കൗശലക്കാരനും നുണയനും ആയിരുന്നു ഒഡീസിയസ് എന്ന് ഹോമർ. ക്രിസ്റ്റഫർ നോളൻ്റെ സിനിമയിൽ ഒഡീസിയസ് ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളിൽ പങ്കെടുത്ത് മടങ്ങിയ ‘Shell-Shocked’ സൈനികരെ ഓർമ്മിപ്പിക്കുന്നു. സ്വയം നഷ്ടപ്പെട്ട, തിരിച്ചൊരു യാത്ര ഇനി അസാധ്യം എന്നു ഭയക്കുന്ന മോഹങ്ങളും പ്രണയവും ഇല്ലാത്ത ദുരന്ത നായകൻ. ഹോമറുടെയും നോളൻ്റെയും സങ്കല്പങ്ങളിൽ അവർ തീർത്തും വ്യത്യസ്തരാണ്. നോളൻ്റെ ഒഡീസി അതിൻ്റെ അന്ത്യം എന്തു തന്നെയായാലും ഒരു ദുരന്തേതിഹാസമായിത്തീരുന്നു.
യാത്രയോട് അടങ്ങാത്ത ആസക്തിയുള്ള യുളീസസിനെ (ടെന്നിസൻ്റെ പ്രസിദ്ധമായ കവിതയിലെപ്പോലെ) അവിടെ കാണുന്നേയില്ല. ഗതികെട്ടലയുന്ന, വഴിമുട്ടിയ, ചിതറിയ മനുഷ്യനാണിവിടെ അയാൾ. ആ യാത്ര അയാളുടെ തീരുമാനമല്ല, ശിക്ഷ തന്നെയായി മാറുന്നു. ഹോമറിൻ്റെ കൗശലക്കാരനായ, സങ്കീർണ്ണമനസ്കനായ ഒഡീസിയസ് വിസ്മയങ്ങളുടെ ലോകങ്ങൾ താണ്ടിയും പൊരുതിയും ഇടക്കെല്ലാം മണ്ടത്തരങ്ങൾ കാട്ടിയും പറ്റിച്ചും പറ്റിക്കപ്പെട്ടും മോഹിതനും അനുരാഗലോലനും ആയ മനുഷ്യനാകുന്നു; ധീരനും ഭീരുവുമാകുന്നു. നോളൻ്റെത് സ്വയവും അന്യരാലും തടവിലാക്കപ്പെട്ട നിസ്സഹായനായ ദുരന്തനായകനും. കാലിപ്സോ ഓർമ്മിപ്പിക്കുമ്പോലെ ഓർമ്മകളിൽ നിന്ന് ഓടിയൊളിക്കുന്നവൻ. അവൾ അമരത്വമല്ല അഭയമാണ് അയാൾക്ക് വാഗ്ദാനം ചെയ്യുന്നത്. മറ്റൊരു മഹായുദ്ധത്തിൻ്റെ നിഴൽ വീണ ലോകത്ത് നോളൻ്റെ ഒഡീസിയസ് വർത്തമാനകാലത്തോട് നീതി പുലർത്താനുള്ള ശ്രമമായി വായിക്കാവുന്നതാണ്.
ഹോമറിൻ്റെ ഒഡീസിയസ് ദേവതമാരുടെ ഭർതൃപദവി അല്ല ആഗ്രഹിക്കുന്നത്, സ്വദേശത്തിൻ്റെ നായക പദവിയാണ്. അധീനനാകാൻ അല്ല ‘മണ്ണിൻ്റെയും പെണ്ണിൻ്റെയും’ അധികാരി ആകാനാണ് അയാൾ ഇത്താക്കയിൽ വീണ്ടുമൊരു രക്തച്ചൊരിച്ചിലിനു കളമൊരുക്കുന്നത്. ഒഡിസിയസിൻ്റെ വേഷപ്പകർച്ചകളും ഭാവപ്പകർച്ചകളും ഒരു മനുഷ്യൻ ജീവിതത്തിലുടനീളവും തന്നിലൂടെതന്നെയുമുള്ള യാത്രകളിൽ എടുത്തണിയുന്ന പലമുഖങ്ങളായിത്തീരുന്നു. ട്രോജൻകുതിരയെന്ന തന്ത്രത്തിൻ്റെ പിതാവും ട്രോജൻകുതിര പെറ്റ പടയാളിയും അയാൾതന്നെ. ദൈവങ്ങളാൽ അനുഗ്രഹിക്കപ്പെട്ടവനും ശപിക്കപ്പെട്ടവനും അയാൾ തന്നെ. പെനിലോപ്പിയുടെ നിത്യപ്രണയത്തിലെ നായകനും അവളെ വഞ്ചിക്കുന്ന ഭർത്താവും അയാൾ തന്നെ. വൃദ്ധനും ദൃഢഗാത്രനായ പുരുഷനും അയാൾ തന്നെ. രാജാവും യാചകനും അയാൾ തന്നെ. എന്നാൽ പുറപ്പെട്ടുപോയ ഒഡീസിയസും തിരികെയണയുന്ന ഒഡീസിയസും തമ്മിലുള്ള അന്തരം ഈ വേഷപ്പകർച്ചകളിലെല്ലാം ഉള്ളതുമാണ്.

