അതിജീവനത്തിന്റെ ദൃശ്യജീവിതം

'ദൃശ്യം 3' എന്നത് കേവലമൊരു ക്രൈം ത്രില്ലർ കഥ എന്നതിനപ്പുറം, ഭയവും അതിജീവനത്തിന്റെ ആവശ്യകതയും ചേർന്ന് ഒരു മനുഷ്യന്റെ ചിന്താശേഷിയെയും ബുദ്ധിശക്തിയെയും എത്രത്തോളം അമാനുഷികമായ തലത്തിലേക്ക് പരിവർത്തനം ചെയ്യുന്നു എന്ന് കാട്ടിത്തരുന്ന മികച്ചൊരു സൈക്കോളജിക്കൽ ത്രില്ലറാണ് -

രു കുറ്റകൃത്യം. ഒരു ജീവിയുടെ സ്വാഭാവികമായ അതിജീവനമനസ്സിന്റെ ഉപോത്പന്നമായി സംഭവിച്ച ഒന്ന്. എന്നാൽ ആ കുറ്റകൃത്യത്തെ മറയ്ക്കുവാനും അതിൽ നിന്ന് ഓടിരക്ഷപ്പെടുവാനും ആ കുടുംബത്തെ പ്രേരിപ്പിച്ച ഘടകം എന്നത് സാമൂഹികസമ്മർദ്ദവും സാമൂഹികവിധിതീർപ്പുകളും തന്നെയാണ്. എന്നും ചുറ്റുമുള്ള മനുഷ്യരെ ഭയന്ന് ജീവിക്കുന്ന, സാമൂഹിക ശ്രേണിയിൽ മുന്നിൽ വരണമെന്നോ മറ്റുള്ളവരോട് കിടപിടിക്കണമെന്നോ ആഗ്രഹിക്കുന്ന മലയാളിമധ്യവർത്തി കുടുംബങ്ങളുടെ പലസവിശേഷതകളും പ്രേക്ഷകർക്ക്, ജോർജ്കുട്ടിയുടെ കുടുംബത്തിൽ നിന്ന് കണ്ടെത്താൻ സാധിക്കും. ഈ പ്രമേയപരിസരം തന്നെയാണ് മലയാള ത്രില്ലർ സിനിമകളുടെ പട്ടികയിൽ ദൃശ്യം ഒന്നാം ഭാഗം ഒരു വഴിത്തിരിവായി മാറുവാനുള്ള കാരണവും.

ഒരു പക്ഷത്ത് വരുൺ എന്ന യുവാവിന്റെ തിരോധാനം ശക്തമായി അന്വേഷിക്കുന്ന അതിനായി ഏത് മാർഗവും സ്വീകരിക്കുന്ന ഐ.ജിയും നിയമപാലകരും. മറുപക്ഷത്ത് ആശ്രയമായി ആരുമില്ലാതെ സ്വന്തം ഇച്ഛാശക്തിയിൽ നിലനിൽക്കുകയും വേട്ടയാടപ്പെടുകയും ചെയ്യുന്ന ജോർജ്കുട്ടിയും കുടുംബവും. വൈകാരികമായ സ്വാധീനമായി സിനിമയെ, ‘ദൃശ്യജീവിതത്തെ’ കാണുന്ന മലയാളിക്ക് മുന്നിൽ നിലനിന്നിരുന്ന പ്രധാന ദ്വന്ദങ്ങൾ ഇവയായിരുന്നു.

ഇത് ദൃശ്യം 2-വിൽ എത്തുമ്പോൾ കൃത്യമായ ഒരു മാറ്റത്തിലേക്ക് പോകുന്നുണ്ട്. ഒരു തിയേറ്റർ ഉടമയായി മാറുന്ന ജോർജ്കുട്ടിക്ക് വ്യത്യസ്ത മേഖലകളിൽ തന്റെ സാമ്പത്തികഭദ്രത മൂലം ചില സ്വാധീനം സൃഷ്ടിക്കാനാവുന്നുണ്ട്. അതിലൂടെ അയാൾ ചിലന്തി വലനെയ്യുന്നതു പോലെ കുടുംബത്തിന് മീതെ ഒരു കവചം സൃഷ്ടിക്കാനായി ഓടുകയാണ്. അപ്രതീക്ഷിതമായ ഒരു ദൃക്സാക്ഷിയുടെ വരവും അയാളുടെ സാക്ഷിമൊഴിയിൽ നിന്ന് കണ്ടെത്തപ്പെടുന്ന സത്യവും സത്യത്തിന് മീതെ ജോർജ്കുട്ടി തന്റെ ബുദ്ധിയാൽ സൃഷ്ടിക്കുന്ന വികലമായ സത്യാനന്തര യാഥാർത്ഥ്യവും സിനിമാറ്റിക് ഭാവത്തോടെ ഈ ചിത്രത്തിൽ കാണുന്നു. അവിടെയും ചിത്രം അവസാനിക്കുന്നില്ലെന്നും ഇത് ഒരു തുടക്കം മാത്രമാണെന്നും പറയുന്നിടത്താണ് മൂന്നാം ഭാഗം എന്ന ചിന്തയിലേക്ക് പ്രേക്ഷകർ കടന്നുവരുന്നത്.

എന്നും ചുറ്റുമുള്ള മനുഷ്യരെ ഭയന്ന് ജീവിക്കുന്ന, സാമൂഹിക ശ്രേണിയിൽ മുന്നിൽ വരണമെന്നോ മറ്റുള്ളവരോട് കിടപിടിക്കണമെന്നോ ആഗ്രഹിക്കുന്ന മലയാളിമധ്യവർത്തി കുടുംബങ്ങളുടെ പലസവിശേഷതകളും പ്രേക്ഷകർക്ക്, ജോർജ്കുട്ടിയുടെ കുടുംബത്തിൽ നിന്ന് കണ്ടെത്താൻ സാധിക്കും.
എന്നും ചുറ്റുമുള്ള മനുഷ്യരെ ഭയന്ന് ജീവിക്കുന്ന, സാമൂഹിക ശ്രേണിയിൽ മുന്നിൽ വരണമെന്നോ മറ്റുള്ളവരോട് കിടപിടിക്കണമെന്നോ ആഗ്രഹിക്കുന്ന മലയാളിമധ്യവർത്തി കുടുംബങ്ങളുടെ പലസവിശേഷതകളും പ്രേക്ഷകർക്ക്, ജോർജ്കുട്ടിയുടെ കുടുംബത്തിൽ നിന്ന് കണ്ടെത്താൻ സാധിക്കും.

