ഭാര്‍ഗവി മുതല്‍ ഭാര്‍ഗവി വരെ

പ്രണയത്തിന്റെ വര്‍ണം ചുവപ്പില്‍ നിന്ന്​ ഊഷ്മളത കലര്‍ന്ന നീലയിലേക്ക് എത്തിച്ചു എന്ന രീതിയില്‍ കലാസ്വാദകരിലേക്ക് പെയ്തിറങ്ങിയ ബഷീറിന്റെ ഭാര്‍ഗവി എന്ന പെണ്‍ സൃഷ്ടിയെ, ദൃശ്യ- ഗാനാസ്വാദന പരിപ്രേക്ഷ്യത്തില്‍ വിശകലനം ചെയ്യുന്നു. ‘ഭാർഗവീനിലയം’, ‘നീലവെളിച്ചം’ എന്നീ സിനിമകളിലൂടെ ഒരു സഞ്ചാരം.

ഹൊറര്‍ വിഭാഗത്തില്‍പ്പെടുത്താവുന്ന ചലച്ചിത്രങ്ങള്‍ ഇന്ത്യയില്‍ 1935 മുതല്‍ക്കേ വന്നിരുന്നു എങ്കിലും (ഷാദി കി രാത്- 1935, അനര്‍ബല (1940), ഖൂനി (1945) മുതലായവ) ഒരു പൂര്‍ണ ഹൊറര്‍ സിനിമ എന്ന നിലക്ക് പ്രശംസ ലഭിച്ച സിനിമ 1949-ൽ പുറത്തിറങ്ങിയ മഹല്‍ എന്ന ചിത്രമായിരുന്നു. ഗോഥിക് കല്പിതകഥയുടെ ലക്ഷണങ്ങള്‍ ഉള്‍ക്കൊള്ളിച്ച്​ സൃഷ്​ടിച്ച മഹല്‍ എന്ന ഹിന്ദി സിനിമ ഹൊറര്‍ സിനിമകളുടെ തുടര്‍ശ്രേണികൾക്ക് പ്രേരകമായപ്പോള്‍ ഇതേ ലക്ഷണത്തില്‍ വന്ന ഭാര്‍ഗവീനിലയം (1964) ആയിരുന്നു മലയാളത്തിലെ ആദ്യ ഹൊറര്‍ ചലച്ചിത്രം. മുത്തശ്ശന്‍ കഥകള്‍, കെട്ടുകഥകള്‍ എന്നിവ വെച്ച് നോക്കുമ്പോള്‍ പേടി എന്ന ഘടകത്തെക്കാള്‍ ഭൂതകാലത്തില്‍ നിന്നുള്ള ഒരാളുടെ / ചില സന്ദര്‍ഭങ്ങളുടെ പ്രഭാവം വര്‍ത്തമാനകാലത്ത് സംഭവിക്കുന്നു എന്നതാണ്​ ഗോഥിക് - കല്പിതകഥകളുടെ സവിശേഷത. ഒരു ഗോഥിക് കഥയുടെ വിചിത്രതകള്‍ ഭാര്‍ഗവീനിലയത്തിലും കാണാം. ആളൊഴിഞ്ഞ വലിയ വീട്, ദുരൂഹതകള്‍ നിറഞ്ഞ ഗ്രഹാന്തരീക്ഷം, വീട്ടില്‍ മുന്നേ താമസിച്ച ആളിന്റെ /ആളുകളുടെ ദുര്‍മരണം, അതുമായി ബന്ധപ്പെട്ട സ്വപ്നങ്ങള്‍, ശകുനങ്ങള്‍, നിമിത്തങ്ങള്‍, പ്രകൃത്യാതീത നിമിഷങ്ങള്‍ തുടങ്ങിയ ഗോഥിക് ഘടകങ്ങള്‍ മഹല്‍എന്ന സിനിമയ്ക്കും ഭാര്‍ഗ്ഗവീനിലയത്തിനും ചേര്‍ച്ച നല്‍കുന്നു.

