പി.കെ. സുരേന്ദ്രൻ

സിനിമ ഡിജിറ്റലായി,​അതുകൊണ്ട് എന്താ?

ഡിജിറ്റലിൽ ചിത്രീകരിച്ചതുകൊണ്ടോ, അല്ലെങ്കിൽ ഒറ്റ ഷോട്ടിൽ ചിത്രീകരിച്ചതുകൊണ്ടോ മാത്രം ഒരു സിനിമ മഹത്തരമാവുന്നില്ല. ഡിജിറ്റൽ ഒരു ടൂൾ മാത്രമാണ്. ഈ ടൂൾ എന്തിനുവേണ്ടി, എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് വിഷയം, അത് നിലനിൽക്കുന്നതിൽ നിന്ന് വ്യത്യസ്തമാമോ എന്നതാണ്.

ത്തവണ സംസ്ഥാന അവാർഡുകൾ ലഭിച്ച സിനിമകളുടെ പ്രത്യേകത, അവ സൂപ്പർ താരങ്ങൾ അഭിനയിച്ച സിനിമകളല്ല. സിനിമകൾ കോടി ക്ലബ്ബിൽ ഇടംപിടിച്ച് ആഘോഷിക്കുന്ന ഇക്കാലത്ത് ഇത് വലിയ കാര്യമാണ്. എന്നാൽ, താരങ്ങൾ അഭിനയിക്കാത്തതുകൊണ്ടുമാത്രം ഒരു സിനിമ മഹത്താവില്ല. പ്രശസ്ത താരങ്ങൾ അഭിനയിച്ച, നാം ‘ആർട്ട് സംവിധായകർ' എന്നു വിളിക്കുന്നവരുടെ ധാരാളം സിനിമകൾ ഉണ്ടല്ലോ. റായിയുടെ സിനിമകളിൽ ഉത്തംകുമാറും ഷർമ്മിള ടാഗോറും അടൂരിന്റെ സിനിമകളിൽ മമ്മൂട്ടിയും അഭിനയിച്ചിട്ടുണ്ടല്ലോ. ബർഗ് മാൻ, താർകോവസ്‌കി എന്നിവരുടെ സിനിമകളിലും പ്രശസ്ത താരങ്ങളുണ്ട്. സിനിമയുടെ അന്തകൻ എന്നു വിശേഷിപ്പിക്കുന്ന ഗൊദാർദിന്റെ സിനിമകളിൽ പ്രശസ്ത താരങ്ങളായ ജെയിൽ ഫോണ്ട, എഡ്ഡി കോൺസ്‌റ്റൈൻന്റൈൻ, ബ്രിഗിത്ത് ബാർദോത്ത് എന്നിവർ അഭിനയിച്ചിട്ടുണ്ട്. അപ്പോൾ വിഷയം, സൂപ്പർ താരങ്ങൾ അഭിനയിക്കുന്നതോ, ഡിജിറ്റലിൽ സിനിമ ഉണ്ടാക്കുന്നതോ അല്ല. ഈ പശ്ചാത്തലത്തിൽ മലയാളത്തിലെ ചില പുതിയകാല സിനിമകളെ പരിശോധിക്കുകയാണ്.

മതിലുകൾ സിനിമയുടെ ചിത്രീകരണത്തിനിടെ മമ്മൂട്ടി, അടൂർ ഗോപാലകൃഷ്ണൻ / Photo: Mammootty.com

ഈ സിനിമകളിൽ വളരെ വ്യത്യസ്തമായ സിനിമയാണ് കൃഷ്ണേന്ദു കലേഷിന്റെ ‘പ്രാപ്പെട' (Hawk's Muffin). നമ്മുടെ സിനിമകൾ പൊതുവെ ഏക ദിശയിൽ സഞ്ചരിക്കുന്നവയാണ്. ഒരാശയത്തെ വികസിപ്പിച്ച് മുന്നോട്ടുകൊണ്ടുപോയി ക്ലൈമാക്‌സിൽ എത്തിക്കുന്നു. പ്രധാന ആശയത്തെ പരിപോഷിപ്പിക്കാനായി, പരിസമാപ്തിയിൽ എത്തിക്കാനായി ചെറിയ ചെറിയ സംഭവങ്ങൾ അവതരിപ്പിക്കും. ഇവിടെ ഐക്യത്തിനാണ് / ഏകതയ്ക്കാണ് പ്രാധാന്യം. എന്നാൽ ‘പ്രാപ്പെട'യിൽ ഒന്നല്ല പല ആശയങ്ങളുണ്ട്, ഇവിടെ അനേകതയ്ക്കാണ് പ്രാധാന്യം. രേഖീയ ആഖ്യാനമല്ല, ശ്ലഥമാണ് സിനിമയുടെ ശൈലി. പരസ്പര ബന്ധമില്ലാത്തത് എന്ന് തോന്നുന്ന രീതിയിലുള്ള, അസാധാരണവും അസംബന്ധവും ആയി തോന്നുന്ന ദൃശ്യങ്ങളാൽ സമൃദ്ധമാണ് സിനിമ. ആവർത്തനം സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്. അതുപോലെ, സിനിമയിൽ പല ഴോണറുകളും ഉപയോഗിച്ചിട്ടുണ്ട്. സിനിമയ്ക്ക് നാടോടിക്കഥയുടെ ഘടനയുമുണ്ട്. ഇവയൊക്കെ ചേരുമ്പോൾ സിനിമയെ കുറിച്ച് സാധാരണ സിനിമകളെ പോലെ ഒറ്റക്കാഴ്ചയിൽ ഒരു ധാരണയുണ്ടാക്കുക എളുപ്പമല്ല. പേര് പോലെത്തന്നെ സിനിമയും അസാധാരണമാണ്.

