ഭാവനയുടെ മാന്ത്രികത അനുഭവിക്കാം, വരൂ, അലഹാന്ദ്രോയിലേക്ക്​

മാന്ത്രികമായ എഡിറ്റിങ്, ചലച്ചിത്രസാങ്കേതികതയുടെ വിഭ്രമിപ്പിക്കുന്ന ഉപയോഗം, പ്രതീകാത്മകത, ധ്വനനശേഷി മുതലായവ നിറഞ്ഞുതുളുമ്പുന്ന സർറിയലിസ്​റ്റിക്​​ അനുഭവത്തിലേക്ക്​, തിയേറ്ററിൽ അനുഭവിക്കാൻ കഴിയുന്ന ഷോക്കിലേക്ക്​ പ്രേക്ഷകരെ കൊണ്ടുപോകുന്ന അലഹാന്ദ്രോ ജോഡോറോവ്‌സ്‌കിയുടെ സിനിമകൾ, ഇത്തവണ ചലച്ചിത്രമേളയുടെ പ്രധാന ആകർഷണങ്ങളിലൊന്നായിരിക്കും.

1929 ൽ പുറത്തിറങ്ങിയ ലൂയി ബുനുവേലിന്റെ പ്രസിദ്ധ സിനിമയായ ഉൻ ചിയാൻ ആൻഡലോയോടെ(Un chien Andalou) യാണ് പ്രേക്ഷകരുടെ കാഴ്ചയെ നെടുകെപ്പിളർന്ന്​ സർറിയലിസം ലോകസിനിമയിൽ അരങ്ങുവാഴാനാരംഭിക്കുന്നത്. പൂർണചന്ദ്രനെ നോക്കിനിൽക്കുന്ന സ്ത്രീയുടെ വിടർന്ന കണ്ണുകൾ ഒരു റേസർ ബ്ലേഡുപയോഗിച്ച് രണ്ടായി പകുത്തുകൊണ്ടാണ് സിനിമ തുടങ്ങുന്നത്. തിയേറ്ററിൽ അതുണ്ടാക്കിയ ഷോക്ക്, മാന്ത്രികമായ എഡിറ്റിങ്, ചലച്ചിത്രസാങ്കേതികതയുടെ ഉപയോഗം, അതിന്റെ മനഃശ്ശാസ്ത്രപരമായ അടിവേരുകൾ, പ്രതീകാത്മകത, ധ്വനനശേഷി മുതലായവ പിന്നീട് സിനിമയിലെ സർറിയലിസത്തിന്റെ അളവുകോലായി മാറുന്നുണ്ട്.

ഉൻ ചിയാൻ ആൻഡലോ പുറത്തിറങ്ങിയ 1929 ൽ ജനിച്ച അലഹാന്ദ്രോ ജോഡോറോവ്‌സ്‌കി, ആ ഹ്രസ്വചിത്രത്തിനൊപ്പം, നൂറുവർഷം തികയ്ക്കാൻ ഏതാനും വർഷങ്ങൾ മാത്രം അവശേഷിക്കുമ്പോഴും സിനിമയിലെ സർറിയലിസ്റ്റിക് വഴിയുടെ പതാകാവാഹകനായി നിലകൊള്ളുന്നുണ്ട്.
ചിലിയിൽ ജനിച്ച് മെക്‌സിക്കോയിലും ഫ്രാൻസിലുമായി ജീവിച്ച അലഹാന്ദ്രോ ജോഡോറോവ്‌സ്‌കി, തന്റെ പാശ്ചാത്യവിരുദ്ധ സമീപനത്തെ തുറന്നുകാട്ടിയ എൽ ടോപ്പോ (El Topo /1970) എന്ന ചിത്രത്തോടെ അണ്ടർഗ്രൗണ്ട് സിനിമയുടെ അനിഷേധ്യവക്താവായിത്തീരുന്നുണ്ട്. പിന്നീട് പുറത്തുവന്ന ദ ഹോളി മൗണ്ടൻ (The Holy Mountain-1973), സാന്താ സാംഗ്രെ (Santa Sangre- 1989) എന്നീ സിനിമകൾ അദ്ദേഹത്തിന്റെ സർ റിയലിസ്റ്റ് ഭാവനയുടെയും ദൃശ്യാഖ്യാനചാതുരിയുടെയും വശ്യത ബോധ്യപ്പെടുത്തിയവയാണ്.

