മാന്‍ഹട്ടന്റെ ചലച്ചിത്ര ആര്‍ക്കൈവ്‌സ്,
നോളന്റ അമേരിക്കന്‍ ഓപ്പണ്‍ ഹൈമര്‍

രണ്ടാം ലോകമഹായുദ്ധത്തിന്റെ രാഷ്ട്രീയത്തെപ്പറ്റിയു, ആറ്റംബോംബ് നിര്‍മ്മിച്ച ശാസ്ത്ര കൂട്ടത്തെപ്പറ്റിയും, ട്രിനിറ്റി പരീക്ഷണ വിസ്‌ഫോടനത്തെപ്പറ്റിയും, ഓപ്പണ്‍ ഹൈമര്‍ എന്ന ശാസ്ത്രജ്ഞനെപ്പറ്റിയുമൊക്കെ ഇന്റര്‍നെറ്റില്‍ തേടുന്ന ധാരാളം ആള്‍ക്കാരെ സൃഷ്ടിച്ചിരിക്കുകയാണ് ഈ ചലച്ചിത്രം.

ഒരു അണുബോംബ് വികസിപ്പിച്ചെടുക്കുന്നതില്‍ ജര്‍മ്മനി വിജയിക്കില്ലെന്ന് എനിക്കറിയാമായിരുന്നുവെങ്കില്‍, ബോംബിനായി ഞാന്‍ ഒന്നും ചെയ്യുമായിരുന്നില്ല.
- ആല്‍ബര്‍ട്ട്​ ഐന്‍സ്റ്റൈന്‍

ലോകം പഴയതുപോലെയാകില്ലെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. കുറച്ചാളുകള്‍ ചിരിച്ചു, കുറച്ചാളുകള്‍ കരഞ്ഞു. മിക്ക ആളുകളും നിശ്ശബ്ദരായിരുന്നു. ഹിന്ദു ഗ്രന്ഥമായ ഭഗവദ്ഗീതയിലെ വരി ഞാന്‍ ഓര്‍ത്തു: രാജകുമാരന്‍ തന്റെ കര്‍ത്തവ്യം ചെയ്യണമെന്ന് പ്രേരിപ്പിക്കാനും അവനെ ആകര്‍ഷിക്കാനും വിഷ്ണു ശ്രമിക്കുന്നു, 'ഇപ്പോള്‍ ഞാന്‍ ലോകനാശകനായ മൃത്യുവായി' എന്ന് പറയുന്നു. ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നാമെല്ലാവരും അങ്ങനെ ചിന്തിച്ചിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു.
- ജെ.റോബര്‍ട്ട് ഓപ്പണ്‍ ഹൈമര്‍.

ടോം കോന്റി അവതരിപ്പിച്ച ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍

രുപതാം നൂറ്റാണ്ടിന്റെ ശാസ്ത്രജ്ഞനെന്നു വിളിക്കപ്പെട്ടിരുന്ന ആല്‍ബര്‍ട്ട്​ ഐന്‍സ്റ്റൈന്ന്റെയും, ആറ്റംബോംബിന്റെ പിതാവെന്ന് വിളിക്കപ്പെട്ട ജെ. റോബര്‍ട്ട് ഓപ്പണ്‍ ഹൈമറുടെയും മുകളില്‍ കൊടുത്തിട്ടുള്ള പരാമര്‍ശങ്ങളെ ചലച്ചിത്ര ചരിത്രാവിഷ്‌ക്കാരത്തിലൂടെ ലോകപ്രേക്ഷക ഭ്രമണപഥത്തിലെത്തിച്ച ചലച്ചിത്രമാണ് ക്രിസ്റ്റഫര്‍ നോളന്റ ഓപ്പണ്‍ ഹൈമര്‍. ചലച്ചിത്രത്തില്‍ ഇടയ്ക്കിടക്കു കടന്നുവരുന്ന ഐന്‍സ്റ്റൈന്‍ - ഓപ്പണ്‍ഹൈമര്‍ കണ്ടുമുട്ടലിന്റെ രസതന്ത്രത്തെ ഉറപ്പിക്കുമ്പോള്‍ തെളിഞ്ഞുവരുന്ന ശാസ്ത്രലോകത്തിന്റെ ആധിയും, കുറ്റബോധവും ആഴത്തില്‍ ഹൃദയത്തില്‍ ഉറപ്പിക്കുകയാണ് ഈ ചലച്ചിത്രം.

രണ്ടാം ലോകയുദ്ധത്തെക്കുറിച്ച് ധാരാളം ചലച്ചിത്രങ്ങള്‍ നിര്‍മ്മിയ്ക്കപ്പെട്ടിട്ടുണ്ടെങ്കിലും, അതില്‍നിന്ന്​ വിഭിന്നമായി ലോകാന്ത്യത്തിനു വഴിയൊരുക്കിയേക്കാവുന്ന ശാസ്ത്രലോകത്തിന്റെ മനോഭാവത്തിലേക്ക്, ഒരു ബയോപിക്കിലൂടെടെ ദൃശ്യവല്‍ക്കരിച്ചിരിക്കുകയാണ് ഓപ്പണ്‍ ഹൈമര്‍. രണ്ടാം ലോകമഹായുദ്ധത്തിന്റെ രാഷ്ട്രീയത്തെപ്പറ്റിയു, ആറ്റംബോംബ് നിര്‍മ്മിച്ച ശാസ്ത്ര കൂട്ടത്തെപ്പറ്റിയും, ട്രിനിറ്റി പരീക്ഷണ വിസ്‌ഫോടനത്തെപ്പറ്റിയും, ഓപ്പണ്‍ ഹൈമര്‍ എന്ന ശാസ്ത്രജ്ഞനെപ്പറ്റിയുമൊക്കെ ഇന്റര്‍നെറ്റില്‍ തേടുന്ന ധാരാളം ആള്‍ക്കാരെ സൃഷ്ടിച്ചിരിക്കുകയാണ് ഈ ചലച്ചിത്രം.

