭാഗമെന്ന് അവകാശപ്പെടാവുന്ന കുറേ റോ വിഷ്വലുകളുമാണ് സിനിമയുടെ ആകെ കഥാതന്തു എന്ന് ചുരുക്കാം. മാവോയിസ്റ്റ് എന്ന ടൈറ്റിലിലെ വോയ്സ് മറ്റൊരു നിറത്തിൽ ശബ്ദത്തെ പ്രതിനിധീകരിക്കുന്നു.

മാ, റ്റ് എന്നിവ ചുവന്ന് എഴുതുന്നതോടെ ചുവപ്പിനുള്ളിലെ ശബ്ദം എന്ന സിനിമയുടെ ആകെയുള്ള രാഷ്ട്രീയം ടൈറ്റിലിൽ ധ്വനിക്കുന്നു. മാ വോയിസ് എന്ന അരുത് ശബ്ദം എന്ന ആശയവും ടൈറ്റിലിൻ്റെ സൂചനയാണ്. എന്നാൽ ശബ്ദത്തിൻ്റെ സൗന്ദര്യത്തിൽ, ഒരു വായ്ത്താരിയുടെ താളാത്മകമായ ചിത്രീകരണത്തിലാണ് സിനിമ തുടങ്ങുന്നത്. ഒടുങ്ങുന്നതാകട്ടെ സമാനമായതും എന്നാൽ അർഥവും രാഷ്ട്രീയവുമുള്ള വരികൾകൂടി ചേർന്ന് പാട്ടായി മാറിയ മറ്റൊരു ശബ്ദമിശ്രത്തിലും. ശബ്ദങ്ങളെയാകെ ഭയപ്പാടോടെ ഇഴകീറിയളക്കുന്ന, അതിലെ വിമതവും പ്രതിരോധവുമായ കയറ്റിറക്കങ്ങളെ, ജൈവികതകളെ ഉന്മൂലനം ചെയ്യുന്ന അധികാരരൂപങ്ങളെയാണ് സിനിമ ലക്ഷ്യം വെക്കുന്നത്. ഇടതും വലതും വ്യത്യാസങ്ങളില്ലാത്ത, വാക്കുകൊണ്ടുപോലും തീവ്രവലതിൻ്റെ പക്ഷം ചേരുന്ന പ്രത്യയശാസ്ത്ര അധർമത്തെ സിനിമ സൂക്ഷ്മമായി വിചാരണ ചെയ്യുന്നു.

ഗഹന പരിസ്ഥിതിവാദം പോലൊരു ചിന്തയേയും മാവോയിസത്തേയും സമാന്തരമായും സമാനമായും പരിചരിക്കുന്ന പരീക്ഷണ സിനിമയാണ് മാവോയിസ്റ്റ്. കേരളത്തെ സംബന്ധിച്ചെങ്കിലും ചില സമാനതകൾ ഈ ചിന്തകൾക്കുണ്ട് എന്നു പറയാം. വികസനവിരുദ്ധമാണ് രണ്ടിൻ്റേയും പ്രത്യയശാസ്ത്രമെന്നാണ് സാമാന്യമായ പൊതുബോധം. എല്ലാ പൊതുബോധങ്ങളുടേയും പരിമിതികൾ ഇവിടെയുമുണ്ട്. കാടും അവിടുത്തെ ചെറിയ ജീവികളുമാണ് സിനിമയിലുള്ളത്. വളരെ പതുക്കെമാത്രം ചലിക്കുന്ന ജീവികൾ. അതിൽതന്നെ പശ്ചിമഘട്ടത്തിൽമാത്രം കണ്ടുവരുന്ന ഒരുതരം ഒച്ച് സിനിമയിൽ ഒട്ടാകെ നിറയുന്നു. ഭൂമിയുമായി ഏറ്റവും ചേർന്ന് ജീവിക്കുന്ന വർഗ്ഗമാണ് ഒച്ചുകൾ. മരങ്ങളിലെ ഒരുതരം ഫംഗസുകളാണ് പ്രധാന ഭക്ഷണം. ഇത് മരങ്ങളുടെ ജീവനത്തിന് ആ നിലയിൽ പ്രധാനപ്പെട്ട സഹായം ചെയ്യുന്നു. മനുഷ്യനും കൃഷിയും ലാഭവും വരുന്നതോടെ ഒച്ച് കീടമായി മാറുന്നു. കീടം എന്ന നിലയിലെത്തുന്നതോടെ അതിൻ്റെ ജീവനവും അതിജീവനവും കഷ്ടത്തിലാവുന്നു. ഒച്ചിൻ്റെ വേഗതയാണ് അതിൻ്റെ ദർശനമെന്ന് പറയാം. വളരെ സമാധാനപരവും ജൈവികവുമാണത്. ഈ മനോഹരമായ മെല്ലെപ്പോക്കിൻ്റെ അതിജീവനം പ്രാകൃതികവുമാണ്. എന്നാൽ കീടനാശിനിയാലോ ബൂട്ടിട്ട കാലുകളുടെ ഇടയിൽപെട്ടോ ഏതുനിമിഷവും ആ ജീവിതങ്ങൾ ചതഞ്ഞരയാം. അപ്രകാരം ഭയപ്പെട്ടുപോകുന്ന ഒരു ദൃശ്യം സിനിമയിൽ ഉൾപ്പെടുത്തിയിട്ടുമുണ്ട്. ഈ മാനുഷികമായ കടന്നുകയറ്റം അഥവാ അധികാരത്തിൻ്റെ പ്രയോഗം പ്രകൃതിയെ / ചെറുതുകളുടെ ജീവനത്തെ ബാധിക്കുന്നതിൻ്റെ അപകടമാണ് ഗഹന പരിസ്ഥിതിവാദത്തിൻ്റെയും ആലോചന.