ഉൻ ചിയാൻ ആൻഡലോ
ഉൻ ചിയാൻ ആൻഡലോ

എന്നാൽ പലവിധ കാരണങ്ങളാൽ ജോഡോറോവ്‌സ്‌കി രണ്ടുദശാബ്ദക്കാലം സിനിമയിൽനിന്ന്​ വിട്ടുനിൽക്കുന്നുണ്ട്. പിന്നീടദ്ദേഹം തന്റെ ആത്മകഥാപരമായ സിനിമാപരമ്പരയുടെ ആദ്യഭാഗമായ ദ ഡാൻസ്​ ഓഫ്​ റിയാലിറ്റി (The Dance of Reality-2013) യുമായി നമ്മെ വിസ്മയിപ്പിച്ച്​ വീണ്ടും സിനിമയിലെത്തുന്നു. അഞ്ചു ഭാഗങ്ങൾ വിഭാവനം ചെയ്ത ആത്മകഥാപരമ്പരയുടെ രണ്ടാംഭാഗം എൻഡ്​ലസ്​ പോയട്രി (Endless Poetry -2016) അദ്ദേഹത്തിന്റെ ചലച്ചിത്രസിദ്ധികളുടെ അത്ഭുതകരമായ സന്നിവേശമായി പ്രേക്ഷകരെ വിസ്മയിപ്പിച്ചു. അദ്ദേഹത്തിന്റെ ചലച്ചിത്രജീവിതത്തിലെ ഈ പ്രധാനപ്പെട്ട അഞ്ചുചിത്രങ്ങളും 27-മത്​ ഐ.എഫ്.എഫ്.കെയുടെ ‘അലഹാന്ദ്രോ ജോഡോറോവ്‌സ്‌കി റിട്രോസ്‌പെക്റ്റീവി'ൽ കാണാമെന്നത് സിനിമയിലെ സർറിയലിസ്റ്റ് ഭാവനയെ പ്രണയിക്കുന്നവർക്കുള്ള വിരുന്നാണ്.

പ്രകോപനപരമായ ഒരു നാടകീയത ജോഡോറോവ്‌സ്‌കി ചിത്രങ്ങൾക്കുണ്ടാവും. വസ്ത്രധാരണം, ആംഗ്യങ്ങൾ, ചലനം മുതലാവയിലൂടെ വാക്കുകൾക്കതീതമായ ഒരാശയവിനിമയരീതിയ്ക്കാണ് അദ്ദേഹം എല്ലായ്‌പ്പോഴും ഊന്നൽ നൽകുക. രൂപകാത്മകമായും ഉദാത്തമായും വേണം കലയിലെ ആശയവിമിമയം എന്ന നിലപാടിന്റെ സാക്ഷ്യമാണ് ഈ രീതി.

ശാരീരിക വൈകല്യമുള്ള കഥാപാത്രങ്ങൾ, മതപരമായ പ്രതീകാത്മകതയെ ഉപയോഗിക്കുന്ന സമ്പ്രദായം, മനുഷ്യമനസ്സിന്റെ ആഴങ്ങളിൽ നിന്ന് കണ്ടെടുക്കുന്ന അസ്വസ്ഥജനകമായ സ്വഭാവപ്രകടനങ്ങൾ എന്നിവ പ്രേക്ഷക ശ്രദ്ധയെയും പ്രതീക്ഷകളെയും വെല്ലുവിളിക്കുന്ന തരത്തിൽ അദ്ദേഹം നിരന്തരം തന്റെ സിനിമകളിൽ നിബന്ധിക്കും. ‘ഫെല്ലിനിസ്‌ക്യൂ' എന്ന വിശേഷണത്തോടെ മാത്രം വിശദീകരിക്കാൻ കഴിയുന്ന (ഫെല്ലിനിയാണ് തന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച ചലച്ചിത്രകാരൻ എന്നദ്ദേഹം പറയുന്നുണ്ട്) തരത്തിൽ അസാധാരണ കഥാഗതികളും ധാർമികസംഹിതകളെ അട്ടിമറിക്കത്തക്ക പ്രകടനങ്ങളും അദ്ദേഹത്തിന്റെ സിനിമകളുടെ സ്വഭാവമായി തീരുന്നു. വൈയ്യക്തിക ദർശനങ്ങളോടും സ്വപ്നങ്ങളോടുമുള്ള അടുപ്പവും മനസ്സിന്റെ അടിത്തട്ടിൽ നിന്ന്​ ഒഴുകിപ്പരക്കുന്ന ലൈംഗികചിഹ്നങ്ങളും കൊണ്ട് ആ സിനിമകൾ ആധുനിക സർറിയലിസ്റ്റിക് ഭാവനയുടെ നിറവായി മാറുന്നു.