വീണ്ടും വരവ്... ദൃശ്യം 3

അത്രമേൽ പൂർണമായ ഒരു ചിത്രം, ഇനിയൊരു ആഖ്യാനം ഏറെക്കുറെ അസാധ്യം എന്ന തോന്നലുളവാക്കുന്ന തരത്തിൽ അത്രയും ഭദ്രമായിരുന്നു ദൃശ്യം ഒന്നാം ഭാഗം. നൈസർഗ്ഗികമായ ഒന്നാം ഭാഗത്തിൽ നിന്നും രണ്ടാം ഭാഗത്തിലേക്ക് എത്തുമ്പോൾ അത് വളരെ ചിന്തിച്ച് തയാറാക്കിയ, വഴിത്തിരിവുകളും ഗവേഷണസാധ്യതകളും വ്യക്തി അനുഭവങ്ങളും കൃത്യമായി സമ്മേളിക്കുന്ന ഒന്നായി മാറുന്നുണ്ട്. എന്നാൽ അവിടെയും കഥയ്ക്ക് കൃത്യമായ ഒരു അന്ത്യം ഉണ്ട് എന്ന് പ്രേക്ഷകർ മനസ്സിലാക്കുന്നിടത്തുനിന്ന് മറ്റൊരു കഥാഗതിയിലേക്ക് ചിന്തിക്കാൻ സാധിക്കുന്നതാണ് കഥാകൃത്തിന്റെ വിജയം. ഈ വിജയത്തിന്റെ സാക്ഷാത്കരമാണ് മൂന്നാം ഭാഗത്ത് നാം കാണുന്നത്. ഭാഗ്യവും ദൈവാധീനവും നായകന് തുണയായി വരുന്നതുകൊണ്ടാണ് രണ്ടാംഭാഗത്ത് അദ്ദേഹം രക്ഷപ്പെടുന്നത് എന്ന ആഖ്യാനം സൃഷ്ടിച്ചെടുക്കാൻ സംവിധായാകന് സാധിക്കുന്നുണ്ടെങ്കിൽ മൂന്നാം ഭാഗത്ത് അതിനെ പൊളിച്ചടുക്കുവാനും പകരം ഇത് നായകന്റെ സ്വാഭാവിക ചോദനയായി സ്ഥാപിക്കുവാനും ജീത്തുജോസഫിന് സാധിക്കുന്നുണ്ട്. അതിജീവനം അയാളുടെ സ്വഭാവത്തെ തന്നെ തകിടം മറിക്കുന്ന സാഹചര്യമാണ് ദൃശ്യം മൂന്നാം ഭാഗത്തിന്റെ ഇതിവൃത്തം. ഒന്നാം ഭാഗത്തിലെ ഇടത്തരം മലയാളി കുടുംബം എന്നതിൽ നിന്ന് രണ്ടാം ഭാഗത്തിലേക്ക് എത്തുമ്പോൾ ഉപരി മധ്യവർഗത്തിലേക്ക് ജോർജുകുട്ടിയുടെ കുടുംബം മാറുന്നുണ്ട്. അതിൽ നിന്നും മൂന്നാം ഭാഗത്തിലേക്ക് എത്തുമ്പോൾ ജോർജുകുട്ടി ഒരു ചലച്ചിത്രം നിർമ്മിക്കുന്ന അത് വിജയിപ്പിക്കുന്ന ഒരു നിർമ്മാതാവായി പരിണമിക്കുന്നു. അയാൾക്ക് സമൂഹത്തിലെ ഉപരിവർഗ്ഗവുമായി അടുത്ത ബന്ധവും ഉണ്ട്.

എന്നാൽ, ദൃശ്യം ഒന്നാം ഭാഗത്തിലും രണ്ടാം ഭാഗത്തിലും എന്നതുപോലെ മൂന്നാം ഭാഗത്തിലും ജോർജ്കുട്ടി ഭയക്കുന്നത് സമൂഹത്തിന്റെ വിധി തീർപ്പുകളെത്തന്നെയാണ്. മകളുടെ വിവാഹവും അനുയോജ്യരായ ഒരു കുടുംബവും അദ്ദേഹം ആഗ്രഹിക്കുന്നു. സാമൂഹികമായ സുരക്ഷിതത്വവും സമാധാനപൂർണ്ണമായ ജീവിതവും ജോർജുകുട്ടിയുടെ അലഭ്യതകളായി ചിത്രത്തിൽ കാണാൻ സാധിക്കും.

കൃത്യം ഒളിപ്പിക്കാൻ ശ്രമിക്കുമ്പോൾ അനുഭവിക്കുന്ന ഏകാന്തതകളും നിയമത്തിന്റെ കണ്ണിൽ നിന്നും ഒളിച്ചോടാൻ അയാൾ നടത്തുന്ന ചതുരംഗക്കളികളും അയാളുടെ മാനസിക വ്യാപാരത്തിന്റെ ആഴം വ്യക്തമാക്കുന്നു. ഒരു സാധാരണക്കാരനായ മനുഷ്യൻ തന്റെ കുടുംബത്തിനുവേണ്ടി മനസ്സാക്ഷിയെ പോലും മാറ്റിനിർത്തിക്കൊണ്ട് മുന്നേറുമ്പോൾ എന്തൊക്കെ മാറ്റങ്ങൾ കാലികമായി അയാളിൽ വന്നിരിക്കാം എന്ന സംവിധായകൻ ജീത്തു ജോസഫിന്റെ ചിന്തയാണ് ദൃശ്യത്തിന്റെ യു. എസ്.പി.