സംവിധായകന്‍ പ്രതാപ് ജോസഫ്

മനുഷ്യൻ എന്ന ജീവിവർഗ്ഗം (ഇപ്പോൾ ജീവിക്കുന്ന നിലയിൽ) പ്രകൃതിയ്ക്ക് അപകടമാണെന്ന തിരിച്ചറിവാണ് ഇക്കൂട്ടർ ഉയർത്തുന്നത്. കാടുകളിൽനിന്ന് ആദിവാസികളെപ്പോലും ഒഴിവാക്കേണ്ടതുണ്ട് എന്നതാണ് ഈ തീവ്രപക്ഷത്തിൻ്റെ വാദം. അംബികാസുതൻ മാങ്ങാടിൻ്റെ എൻമകജെ അവസാനിക്കുന്നത്, വസ്ത്രങ്ങളെല്ലാം ഉപേക്ഷിച്ച്, നഗ്നരായി, സംസ്കരിക്കപ്പെടാത്ത ആദിയിലേക്ക്, ജീവിത്വത്തിലേക്ക് മനുഷ്യൻ നടന്നുകയറുന്ന ദൃശ്യത്തിലാണ്. (നോവലിൽ ഗുഹയിലേക്കാണ് കയറുന്നത്). മാവോയിസ്റ്റിലെ കേന്ദ്രകഥാപാത്രത്തിൻ്റെ (രതീഷ് സുന്ദർ എന്ന 28 വയസ്സുകാരൻ) ഒരു സി സി ടി വിയിൽ പതിഞ്ഞ ഏറ്റവുമൊടുവിലെ ദൃശ്യം ഇപ്രകാരം വസ്ത്രങ്ങളുപേക്ഷിച്ച് കാടിനുള്ളിലേക്ക് നടന്നുപോകുന്നതാണ്. അവിടെ സി സി ടി വിയിൽ പതിഞ്ഞ ദൃശ്യമെന്ന് കാഴ്ചയെ കൃത്യമാക്കുമ്പോൾ മനുഷ്യൻ എന്നതിൽനിന്ന് വ്യത്യസ്തമായ ഒരു ജീവിത്വം ദൃശ്യത്തിലെ ചലനത്തിൻ്റെ കർതൃത്വത്തിന് കൈവരുന്നുണ്ട്.

