നേരും നേരിനുമുമ്പേ നേരുപറഞ്ഞെത്തിയ കാതലും മലയാളസിനിമയിലെ മാറ്റങ്ങളെയാണോ സൂചിപ്പിക്കുന്നത്? നമുക്ക് പ്രത്യാശയ്ക്ക് വകയുണ്ടോ? പലതരത്തിൽ സമാനതകളുള്ള സിനിമകളാണിവ. കാണേണ്ടതും പിന്തുണയ്ക്കേണ്ടതുമായ സിനിമകൾ.
നേരില്ലാത്ത ഒരു കാലത്ത് നേരിനുവേണ്ടി വാദിച്ചുജയിക്കുന്ന സിനിമയാണ് ജിത്തു ജോസഫിന്റെ നേര്. ദൃശ്യം എന്ന സിനിമയിൽ അക്രമിക്കപ്പെടുമായിരുന്ന ഒരു പെൺകുട്ടിയുടേയും കുടുംബത്തിന്റേയും അതിജീവനമാണ് ദൃശ്യവത്കരിച്ചതെങ്കിൽ നേര് അക്രമിക്കപ്പെട്ടവളുടേയും കുടുംബത്തിന്റേയും നിയമപ്പോരാട്ടമാണ് ആവിഷ്കരിക്കുന്നത്. ഈയൊരു സമാനത സിനിമകളുടെ പരിചരണത്തിലും ദൃശ്യവിന്യാസങ്ങളിലും മാത്രമല്ല അതിന്റെ രാഷ്ട്രീയത്തിലും ഉള്ളടങ്ങിയിരിക്കുന്നു. തെന്നിന്ത്യൻ സിനിമകളിലെ ഒരു പ്രശസ്ത നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ കുറ്റകരമായ മൗനമോ ആ അർഥത്തിൽ പ്രതിലോമകരമായ അനാസ്ഥയോ കാണിച്ച ഇൻഡസ്ട്രിയിൽ നിന്നാണ് വൈകിയാണെങ്കിലും സിനിമയിലൂടെ ഒരു അനുലോമരാഷ്ട്രീയം ഉയർന്നുവരുന്നതെന്നതും പ്രധാനമാണ്.
കാതൽ എന്ന സിനിമയിലൂടെ മമ്മൂട്ടി സമൂഹത്തിന്റെ ജനായത്ത ചിന്തയിലേക്ക് പക്ഷം ചേരുന്ന ഒരു നില സ്വീകരിച്ചതിന്റെ തുടർച്ചയെന്നോണം നേരിനെ കാണാം. ഇവിടെ മോഹൻലാൽ ആക്രമിപ്പെട്ടവളുടെ വക്കാലത്ത് ഏറ്റെടുത്ത് വിജയിപ്പിക്കുന്നു. തീർച്ചയായും സമൂഹത്തിലെ പ്രബലതകളോടല്ല, അവശതകളോടാണ് ഈ സിനിമകൾ ഐക്യപ്പെടുന്നത്. അതാകട്ടെ ഗുണാത്മകവും പുരോഗമനപരവും ശ്ലാഘനീയവുമാണ്. രണ്ട് സിനിമകൾക്കും പിന്തുണ നൽകേണ്ടത് ആ അർഥത്തിൽ നമ്മുടെ ഉത്തരവാദിത്തമാണ്.
നേരിന്റെ സിനിമാരൂപത്തിലേക്ക് വന്നാൽ പ്രേക്ഷകരെ സാമാന്യമായി തൃപ്തിപ്പെടുന്നതാണത് എന്ന് വിലയിരുത്താൻ കഴിയും. മികച്ച ഒരു സിനിമയല്ലാഞ്ഞിട്ടും ഒരു തവണ കാണുവാനും കയ്യടിക്കാനും ആസ്വദിക്കാനുമൊക്കെയുള്ള വക നേരിൽ ഉണ്ട്. ബലാത്സംഗം ചെയ്യപ്പെടുക എന്ന നിസ്സഹായതയുടെ നേർക്ക് അനുതാപമില്ലാത്ത ഒരു സംവിധാനമാണ് നിർഭാഗ്യവശാൽ നമ്മുടെ നീതിന്യായ സംവിധാനവും സാമൂഹികബോധവും എന്ന് നേര് തുറന്നുകാണിക്കുന്നു. ആൺ എന്ന ലിംഗസ്വത്വംതന്നെ കുറ്റകൃത്യങ്ങൾക്കുള്ള സ്വാഭാവിക ലൈസൻസാവുന്ന സമൂഹമാണ് നമ്മുടേത്. അയാൾക്കൊപ്പം പണവും സ്വാധീനവും കൂടി ചേരുമ്പോൾ ഉണ്ടാകുന്ന ഭീതിജനകമായ അവസ്ഥ നേരിൽ ഉണ്ട്. ഇവിടെയാണ് ഒരു പെൺകുട്ടിയുടെ നിശ്ചയദാർഢ്യവും പോരാട്ടവീര്യവും വിസ്മയകരമായ ദൃശ്യമാകുന്നത്.