മഹൽ സിനിമയിൽ മധുബാല / Photo: Wikipedia

തികച്ചും ദുരൂഹമായ ഒരു ആവാസപ്രദേശത്ത് ഒറ്റയ്ക്ക് വസിക്കുന്ന ഒരു മനുഷ്യന്‍, തന്റെയും പ്രകൃതിപരവുമല്ലാത്തതുമായ ഏതൊരു ശബ്ദവും കേട്ടാല്‍ അതിന്റെ സ്രോതസ്സ് അന്വേഷിക്കാന്‍ ജിജ്ഞാസയോടെ ഇറങ്ങിത്തിരിക്കും എന്ന മനുഷ്യസ്വഭാവ പ്രത്യേകതയെ തികച്ചും കൗതുകത്തിന്റെ തലത്തില്‍ അവതരിപ്പിക്കുന്നു ഈ ചലച്ചിത്രത്തില്‍ (ഈ കൗതുകത്തെ യുക്തി കൊണ്ട് അളക്കരുത് എന്ന രചയിതാവിന്റെ മുഖവുരയോട് കൂടി). ഭാര്‍ഗ്ഗവിയെക്കുറിച്ചുള്ള കേട്ടറിവില്‍ നിന്നു തുടങ്ങി, ഭാര്‍ഗവിയുടെ അനുവാദത്തോടെ അവളുടെ കഥയെഴുതുന്ന എഴുത്തുകാരന് തന്റെ പ്രണയഗാഥയുടെ നീലവെളിച്ചം സമ്മാനിക്കുന്നു ഭാര്‍ഗവി. ഈ നീലവെളിച്ചത്തിന്റെ ദൃശ്യരൂപവും ഭാര്‍ഗ്ഗവിയുടെ ഊഞ്ഞാലാട്ടവും ആവണം മിക്ക ആസ്വാദകര്‍ക്കും സിനിമയില്‍ ഏറ്റവുമധികം ഇഷ്ടപ്പെട്ട നിമിഷങ്ങള്‍.

നിറത്തിന്റെ എസ്‌തെറ്റിക്‌സ് നോക്കുകയാണെങ്കില്‍ പ്രണയം പൊതുവെ ചുവപ്പില്‍ പൊതിഞ്ഞാണ് നാം കണ്ടിട്ടുള്ളത്. എന്നാല്‍ ഇവിടെ പ്രണയനഷ്ടത്തേക്കാള്‍ പ്രണയം നിഷേധിക്കപ്പെട്ട സ്ത്രീയുടെ ഭാവമാണ് വെളിച്ചമായി വിന്യസിക്കപ്പെടുന്നത്, പ്രതിഷേധത്തിന് അനന്തനീലിമയല്ലാതെ വേറെന്ത് നിറം നല്‍കാന്‍?

ഭാര്‍ഗവീനിലയം സിനിമയിൽ നിന്ന്

ഒപ്പം ഏകാന്തതയും, നിരാശയും, നിസ്സഹായതയും ചേരുമ്പോള്‍ പിക്കാസോയുടെ ‘ബ്ലൂ-പീരീഡ്’ (1901-1904) കാലത്തെ ചിത്രരചനകളെ ഓര്‍മിപ്പിക്കുന്നു ഗിരീഷ് ഗംഗാധരന്റെ ഛായാഗ്രഹണമികവില്‍ വിരിഞ്ഞ നീലവെളിച്ചത്തിലെ ചില ഫ്രെയിമുകള്‍. പിക്കാസോയുടെ ഈ നീലകാലഘട്ടത്തെ ആസ്പദമാക്കി ജോണ്‍ -പീറ്റര്‍ ബ്ജോര്‍ണ്‍ സ്വീഡിഷ് -ഗായകജോടിയുടെ ഒരു പോപ്പ് ഗാനമുണ്ട് (ഗാനം: ബ്ലൂപീരീഡ് പിക്കാസോ, ആല്‍ബം: ലിവിങ് തിങ്- 2009)

I'm a blue period Picasso stuck on a wall
In the middle of a hall in Barcelona
Trying to figure out how to get down
'Cause this solitude is bringing me down'

എന്നുതുടങ്ങുന്ന ഈ ഗാനത്തിലെ വരികള്‍ ഏകാന്തതയുടെ വശ്യതയും നോവും കലര്‍ന്ന ഒരു പിക്കാസോ ചിത്രത്തിന്റെ ആത്മഗതം പോലെയാണ് എഴുതപ്പെട്ടിരിക്കുന്നത്. ഒരു പെയിന്റിങ്ങിന് ജീവന്‍ വെച്ചാല്‍ എന്തൊക്കെയായിരിക്കാം അതിനു പറയാനുണ്ടാവുക?

സരസ്വതിയുമായുണ്ടായ പ്രണയനൈരാശ്യത്തില്‍ നിന്ന്​ അകന്നുനിൽക്കാൻ ഭാര്‍ഗവീനിലയത്തില്‍ എത്തുന്ന ബഷീര്‍ ഭാര്‍ഗവിയുടെ മുഖം ആദ്യമായി കാണുന്നത് ഭാര്‍ഗവിനിലയത്തിലുണ്ടായിരുന്ന ചില്ല് ഫ്രെയിമിലുണ്ടായിരുന്ന ഒരു മുഖചിത്രത്തിലാണ്. അപ്പോള്‍ മുതല്‍ക്കേ ഭാര്‍ഗവി കഥാകൃത്തിനോട് സംസാരം തുടങ്ങിയിട്ടുണ്ടാവണം, മേല്‍ സൂചിപ്പിച്ച ഗാനത്തില്‍ ബ്ലൂ-പീരീഡ് പിക്കാസോ- ചിത്രം ആസ്വാദകരോട് സംസാരിച്ചതുപോലെ.

