സിനിമയുടെ മാറുന്ന ലിംഗരാഷ്ട്രീയം;
സ്വത്വപ്രകാശനത്തിന്റെ
‘Dorothy’

മനുഷ്യരെ അവരുടെ പ്രത്യേകതകളോടെ ഉൾക്കൊള്ളുന്ന, ലിംഗനീതിയുടെയും സമത്വത്തിന്റെയും പുതിയൊരു രാഷ്ട്രീയബോധത്തിലേക്ക് പ്രേക്ഷകരെ നയിക്കുന്നിടത്താണ് ഇത്തരം സിനിമകളുടെയും അവ മുന്നോട്ടുവെക്കുന്ന ലിംഗരാഷ്ട്രീയത്തിന്റെയും യഥാർത്ഥ വിജയം- അനർഘ ഇന്ദിര എഴുതുന്നു.

​ഇന്ത്യൻ സിനിമാചരിത്രത്തിൽ ട്രാൻസ്ജെൻഡർ, ക്വിയർ സ്വത്വങ്ങളെ വെള്ളിത്തിരയിൽ എപ്രകാരമാണ് അടയാളപ്പെടുത്തിയിരുന്നതെന്ന ചോദ്യം വളരെ പ്രധാനപ്പെട്ടതാണ്. കാലങ്ങളായി മലയാളം ഉൾപ്പെടെയുള്ള ഇന്ത്യൻ സിനിമകളിൽ ഇത്തരം കഥാപാത്രങ്ങളെ ഹാസ്യത്തിനായി മാത്രം തിരഞ്ഞെടുത്ത് അവതരിപ്പിക്കുകയോ, വ്യക്തിത്വത്തെ അപഹസിക്കുന്ന രീതിയിൽ ചിത്രീകരിക്കുകയോ അല്ലെങ്കിൽ സമൂഹത്തിന്റെ അരികുകളിലേക്ക് മാറ്റിനിർത്തപ്പെടുന്ന കുറ്റവാളികളോ അനുകമ്പ അർഹിക്കാത്ത കഥാപാത്രങ്ങളോ മാത്രമായാണ് ചിത്രീകരിച്ചിരുന്നത്. അവരെ മനുഷ്യരായി കാണുന്നതിനുപകരം വെറുമൊരു 'വിനോദോപാധി'യായി അല്ലെങ്കിൽ കാഴ്ചവസ്തുവായി മാത്രം അവതരിപ്പിച്ചിരുന്നു.

​എന്നാൽ, കാലം മാറുന്നതിനനുസരിച്ച് കാഴ്ചപ്പാടിലും വലിയ മാറ്റങ്ങൾ വന്നുതുടങ്ങി. ട്രാൻസ്- ക്വിയർ വ്യക്തികളെ വെറും സ്റ്റീരിയോടൈപ്പുകളിൽ ഒതുക്കാതെ, അവരുടെ അസ്തിത്വവും സങ്കടങ്ങളും പോരാട്ടങ്ങളും തികഞ്ഞ ആത്മാർത്ഥതയോടെ അടയാളപ്പെടുത്തുന്ന പുതിയൊരു സിനിമാ സംസ്കാരത്തിന് ഇപ്പോൾ തുടക്കമായിരിക്കുന്നു. ഈ മാറ്റത്തിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളിലൊന്നാണ് കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത 'ഡൊറോത്തി'.

‘ഡൊറോത്തി’:
സിനിമ തീരുമ്പോൾ
ചോദ്യങ്ങളുയരുന്നു,
അസ്വസ്ഥതകളും

ജിയോ ബേബിയുടെ 'കാതൽ - ദി കോറി’ന് ശേഷം, ട്രാൻസ്‌ സമൂഹത്തിനായി സംസാരിക്കുന്ന മികച്ചൊരു ചിത്രമായി ‘ഡൊറോത്തി’യെ വിലയിരുത്താം.