കൃഷ്ണേന്ദു കലേഷ്. / Photo : Krishnendu Kalesh, Fb Page

സാധാരണ പോലെ സിനിമയുടെ കഥാസംഗ്രഹം എഴുതുക എളുപ്പമല്ല. കാരണം, സിനിമയിൽ ഒരു വിഷയമല്ല, പല വിഷയങ്ങളും ഉണ്ട്. സിനിമയോടുള്ള സംവിധായകന്റെ അഭിനിവേശം മറ്റൊരു വിഷയമാണ്. ഇതിലൂടെ പലതരം സിനിമകൾക്കും സിനിമാശൈലികൾക്കും ആദരം അർപ്പിക്കുന്നു. ഡിജിറ്റൽ യുഗം പുതിയ രീതിയിലുള്ള സിനിഫീലിയ സൃഷ്ടിച്ചുവെന്ന് പലരും വാദിക്കുന്നു. Structuralist Movement സംവിധായകർക്കുള്ള ആദരം ഇതിൽ ശ്രദ്ധേയമാണ്. ഇവർ ഫിലിമിൽ ഉണ്ടാവുന്ന error novice, scratches ഒക്കെ രണ്ടാമത് പ്ലേ ചെയ്യുമ്പോൾ അത് ഷൂട്ട് ചെയ്യുമായിരുന്നു. കലേഷ് ഫിലിമിൽ അല്ല ഷൂട്ട് ചെയ്തതെങ്കിലും, ആദ്യം ഡിജിറ്റലിൽ ഒരു മൊണ്ടാഷ് ഉണ്ടാക്കുകയും അത് സ്‌ക്രീനിൽ പ്ലേ ചെയ്യുകയും അത് ഷൂട്ടുചെയ്യുകയും ചെയ്തു. ഈ പ്രക്രിയയിലൂടെയാണ് അത്തരം സിനിമകളുടെ ലുക്ക് ഉണ്ടാക്കിയത്.

ഇന്ന് ഒരു സിനിമതന്നെ നമുക്ക് യഥേഷ്ടം കാണാൻ പറ്റും. എപ്പോൾ വേണമെങ്കിലും പോസ് ചെയ്യാം, മുന്നോട്ടും പിറകിലോട്ടും പോവാം, വീണ്ടും വീണ്ടും കാണാം, ഫ്രെയിം ടു ഫ്രെയിം കാണാം. സിനിമയെ പ്രൊസസ്​ ചെയ്യുന്നതിൽ പ്രേക്ഷകർക്ക് നിയന്ത്രണം കിട്ടുന്നു.

സിനിമയിൽ സ്ഥലവും കാലവും അടയാളപ്പെടുത്തിയിട്ടില്ല. ക്രമരഹിതമായ ഒരു ഡിസ്റ്റോപ്പിയൻ ഭാവിയിൽ ഒരുക്കിയ സിനിമയാണിത് എന്നു പറയാം. യുദ്ധം, അധിനിവേശം, അഭയാർത്ഥികൾ, മുതലാളിത്തം, ഇക്കോ ഫാസിസം, കോർപറേറ്റിസം, അധികാരം, പ്രാകൃത ചോദനകൾ, മൃഗീയത, സ്‌നേഹം, കൊതി, അത്യാഗ്രഹം - അങ്ങനെ വിഷയങ്ങൾ പല അടരുകളായി അടുക്കിയതുപോലെ. ഒരു ദുരന്തസാഹചര്യത്തിൽ പോലും മനുഷ്യർ ഒന്നിച്ചുനിൽക്കുകയല്ല, സ്വാർത്ഥരാവുകയാണ്. അവകാശപ്പെട്ടതിനെക്കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത്, പുറത്തുനിന്നുള്ളവരെ ആരും സഹിക്കുന്നില്ല. ലോകം തളർത്തുന്ന വൈറസ് ആക്രമണത്തിന്റെ നടുക്കത്തിൽ ആയിരിക്കുമ്പോൾ ഒരു ബോംബ് പൊട്ടിച്ചതിന് ഒരു പൈലറ്റ് സമ്മാനിച്ച പൈതൃകത്തെ ചൊല്ലിയാണ് തർക്കവും, ആക്രമവും, വിഭജനവും.

നമ്മുടെ സിനിമകളിൽ എല്ലാം വ്യക്തമായിരിക്കണം. സംഭവങ്ങൾ, കഥാപാത്രങ്ങൾ, അവരുടെ ഉദ്ദേശ്യം എല്ലാം ഒറ്റക്കാഴ്ചയിൽത്തന്നെ മനസ്സിലാവണം. എന്നാൽ ‘പ്രാപ്പെട'യിൽ ഇതൊന്നും പ്രത്യക്ഷതാ നമുക്ക് എളുപ്പം മനസ്സിലാക്കാനോ ഗ്രഹിക്കാനോ കഴിയില്ല. സിനിമ പല ഴോണറുകൾ ഉപയോഗിക്കുന്നതിനാൽ സിനിമാക്കാഴ്ച സങ്കീർണമാവുന്നു.

സംഭവങ്ങൾ, കഥാപാത്രങ്ങൾ, അവരുടെ ഉദ്ദേശ്യം എന്നിവയൊന്നും ‘പ്രാപ്പെട'യിൽ പ്രത്യക്ഷതാ നമുക്ക് എളുപ്പം മനസ്സിലാക്കാനോ ഗ്രഹിക്കാനോ കഴിയില്ല.

കാണുന്ന ആളുടെ ഭാവനയ്ക്കനുസരിച്ച് ഇതിൽനിന്ന് ഒന്ന് അല്ലെങ്കിൽ ചിലത് കണ്ടെടുക്കാം. ചിലത് നമുക്ക് പെട്ടെന്ന് വെളിപ്പെട്ടുവരും. മറ്റു ചിലത് അങ്ങനെയല്ല. മസ്തിഷ്‌കത്തിൽ എല്ലാം ഓർമകളായി നിലനിൽക്കുന്നുണ്ട്. സിനിമ കാണുമ്പോൾ ചില ദൃശ്യങ്ങൾ നമ്മെ ഈ ഓർമയുടെ ഭണ്ഡാരത്തിലെ ചിലതുമായി ബന്ധിപ്പിച്ചു മനസ്സിലാക്കാൻ കഴിയുന്നു. അതായത് മുമ്പെന്നോ കണ്ടതെന്നും അനുഭവിച്ചതെന്നും തോന്നുന്ന പ്രതീതി. സ്വപ്നതുല്യമായ അനുഭവം. കണ്മുന്നിൽ കാണുന്നതെല്ലാം മുമ്പേ എന്നോ സ്വപ്നത്തിൽവന്നവയെന്ന തോന്നൽ. മുമ്പേ അനുഭവിച്ചത് എന്ന തോന്നൽ. ഇത് ഞാൻ കണ്ടിട്ടുള്ളതാണല്ലോ എന്ന തോന്നൽ.