അലഹാന്ദ്രോ ജോഡോറോവ്‌സ്‌കി
അലഹാന്ദ്രോ ജോഡോറോവ്‌സ്‌കി

തന്റെ സിനിമകൾ എഴുതുകയും സംവിധാനം ചെയ്യുകയും സംഗീതം നൽകുകയും നിർമിക്കുകയും അഭിനയിക്കുകയും ചെയ്യുന്നതിലൂടെ മാനസികമായും ശാരീരികമായും തന്നെത്തന്നെ തുറന്നാവിഷ്‌കരിക്കുകയായിരുന്നു അദ്ദേഹം ചെയ്തിരുന്നത്. കലയും യാഥാർത്ഥ്യവും തമ്മിലും സാങ്കൽപ്പികലോകവും ദൈനംദിന ജീവിതവും തമ്മിലുമുള്ള വ്യത്യാസം മായ്ച്ചുകളയുന്നതിനുള്ള മിടുക്ക് ജോഡോറോവ്‌സ്‌കി സിനിമകളുടെ ട്രേഡ് മാർക്കായി മാറി. അത് ഒരുതരം മാന്ത്രികപരിവേഷം അദ്ദേഹത്തിന്റെ സിനിമകൾക്ക് സമ്മാനിച്ചു.

അലഹാന്ദ്രോ ജോഡോറോവ്‌സ്‌കി സിനിമകളുടെ ഏറ്റവും മികച്ച ആമുഖമാണ് എൽ ടോപ്പോ (El Topo /1970). അദ്ദേഹം ഈ സിനിമ എഴുതി സംവിധാനം ചെയ്യുക മാത്രമല്ല, പ്രധാന കഥാപാത്രമായ, താൻ ദൈവമാണെന്ന് അവകാശപ്പെടുന്ന, നിഗൂഢമായ കറുത്ത വസ്ത്രം ധരിച്ച ഗൺഫൈറ്ററുടെ വേഷം അഭിനയിക്കുകയും ചെയ്​തു. മരുഭൂമിയുടെ യജമാനന്മാരായ നാലുപേരെ കണ്ടെത്തി പോരാടാനുള്ള എൽ ടോപ്പോയുടെ അന്വേഷണമാണ് സിനിമ. ഒടുവിൽ അയാൾ, ഭൂമിക്കടിയിൽ താമസിക്കുന്ന പുറംതള്ളപ്പെട്ട മനുഷ്യരുൾപ്പെട്ട വിചിത്രമായ ഒരു സമൂഹത്തിന്റെ ഭാഗമായിത്തീരുന്നു. കാണുന്നവരാരും ഒരിക്കലും മറക്കാത്ത, അതുല്യമായ ഒരു സിനിമാനുഭവമാണ് എൽ ടോപ്പോ.

എൽ ടോപ്പോ (El Topo /1970)
എൽ ടോപ്പോ (El Topo /1970)

അതിശയകരവും മനോഹരവും രക്തരൂഷിതവും വിചിത്രവുമായ സർറിയലിസ്റ്റ് സിനിമ എന്നാണ് അലഹാന്ദ്രോ ജോഡോറോവ്‌സ്‌കിയുടെ രണ്ടാമത്തെ ചിത്രമായ ഹോളി മൗണ്ടൻ വിശേഷിപ്പിക്കപ്പെടുന്നത്. ജ്ഞാനോദയത്തിനായുള്ള ഒരാത്മീയാന്വേഷണമാണ് ചുരുക്കത്തിൽ ഈ സിനിമ. നമ്മുടെ സൗരയൂഥത്തിലെ ഗ്രഹങ്ങളെ പ്രതിനിധീകരിക്കുന്ന ഒരു കൂട്ടം ആളുകളെ, വിശുദ്ധ പർവതത്തിലേക്ക് കയറ്റാനും നിത്യജീവന്റെ രഹസ്യം തേടാനും ശ്രമിക്കുന്ന, നിഗൂഢതയും വൈദഗ്ദ്യവുമുള്ള ‘മാസ്റ്ററാ'യി ജോഡോറോവ്‌സ്‌കി തന്നെ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ഹോളി മൗണ്ടൻ സിനിമാറ്റിക് സൗന്ദര്യശാസ്ത്രത്തിലെ സൂക്ഷ്മമായ കലാസൃഷ്ടിയാണ്. ഒപ്പം ഉജ്ജ്വലമായ അസംബന്ധ പ്രഹസനവും. മതത്തെയും മുതലാളിത്തത്തെയും ഒരേസമയം പരിഹസിക്കുന്ന ഒരാക്ഷേപഹാസ്യരചന കൂടിയാണിത്. മനുഷ്യരാശിയുടെ ക്രൂരത, അജ്ഞത, അത്യാഗ്രഹം എന്നിവയെ എടുത്തുകാട്ടുമ്പോൾ തന്നെ ജീവിതത്തിന്റെയും മനുഷ്യചൈതന്യത്തിന്റെയും ആഘോഷവുമാവുന്നുണ്ട് ഈ സിനിമ.

