‘ലോകത്തെ ഇരുൾ മൂടിക്കഴിഞ്ഞു,
എന്നാൽ, ഇരുട്ടിനെ ശരിക്കു കാണാനും വയ്യ'
മതിലുകൾ- വൈക്കം മുഹമ്മദ് ബഷീർ.
എല്ലാ അർത്ഥത്തിലും മനുഷ്യൻ മതിലുകൾക്കുള്ളിൽ കഴിയേണ്ടി വന്ന ഈ കാലത്ത് കലാപ്രവർത്തകർ മതിലുകളെ കുറിച്ച് ചിന്തിക്കുന്നതിൽ അത്ഭുതമില്ല. ഒരു മലയാളിയെ സംബന്ധിച്ച് മതിലുകൾ എന്ന വാക്കിനും, അത് ഉൽപാദിപ്പിക്കുന്ന ചിന്തകൾക്കും ബഷീറിനോട് കടപ്പെട്ടിരിക്കുന്നു.
മതിലുകളുടെ നിറവും വലിപ്പവും, ചലച്ചിത്രത്തിലൂടെ അടൂർ ഗോപാലകൃഷ്ണൻ കാണിച്ചുതരുന്നു. ഈറൻ മതിലുകളോട് ചേർന്നുനിൽക്കുന്ന ചുവന്ന റോസാചെടികളുണ്ടാക്കുന്ന വിഷ്വൽ കോൺട്രാസ്റ്റും, മതിലിന് മുകളിലേക്ക് ചുള്ളിക്കമ്പ് ഉയർന്നുതാഴുന്ന അന്ത്യരംഗവും സഹൃദയരായ മലയാളികൾക്ക് പരിചിതമാണ്.
മലയാള സാഹിത്യത്തിലേയും, ചലച്ചിത്രത്തിലെയും ക്ലാസിക്കുകളായി ബഷീറിന്റെ മതിലുകളും, അടൂരിന്റെ മതിലുകളും നമുക്കുമുന്നിൽ ഉയർന്നുനിൽക്കുന്നുണ്ട്. ആ മതിലുകളെ ചാടിക്കടക്കുന്നത് അത്ര എളുപ്പമല്ല. എന്നാൽ, നാരായണി എന്ന കഥാപാത്രവും കെ.പി.എ.സി. ലളിത എന്ന നടിയുടെ ശബ്ദവും,
മതിലുകളുടെയും അതിന്റെ കർത്താക്കളായ രണ്ട് പ്രതിഭകളുടെയും ഉയരം ഏറെക്കുറെ ചാടിക്കടന്ന് മനുഷ്യർക്കിടയിൽ വന്നുനിൽക്കുന്നത് കാണാം. അതുകൊണ്ടുതന്നെയാവാം മതിലുകൾ എന്ന് കേൾക്കുമ്പോൾ ബഷീറിനും അടൂരിനും ഒപ്പം നാരായണിയുടെ ശബ്ദവും എന്നിലേക്കെത്തുന്നുണ്ട്.
നാരായണിയുടെ ശബ്ദമാണല്ലോ കെ.പി.എ.സി. ലളിതക്ക് എന്ന് ചിന്തിക്കാൻ പോലും ഞാൻ ഒരുക്കമാണ്.
മതിലുകളിലെ നാരായണി ഓരോ തവണയും ‘ദൈവമേ' എന്നുവിളിക്കുമ്പോൾ വിവരിക്കാൻ കഴിയാത്ത ഒരു ecstasy ഞാൻ അനുഭവിക്കുന്നുണ്ട്. ബഷീറിനെ വായിക്കുമ്പോൾ അനുഭവിച്ചത് ഒരു നടി തന്റെ ശബ്ദത്തിലൂടെ നമുക്ക് പകർന്നുതരുന്നു. അദൃശ്യമായിരുന്ന് പ്രണയത്തിന്റെ ഭാഷയിൽ "ദൈവമേ' എന്നുവിളിക്കുന്നതുപോലെയോ അദൃശ്യതയുടെ ഭാഷയിൽ പ്രണയത്താൽ ‘ദൈവമേ' എന്ന് വിളിക്കുന്നതുപോലെയോ ആ പെൺശബ്ദത്തെ ഞാൻ കേൾക്കുന്നു. ബാവുളുകളുടെ അലച്ചിൽ പോലെ, ഉസ്താദ് റാസാ ലോട്ഫി വിരലുകളിൽ നിന്ന് സംഗീതം പൊഴിക്കും പോലെ നാരായണിയുടെ ശബ്ദം ഞാൻ അനുഭവിക്കുന്നു.