ഈ സിനിമ പല കാഴ്ചകൾ ആവശ്യപ്പെടുന്നു. ഇന്ന് ഒരു സിനിമതന്നെ നമുക്ക് യഥേഷ്ടം കാണാൻ പറ്റും. എപ്പോൾ വേണമെങ്കിലും പോസ് ചെയ്യാം, മുന്നോട്ടും പിറകിലോട്ടും പോവാം, വീണ്ടും വീണ്ടും കാണാം, ഫ്രെയിം ടു ഫ്രെയിം കാണാം. സിനിമയെ പ്രൊസസ്​ ചെയ്യുന്നതിൽ പ്രേക്ഷകർക്ക് നിയന്ത്രണം കിട്ടുന്നു. അപ്പോൾ ഈ സമയങ്ങളെ കൂടി ഒരു സിനിമയുടെ സമയത്തിൽ ചേർക്കണം എന്നാണ് സംവിധായകർ പറയുന്നത്. അപ്പോൾ സിനിമയുടെ രചയിതാവിന് പ്രേക്ഷകരുമായി സംവദിക്കാൻ കൂടുതൽ സമയം കിട്ടുന്നുണ്ട്. അനന്തമായ ഈ സമയത്തെ പ്രേക്ഷകർ ഉപയോഗിക്കുമ്പോഴാണ് സിനിമ കൂടുതൽ അർത്ഥവത്താവുന്നത്.

അടൂർ ഗോപാലകൃഷ്ണനിൽനിന്നും ജോൺ എബ്രഹാം പുരസ്‌കാരം ഏറ്റുവാങ്ങുന്ന ‘അവനോവിലോന'യുടെ സംവിധായകനും രചയിതാവുമായ ഷെറി ഗോവിന്ദൻ. / Photo : Sathi R V

മറ്റൊരു പ്രധാനപ്പെട്ട സിനിമയാണ് ഷെറി സംവിധാനം ചെയ്ത ‘അവനോവിലോന'. ഈ സിനിമയ്ക്ക് പ്രത്യേക ജൂറി പരാമർശം ലഭിക്കുകയുണ്ടായി. ഷെറിയുടെ മുൻസിനിമയായ ‘ക ഖ ഗ ഘ ങ' യിൽ എന്നപോലെ ഇവിടെയും പക്ഷിമൃഗാദികൾ ഉൾക്കൊള്ളുന്ന ആവാസവ്യവസ്ഥ, അസ്തിത്വത്തെ സംബന്ധിക്കുന്ന പ്രശ്‌നങ്ങൾ, ജനിമൃതികളെക്കുറിച്ചുള്ള ആലോചന, ആദിയിലേക്കുള്ള തിരിച്ചുപോക്ക്, ആത്മീയത എന്നിവ കാണാം. ഇന്ന് സമൂഹം തുറന്ന രീതിയിൽ ചർച്ചചെയ്യുന്ന ട്രാൻസ്ജന്റർ വിഷയം കൈകാര്യം ചെയ്യുന്ന സിനിമകൾ പൊതുവെ ഈ വിഷയത്തിന്റെ സാമൂഹികതയിലാണ് ഊന്നുന്നത്. ഇവർ എങ്ങനെയാണ് സമൂഹത്തിൽനിന്ന് മാത്രമല്ല, കുടുംബത്തിൽ നിന്നും ഒറ്റപ്പെടുന്നത്, ഇവരുടെ അനാഥത്വം, നേരിടേണ്ടിവരുന്ന സാമൂഹ്യപ്രശ്‌നങ്ങൾ, ഇവർ അനുഭവിക്കുന്ന ദുരിതം എന്നിങ്ങനെ. എന്നാൽ ‘അവനോവിലോന' കഥാപാത്രങ്ങളെ ഈ അവസ്ഥയിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നതെങ്കിലും ഇവരുടെ മനസ്സിലേക്ക് കടക്കുകയും സിനിമ പുരോഗമിക്കവെ മനുഷ്യൻ അഭിമുഖീകരിക്കുന്ന പല അടിസ്ഥാന വിഷയങ്ങളിലേക്കും പോവുകയും ചെയ്യുന്നു.

‘അവനോവിലോന'യിലെ ഒരു രംഗം

സുവിശേഷം പറഞ്ഞു നടക്കുന്ന പത്രോസ്. ട്രാൻസ്‌ജെന്ററായ എഡ്ഡിയാണ് അയാളുടെ മകൻ. അയാൾ ഒരു ലൈംഗികത്തൊഴിലാളിയുമാണ്. മകൾ ഉർസൂല കന്യാസ്ത്രീയാണ്. പിന്നെ എഡ്ഡിയുടെ കൂടെയുള്ള ആണുങ്ങളും പെണ്ണുങ്ങളുമായ ലൈംഗികത്തൊഴിലാളികൾ. പിന്നെ നാം കാണുന്നത് ലൈംഗികത്തൊഴിലാളികളുടെ ‘കൂട്ടിക്കൊടുപ്പുകാര’നാവുന്ന പത്രോസിനെയാണ്. സിനിമയുടെ അവസാനഭാഗത്ത് അയാൾ ഭൗതികമായ എല്ലാം ഉപേക്ഷിച്ച്​ നഗ്‌നനായി അലയുന്നു. സിനിമ അവസാനിക്കുമ്പോൾ അച്ഛന്റെ അവസ്ഥയെ മറ്റൊരു രൂപത്തിൽ മകൻ പ്രകാശിപ്പിക്കുന്നു. അയാൾ ആദിയിലേക്കുള്ള യാത്ര ആരംഭിക്കുന്നു, അത് പിറകോട്ടുള്ള നടത്തമാണ്.