പരമ്പരാഗത സിനിമകളുടെ ചേരുവകളിൽനിന്ന് മാറി, ട്രാൻസ് സമൂഹത്തിന്റെ ജീവിതവും അന്തസ്സും വൈകാരികതലങ്ങളും വളരെ ശക്തമായി അടയാളപ്പെടുത്തുന്ന ചിത്രമാണ് 'ഡൊറോത്തി'. സിനിമ എന്നാൽ വെറും കഥ പറച്ചിലല്ല, മറിച്ച് മുഖ്യധാരയിൽനിന്ന് മാറ്റിനിർത്തപ്പെട്ട വിഭാഗത്തിന്റെ ജീവിതത്തെ വളരെ ലളിതവും ആഴത്തിലുള്ളതുമായ ദൃശ്യഭാഷയിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് എന്നത് ‘ഡൊറോത്തി’ വ്യക്തമാക്കുന്നുണ്ട്. സിനിമയുടെ ആഖ്യാനശൈലിയും കഥാപാത്രങ്ങളുടെ വൈകാരിക മുഹൂർത്തങ്ങളും പ്രേക്ഷകരിൽ വലിയ തോതിൽ ചിന്ത ഉണർത്തുന്നവയാണ്.

പരമ്പരാഗത സിനിമകളുടെ ചേരുവകളിൽനിന്ന് മാറി, ട്രാൻസ് സമൂഹത്തിന്റെ ജീവിതവും അന്തസ്സും വൈകാരികതലങ്ങളും വളരെ ശക്തമായി അടയാളപ്പെടുത്തുന്ന ചിത്രമാണ് 'ഡൊറോത്തി'.
പരമ്പരാഗത സിനിമകളുടെ ചേരുവകളിൽനിന്ന് മാറി, ട്രാൻസ് സമൂഹത്തിന്റെ ജീവിതവും അന്തസ്സും വൈകാരികതലങ്ങളും വളരെ ശക്തമായി അടയാളപ്പെടുത്തുന്ന ചിത്രമാണ് 'ഡൊറോത്തി'.

പ്രാകൃത ചിന്തയും ജാതീയതയും നിറഞ്ഞ ഒരു ഗ്രാമത്തിലാണ് കാർത്തിയുടെയും (ഋഷികാന്ത്) സുബ്ബുവിന്റെയും (സനത്ത്) ജീവിതവും സുഹൃത്ബന്ധവും ആരംഭിക്കുന്നത്. പരുക്കൻ ചുറ്റുപാടുകളിൽ ജീവിക്കുന്ന ഈ സുഹൃത്തുക്കളുടെ ബാല്യവും കൗമാരവും തുടർന്ന് വളർച്ചയിൽ സംഭവിക്കുന്ന മാറ്റങ്ങളും ചിത്രം മനോഹരമായി അവതരിപ്പിക്കുന്നുണ്ട്. ബാല്യത്തിൽ മിടുക്കനും ധൈര്യശാലിയുമായിരുന്ന സുബ്ബു കൗമാരത്തിലേക്കെത്തുമ്പോൾ അന്തർമുഖനായി മാറുന്നു. തന്റെ ഉള്ളിലെ യഥാർത്ഥ സ്വത്വം തുറന്നുകാട്ടാനാവാതെ നീറുന്ന സുബ്ബുവിന്റെ ജീവിതത്തിലേക്ക് ഡൊറോത്തി എന്ന കഥാപാത്രം (കീർത്തി സുരേഷ്) കടന്നുവരുന്നതും സുബ്ബു തന്റെ ഉള്ളിലെ സ്ത്രീത്വത്തെ തിരിച്ചറിഞ്ഞ്, അതിനെ കയ്യെത്തിപ്പിടിക്കാൻ ശ്രമിക്കുമ്പോൾ സമൂഹവും കുടുംബവും എങ്ങനെ അതിനെ പ്രതിരോധിക്കുന്നെന്നും, അതിലൂടെ ആന്തരികമായി പ്രവർത്തിക്കുന്ന സമൂഹത്തിന്റെ ട്രാൻസ്‌ഫോബിക് സ്വഭാവത്തെ തുറന്നുകാട്ടുകയുമാണ് ചിത്രം.