അചഞ്ചലതയുടെ പ്രതീകമായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു ഒറ്റവാക്കിൽ പെനലെപ്പി. ഒരേ വസ്ത്രം തന്നെ വീണ്ടും വീണ്ടും തുന്നിക്കൊണ്ട് ഒരു പുരുഷനെ മാത്രം കാത്തിരിക്കാൻ കഥ അവളോട് ആവശ്യപ്പെടുന്നു. ഇത്താക്കയിൽ നിന്ന് അവൾ എങ്ങും പോകുന്നില്ല. ഹോമറിൻ്റെ അഥീന ടെലിമാക്കസിനെ ഉപദേശിക്കുന്നത് അവളെ അവളുടെ അച്ഛൻ്റെ വീട്ടിലേക്ക് തിരികെ അയക്കാനും വിവാഹം കഴിപ്പിക്കാനുമാണ്. അതിന് ശേഷം അച്‌ഛനെ തേടിപ്പോകാനും. അമ്മയെപ്പിരിഞ്ഞ് അച്ഛനിലേക്ക് എന്നതാണ് സമ്പൂർണ്ണപുരുഷനാകാനുള്ള അവൻ്റെ വഴിയെന്ന് ദേവതമാർ തന്നെ പറഞ്ഞു വെക്കുന്നു. വഴി തേടി അലയുന്ന ഒഡീസിയസ് ആകട്ടെ അഥീന എന്ന ദേവതയുടെ ദയാവായ്പിലാണ് ജീവിച്ചിരിക്കുന്നത്. ‘ഞാൻ എന്നും നിനക്കൊപ്പമുണ്ടായിരുന്നു’ എന്ന അഥീനയുടെ വാക്കുകളിൽ ഒരമ്മ ദൈവത്തിൻ്റെ കരുതലുണ്ട്. വരിക്കാൻ വരുന്നവരെ ഇല്ലെന്ന് തീർത്തു പറയാതെ പ്രതീക്ഷയുടെ മുനമ്പിൽ നിർത്തുന്ന പെനലെപ്പി ഒരു കൗശലക്കാരിയായ സ്ത്രീ തന്നെയായിരുന്നു. നീണ്ട ഇരുപത് വർഷം അവൾ നാഥനില്ലാത്ത ഇത്താക്കയെ നയിച്ചു. ‘സാമർത്ഥ്യക്കാരി’ എന്നാണവളെ ഹോമർ വിശേഷിപ്പിക്കുന്നത്. വിദഗ്ധയായ തുന്നൽക്കാരിയുമായിരുന്ന അവൾ, പ്രതീക്ഷകൾ നെയ്ത് ഇരുപത് വർഷം തള്ളിനീക്കുന്നു. പെനലെപ്പി കേവലമൊരു പെണ്ണല്ല. ഒരു അധികാരസ്വരൂപം കൂടിയാണ്. ഒഡീസിയസിൻ്റെ ജീവിതത്തിൽ സംഭവിക്കുന്ന മാജിക്കുകളൊന്നും പ്രതീക്ഷിക്കാനാവാത്ത സംഘർഷഭരിതമായ ഇത്താക്കയെന്ന ദേശ ശരീരവും അതിൻ്റെ നിലനില്പ് ചുമലിലേറ്റുന്ന സ്ത്രീശരീരവും.
സമാധാനമാണോ പ്രതികാരമാണോ അമ്മ ആഗ്രഹിക്കുന്നത് എന്ന നോളൻ്റെ ടെലിമാക്കസിൻ്റെ ചോദ്യത്തിന് “എനിക്ക് വേണ്ടത് ഒഡീസിയസിനെ ആണ്” എന്ന ഉത്തരത്തിലേക്ക് അവൾ ചുരുങ്ങുമ്പോൾ, ശരിയായ ഉത്തരം നേരെത്തെ പറഞ്ഞു കഴിഞ്ഞല്ലോ എന്നു ടെലിമാക്കസ് മനസ്സിലാക്കുന്നതേയില്ല. നീ പറഞ്ഞ ഒഴിഞ്ഞ സിംഹാസനത്തിൽ ഇരുപത് വർഷമായി ഞാനിരിപ്പുണ്ടായിരുന്നു എന്നവൾ. മകൻ പോലും അവളെ കാണുന്നില്ല എന്നു മാത്രമല്ല, രാജ്ഞിയായി തുടരാനുള്ള അമ്മയുടെ സ്വാർത്ഥമായ ആഗ്രഹമല്ലേ മറ്റൊരാളെ തെരഞ്ഞെടുക്കാതിരിക്കാനുള്ള കാരണങ്ങളിലൊന്ന് എന്ന ചോദ്യവുമുന്നയിക്കുന്നു. ഭരണം ചുമലിലേറ്റുമ്പോഴും അതിനെപ്രതി Apologetic ആവേണ്ടിവരുന്ന പെനലെപ്പിമാരെ അധികാരത്തിൻ്റെ ഇടനാഴികളിൽ ഇന്നും കാണാം.