സിനിമയിൽ നിശ്ശബ്ദത ഇല്ല എന്നുപറയാം. ഈ ഒഴുക്കിൽ പ്രേക്ഷകർ എപ്പോഴും ഒഴുകുന്നു. ഈ ഒഴുക്കിനിടയിൽ സിനിമ മനസ്സിൽ പതിയുന്നുണ്ടോ എന്നുപോലും സംശയം.

എഡ്ഡി സ്ത്രീയായി മാറാൻ, കന്യാസ്ത്രീയായി മാറാൻ ആഗ്രഹിക്കുന്നു. അതുപോലെ സഹോദരി എഡ്ഡിയാവാനും ആഗ്രഹിക്കുന്നു. കഥാപാത്രങ്ങളുടെ മാനസികാവസ്ഥ, അല്ലെങ്കിൽ രാഷ്ട്രീയം സിനിമയിൽ എങ്ങിനെ ആവിഷ്‌കരിക്കുന്നു, സിനിമാ സങ്കേതങ്ങളെ എങ്ങിനെ ഉപയോഗിക്കുന്നു എന്നത് പ്രധാനമാണ്. എഡ്ഡിയും സഹോദരിയും രാത്രി തെരുവിലൂടെ കുറേ അലഞ്ഞ് അവസാനം തുറസ്സായ സ്ഥലത്ത് ഒരു ബഞ്ചിൽ ഇരിക്കുന്നു. (അയാൾ ചൂളമടിക്കുമ്പോൾ അവളും ചൂളമടിക്കുന്നുണ്ട്). സഹോദരി നമുക്കുനേരെ തിരിഞ്ഞിരിക്കുന്നു. എഡ്ഡി വലത്തോട്ടുതിരിഞ്ഞ് ദൂരെ നോക്കിയാണ് ഇരിക്കുന്നത്. അപ്പോൾ അവർക്കിടയിൽ അകലമുണ്ട്. അകലെ ട്രെയിൻ പോകുന്നു. കാക്കക്കരച്ചിൽ. അപ്പോൾ അയാൾ പറയുന്നു, അത് അപ്പനായിരിക്കാം. തുടർന്ന് കൂട്ടിച്ചേർക്കുന്നു: ‘‘അച്ഛനില്ലാതെ ഞാൻ തനിച്ചെങ്ങിനെ ഇനി? ഉപദേശി പത്രോസിന്റെ ഭ്രാന്തും...''
ക്യാമറാ ആംഗിളും ഫ്രെയിമിംഗിന്റെ പ്രത്യേകതയും കാരണം ഇവർ തമ്മിലുള്ള അകലം ഇല്ലാതായിവരുന്നു. അതിലൂടെ അയാളുടെ കന്യാസ്ത്രീ (സ്ത്രീ) ആവാനുള്ള അദമ്യമായ ആഗ്രഹവും അതുപോലെ സഹോദരിയുടെ എഡ്ഡിയാവാനുള്ള ആഗ്രഹവും അവതരിപ്പിക്കുന്നു.

എഡ്ഡിയെ പോലെ അച്ഛനും സഹോദരിയും ത്രിശങ്കു അവസ്ഥയിലാണ്. ഈ അവസ്ഥയെ സിനിമയിൽ എങ്ങനെ അവതരിപ്പിക്കുന്നു എന്നതും ശ്രദ്ധേയമാണ്. എഡ്ഡി താമസിക്കുന്ന മുറിയുടെ വാതിൽപ്പടി ഇത്തരത്തിലുള്ള ഒരു സൂചനയാണ്. ഒരു സന്ദർഭത്തിൽ അസുഖം ബാധിച്ച അച്ഛൻ ഈ പടിയിൽ തലവെച്ചാണ് കിടക്കുന്നത്. ശരീരം മുറിക്ക് പുറത്താണ്. അച്ഛൻ തലവെച്ചു കിടക്കുന്ന പടി കടന്നാണ് മകൻ അകത്തേക്ക് പോവുന്നത്. അതിലൂടെത്തന്നെയാണ് അയാൾ കന്യാസ്ത്രീയുടെ വേഷമിട്ട് പുറത്തേക്ക് തിരിച്ചു വരുന്നതും. പടി അകത്തും പുറത്തും അല്ലാത്ത അവസ്ഥയെ സൂചിപ്പിക്കുന്നതാണല്ലോ. എഡ്ഡി പുറത്തേക്ക് പോവുന്നത് സന്ധ്യാസമയത്താണ്, പകലിനും രാത്രിക്കും ഇടയിലുള്ള നേരത്ത്. ഈ രീതിയിലുള്ള വിഭജനവും, ത്രിശങ്കു അവസ്ഥയും ഫ്രെയിം ചിത്രീകരിച്ച രീതിയിലും കാണാം. പലപ്പോഴും ഫ്രെയിമിനെ രണ്ടായി പാകുന്ന രീതിയിലാണ് അവതരിപ്പിക്കുന്നത്.

ആവാസവ്യൂഹത്തിൻറെ സംവിധായകൻ കൃഷാന്ത്

ആവാസവ്യവസ്ഥ, പ്രകൃതിയുടെ നാശം, പ്രകൃതിയിലേക്കുള്ള കടന്നുകയറ്റം, നക്‌സൽ അറസ്റ്റ് എന്നിങ്ങനെയുള്ള പല പ്രശ്‌നങ്ങളും അവതരിപ്പിക്കുന്നു, നല്ല സിനിമയ്ക്കുള്ള സംസ്​ഥാന പുരസ്‌കാരം നേടിയ കൃഷാന്തിന്റെ ‘ആവാസവ്യൂഹം'. കൊച്ചിയിലെ പുതുവൈപ്പിനാണ് സിനിമ പശ്ചാത്തലം. ഇവിടെ വരുന്ന എൽ.പി.ജി. ടെർമിനൽ പദ്ധതിക്കെതിരെ നടന്ന പ്രതിഷേധങ്ങൾ, ലാത്തിച്ചാർജ്, പുതുവൈപ്പിനിൽ നിലനിൽക്കുന്ന 144 - ഇതൊക്കെയും സിനിമ അവതരിപ്പിക്കുന്നു. വിവിധതരം ഉഭയജീവികളെയും അവയുടെ ആവാസവ്യവസ്ഥകളെയും കുറിച്ചു പറയുന്ന ഡോക്യുമെന്ററിയായി ആരംഭിച്ച് ഒരു സൂപ്പർ ഹീറോ ത്രില്ലറായി മാറുന്നു സിനിമ.