‘ദൈവമേ എനിക്ക് കരച്ചിൽ വരുന്നു' എന്ന് നാരായണി പറയുമ്പോൾ ബഷീറിനെപ്പോലെ ഞാനും ചോദിക്കുന്നു; ‘അപ്പോൾ നിനക്ക് പൂക്കാൻ അറിയാം അല്ലേ' എന്ന്.
മതിലുകൾ എനിക്ക് സംഭാഷണങ്ങളുടെ നോവലാണ്.
ബഷീറിനുമാത്രം സാധ്യമാവുന്ന ‘മിണ്ടലുകളുടെ'എഴുത്ത്. ജയിലിൽ ബ്ലേഡുകൊണ്ട് തീപ്പെട്ടിക്കൊള്ളി ആറായി കീറുന്നവരെ മഹാകലാകാരൻ എന്നാണ് ബഷീർ വിശേഷിപ്പിക്കുന്നത്. അത്തരത്തിൽ അതി സൂഷ്മമായി കീറിയെടുത്ത, തീപ്പെട്ടിക്കൊള്ളി പോലുള്ള മെലിഞ്ഞ ഭാഷണങ്ങളിൽ, തീയുള്ള ഒരു ലോകത്തെമുഴുവൻ ഒളിപ്പിച്ചുവെയ്ക്കുന്നുണ്ട് മഹാനായ ആ എഴുത്തുകാരൻ.
‘പ്രപഞ്ചമാവുന്ന മഹാജയിലിനുള്ളിലെ ചെറിയ ജയിലിൽ ഞാൻ തനിച്ച്.
ഞാനും അനന്തതയും'എന്ന് ബഷീർ എഴുതുന്നിടത്തുനിന്ന് ഏതുകാലത്തേയ്ക്കും കയറിപ്പോവാനുള്ള ഒരു ബസ് വായനക്കാരനുമുന്നിൽ വന്നുനിൽക്കുന്നുണ്ട്. അവിടെ നിന്നുതന്നെയാവാം എഴുത്തുകാരനും, സംവിധായകനുമായ അൻവർ അബ്ദുള്ള മതിലുകൾ ലൗ ഇൻ ദ ടൈം ഓഫ് കൊറോണ എന്ന ചലച്ചിത്രത്തെ കണ്ടെത്തുന്നത്. ലോകം മുഴുവൻ അടഞ്ഞുകിടന്ന ഒന്നാം ലോക്ക്ഡോൺ കാലത്ത് അത്രമേൽ പരിമിതമായ സാഹചര്യത്തിൽ ഒരു സിനിമ ചെയ്യാനുള്ള ശ്രമം തന്നെ പ്രസക്തമാണ്.
‘‘Pick up a camera. Shoot something. No matter how small, no matter how cheesy, no matter whether your friends or sister star in it’’ എന്നുപറഞ്ഞത് James Cameron ആണ്. അത്തരത്തിൽ ഒരു ശ്രമമാണ് അൻവർ അബ്ദുള്ളയും നടത്തുന്നത്.
ഒറ്റക്കായിപ്പോയ ഇരുനില വീടും അതിനകത്ത് തനിച്ചുകഴിയേണ്ടിവരുന്ന പ്രവാസി കൂടിയായ മനുഷ്യനുമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. അയാൾക്കും അയാളുടെ വീടിനും ഒരേ മുഖഛായയാണ്. വീടും വീട്ടിലെ മനുഷ്യനും ഏകാന്തതയുമായി നടത്തുന്ന ട്രപ്പീസ് കളി സിനിമയിലുടനീളം കാണാം. ലഭ്യമായ വസ്തുക്കളെ സർഗ്ഗാത്മകമായി ഉപയോഗിക്കാനുള്ള വലിയ ശ്രമം സിനിമ നടത്തുന്നുണ്ട്. ഷോക്കേസിലെ ചെറു ബുദ്ധപ്രതിമകളും, കുട്ടികളുടെ വരകളും, ചരിഞ്ഞു കിടക്കുന്ന സൈക്കിളും, തുടങ്ങി വിശാലമായ പറമ്പും, മതിലും കിളികളും, അണ്ണാനുമെല്ലാം സിനിമയുടെ ഭാഗമായി വരുന്നുണ്ട്.