ഭാഗ്യവും ദൈവാധീനവും നായകന് തുണയായി വരുന്നതുകൊണ്ടാണ് രണ്ടാംഭാഗത്ത് അദ്ദേഹം രക്ഷപ്പെടുന്നത് എന്ന ആഖ്യാനം സൃഷ്ടിച്ചെടുക്കാൻ സംവിധായാകന് സാധിക്കുന്നുണ്ടെങ്കിൽ മൂന്നാം ഭാഗത്ത് അതിനെ പൊളിച്ചടുക്കുവാനും പകരം ഇത് നായകന്റെ സ്വാഭാവിക ചോദനയായി സ്ഥാപിക്കുവാനും ജീത്തുജോസഫിന് സാധിക്കുന്നുണ്ട്.
ഭാഗ്യവും ദൈവാധീനവും നായകന് തുണയായി വരുന്നതുകൊണ്ടാണ് രണ്ടാംഭാഗത്ത് അദ്ദേഹം രക്ഷപ്പെടുന്നത് എന്ന ആഖ്യാനം സൃഷ്ടിച്ചെടുക്കാൻ സംവിധായാകന് സാധിക്കുന്നുണ്ടെങ്കിൽ മൂന്നാം ഭാഗത്ത് അതിനെ പൊളിച്ചടുക്കുവാനും പകരം ഇത് നായകന്റെ സ്വാഭാവിക ചോദനയായി സ്ഥാപിക്കുവാനും ജീത്തുജോസഫിന് സാധിക്കുന്നുണ്ട്.

മോഹൻലാൽ എന്ന പേരിന്റെ അർഥം എന്താണ് അതിന് വല്ല അർഥം ഉണ്ടോ?

മോഹിപ്പിക്കുന്ന നിസ്സംഗത. The Art of Underplaying. അഭിനയത്തിന്റെ സ്വഭാവികതയിലൂടെയും അനായാസതയിലൂടെയും മോഹൻലാൽ സൃഷ്ടിക്കുന്ന മായികത എടുത്തുപറയേണ്ടതു തന്നെയാണ്. പ്രേക്ഷകരെ ആകർഷിക്കാൻ മോഹൻലാൽ ഇവിടെ ഉപയോഗിക്കുന്നത് അത്യുഗ്രൻ ഡയലോഗുകളോ പ്രകടനപരതയോ അല്ല; മറിച്ച് പൂർണ്ണമായ നിശ്ശബ്ദതയും നിസ്സംഗതയുമാണ്. 'ദൃശ്യം' സീരീസിലുടനീളം ജോർജുകുട്ടി എന്ന കഥാപാത്രം വലിയൊരു സത്യം ഉള്ളിൽ ഒളിപ്പിച്ചു വെച്ചാണ് ജീവിക്കുന്നത്. പോലീസിന്റെ ചോദ്യം ചെയ്യലുകൾക്ക് മുന്നിലും അനാവശ്യമായ സാമൂഹിക വിചാരണകൾക്ക് നടുവിലും അയാൾ പുലർത്തുന്ന ആ 'നിസ്സംഗത' പ്രേക്ഷകരെ ഒരേസമയം ആകർഷിക്കുകയും അസ്വസ്ഥമാക്കുകയും ചെയ്യുന്നു; ഒരു വലിയ കൊടുങ്കാറ്റിനെ ഉള്ളിലൊതുക്കി പുറമെ ശാന്തനായിരിക്കുന്ന ഭാവം ലാലേട്ടന്റെ കണ്ണുകളിലും നേർത്ത പുഞ്ചിരിയിലും ഭദ്രമാണ്.

ദൃശ്യം ചലച്ചിത്രപരമ്പരയുടെ എറ്റവും വലിയ ഇൻവെസ്റ്റ്മെന്റ് എന്നത് ഈ ‘ലാൽ ഫാക്ടറാണ്’. തന്റെ മൂത്ത മകൾ അഞ്ജു, മുറ്റത്തുനിന്ന് പഠിക്കുമ്പോൾ സുരേഷ് ബാബു എന്ന എസ് ഐ അവളുടെ അടുത്തേക്ക് വരുന്ന ഒരു സന്ദർഭം ദൃശ്യം ഒന്നാം ഭാഗത്തെ “നിഴലേ” ഗാനരംഗത്തിലുണ്ട്. ഇത് കാണുന്ന ജോർജ്കുട്ടി നിഴലും വെളിച്ചവും ഇടവിട്ട് നിൽക്കുന്ന തന്റെ തോട്ടത്തിന്റെ നടുവിലൂടെ ഓടിവന്ന് പേടിച്ചരണ്ട തന്റെ മകളുടെ മുന്നിൽ അവൾക്കുനിഴലായി നിൽക്കുന്ന ഒരു രംഗമുണ്ട്. ജോർജ്കുട്ടി എന്ന കഥാപാത്രത്തിന്റെ വേദനയിൽ നിന്നും ഭീതിയിൽ നിന്നും സ്വാഭാവികമായി അയാളിൽ ഉടലെടുക്കുന്ന ഈ പ്രതിരോധശ്രമത്തെയാണ് അഥവാ പ്രതിരോധവാസനയെയാണ് സംവിധായകൻ ദൃശ്യം മൂന്നാം ഭാഗത്ത് ഉപയോഗിച്ചിരിക്കുന്നത്.