പിക്കാസോയുടെ 'ബ്ലൂ-പീരീഡ്'കാലത്തെ ചിത്രങ്ങൾ / Photo: Wikipedia

ആരേയും കൂസാക്കാതെ തന്‍കാര്യം നോക്കി മേഞ്ഞു നടന്നിരുന്ന ‘ജൂന്റ’ എന്ന പെണ്ണിന്റെ ദുരൂഹകഥ വര്‍ണ്ണിച്ച ‘ബ്ലൂ-ലൈറ്റ്’ (Das Blaue Licht- 1932) എന്നൊരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം നാസി ജര്‍മനിയില്‍ വന്നിരുന്നു, ലെനി റീഫന്‍സ്റ്റാഹ്ള്‍ എന്ന സ്ത്രീയുടെ സംവിധാനത്തില്‍. നായിക അനുഭവിക്കുന്ന നീല-വെളിച്ച പ്രതിഭാസം അന്വേഷിച്ചു പോവുന്ന വിഗോ എന്ന ചിത്രകാരന് അവളോട് തോന്നുന്ന അനുരാഗവും, അവളില്‍ നിന്നറിഞ്ഞ ഒരു രഹസ്യവും, തുടര്‍ന്നവള്‍ അവനില്‍നിന്ന്​ നേരിടുന്ന വഞ്ചനയും പ്രമേയമാവുന്ന ഈ ജര്‍മന്‍ സിനിമ ഒരു തരത്തില്‍ ഗോഥിക് അംശങ്ങള്‍ നിറഞ്ഞതാണ്.

തന്റെ കാമുകനായ ശശികുമാറിനെ (റോഷന്‍ മാത്യു) നാണുക്കുട്ടന്‍ (ഷൈന്‍ ടോം) കൊലപ്പെടുത്തിയതാണെന്നറിഞ്ഞ നിമിഷം വീട്ടുമുറ്റത്തെ നിലത്തേക്ക് മുട്ടില്‍ വീണ് മുകളിലേക്കു​നോക്കി ശോകാശ്രുക്കള്‍ പൊഴിക്കുന്ന ഭാര്‍ഗവിയുടെ രൂപം ബ്ലൂ- പീരീഡ് കാലത്തെ ഒരു പിക്കാസോ നീല- മോണോക്രോം പെയിന്റിംഗിന് സമം. ഒരു പക്ഷേ ഇരുട്ടിനെ ഭേദിക്കുന്ന വെളിച്ചത്തിന്റെ മനോഹാരിത അതിന്റെ ഏറ്റവും നല്ല ലാവണ്യത്തില്‍ ഇതിനു മുന്നേ നമ്മള്‍ മലയാളസിമിമയില്‍ കണ്ടത് ഗന്ധര്‍വ്വന്‍ ഭാമയ്ക്ക് (ഞാന്‍ ഗന്ധര്‍വ്വന്‍- 1991) അതിശയമായി സമ്മാനിച്ച മിന്നാമിനുങ്ങുകളുടെ പച്ചവെളിച്ചസന്ദര്‍ഭത്തിലായിരിക്കണം. ‘എന്റെ ചരമക്കുറിപ്പ്' എന്ന ലേഖനത്തില്‍ ബഷീര്‍ ഇപ്രകാരം കുറിച്ചിരിക്കുന്നു: ‘ഒരിക്കലും ഒരിക്കലും അവസാനിക്കാത്ത സമയം, അനന്തം, അനന്തമായ സമയം'.

ഇതേ അനന്തയുടെ വര്‍ണലാവണ്യമാണ് തന്റെ ഇടത്തിലേക്ക് എഴുതാനായി വന്ന കഥാകാരന് തന്റെ സാന്നിധ്യ- സന്നദ്ധത അറിയിച്ച്​ ഭാര്‍ഗവി വാരിവിതറിയത്; സ്‌കാന്ഡിനേവിയന്‍ രാജ്യങ്ങളില്‍ കാണാറുള്ള ഉത്തരധ്രുവ ദീപ്തിയ്ക്ക് സമാനമായ നീലത്തെളിച്ചം.