സ്റ്റീരിയോടൈപ്പുകളുടെ പൊളിച്ചെഴുത്ത്

ദീർഘകാലമായി മുഖ്യധാരാ സിനിമകളും മാധ്യമങ്ങളും ട്രാൻസ്ജെൻഡർ- ക്വിയർ സ്വത്വങ്ങളെ വെള്ളിത്തിരയിൽ അടയാളപ്പെടുത്തിയിരുന്നത് തികച്ചും വികലമായ രീതിയിലായിരുന്നു. ഇത്തരം കഥാപാത്രങ്ങളെ മുഖ്യധാരാസമൂഹത്തിന്റെ കാഴ്ചകളിൽനിന്ന് മാറ്റിനിർത്തി, ഹാസ്യത്തിനായി മാത്രം ഉപയോഗിക്കുകയോ വ്യക്തിത്വത്തെ അപഹസിക്കുന്ന രീതിയിൽ കോമഡി ട്രാക്കുകളിൽ അവതരിപ്പിക്കുകയോ ചെയ്യുന്നതായിരുന്നു പതിവ്. പരിഹസിക്കുന്നതിനായായി 'കുണ്ടൻ', 'ഒൻപത്' തുടങ്ങിയ ആക്ഷേപ പദപ്രയോഗങ്ങളും ധാരാളമായി ഉപയോഗിക്കുന്നുണ്ട്.

മജ്ജയും മാംസവും ആത്മാഭിമാനവുമുള്ള സഹജീവികളായി കാണുന്നതിനുപകരം 'വിനോദോപാധിയായും' ട്രോളുകൾക്കുള്ള വസ്തുവായും മാത്രം മാധ്യമങ്ങൾ ട്രാൻസ് സമൂഹത്തെ മാറ്റിയെടുത്തു. ഈ വഴിയിലൂടെ സമൂഹം കാലങ്ങളായി സൂക്ഷിച്ചുപോന്ന വിവേചനങ്ങളെയും മുൻവിധികളെയും കൂടുതൽ ആഴത്തിൽ വേരോടിക്കാൻ സിനിമാറ്റിക് ആഖ്യാനങ്ങൾ കൂട്ടുനിൽക്കുകയും ചെയ്തു.

പരുക്കൻ ചുറ്റുപാടുകളിൽ ജീവിക്കുന്ന ഈ സുഹൃത്തുക്കളുടെ ബാല്യവും കൗമാരവും തുടർന്ന് വളർച്ചയിൽ സംഭവിക്കുന്ന മാറ്റങ്ങളും ചിത്രം മനോഹരമായി അവതരിപ്പിക്കുന്നുണ്ട്.
പരുക്കൻ ചുറ്റുപാടുകളിൽ ജീവിക്കുന്ന ഈ സുഹൃത്തുക്കളുടെ ബാല്യവും കൗമാരവും തുടർന്ന് വളർച്ചയിൽ സംഭവിക്കുന്ന മാറ്റങ്ങളും ചിത്രം മനോഹരമായി അവതരിപ്പിക്കുന്നുണ്ട്.

എന്നാൽ ഈ പ്രവണതയിൽനിന്ന് ഏറെ വ്യത്യസ്തമായാണ് ‘ഡൊറോത്തി’യിൽ ട്രാൻസ് സമൂഹത്തെ അവതരിപ്പിച്ചിട്ടുള്ളത്. വ്യക്തിത്വമുള്ള, ആത്മാഭിമാനമുള്ള കരുത്തുറ്റ കഥാപാത്രങ്ങളായാണ് ചിത്രം ട്രാൻസ് വിഭാഗത്തെ ചിത്രീകരിക്കുന്നത്. പുരുഷനെ സ്ത്രീയായി വേഷം കെട്ടിക്കുന്ന പതിവിന് വിപരീതമായി യഥാർത്ഥ ട്രാൻസ് വ്യക്തികളെയാണ് കഥാപാത്രങ്ങളായി അഭിനയിപ്പിച്ചിരിക്കുന്നത്. ഈ കഥാപാത്രങ്ങൾ സമൂഹത്തിന് നൽകുന്ന സന്ദേശങ്ങൾ നമ്മെ ആഴത്തിൽ ചിന്തിപ്പിക്കുന്നു. ആത്മാഭിമാനത്തോടെ തന്റെ യഥാർത്ഥ സ്വത്വം തിരിച്ചറിഞ്ഞു ജീവിക്കാൻ ആരെയാണ് ഒരു വ്യക്തി ഭയപ്പെടേണ്ടതെന്ന ചോദ്യം സംവിധായകൻ ബോധപൂർവം യഥാർത്ഥ കഥാപാത്രങ്ങളെക്കൊണ്ട് സമൂഹത്തോട് ചോദിക്കുന്നു. ഒപ്പം അർദ്ധനാരീശ്വര സങ്കല്പമായ കഥാപാത്രങ്ങളെ മറ്റ് സ്ത്രീകഥാപാത്രങ്ങളെയെന്ന പോലെ സ്ത്രീസൗന്ദര്യത്തിന്റെ എല്ലാവിധ അഴകോടെയും കരുത്തോടെയും സ്‌ക്രീനിൽ അവതരിപ്പിക്കുന്നു.