എവിടെനിന്നോ വരുന്ന ജോയ് എന്ന കഥാപാത്രം തന്നെ സഹായിക്കുന്നവർക്ക് രക്ഷകനും എതിർക്കുന്നവർക്ക് ഘാതകനും ആണ്.
സിനിമ പ്രകൃതിക്കുമേലുള്ള കടന്നുകയറ്റങ്ങളെ വിമർശനാത്മകമായി അവതരിപ്പിക്കുന്നു. എന്നാൽ, ഒരു വിഭാഗത്തിന്റെ പ്രവർത്തികളെ വിമർശിക്കുമ്പോഴും അതേ പ്രവർത്തികൾ ചെയ്യുന്ന മറ്റൊരു വിഭാഗത്തിന്റെ പ്രവർത്തികൾക്കെതിരെ മൗനം പാലിക്കുന്നു. കോർപറേറ്റുകൾ, അവരുടെ ഇടനിലക്കാർ എന്നിവരെ പോലെത്തന്നെ മറ്റൊരു വിഭാഗം, ഭരിക്കുന്നവരും അല്ലാത്തവരും പ്രകൃതിയെ ചൂഷണം ചെയ്യുന്നുണ്ട്. ഇക്കാര്യത്തെ കുറിച്ച് സിനിമ ഒന്നും പറയുന്നില്ല. ആ വിഭാഗത്തെ സ്പർശിക്കാൻ സംവിധായകൻ മടിക്കുന്നു. ഈ മറച്ചുപിടിക്കലാണ് സിനിമയുടെ സൂക്ഷ്മരാഷ്ട്രീയം. ഇത് ആരും ചർച്ചചെയ്തിട്ടില്ല.

വിവിധതരം ഉഭയജീവികളെയും അവയുടെ ആവാസവ്യവസ്ഥകളെയും കുറിച്ചു പറയുന്ന ഡോക്യുമെന്ററിയായി ആരംഭിച്ച് ഒരു സൂപ്പർ ഹീറോ ത്രില്ലറായി മാറുന്ന സിനിമയാണ് ആവാസവ്യൂഹം

ഡോക്യുമെന്ററി, മോക്യുമെന്ററി, ഫിക്ഷൻ, ടി.വി ഫോർമാറ്റ്, അരങ്ങേറ്റപ്പെട്ടത്, നാലാം ചുമർ തകർക്കൽ- സിനിമ പല ശൈലികൾ ഉപയോഗിക്കുന്നു. നിലയ്ക്കാത്ത ചലനങ്ങളാണ് സിനിമയുടെ പ്രത്യേകത- ക്യാമറയുടെ ചലനം, കഥാപാത്രങ്ങളുടെയും വസ്തുക്കളുടെയും ചലനം, ഒപ്പം തുടക്കം മുതൽ ഒടുക്കം വരെ ഒരിയ്ക്കലും നിലയ്ക്കാത്ത ശബ്ദപഥം. സിനിമയിൽ നിശ്ശബ്ദത ഇല്ല എന്നുപറയാം. ഈ ഒഴുക്കിൽ പ്രേക്ഷകർ എപ്പോഴും ഒഴുകുന്നു. ഈ ഒഴുക്കിനിടയിൽ സിനിമ മനസ്സിൽ പതിയുന്നുണ്ടോ എന്നുപോലും സംശയം. പ്രേക്ഷകരെ ‘പിടിച്ചിരുത്തുന്ന' ഈ ശൈലിക്കുള്ളിലൂടെയാണ് സിനിമ മുകളിൽ സൂചിപ്പിച്ച രീതിയിലുള്ള പലതും ഒളിച്ചുകടത്തുന്നത്.

ഒരു വീട്ടിനകത്തിരിക്കുന്ന ജോയ് എന്ന കഥാപാത്രത്തെ മതം എങ്ങനെ ചൂഷണം ചെയ്യുന്നു എന്ന് സിനിമ അവതരിപ്പിക്കുന്നുണ്ട്. ഈ അത്ഭുതജീവിയെ ദൈവത്തിന്റെ അവതാരമാക്കി, ജനങ്ങൾക്ക് അയാളെ കാണാനായി ക്രിസ്ത്യൻ പുരോഹിതനും സഹായിയും അവരിൽ നിന്ന് പണം വാങ്ങിക്കുന്നു. അപ്പോൾ അവർ മത പ്രഭാഷണം നടത്തുന്നുണ്ട്. ഈ രീതിയിലുള്ള മതവിമർശനം എത്രയോ കാലമായി നമ്മുടെ സിനിമകൾ നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ഇത് വി.കെ.എന്നിന്റെ ഭാഷ കടമെടുത്താൽ പഴങ്കഞ്ഞിയാണ്. പുതുക്കൽ എല്ലാത്തിലും ആവശ്യമാണ്.