ലിറ്റില്‍ ബോയി, ഫാറ്റ്മാന്‍

ഹിരോഷിമയിലും, നാഗസാക്കിയിലും പൊട്ടിയ ലിറ്റില്‍ ബോയി, ഫാറ്റ്മാന്‍ എന്നീ ബോംബുകളെപ്പറ്റിയും, നിമിഷംനേരം കൊണ്ട്​ മണ്‍മറഞ്ഞുപോയ രണ്ടു ലക്ഷം മനുഷ്യരെപ്പറ്റിയും ഇന്റര്‍നെറ്റില്‍ തിരയുന്ന ലക്ഷങ്ങളെ ഇന്നു ലോകത്തു കാണാം. ലോകം ഒന്നടങ്കം, വിസ്മൃതിയിലാണ്ട മഹാദുരന്തചരിത്രത്തെ വീണ്ടെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഒരു തരത്തില്‍ ചരിത്ര പഠനത്തിന്റെ നവ പൊതുമണ്ഡലത്തെ സൃഷ്ടിച്ചിരിക്കുന്നു. ചരിത്ര സിനിമകളുടെ അലയടികള്‍ സൂചിപ്പിക്കുന്നത് ചരിത്ര ബോധത്തിലേക്ക് തിരിച്ചു പോകുവാന്‍ ശ്രമിക്കുന്ന ഒരു ലോകത്തെത്തന്നെയാണ്. ദുരന്തകാലത്ത് കൈയ്യെത്തിപ്പിടിക്കേണ്ട ഓര്‍മ്മകളാണ് ചരിത്രമെന്ന് സമര്‍ത്ഥിച്ച വാള്‍ട്ടര്‍ ബെന്യാമന്റെ വചനങ്ങളെ വീണ്ടും മാനവഹൃദയങ്ങളില്‍ കൊണ്ടെത്തിക്കുന്ന ചലച്ചിത്ര ചരിത്രാവിഷ്‌ക്കാരമാണ് ക്രിസ്റ്റഫര്‍ നോളന്റെ ഓപ്പണ്‍ഹൈമര്‍.

ശാസ്ത്രജ്ഞന്റെ സൂക്ഷ്മാണു ലോകം

രണ്ടാം ലോകമഹായുദ്ധം മാനവ ചരിത്രത്തിലെ ഒരു സുപ്രധാന വഴിത്തിരിവെന്നു മാത്രമല്ല, അതിനു മുമ്പും, ശേഷവും എന്ന രണ്ടു ലോകത്തെ നിര്‍മ്മിച്ച സംഭവം കൂടിയായിരുന്നു. എല്ലാ വിദ്യാര്‍ത്ഥികളും സ്‌കൂളുകളില്‍ ലോകചരിത്രത്തിലെ രണ്ടു ലോകമഹായുദ്ധങ്ങളെയും കുറിച്ച് പഠിക്കാറുണ്ട്. ചരിത്ര വിദ്യാര്‍ത്ഥികള്‍, ലോകത്ത് എല്ലാ ഇടങ്ങളിലും ഇതിനെക്കുറിച്ച് വിശദമായി പഠിക്കുന്നുമുണ്ട്. ഈ മഹായുദ്ധത്തിന്റെ കാരണങ്ങള്‍, സംഭവങ്ങള്‍, ഫലങ്ങള്‍ എന്ന മൂന്നു തട്ടിലായാണ് ഈ പഠനങ്ങളൊക്കെ നടക്കുന്നത്. യുദ്ധം അവസാനിക്കുന്ന ഹിരോഷിമ, നാഗസാക്കി ബോംബ് സ്ഥോടനങ്ങളൊക്കെ പഠനഭാഗങ്ങളായി വന്ന്, പരീക്ഷ ചോദ്യങ്ങളായി പോകാന്‍ തുടങ്ങിയിട്ട് കാലം കുറേയേറെയായി. ജപ്പാനിലെ ദുരന്ത ലോകത്തിന്റെ അനുഭവപാഠങ്ങള്‍ ഇതില്‍ എത്ര പേരുടെ മനസ്സിലേക്ക് കയറിയിട്ടുണ്ട്? ആറ്റംബോംബിന്റെ പേരും, ഇട്ട സമയവുമൊക്കെ കൃത്യമായി പഠിച്ചവര്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രലോകത്തിന്റെ വെല്ലുവിളികളും, സന്തോഷവും, പ്രയത്‌നവും, വ്യക്തി ജീവിത കഥകളുമൊക്കെ ശ്രദ്ധിച്ചിട്ടുണ്ടോ?

ക്രിസ്റ്റഫര്‍ നോളന്‍

ഹിരോഷിമയിലും, നാഗസാക്കിയിലും അണുബോംബ് ഇടുന്നതിന് നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കയില്‍ നടന്ന രഹസ്യ ചര്‍ച്ചകളും, അതില്‍ പങ്കാളികളായ ശാസ്ത്രജ്ഞന്‍മാര്‍ , സൈനീക മേധാവികള്‍, ഭരണ കര്‍ത്താക്കള്‍ എന്നിവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങളിലേക്കും, ആശങ്കകളിലേക്കും, തര്‍ക്കങ്ങളിലേക്കും ഒരു ശാസ്ത്രജ്ഞന്റെ സൂക്ഷ്മാണു ലോകത്തിലൂടെ മൂന്നു മണിക്കൂര്‍ സഞ്ചരിക്കുന്ന ചലച്ചിത്ര ചരിത്രാഖ്യാനമാണ് ഈ വര്‍ഷം ജൂലൈ 21 ന് റിലീസായ ക്രിസ്റ്റഫര്‍ നോളന്റ ഓപ്പണ്‍ഹൈമര്‍.