ന്യൂസ് ചാനലുകളെ അനുകരിച്ച് കണ്ണാടികൾക്കുമുന്നിൽ കഥാനായകൻ നടത്തുന്ന അന്തിച്ചർച്ചാ രംഗം ആശയപരമായും പ്രകടന മികവുകൊണ്ടും മികച്ചുനിൽക്കുന്നു. ചർച്ചയിൽ പങ്കെടുക്കുന്ന വ്യത്യസ്ത കഥാപാത്രങ്ങളായും അവതാരകനായും അൻവർ അബ്ദുള്ള നടത്തുന്ന പ്രകടനം പ്രശംസനീയമാണ്. ഓരോ കണ്ണാടിയിലും നമുക്ക് ഓരോ മനുഷ്യരെ കാണാം. ചിത്രീകരണ പരിമിതികൾ ഇല്ലായിരുന്നുവെങ്കിൽ ഒരു പക്ഷേ ഈ രംഗത്തിന് ഇതിലും നിലവാരമുള്ള ഒരു രൂപം കൈവരിക്കാൻ കഴിഞ്ഞേനേ. ഈ രംഗത്തെ മുൻനിർത്തി അൻവറിൽ ഒരു മികച്ച പെർഫോർമർ ഉണ്ടെന്ന് നിസ്സംശയം പറയാം.
കൊറോണക്കാലവും ഏകാന്തതയും ആണുങ്ങളുടെ പെൺചിന്തകളുമെല്ലാം സിനിമയുടെ വിഷയമാണ്. മനുഷ്യജീവിതത്തിന്റെ ചലനത്തിലും വേഗതയിലും നാടകീയമാറ്റം വരുത്തി എന്നതാണല്ലോ കൊറോണക്കാലത്തിന്റെ വലിയ പ്രത്യേകതയിൽ ഒന്ന്. ചലനത്തിന്റെ ഓർമകൾ മനുഷ്യ ശരീരത്തിൽ പ്രവർത്തിക്കുന്നത് എങ്ങനെയെന്ന് സിനിമ കാണിച്ചുതരുന്നു.
പോർച്ചിൽ നിർത്തിയിട്ട കാർ മുന്നോട്ടും പിന്നോട്ടും നീക്കിയും ഭ്രാന്തമായി വളച്ചും തിരിച്ചുമാണ് സിനിമയിലെ കഥാപാത്രം തന്റെ വേഗതയെയും, നിത്യജീവിതത്തെയും തിരിച്ചെടുക്കാൻ ശ്രമിക്കുന്നത്.
മതിലുകളിൽ ബഷീറിനോട് വാർഡൻ ചോദിക്കുന്നുണ്ട്: കേസ് എന്താണ്?
‘എഴുത്ത്... രാജ്യദ്രോഹം' എന്നാണ് ബഷീർ മറുപടി പറയുന്നത്.
ഏറെക്കുറെ ഭൂതകാലത്തെന്നോ എഴുത്ത് എന്ന കുറ്റകൃത്യം ചെയ്ത് ജീവിതത്തിന്റെ തടവിലായിപ്പോയ ഒരാളാണ് അൻവർ അബ്ദുള്ളയുടെ മതിലുകളിലെ നായകനും. പുസ്തകങ്ങൾക്കിടയിൽ നിന്ന് സ്വന്തം ഡ്രാക്കുളയെ അയാൾ പുറത്തെടുക്കുന്നുണ്ട്.