മൂന്നാം ഭാഗത്ത് എത്തുമ്പോൾ ജോർജ്കുട്ടി ആദ്യഭാഗത്തിലെപ്പോലെ നിരുപാധികം മർദ്ദനങ്ങളേറ്റുവാങ്ങുന്ന സാധാരണക്കാരനല്ല, രണ്ടാം ഭാഗത്തിലെപ്പോലെ പിടിക്കപ്പെടും എന്ന ഭയം അയാളെ അലട്ടുന്നില്ല, ചുറ്റും ആരൊക്കെയോ പിന്തുടരുന്നുണ്ട് എന്ന തോന്നലാണ് അദ്ദേഹത്തിന്റെ സമാധാനം കെടുത്തുന്നത്. ഈ വൈകാരികാവസ്ഥയെ അതിഗംഭീരമായ കയ്യടക്കത്തോടെ കൈകാര്യം ചെയ്യുന്ന ലാൽ മാജിക് ദൃശ്യം മൂന്നാം ഭാഗത്തെ അഭിയനയമികവിന്റെ ഇടം കൂടിയാക്കുന്നു.

പ്രേക്ഷകരെ ആകർഷിക്കാൻ മോഹൻലാൽ ഇവിടെ ഉപയോഗിക്കുന്നത് അത്യുഗ്രൻ ഡയലോഗുകളോ പ്രകടനപരതയോ അല്ല; മറിച്ച് പൂർണ്ണമായ നിശ്ശബ്ദതയും നിസ്സംഗതയുമാണ്. 'ദൃശ്യം' സീരീസിലുടനീളം ജോർജുകുട്ടി എന്ന കഥാപാത്രം വലിയൊരു സത്യം ഉള്ളിൽ ഒളിപ്പിച്ചു വെച്ചാണ് ജീവിക്കുന്നത്.
പ്രേക്ഷകരെ ആകർഷിക്കാൻ മോഹൻലാൽ ഇവിടെ ഉപയോഗിക്കുന്നത് അത്യുഗ്രൻ ഡയലോഗുകളോ പ്രകടനപരതയോ അല്ല; മറിച്ച് പൂർണ്ണമായ നിശ്ശബ്ദതയും നിസ്സംഗതയുമാണ്. 'ദൃശ്യം' സീരീസിലുടനീളം ജോർജുകുട്ടി എന്ന കഥാപാത്രം വലിയൊരു സത്യം ഉള്ളിൽ ഒളിപ്പിച്ചു വെച്ചാണ് ജീവിക്കുന്നത്.

ദൃശ്യം ഒരു ഇമോഷണൽ കുടുംബചിത്രം മാത്രമാണോ?

ദൃശ്യം 3 ഒരു ഇമോഷണൽ കുടുംബചിത്രം എന്ന ആഖ്യാനമാണ് സംവിധായകൻ ജീത്തു ജോസഫും മറ്റ് അണിയറ പ്രവർത്തകരും നൽകിയത്. അതിനോട് നീതിപുലർത്തുന്ന ആഖ്യാനമാണുതാനും. എന്നാൽ ജോർജ്കുട്ടിക്ക് സംഭവിച്ചതുപോലെ വൈകാരിക തലത്തിലെ ഒരു മാറ്റം കുടുംബത്തിലെ എല്ലാവർക്കും സംഭവിക്കുന്നുണ്ടെന്ന് കാണാം. അതിനുശേഷം കുടുംബത്തിന്റെ ഇമോഷനേക്കാൾ ജോർജുകുട്ടിയുടെയും അയാളിലെ അപരവ്യക്തിയുടെയും വൈകാരികതയുടെ കഥയായി ഇത് മാറുന്നുണ്ട്.

അഞ്ജുവിന്റെ വിവാഹവുമായി ബന്ധപ്പെട്ടാണ് പ്രമേയപരിസരം വികസിക്കുന്നത്. പോസ്റ്റ് ക്രൈം/ ഇൻവെസ്റ്റിഗേഷൻ ട്രോമയിൽ നിന്ന് മോചിക്കപ്പെട്ട അഞ്ജു, സ്വാഭാവിക ജീവിതത്തിലേക്ക് തിരികെ നടക്കുന്നത് ഇവിടെ കാണാം. ഇളയ മകൾ അനു സാമൂഹികചുറ്റുപാടുകളോട് നിരന്തരമായ കലഹങ്ങൾ നടത്തുകയും മാതാപിതാക്കളുടെ തീരുമാനങ്ങളെ എതിർക്കുകയും പക്വമായ ചില തീരുമാനങ്ങളിലേക്ക് അവരെ നയിക്കുകയും ചെയ്യുന്നുണ്ട്. വളർന്നുവരുന്ന തലമുറ ചോദ്യങ്ങൾ ചോദിക്കുമെന്നും അവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടതുണ്ടെന്നും ജോർജ്കുട്ടിയും റാണിയും മനസിലാക്കുന്നു. ഇത് കഥയുടെ സുപ്രധാന വഴിത്തിരിവും സിനിമയുടെ തന്മയത്വത്തെ നിലനിർത്തുന്ന ഘടകവും കൂടിയാണ്. എസ്തെർ, അൻസിബ, മീന എന്നിവർ തങ്ങളുടെ കഥാപാത്രങ്ങൾക്ക് കൈവരുന്ന കാലികമായ പലമാറ്റങ്ങളെയും ഭംഗിയായി പ്രതിഫലിപ്പിക്കുന്നവിധം മികച്ച പ്രകടനങ്ങൾ തന്നെയാണ് കാഴ്ചവെയ്ക്കുന്നത്.

സ്വത്വ പ്രതിസന്ധിയും അന്യവൽക്കരണവും (Alienation)

ഒരു വ്യക്തി കുട്ടിക്കാലം മുതൽ ജീവിച്ച ചുറ്റുപാടിലൂടെ ആർജ്ജിക്കുന്ന ചിന്തകളും പെരുമാറ്റച്ചട്ടങ്ങളുമാണ് ബോർദ്യൂവിന്റെ ഭാഷയിൽ 'ഹാബിറ്റസ്' (Habitus). മുതലാളിത്തത്തിലേക്ക് ചുവടുവെക്കുന്ന വ്യക്തി, തന്റെ പഴയ 'സാധാരണക്കാരൻ' എന്ന ഹാബിറ്റസിൽ നിന്നും കോർപ്പറേറ്റ് രീതികളിലേക്കും വിപണി കേന്ദ്രീകൃതമായ ഉപഭോഗ സംസ്കാരത്തിലേക്കും മാറാൻ നിർബന്ധിതനാകുന്നു; ഈ മാറ്റം പലപ്പോഴും വ്യക്തിയിൽ ആന്തരികമായ ഒരു സാംസ്കാരിക സംഘർഷം (പഴയ മൂല്യങ്ങളും പുതിയ ലാഭചിന്തകളും തമ്മിലുള്ള കലഹം) സൃഷ്ടിക്കാറുണ്ട്. ഈ വൈരുദ്ധ്യം കൃത്യമായി ആവിഷ്കരിക്കുന്ന ചിത്രം കൂടിയാണ് ദൃശ്യം 3.