നീ വെറും കുട്ടിയാണെന്നും ആണാണെങ്കിൽ തന്നെ വരിക്കാനെത്തിയവരെ നീ വധിക്കുമായിരുന്നെന്നും മകനെ പ്രകോപിപ്പിക്കാൻ അവൾ മറക്കുന്നില്ല. കേരളത്തിൻ്റെ സദാചാര ഭൂമികയിൽ സ്ത്രീകൾ മാത്രമുള്ള പ്രവാസികളുടെ വീടുകൾ പ്രത്യകമായി രേഖപ്പെടുത്തപ്പെട്ടവയാണ്. ഇത്താക്കയിലെ പെനലെപ്പിയെയും അവളുടെ Suitors-നെയും പെനലെപ്പിവൽക്കരിക്കപ്പെട്ട കേരളീയ സ്ത്രീകൾക്ക് എളുപ്പം മനസ്സിലാവും. സമൂഹം ഭയക്കുന്ന Surplus ലൈംഗികതയ്ക്കപ്പുറം ഒരേസമയം അച്ഛനും അമ്മയും, മകനും മകളും, അധികാരിയും അധീനയും, ഉത്തരവാദിയും ഉത്തരവാദിത്വവും, കാവലാളും കാവൽ വേണ്ടയാളും ആവുകയെന്ന വിചിത്ര സമസ്യകളിൽ കുരുങ്ങിയ എത്രയെത്ര പെനലെപ്പിമാർ!

അച്‌ഛൻമാരുടെ തണലില്ലാതെ വളരുന്ന ആൺമക്കൾ ടെലിമാക്കസിനെപ്പോലെ അപൂർണ്ണ പുരുഷന്മാരായിമാറുന്നു എന്ന വിലയിരുത്തലിൽ, അവൻ അങ്ങനെ ആയില്ലെങ്കിൽ പിതൃതുല്യനായ മറ്റൊരു സാന്നിധ്യത്തിന് അതിൻ്റെ അംഗീകാരം ചാർത്തി നൽകുന്ന ശാഠ്യത്തിനു മുമ്പിൽ കാണപ്പെടാതെയും കേൾക്കപ്പെടാതെയും കുടുംബങ്ങളിൽ എരിഞ്ഞു തീർന്ന/തീരുന്ന പെനലെപ്പി പരമ്പരയെ പ്രവാസം കേരളത്തിൽ സൃഷ്ടിച്ചിട്ടുണ്ട്. അമ്മയെ ധിക്കരിച്ചും ഭരിച്ചുമാണ് യഥാർത്ഥ പുരുഷനാവേണ്ടത് എന്ന ധാരണകളിൽ വീണുപോകുന്ന മീശമുളക്കാത്ത ടെലിമാക്കസുമാർ കുടുംബങ്ങളിൽ പുതിയ കാഴ്ചയല്ല. ഒത്തപുരുഷനായി എന്നു തെളിയിക്കാനുള്ള വ്യഗ്രതയിൽ ഹോമറിൻ്റെ ടെലിമാക്കസ് ആദ്യം ചെയ്യുന്നത് സഭയിൽ സംസാരിക്കുന്നതിൽ നിന്നും തീരുമാനങ്ങളെടുക്കുന്നതിൽ നിന്നും അമ്മയെ വിലക്കുക എന്നതാണ്.