നീലവെളിച്ചത്തിൽ ഭാർഗ്ഗവിയായി റിമ

‘എന്റെ ചരമക്കുറിപ്പി’ലെ തന്നെ മറ്റൊരു ഭാഗത്ത് ബഷീര്‍ ഇപ്രകാരം എഴുതിയിരിക്കുന്നു: ‘പൂര്‍ണചന്ദ്രനും അനന്തകോടി നക്ഷത്രങ്ങളും തെളിഞ്ഞ ഏകാന്ത ഭീകരാദ്ഭുത സുന്ദരരാത്രിയില്‍ ചക്രവാളത്തിനകത്ത് തനിച്ചു ഞാന്‍ രണ്ടുമൂന്നു തവണ നിന്നിട്ടുണ്ട്​.’

ഇപ്രകാരമുള്ള ഒരു നിശാവേളയില്‍ കടല്‍ത്തീരത്ത് ഏകാന്തതയെ പുല്‍കി നില്‍ക്കുന്ന കഥാകാരന്റെ മുന്നിലേക്ക് മിന്നല്‍നീലവെട്ടത്തില്‍ പ്രത്യക്ഷപ്പെടുന്നുമുണ്ട് ഭാര്‍ഗവി. അലോഷ്യസ് വിന്‍സന്റ് സംവിധാനം ചെയ്ത ഭാര്‍ഗവിനിലയം ഇന്ന് ആഷിഖ് അബുവിന്റെ ശ്രമത്തില്‍ നീലവെളിച്ചമായി പുനഃസൃഷ്ടിക്കപ്പെട്ടപ്പോള്‍ താന്‍ ജീവിച്ചിരുന്നതായി ഭാവിയില്‍ ആരെങ്കിലുമോര്‍ക്കുമോ എന്ന് എഴുതിയ ബഷീറിനുള്ളൊരു ദൃശ്യ- ശ്രദ്ധാഞ്ജലിയായി മാറുന്നു നീലവെളിച്ചം. ആകാശഗംഗയിലെ ഗംഗ, ഇന്ദ്രിയത്തിലെ നീലി, പകല്‍പ്പൂരത്തിലെ സീമന്തിനി തുടങ്ങിയ പെണ്‍ പ്രേതങ്ങളെ അപേക്ഷിച്ച്​ ഭാര്‍ഗവി രക്തപ്രിയയല്ല. തന്റെ ആവാസയിടമായ ഭാര്‍ഗവീനിലയത്തിലേക്ക് കടലാസും, മഷിപ്പേനയും, ഗ്രാമഫോണുമായി വന്ന കഥാകാരന്‍ ആഗ്രഹിച്ച സഖിത്വം സമ്മാനിക്കുന്നുമുണ്ട് ഭാര്‍ഗവി. ‘എഴുത്ത് എന്നത് വികാരങ്ങളുടെ ക്ഷിപ്രമായ കുത്തൊഴുക്കാണെന്നും, സ്ഥായിയായഭാവത്തില്‍ തളംകെട്ടി നില്‍ക്കുന്ന അനുഭൂതികളുടെ ചലനമാണെന്നു'മുള്ള വില്യം വേഡ്​സ്​വർത്തിന്റെ ചിന്തയെ അന്വര്‍ത്ഥമാക്കുന്നു ഭാര്‍ഗവിക്കുട്ടിയെ അടുത്തറിയാന്‍ ശ്രമിച്ച ബേപ്പൂര്‍ സുല്‍ത്താന്റെ നീലവെളിച്ചം എന്ന സാഹിത്യസൃഷ്ടി. ‘എനിക്ക് സ്‌നേഹിക്കണം, ഇല്ലെങ്കില്‍ ഞാന്‍ മരിച്ചു പോവും’ എന്നുപറയുന്ന ഭാര്‍ഗവിയില്‍ അനുരാഗത്തിന്റെ വിശ്വജനീയ സ്വഭാവമാണ് കാണാന്‍ സാധിക്കുക. ഒരു കുമിള പോലെ മനോഹരമായി തോന്നിയ അനുഭവമെന്ന് തന്റെ തന്നെ തിരക്കഥയില്‍ ബഷീര്‍ കുറിച്ചിട്ട ഭാര്‍ഗവി എന്ന പെണ്ണടയാളം വിജയനിര്‍മ്മലയില്‍ നിന്ന്​ പട്ടുനൂലാഞ്ഞാലയാടി 2023-ല്‍ റിമയിലെത്തി നില്ക്കുന്നു.

Photo: Rima Kallingal Instagram

സ്‌നേഹവെളിച്ചത്തിന്റെ പെണ്ണടയാളമായി മാറിയ ഭാര്‍ഗവിയെ അവതരിപ്പിച്ച റിമയോട് സിനിമ ഇരുവട്ടം കണ്ടശേഷം ഈ ലേഖനം എഴുതുന്നതിലേക്കായി അവരുടെ പ്രതികരണം ആരാഞ്ഞ്​ ഞാന്‍ സംസാരിച്ചിരുന്നു. ‘ഭാര്‍ഗവി ഒരു പളുങ്കു പോലെ ആണ് എനിക്ക് അനുഭവപ്പെട്ടത്. പ്രണയത്തിന് എല്ലാ കാലത്തും സംഭവിക്കാവുന്ന തീവ്രത പേറി നില്‍ക്കുന്ന സകല പെണ്ണുങ്ങളുടേയും ഒരു പ്രതീകമായിട്ടാണ് എനിക്ക് ഭാര്‍ഗവിയെ കാണാനാവുന്നത്' എന്ന് റിമ പ്രതികരണം തന്നിരുന്നു.

സംഭാഷണാവേളയില്‍ തന്റെ മുന്‍കഥാപാത്രങ്ങളായ വര്‍ഷ (ഋതു- 2009), ടെസ്സ (22 എഫ് കെ -2012), സിസ്റ്റര്‍ അഖില (വൈറസ്- 2019) എന്നിവരില്‍ നിന്ന്​ ഭാര്‍ഗവി വ്യത്യസ്ത ആവുന്നുണ്ടോ എന്ന് ഞാന്‍ റിമയോട് ചോദിച്ചിരുന്നു. എന്നാല്‍, ‘ഇവരുടെയൊക്കെ കൂടി സാരാംശം പേറി തന്നെയാണ് ഭാര്‍ഗവിയേയും എനിക്ക് ഉള്‍ക്കൊള്ളാനായതെന്നും’ പ്രിയ സുഹൃത്ത് പ്രതികരിച്ചു. ‘എന്റെ അന്തരംഗത്തില്‍ മിന്നല്‍ചലനമുണ്ടാക്കുകയും ഒപ്പം എത്രത്തോളം കാലാതീതമാവാം ഒരു സാഹിത്യസൃഷ്ടി എന്ന് എന്നെ പലവട്ടം ബോധ്യപ്പെടുത്തുകയും കൂടെ ചെയ്ത ഒരു കഥാപാത്രമാണ് ഭാര്‍ഗവി' എന്നും കൂടെ റിമ കൂട്ടിചേര്‍ത്തു. ‘ഈ ലോകത്ത് നമ്മളായി തന്നെ ജീവിക്കാന്‍, നമ്മളാഗ്രഹിക്കുന്ന രീതിയില്‍ ജീവിക്കാനാഗ്രഹിക്കുന്ന ഓരോ ആള്‍ക്കും ഭാര്‍ഗവിയുടെ സ്വത്വവും, പ്രണയവും അനുബന്ധ വേദനയും വിരഹവും ബന്ധപ്പെടുത്താന്‍ സാധിക്കും എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്' എന്ന് കൂടി റിമ സംസാരിച്ചപ്പോള്‍ ഒരു സ്വവര്‍ഗാനുരാഗിയായ എനിക്ക് അതിയായ ആനന്ദം അനുഭവപ്പെട്ടു. ‘അനുരാഗ മധുചഷകം' എന്ന ഗാനത്തിലെ ഭാര്‍ഗവിയുടെ ശലഭചലനവും, ഭാര്‍ഗവീനിലയത്തിലെ ആരാമത്തിലുള്ള പെണ്‍രൂപമുള്ള ഉദ്യാനപ്രതിമയും, ഊഞ്ഞാലാടുന്ന ഭാര്‍ഗവിയുടെ ശോകമുഖവും, വരാന്തയിലെ ബൊഗൈന്‍വില്ലപ്പൂവുകള്‍ക്കരികെ ചായയുമായി മന്ദഹാസവദനനായി നില്‍ക്കുന്ന ടോവിനോയുടെ മൃദുലപൗരുഷവുമൊക്കെ മനസ്സില്‍ നിന്ന്​ പെട്ടെന്നൊന്നും മായുമെന്നെനിക്ക് തോന്നുന്നില്ല.

സിനിമ കണ്ട ശേഷം ഇതേ തോന്നലുടലെടുത്ത എന്റെ ഒരു ഗേ സുഹൃത്തായ സൈമണ്‍, സിനിമ കണ്ട ശേഷം എന്തുകൊണ്ടാവാം ഗേ ആളുകള്‍ക്ക് ഭാര്‍ഗവിയോട് ഇത്രയും സ്‌നേഹം എന്ന് ആരാഞ്ഞതിന്റെ കൗതുകവും മറുപടിയും മറ്റൊന്നല്ല. പൊട്ടിത്തകര്‍ന്ന കിനാവ് കൊണ്ടൊരു എന്ന ഗാനത്തിലെ 'സമയത്തിന്‍ ചിറകടി കേള്‍ക്കാതെ' എന്ന വരി ഈ നിത്യത തന്നെയല്ലേ സൂചിപ്പിക്കുന്നതും ഗാനാസ്വാദകരുടെ ദൃശ്യ- ശ്രവണ-ആത്മേന്ദ്രിയങ്ങളില്‍ അവശേഷിപ്പിക്കുന്നതും!