തന്റെ പഴയ സഹപ്രവർത്തകരിൽ നിന്നോ സുഹൃത്തുക്കളിൽ നിന്നോ ഉള്ള അകൽച്ചയും പുതിയ മേഖലയിലെ കടുത്ത മത്സരവും മൂലം ഇത്തരമൊരു വ്യക്തിയിൽ കടുത്ത ഏകാന്തതയോ അന്യവൽക്കരണമോ (Alienation) സൃഷ്ടിച്ചേക്കാം. ഒരേസമയം സ്വന്തം വേരുകളെ പൂർണ്ണമായി തള്ളിക്കളയാനാകാത്ത വൈകാരികതയും, വിപണിയിൽ നിലനിൽക്കാൻ പുലർത്തേണ്ട ക്രൂരമായ യുക്തിയും (കാൾ മാർക്സിന്റെയും മാക്സ് വെബറിന്റെയും സിദ്ധാന്തങ്ങളിൽ പറയുന്ന യുക്തിസഹമായ കച്ചവട മനോഭാവം) അയാളെ ഒരു പുതിയ സ്വത്വപ്രതിസന്ധിയിൽ എത്തിക്കുന്നു.

കഥയുടെ രസച്ചരട് പൊട്ടാതെ പറഞ്ഞാൽ കഥ സഞ്ചരിക്കുന്നത് ജോർജ്കുട്ടിയുടെ ആഖ്യാനത്തിലൂടെ മാത്രമല്ല, മാനസികമായി തകരുന്ന മൂന്ന് വ്യത്യസ്ത കുടുംബങ്ങളുടെ വൈകാരികതലത്തിൽ കൂടിയാണ്. പുതിയ സംരഭങ്ങളുടെയും വിപണിസാധ്യതയുടെയും മകൾക്ക് അനുയോജ്യമായ വിവാഹബന്ധത്തിന് വേണ്ടിയുള്ള പരക്കംപാച്ചിലുകളുടെയും തന്നോട് തന്നെ നടത്തുന്ന വൈകാരികയുദ്ധങ്ങളുടെയുമിടയിൽ അയാൾ ഓർക്കാതെപോകുന്ന ഈ സമാന്തരയാഥാർത്ഥ്യങ്ങളുടെ തിരിച്ചുവരവ് കൂടിയാണ് ദൃശ്യം മൂന്നാം ഭാഗം.

പുതിയ സംരഭങ്ങളുടെ വിപണിസാധ്യതയുടെയും മകൾക്ക് അനുയോജ്യമായ വിവാഹബന്ധത്തിന് വേണ്ടിയുള്ള പരക്കംപാച്ചിലുകളുടെയും തന്നോട് തന്നെ നടത്തുന്ന വൈകാരികയുദ്ധങ്ങളുടെയുമിടയിൽ അയാൾ ഓർക്കാതെപോകുന്ന ഈ സമാന്തരയഥാർത്ഥ്യങ്ങളുടെ തിരിച്ചുവരവ് കൂടിയാണ് ദൃശ്യം മൂന്നാം ഭാഗം.
പുതിയ സംരഭങ്ങളുടെ വിപണിസാധ്യതയുടെയും മകൾക്ക് അനുയോജ്യമായ വിവാഹബന്ധത്തിന് വേണ്ടിയുള്ള പരക്കംപാച്ചിലുകളുടെയും തന്നോട് തന്നെ നടത്തുന്ന വൈകാരികയുദ്ധങ്ങളുടെയുമിടയിൽ അയാൾ ഓർക്കാതെപോകുന്ന ഈ സമാന്തരയഥാർത്ഥ്യങ്ങളുടെ തിരിച്ചുവരവ് കൂടിയാണ് ദൃശ്യം മൂന്നാം ഭാഗം.

The De-evolution

ആദ്യഭാഗങ്ങളിൽ തികച്ചും മാന്യനും, സമാധാനപ്രിയനും, 'ക്ഷമിക്കണം' എന്ന് ജോർജുകുട്ടിയോട് പറയാൻ മാത്രം ആർദ്രതയുള്ളവനുമായിരുന്നു സിദ്ദീഖ് അവതരിപ്പിച്ച പ്രഭാകർ എന്ന കഥാപാത്രത്തിന്റെ പരിണാമം എടുത്തുപറയേണ്ടതാണ്. വർഷങ്ങൾ കഴിഞ്ഞിട്ടും മകന്റെ ശരീരാവശിഷ്ടങ്ങൾ പോലും കണ്ടെത്താനാകാത്ത അവസ്ഥയും, നിയമവ്യവസ്ഥയുടെ പരാജയവും അയാളെ ആകെ മാറ്റിമറിക്കുന്നു. തന്റെ തത്വചിന്താപരമായ എല്ലാ നിലപാടുകളും തകർന്ന്, നഷ്ടബോധത്തിൽ നിന്നും പങ്കാളിയോടുള്ള അമിതമായ സ്നേഹത്തിൽ നിന്നും ശക്തമായ മാറ്റങ്ങൾ സംഭവിക്കുന്ന പ്രഭാകറിനെക്കൂടി ദൃശ്യം മൂന്നാം ഭാഗത്ത് കാണാം. ഒരു കാലത്ത് ജോർജുകുട്ടിയെ മനസ്സിലാക്കാൻ ശ്രമിച്ച മനുഷ്യൻ, ഒടുവിൽ പ്രേക്ഷരുടെ ചിന്തയ്ക്കപ്പുറത്തേക്ക് സഞ്ചരിക്കുന്ന വലിയ മാറ്റം, കടുത്ത മാനസിക സമ്മർദ്ദവും വ്യവസ്ഥിതിയുടെ ക്രൂരതയും ഒരാളെ എങ്ങനെ മാറ്റുമെന്നതിന്റെ തെളിവാണ്.