നടിയുടെ നിയമപ്പോരാട്ടങ്ങളെ സിനിമ പലപാട് ഓർമിപ്പിക്കുന്നു. ഡിജിറ്റൽ തെളിവുകളുടെ സാധ്യതയും അട്ടിമറികളും സിനിമയിൽ വിശദമായി സ്വീകരിക്കപ്പടുമ്പോൾ ആ ഓർമ കൂടുതൽ ശക്തമാവുന്നുമുണ്ട്. പുരുഷന്റെ വാദങ്ങളുടെ ബലത്തിലല്ല കേസ് ജയിക്കുന്നതെന്ന ആ പരിണാമഗുപ്തിയാവട്ടെ വളരെവളരെ പ്രധാനമാണെന്ന് കാണാം. അതൊരു കൃത്യമായ സൂചനയും രാഷ്ട്രീയവുമാണ്. ആക്രമിക്കപ്പെട്ടവർക്കെല്ലാം അതിജീവിതയാകാൻ കഴിയില്ല. അതിനുള്ള അനുകൂലഘടകങ്ങളൊന്നും നമ്മുടെ സംവിധാനത്തിലില്ല. അതിന് നീതിയ്ക്കുവേണ്ടി തുനിഞ്ഞിറങ്ങാൻ കെല്പുള്ള പെണ്ണ് തന്നെ വേണം.
മലയാളത്തിലെ രണ്ടു പ്രധാന നടന്മാർ കേന്ദ്രകഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്ന, നീതിക്കുവേണ്ടി സംസാരിക്കുന്ന രണ്ടു പ്രമേയങ്ങളാണ് നേരും കാതൽ ദ കോറും. അതിലപ്പുറം ചില സമാനതകൾ ഈ സിനിമകൾക്കുണ്ട്. രണ്ടു സിനിമകളും നടന്മാർ നിർമ്മിക്കുന്നവയാണ്, രണ്ടും രാഷ്ട്രീയം പറയുന്നവയാണ്, മിനിമൽ ആയ സ്ഥലകാലസാങ്കേതിക ആഖ്യാനമാണ്, ശരാശരിമാത്രം ‘സിനിമ’കളാണ്, സ്ത്രീകൾ തങ്ങളുടെ നിശ്ചയദാർഢ്യങ്ങളിൽ വിജയിപ്പിച്ചെടുക്കുന്ന പ്രമേയങ്ങളാണ്.
രണ്ടുസിനിമകളും അതത് നടന്മാരുടെ അഭിനയവുമായി ബന്ധപ്പെട്ട് ഇതിനോടകം പുകഴ്ത്തപ്പെട്ടുകഴിഞ്ഞിട്ടുണ്ട്. ഫാൻസിന്റെ അതിവാദങ്ങളായി കാണാവുന്നതേയുള്ളു അത്. കാതലിൽ മമ്മൂട്ടിയുടെ അഭിനയവും നേരിൽ മോഹൻലാലിന്റെ അഭിനയവും വാസ്തവത്തിൽ ശരാശരിയിൽ ഒതുങ്ങുന്നു. രണ്ടു നടന്മാരും കൈകാര്യം ചെയ്ത കഥാപാത്രങ്ങൾ അപകർഷത അനുഭവിക്കുന്നവരുടേതായിരുന്നു എന്ന സമാനതയും ഉണ്ട്. ലാലിന്റെ ക്ലൈമാക്സ് രംഗം താരതമ്യേന മികച്ചതായിരുന്നു. അനശ്വരക്ക് സ്പർശിക്കാനായി മുഖം വിട്ടുകൊടുക്കുന്ന രംഗത്തിലെ ഒന്നോ രണ്ടോ നിമിഷം. നിമിഷാർധത്തിൽ മിന്നിമറിഞ്ഞ ഒരു ഭാവപ്രകടനത്തിൽ ആ സമയത്തെ ആന്തരികഭാവങ്ങളുടെ പ്രത്യക്ഷീകരണമുണ്ടായിരുന്നു. കാതലിൽ മമ്മൂട്ടിയ്ക്കും ഇങ്ങനെ ചില സൂക്ഷ്മഭാവങ്ങൾ മനോഹരമാക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നത് വിസ്മരിക്കാനാവില്ല.
നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധമുണ്ട് നേരിന് എന്ന് സൂചിപ്പിച്ചുകഴിഞ്ഞു. അത് രൂപകാത്മകമാണ്. രണ്ടു സ്ത്രീകളും കലാകാരികൾ ആണ് എന്നതുമാത്രമല്ല, പണവും സ്വാധീനവുമുള്ള പ്രതിഭാഗവും തെളിവുകളുടെ ഡിജിറ്റൽ സ്വഭാവവും അതിലെ കൃത്രിമങ്ങളുംവരെ ധാരാളം സമാനതകൾ ഈ വായനയെ സഹായിക്കുന്നുണ്ട്. നടി ആക്രമിക്കപ്പെട്ടപ്പോൾ കൂടെ നിൽക്കേണ്ടവരായിരുന്നു ആന്ധ്യമഭിനയിച്ചതെങ്കിൽ സിനിമയിലത് സ്ത്രീയുടെ ഭൗതികാവസ്ഥയാണ് എന്നുമാത്രം. അന്ന് ആന്ധ്യം അഭിനയിച്ചവരിലൊരാളാണ് ഇന്ന് പെൺകുട്ടിയുടെ വക്കാലത്തെടുക്കുന്നത് എന്ന കാവ്യനീതിയും.
കാതൽ ദ കോർ എന്ന സിനിമ തീർച്ചയായും ഒരു നല്ല ശ്രമമാണ്. കാണുകയും തുടർച്ചകളുണ്ടാക്കുകയും ചെയ്യുന്നത് സമൂഹത്തിന് ഗുണകരവുമാണ്. എങ്കിലും സിനിമ എന്നനിലയിൽ പലവിധ പരിമിതികൾ കാതലിനുണ്ട്.
സിനിമയുടെ ആദ്യഘട്ടത്തിലെ അഭിപ്രായങ്ങൾ പലതും വാസ്തവത്തിൽ ഊതിവീർപ്പിച്ചതാണ്. അതിൽ ഏറ്റവും പ്രധാനം മമ്മൂട്ടിയുടെ അഭിനയമികവുമായി ബന്ധപ്പെട്ടതായിരുന്നു. എന്റെദൈവമേ ഡയലോഗ് പലരും ഉദാഹരിക്കുകയും വൈകാരികമായി ആവർത്തിക്കുകയും ചെയ്തു. പക്ഷെ മമ്മൂട്ടിയുടെ കൈവിട്ടുപോയ രംഗമാണ് അതെന്നാണ് എനിക്ക് തോന്നിയത്. ശബ്ദംകൊണ്ട്, അതിലെ സ്ഥായീമാറ്റങ്ങൾകൊണ്ട്, ഇടർച്ചകൾകൊണ്ട് പലതവണ മലയാളിയെ കരയിപ്പിച്ചിട്ടുണ്ട് മമ്മൂട്ടി. അത്തരം പല ഓർമകൾ ഉള്ളതുകൊണ്ടാവാം
കാതലിലെ രംഗം സ്പർശിക്കാതെ പോയത്. മിമിക്രിയുടെ സാധ്യത മാത്രമേ ആ രംഗത്തിൽ മമ്മൂട്ടി ഉപയോഗിച്ചിട്ടുള്ളൂ. (മിമിക്രികലാകാരനാണ് മമ്മൂട്ടി. ആ സാധ്യതകൾ അദ്ദേഹം മുമ്പും വിജയകരമായി ഉപയോഗിച്ചിട്ടുണ്ട്. ഇവിടെ ചീറ്റിപ്പോയി!) ഓമനയായി ജ്യോതിക ആരംഗത്തിൽ കൈയ്യടക്കത്തോടെ അഭിനയിച്ചതിന്റെ പരിസരത്തെങ്ങുമെത്താതെ പോയി മമ്മൂട്ടി. അതിനുള്ള കാരണവും ആ സിനിമയിൽ ധാരാളമായി കാണാം. മാത്യുവിന്റെ ജീവിതത്തിലേക്ക് മമ്മൂട്ടിയ്ക്ക് എളുപ്പം കയറാനാവില്ല എന്നതാണ് വസ്തുത. അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലോ ചുറ്റുപാടുകളിലോ മാതൃകകൾ കുറവാണ് എന്നതുതന്നെ ആ പരിമിതി.