Photo: OPM Cinemas

ആത്മനായകനെ കാംക്ഷിച്ചിരിക്കുന്ന പ്രണയിനിയുടെ ആത്മഗതം ഇതിനും മുന്നേ സമാന നിലാഭാവത്തില്‍ പി. ഭാസ്‌കരന്‍ ‘ആടാന്‍ വരൂ കിനാവേ രാവിന്റെ രാഗസുധയേ ചൊരിയാന്‍ വരൂ നിലാവേ’ എന്ന വരികളില്‍ (ഗാനം: ‘ഗായകാ ഗായകാ’, ചിത്രം: നവലോകം- 1951, ഗായിക: പി. ലീല) വര്‍ണിച്ചിട്ടുണ്ട്. പ്രിയമുള്ളൊരാളിനെ പടിവാതില്‍ പകുതിചാരി കാത്തിരുന്ന നാഗവല്ലിയുടെ / ഗംഗയുടെ ആത്മഗതവും (ഗാനം: വരുവാനില്ലാരുമെന്‍- മണിച്ചിത്രത്താഴ്, രചന: മധു മുട്ടം, ഗായിക: ചിത്ര) വാസന്ത പഞ്ചമി രാവില്‍ ശശിയെ കാത്തിരുന്ന ഭാര്‍ഗവിയുടെ പ്രതീക്ഷയും; ‘കിളിവാതിലില്‍ മിഴിയും നട്ടു കാത്തിരുന്നു ഞാന്‍’ (ഗാനം: വാസന്തപഞ്ചമി നാളില്‍) ഇത്തരത്തില്‍ പ്രണയപ്രതീക്ഷാകേന്ദ്രീകൃതം തന്നെ.

സിനിമയുടെ ആദ്യപകുതി ടോവിനോയുടെ കഥാപുരുഷന്റെ ഭാവപ്രകടനത്തില്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍ രണ്ടാംപാതി ആഘോഷിക്കുന്നത് ഭാര്‍ഗവിയുടെ സ്വത്വം ആണ്; ബഷീറിയന്‍ കാല്പനികതയുടെ ഈ സ്ത്രീഭാവത്തിനു മാറ്റുകൂട്ടാന്‍ അതിലെ ഗാനങ്ങളും ഒപ്പം ഭാര്‍ഗവിയുടെ പ്രണയസാക്ഷിയായി മതിലും. പൊതുവേ മലയാളഗാനങ്ങളില്‍ മാവും മാമ്പൂവും യഥാക്രമം വര്‍ണ്ണിക്കപെട്ടിരിക്കുന്നത് ഗൃഹാതുരത്വം (മാഞ്ചുവട്ടില്‍, മാമ്പഴം, ബാല്യകാലം), കാമദേവന്റെ അഞ്ച് ശരങ്ങളിലൊന്ന് മുതലായ തലങ്ങളിലാണ്. എന്നാല്‍ ഭാര്‍ഗവി ഊഞ്ഞാലാടുന്ന മാവാവട്ടെ ഈ പെണ്ണൊരുത്തി ‘കണ്ണുനീര്‍ കൊണ്ടു നനച്ചു വളര്‍ത്തിയ’ താണെന്ന്​ ഭാസ്‌കരന്‍ മാഷ് രചിച്ചിരിക്കുന്നു.

