ദേശീയ സിനിമാ അവാർഡിലെ അസംബന്ധ ദേശീയോദ്ഗ്രഥനം

ദേശീയ ചലച്ചിത്ര ഫീച്ചര്‍ ഫിലിം ജൂറി ചെയര്‍പേഴ്സണ്‍ കേതന്‍ മേത്ത 1980-ല്‍ സംവിധാനം ചെയ്ത ഗുജറാത്തി ചിത്രമായ 'ഭവ്‌നി ഭാവായി'ക്കും 1993-ല്‍ പുറത്തിറങ്ങിയ ബയോപിക് ചിത്രമായ 'സര്‍ദാറി’നും ദേശീയോദ്ഗ്രഥനത്തിനുള്ള മികച്ച ഫീച്ചര്‍ ഫിലിം പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. അതേ സംവിധായകൻ ചെയർമാനായ ജൂറിയാണ് 'ദി കശ്മീര്‍ ഫയല്‍സ്' പോലൊരു സിനിമയ്ക്ക് അംഗീകാരം നൽകുന്നത് എന്ന് ഞെട്ടിപ്പിക്കുന്ന കാര്യമാണ്.

69 -മത് ദേശീയ ചലച്ചിത്ര പുരസ്‌കാര നിര്‍ണയം സിനിമാപ്രേമികളെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്. 2021-ല്‍ പുറത്തിറങ്ങിയ മികച്ച പല സിനിമകളെയും തിരസ്‌കരിച്ചുകൊണ്ടുള്ള ഈ ഫലപ്രഖ്യാപനം സോഷ്യല്‍ മീഡിയയിലും സിനിമാലോകത്തും ചര്‍ച്ചകളും പ്രതിഷേധങ്ങളും സൃഷ്ടിച്ചിരിക്കുന്നു. ആര്, ആര്‍ക്ക്, എന്തിന്, എപ്പോള്‍ പുരസ്‌കാരം നല്‍കിയെന്ന ചോദ്യം ഉന്നയിക്കപ്പെടുമ്പോൾ തന്നെ, ഇന്ത്യന്‍ ഭരണകൂടം നിറവേറ്റാന്‍ ശ്രമിക്കുന്ന രാഷ്ട്രീയഅജണ്ട ഈ പുരസ്‌കാരത്തിലൂടെ നടപ്പിലാവുകയാണ് എന്നും പറയാം.

ജനാധിപത്യബോധ്യങ്ങളെ അവഗണിക്കുന്നതിനോടൊപ്പം സിനിമയുടെ സ്വതന്ത്രാവിഷ്‌കാരത്തെ പുരസ്‌കാരവേദി ഉപയോഗിച്ച് ഇന്ത്യ സർക്കാർ വരിഞ്ഞുമുറുക്കിയ പൂര്‍വ്വചരിത്രവും നമുക്കു മുന്‍പിലുണ്ട്. ജനാധിപത്യാശയങ്ങളെ തത്വത്തിലും പ്രായോഗികതയിലും നിലനിര്‍ത്താന്‍ സാധ്യമായിരുന്ന കലാരംഗമായിരുന്നു ഇന്ത്യയുടേത്. അത്തരമൊരു പ്രക്രിയയെ സാമൂഹികവും സാംസ്‌കാരികവുമായി കൃത്യമായി ഉപയോഗപ്പെടുത്താന്‍ സാധിക്കുന്ന ഇന്ത്യന്‍ സിനിമാലോകം ഇന്ന് വലിയ പരിണാമങ്ങൾക്ക് വിധേയമാകുന്നുണ്ട്, അത് അന്തര്‍ദേശീയതലത്തില്‍ ശ്രദ്ധയാകർഷിക്കുന്നുമുണ്ട്. ഇത്തരമൊരവസ്ഥയിലാണ് അനീതി നിറഞ്ഞ ദേശീയ പുരസ്‌കാര പ്രഖ്യാപനം.