സമൂഹത്തിന്റെ ട്രാൻസ്ഫോബിക് ചിന്തയും ജാതീയതയും

പ്രാകൃതമായ ജാതീയതയും ട്രാൻസ്ഫോബിയയും വെവ്വേറെ നിൽക്കുന്നവയല്ല, മറിച്ച് ഒരേ വ്യവസ്ഥിതിയിൽ നിന്ന് ഉത്ഭവിക്കുന്നവയാണെന്ന വലിയൊരു രാഷ്ട്രീയ സത്യമാണ് ‘ഡൊറോത്തി’ സംസാരിക്കുന്നത്. ജാതിവ്യവസ്ഥ മനുഷ്യരെ 'ശുദ്ധരെന്നും അശുദ്ധരെന്നും' വേർതിരിക്കുന്നത് പോലെ, പുരുഷാധിപത്യ- സവർണ്ണ വ്യവസ്ഥിതി ലിംഗസ്വത്വത്തെയും കൃത്രിമമായ അളവുകോലുകൾ വെച്ച് അളക്കുന്നു. ആണ് -പെണ്ണ് എന്ന് സമൂഹം കൽപ്പിച്ചുനൽകിയിരിക്കുന്ന പരമ്പരാഗതലിംഗ നിർവചനങ്ങൾക്ക് പുറത്തുനിൽക്കുന്നവരെ അവർ അശുദ്ധരായോ, ജീവിക്കാൻ അർഹരല്ലാത്തവരായോ കാണുന്നു. ചിത്രത്തിന്റെ പശ്ചാത്തലമായ പ്രാകൃതചിന്തകളും ജാതീയമായ അഹന്തയും നിറഞ്ഞ ആ ഗ്രാമത്തിൽ, സുബ്ബു നേരിടുന്ന തിരസ്കരണങ്ങൾ സാമൂഹിക യാഥാർത്ഥ്യത്തിന്റെ നേർക്കാഴ്ചകളാണ്.

വ്യവസ്ഥാപിത നിയന്ത്രണങ്ങളും കപട സദാചാരവും ഉപയോഗിച്ച് മനുഷ്യശരീരത്തെയും സ്വത്വത്തെയും അവരുടെ സ്വാഭാവിക തിരഞ്ഞെടുപ്പുകളെയും അടിച്ചമർത്തുന്നതിലൂടെയാണ് ജാതിയും ട്രാൻസ്ഫോബിയയും ഒരുപോലെ വേരൂന്നുന്നത്. സുബ്ബു ഡൊറോത്തിയായി തന്റെ സ്വത്വപ്രഖ്യാപനം നടത്തുന്ന അവസരത്തിൽ ഗ്രാമത്തിന്റെ വ്യവസ്ഥാപിത അക്രമങ്ങളും ജാതീയതയും മറനീക്കി പുറത്തു വരുന്നു. കുടുംബവും സമൂഹവും ഒരുപോലെ തന്നെ ഒരു നരഹത്യയ്ക്കായി തയ്യാറെടുക്കുന്ന ദൃശ്യങ്ങൾ, സംവിധായകന്റെയോ കഥാകൃത്തിന്റെയോ ഭാവനയിൽ വളർന്ന വെറും ദൃശ്യങ്ങൾക്കപ്പുറം പരുക്കൻ യാഥാർഥ്യങ്ങളുടെ നേർക്കാഴ്ചകളാണ്.