1947-ലെ മഹല്‍ എന്ന ഹിന്ദി സിനിമയിലെ 'മുഷ്‌കില്‍ ഹെ ബഹുത് മുഷ്‌കില്‍' എന്ന ഗാനത്തിലെ (രചന: നക്ഷബ്, സംഗീതം: ഖേംചന്ദ്, പാടിയത്: ലതാ മങ്കേഷ്‌ക്കര്‍) ‘മുഷ്‌കില്‍ ഹെ ബഹുത് മുഷ്‌കില്‍ ചാഹത് കോ ഭുലാ ദേനാ' ആരംഭ വരി പ്രണയികള്‍ക്ക് സോത്സാഹം പകരുന്നതാണെങ്കില്‍ ‘സമയത്തിന്‍ ചിറകടി കേള്‍ക്കാതെ ഞാനെന്റെ അകലത്തെ ദേവനെ കാത്തിരുന്നു' എന്ന ഭാര്‍ഗവീഗീതം പ്രണയപ്രതീക്ഷകളുടെ കാലാതീത നീലിമയായി മാറുന്നു. മതിലുകള്‍ (1990) എന്ന സിനിമയില്‍ ബഷീറിനോട് മതിലിനപ്പുറത്തുനിന്ന്​ നാരായണി സമ്മാനമായി റോസാപ്പൂ ചോദിക്കുന്നുണ്ട്. നീലവെളിച്ചത്തില്‍ എത്തുമ്പോള്‍ ശശികുമാര്‍ നട്ടുനനച്ച റോസാച്ചെടിയിലെ പുഷ്പം ഭാര്‍ഗവിക്ക് സമ്മാനമായി ലഭിക്കുന്നു. ശശികുമാര്‍ സമ്മാനിച്ച പനിനീര്‍ പൂവ് ഉണങ്ങിയശേഷവും പുസ്തകതാളില്‍ സൂക്ഷിച്ച വെച്ച ഭാര്‍ഗവിക്ക് ശശികുമാര്‍ ചെയ്തതുപോലെ പനിനീര്‍ചെടി നട്ടുവളര്‍ത്തുന്ന എഴുത്തുകാരനോട് പ്രണയേതര-സൗഹൃദം രൂപപ്പെട്ടത് സ്വാഭാവികം മാത്രം. സിത്താര്‍ കൊണ്ട് മായാജാലം തീര്‍ത്ത കാമുകനുമൊത്തുള്ള അനുരാഗസ്മരണകള്‍ പേനകൊണ്ട് മാസ്മരത സൃഷ്ടിക്കുന്ന എഴുത്തുകാരനോടല്ലാതെ ആരോട് പറയാന്‍ സാധിക്കും ഭാര്‍ഗവിക്ക്?

നീലവെളിച്ചത്തിലെ ഭാര്‍ഗവിയുടെ ശശികുമാറിനോടുള്ള അനുരാഗമാരംഭിക്കുന്നത് ശശിയുടെ സിത്താര്‍ വായന കേള്‍ക്കുന്നതുമുതലാണ്. തന്റെ ചിലങ്കാനാദം കൊണ്ട് പ്രേമപ്രതിഭാഷണം നടത്തുന്ന ഭാര്‍ഗവിക്ക് ശശികുമാർ യാത്രയാവുമ്പോള്‍ സമ്മാനിക്കുന്നതും അതേ സിത്താര്‍ ആണ്. സിതാറിന്റെയും ചിലങ്കയുടെയും പരസ്പരപൂരകസ്വരങ്ങള്‍ ഭാര്‍ഗവീനിലയത്തില്‍ ഇടയ്ക്കിടെ പ്രണയദാഹിയായ അവള്‍ ഉയര്‍ത്തിയിരുന്നു. ഈ സ്വരങ്ങളില്‍ നിന്നുമാണ് പൂത്തിരി കത്തിച്ചപോലെ ഉമ്മറത്തിരുന്ന കൊച്ചമ്മയുടെ ഇഷ്ടങ്ങള്‍ ചെറിയ പരീക്കണ്ണി മനസ്സിലാക്കുന്നതും.

‘അനുരാഗ മധുചഷകം’ എന്ന ഗാനത്തിലെ അരങ്ങ് ദൃശ്യാസ്വാദനവിഷയമാക്കുകയാണെങ്കില്‍സുതാര്യചിറകുകളുള്ള കുറേ പെണ്‍ശലഭങ്ങള്‍ സംഘംനടനമാടുന്ന കാഴ്ച കാണാം, ഒരു കലേഡിയോസ്‌കോപ്പിലെ സുതാര്യ ചില്ലുകഷ്ണങ്ങള്‍ മാറിമറിഞ്ഞു പ്രകാശമാസ്മരികത സമ്മാനിക്കുന്നതുപോലെ. ദ്രുതഗതിയില്‍ പാറിപ്പായുന്ന ചിത്രശലഭവൃന്ദത്തിനെ ഇംഗ്ലീഷ് ഭാഷയില്‍ 'കലേഡിയോസ്‌കോപ്പ്' എന്നാണ് വിശേഷിപ്പിക്കുന്നതെന്ന കൗതുകം ഭാര്‍ഗവിയും സഖിമാരും നൃത്തമാടിയുറപ്പിക്കുന്നു ('ശ്രീജിത്ത് ഡാന്‍സിറ്റി' യുടെ നൃത്തസംവിധാനത്തില്‍).

ബഷീറിന്റെ അനുരാഗത്തിന്റെ ദിനങ്ങള്‍, അനര്‍ഘനിമിഷങ്ങള്‍, ബാല്യകാലസഖി എന്നീ രചനകളില്‍ നിന്നുമുള്ള അവലംബങ്ങള്‍ ഭാര്‍ഗവീനിലയത്തെ അപേക്ഷിച്ച് നീലവെളിച്ചത്തില്‍ കൂടുതലായി കണ്ടെത്താന്‍ സാധിക്കും.