ചരിത്രത്തെയും യുക്തിചിന്തയെയും മനുഷ്യാവകാശ മൂല്യബോധത്തെയും ഒഴിവാക്കി സ്വയരക്ഷയ്ക്കായുള്ള യുദ്ധപ്രഖ്യാപനം കൂടിയാണ് ബി.ജെ.പി സർക്കാർ ഇതിലൂടെ നടത്തിയിരിക്കുന്നത്. ആരെയാണ് അവര്‍ ഭയക്കുന്നത്, ആരെയാണ് അവര്‍ക്ക് വളര്‍ത്തേണ്ടത് എന്ന ചോദ്യം അവാര്‍ഡ് ലഭിച്ച സിനിമകള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നു. കലയുടെ പ്രതിലോമകരങ്ങളായ സൂചകങ്ങളെ ധ്രുവീകരണത്തിനായുള്ള ആയുധമാക്കുകയാണ് ഇത്തരം വിധിനിര്‍ണയങ്ങളിലൂടെ സംഭവിക്കുന്നത്.

ഹിന്ദുത്വ അജണ്ടകളുടെ
'എന്റര്‍ടെയ്ന്‍മെന്റ്'

ഇന്ത്യയിലെ ബ്രാഹ്മണാധിപത്യ സര്‍ക്കാര്‍ പ്രത്യേക ജനവിഭാഗങ്ങളെയും അവരുടെ ബഹുസ്വര ദേശങ്ങളെയും ആശയങ്ങളെയും പ്രതിഷേധങ്ങളെയുമെല്ലാം ഭയക്കുന്നു. അതുകൊണ്ടുതന്നെ ഒരേസമയം അവയെ അവഗണിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്നു. ഇതിന്റെ ഒരു അനുബന്ധമായി, ഭരണകൂടത്തിന്റെ സാംസ്‌കാരിക അധിനിവേശങ്ങളെ കാണാം.
2021-ലെ സിനിമകളുടെ തിരഞ്ഞെടുപ്പ് നോക്കുക. എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത് രാം ചരണ്‍, ആലിയ ഭട്ട്, ജൂനിയര്‍ എന്‍.ടി.ആര്‍, അജയ് ദേവ്ഗണ്‍ എന്നിവര്‍ അഭിനയിച്ച ആര്‍.ആര്‍.ആര്‍ പോലെയുള്ള സിനിമകള്‍ക്ക് 'എന്റര്‍ടെയ്ന്‍മെന്റ് ഫിലിം' പുരസ്‌കാരം നല്‍കി ആദരിക്കുന്നു.

കാവി നിറവും താമരയും രാമായണവും ആദിമധ്യാന്തം ദേശീയതയുടെ ചിഹ്നമായി ആര്‍.ആര്‍.ആറില്‍ പ്രത്യക്ഷപ്പെടുന്നത്

അതേസമയം, ഇന്ത്യന്‍ രാഷ്ട്രീയ - സാമൂഹികചരിത്രത്തെ കൃത്യമായി അടയാളപ്പെടുത്തിയ 'സര്‍ദാര്‍ ഉദ്ദം', 'ജയ് ഭീം' എന്നീ സിനിമകൾ അവയുടെ രാഷ്ട്രീയം കൊണ്ടുമാത്രം പിന്തള്ളപ്പെടുന്നു. 'എന്റര്‍ടെയ്‌ന്മെന്റ് ഫിലിം' എന്ന വിശേഷണത്തിലൂടെ ആര്‍.ആര്‍.ആര്‍ എന്ന സിനിമയെ അവതരിപ്പിക്കുമ്പോള്‍ ദേശീയതയെക്കുറിച്ചുള്ള വരേണ്യവ്യാജചരിത്രം കൂടിയാണ് അംഗീകരിക്കപ്പെടുന്നത്. കാവി നിറവും താമരയും രാമായണവും ആദിമധ്യാന്തം ദേശീയതയുടെ ചിഹ്നമായി ആര്‍.ആര്‍.ആറില്‍ പ്രത്യക്ഷപ്പെടുന്നത് ബ്രിട്ടീഷ് ഗവണ്മെന്റിന് എതിരെയുള്ള ശക്തരായ നായക കഥാപാത്രങ്ങളിലൂടെയാണ് എന്നത് ശ്രദ്ധേയമാണ്. അത് ഒരു അധീശ പ്രത്യയശാസ്ത്രത്തിന്റെയും സ്വേച്ഛാധികാരത്തിന്റെയും ബോധപൂര്‍വ പ്രയോഗമാണ്. നായകകഥാപാത്രങ്ങളെ രാമ- ലക്ഷ്മണ പ്രതിബിംബങ്ങളാക്കി മാറ്റി അവരിലൂടെ ‘സ്വന്തം’ അയോധ്യയും രാമരാജ്യവും പ്രഖ്യാപിക്കുന്നു.