ഹോളി മൗണ്ടൻ (THE HOLY MOUNTAIN/1973)
ഹോളി മൗണ്ടൻ (THE HOLY MOUNTAIN/1973)

ജോഡോറോവ്‌സ്‌കിയുടെ അതിശയിപ്പിക്കുന്ന മറ്റൊരു സൃഷ്ടിയാണ് സാന്താ സാംഗ്രെ. കലാപരമായ ഒരു മാസ്റ്റർപീസ് എന്ന് ഈ സിനിമ വിശേഷിപ്പിക്കപ്പെടുന്നു. ജോഡോറോസ്‌കിക്ക് മുഖ്യധാരാ അംഗീകാരം ഈ ചിത്രം നേടിക്കൊടുത്തു. ഉപരിതലത്തിൽ സാന്താ സാംഗ്രെ ഒരു സസ്‌പെൻസ്/ഹൊറർ സിനിമയാണ്, എന്നാൽ സൂക്ഷ്മമായി നോക്കിയാൽ, ഒരു സൈക്കോളജിക്കൽ ഡ്രാമയാണ്, ഒരു ബ്ലാക്ക് കോമഡിയാണ്.

അങ്ങനെ എളുപ്പം വർഗ്ഗീകരിക്കാൻ കഴിയാത്തവിധം പലവിധ മാനങ്ങളുള്ള ഒരു സിനിമയാണ്. അസ്വസ്ഥമാക്കുന്ന ഇമേജുകൾ, അക്രമത്തിന്റെയും ലൈംഗികതയുടെയും വിചിത്ര പ്രദർശനങ്ങൾ, സൂക്ഷ്മവും എന്നാൽ ഹാസ്യാത്മകവുമായ സൂചനകൾ എന്നിവയാൽ നിറഞ്ഞ ചിത്രമാണ് സാന്താ സാംഗ്രെ.ഒന്നിനുപുറകെ ഒന്നായി തിളങ്ങുന്ന വർണ്ണഷേഡുകളുടെ അമ്പരപ്പിക്കുന്ന ഉപയോഗം, സെൻസേഷണൽ മ്യൂസിക്കൽ ഗൈഡൻസ്, അസ്വസ്ഥമാക്കുന്ന തീമുകൾ, സിനിമയിൽ ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത കഥാപരിസരങ്ങൾ എന്നിവയാണ് ഈ ചിത്രത്തെ ജോഡോറോവോസ്‌കിയുടെ മികച്ച സൃഷ്ടിയെന്നു വിശേഷിപ്പിക്കപ്പെടാൻ ഇടയാക്കിയത്.

സാന്താ സാംഗ്രെ  (Santa Sangre 1989)
സാന്താ സാംഗ്രെ (Santa Sangre 1989)

ചിലിയിലെ ടോകോപില്ലയിലെ തന്റെ ബാല്യകാലമാണ് ഡാൻസ് ഓഫ് റിയാലിറ്റിയുടെ (The Dance of Reality / 2013/133 min ) പ്രമേയം. ചിത്രത്തിന്റെ പേര് അദ്ദേഹത്തിന്റെ ആത്മകഥയിൽ നിന്ന് എടുത്തതാണെങ്കിലും സിനിമ മറ്റൊരു രീതിയിലാണ് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.