'ചവിട്ട്' ൻറെ സംവിധായകരായ ഷിനോസ് റഹ്മാനും സജാസ് റഹ്മാനും. / Photo : Shinos Rahman, Fb Page

ഈ സിനിമയുടെ പ്രധാന ഗുണമായി പറയുന്നത് സിനിമ ബോറടിപ്പിക്കുന്നില്ല എന്നാണ്. അതേസമയം ‘പ്രാപ്പെട' ബോറടിപ്പിക്കുന്നു എന്നും പരാതിയുണ്ട്. എന്താണ് ബോറടി / വിരസത എന്ന കാര്യം ചിന്തനീയമാണ്. വിരസത മറ്റുപല കാരണങ്ങൾക്കും ഒപ്പം സൗന്ദര്യാത്മക താൽപ്പര്യങ്ങളുടെ അഭാവത്തിൽ നിന്നും ഉണ്ടാകാം എന്ന് പറയുന്നു. സൗന്ദര്യാത്മക താൽപര്യം കലയെ സംബന്ധിക്കുന്ന പ്രധാന വിഷയമാണ്. അതുകൊണ്ടാണ് പ്രത്യേക രീതിയിലുള്ള സിനിമകൾ മാത്രം കാണുന്നവർക്ക് വ്യത്യസ്തമായ സിനിമകൾ കാണുമ്പോൾ ബോറടിക്കുന്നത്.

മറ്റൊന്ന്, സിനിമയിൽ നിന്ന്, ഉള്ളടക്കത്തിലും രൂപത്തിലും നാം ചില കാര്യങ്ങൾ പ്രതീക്ഷിക്കുന്നു. നാം ആ രീതിയിലാണ് ശീലിച്ചത്. ‘ആവാസവ്യൂഹം' പ്രേക്ഷകരുടെ പ്രതീക്ഷകളെ പൂരിപ്പിക്കുന്നു. അപ്പോൾത്തന്നെ അവർക്ക് എല്ലാം ‘മനസ്സിലാവുന്നു', സംവിധായകൻ എന്താണ് പറയുന്നത് എന്ന് വ്യക്തമാവുന്നു. ‘പ്രാപ്പെട' ‘മനസ്സിലാക്കാൻ ' ബുദ്ധിമുട്ടുള്ളതാകയാൽ പ്രേക്ഷകരുടെ പ്രതീക്ഷകളെ പൂരിപ്പിക്കുന്നില്ല. അതുകൊണ്ടായിരിക്കും ഈ സിനിമ ബോറടിപ്പിക്കുന്നത്. എന്നാൽ സിനിമ / കല പ്രേക്ഷകരുടെ പ്രതീക്ഷകൾക്കും അപ്പുറം പോകേണ്ടേ?

'ചവിട്ട്' ൽ നിന്ന്

രണ്ടാമത്തെ നല്ല സിനിമയായി തെരഞ്ഞെടുക്കപ്പെട്ട റഹ്​മാൻ സഹോദരന്മാർ സംവിധാനം ചെയ്ത ‘ചവിട്ട് ' ഒരു നാടകസംഘത്തെ കുറിച്ചാണ്. ഒരു സംഘടനയുടെ ക്ഷണപ്രകാരം അവരുടെ വാർഷികത്തിന് നാടകം കളിക്കാനെത്തുന്ന നാടക കൂട്ടായ്മയുടെ പല സന്ദർഭങ്ങളിലുള്ള റിഹേഴ്സ​ൽ നാം കാണുന്നു. ചില്ലറ സമരവുമായി ബന്ധപ്പെട്ട നാടകം ഒരു ആദിവാസി വിഭാഗം ചവിട്ടി പാടി കളിക്കുന്ന ചവിട്ട് എന്ന കലാരൂപത്തിന്റെ ശൈലിയിലുള്ളതാണ്. എന്നാൽ വൈകിയതുകാരണം സംഘാടകർ നാടകം പിന്നീട് കളിക്കാമെന്ന് അറിയിക്കുന്നു.

ഇന്ന് നാം പൊതുവെ സാമൂഹിക- രാഷ്ട്രീയ വിഷയങ്ങളെ ബൈനറിയിലൂടെയാണ് ചർച്ചചെയ്യുന്നത്. ഈ സിനിമയും അതേസമീപനമാണ് പിന്തുടരുന്നത്; ഇടത്-വലത്, പുരോഗമനം-പിന്തിരിപ്പത്തരം എന്നിങ്ങനെ. സംഘാടകരുടെ മീറ്റിംഗ് പ്രാർത്ഥന ചെല്ലുന്നത് മുതൽ ഭക്ഷണം കഴിക്കുന്നതുവരെ വിശദമായി അവതരിപ്പിക്കുന്നു. അതിനുശേഷമാണ് നാടകം പിന്നീട് കളിക്കാമെന്ന് പറയുന്നത്. മീറ്റിംഗിൽ ഒരാൾ ദീർഘമായി പ്രസംഗിക്കുന്നുണ്ട്. ഈ മനുഷ്യന്റെ രൂപഭാവങ്ങളിലൂടെ ഇദ്ദേഹം ഹിന്ദുത്വത്തെ പ്രതിനിധീകരിക്കുന്ന ആളാണ് എന്ന് വ്യക്തമാക്കുന്നു. ഇദ്ദേഹം ഒരു സന്ദർഭത്തിൽ ആമയെ കുറിച്ച് സംസാരിക്കുന്നുണ്ട്. ഇതിനെ കൂർമ്മാവതാരവുമായും മറ്റും ബന്ധിപ്പിക്കുന്നുണ്ട്. ഇത്രയും ദൈർഘ്യമായി ഇതൊക്കെയും അവതരിപ്പിക്കുന്നതിലൂടെ സംവിധായകൻ ഈ മനുഷ്യന്റെ പിന്തിരിപ്പത്തരവും നാടകക്കാരുടെ പുരോഗമനത്വവും അവതരിപ്പിക്കുകയാണ്. എന്നാൽ കഥയറിയാതെയാണ് സംവിധായകൻ ഈ മനുഷ്യനെക്കൊണ്ട് ആമയെ കുറിച്ച് ഈ രീതിയിൽ പ്രഭാഷണം നടത്തിക്കുന്നത്. നമ്മുടെ ഇതിഹാസ-പുരാണങ്ങളിൽ ആമയെ ഈ പറയുന്ന രീതിയിലല്ല അവതരിപ്പിക്കുന്നത്. ആമയും, അതുപോലെ പലതും പ്രതീകങ്ങളായാണ് ഇവിടെ ഉപയോഗിക്കുന്നത്. ഇക്കാര്യം അറിയാത്തതുകൊണ്ടാണ് പുരോഗമവാദിയായ സംവിധായകൻ ഈ മനുഷ്യനെക്കൊണ്ട് ഈ രീതിയിൽ പ്രസംഗിപ്പിച്ച് അയാളുടെ പിന്തിരിപ്പത്തരം അവതരിപ്പിക്കുന്നത്.