പുരുഷനെ സ്ത്രീയായി വേഷം കെട്ടിക്കുന്ന പതിവിന് വിപരീതമായി യഥാർത്ഥ ട്രാൻസ് വ്യക്തികളെയാണ് കഥാപാത്രങ്ങളായി അഭിനയിപ്പിച്ചിരിക്കുന്നത്.
പുരുഷനെ സ്ത്രീയായി വേഷം കെട്ടിക്കുന്ന പതിവിന് വിപരീതമായി യഥാർത്ഥ ട്രാൻസ് വ്യക്തികളെയാണ് കഥാപാത്രങ്ങളായി അഭിനയിപ്പിച്ചിരിക്കുന്നത്.

പൊളിച്ചെഴുതപ്പെടുന്ന
Toxic Masculinity

കുട്ടികൾ വളർന്നുവരുമ്പോൾ തന്നെ സമൂഹം അവരുടെ മേൽ അടിച്ചേൽൽപ്പിക്കുന്ന ചില കൃത്രിമ വാർപ്പ്മാതൃകകളുണ്ട്. "ആണുങ്ങൾ കരയാൻ പാടില്ല", "ക്രൂരതയും മുൻകോപവുമാണ് പുരുഷത്വത്തിന്റെ അടയാളം", "വീട്ടുജോലി സ്ത്രീകളുടെ കടമയാണ് " തുടങ്ങിയ കാഴ്ചപ്പാടുകൾ ഇന്നും ആൺ -പെൺ വ്യത്യാസങ്ങൾ ഊട്ടിയുറപ്പിക്കാൻ സമൂഹം ഉപയോഗിക്കുന്നുണ്ട്. ഇത്തരം പുരുഷ സങ്കൽപ്പങ്ങളുടെ പൊള്ളത്തരത്തെ ചോദ്യം ചെയ്യുന്നവരാണ് കാർത്തിയുടെയും സുബ്ബുവിന്റെയും കഥാപാത്രങ്ങൾ.

ചിത്രത്തിൽ പരുക്കൻ ചുറ്റുപാടുകളുടെയും അക്രമങ്ങളുടെയും പശ്ചാത്തലത്തിൽ വളരുന്ന സുബ്ബു ഒരു ഘട്ടത്തിൽ തന്റെ മുൻകോപവും പുരുഷാധിപത്യപരമായ ചിന്തകളും ഉപേക്ഷിക്കുന്നുണ്ട്. സുബ്ബുവിന്റെ യഥാർത്ഥ സ്വത്വത്തെയും അതിജീവനപോരാട്ടങ്ങളെയും അടുത്തറിയുമ്പോൾ, പുരുഷത്വത്തിന്റെ അളവുകോലായി സമൂഹം കൽപ്പിച്ചുനൽകിയ ആൺഗർവുകൾ എത്രമാത്രം യാഥാർത്ഥ്യബോധമില്ലാത്തതാണെന്ന് കാർത്തിയും തിരിച്ചറിയുന്നു. വികാരങ്ങൾ പ്രകടിപ്പിക്കാനും സ്നേഹിക്കാനും കണ്ണീർ പൊഴിക്കാനും സ്ത്രീക്കെന്നപോലെ പുരുഷനും കഴിയണമെന്നും ആണിനും പെണ്ണിനും അവകാശങ്ങൾ ഒരുപോലെയാണെന്നും അടിച്ചമർത്തലുകൾക്കപ്പുറം മനുഷ്യത്വമാണ് വലുതെന്നും ഓർമ്മിപ്പിച്ചുകൊണ്ട് പരമ്പരാഗത പുരുഷസങ്കൽപ്പങ്ങളെ തിരുത്തിക്കുറിക്കുകയാണ് ‘ഡൊറോത്തി’.

സുബ്ബുവിന്റെ യഥാർത്ഥ സ്വത്വത്തെ തിരിച്ചറിയുന്ന കാർത്തിക് ആദ്യം അവളെ ആട്ടിയകറ്റുകയാണ്. എന്നാൽ കഥാന്ത്യത്തിലേക്കെത്തുമ്പോൾ അവളെ തന്നെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റുമ്പോൾ കാലങ്ങളായി നിലനിന്നിരുന്ന വിഷമയമായ ആൺകോഴ്മകളെയും സമൂഹത്തിന്റെ കപട മൂല്യങ്ങളേയുമാണ് കാർത്തി സുബ്ബാരാജ് തിരുത്തിക്കുറിച്ചത്.