രതീഷ് സുന്ദറിൻ്റെ സംസ്കരിച്ച മനുഷ്യജീവിതം 1992-2020 ൽ അവസാനിക്കുന്നു എന്നർഥം. വെള്ളച്ചാട്ടത്തിലൂടെ അള്ളിപ്പിടിച്ച് കയറുന്ന, മുനമ്പുകളിൽ നിന്ന് താഴേക്ക് പറന്നിറങ്ങാൻ കൊതിക്കുന്ന, മരങ്ങളിൽനിന്ന് മരങ്ങളിലേക്ക് പകർന്നു ചലിക്കാൻ ആഗ്രഹിക്കുന്ന ‘വിചിത്രമായ’ പെരുമാറ്റങ്ങൾക്ക് സാർഥകമായ പര്യവസാനമാകുന്നു ഈ സി സി ടി വി ദൃശ്യം. ഇവിടെ പ്രകൃതിയിലേക്ക് മടങ്ങുക എന്ന ഇരുതല മൂർച്ചയുള്ള ആഹ്വാനമുണ്ട്. ഈ ആദർശത്തിന് പാരമ്പര്യത്തിലേക്ക് മടങ്ങുക (ഘർ വാപസി പോലെ) എന്ന വിലക്ഷണതയും പ്രകൃതിയെ മനുഷ്യവർഗ്ഗത്തിനും ഇതര വർഗ്ഗങ്ങൾക്കൊക്കെയും തുല്യമായ അവകാശമുള്ള ഇടമായി ജൈവികമായി സൂക്ഷിക്കുക എന്ന ഉത്തരവാദിത്തപരമായ വിശേഷധ്വനിയും ഉണ്ട്. മാവോയിസത്തിന് കണ്ണിചേരാവുന്ന വൈരുദ്ധ്യാത്മക വിലക്ഷണത ഇതാണ്. വികസനവിരുദ്ധവും സ്വേച്ഛാധിപത്യത്തെ ആത്യന്തികമായി സ്വപ്നം കാണുന്നതുമായ കാലഹരണപ്പെട്ട പ്രത്യയശാസ്ത്രമാണ് മാവോയിസമെന്ന നിരീക്ഷണം പ്രസക്തമാണ്. ഗഹന പരിസ്ഥിതിവാദവും അതിൻ്റെ തീവ്രനിലയാലും മുതലാളിത്തത്തിൻ്റെ എതിർപ്പിനാലും സൂക്ഷ്മാർഥത്തിൽ കാലഹരണപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നാൽ പ്രകൃതി സകലജീവജാലങ്ങൾക്കും ഒരുപോലെയാണെന്നും ആ അവകാശമേ മനുഷ്യനുമുള്ളൂ എന്നുമുള്ള തിരിച്ചറിവ് ഈ വാദങ്ങൾ സൂക്ഷ്മമായി വിനിമയിക്കുന്നു. സിനിമ ആത്യന്തികമായി ഈ തിരിച്ചറിവിനെയാണ് പങ്കുവെയ്ക്കുന്നത്.

കാലിക്കറ്റ് സർവകലാശാല ഐറിസ് ഫിലിം ഫെസ്റ്റിവലിൽ നടന്ന ‘മാവോയിസ്റ്റ്’ എന്ന സിനിമയുടെ ആദ്യ പ്രദർശനവുമായി ബന്ധപ്പെട്ടുനടന്ന ചടങ്ങ്

ഒച്ചിൻ്റെ അതിജീവനം പോലെ ചെറുതുകളുടെ ഏത് അതിജീവനവും പ്രതിരോധവും കരുണയർഹിക്കുന്നു. ഇവിടെ കരുണ മനുഷ്യവികാരമല്ല, പ്രാകൃതികമാണ്. മാവോയിസം കാലഹരണപ്പെട്ടതും സഹതാപമർഹിക്കുന്നതുമായ അപ്രായോഗികതയായി സിനിമയിലെ ഡോക്യമെൻ്റേഷൻ ദൃശ്യങ്ങളിൽ കേരളീയം പ്രവർത്തകൻ ശരത്തിനെപ്പോലുള്ളവർ വ്യക്തമാക്കുന്നുണ്ട്. ഇടതിൻ്റെതന്നെ ആവിഷ്കാരമായി രൂപപ്പെട്ട തീവ്രപ്രത്യയശാസ്ത്രം ഇടതിനുപോലും ഉന്മൂലനം ചെയ്യേണ്ട ഒന്നായി മാറുന്നതിൻ്റെ വൈരുദ്ധ്യം ഇപ്രകാരം സിനിമ തുറന്നിടുന്നു. മാവോയിസ്റ്റുകളുടെ ഏകപക്ഷീയമായ കൊലകളുടെ സവിസ്തരമുള്ള വസ്തുതകൾ സിനിമ ലൗഡായിതന്നെ നിരത്തുന്നു. അലനിലും താഹയിലും വരെ എത്തിയ ആ ഇടതുവിരുദ്ധ അധികാരരൂപം അർബൻ നക്സൽ എന്ന സംഘപരിവാർ പദകോശം പോലും സ്വീകരിക്കുന്നതിൻ്റെ വിശദമായ വിശകലനം സിനിമയുടെ രാഷ്ട്രീയത്തെ പേരിനപ്പുറത്തേക്ക് കൊണ്ടുപോകുന്നുണ്ട്. ശ്യാം ബാലകൃഷ്ണൻ്റെ അറസ്റ്റും ഹൈക്കോടതിയുടെ സുപ്രധാനവിധിയുമൊക്കെ ഇപ്രകാരം ചർച്ചക്കെത്തുന്നു.