ഉദാ: ‘മധുരസുന്ദരസുരഭിലമായ നിലാവെളിച്ചം. അതാണല്ലോ പെണ്ണിന്റെ തലയ്ക്കുള്ളില്‍ ഉണ്ടെന്നു പറയുന്നത്?'-(പ്രേമലേഖനത്തില്‍ നിന്ന്). അനര്‍ഘനിമിഷം എന്ന ലേഖനസമാഹാരത്തിലെ ഒരു അദ്ധ്യായത്തിന്റെ പേരായ ‘ഏകാന്തതയുടെ മഹാ തീരം' എന്ന ശീര്‍ഷകം ഉപയോഗിച്ചുള്ള ഒരു പാട്ട് തന്നെ ഭാസ്‌കരന്‍ മാഷിന്റെ രചനയില്‍ ബാബുരാജ് ചിട്ടപ്പെടുത്തിയത് ഒരു നിമിത്തമായിരിക്കണം. നീലവെളിച്ചത്തിനുവേണ്ടി ബഷീറിന്റെ യഥാര്‍ത്ഥ തിരക്കഥയില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയ ‘ഹൃഷികേശ്' സാഹിത്യകാരന്റെ മറ്റുകൃതികളില്‍ നിന്നുമുള്ള അവലംബങ്ങള്‍ ഭംഗിയായി കോര്‍ത്ത് ചേര്‍ത്തിരിക്കുന്നു. ബഷീറിന്റെ കൈപ്പട (കഥാകാരന്‍ എഴുതുന്നതായുള്ള രംഗങ്ങളില്‍) പുനഃസൃഷ്ടിക്കാനായതും തിരക്കഥയുടെ ആദ്യസൃഷ്ടാവിനോടുള്ള ബഹുമാനത്തെ ദൃഢീകരിക്കുന്നതാണ്. പ്രണയലേഖനങ്ങളുടെ സ്വഭാവമുള്ള കത്തുകളുടെ സംഹാരം എന്ന രീതിയ്ക്ക് ശ്രദ്ധ നേടിയ അനുരാഗത്തിന്റെ ദിനങ്ങള്‍എന്ന ആത്മകഥാപരമായ നോവലില്‍ നിന്നുമുള്ള ചിന്തുകളും രസകരമായി നീലവെളിച്ചത്തില്‍ കാണാന്‍ സാധിക്കുന്നു (കഥാകാരനുണ്ടായ പ്രണയനഷ്ടത്തെക്കുറിച്ചുള്ള സൂചന ഒരുദാഹരണം).

റിമയുടെ ഇടത്തെ കയ്യില്‍ ഒരു വാചകം പച്ചകുത്തിയിട്ടുണ്ട്. 'We are the granddaughters of the witches you couldn't burn'.

ചുരുളന്‍മുടിയുടെ സൗന്ദര്യത്തില്‍ ചില്ലിട്ട ഒരു ഫോട്ടോഫ്രെയിം മുതല്‍ ജനലഴിക്ക് പിന്നില്‍ അരിശത്തോടെ നില്‍ക്കുന്നത് വരെയുള്ള, പൊട്ടിത്തകര്‍ന്ന കിനാക്കളുടെ സകലമാന വ്യഥയും പറത്തി ഊഞ്ഞാലിലാടിയാടിയ, ഒരു മതിലിനിരുപുറവും നിന്ന് രാക്കാലങ്ങളില്‍ പ്രേമിച്ചവനെ കൊന്നവന്റെ കരണത്തടിച്ച, തന്റെ അനുരാഗഗാഥ എഴുതിയ എഴുത്തുകാരന് നീലവെളിച്ചം സമ്മാനിച്ച ഒരു കുമിളപോലെത്തെ ശലഭസുന്ദരിയായ ഭാര്‍ഗവിക്കുട്ടി എന്ന പെണ്ണൊരുത്തിയുടെ കാര്യത്തില്‍ അന്വര്‍ത്ഥമാവുന്നു ഈ റ്റാറ്റൂ.


ജിജോ കുര്യാക്കോസ്

ചിത്രകാരൻ, ഫോട്ടോഗ്രാഫർ. ഒരു ദശകത്തിലേറെയായി സ്വവർഗാനുരാഗവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ- ഇടപെടലുകൾ നടത്തിവരുന്നു. സ്വവർഗാനുരാഗവുമായി ബന്ധപ്പെട്ട്, സിനിമ- സാഹിത്യ- കലാചരിത്ര വിഷയങ്ങളിൽ ലേഖനങ്ങൾ, കഥകൾ, ഡോക്യൂമെന്ററികൾ എന്നിവ ചെയ്തുവരുന്നു.

Comments