ജനാലയ്ക്കരികിലെ
വികൃതിയായ കുട്ടി

മോഹൻലാൽ ഒരു കഥാപാത്രത്തേയും ചുമന്നു നടക്കാറില്ല. നദിക്കരയിൽ ഇറക്കിവിടാൻ കഴിയുക എന്ന സെൻ വഴി അദ്ദേഹത്തിനറിയാം. നമ്മളോ, ഇല്ലാത്ത കഥകൾ പറഞ്ഞ് ഭാരിച്ച്, ക്ഷീണിച്ച് ഇപ്പോഴും നടക്കുന്നു. ജനാലയ്ക്കരികിൽ നിന്നുള്ള ആ ചിരി കണ്ട് വികൃതിക്കുട്ടിയായി അദ്ദേഹത്തെ തെറ്റിദ്ധരിക്കുന്നത് നമ്മുടെ മണ്ടത്തരം- ഉണ്ണി ആർ എഴുതുന്നു.

സിനിമയിലെ മനുഷ്യരെക്കുറിച്ച് അന്നും ഇന്നും കഥകൾക്ക് ക്ഷാമമില്ല. ഒരാളുടെ പേരിൽ പ്രചരിച്ച കഥ മറ്റൊരുനാൾ വേറൊരാളിലേക്ക് കൂടുമാറാൻ അധികസമയവും വേണ്ട. 'സിനിമാക്കാർ' എന്നു വിളിക്കപ്പെടുന്ന മനുഷ്യരിലേക്ക് പഴയ കാലത്ത് കണ്ണും കാതും കൂർപ്പിച്ചു വെച്ചവർ ഇന്ന് മൊബൈൽ ഫോൺ ക്യാമറകൂടി തുറന്നുവെച്ചിരിക്കുന്നു എന്നുമാത്രം. കല്യാണമാവട്ടെ മരണമാവട്ടെ ക്ഷണിക്കപ്പെടാതെ ചെന്ന് ക്യാമറ തുറന്നു വെക്കുവാൻ ഒരു മടിയുമില്ല ഈ കൂട്ടങ്ങൾക്ക്.

ഇങ്ങനെ തുറന്നുവെച്ച കണ്ണും കാതും നാവുമാണ് മോഹൻലാലിനെ ഒരു വികൃതിക്കുട്ടിയാക്കിയത്. പ്രചരിച്ച കഥകളെ അദ്ദേഹം ചെറിയ ചിരിയോടെ നോക്കി. ഒന്നിനോടും അതെ എന്നോ അല്ല എന്നോ പറഞ്ഞില്ല. അതൊരു സെൻ വഴിയാണ്. ചിലരിലത് ജന്മസിദ്ധമാണ്. ചിലരത് തങ്ങളുടെ യാത്രയിൽ സ്വായത്തമാക്കുന്നു. അനായാസതയാണ് മോഹൻലാലിലെ അഭിനേതാവിനെ നമുക്ക് പ്രിയപ്പെട്ടവനാക്കിയത്. ഇതേ ഭാരമില്ലായ്മ ജീവിതത്തിലും നടപ്പിൽ വരുത്തുന്നതിൽ അദ്ദേഹം വിജയിച്ചിട്ടുണ്ട്. അതുകൊണ്ടാണ് തനിക്കു ചുറ്റും വലയം തീർക്കുന്ന കേട്ടുകേൾവികളെ നിസ്സാരമായി പുറത്തു നിർത്താൻ കഴിയുന്നത്. ആക്ഷനും കട്ടിനുമിടയിൽ മാത്രം കഥാപാത്രമാവുകയും അതിനു വെളിയിൽ താനായി മാറാൻ കഴിയുന്നതും അതുകൊണ്ടാണ്.

അനായാസതയാണ് മോഹൻലാലിലെ അഭിനേതാവിനെ നമുക്ക് പ്രിയപ്പെട്ടവനാക്കിയത്. ഇതേ ഭാരമില്ലായ്മ ജീവിതത്തിലും നടപ്പിൽ വരുത്തുന്നതിൽ അദ്ദേഹം വിജയിച്ചിട്ടുണ്ട്.
അനായാസതയാണ് മോഹൻലാലിലെ അഭിനേതാവിനെ നമുക്ക് പ്രിയപ്പെട്ടവനാക്കിയത്. ഇതേ ഭാരമില്ലായ്മ ജീവിതത്തിലും നടപ്പിൽ വരുത്തുന്നതിൽ അദ്ദേഹം വിജയിച്ചിട്ടുണ്ട്.

ഞാനവളെ ആ നദിക്കരയിൽ ഇറക്കിവിട്ടു, നീ ഇപ്പോഴും അവളെ ചുമന്നു നടക്കുകയാണോ എന്ന സെൻ ഗുരുവിന്റെ ചോദ്യം ഓർക്കുക. മോഹൻലാൽ ഒരു കഥാപാത്രത്തേയും ചുമന്നു നടക്കാറില്ല. നദിക്കരയിൽ ഇറക്കിവിടാൻ കഴിയുക എന്ന സെൻ വഴി അദ്ദേഹത്തിന് അറിയാം. നമ്മളോ ഇല്ലാത്ത കഥകൾ പറഞ്ഞ് ഭാരിച്ച്, ക്ഷീണിച്ച് ഇപ്പോഴും നടക്കുന്നു. ജനാലയ്ക്കരികിൽ നിന്നുള്ള ആ ചിരി കണ്ട് വികൃതിക്കുട്ടിയായി അദ്ദേഹത്തെ തെറ്റിദ്ധരിക്കുന്നത് നമ്മുടെ മണ്ടത്തരം.


ഉണ്ണി ആർ.

കഥാകൃത്ത്​, തിരക്കഥാകൃത്ത്. ഒഴിവുദിവസത്തെ കളി, കാളിനാടകം, ഒരു ഭയങ്കര കാമുകൻ, വാങ്ക്​, കഥകൾ: ഉണ്ണി ആർ (കഥാ സമാഹാരങ്ങൾ), പ്രതി പൂവൻകോഴി (നോവൽ), ഗംഭീര വിക്രമ, മലമുകളിൽ രണ്ടുപേർ എന്നിവ പ്രധാന പുസ്​തകങ്ങൾ. മുന്നറിയിപ്പ്​, ചാർലി, ലീല, നാരദൻ തുടങ്ങിയവ പ്രധാന തിരക്കഥകൾ.

Comments