ചിത്രത്തിൽ പരുക്കൻ ചുറ്റുപാടുകളുടെയും അക്രമങ്ങളുടെയും പശ്ചാത്തലത്തിൽ വളരുന്ന സുബ്ബു ഒരു ഘട്ടത്തിൽ തന്റെ മുൻകോപവും പുരുഷാധിപത്യപരമായ ചിന്തകളും ഉപേക്ഷിക്കുന്നുണ്ട്.
ചിത്രത്തിൽ പരുക്കൻ ചുറ്റുപാടുകളുടെയും അക്രമങ്ങളുടെയും പശ്ചാത്തലത്തിൽ വളരുന്ന സുബ്ബു ഒരു ഘട്ടത്തിൽ തന്റെ മുൻകോപവും പുരുഷാധിപത്യപരമായ ചിന്തകളും ഉപേക്ഷിക്കുന്നുണ്ട്.

ലിംഗരാഷ്ട്രീയത്തിന്റെയും സ്വത്വപ്രകാശനത്തിന്റെയും
നവ ചക്രവാളങ്ങൾ

ഏതൊരു മനുഷ്യനും അന്തസ്സോടെ ജീവിക്കാനുള്ള അടിസ്ഥാന അവകാശമുണ്ട്. ആണെന്നും പെണ്ണെന്നും ഉള്ള കൃത്രിമമായ ദ്വന്ദ്വങ്ങളിലും സവർണ്ണ- പുരുഷാധിപത്യ വാർപ്പ്മാതൃകകളിലും മാത്രം മനുഷ്യരെ തളച്ചിടാൻ ശ്രമിക്കുന്ന സമൂഹത്തിന് മുന്നിൽ, സ്വന്തം സ്വത്വം വെളിപ്പെടുത്തുക എന്നത് വലിയൊരു രാഷ്ട്രീയ പോരാട്ടമാണ്. '‘ഡൊറോത്തി' പോലുള്ള സിനിമകൾ ചർച്ച ചെയ്യുന്നത് ഈ അസ്തിത്വ പ്രതിസന്ധിയെയാണ്.

​എന്താണ് ലിംഗരാഷ്ട്രീയം?
അത് കേവലം ശരീരത്തിന്റെയോ വസ്ത്രധാരണത്തിന്റെയോ തിരഞ്ഞെടുപ്പുകളുടെയോ പ്രശ്നമല്ല, മറിച്ച് ഒരാളുടെ വ്യക്തിസ്വാതന്ത്ര്യത്തെയും അസ്തിത്വത്തെയും സമൂഹം എപ്രകാരം നോക്കിക്കാണുന്നു എന്നതിന്റെ രാഷ്ട്രീയമാണ്. ലിംഗസ്വത്വം എന്നത് ഒരു വ്യക്തിക്ക് സമൂഹം നൽകേണ്ട സൗജന്യമല്ല, ജൈവികവും മാനസികവുമായ അവകാശമാണ്. മനുഷ്യരെ അവരുടെ പ്രത്യേകതകളോടെ ഉൾക്കൊള്ളുന്ന, ലിംഗനീതിയുടെയും സമത്വത്തിന്റെയും പുതിയൊരു രാഷ്ട്രീയബോധത്തിലേക്ക് പ്രേക്ഷകരെ നയിക്കുന്നിടത്താണ് ഇത്തരം സിനിമകളുടെയും അവ മുന്നോട്ടുവെക്കുന്ന ലിംഗരാഷ്ട്രീയത്തിന്റെയും യഥാർത്ഥ വിജയം.


Summary: Anargha Indira reviews Karthik Subbaraj’s Tamil film Dorothy, examining its gender politics and how it challenges conventional social norms.


അനർഘ ഇന്ദിര

എറണാകുളം മഹാരാജാസ് കോളേജിൽ മലയാളം ഡിപ്പാർട്ടുമെന്റിൽ റിസർച്ച് സ്കോളർ.

Comments