ഡോൺ പാലത്തറ

ഭരണവർഗ്ഗ പ്രത്യയശാസ്ത്രത്തിനുനേരെ തൊഴിലാളി വർഗത്തിന്റെ ചവിട്ട്, അധികാരത്തിന്റെ മുഖത്തേക്കുള്ള ചവിട്ട് എന്നീ രീതികളിലാണ് ഈ സിനിമയെ കുറിച്ചുള്ള പല എഴുത്തുകളും. ഇതുതന്നെ ഒരു ക്ലീഷേയാണ്. സിനിമയിൽ ഈ രീതിയിലുള്ള പ്രതിഷേധം നാം നിരവധി കണ്ടുകഴിഞ്ഞു. ഒരു സിനിമയിൽ ക്ഷുഭിതനായ യുവാവ് വ്യവസ്ഥിതിക്കെതിരെ കല്ലെറിയുന്നുണ്ട്. മറ്റൊരു സിനിമയിൽ എറിയാൻ ഓങ്ങിയ കല്ല് മറ്റൊരാൾ താഴെയിടുന്നുണ്ട്. ചൂട്ടുകത്തിച്ച് അധികാരത്തിന്റെ മുഖത്ത് കുത്തണം എന്ന് കടമ്മനിട്ട എഴുതുകയുണ്ടായി. ഈ സാഹചര്യത്തിൽ പ്രതിഷേധിക്കാൻ നാം പുതിയ രീതികൾ / ആവിഷ്‌കാരങ്ങൾ കണ്ടെത്തേണ്ടിയിരിക്കുന്നു.

സിങ്ക് സൗണ്ടിനുള്ള അവാർഡ് നേടിയ സിനിമയാണ് ഡോൺ പാലത്തറയുടെ ‘സന്തോഷത്തിന്റെ ഒന്നാം രഹസ്യം'. 85 മിനിട്ട് ദൈർഘ്യമുള്ള ഈ സിനിമ ഒറ്റ ഷോട്ടിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഒരു കാറിൽ യാത്രചെയ്യുന്ന ലിവ്- ഇൻ ദമ്പതികളായ യുവാവും യുവതിയുമാണ് സിനിമയിലെ കഥാപാത്രങ്ങൾ.

'സന്തോഷത്തിൻറെ ഒന്നാം രഹസ്യം' സിനിമയിൽ ജിതിൻ പുത്തഞ്ചേരയും റിമ കല്ലിങ്കലും

യുവതി ഒരു റിപ്പോർട്ടറാണ്. സ്ഥിരവരുമാനമൊന്നുമില്ലാത്ത ഒരു നടനാണ് യുവാവ്. അവരുടെ ബന്ധത്തെക്കുറിച്ച് മാതാപിതാക്കൾക്ക് അറിവില്ല. യുവതി ഗർഭിണിയാണോ എന്ന് സംശയമുള്ളതിനാൽ പരിശോധനയ്ക്കായി അവർ ക്ലിനിക്കിലേക്ക് പോവുകയാണ്. ഒരു കുഞ്ഞ് ഈ അവസ്ഥയിൽ വലിയ ഉത്തരവാദിത്തമാണെന്നതിനാൽ സമ്മർദ്ദത്തിലായ ദമ്പതികൾ വഴക്കിടുന്നു.
കേരളത്തിൽ ഒറ്റ ഷോട്ടിലുള്ള ഒരു സിനിമ പുതുമയായിരിക്കാം. എന്നാൽ, ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും ഒറ്റ ഷോട്ടിൽ ഒരു സിനിമ ഇന്ന് പുതുമയല്ല. അപ്പോൾ ഒറ്റ ഷോട്ടിലുള്ള ഒരു സിനിമയിൽ നാം എന്തെങ്കിലും പുതുമ കൊണ്ടുവരുന്നുണ്ടോ എന്നതാണ് വിഷയം. ആ രീതിയിലുള്ള ശ്രമം സംവിധായകന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.

ജോൺ അബ്രഹാം ജനങ്ങളിൽ നിന്ന് പണം പിരിച്ചാണ് ‘അമ്മ അറിയാൻ ' ഉണ്ടാക്കിയത്. എന്നാൽ ഇതുകൊണ്ടുമാത്രമല്ല ജോണിന്റെ സിനിമ നല്ലതാവുന്നത്. ആ സിനിമയിൽ അദ്ദേഹത്തിന്റെ പ്രതിഭ പ്രകടമാണ്.

മന്ദതാളത്തിനും ദൈർഘ്യമേറിയ ഷോട്ടുകൾക്കും ആർട്ട് ഹൗസ് മേഖലയിൽ കുറേ കാലം വലിയ പ്രചാരം ലഭിക്കുകയുണ്ടായി, സ്ലോ സിനിമ എന്നൊരു വിഭാഗംതന്നെയുണ്ടായി. ഇത് സിനിമയിലെ കാലം എന്ന ആശയവുമായി ബന്ധപ്പെടുത്തി പുതിയ രീതിയിലാണ് ഉപയോഗിച്ചിരുന്നത്. അപ്പോൾ ഇത് പ്രേക്ഷകരെ ആകർഷിച്ചു. എന്നാൽ ഇപ്പോൾ ഇതിന് പുതുമ നഷ്ടപ്പെട്ടു, പ്രേക്ഷകർ ഇപ്പോൾ പഴയതുപോലെ ആശ്ചര്യപ്പെടുന്നില്ല. ബഹുജന വിപണിയെ ലക്ഷ്യമാക്കിയുള്ള ദ്രുതഗതിയിലുള്ള, അക്രമാത്മകമായ, വലിയ തോതിൽ ആക്ഷനുള്ള സിനിമകൾക്കെതിരെയായിരുന്നു മന്ദതാളത്തിലുള്ള സിനിമകൾ ഉണ്ടായത്. എന്നാൽ സിനിമയിലെ മറ്റ് ചലനങ്ങൾ പോലെ (കലയിലേയും) മുഖ്യധാര അത് ഉൾക്കൊള്ളാൻ തുടങ്ങി, ആഗിരണം ചെയ്തുതുടങ്ങി.