പുസ്തകത്തിൽ പിതാവിന്റെ സ്വേച്ഛാധിപത്യസ്വഭാവത്തെക്കുറിച്ച് പറയുന്നത് സിനിമയിലാകുമ്പോൾ ചിലിയൻ സ്വേച്ഛാധിപതിയെ വധിക്കാനുള്ള ഒരു സാങ്കൽപ്പിക ഇതിവൃത്തമായി വികസിക്കുന്നു. അതിൽ പരാജയപ്പെടുന്ന അദ്ദേഹത്തിന്റെ പിതാവ് സ്വേച്ഛാധിപതിയുടെ കുതിരയെ വളർത്തുന്ന അടിമയായി മാറുന്നു. പൊക്കംകുറഞ്ഞ ഒരു സ്ത്രീയും ഒരു മരപ്പണിക്കാരനും കൂടിയാണ് അദ്ദേഹത്തെ അവിടെനിന്ന്​ രക്ഷിക്കുന്നത്. ഒരുതരത്തിൽ ഫാന്റസിയിലൂടെ ജോഡോറോവ്‌സ്‌കി ഈ സിനിമയിൽ ആവിഷ്‌കരിക്കുന്നത്, പിതാവിനോടുള്ള അദ്ദേഹത്തിന്റെ മനസ്സിനകത്തെ ഏറ്റുമുട്ടലുകളെയാണ്. മറ്റൊരുതരത്തിൽ സ്വന്തം യൗവനകാല ഫാന്റസികളുടെ സാക്ഷാത്കാരം തന്നെ.

ഡാൻസ് ഓഫ് റിയാലിറ്റി (The Dance of Reality / 2013)
ഡാൻസ് ഓഫ് റിയാലിറ്റി (The Dance of Reality / 2013)

അതെന്തായാലും, വ്യക്തിപരമായ ആഗ്രഹങ്ങളിലേക്കുള്ള അതിയാഥാർത്ഥ്യത്തിലൂടെയുള്ള ഒരു യാത്രയാണ് ഈ സിനിമ. ഒരിക്കലും സംഭവിക്കാത്ത ഒരു രക്ഷപ്പെടലിനെ പ്രതിനിധീകരിക്കുന്ന ഒന്നാണ് ഡാൻസ് ഓഫ് റിയാലിറ്റി. യാഥാർത്ഥ്യത്തിനുമേലുള്ള ആഗ്രഹത്തിന്റെ വിജയമായി കണ്ട് പ്രേക്ഷകർക്കും അതിനൊപ്പം ആനന്ദിക്കാനുള്ള അവസരം, മനഃശ്ശാസ്ത്രപരമായി ഈ സിനിമ നൽകുന്നുണ്ട്. 20 വർഷത്തെ ഇടവേളയ്ക്കുശേഷം ജോഡോറോസ്‌കി ചെയ്ത ഈ സിനിമ ഭാവനയും വൈകാരികതയും നിറഞ്ഞു കവിഞ്ഞ മനോഹരസൃഷ്ടിയായി വിലയിരുത്തപ്പെടുന്നു. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ചിത്രമായി ഈ സിനിമയെ കാണുന്ന നിരൂപകരുണ്ട്. കാനിൽ അടക്കം ലോകത്തെ ഒട്ടേറെ മേളകളിൽ ചിത്രത്തിന് വലിയ അംഗീകാരം ലഭിക്കുന്നുണ്ട്.

കൗമാരപ്രായത്തിലുള്ള ജോഡോറോസ്‌കിയുടെ ജീവിതമാണ് എൻഡ്​ലസ്​ പോയട്രിയിലൂടെ (Endless Poetry /2016/128 Min) യിലൂടെ ആവിഷ്‌കരിക്കുന്നത്. സാന്റിയാഗോയിൽ താമസിക്കുന്ന കലാഹൃദയമുള്ള ചെറുപ്പക്കാരനാണ് ഇതിലദ്ദേഹം. പിതാവിനെ, സ്വേച്ഛാധിപത്യത്തിന്റെ മറുവാക്കായ ഹിറ്റ്​ലറായാണ്​സിനിമയിൽ ചിത്രീകരിക്കുന്നത്. കൗമാരപ്രായത്തിലുള്ള തന്റെ പ്രതിഷേധം അടക്കിനിർത്താൻ കഴിയാതെ, തന്നോടുതന്നെ സമരം ചെയ്യുന്ന ഒരു കവിയുടെ സംഘർഷങ്ങളാണ് ഈ സിനിമ. കവിതയുടെയും ലൈംഗികതയുടെയും നിഗൂഢതകളിലേക്ക് നയിക്കുന്ന കവയിത്രിയായ ഡോമിനാട്രിക്‌സിൽ തന്റെ കാവ്യദേവതയെയാണ് അവൻ കണ്ടെത്തുന്നത്. ഈ സിനിമ തിന്മയെ നന്മയിലേക്ക് പരിവർത്തിപ്പിക്കുന്നതിന്റെ കേവലമായ ഉദാഹരണമല്ല. മറിച്ച്, ഇതിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാവരെയും, സംവിധായകനെയും അഭിനേതാക്കളെയും പ്രേക്ഷകരെയും ആന്തരികമായി പരിവർത്തിപ്പിക്കുന്ന ഒന്നാണ്. ആ ലക്ഷ്യം കൈവരിക്കുന്നതിനാണ് സിനിമയുടെ സർറിയലിസ്റ്റിക് ഘടകങ്ങൾ ജോഡോറോസ്‌കി പ്രയോജനപ്പെടുത്തുന്നത്.