സര്‍ദാര്‍ ഉദ്ദം

കൊളോണിയലിസത്തില്‍നിന്ന് രാജ്യ​ത്തെ സ്വതന്ത്രരാക്കാന്‍ സവര്‍ണ ഹിന്ദുക്കള്‍ യുദ്ധം ചെയ്തു എന്ന് തെറ്റായി പ്രചരിപ്പിക്കുന്ന ഒരു സിനിമക്ക് ലഭിച്ച ജനപ്രീതിയും പേടിപ്പെടുത്തുന്നതാണ്. താമരയുടെയും കാവിനിറത്തിന്റെയും ബോധപൂര്‍വ പ്രയോഗത്തിലൂടെ ഈ സിനിമ, ദേശീയതയെ സവര്‍ണ ഹിന്ദുത്വത്തിലേയ്ക്ക് ചേര്‍ത്തുനിര്‍ത്താനും ​ശ്രമിക്കുന്നു. അത്തരമൊരു സിനിമ ഓസ്‌കാര്‍ പുരസ്‌കാരവേദിയിലും തിളങ്ങിയപ്പോള്‍ അതിന്റെ സ്വീകാര്യത വര്‍ധിച്ചു എന്നു പറയാം.
പത്താന്‍ എന്ന സിനിമയിലെ നായികകഥാപാത്രം ധരിച്ച വസ്ത്രത്തിന്റെ 'കാവി'നിറം കണ്ട് സിനിമ ബഹിഷ്‌ക്കരിക്കണം എന്നാവശ്യപ്പെടുകയും നടിയ്ക്കെതിരെ സൈബര്‍ ആക്രമണം നടത്തുകയും ചെയ്ത സംഘപരിവാർ പരിഭ്രാന്തി ഈ സന്ദർഭത്തിൽ ഓർക്കാം.

അവഗണിക്കപ്പെട്ട
തമിഴും മലയാളവും

തമിഴ്, മലയാള സിനിമകളോടുള്ള ദേശീയ അവാർഡിന്റെ അവഗണന, ഭാഷയോടും ബഹുസ്വര സംസ്‌കാരത്തോടും ചരിത്രത്തോടുമുള്ള ഭരണകൂട നിലപാടിനോട് ചേർന്നുപോകുന്ന ഒന്നാണ്. പാ രഞ്ജിത്ത് സംവിധാനം ചെയ്ത് ആര്യ, ദുഷാര വിജയന്‍ എന്നിവര്‍ അഭിനയിച്ച വടക്കന്‍ മദ്രാസിന്റെ ഉജ്ജ്വല ആവിഷ്‌ക്കാരമായ 'സാര്‍പട്ടാ പരമ്പരൈ'യും മാരി സെല്‍വരാജ് സംവിധാനം ചെയ്ത് ധനുഷും രജിഷയും അഭിനയിച്ച 'കര്‍ണനും’ ടി.ജി. ഗണവേല്‍ സംവിധാനം ചെയ്ത് സൂര്യ, ലിജോമോള്‍, രജീഷ വിജയന്‍, കെ. മണികണ്ഠന്‍, പ്രകാശ് രാജ് എന്നിവര്‍ അഭിനയിച്ച 'ജയ് ഭീ'മും ദേശീയ പുരസ്‌കാരവേദിയില്‍ അസാന്നിധ്യമായത്, തമിഴ്നാടിനോടും ദ്രാവിഡ ഐഡിയോളജിയോടുമുള്ള സംഘപരിവാറിന്റെ കടുത്ത രാഷ്ട്രീയ വിയോജിപ്പുകളുടെ പശ്ചാത്തലത്തിലാണ്.