ലോകത്തിലെ ഏറ്റവും മാദകമായ പരിമളമായ പെണ്ണിന്റ മണം വന്നപ്പോൾ ലോകത്തെ മുഴുവൻ എന്നിലേക്ക് വലിച്ചു എന്നാണ് ബഷീർ പറയുന്നത്. ലോക്ക്ഡൗണിൽ ഒറ്റയ്ക്കായപ്പോൾ അതേ ശ്രമം തന്നെയാണ് സിനിമയിലെ കഥാപാത്രവും നടത്തുന്നത്. രണ്ടുപേർ മാത്രമുള്ള ക്രൂ സിനിമയുടെ പ്രത്യേകത തന്നെയാണ്. മൂന്നുപേരും അഞ്ചുപേരുമുള്ള സംഘത്തെ ഉപയോഗിച്ച് സിനിമ ചെയ്യുന്ന പെഡ്രോ കോസ്റ്റ എന്ന പോർച്ചുഗീസ് സംവിധായകനെ ഇവിടെ ഓർക്കുന്നു. ‘cinema must be a ritual' എന്ന് പറയുന്നുണ്ട് പെഡ്രോ. 2019ലെ ഗോൾഡൻ ലെപോർഡ് പുരസ്‌കാരം നേടിയ vitalina varela എന്ന സിനിമയിലേക്ക് എത്തിച്ചേരുന്നതിന്റെ അവ്യവസ്ഥിത വഴികൾ തന്റെ പല ആഭിമുഖങ്ങളിലും പെഡ്രോ വിവരിക്കുന്നുണ്ട്. മേക്കിങ് പ്രോസ്സസിൽ നടത്തുന്ന വഴിവിട്ട നടത്തം പെഡ്രോയുടെ സിനിമയുടെ രൂപശിൽപ്പത്തിലും വ്യക്തമായി കാണാം.
As you know, we're four or five, we have so much work everyday that I have no time to imagine or invent fake problems. It can also be quite painful because, you know, there is no relief until the end, and even in the end... എന്നാണ് പെഡ്രോ പറയുന്നത്.
പല മികച്ച സിനിമകൾക്കുപിന്നിലും വലിയ ഹ്യൂമൺ പവർ കാണാം. പണവും ആളുകളും ഉണ്ടായിട്ടും മോശം സിനിമകൾ ഉണ്ടാകാറുണ്ട്. എന്നാൽ മതിലുകളുടെ കാര്യം വ്യത്യസ്തമാണ്. എഴുത്തും സംവിധാനവും, അഭിനയവും ഏറ്റെടുത്ത അൻവർ അബ്ദുള്ളയും ക്യാമറ കൈകാര്യം ചെയ്യ്ത മുഹമ്മദും നടത്തിയ ഒരു റെയിപ്പാളനടത്തമാണ് ഈ സിനിമ. മറ്റൊരു അർത്ഥത്തിൽ പരിമിതികളെ ചേർത്ത് വെച്ച് രണ്ട് കലാപ്രവർത്തകർ നടത്തിയ എക്സ്പ്രഷൻ എന്ന നിലയിലും മതിലുകളെ കാണാൻ ശ്രമിക്കാം.
പോസ്റ്റ് പ്രൊഡക്ഷനിലെ ചില പോരായ്മകൾ സിനിമയുടെ രൂപത്തെ പലയിടങ്ങളിലും ബാധിക്കുന്നുണ്ട്. സെൻസിബിളായ ഒരു എഡിറ്റിങ്ങിനുകൂടെ സിനിമയെ വിധേയമാക്കാൻ സാധിച്ചാൽ സിനിമ കുറച്ചുകൂടി മികച്ചതാവും.
സംവിധായൻ എന്ന നിലയിൽ ആശയപരമായി ഒരു സംഭാഷണ രീതിയെ സ്വീകരിക്കുന്നതായി ആഭിമുഖങ്ങളിലും മറ്റും സംവിധായകൻ തന്നെ വ്യക്തമാക്കുന്നുണ്ടെങ്കിലും പ്രയോഗികമായി അത് സിനിമയെയും അതിന്റെ ഭാഷയേയും സഹായിക്കുന്നുണ്ടോ എന്ന് സംശയമാണ്.
വോങ് കാർ- വായി (Wong Kar-wai) യെ പ്പോലുള്ള സംവിധായകർ തന്റെ വിഖ്യാത സിനിമകൾ പോലും വീണ്ടും എഡിറ്റ് ചെയ്ത് പുതുക്കിയത് ലോക സിനിമയിലെ സമകാലിക വർത്തകളിൽ വലിയ പ്രാധാന്യം നേടിയ ഒന്നാണ്.
I invite the audience to join me on starting afresh, as these are not the same films, and we are no longer the same audience എന്ന് പറയാൻ വോങ് കാർ- വായിക്ക് സാധിക്കും. കാരണം കലയിൽ ശരി തെറ്റുകൾക്കല്ല തിരിഞ്ഞെടുപ്പുകൾക്ക് ആണ് പ്രാധാന്യം. കൃത്യമായ തിരഞ്ഞെടുപ്പുകളാണ് മികച്ച കലയെ സാധ്യമാക്കുന്നത്.