ജോൺ അബ്രഹാമിൻറെ ‘അമ്മ അറിയാൻ ' സിനിമയിലെ ഗംഗം

ഡോണിന്റെ ഒറ്റ ഷോട്ട് സിനിമയുടെ പശ്ചാത്തലത്തിൽ, ഒറ്റ ഷോട്ട് വ്യത്യസ്തമായി ഉപയോഗിച്ച രണ്ടു സിനിമകളെ പരാമർശിക്കട്ടെ. അലക്‌സാണ്ടർ സൊക്കുറോവ് സംവിധാനം ചെയ്ത റഷ്യൻ ആർക്ക് (2002, 96 മിനിട്ട്), ആഷിഷ് അവികുന്തക് സംവിധാനം ചെയ്ത രതി ചക്രവ്യൂഹ് (2013, 102 മിനിട്ട്) എന്നിവയാണ് ഈ സിനിമകൾ. റഷ്യൻ ആർക്ക് റഷ്യൻ ഹെർമിറ്റേജ് മ്യൂസയത്തിലെ വിന്റർ പാലസിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഈ പാലസിന്റെ മുറികളിലൂടെ ക്യാമറ സഞ്ചരിക്കുകയാണ്. അപ്പോൾ അത് റഷ്യയുടെ ചരിത്രത്തിന്റെ പല കാലങ്ങളിലൂടെയുള്ള സഞ്ചാരമാവുന്നു. രതി ചക്രവ്യൂഹ് എന്ന സിനിമയിൽ ഒരു ചന്ദ്രഗ്രഹണദിവസം അർദ്ധരാത്രി ഒരു സമൂഹവിവാഹത്തിനുശേഷം വിജനമായ ഒരു ക്ഷേത്രത്തിൽ ആറ് നവ വധൂവരന്മാരും ഒരു പുരോഹിതയും ഒത്തുചേരുന്നു. ക്ഷേത്രത്തിനകത്ത് വൃത്തത്തിലിരുന്ന്​ ഇവർ സംസാരിക്കുന്നു. ഇവരുടെ സംഭാഷണങ്ങൾ ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് ഒരു റിലേ പോലെ പുരോഗമിക്കുന്നു. ഇവർക്കുനടുവിൽ 360 ഡിഗ്രിയിൽ ക്യാമറ സിനിമ മുഴുവൻ തിരിയുന്നു. അപ്പോൾ ശബ്ദങ്ങളുടെയും ക്യാമറാ ചലനത്തിന്റെയും ഒരു ചുഴിയിൽ അകപ്പെട്ടതായി നമുക്ക് അനുഭവപ്പെടുന്നു.

ഈ സിനിമകളെല്ലാം ഡിജിറ്റലിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ഡിജിറ്റലിൽ ചിത്രീകരിച്ചതുകൊണ്ടോ, അല്ലെങ്കിൽ ഒറ്റ ഷോട്ടിൽ ചിത്രീകരിച്ചതുകൊണ്ടോ മാത്രം ഒരു സിനിമ മഹത്തരമാവുന്നില്ല. ഡിജിറ്റൽ ഒരു ടൂൾ മാത്രമാണ്. ഈ ടൂൾ എന്തിനുവേണ്ടി, എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് വിഷയം, അത് നിലനിൽക്കുന്നതിൽ നിന്ന് വ്യത്യസ്തമാമോ എന്നതാണ്. അപ്പോൾ കടന്നുവരുന്നത് സംവിധായകരുടെ സർഗ്ഗാത്മകതയെ കുറിച്ചുള്ള ആലോചനകളാണ്. സിനിമ സെല്ലുലോയ്ഡിൽ ആവട്ടെ, ഡിജിറ്റലിൽ ആവട്ടെ, വിഷയം സംവിധായകന്റെ വിഷൻ ആണ്, സംവിധായകന്റെ സർഗാത്മകതയാണ്. ജോൺ അബ്രഹാം ജനങ്ങളിൽ നിന്ന് പണം പിരിച്ചാണ് ‘അമ്മ അറിയാൻ ' ഉണ്ടാക്കിയത്. എന്നാൽ ഇതുകൊണ്ടുമാത്രമല്ല ജോണിന്റെ സിനിമ നല്ലതാവുന്നത്. ആ സിനിമയിൽ അദ്ദേഹത്തിന്റെ പ്രതിഭ പ്രകടമാണ്. ഇതുപോലെ മറ്റൊരാൾ ജനങ്ങളിൽ നിന്ന് പണം പിരിച്ച് സിനിമയുണ്ടാക്കിയാൽ, അയാൾക്ക് ഭാവന ഇല്ലെങ്കിൽ ആ സിനിമ നന്നാവില്ല. ▮


പി.കെ. സുരേന്ദ്രൻ

സിനിമാ സംബന്ധിയായ ലേഖനങ്ങളെഴുതുന്നു. മുംബൈയിൽ ദീർഘകാലം ഫിലിം സൊസൈറ്റി പ്രസ്​ഥാനത്തിൽ സജീവമായിരുന്നു. അഞ്ചു ക്യാമറകൾ ജീവിതം പറയുന്നു, സിനിമ പാതി ​പ്രേക്ഷകൻ ബാക്കി, സിനിമ വാക്കുകളിൽ കാണുമ്പോൾ, ആഖ്യാനത്തിന്റെ പിരിയൻ കോവണികൾ എന്നീ പുസ്​തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments