ചോദ്യം: നാടകവുമായും സാഹിത്യവുമായും സംഗീതവുമായുമൊക്കെ താരതമ്യം ചെയ്യുമ്പോൾ താരതമ്യേന പുതിയ മാധ്യമമാണ് സിനിമ. ഒറ്റ നൂറ്റാണ്ടിന്റെ ചരിത്രം. സിനിമയുടെ, സിനിമയെന്ന കലാരൂപത്തിന്റെ സാമൂഹിക ദൗത്യം എന്താണ് എന്നാണ് കരുതുന്നത്?
പി.ആർ. അരുൺ: ഏതൊരു കലയെയും പോലെ ഉള്ളടക്കത്തിലും അവതരണത്തിലുമുള്ള സൗന്ദര്യശാസ്ത്രപരവും രാഷ്ട്രീയപരവുമായ മുന്നോട്ടുപോക്ക് തന്നെയാണ് സിനിമയും പുലർത്തേണ്ട ദൗത്യം. എന്നുകരുതി സാമൂഹ്യ- രാഷ്ട്രീയ ഉള്ളടക്കം മാത്രം എല്ലാ സിനിമയിലും വേണം എന്നേ അല്ല. ഏത് ഉള്ളടക്കത്തിലും നിശ്ശബ്ദമായി ഒരു സാമൂഹ്യ- രാഷ്ട്രീയ അംശം കിടപ്പുണ്ടാവും. കേവല വിനോദം പോലും ഒട്ടും കേവലം അല്ല. വലിയ സാമൂഹ്യ ഉത്തരവാദിത്വം അതിനുണ്ട്. അതുകൊണ്ടുതന്നെയാണ് വിനോദ സിനിമയിലെ രാഷ്ട്രീയ ശരി തെറ്റുകൾ ഏറെ ചർച്ച ചെയ്യപ്പെടേണ്ടതും.
താൻ വിപ്ലവ പ്രവർത്തനത്തിൽ ഒന്നും ചെയ്യുന്നില്ല എന്ന് വിലപിക്കുന്ന The Pianist സിനിമയിലെ നായകനോട് ഒരു വിപ്ലവകാരി പറയുന്നത്, നിങ്ങൾ റേഡിയോയിൽ പിയാനോ വായിക്കുന്നത് ഞങ്ങളുടെ ഹൃദയങ്ങൾ നിറയ്ക്കുന്നു എന്നാണ്. അത്തരത്തിൽ ആത്മീയമായ ഒരു ധാര കൂടെ സിനിമകൾക്ക് നിർവഹിക്കാൻ സാധിക്കും. ഒരു ചിരിപ്പടം, വെറും ഒരു ചിരിപ്പടമല്ല. ജനങ്ങളെ കോർക്കാൻ കഴിയുന്ന ചരട് തന്നെയാണ്. അത്തരത്തിൽ വിവിധ അടരുകളായി പരന്നു കിടക്കുകയാണ് സിനിമയുടെ സാമൂഹിക ദൗത്യം. ഏറ്റവും ജനപ്രിയമായ ഒരു മാധ്യമം എന്ന നിലയിൽ, അങ്ങനെ കൂടുതൽ വിശാലമായ കരുത്ത് സിനിമ എന്ന കല ആർജ്ജിച്ചിട്ടുണ്ട്.
മലയാള സിനിമ ജീവിത നിറവിലാണിപ്പോൾ. നിറയെ സിനിമകൾ, നിറയെ ഫിലിം മേക്കേഴ്‌സ്. നിറയെ അഭിനേതാക്കൾ, സാങ്കേതിക പ്രവർത്തകർ. കോവിഡാനന്തര സിനിമാക്കാലം സിനിമകളിങ്ങനെ ഒഴുക്കുകയാണ്. സിനിമയുണ്ടാക്കുന്നവരുടെ കമ്യൂൺ വലുതാവുന്നു. അതിനകത്തെ ആക്ടീവായ ഒരാൾ എന്ന നിലയിൽ ഈ കാലത്തെ എങ്ങനെയാണ് വിലയിരുത്തുന്നത്?
സിനിമ അടിമുടി കൂട്ടായ്മയുടെ കലയാണ്. നാടക പ്രവർത്തന രംഗത്തുനിന്ന്വരുന്നതുകൊണ്ടുതന്നെ, ഒരു കൂട്ടായ്മയുടെ മാന്ത്രിക രസതന്ത്രം ആവോളം അനുഭവിച്ചുതന്നെയാണ് സിനിമയിലേക്കെത്തുന്നത്. വിപണി നിയന്ത്രിക്കുന്ന, സംഖ്യകൾ സംസാരിക്കുന്ന, മുതലാളിത്ത മൂല്യങ്ങൾ പൂർണമായും പിൻതുടരുന്ന ഒരു വ്യവസായം എന്ന നിലയിൽ, സൗഹൃദത്തിന് വില കുറയേണ്ടതാണ് സിനിമയിൽ. പക്ഷേ വളരെ ഓർഗാനിക് ആയ, ആഴമുള്ള, പരപ്പുള്ള, രസവും രസികത്തരവും ഉള്ള, വളരെ കാലം നീണ്ടുനിൽക്കുന്ന ഒരുപാടൊരുപാട്സൗഹൃദങ്ങളാണ് ഞാൻ സിനിമയിൽ കണ്ടത്. കൊതി തോന്നുന്ന സൗഹൃദ പെരുക്കങ്ങളിൽ നിന്ന് ഉജ്ജ്വല സൃഷ്ടികളും ഉണ്ടായിട്ടുണ്ട്. സിനിമ ഉണ്ടാക്കുന്നവരുടെ കമ്യൂൺ പെരുകുന്നത് കൊണ്ടാണ് സിനിമ പെരുകുന്നത്. പിന്നെ; വിജയങ്ങളുടെ, ഫലപ്രാപ്തി എത്തിയവരുടെ സൗഹൃദമാണ് നമ്മൾ കൂടുതലും കാണാറ്. വളരെ കഷ്ടപ്പെട്ട്, വരുമാനമില്ലാതെ സിനിമ സ്വപ്നം കണ്ട്, എഴുതിയ തിരക്കഥകൾ എന്നും ചർച്ച ചെയ്ത്, അന്നത്തെ ചായക്കാശ് ആരു കൊടുക്കും എന്ന് തല പുണ്ണാക്കി, ഗതികേടിന്റെ അങ്ങേയറ്റം എത്തിയിട്ടും, സിനിമ വിടാതെ, സിനിമയെ സ്‌നേഹിക്കുന്ന, ഇനിയും സിനിമ സൃഷ്ടിച്ച് തുടങ്ങിയിട്ടില്ലാത്ത നൂറുകണക്കിന് സൗഹൃദസംഘങ്ങളുണ്ട്. അവരുടെ വിയർപ്പ് കൂടിയാണ് സിനിമകളുടെ നാളത്തെ ഒഴുക്ക്.
ഇരുട്ടിൽ, ഒരു കൂട്ടത്തോടൊപ്പം, വലിയ സ്‌ക്രീനിൽ ഒരു രൂപത്തെ, ഒരു രംഗത്തെ, ആസ്വദിക്കുന്ന ഒരാളുടെ മാനസികനിലയോ ശ്രദ്ധയോ ഒരു തരത്തിലും, മൊബൈൽ സ്‌ക്രീനിൽ നിന്ന് കിട്ടുന്നില്ല. മേക്കിംഗിനെ ഇത് അടിമുടി മാറ്റിയിട്ടുണ്ട്.
തിയറ്ററിലായിരുന്നു സിനിമ. ഓപ്പൺ എയറിൽ പ്രദർശിപ്പിച്ചപ്പോഴൊക്കെയും ഇരുട്ടും ആൾക്കൂട്ടവും സിനിമയുടെ ചുറ്റും ഉണ്ടായിരുന്നു, വേണ്ടിയിരുന്നു. പക്ഷേ സിനിമയ്ക്കിപ്പോൾ അതൊന്നും വേണ്ട. ഒറ്റയ്‌ക്കൊരാൾ തന്റെ കുഞ്ഞു സ്‌ക്രീനിൽ കാണുകയാണ് സിനിമ. അത് ഒറ്റയിരിപ്പിന് കാണണമെന്ന് പോലുമില്ല. മീഡിയത്തിന് സംഭവിച്ച മാറ്റം മേയ്ക്കിങ്ങിനെ ഏതെങ്കിലും തരത്തിൽ മാറ്റിയിട്ടുണ്ടോ?
തീർച്ചയായും. സാങ്കേതികമായും ആസ്വാദനപരമായും.
ഒരു സ്‌ക്രീൻ സ്‌കാൻ ചെയ്യാൻ കണ്ണ് എടുക്കുന്ന സമയം വളരെ ചെറുതാണ് മൊബൈൽ സ്‌ക്രീനിൽ. ഇരുട്ടിൽ, ഒരു കൂട്ടത്തോടൊപ്പം, വലിയ സ്‌ക്രീനിൽ ഒരു രൂപത്തെ, ഒരു രംഗത്തെ, ആസ്വദിക്കുന്ന ഒരാളുടെ മാനസികനിലയോ ശ്രദ്ധയോ ഒരു തരത്തിലും, മൊബൈൽ സ്‌ക്രീനിൽ നിന്ന് കിട്ടുന്നില്ല. മേക്കിംഗിനെ ഇത് അടിമുടി മാറ്റിയിട്ടുണ്ട്. ഒരു spectacle ആണെന്ന് തോന്നിപ്പിച്ചുകൊണ്ട്, ജനത്തെ തിയ്യറ്ററിൽ എത്തിപ്പിക്കുന്ന ശൈലി വിജയം കാണുന്നുമുണ്ട്. അത് ഇനിയും തുടരാം. സിനിമാ നിർമാണത്തിലും വിപണനത്തിനും ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിൽ പരീക്ഷണങ്ങളുണ്ടാകുകയാണ്. സ്പെക്ടക്കിളുകൾ തന്നെ വേണം എന്നില്ല. ഒരു ദൃശ്യ ശബ്ദ അനുഭവം എന്ന നിലയിൽ, ഉള്ളടക്കത്തിൽ അടിമുടി തീവ്രത ഉൾക്കൊള്ളുന്നതാകണം സിനിമകൾ എന്ന തീരുമാനത്തിലേക്ക് കാണികൾ എത്തപ്പെടുന്നുണ്ട്.
ഹ്യൂമറും രാഷ്ട്രീയശരിയും പരസ്പരവിരുദ്ധമാണ് എന്ന് കരുതുന്നുണ്ടോ? രാഷ്ട്രീയ ശരി സൂക്ഷ്മമായി പുലർത്തേണ്ടിവരുമ്പോൾ ഹ്യൂമർ ചോർന്നുപോവും എന്ന് കരുതുന്നുണ്ടോ?
ഒരിക്കലും ചോർന്നുപോകില്ല. ഹ്യൂമറിൽ എല്ലാക്കാലവും പലതരം ധാരകൾ ഉണ്ടായിരുന്നു. നമ്മളെ ചിരിപ്പിക്കുന്നവരിൽ പലതരത്തിലും പെട്ടവരെ നമ്മൾ കണ്ടിട്ടുണ്ടാവും. കളിയാക്കപ്പെടുന്നവരും ചിരിക്കുന്ന, ഓർത്തോർത്ത് ചിരിക്കുമ്പോഴും കുഴപ്പം തോന്നാത്ത, ഹ്യൂമറിന്റെ തരവും അങ്ങനെ അല്ലാതെ ശക്തമായ പ്രഹരത്തിന് പകരമായി പ്രവർത്തിക്കുന്ന തരവും.
ഹ്യൂമർ ഒരു ആയുധം കൂടിയാണ്, വീട്ടിലും കൂട്ടിലും നാട്ടിലും. വെറും ചിരി മാത്രമല്ലാതെ, ആളുകളെ അടുപ്പിക്കാനും അടിപ്പിക്കാനും ഹാസ്യം പോലെ ശക്തിയുള്ള മറ്റൊന്നില്ല. എല്ലാക്കാലവും ഇടകലർന്ന രണ്ടു ധാരകൾ ആയുധമായി ഹ്യൂമറിലുള്ളതായി തോന്നിയിട്ടുണ്ട്. രാഷ്ട്രീയ ശരികേടുകൾ മാത്രമുള്ള ധാര ഇടയ്ക്കിടെ തല പൊക്കുകയും ചെറിയ വിജയങ്ങൾ നേടുകയും ചെയ്യാറുണ്ട്. പക്ഷേ ഭാവനാശക്തിയുള്ള ഹാസ്യസാമ്രാട്ടുകൾ ചിരികൾ മാത്രമുള്ള ഹ്യൂമറിനെ കൂടുതൽ മുന്നോട്ടു കടത്തിവെയ്ക്കും. സിംഹാസനത്തെയും അധികാരത്തെയും പരിഹസിച്ച കവികളെയും സിനിമാക്കാരെയും എഴുത്തുകാരെയും നമുക്ക് ആരാധനയാണ്. ഇന്ന് ട്രോളായും meme ആയും പടരുന്നതും അതേ പാരമ്പര്യത്തിന്റെ തുടർച്ചകളാണ്.