സിനിമയിൽ ഒരിടത്തും മമ്മൂട്ടിയ്ക്ക് ഒരു ഗേയുടെ ഭാവമുൾകൊള്ളാൻ കഴിഞ്ഞിട്ടില്ല. തങ്കനിലാകട്ടെ മാത്യുവിനുവേണ്ടിയെന്നോണം (ബാലൻസ്ചെയ്യാൻ) ഭാവങ്ങളെ മയപ്പെടുത്തുകയും ചെയ്തു. തങ്കൻ ലൗഡാവുന്ന ബാറിലെ രംഗത്തിൽപോലും അയാൾ മയപ്പെട്ട പുരുഷനോ മാത്യുവിന്റെ കീഴ്നിലയുള്ള സ്ത്രൈണതയോമാത്രം തോന്നിപ്പിച്ചു. കാസ്റ്റിങ്ങിലും അഭിനയിപ്പിച്ചെടുക്കുന്നതിലും വിജയിച്ചതായി തോന്നിച്ചത് ജ്യോതികയും (സംഭാഷണങ്ങളിൽ സാങ്കേതികമായ സിങ്കിങ് ഇഷ്യു ഉണ്ടായിട്ടും) കലാഭവൻ ഹനീഫും മറ്റു ചില ചെറിയ കഥാപാത്രങ്ങളും മാത്രമായിരുന്നു. സിനിമ എന്ന മാധ്യമത്തിന്റെ ഭാഗത്തും കാതൽ ശരാശരിയിൽ എത്തുന്നതേഉള്ളൂ. സ്കോറും കളറിങ്ങും ഫ്രെയിമുകളും വളരെ ചെറിയ ചില സന്ദർഭങ്ങളിൽ മാത്രമേ മികവ് പുലർത്തിയുള്ളൂ.
സിനിമയുടെ കാതലിലേക്ക് അഥവാ പ്രമേയത്തിലേക്കും വരാം. ഇങ്ങനെയൊരു കഥ സിനിമ ചെയ്യാനെടുക്കുന്നു എന്നതിനെ അഭിനന്ദിക്കാനാണ് എനിക്കിഷ്ടം. മമ്മൂട്ടിക്കമ്പനി നല്ല തീരുമാനമാണ് എടുത്തത്. ജിയോ ബേബി ലൗഡായി പൊളിറ്റിക്സ് പറയുന്ന ഡയറക്ടറാണ് എന്നത് പരിമിതിയാകുന്ന സിനിമയാണ് കാതൽ എന്നത് വസ്തുതയാണെങ്കിലും അങ്ങനെയും സിനിമകൾ വരട്ടെ എന്നാണ് എന്റെ പക്ഷം. നമുക്കിടയിലുള്ള ലിംഗപരമായ സ്വത്വവ്യത്യയരെ ചെറിയ അളവിലെങ്കിലും മനസ്സിലാക്കാൻ സിനിമ സമൂഹത്തിന് പ്രചോദനമായേക്കും. കുടുംബവിമർശത്തിന്റെ ധ്വനിയും സ്ത്രീത്വത്തിന്റെ കർതൃപദവികളിലേക്കുള്ള ഉയിർപ്പും സിനിമയുടെ (പ്രകടമായ) ഗുണാത്മകരാഷ്ട്രീയമായി കാണാം. കാതലിനെപ്പറ്റി പറഞ്ഞുവരുന്നത് ചുരുക്കാം. കാതൽ ഒരു ഉദ്യമം എന്ന നിലയിൽ കയ്യടിക്കേണ്ടതും അഭിനന്ദിക്കേണ്ടതുമാണ്. പക്ഷെ മാധ്യമപരമായും കലാപരമായും ശരാശരിയിലാണ് അതിന്റെ സ്ഥാനം. എത്ര കടുത്ത രാഷ്ട്രീയവും കലാപരമായി പറയുമ്പോഴാണ് അത് കൂടുതൽ ഫലവത്താവുക.