Read More: നോളന്റെ Odyssey, വിഷാദലോകം നീന്തിക്കടന്ന Odysseus
പ്രവാസവുമായി ബന്ധപ്പെട്ട ചർച്ചകളിലൊന്നും കുടുംബങ്ങളിലെ ആന്തരിക സംഘർഷങ്ങൾ പ്രത്യേകിച്ച് സ്ത്രീകളുടെ മാനസികവും സാമൂഹികവുമായ സംഘർഷങ്ങൾ പരിഗണിക്കപ്പെടുന്നില്ല. കേരളത്തിൻ്റെ സാമൂഹ്യ പശ്ചാത്തലത്തിൽ ഒഡീസിയസ് എന്ന നോളൻസിനിമ കുടുംബമെന്ന ഇത്താക്കയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കാൻ വിധിക്കപ്പെട്ട പെനലെപ്പിമാരെ മഹത്വവൽക്കരിക്കുകയും അവരുടെ ആന്തരിക സംഘർഷങ്ങളെ സ്വാഭാവികവൽക്കരിക്കുകയും ചെയ്യുന്നു. ഭാര്യയാൽ ചതിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത അഗമെമ്നൺ എന്ന രാജാവ് ഒഡീസിയസിന് നിരന്തരം മുന്നറിയിപ്പ് നല്കുന്നു. ഭർത്താവിനെ വഞ്ചിച്ച ക്ലീറ്റെംനെസ്ട്ര സ്വന്തം മകനാൽ വധിക്കപ്പെടുകയാണ്. മകളെ യുദ്ധവിജയത്തിനായി ബലികഴിച്ച അച്ഛനോട് പ്രതികാരം ചെയ്യുന്ന അമ്മയായല്ല, ഭർത്താവിനെ വഞ്ചിച്ച ഭാര്യയായാണ് അവളെ അടയാളപ്പെടുത്തുന്നത്. മകൻ അമ്മയെ വധിച്ച് പുത്രധർമ്മം അനുഷ്ടിച്ച് പ്രകീർത്തി നേടുകയും ചെയുന്നു. പെനലെപ്പി കാത്തിരിപ്പിൻ്റെ ഇതിഹാസം നെയ്ത് ചിരപ്രതിഷ്ഠ നേടുമ്പോൾ ക്ലീറ്റെംനെസ്ട്ര വഞ്ചനയുടെ പര്യായമായി മാറുന്നു. ഈ ദന്ദ്വങ്ങൾ അതിൻ്റെ പരിണതഫലങ്ങളോടെ പാഠങ്ങളായി അവശേഷിക്കുന്നു.
ഹോമറിനുശേഷം പറയപ്പെട്ട ഒഡീസിയസിനെക്കുറിച്ചുള്ള പരശ്ശതം കഥകളിൽ അയാൾ പലതാണ്. ‘നിതാന്തസഞ്ചാരി’ എന്ന കാല്പനികപട്ടം ചാർത്തിക്കിട്ടി അയാൾക്ക്. സഞ്ചാര സാഹിത്യ പഠനങ്ങൾ കേവലസാഹസികതയിൽ നിന്നും കാല്പനികതയിൽ നിന്നും ഒഡീസിയസിനെ മോചിപ്പിക്കാൻ ശ്രമിച്ചു. കോളനിവൽക്കരണത്തിൻ്റെ പ്രതീകമായും യുദ്ധകാലത്ത് നാട് വിടേണ്ടി വരുന്ന സൈനികരുടെ പ്രതിനിധിയായും, പ്രവാസ സമൂഹത്തിൻ്റെ പ്രതീകമായും, കടൽക്കൊള്ളക്കാരുടെയും അഭയാർത്ഥികളുടെയും പ്രതിനിധിയായും അയാളെ പ്രതി വായനകൾ വളർന്നു. യാത്രികൻ പറയുന്ന കഥകൾ പൂർണ്ണസത്യങ്ങളല്ലെന്നും അയാൾ തെരഞ്ഞെടുത്ത കഥകൾ മാത്രം ഇഷ്ടാനുസരണം പറയുന്ന കൗശലക്കാരനാണെന്നുമുള്ള ഉൾക്കാഴ്ച ആ വായനകൾ നമുക്ക് നല്കുന്നു. ആ അർത്ഥത്തിൽ ഒഡീസിയസിൻ്റെ കഥകളിൽ സംശയാലുവായ പെനലെപ്പി ഒരാധുനിക വായനക്കാരിയുടെ ധർമ്മവും അനുഷ്ടിക്കുന്നു.
ഒഡീസിയസിൻ്റെ തേടലുകൾക്കനുസരിച്ച് പെനലെപ്പിയും മാറുന്നുണ്ടോ? ഭർത്താവിനെ കാത്തിരിക്കുന്ന ഗൃഹസ്ഥയായ പെനലെപ്പി എന്ന ക്ലീഷേ കഥാപാത്രം പുനർവായനകൾക്കും വിധേയമായി. സ്ത്രീപക്ഷ ചിന്തകർ അവൾ നടത്താതെ പോയ യാത്രകളെക്കുറിച്ചു ചിന്തിച്ചു. പെൺ യാത്രകളെക്കുറിച്ച് Penelope Voyages എന്നൊരു പുസ്തകം തന്നെ പുറത്തുവന്നു. ആയിരക്കണക്കിന് വർഷങ്ങൾക്കിപ്പുറവും അവർ യാത്ര തുടരുകയാണ്, ഒഡീസിയസ് മാത്രമല്ല ഒപ്പം പെനലെപ്പിയും; പുനർസൃഷ്ടികളിലൂടെയും പുനർവായനകളിലൂടെയും.