മാവോയിസ്റ്റുകളുടെ എൻകൗണ്ടർ കൊലകളുടെ വിവരങ്ങൾ, ഫോട്ടോകൾ, മാധ്യമപ്രവർത്തകൻ്റെ ദീർഘമായ ബൈറ്റുകൾ എന്നിങ്ങനെയാണ് സിനിമയിലെ സമാന്തരധാര മുന്നേറുന്നത്. എന്നാൽ മറുഭാഗത്ത് രതീഷ് സുന്ദറിനെ മോഡലാക്കി മ്യൂസിക് ആൽബം ചെയ്യാൻ വയനാടൻ കാട്ടിലെത്തിയ യുവകാലാസംഘമാണുള്ളത്. അവരുടെ കംപോസിങ്ങ്, ഷൂട്ടിങ്, പ്രീഷൂട്ടുകൾ, യാത്ര, വർത്തമാനങ്ങൾ, ഭക്ഷണം, കാഴ്ചകൾ എന്നിങ്ങനെ പലരെടുക്കുന്ന ദൃശ്യങ്ങൾ കൂട്ടിവെയ്ക്കുന്നതാണ് സിനിമയുടെ രൂപം. തീർച്ചയായും ഇത് സൗന്ദര്യശാസ്ത്രപരവും രാഷ്ട്രീയവുമായ പുതിയൊരു ലാവണ്യരൂപത്തെ എത്തിപ്പിടിക്കുന്നുണ്ട്.

കുറ്റിപ്പറം പാലം (2014) എന്ന പാരിസ്ഥിതക ചിന്തയുള്ള സിനിമയിലാണ് പ്രതാപ് ജോസഫ് തൻ്റെ സിനിമാ കരിയർ (സംവിധാനം) തുടങ്ങുന്നത് എന്നതും ഓർക്കാം. ഇടശ്ശേരിയുടെ കുറ്റിപ്പുറം പാലം മലയാളത്തിലെ ആദ്യ പാരിസ്ഥിതിക കവിതയാണ്. പ്രതാപ് ജോസഫ് സിനിമയിലേക്ക് നേരിട്ട് സ്വീകരിച്ചിട്ടില്ലെങ്കിലും ആ കവിതയും പശ്ചാത്തലത്തിലുണ്ട്. മാവോയിസ്റ്റിൽ പുതിയ കുറ്റിപ്പുറം പാലം പണി നടക്കുന്നതിൻ്റെ പശ്ചാത്തലത്തിലിരുന്നാണ് ശരത് എന്ന കലാകാരൻ സംസാരിക്കുന്നത് എന്നും കാണാം. ചെ ഗുവേരയെ പോലും ഓർമിപ്പിക്കുന്ന രൂപഭാവങ്ങളുള്ള ഒരു ചെറുപ്പക്കാരൻ്റെ തിരോധാനത്തിൻ്റെ കൗതുകകരമായ ദുരൂഹതയെ പരിസ്ഥിതിയോടും രാഷ്ട്രീയത്തോടും കണ്ണിചേർത്ത് പ്രേക്ഷകരുടെ നിഗമനങ്ങൾക്കും അഭ്യൂഹങ്ങൾക്കും വിട്ടുകൊടുത്ത് പിൻവാങ്ങുകയാണ് മാവോയിസ്റ്റിൽ പ്രതാപ് ജോസഫ് ചെയ്യുന്നത്. പ്രേക്ഷകരെ സ്വതന്ത്രരാക്കുന്ന, കൃത്യമായ ഒരു പരിസമാപ്തി ആവിഷ്കരിക്കാത്ത, എന്നാൽ വ്യക്തമായി രാഷ്ട്രീയം പറയുകയും ഓർമിപ്പിക്കുകയും ചെയ്യുന്ന മാവോയിസ്റ്റ് എന്ന സിനിമ തൻ്റെ ചുറ്റുപാടുകളോടുള്ള സംവിധായകൻ്റെ പ്രതികരണമായി കാണാം. ആ നിലയിൽ പ്രതാപ് മുമ്പുചെയ്ത സിനിമകളുടെ -കുറ്റിപ്പുറം പാലം, രണ്ടുപേർ ചുംബിക്കുമ്പോൾ, ഒരു രാത്രി ഒരു പകൽ, അവൾക്കൊപ്പം- തുടർച്ചതന്നെയാണ് മാവോയിസ്റ്റ്.

മിനിമൽ സിനിമയുടെ ബാനറിലിറങ്ങിയ ചിത്രത്തിൻ്റെ ആദ്യ പ്രദർശനം കാലിക്കറ്റ് സർവകലാശാല ഇ എം എം ആർ സി സംഘടിപ്പിച്ച ഐറിസ് സിനിമാമേളയിൽ ഫെബ്രുവരി 7 ന് നടന്നു.

Comments