നേരിലേക്ക് മടങ്ങിവന്നാൽ, അതും നല്ലൊരു ശ്രമമായി കാണാവുന്നതാണ്. കാതലിന്റെ കാര്യത്തിൽ സൂചിപ്പിച്ചതുപോലെ സാങ്കേതികമായി ശരാശരി മാത്രമാണ് നേര്. വളരെ സാധാരണമായ ഫ്രൈമുകളും ദൃശ്യങ്ങളും മാത്രം. പ്രമേയം മാത്രമാണ് അതിന്റെ ശക്തി. ഡയലോഗുകളിലൂടെ വികസിക്കുന്നതാണ് സിനിമാപരിചരണം. അതിൽ പക്ഷെ ചില വീഴ്ചകൾ പിണഞ്ഞിട്ടുമുണ്ട്. സുപ്രധാനമായ രണ്ട് സന്ദർഭങ്ങളിൽ ബലാത്സംഗത്തെ മാനഭംഗം എന്നാണ് പറയുന്നത്. ബലാത്സംഗത്തെ മാനഭംഗമാക്കുന്നത് ഭാഷയ്ക്കുള്ളിലെ പൗരുഷമാണ്. ബലം പ്രയോഗിക്കുന്ന പുരുഷൻ എന്ന പ്രതി ഭാഷയിൽ രക്ഷപ്പെടുകയാണ് ഈ ഭാഷാമാറ്റത്തിൽ. കൺസെന്റില്ലാത്തത് എന്നതാണ് ബലാസംഗത്തിന്റെ കുറ്റകരമായ വശം. സിനിമയിലാകട്ടെ ഈ വിധമുള്ള വാദങ്ങൾ ഉയരുന്നുമുണ്ട്. പക്ഷെ രണ്ടിടത്ത്, വളരെ പ്രാധാന്യമുള്ള രണ്ടിടത്ത് വാദിയുടെ വക്കീൽ മാനഭംഗം എന്ന് പ്രയോഗിക്കുന്നു. മാനം ഭംഗിക്കപ്പെടുന്നത് സിനിമയിൽ ആവിഷ്കരിക്കുന്നുണ്ട് എന്നത് വസ്തുതയാണ്. അതുപക്ഷെ കോടതിയിൽ പ്രതിഭാഗത്തിന്റെ വാദങ്ങളാലും ചോദ്യങ്ങളാലുമാണ്. നിയമമാകട്ടെ അതിനെ ശരിവെയ്ക്കുന്നവിധം പെരുമാറുന്നു. മാനഭംഗത്തിന്റെ ഭാഷാപരമായ രാഷ്ട്രീയം പഠിക്കപ്പെട്ടിട്ടുള്ളതിൽ ഇവിടെ ആവർത്തിക്കുന്നില്ല. ഇത്തരം സംഭാഷണപ്രധാന സിനിമകളിൽ ഭാഷാപരമായ അശ്രദ്ധ ഒഴിവാക്കേണ്ടതുണ്ട് എന്നുമാത്രം സൂചിപ്പിക്കുന്നു.
കാതലും നേരും താരതമ്യപ്പെടുത്തിയതിന് ഇനിയും എത്രയോ സാധുതകൾ കണ്ടെത്താനാവും. രണ്ടിലും പതിവുമലയാളസിനിമകളിലെ നായകത്വം ആവിഷ്കരിക്കപ്പെടുന്നില്ല എന്നത് ശുഭകരമാണ്. നേരിൽ ഒരിടത്തു മാത്രമാണ് ലാൽ ഒരു പഞ്ച് ഡയലോഗ് പറയുന്നത്. അതാകട്ടെ അനിവാര്യവും സിനിമയുടെ രാഷ്ട്രീയവുമാണ്. രണ്ട് സിനിമകളുടേയും രാഷ്ട്രീയമാണ് ആ സംഭാഷണം. പുതിയ തലമുറ വാർപ്പുമാതൃകകളെ പിന്തുടരുകയല്ല, പുതിയ സ്വത്വബോധത്തിലേക്ക് ഉണർന്നെണീക്കുകയാണ്. മാറേണ്ടത് സങ്കുചിതപൗരുഷങ്ങളാണ്. നേരിലെ അനശ്വരയുടെ കഥാപാത്രം കൺസെന്റിനെക്കുറിച്ച് പറയുന്ന ഉത്തരം പുതിയകാലത്തിന്റെ ആർജ്ജവമുൾക്കൊള്ളുന്നതാണ്.
സിനിമകൾക്ക് രാഷ്ട്രീയമുണ്ടെന്നോ അതിന് ഫലമുണ്ടെന്നോ അറിഞ്ഞുകൂടാത്ത മണ്ടമാടമ്പികൾക്കുള്ള മറുപടികൂടിയാണ് കാതലും നേരും. തീയറ്ററിൽ കാണുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്! നമ്മുടെ നായകനടന്മാരും അതോടെപ്പം സിനിമയും പുതിയ കാലത്തേയും സമൂഹത്തേയും അഭിസംബോധന ചെയ്യാനും ഉൾകൊള്ളാനും തയ്യാറാകുന്നതിന്റെ ധനാത്മകമാറ്റം ഈ സിനിമകൾക്കുണ്ട്. ജിയോ ബേബിയും ബ്ലസിയുമൊക്കെ ആ വഴികൾ തെളിക്കുന്നവരായി മാറുന്നു. നമ്മൾ പിന്തുണയ്ക്കുകയേ വേണ്ടൂ.