The Realization of Self

മുരളി ഗോപി അവതരിപ്പിക്കുന്ന ഐ.ജി. തോമസ് ബാസ്റ്റിൻ രണ്ടാം ഭാഗത്തിൽ കടുത്ത ആത്മവിശ്വാസത്തോടെ, ശാസ്ത്രീയമായ വഴികളിലൂടെ ജോർജുകുട്ടിയെ പൂട്ടാൻ ഇറങ്ങിത്തിരിച്ച ഒരു ഉദ്യോഗസ്ഥനായിരുന്നു. എന്നാൽ, എല്ലാ തെളിവുകളും ഉണ്ടായിട്ടും അവസാന നിമിഷം ജോർജുകുട്ടി നടത്തിയ ചതുരംഗക്കളിക്ക് മുന്നിൽ അയാൾ പരാജയപ്പെട്ടു. 'ദൃശ്യം 3' ലേക്ക് എത്തുമ്പോൾ തോമസ് ബാസ്റ്റിൻ കൂടുതൽ പ്രായോഗികവാദിയും സ്വന്തം പരിമിതികളെ തിരിച്ചറിയുന്ന ആളുമായി മാറുന്നുണ്ട്. ഒരു കുറ്റവാളിയെ പിടിക്കാൻ നിയമത്തിന്റെ വഴി മാത്രം പോരാ എന്നും, ജോർജുകുട്ടി എന്ന സാധാരണക്കാരന്റെ ബുദ്ധി വ്യവസ്ഥിതിയുടെ അതിരുകൾക്കും അപ്പുറത്താണെന്നുമുള്ള തിരിച്ചറിവ് അയാളെ കൂടുതൽ പ്രക്ടിക്കലാക്കി മാറ്റുന്നു. ഒപ്പം അതിശക്തനുമായ ഒരു എതിരാളിയുമാക്കുന്നു; അന്ധമായ ഈഗോയ്ക്ക് (Ego) പകരം യാഥാർത്ഥ്യബോധത്തോടെയാണ് അയാൾ ഈ ഭാഗത്തിൽ കരുക്കൾ നീക്കുന്നത്.

വേട്ടക്കാരൻ ഇരയായും, ഇര വേട്ടക്കാരനായും മാറുന്ന ഈ ആന്തരിക പരിണാമങ്ങൾ ചിത്രത്തെ ഒരു സാധാരണ ക്രൈം ത്രില്ലറിൽ നിന്നും മാറ്റി ഒരു മികച്ച മനഃശാസ്ത്ര സഞ്ചാരമാക്കി മാറ്റുന്നു. ആധുനിക ക്രിമിനോളജിയിലെയും മനഃശാസ്ത്രത്തിലെയും ഒരു പ്രായോഗിക സിദ്ധാന്തമാണിത്. കടുത്ത അക്രമങ്ങൾക്കോ സാമൂഹിക സമ്മർദ്ദങ്ങൾക്കോ ഇരയാകുന്ന വ്യക്തികൾ (Victims), പിന്നീട് തങ്ങളുടെ അതിജീവനത്തിനായോ പ്രതികാരത്തിനായോ നിയമം കൈയിലെടുക്കുകയും വേട്ടക്കാരായി (Offenders) മാറുകയും ചെയ്യുന്ന പ്രതിഭാസമാണിത്. ജോർജുകുട്ടിയുടെ കുടുംബം ഇതിന് കൃത്യമായ ഉദാഹരണമാണ്; അവർ തുടക്കത്തിൽ വ്യവസ്ഥിതിയുടെയും വേട്ടക്കാരുടെയും ഇരകളായിരുന്നുവെങ്കിൽ, നിലനിൽപ്പിനായുള്ള പോരാട്ടത്തിൽ അവർക്ക് പിന്നീട് വേട്ടക്കാരുടെ തന്ത്രങ്ങൾ സ്വീകരിക്കേണ്ടി വരുന്നു. ജോർജുകുട്ടിയുടെ മാത്രം മാറ്റമല്ല, മറിച്ച് അയാൾക്ക് ചുറ്റുമുള്ള മനുഷ്യർക്ക് സംഭവിക്കുന്ന ഈ സ്വഭാവവ്യതിയാനങ്ങളാണ് 'ദൃശ്യം 3' നെ കൂടുതൽ രൂപഭദ്രമാക്കുന്നത്.

ആദ്യഭാഗങ്ങളിൽ തികച്ചും മാന്യനും, സമാധാനപ്രിയനും, 'ക്ഷമിക്കണം' എന്ന് ജോർജുകുട്ടിയോട് പറയാൻ മാത്രം ആർദ്രതയുള്ളവനുമായിരുന്നു സിദ്ദീഖ് അവതരിപ്പിച്ച പ്രഭാകർ എന്ന കഥാപാത്രത്തിന്റെ പരിണാമം എടുത്തുപറയേണ്ടതാണ്.
ആദ്യഭാഗങ്ങളിൽ തികച്ചും മാന്യനും, സമാധാനപ്രിയനും, 'ക്ഷമിക്കണം' എന്ന് ജോർജുകുട്ടിയോട് പറയാൻ മാത്രം ആർദ്രതയുള്ളവനുമായിരുന്നു സിദ്ദീഖ് അവതരിപ്പിച്ച പ്രഭാകർ എന്ന കഥാപാത്രത്തിന്റെ പരിണാമം എടുത്തുപറയേണ്ടതാണ്.

ചലച്ചിത്ര ക്രാഫ്റ്റിന്റെ പരിമിതികൾ: തിരക്കഥയെ പിന്തുടരാനാകാത്ത സാങ്കേതിക വശം

ഒരു ചലച്ചിത്രത്തിന്റെ നിരൂപണമെന്നത് കഥാവിശകലനമെന്ന കേവലതയിലോ കഥാപാത്രങ്ങളുടെ ആന്തരിക സംഘർഷങ്ങളിലോ മാത്രം ഒതുങ്ങേണ്ട ഒന്നല്ല; മറിച്ച് അത് സിനിമയുടെ കലാമൂല്യത്തെക്കൂടി സൂക്ഷ്മമായി വിലയിരുത്തേണ്ടതുണ്ട്. ആ അർത്ഥത്തിൽ പരിശോധിക്കുമ്പോൾ, 'ദൃശ്യം 3' എന്ന ചിത്രം തിരക്കഥയിലെ ഉദ്വേഗങ്ങളെ പൂർണ്ണമായി ഉൾക്കൊള്ളാൻ തക്കവണ്ണം സാങ്കേതികമായി മികവുറ്റതല്ല എന്ന യാഥാർത്ഥ്യം കാണാതിരിക്കാനാകില്ല. സിനിമയുടെ അണിയറപ്രവർത്തകർ കുറച്ചുകൂടി ഗൗരവത്തോടെയും പുതുമയോടെയും കൈകാര്യം ചെയ്യേണ്ടിയിരുന്ന സാങ്കേതിക വശങ്ങൾ ചിത്രത്തിന്റെ ആസ്വാദനത്തെ പലയിടങ്ങളിലും പിന്നോട്ട് വലിക്കുന്നുണ്ട്.

പ്രത്യേകിച്ച്, ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒട്ടും വ്യത്യസ്തത പുലർത്താത്തതും മുൻഭാഗങ്ങളിലെ ചില മൂലകങ്ങൾ ആവർത്തിക്കുന്നതുമാണ്. ഇന്നും ക്രാഫ്റ്റ് എന്ന തലത്തിൽ നോക്കുമ്പോൾ ഒന്നാം ഭാഗത്തെ പശ്ചാത്തല സംഗീതം അതിലെ മൈൻഡ് ഗെയിം (Mind Game) എന്ന ത്രില്ലിംഗ് എലമെന്റിനെ എടുത്തുകാണിക്കുന്ന തരത്തിൽ വിദഗ്ധമായി സംവിധാനം ചെയ്തിട്ടുള്ളതാണെന്ന് കാണാൻ സാധിക്കും. പ്രേക്ഷകരെ മാനസികമായി വരിഞ്ഞുമുറുക്കുന്ന പ്രതീതി സൃഷ്ടിക്കാൻ ഇന്നും ആ പശ്ചാത്തല സംഗീതത്തിന് സാധിക്കുന്നുണ്ടെന്ന് കാണാം. എന്നാൽ മൂന്നാം ഭാഗത്തിന്റെ സങ്കീർണ്ണമായ അന്തരീക്ഷത്തിന് അനുയോജ്യമായ രീതിയിൽ സംഗീതത്തിൽ പുതിയൊരു പരീക്ഷണമോ, ഈ സിനിമയ്ക്ക് മാത്രമായി ഒരു പ്രത്യേക വ്യക്തിമുദ്രയോ (Signature Tone) പതിപ്പിക്കാൻ സംഗീതസംവിധായകന് സാധിച്ചിട്ടില്ല. സിനിമാറ്റോഗ്രഫിയുടെ കാര്യത്തിലും ഈ ദൃശ്യപരമായ പോരായ്മ പ്രകടമാണ്; അത് വെറുമൊരു കഥാവിവരണത്തിന് അപ്പുറത്തേക്ക് സിനിമയ്ക്ക് ആവശ്യമായ ആഴമോ പുതുമയോ നൽകുന്നില്ല. കഥാപാത്രങ്ങളുടെ മാനസികസമ്മർദ്ദത്തെയും ആത്മസംഘർഷങ്ങളെയും പ്രേക്ഷകരിലേക്ക് പ്രതീകാത്മകമായി സംവേദനം ചെയ്യാൻ പാകത്തിലുള്ള മികച്ച ലൈറ്റിങ്ങോ ഫ്രെയിമിങ്ങോ ചിത്രത്തിൽ അനിവാര്യമായ തോതിൽ ഇല്ലായിരുന്നു എന്നത് ഒരു പോരായ്മ തന്നെയാണ്. ജോർജുകുട്ടിയുടെ ബുദ്ധിയെയും തിരക്കഥയിലെ ട്വിസ്റ്റുകളെയും മാത്രം വിശ്വസിച്ച് അണിയറപ്രവർത്തകർ സാങ്കേതിക വശങ്ങളെ സമീപിച്ചപ്പോൾ, ഒരു മികച്ച ചലച്ചിത്ര ക്രാഫ്റ്റ് എന്ന നിലയിൽ 'ദൃശ്യം 3' അതിന്റെ പൂർണ്ണതയിലെത്താതെ പോകുന്നു. എന്നാൽ ശക്തമായ തിരക്കഥ മുന്നിൽ നില്ക്കുമ്പോൾ ഭൂരിപക്ഷം വരുന്ന ആസ്വാദകർക്ക് ഇത് ഒരു പരിമിതിയായി അനുഭവപ്പെടില്ല എന്നതാണ് ദൃശ്യം രണ്ടാം ഭാഗത്തിന്റെ വലിയ സ്വീകാര്യതയിൽ നിന്നും വ്യക്തമാവുന്നത്.

ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒട്ടും വ്യത്യസ്തത പുലർത്താത്തതും മുൻഭാഗങ്ങളിലെ ചില മൂലകങ്ങൾ ആവർത്തിക്കുന്നതുമാണ്.
ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഒട്ടും വ്യത്യസ്തത പുലർത്താത്തതും മുൻഭാഗങ്ങളിലെ ചില മൂലകങ്ങൾ ആവർത്തിക്കുന്നതുമാണ്.