നമ്മൾ എപ്പോഴും, എല്ലാക്കാലവും, മറന്നുപോകുന്ന മറ്റൊരു കൂട്ടരുണ്ട്. ഓഫീസുകളിലും വീടുകളിലും പോലും പലപ്പോഴും പലരെയും ഒതുക്കുന്നതും ഇല്ലാതാക്കുന്നതും തമാശയിൽ പൊതിഞ്ഞു തുടങ്ങുന്ന വ്യക്തി ഹത്യയിലൂടെയാണ്. തമാശയിൽ തുടങ്ങുന്ന കളിയാക്കലുകൾ പൊതുബോധത്തിൽ ഊട്ടിയുറപ്പിക്കുന്ന ബോധ്യങ്ങൾ അത്ര ശക്തമാണ്. ഈ ധാരയുടെ ഇഴകളിൽ, എല്ലാക്കാലവും അപഹാസവും വേദനിപ്പിക്കലും ഉണ്ടായിരുന്നു. ഈ ധാരയുടെ അടിത്തറ വെറുപ്പാണ്. ലക്ഷ്യം നശിപ്പിക്കലും വ്യക്തിപരവും ആണ്. മാർഗം ജാതിയും നിറവും ശരീരവും ലിംഗവൈവിധ്യങ്ങളും ആണ്. ഈ ധാരയ്ക്കും കൂടുതൽ സംഹാരശക്തിയോടെ പിന്തുടർച്ചക്കാരുണ്ട്. സ്വാഭാവികമായും എല്ലാ ധാരയും എല്ലാ ജനപ്രിയ മാധ്യമങ്ങളിലും വന്നു ചേർന്നിട്ടുമുണ്ട്. ഒരു റൊമാന്റിക് എന്ന നിലയിൽ വെറുപ്പിന്റെ ധാര തളരുന്നതും ചിരിയുടെ ഹ്യൂമർ കാലം തഴച്ചുവളരുന്നതും സ്വപ്നം കാണാനാണ് എനിക്കിഷ്ടം.
വർഷങ്ങളായി തുടരുന്ന ചൂഷണഭൂതകാലത്തിന് അന്ത്യം കുറിക്കാൻ നിശ്ചയദാർഢ്യമുള്ള ഒരു കൂട്ടം വനിതാ ചലച്ചിത്ര പ്രവർത്തകരും അവർക്ക് രാഷ്ട്രീയ പിന്തുണ നൽകാൻ ഭയമില്ലാത്ത കുറെ മനുഷ്യരും ഇവിടെയുണ്ട്.
സ്ത്രീകളെ സിനിമ ഏത് രീതിയിലാണ് ഉൾക്കൊണ്ടിരുന്നത്? സിനിമയുടെ ആശയത്തിൽ / തീമിൽ / മേക്കിംങ്ങിൽ / അഭിനേതാക്കൾ എന്ന നിലയിൽ / പ്രേക്ഷകർ എന്ന നിലയിൽ? ഈ ചോദ്യം പാസ്റ്റ് ടെൻസിലാണ്. പ്രസൻറ് ടെൻസിലും ഇതിന്റെ ഉത്തരങ്ങൾ എന്തൊക്കെയാണ്?
പി. കെ. റോസിയോട് കാലം ഇനിയും മാപ്പു പറഞ്ഞ് തീർന്നിട്ടില്ല. പറഞ്ഞാൽ തീരാത്ത പോരാട്ടത്തിന്റെ കഥകളുണ്ട് മലയാള സിനിമയിലെ സ്ത്രീ പ്രാതിനിധ്യത്തിന്. വർഷങ്ങളായി തുടരുന്ന ചൂഷണഭൂതകാലത്തിന് അന്ത്യം കുറിക്കാൻ നിശ്ചയദാർഢ്യമുള്ള ഒരു കൂട്ടം വനിതാ ചലച്ചിത്ര പ്രവർത്തകരും അവർക്ക് രാഷ്ട്രീയ പിന്തുണ നൽകാൻ ഭയമില്ലാത്ത കുറെ മനുഷ്യരും ഇവിടെയുണ്ട്. അത് നിശ്ചയമായും വലിയ മാറ്റം കൊണ്ടുവരും എന്നുഞാൻ വിശ്വസിക്കുന്നു.