ആറ്റംബോംബിന്റെ നിര്‍മ്മാണ പ്രവര്‍ത്തനവുമായി അമേരിക്കയില്‍ രൂപം കൊണ്ട മന്‍ഹാട്ടന്‍ പ്രോജെക്ടിന്റെ നേതാവായിരുന്ന ജെ. റോബര്‍ട്ട് ഓപ്പണ്‍ ഹൈമറിന്റെ ജീവിത കഥയാണ് ഈ ചലച്ചിത്രം. ഒരു ശാസ്ത്രജ്ഞന്റെ ജീവിതത്തില്‍ സംഭവിച്ച ജയപരാജയങ്ങളെ ശാസ്ത്രലോകത്തിന്റെ സാമൂഹികതയില്‍ ആവിഷ്‌ക്കരിച്ചിരിക്കുന്ന ഓപ്പണ്‍ഹൈമര്‍ വെറുമൊരു ബയോപിക്കിനപ്പുറം ഒരു കൂട്ടത്തിന്റെ ചരിത്രം കൂടിയാണ് അനാവരണം ചെയ്യുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന് കുറച്ച് വര്‍ഷങ്ങള്‍ക്കു മുമ്പും യുദ്ധകാലഘട്ടത്തിലും അതിനു ശേഷവും നടന്ന സംഭവങ്ങളെ ഓപ്പണ്‍ഹൈമറെന്ന വ്യക്തിചരിത്രത്തിലൂടെ മുന്നോട്ടും പുറകോട്ടും പായിക്കുന്ന രീതിയിലാണ് ചലച്ചിത്രം മുന്നേറുന്നത്. നേര്‍രേഖീയമായ ചലച്ചിത്ര ആവിഷ്‌ക്കാരത്തിനു പകരമായി ഓപ്പണ്‍ ഹൈമറിന്റെ വര്‍ത്തമാനത്തില്‍ നിന്ന് ഭൂതകാലത്തിലേക്കും ഭാവിയിലേക്കുമാണ് ക്യാമറക്കണ്ണുകള്‍ തിരിഞ്ഞുകൊണ്ടിരിക്കുന്നത്.

ജെ. റോബര്‍ട്ട് ഓപ്പണ്‍ഹൈമര്‍

ഓപ്പണ്‍ഹൈമര്‍: ഒരു ചിത്രചരിത്രം (Historiophoty)

ചരിത്ര സിനിമാ വിഭാഗത്തിലെ ഏറ്റവും ജനപ്രിയതരമായ ബയോപികിന്റെയും പീരിയഡ് സിനിമയുടെയും ആഖ്യാനരീതികളെ സംയോജിപ്പിച്ചാണ് ഓപ്പണ്‍ഹൈമര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ചരിത്ര സിനിമകളുടെ ചരിത്രാവിഷ്‌ക്കാര രീതിശാസ്ത്രത്തെപ്പറ്റി ഗൗരവമായ പഠനങ്ങള്‍ നടത്തിയ റോബര്‍ട്ട് റോസണ്‍സ്റ്റോണിന്റെ അഭിപ്രായത്തില് , ഒരു ചരിത്ര സിനിമ ഭൂതകാലത്തിലെ ഭൗതിക സാഹചര്യങ്ങളെയും വ്യക്തികളെയും ദൈനംദിന സംഭവങ്ങളെയും പുനര്‍ സൃഷ്ടിച്ചാണ് സിനിമാശാലകളില്‍ ചരിത്രാനുഭവം യാഥാര്‍ത്ഥ്യമാക്കുന്നത്. ചരിത്ര സിനിമ ഭാവനാപരമായ ചില കണ്ടുപിടുത്തങ്ങള്‍ നടത്തുമെങ്കിലും അതിന്റെ മുഖ്യ പ്രമേയത്തില്‍ നിന്ന് വ്യതിചലിക്കാതെ അനുഭവ ചരിത്രത്തെ സൃഷ്ടിക്കുമെന്ന് നതാലി സെമണ്‍ ഡേവീസ് സമര്‍ത്ഥിക്കുന്നുണ്ട്. ബാല്‍ക്കണിയിലിരുന്ന്, ഭൂതകാലത്തിലെ അനുഭവ സാക്ഷികളായി മാറുകയാണ് പ്രേക്ഷകരെന്ന് റൊളാങ്ങ് ബാര്‍ത് നിരീക്ഷിക്കുന്നു. കഴിഞ്ഞ കാലഘട്ടങ്ങളിലെ സന്തോഷവും, ദുഖവും, തമാശയും, പ്രണയവും, വിദ്വേഷവുമൊക്കെ പാഠവല്‍ക്കരിക്കുന്ന ചരിത്രം ഒരു തരത്തില്‍ ഭാവനയിലൂടെ ചരിത്രത്തെ നിര്‍മ്മിച്ചെടുക്കുന്നുവെന്ന് സമര്‍ത്ഥിക്കുന്നു. ചരിത്ര ലേഖനരീതി (historiography) എന്നത് ചിത്രചരിത്ര (historiophoty) രീതി തന്നെയാണെന്ന വിപ്ലവകരമായ വാദം ഹെയ്ഡണ്‍ വൈറ്റ് മുന്നോട്ടു വയ്ക്കുന്നുണ്ട്. മേല്പറഞ്ഞ ഉത്തരാധുനിക ചരിത്രകാരരുടെ നിരീക്ഷണ/വാദങ്ങളുടെ ബലത്തില്‍ നോക്കിയാല്‍, ഓപ്പണ്‍ഹൈമര്‍ എന്ന ചലച്ചിത്രം രണ്ടാം ലോകമഹായുദ്ധകാലഘട്ടത്തിലെ അമേരിക്കന്‍ ശാസ്ത്ര/സാങ്കേതിക പരീക്ഷണ ലോകത്തിലേക്കും, അതിനു ശേഷമുള്ള രാഷ്ട്രീയ അധീശത്വ മനോഭാവം സൃഷ്ടിക്കുന്ന ലോകത്തേക്കും ഒരു ശാസ്ത്രജ്ഞന്റെ ജീവകഥയിലൂടെ പായുന്ന ചലച്ചിത്ര ചരിത്ര ആവിഷ്‌ക്കാരമാണ്. പ്രേക്ഷകരൊന്നടങ്കം, ബോംബുനിര്‍മ്മാണത്തിനു മുന്നോടിയായി നടക്കുന്ന ചര്‍ച്ചകളിലും, അതിന്റെ പരീക്ഷണ പ്രയോഗത്തിലുമൊക്കെ സാക്ഷികളാകുന്ന അനുഭവം ആണ് സിനിമ സൃഷ്ടിക്കുന്നത്. ഈ സിനിമയുടെ ഏറ്റവും കാതലായ ഒരു സീനില്‍ (പല തവണ നാം കാണുന്ന സീന്‍ ) ഐന്‍സ്റ്റൈനും, ഓപ്പണ്‍ഹൈമറും തമ്മില്‍ പങ്കിടുന്ന ആശങ്ക, ഈ പരീക്ഷണങ്ങളുടെ ദൂരവ്യാപക ഫലങ്ങളെപ്പറ്റിയാണ്. ഇവിടെ സൂചന മാനവ സമൂഹത്തിനു തന്നെ വിനാശകരമാവുന്ന ന്യൂക്ലിയര്‍ഫിഷനിലൂടെ സാധിക്കുന്ന അണുവിഭജന ശാസ്ത്ര രീതിയെത്തന്നെയാണ്. ഈ ആശങ്ക നിലനിന്നിരുന്ന 1940 കളിലും, ലോക രാഷ്ട്രീയ സാഹചര്യങ്ങള്‍ ആറ്റംബോംബിന്റെ നിര്‍മ്മാണത്തില്‍ കലാശിച്ചു എന്നത്, തങ്ങളുടെ ലക്ഷ്യങ്ങളെ ഫലപ്രാപ്തിയിലെത്തിക്കുവാനുള്ള തീവ്രമായ ദേശീയ വികാരം തന്നെയായിരുന്നുവെന്ന് ഓപ്പണ്‍ഹൈമര്‍ പ്രേക്ഷകരോട് അടിത്തട്ടില്‍ സംവദിക്കുന്നുണ്ട്.

മന്‍ഹാട്ടന്‍ പ്രൊജക്ടിന്റെ ഭാഗമായി തയ്യാറാക്കിയ അറ്റോമിക് കോര്‍

അനുഭവ ചരിത്രം

ശാസ്ത്രലോകത്തിന്റെ പരീക്ഷണ വിജയങ്ങള്‍ കാണുമ്പോഴും ആ കാലഘട്ടത്തില്‍ വരാനിരിക്കുന്ന ദുരന്തത്തെക്കുറിച്ചുള്ള ശാസ്ത്രജ്ഞന്റെ അതികഠിനമായ ഹൃദയവേദന 2023ലെ പ്രേക്ഷകരിലും / മനുഷ്യരിലും അനുഭവപ്പെടുന്നുണ്ടെങ്കില്‍ മാത്രമാണ് ഈ ചലച്ചിത്രാനുഭവം ഈ കാലഘട്ടത്തിനു ഗുണം ചെയ്യുന്ന സാമൂഹിക ബോധത്തെ നിര്‍മ്മിക്കുന്നത്. എഴുതപ്പെട്ട ചരിത്രത്തിന് സാധിക്കാത്തത് സാധ്യമാക്കുന്ന ചലച്ചിത്ര ചരിത്ര പരീക്ഷണമായി ഓപ്പണ്‍ഹൈമര്‍ മാറുകയാണിവിടെ. ലോസ് അലമോസ് പരീക്ഷണ കൂടാരങ്ങളില്‍ തീക്ഷ്ണമായി പരീക്ഷണങ്ങളില്‍ മുഴുകിയിരുന്ന ഓപ്പണ്‍ഹൈമറുടെ മനസ്സില്‍ പൊട്ടാത്ത അണുബോംബു പോലത്തെ ഒരവസ്ഥയുണ്ടായിരുന്നു എന്ന് പ്രേക്ഷകര്‍ക്കനുമാനിക്കാം. 'ഗാഡ്‌ജെററ്' പരീക്ഷണ വിജയത്തിനു ശേഷം കണ്ട മഷ്‌റൂം തീഗോളം താന്‍ ഉദ്ദേശിച്ചതിലും വലുതായിരുന്നുവെന്ന് അദ്ദേഹം മനസ്സില്‍ ഉറപ്പിക്കുന്നുണ്ട്. ജര്‍മ്മനി കീഴടങ്ങിയപ്പോള്‍ ഈ ബോംബ് ജര്‍മ്മനിയില്‍ വീഴ്ത്താന്‍ പറ്റിയില്ലല്ലോ എന്ന വംശീയ / രാഷ്ട്രീയ വ്യഥയും അദ്ദേഹത്തിന്റെ മനസ്സിനെ അസ്വസ്ഥമാക്കിയിരുന്നു. അമേരിക്കയ്ക്കു വേണ്ടി അണുബോബു നിര്‍മ്മാണം നടത്തുമ്പോഴും, അതിന്റെ ദൂരവ്യാപക ഫലങ്ങളെ മനസ്സില്‍ പേറി നടന്ന ഒരു മനുഷ്യനുമായിരുന്നു ഓപ്പണ്‍ഹൈമറെന്ന ശാസ്ത്രജ്ഞന്‍. ചെയ്യുന്ന പ്രവര്‍ത്തികളില്‍ ബുദ്ധികൂര്‍മ്മതയും ശ്രദ്ധയും കാണിച്ച ഓപ്പണ്‍ ഹൈമറുടെ മനോവ്യവഹാരങ്ങളില്‍ തീഗോളങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് പ്രേക്ഷകര്‍ക്കായി നോളന്‍ സ്‌ക്രീനില്‍ കൃത്യമായി ദൃശ്യവല്‍ക്കരിക്കുകയും ചെയ്യുന്നുണ്ട്.

റോബര്‍ട്ട് റോസണ്‍സ്റ്റോണ്‍

ലോസ് അലാമോസ് നാഷണല്‍ ലബോറട്ടറിയില്‍ (LANL) നടന്ന പരീക്ഷണങ്ങള്‍ക്കും, ചര്‍ച്ചകള്‍ക്കും ശേഷം നടന്ന ട്രിനിറ്റി ടെസ്റ്റിലാണ് അണുബോംബ് ആദ്യമായി പരീക്ഷണ വിസ്‌ഫോടനത്തിന് വിധേയപ്പെടുത്തുന്നത്. 1945 ജൂലൈ 16-ന് പുലര്‍ച്ചെ 5:30-ന് സെക്കന്‍ഡുകള്‍ക്ക് മുമ്പ്, ന്യൂ മെക്‌സിക്കോ മരുഭൂമിയില്‍ ബോംബ് പൊട്ടിത്തെറിച്ചപ്പോള്‍ അവിടെയുണ്ടായത് മനുഷ്യരെ അന്ധമാക്കിയ പ്രകാശ വിസ്മയമായിരുന്നു. ഏകദേശം നൂറു മൈല്‍ അകലെ ഒരു ഷോക്ക് വേവ് അനുഭവപ്പെട്ടതായും രേഖപ്പെടുത്തിയിട്ടുണ്ട്. വിസ്‌ഫോടനത്തിനു ശേഷം 38,000 അടിയിലധികം ആകാശത്തിലേക്ക് കുതിക്കുന്ന ഒരു കൂണ്‍ ആകൃതിയിലുള്ള ഒരു മേഘമാണ് പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ ഭീകരതയും, അതേപോലെ വിസ്മയകരമായ സൗന്ദര്യവും തീയേറ്ററുകളില്‍ അനുഭവതലത്തില്‍ കൊണ്ടുവരേണ്ടതിന്റെ ആവശ്യകത ക്രിസ്റ്റഫര്‍ നോളന്‍ പല അഭിമുഖങ്ങളിലും സൂചിപ്പിച്ചിട്ടുണ്ട്. ട്രിനിറ്റി ടെസ്റ്റിന്റെ തീവ്രത സൃഷ്ടിക്കേണ്ടത് ഓപ്പണ്‍ഹൈമറെന്ന ചരിത്ര സിനിമയുടെ ചരിത്രപരതയെ ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ തന്നെ ആയിരുന്നു. ആഗസ്റ്റ് ആറിനും, ഒന്‍പതിനും നടക്കാന്‍ പോകുന്ന രണ്ടാം ലോകമഹായുദ്ധത്തിന്റെ തിരശീല വീഴിക്കുന്ന ചരിത്ര സന്ദര്‍ഭത്തിലേക്ക് തുടര്‍ന്ന് ചലച്ചിത്രത്തിന്റെ ക്യാമറ തിരിയുന്നില്ലെങ്കിലും, സിനിമയില്‍ കാണിക്കാതിരുന്ന അതിദുരന്ത സീനുകളുടെ മിന്നിമറയല്‍ പ്രേക്ഷക മനസ്സില്‍ വിസ്‌ഫോടനത്തിന്റെ അലയടികള്‍ സൃഷ്ടിക്കുന്നുണ്ട്. ഒരു മഹാ ചരിത്ര ദുരന്തത്തിന്റെ നടുക്കുന്ന പ്രത്യാഘാതങ്ങള്‍ കേള്‍ക്കുമ്പോള്‍ ചലച്ചിത്രത്തിലെ നായകന്‍ ഒരു ദുരന്ത നായക മനോഭാവത്തിലേക്ക് ആഴ്ന്നിറങ്ങുന്നു. 1965 ല്‍ ഓപ്പണ്‍ ഹൈമര്‍ ഭഗവത് ഗീതയിലെ വാക്യങ്ങള്‍. ഞാനിപ്പോള്‍ മരണവും ലോകത്തിന്റെ അന്തകനുമായിരിക്കുന്നുവെന്നത് ഉദ്ധരിച്ചത് NBC ന്യൂസ് ഡോക്യുമെന്ററിയില്‍ കാണാം. ട്രിനിറ്റി പരീക്ഷണത്തിനു ശേഷം അദ്ദേഹം ഈ വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നത് ഇപ്പോഴും തര്‍ക്ക വിഷയമായി തുടരുകയാണ്. അതെന്തു തന്നെ ആയാലും അണുബോംബിന്റെ നിര്‍മ്മാണത്തിന് നേതൃത്വം കൊടുത്ത ശാസ്ത്ര മനസ്സിന്റെ ഒരു തിരിഞ്ഞു നോക്കലായി സിനിമയില്‍ ഇതാവര്‍ത്തിക്കുന്നു. ഈ ദുരന്ത ചരിത്രത്തിലേക്ക് പ്രേക്ഷകരെ കൊണ്ടു പോകുവാന്‍ ശക്തിയുള്ള വാക്കുകള്‍ എന്നു മാത്രം ഇതിനെ കണ്ടാല്‍ മതി.

ആര്‍ക്കൈവുകള്‍ സൃഷ്ടിച്ച ചലച്ചിത്രം

ഇത്ര സങ്കീര്‍ണ്ണമായ ചലച്ചിത്രം, ചരിത്രപരമായ വസ്തുനിഷ്ഠത പുലര്‍ത്തേണ്ടതിന്റെ അനിവാര്യത നോളന്റെ ചലച്ചിത്രനിര്‍മ്മാണത്തിനു മുമ്പുള്ള പഠനങ്ങളില്‍ പ്രതിഫലിക്കുന്നുണ്ട്. ധാരാളം പുരാരേഖകള്‍ മന്‍ഹാട്ടന്‍ പ്രോജെക്ടുമായി ബന്ധപ്പെട്ട് ആര്‍ക്കൈവുകളില്‍ ലഭ്യമായത് നോളന്റെ ചലച്ചിത്ര ചരിത്ര പരീക്ഷണത്തിന് സഹായകരമായി. ഇതിന്റെ തിരക്കഥയ്ക്ക് പ്രധാനമായും ആധാരമായത്

NBC ന്യൂസ് ഡോക്യുമെന്ററി

2005-ലെ പുലിറ്റ്സര്‍ സമ്മാനം നേടിയ, മാര്‍ട്ടിന്‍ ജെ. ഷെര്‍വിനും കെയ് ബേര്‍ഡും ചേര്‍ന്ന് രചിച്ച അമേരിക്കന്‍ പ്രോമിത്യൂസ്: ദി ട്രയംഫ് ആന്‍ഡ് ട്രാജഡി ഓഫ് ജെ. റോബര്‍ട്ട് ഓപ്പണ്‍ഹൈമര്‍ എന്ന ജീവചരിത്ര ഗ്രന്ഥമാണ്. സിനിമാ ചരിത്രകാരര്‍ പറയുന്ന കൃത്യത ഉണ്ടാകുവാന്‍ ഓപ്പണ്‍ ഹൈമറിന്റെ ജീവിതവുമായി ബന്ധപ്പെട്ട ചരിത്രപരമായ കെട്ടിടങ്ങള്‍ക്കുള്ളില്‍ത്തന്നെയാണ് ഭൂരിഭാഗവും ചിത്രീകരണവും നടത്തിയത്. മാന്‍ഹട്ടന്‍ പ്രോജക്റ്റിലെ യഥാര്‍ത്ഥ ശാസ്ത്രജ്ഞരെ അടിസ്ഥാനമാക്കി നിരവധി കഥാപാത്രങ്ങളെ സ്‌ക്രീനില്‍ കൊണ്ടുവരിക മാത്രമല്ല, അവരിലേക്ക് പ്രേക്ഷക ശ്രദ്ധയെ തിരിക്കുവാനും സിനിമയ്ക്ക് സാധിച്ചു. ഓപ്പണ്‍ ഹൈമറുടെ ഹിയറിംഗുമായി ബന്ധപ്പെട്ട ട്രാന്‍സ്‌ക്രിപ്റ്റ് ഫയലുകള്‍, എഫ്.ബി.ഐ രേഖകള്‍, മററു ചരിത്ര സംഭവങ്ങളെക്കുറിച്ചുള്ള രേഖകള്‍, ഡോക്കുമെന്ററികള്‍ എന്നിവയുടെ സമ്പൂര്‍ണ്ണ പഠനത്തിനു ശേഷമാണ് ഇതിന്റെ ചലച്ചിത്ര ആവിഷ്‌ക്കാരത്തിലേക്ക് നോളന്‍ കടക്കുന്നത്. ഓപ്പണ്‍ഹൈമര്‍ ഉപയോഗിച്ച തൊപ്പി പോലും വിശദമായ തിരയലിനൊടുവിലാണ് കണ്ടെടുത്തത്. ഓപ്പണ്‍ഹൈമറുടെ ഓഫീസ് നവീകരിച്ചതിനാല്‍, ചിത്രീകരണം അവിടെ നടത്താതെ ഐന്‍സ്റ്റൈന്റെ ഓഫീസിലേക്ക് മാറ്റുകയാണുണ്ടായത്. ഓപ്പണ്‍ഹൈമര്‍ അദ്ദേഹത്തിന്റെ പത്‌നി കിറ്റിക്കൊപ്പം പ്രിന്‍സ്റ്റണില്‍ താമസിച്ച കെട്ടsത്തില്‍ത്തന്നെ ചില ഭാഗങ്ങള്‍ ചിത്രീകരിച്ചു. ചരിത്ര സൂക്ഷ്മത കൈവരിക്കുവാനുള്ള ശ്രമങ്ങളായിട്ടാണ് ചരിത്രകാരര്‍ ഇതിനെ കാണേണ്ടത്. ഒരു ശാസ്ത്രജ്ഞന്റെ ജീവചരിത്ര ചലച്ചിത്രത്തിന് അനിവാര്യമായ അണുവിന്റെ ഘടകഭാഗം (subatomic precision) പോലെയുള്ള കൃത്യതയാണ് ചലച്ചിത്രത്തിന്റെ സവിശേഷത. ഇതിനൊക്കെ അപ്പുറമാണ് ഓപ്പണ്‍ ഹൈമറുടെ മാനസിക ആഘാതങ്ങള്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന രീതി. ബോംബിന്റെ ശക്തി കാണിക്കാന്‍ സ്പെഷ്യല്‍ ഇഫക്റ്റ് ടീം ഉപയോഗിച്ച ചില സാങ്കേതിക വിദ്യകള്‍ ഓപ്പണ്‍ഹൈമറിന്റെ ആന്തരിക ലോകവും ചിന്താ പ്രക്രിയകളും ആവിഷ്‌ക്കരിക്കുന്നതിലും ഉപയോഗിച്ചു. സ്ഫോടനങ്ങള്‍, തരംഗങ്ങള്‍, കണികകള്‍, എന്നിവയുടെ ദൃശ്യാവിഷ്‌ക്കാരത്തിലൂടെയും, ഇലക്ട്രോണുകള്‍ ചുറ്റും കറങ്ങുന്ന കാഴ്ച സൃഷ്ടിക്കലിലൂടെയുമാണ് ചലച്ചിത്രം ഇതു സാധ്യമാക്കിയത്.

ആശയമെന്ന അപരന്‍ / വില്ലന്‍

ഓപ്പണ്‍ഹൈമറില്‍ അപ്രത്യക്ഷനായ വില്ലനായി, കമ്യൂണിസ്റ്റ് ആശയത്തെ നിറുത്തുവാനും ചലച്ചിത്രത്തിന് സാധിച്ചു. അമേരിക്കയ്ക്ക് പേടി സ്വപ്നമായ കമ്മ്യൂണിസ്റ്റ് ആശയലോകം ശീതയുദ്ധകാലത്ത് ഓപ്പണ്‍ഹൈമറെപ്പോലും അവിശ്വസിക്കുന്ന തീവ്ര കമ്മ്യൂണിസ്റ്റ് വിരുദ്ധ ലോകത്തെ സൃഷ്ടിച്ചിരുന്നു. തുടര്‍ച്ചയായ ചോദ്യങ്ങള്‍ക്ക് ഒരു കുറ്റവാളിയെപ്പോലെ ഇരുന്നു കൊടുക്കേണ്ട ആററംബോംബിന്റെ പിതാവിനെ, അമേരിക്കന്‍ പിതാവിനെ ചലച്ചിത്രം വരച്ചുകാട്ടുന്നു. ഏതു ശാസ്ത്രജ്ഞനും മീതേ പറന്നു നില്‍ക്കുന്ന അധീശത്വരാഷ്ട്രീയത്തെ ചലച്ചിത്രചരിത്രവല്‍ക്കരണം ചെയ്യുകയാണ് സിനിമ. ട്രൂമാനെ പിന്നീട് കാണുമ്പോള്‍, എന്റെ കൈകളില്‍ രക്തക്കറയുണ്ടെന്ന ഓപ്പണ്‍ ഹൈമുടെ പരാമര്‍ശത്തെ പുഛിച്ചു തള്ളിയ അമേരിക്കന്‍ പ്രസിഡന്റ്, പിന്നീട് അദ്ദേഹത്തെ വിളിച്ചത് കരയുന്ന കുട്ടിയെന്നായിരുന്നു (cry baby). ഓപ്പണ്‍ ഹൈമറുടെ പ്രശ്‌നം അയാള്‍ സ്‌നേഹിക്കുന്ന പ്രണയിനിക്ക് അയാളോട് പ്രണയമില്ല എന്നതായിരുന്നു എന്ന് ഐന്‍സ്റ്റൈന്‍ പറയുന്നുണ്ട്. ആ പ്രണയിനി അമേരിക്കന്‍ ഗവണ്‍മെന്റ് തന്നെയായിരുന്നു.

കെയ് ബേര്‍ഡ്, മാര്‍ട്ടിന്‍ ജെ. ഷെര്‍വിന്‍

ഉറഞ്ഞ ചരിത്രത്തെ ചലിപ്പിക്കുമ്പോള്‍

രണ്ടാം ലോകമഹായുദ്ധകാലഘട്ടത്തിലെ അണുബോംബ് നിര്‍മ്മാണവും, ശാസ്ത്രജ്ഞരുടെ ലോകവും, പ്രവര്‍ത്തനങ്ങളുമെല്ലാം ഒരു തരത്തില്‍ നോക്കിയാല്‍ ഉറഞ്ഞു പോയ ചരിത്രങ്ങളാണ് (frozen histories). സാമൂഹിക / വ്യക്തിപരമായ ഓര്‍മ്മകളിലും, ആര്‍ക്കൈവുകളിലും, യുദ്ധമ്യൂസിയങ്ങളിലും, സ്മാരകങ്ങളിലുമാണ് അവ നിലനില്‍ക്കുന്നത്. അങ്ങനെ കാണാന്‍ പറ്റുമെങ്കിലും ചലിക്കാന്‍ പറ്റാത്ത, കാലഘട്ടം ഉറഞ്ഞു പോയ മ്യൂസിയങ്ങളാണ്. ആററംബോബുനിര്‍മ്മാണമായും, അതിന്റെ ശാസ്ത്രലോകമായും ഉറഞ്ഞു പോയ കഴിഞ്ഞ കാലഘട്ടത്തെ ഭൂതകാലഘട്ടത്തിന്റെ പുനർനിര്‍മ്മാണത്തിലൂടെയും, ദൃശ്യ ശ്രവ്യ സാങ്കേതിക സംവിധാനത്തിലൂടെയും തിരിച്ചുപിടിച്ചിരിക്കുകയാണ് ഓപ്പണ്‍ ഹൈമര്‍. ഫൂക്കോയുടെ ആര്‍ക്കിയോളജിക്കല്‍ രീതിശാസ്ത്രത്തിലൂടെ നോക്കിയാല്‍ അന്നു സംഭവിച്ചിരുന്ന ജ്ഞാനനിര്‍മ്മിതിയുടെ സാധ്യതയുള്ള സാഹചര്യങ്ങളെ വീണ്ടെടുത്തിരിക്കുകയാണ് ഈ ചലച്ചിത്രം. ഈ ചലച്ചിത്രത്തിലേക്ക് പല വീക്ഷണകോണില്‍ നിന്നു നമ്മുക്കു നോക്കാം. നിശ്ചലമായ മ്യൂസിയങ്ങള്‍ സൃഷ്ടിക്കുന്ന വാഖ്യാന സാഹചര്യമല്ല ചരിത്ര സിനിമകള്‍ ചെയ്യുന്നത്. ഓപ്പണ്‍ ഹൈമറെയും, ട്രൂമാനെയും, ഐന്‍സ്റ്റൈനെയും, നീല്‍ ബോറിനേയും, കിറ്റിയേയും, ലെവിസ് സ്‌ട്രോസിനെയുമൊക്കെ ചലിപ്പിക്കുന്ന, മ്യൂസിയമായി മാറുകയാണ് ഈ ചരിത്ര സിനിമ. മദ്യപാനത്തിനടിമയായി, മാനസിക പിരിമുറുക്കത്തില്‍ ജീവിക്കുന്ന ഭാര്യയെ നോക്കുന്ന ഓപ്പണ്‍ ഹൈമറില്‍ കാണുന്നത് സ്നേഹനിധിയായ ഭര്‍ത്താവിനെത്തന്നെയാണ്. തനിക്കെതിരെ സാക്ഷ്യം പറഞ്ഞ എഡ്വേര്‍ഡ് ടെല്ലര്‍ക്ക്, തന്നെ ആദരിക്കുന്ന വേളയില്‍ കൈ കൊടുക്കുന്ന ഓപ്പണ്‍ഹൈമര്‍ അനുരഞ്ജനത്തിന്റെ മനുഷ്യത്വമാണ് പ്രകടമാക്കുന്നത്. ഇത് വളരെ കോപത്തോടെ നോക്കുന്ന കിറ്റിയെയും സ്‌ക്രീനില്‍ കാണുന്നുണ്ട്. ഇതുപോലെ ശാസ്ത്രലോകത്തിന്റെ സ്വകാര്യതയെയും, സാമൂഹികതയെയും കൃത്യമായി ചലിപ്പിച്ച് ഉറഞ്ഞു പോയ ചരിത്രത്തിന് ജീവന്‍ കൊടുത്തിരിക്കുകയാണ് ഓപ്പണ്‍ഹൈമര്‍. മൂന്നു മണിക്കൂര്‍ നേരത്തേയ്ക്ക് ആറ്റംബോംബ് നിര്‍മ്മാണ കാലഘട്ടത്തിലെത്തിച്ചേരുകയാണ് ഈ ചലച്ചിത്രം കാണുന്ന പ്രേക്ഷക കൂട്ടങ്ങളും. ആഗോളശ്രദ്ധ കിട്ടുന്ന വിഷയമായതുകൊണ്ട് ലോകത്തിന്റെ പല കോണുകളിലിരുന്നും ഓപ്പണ്‍ഹൈമറെ കാണുന്നവരുണ്ട്. ഇങ്ങനെ ഭൂഖണ്ഡങ്ങള്‍ താണ്ടുന്ന ചരിത്ര ലോകത്തെ പുനര്‍ സൃഷ്ടിച്ചിരിക്കുകയാണ് ഓപ്പണ്‍ഹൈമര്‍. ഉറഞ്ഞു പോയ ചരിത്രത്തെ ജീവന്‍ കൊടുത്തു പുനര്‍ സൃഷ്ടിച്ച നോളന്റെ ആര്‍ക്കൈവ്‌സ്.

നാഗസാക്കിയില്‍ അണുബോംബ് വര്‍ഷിച്ചപ്പോള്‍

വര്‍ത്തമാനത്തിലേക്ക് തിരിച്ചു വരുന്ന ക്യാമറ

ആശയത്തിന്റെ വസ്തുനിഷ്ഠയിലും ഓപ്പണ്‍ഹൈമര്‍ എന്ന ചലിച്ചിത്രം തനതായ ഒരു സ്ഥാനം കരസ്ഥമാക്കുന്നുണ്ട്. അദ്ദേഹം ഒരു റഷ്യന്‍ ചാരനല്ലയെന്ന് അമേരിക്ക തന്നെ തെളിയിച്ച സാഹചര്യത്തില്‍, അതിലേക്ക് ഒരു സിനിമാറ്റിക് വീക്ഷണകോണിനെ നിര്‍മ്മിക്കേണ്ട ഭാരം ഈ ചരിത്ര സിനിമയ്ക്ക് ഒഴിവായി കിട്ടി. പക്ഷേ ഓപ്പണ്‍ഹൈമറെ ലോകസമാധാനത്തിനായി ദാഹിക്കുന്ന ഒരു ശാസ്ത്രജ്ഞനായി ചിത്രീകരിക്കേണ്ട ഒരു കെണിയില്‍പ്പെടാതെ, ഹിരോഷിമയും നാഗസാക്കിയും മനസ്സില്‍ കത്തിക്കൊണ്ടിരിക്കുന്ന ശാസ്ത്രജ്ഞനായി , ചരിത്ര വസ്തുനിഷ്ഠതയെ സിനിമ തെരഞ്ഞെടുക്കുന്നു. ഇതാണ് ഈ ചലച്ചിത്രത്തിന്റെ കാമ്പ്. ഐന്‍സ്റ്റൈനുമായുള്ള ഓപ്പിയുടെ സംഭാഷണത്തില്‍ സൂചിപ്പിക്കുന്ന അണുബോംബിന്റെ, കൃത്യമായി പറഞ്ഞാല്‍ ന്യൂക്ലിയര്‍ ഫിഷന്റെ ഭവിഷ്യത്തുകള്‍ പേറി ജീവിക്കുന്ന സമകാലിക ലോകത്തിന്റെ അന്ത്യം കുറിക്കാവുന്ന യുദ്ധക്കൊതിയുടെ നേര്‍ക്ക് വിരല്‍ ചൂണ്ടുന്ന അമേരിക്കന്‍ ഓപ്പണ്‍ഹൈമറാണ് ഈ ചലച്ചിത്ര ചരിത്രത്തിലെ നായകനും / വില്ലനുമെങ്കില്‍, വിനാശകരമായ സാങ്കേതിക വിദ്യയുമായി വെല്ലുവിളികള്‍ നടത്തുന്ന വില്ലന്മാര്‍ ആഗസ്റ്റ് 6 നും 9നും പൊട്ടിച്ച ബോംബുകളെ നിര്‍മ്മിച്ച/ തുടര്‍ന്നും നിര്‍മ്മിക്കുന്ന ലോക രാഷ്ട്രീയ നേതാക്കള്‍ത്തന്നെയാണ്. റഷ്യ - യുക്രെയിന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ന്യൂക്ലിയര്‍ ഭീഷിണി മുഴക്കുന്ന പുടിന്റെയും, ശക്തമയായി തിരിച്ചടിക്കുമെന്നു പറയുന്ന അമേരിക്കയുടെയും നേര്‍ക്ക് തിരിച്ചുപിടിക്കേണ്ട ചലച്ചിത്ര ക്യാമറയായി മാറുകയാണ് നോളന്റെ അമേരിക്കന്‍ ഓപ്പണ്‍ഹൈമര്‍.

Comments