ഭാവം; അഹം

ജീവിതത്തിന്റെ കലുഷിതമായ സാഹചര്യങ്ങളിൽ ഒരു സാധാരണക്കാരൻ തന്റെ കുടുംബത്തിന്റെ അതിജീവനത്തിനായി നിയമവ്യവസ്ഥയെപ്പോലും വെല്ലുവിളിക്കുന്ന ഒരു കുറ്റവാളിയായി മാറുന്ന 'സ്ട്രെയിൻ തിയറി'യുടെ ഏറ്റവും മികച്ച ആവിഷ്കാരമാണ് 'ദൃശ്യം 3'. ഈ ഫ്രാഞ്ചൈസിന്റെ സുപ്രധാനവഴിത്തിരിവായ പ്രസ്തുത ഭാഗം മനശാസ്ത്രപരമായി വിശകലനം ചെയ്യുമ്പോൾ, ഒന്നാം ഭാഗത്തിൽ തുടങ്ങി രണ്ടാം ഭാഗത്തിലൂടെ കടന്ന് മൂന്നാം ഭാഗത്തിലെത്തുമ്പോൾ നായകനായ ജോർജുകുട്ടിയുടെ മനസ്സ് എത്തിനിൽക്കുന്ന, അതീവ സങ്കീർണ്ണമായ 'ഹൈപ്പർ-വിജിലൻസ്' (Hyper-vigilance) അഥവാ അമിതമായ ജാഗ്രതയുടെ അവസ്ഥയാണ് ഏറ്റവും ശ്രദ്ധേയമാകുന്നത്. വർഷങ്ങളായി തുടരുന്ന ഭീതിയും ഒളിച്ചുകളികളും അയാളിൽ വിട്ടുമാറാത്ത മാനസിക സമ്മർദ്ദവും (Chronic Stress) എപ്പോഴും പിടിക്കപ്പെട്ടേക്കാം എന്ന ഉത്കണ്ഠയും (Paranoia) സൃഷ്ടിച്ചിട്ടുണ്ടെങ്കിലും, അതിനെയെല്ലാം അതിജീവിക്കാൻ അയാളെ സഹായിക്കുന്നത് അതീവതീവ്രമായ 'കോപിങ് മെക്കാനിസവും' (Coping Mechanism) തന്റെ കുടുംബത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യം മാത്രം മുൻനിർത്തിയുള്ള 'ഫോക്കസ്ഡ് സൈക്കോപതിക് ട്രെയ്റ്റ്സ്' (പകയോ ക്രൂരതയോ ഇല്ലാതെ, തികച്ചും യുക്തിഭദ്രമായി മാത്രം ചിന്തിക്കുന്ന മരവിച്ച മനസ്സ്) ആണ്. മനശാസ്ത്രത്തിലെ 'അറ്റാച്ച്മെന്റ് തിയറി' (Attachment Theory) പ്രകാരം ജോർജുകുട്ടിയെ സനാഥനാക്കി മാറ്റിയ അയാൾ സൃഷ്ടിച്ച കുടുംബത്തോടുള്ള അമിതമായ വൈകാരിക ബന്ധമാണ് ഈ നിയമവിരുദ്ധമായ അതിജീവനത്തിന് അയാളെ പ്രേരിപ്പിക്കുന്നത്; നിയമവ്യവസ്ഥയോടുള്ള ഭയത്തേക്കാൾ സ്വന്തം കുടുംബത്തിന്റെ തകർച്ചയെ അയാൾ ഭയപ്പെടുന്നു. ഈ മൂന്നാം ഭാഗത്തിൽ, തുടർച്ചയായ കുറ്റബോധവും (Guilt Trauma) സമൂഹത്തിൽ നിന്നും പോലീസിൽ നിന്നും നേരിടുന്ന ഒറ്റപ്പെടലും കാരണം അയാളുടെ കുടുംബാംഗങ്ങൾ അനുഭവിക്കുന്ന 'പി.ടി.എസ്.ഡി' (PTSD - Post Traumatic Stress Disorder) അതിന്റെ പരമകോടിയിൽ എത്തുകയും, അത് ജോർജുകുട്ടിയുടെ മനസ്സിനെ കൂടുതൽ പ്രതിരോധത്തിലാക്കുകയും ചെയ്യുന്നുണ്ട്. ഒടുവിൽ, ഈ നീണ്ട മാനസിക യുദ്ധത്തിന് വിരാമമിടാൻ ജോർജുകുട്ടി തിരഞ്ഞെടുക്കുന്ന വഴി ഒരുപക്ഷേ 'ആത്മത്യാഗപരമായ കാഥാർസിസ്' (Self-sacrificing Catharsis) ആയിരിക്കാം, ഏത് വിധേയനയും കുടുംബത്തെ പൂർണ്ണമായും സുരക്ഷിതരാക്കി തന്റെ മനസ്സിലെ ഭാരമൊഴിവാക്കുകയോ ചെയ്യുന്ന ഒരു തീവ്രമായ വൈകാരികാവസ്ഥ. ചുരുക്കത്തിൽ, 'ദൃശ്യം 3' എന്നത് കേവലമൊരു ക്രൈം ത്രില്ലർ കഥ എന്നതിനപ്പുറം, ഭയവും അതിജീവനത്തിന്റെ ആവശ്യകതയും ചേർന്ന് ഒരു മനുഷ്യന്റെ ചിന്താശേഷിയെയും ബുദ്ധിശക്തിയെയും എത്രത്തോളം അമാനുഷികമായ തലത്തിലേക്ക് പരിവർത്തനം ചെയ്യുന്നു എന്ന് കാട്ടിത്തരുന്ന മികച്ചൊരു സൈക്കോളജിക്കൽ ത്രില്ലറാണ്.

Comments