സാര്‍പട്ടാ പരമ്പരൈ

ജാതിപ്രശ്‌നങ്ങളെ അംബേദ്കര്‍ ആശയങ്ങളു​ടെ സൈദ്ധാന്തിക പരികൽപ്പനകളുടെ അടിസ്ഥാനത്തിൽ അവതരിപ്പിച്ച ജയ് ഭീം പരിഗണിക്കാതെ പോകുന്നതിനുപുറകിലുള്ളത് കൃത്യമായ വർഗീയ പൊപ്പഗാൻഡയാണ്. ജാതികൊളോണിയലിസത്തെയും അതിന്റെ ഭീകരതയെയും സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വഴിവച്ച സിനിമയാണിത്. അംബേദ്കര്‍ ആശയങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത തങ്ങളുടെ സവർണ ജാത്യാധികാരത്തെ ചോദ്യം ചെയ്യുമെന്ന പേടി സംഘ്പരിവാറിനുണ്ട്. അതുകൊണ്ടുതന്നെ, ശക്തമായ ദലിത് രാഷ്ട്രീയം സംസാരിക്കുന്ന സിനിമകൾ ബോധപൂര്‍വം തിരസ്‌കരിക്കപ്പെടുന്നു. 'ജയ് ഭീ'മിലെ മണികണ്ഠന്‍ എന്ന നടന്റെ അസാധ്യപ്രകടനം അവഗണിച്ച് എങ്ങനെയാണ് 'പുഷ്പ'യിലെ പ്രകടനത്തിന് അല്ലു അര്‍ജുന്‍ മികച്ച നടനാവുന്നത്?

ദേശത്തെ ഉദ്ഗ്രഥനം ചെയ്യുന്ന
അസംബന്ധ ഫയലുകള്‍

കശ്മീരിലെ സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന ദുരിതത്തെ, അവര്‍ക്ക് നിഷേധിക്കപ്പെടുന്ന അടിസ്ഥാന മനുഷ്യാവകാശത്തെ പുറംലോകത്ത് എത്തിക്കാൻ ശ്രമിച്ച 'ഐ ആം നോട്ട് എ റിവര്‍ ഝലം' എന്ന ഫീച്ചര്‍ സിനിമയെ തഴഞ്ഞാണ് 'ദി കശ്മീര്‍ ഫയല്‍സ്' ദേശീയ പുരസ്‌കാരം നേടിയത്. കലയിലൂടെ മുന്നോട്ടുവക്കപ്പെടുന്ന സാംസ്‌കാരിക ജനാധിപത്യാശയങ്ങളെ ഭരണകൂടം ഭയന്നു തുടങ്ങിയതിന്റെ സൂചന കൂടിയാണിത്. വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത 'ദി കശ്മീര്‍ ഫയല്‍സ്' പോലെ ഇത്രയധികം അരാജകവാദവും വിഘടനാന്തരീക്ഷവും സൃഷ്ടിക്കുന്ന ഒരു സിനിമയ്ക്ക് 'നര്‍ഗീസ് ദത്ത്' അവാര്‍ഡ് നല്‍കി ആദരിക്കുന്നതിലൂടെ, ആധിപത്യരാഷ്ട്രീയം ഒരു സൂചന കൂടിയാണ് നൽകുന്നത്.

'ജയ് ഭീ'മിലെ മണികണ്ഠന്‍ എന്ന നടന്റെ അസാധ്യപ്രകടനം അവഗണിച്ച് എങ്ങനെയാണ് 'പുഷ്പ'യിലെ പ്രകടനത്തിന് അല്ലു അര്‍ജുന്‍ മികച്ച നടനാവുന്നത്?