എൻഡ്​ലസ്​ പോയട്രിയിലൂടെ (Endless Poetry /2016)
എൻഡ്​ലസ്​ പോയട്രിയിലൂടെ (Endless Poetry /2016)

കറുപ്പും വെളുപ്പും അസ്ഥികൂടത്തിന്റെ രൂപത്തിൽ മരണവും പിശാചും കണ്ടുമുട്ടുന്ന ഒരു ഉന്മാദനൃത്തത്തിൽ വെളുത്ത ചിറകുള്ള മാലാഖയുടെ വേഷം ധരിച്ച യുവ അലഹാന്ദ്രോയെ ഭാവനയുടെ ഈതർ നിറച്ച് മുകളിലേക്കുയർത്തുന്ന മനോഹരമായ രംഗത്തിലാണ് സിനിമ അവസാനിക്കുന്നത്. ദൈനംദിന ജീവിതത്തിന്റെ നിസ്സാരതയെ തുടച്ചുനീക്കുന്നതരത്തിലുള്ള പ്രതീകാത്മക ബിംബങ്ങളുടെ ഒരു കാർണിവലായാണ് ഈ സിനിമ പ്രേക്ഷകന് അനുഭവപ്പെടുക. സർറിയൽ ദൃശ്യഭംഗിയുടെ ആഘോഷമാണ് എൻഡ്​ലെസ്​ പോയട്രിയെ ജോഡോറോസ്‌കിയുടെ മികച്ച സൃഷ്ടിയാക്കി മാറ്റുന്നത്.

അലഹാന്ദ്രോ ജോഡോറോവ്‌സ്‌കിയുടെ സിനിമകൾ ആവശ്യപ്പെടുന്നത് ശ്രദ്ധാപൂർവ കാഴ്ചയാണ്. സൂക്ഷ്മമായും വിശദമായും നോക്കിക്കാണാനുള്ള ഘടകങ്ങൾ അദ്ദേഹത്തിന്റെ ഓരോ ദൃശ്യത്തിലുമുണ്ട്. ആ സർറിയലിസ്റ്റ് ഭാവനയെ മനസ്സിലാക്കുന്നത്, നമ്മുടെതന്നെ ഉള്ളിലുള്ള വിചിത്രമായ സങ്കൽപ്പങ്ങൾക്ക് ചിറകേകാൻ കൂടിയാണ്.


Summary: മാന്ത്രികമായ എഡിറ്റിങ്, ചലച്ചിത്രസാങ്കേതികതയുടെ വിഭ്രമിപ്പിക്കുന്ന ഉപയോഗം, പ്രതീകാത്മകത, ധ്വനനശേഷി മുതലായവ നിറഞ്ഞുതുളുമ്പുന്ന സർറിയലിസ്​റ്റിക്​​ അനുഭവത്തിലേക്ക്​, തിയേറ്ററിൽ അനുഭവിക്കാൻ കഴിയുന്ന ഷോക്കിലേക്ക്​ പ്രേക്ഷകരെ കൊണ്ടുപോകുന്ന അലഹാന്ദ്രോ ജോഡോറോവ്‌സ്‌കിയുടെ സിനിമകൾ, ഇത്തവണ ചലച്ചിത്രമേളയുടെ പ്രധാന ആകർഷണങ്ങളിലൊന്നായിരിക്കും.


പി. പ്രേമചന്ദ്രൻ

അധ്യാപകൻ, ചലച്ചിത്ര പ്രവർത്തകൻ, എഴുത്തുകാരൻ.

Comments