തിയേറ്റര്‍ ആകമാനം മുസ്‍ലിം വിരുദ്ധ മുദ്രാവാക്യങ്ങളാല്‍ ഹിന്ദുത്വ ആഘോഷമാക്കിയ ഒരു വര്‍ഗീയ സിനിമയെ മികച്ച 'ദേശീയോദ്ഗ്രഥന' ചിത്രമായി തിരഞ്ഞെടുക്കുമ്പോള്‍, ഇന്ത്യൻ ദേശീയതയെക്കുറിച്ചുള്ള ഹിംസാത്മകമായ പുനർനിർവചനം സാധൂകരിക്കപ്പെടുകയാണ്. ഇന്ത്യന്‍ രാജ്യാന്തര ചലച്ചിത്രമേളയുടെ അന്താരാഷ്ട്ര ജൂറി ചെയര്‍പേഴ്സണ്‍ നദവ് ലാപിഡ് 53 -മത് ചലച്ചിത്രമേളയുടെ സമാപനചടങ്ങില്‍ ഈ സിനിമയെ 'അശ്ലീല, അജണ്ട സിനിമ' എന്നാണ് വിശേഷിപ്പിച്ചത്. സിനിമ സ്‌ക്രീനില്‍ കണ്ടപ്പോള്‍ താൻ ഞെട്ടിപ്പോവുകയും അസ്വസ്ഥനാവുകയും ചെയ്തു എന്നാണ് അദ്ദേഹം തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചത്. 'അസംബന്ധ സിനിമ' എന്നാണ് നടന്‍ പ്രകാശ് രാജ് വിശേഷിപ്പിച്ചത്. 'കശ്മീരിനെയും അവിടുത്തെ ജനങ്ങളെയും കുറിച്ച് യാതൊരു ധാരണയുമില്ലാതെ, ചരിത്രത്തെ സ്വന്തമായി വ്യാഖ്യാനിക്കുകയാണ് 'ദി കശ്മീര്‍ ഫയല്‍സി'ലൂടെ ചെയ്തിരിക്കുന്നത്. രാജ്യത്ത് വിദ്വേഷത്തിന്റെയും ധ്രുവീകരണത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കാനുള്ള ഉപകരണമായി ഈ സിനിമയെ ഉപയോഗിക്കുന്നു എന്ന് 'ഐ ആം നോട്ട് എ റിവര്‍ ഝലം (I am not a River Jhelum) എന്ന സിനിമയുടെ സംവിധായകന്‍ പ്രഭാഷ് ചന്ദ്രയും നിരീക്ഷിച്ചിട്ടുണ്ട്.

ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ പ്രതിഷേധങ്ങള്‍ക്കെതിരെ ആരോപണമുന്നയിച്ചിട്ടുള്ള വിവേക് അഗ്‌നിഹോത്രി തന്റെ സിനിമയിലും വസ്തുതാവിരുദ്ധസംഭവങ്ങളെയാണ് ആവിഷ്കരിക്കുന്നത്. ജെ. എന്‍.യു. പോലൊരു കാമ്പസിൽ നടക്കുന്ന ഇടതുപക്ഷപ്രക്ഷോഭങ്ങളെ മുസ്‍ലിം തീവ്രവാദപ്രക്ഷോഭങ്ങളായി സിനിമ ആവിഷ്‌കരിക്കുന്നു. സ്വാതന്ത്ര്യം എന്നര്‍ത്ഥം വരുന്ന 'ആസാദി' എന്ന വാക്കിനു മുസ്‍ലിം തീവ്രവാദബന്ധം കല്പിച്ച് സിനിമ വിദ്യാര്‍ത്ഥി സമൂഹത്തെയും അഭിപ്രായസ്വാതന്ത്ര്യത്തെയും റദ്ദാക്കുകയാണ്. അങ്ങനെ, ആ പ്രതിഷേധസ്വരങ്ങളെല്ലാം പൊടുന്നനെ 'രാജ്യദ്രോഹ'മായി മുദ്രകുത്തപ്പെടുന്നു. മുസ്‍ലിം ജനതയെ അപരവല്‍ക്കരിക്കാനുള്ള അജണ്ട മാത്രമാണ് ഈ സിനിമയിലൂടെ ലക്ഷ്യം വെക്കുന്നത്, അതിലൂടെ ഈ ചിത്രം സംഘപരിവാറിന്റെ രാഷ്ട്രീയപ്രചാരണായുധവുമായി മാറിയിട്ടുമുണ്ട്.

വിവേക് അഗ്‌നിഹോത്രി

യാഥാര്‍ഥ്യങ്ങൾക്കുമേൽ മിഥ്യാധാരണകളെ പ്രതിഷ്ഠിച്ച് സാമൂഹികസംഘര്‍ഷങ്ങളെ കലുഷിതമാക്കാന്‍ പടച്ചുവിടുന്ന രചനകളാണിവ എന്ന വ്യക്തമാണ്. അത്തരമൊരു സിനിമ എപ്രകാരമാണ് രാജ്യത്തിന്റെ ദേശീയോദ്ഗ്രഥനത്തിനുള്ള ആവിഷ്കാരമായി മാറുന്നത്? മതേതര മൂല്യങ്ങൾ മുറുകെപിടിക്കുന്ന ഭരണഘടനയുള്ള ഒരു രാജ്യത്താണ് ഇങ്ങനെയൊരു സിനിമ ദേശീയ പുരസ്‌കാരം നേടുന്നത് എന്നതും, ഇന്നത്തെ സാഹചര്യത്തിൽ ഗൗരവകരമായ ആലോചനയർഹിക്കുന്ന ഒന്നാണ്.

ദേശീയ ചലച്ചിത്ര ഫീച്ചര്‍ ഫിലിം ജൂറി ചെയര്‍പേഴ്സണ്‍ കേതന്‍ മേത്ത 1980-ല്‍ സംവിധാനം ചെയ്ത ഗുജറാത്തി ചിത്രമായ 'ഭവ്‌നി ഭാവായി'ക്കും 1993-ല്‍ പുറത്തിറങ്ങിയ ബയോപിക് ചിത്രമായ 'സര്‍ദാറി’നും ദേശീയോദ്ഗ്രഥനത്തിനുള്ള മികച്ച ഫീച്ചര്‍ ഫിലിം പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. അതേ സംവിധായകൻ ചെയർമാനായ ജൂറിയാണ് 'ദി കശ്മീര്‍ ഫയല്‍സ്' പോലൊരു സിനിമയ്ക്ക് അംഗീകാരം നൽകുന്നത് എന്ന് ഞെട്ടിപ്പിക്കുന്ന കാര്യമാണ്.

കലയെ, കലാഭാവുകത്വത്തെ, കലാകാരരെ ഭയക്കുന്ന ഒരു ഭരണകൂടത്തിന്റെ തീർപ്പുകൾ അപകടകരമായ പരിണതികളിലേക്കാണ് നയിക്കുക. ദേശീയതയോട് ചേര്‍ത്തുവായിക്കേണ്ടതല്ല വര്‍ഗീയ വരേണ്യരാഷ്ട്രീയം എന്ന് പുതിയ സിനിമ ഉറക്കെ വിളിച്ചുപറയുന്നുണ്ട്. അത്തരം ആവിഷ്കാരങ്ങൾ ‘ദേശവിരുദ്ധം’ എന്ന് മുദ്രകുത്തി തിരസ്‌കരിക്കപ്പെടുന്നു. പുതിയ കാലത്ത് സിനിമ രാഷ്ട്രീയം പറഞ്ഞുകൊണ്ടിരിക്കും. ജാതിയും മതവും അവയുമായി ബന്ധപ്പെട്ട വിവേചനങ്ങളും വിചാരണ ചെയ്യ​പ്പെടും. മനുഷ്യാവകാശവും സ്വാതന്ത്ര്യവും ലിംഗനീതിയും തുല്യതയും പുതിയ സിനിമയുടെ ആഖ്യാനങ്ങളായി വരും. ദേശീയ പുരസ്‌കാരങ്ങൾ കൊണ്ട് ഈ പ്രക്രിയയെ നിർവീര്യമാക്കാനാകില്ല. അതിസങ്കീര്‍ണമായ ഈ കാലഘട്ടത്തില്‍ മനുഷ്യാവകാശങ്ങള്‍ക്കായുള്ള പോരാട്ടത്തിനായി സിനിമ ഒരു സമരമായി മാറേണ്ടതിന്റെ ആവശ്യകത കൂടിയുണ്ട്.

Comments