യുവൽ നോവ ഹരാരി യുടെ ഒരു വാചകമുണ്ട്; വളരെ നിശ്ശബ്ദമായി, എത്രയോ രക്തസാക്ഷികളുണ്ടായിട്ടും, രക്തച്ചൊരിച്ചിലില്ലാതെ ഒരു വിപ്ലവം നടന്നു കൊണ്ടിരിക്കുകയാണ്. അത് ഫെമിനിസം പടരുന്നതാണ് എന്ന്. Gender revolution സംഭവിച്ചുകൊണ്ടിരിക്കുകയാണ് ലോകമെമ്പാടും. എവിടെയും ഒട്ടും പൂർത്തിയായിട്ടില്ല, പക്ഷേ തുടങ്ങാത്ത സ്ഥലമില്ല.
സിനിമയുടെ വിവിധ പ്രവർത്തനങ്ങളിൽ സ്ത്രീസാന്നിധ്യം വളരെ വർധിച്ചിട്ടുണ്ട്. പക്ഷേ, Long Long way to go. ഞാൻ ജീവിതത്തിൽ ഏറ്റവും വായിച്ച് ത്രില്ലടിച്ചിട്ടുള്ളത് എന്റെ രണ്ടു കൂട്ടുകാരികളുടെ തിരക്കഥകളാണ്. ഇതുവരെയും അത് സിനിമയായിട്ടില്ല. അതിന്റെ ഒരു പ്രധാന കാരണം, നടന്നുതീർക്കേണ്ട കടമ്പകൾ, ഒരു സ്ത്രീ എന്ന നിലയിൽ അവർക്ക് കൂടുതലുണ്ട് എന്നതുതന്നെയാണ്. മൂലധനത്തിന്റെ ഇടനാഴികൾ ജനാധിപത്യവൽക്കരിക്കപ്പെട്ടിട്ടില്ല. ഈ മറുപടി ഞാൻ പറയുന്നതുപോലും, പുരുഷൻ എന്ന പ്രിവിലേജിന്റെ അകത്തുനിന്നുകൊണ്ടാണ്.
പ്രാതിനിധ്യമാണ് വഴി. പ്രമേയത്തിൽ, കഥാപാത്രങ്ങളിൽ, അവതരണത്തിൽ, സാങ്കേതിക ടീമിൽ, മൂലധനം സമഹരിക്കുന്നതിൽ, അതിന്റെ വിതരണത്തിൽ, നിർമാണത്തിൽ, നിർമാണ നിർവ്വഹണത്തിൽ. എല്ലാത്തിലുമുള്ള സമഗ്ര പ്രാതിനിധ്യവും പങ്കാളിത്തവും. അത് സാധ്യമാണ്. സംഭവിച്ചു കൊണ്ടിരിക്കുകയാണ്, ഏറ്റവും ചെറിയ അളവിലാണെങ്കിൽ പോലും, ഗതിവേഗം കൈവരും എന്ന പ്രതീക്ഷയോടെയാണ് ഞാൻ അത് കാണുന്നത്.
എല്ലാ കലാരൂപങ്ങളും ആത്യന്തികമായി ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയം മുന്നോട്ടുവെയ്ക്കും. ആ രാഷ്ട്രീയം എന്താണ് എന്ന് തീരുമാനിക്കുന്നിടത്താണ് സിനിമയിൽ ഫിലിം മേക്കർ സ്ഥാനപ്പെടുന്നത്. അടൂർ ഗോപാലകൃഷ്ണന്റെ സിനിമയല്ല അരവിന്ദന്റെ സിനിമ. അതല്ല കെ.ജി.ജോർജിന്റെ സിനിമ. പത്മരാജന്റെ സിനിമയല്ല ദിലീഷ് പോത്തന്റെയും ശ്യാം പുഷ്‌കരന്റെയും സിനിമ. സിനിമയ്ക്ക് മുഖ്യധാരയെന്നും സമാന്തര ധാരയെന്നും വേർതിരിവുണ്ടായിരുന്നു. പക്ഷേ ഈ തലമുറ ആ വേർതിരിവിനെ മനോഹരമായി ബ്രേക്ക് ചെയ്തു. ഈ ചരിത്രത്തെ മുൻനിർത്തി നിങ്ങളുടെ സ്വന്തം സിനിമ എവിടെയാണ് സ്വയം പ്ലേസ് ചെയ്യാൻ ആഗ്രഹിക്കുന്നത്?
ഞാൻ ചെയ്ത സിനിമ ഒരു സോഷ്യൽ ഡ്രാമ ആണ്. ചെയ്യാൻ പോകുന്നതും അത്തരത്തിലുള്ള സിനിമയാണ്. അതാത് വിഷയത്തിലെ ഇരകളാക്കപ്പെട്ട മനുഷ്യരുടേയും അവരുടെ തിരിച്ചുവരവിന്റെയും അതിലെ ജനകീയ ഇടപടലുകളുടെയും കഥകളാണ് പറയാൻ ശ്രമിക്കുന്നത്. അതൊക്കെത്തന്നെയാണ് എന്റെ രാഷ്ട്രീയവും. എവിടെ പ്ലേസ് ചെയ്യണം, ഏത് ധാരയിൽ പെടുത്തണം എന്ന് ചിന്തിക്കാറില്ല എന്നതാവും സത്യം. സിനിമ കാണുന്ന പ്രേക്ഷകരെ, വലിയ സ്‌ക്രീനിന്റെ മുന്നിലിരിക്കുന്ന എന്നെ തന്നെ, മനസ്സിൽ കാണാറുണ്ട്. സിനിമയുടെ ചെയ്യാനുദ്ദേശിക്കുന്ന ശൈലിയോട് പൂർണമായും നീതി പുലർത്തുക എന്നതുമാത്രമാണ് ചെയ്യേണ്ടത് എന്നു കരുതുന്നു. അതിന് എത്ര കഴിയുന്നു എന്നതാണ് വിജയം. വിജയിച്ചുകഴിയുമ്പോൾ, ബാക്കിയുള്ളവർ ചെയ്യുന്ന വേർതിരിക്കലുകലാണ് ഇവയെല്ലാം. ഫിലിം മേക്കർ, തന്റെ സിനിമയുടെ കണ്ടൻറിലൂടെയും മേക്കിംഗിലൂടെയുമാണ് സംസാരിക്കേണ്ടത്.
ഒരു ഫ്രെയിമിന്റെ രീതികളെയും കോമ്പോസിഷനെയും കുറിച്ചൊക്കെ ക്ലാസിലെടുക്കുന്ന കാര്യങ്ങൾ എല്ലാം മാറി മറിയുകയാണ് വെർട്ടിക്കൽ ഫ്രെയിം വരുന്നതോടെ.
ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലും ശക്തവും വലുതുമായ സിനിമയുണ്ടാവുന്നുണ്ട്. മലയാളവുമായി താരതമ്യം ചെയ്യുമ്പോൾ എന്താണ് തോന്നുന്നത്?
ഒരു ദക്ഷിണേന്ത്യൻ തരംഗം ഇന്ത്യൻ കച്ചവട സിനിമയുടെ ഭൂമിശാസ്ത്രം തീർച്ചയായും മാറ്റിവരക്കുന്നുണ്ട്. ഇന്ത്യ എന്നാൽ ഹിന്ദി എന്ന ലളിത സമവാക്യം എത്ര ശ്രമിച്ചാലും എൽക്കില്ല എന്ന് വൻകിട കുത്തകകളും തിരിച്ചറിഞ്ഞു തുടങ്ങുന്നു എന്നതാണ് ആത്യന്തിക ഗുണം. പ്രതിഭകളുടെ കുറേക്കൂടി മെച്ചപ്പെട്ട വിന്യാസം ദേശീയ തലത്തിൽ സംഭവിക്കാനും ഇതെല്ലാം ഇടയാക്കും.
തമിഴ് സിനിമ അതിന്റെ മുഖ്യധാരാ സിനിമ വ്യവസായത്തിന്റെ കേന്ദ്രത്തിൽ തന്നെ രാഷ്ട്രീയ ചർച്ചകളെ, പ്രത്യേകിച്ച് ജാതിരാഷ്ട്രീയത്തെ വളരെ ഫലപ്രദമായി സ്ഥാപിച്ചിട്ടുണ്ട്. സംവിധായകരുടെ കൂട്ടായ്മകൾ അവിടെ ഗംഭീര സിനിമകൾ നിർമ്മിക്കുന്നു, വിജയം കൊയ്യുന്നു. രൂപലാവണ്യത്തിന്റെ സമവാക്യങ്ങൾ തിരുത്തിക്കുറിച്ച് പുതിയ നായികാനായകന്മാർ വാഴുന്നു.
പക്ഷേ ശതകോടി കണക്കുകളേക്കാൾ, ഇന്ത്യൻ സിനിമയെ ലോക സിനിമാ ഭൂപടത്തിൽ ഉയർത്തുന്നത് ഉള്ളടക്ക മേന്മയുള്ള, കലാമൂല്യമുള്ള സിനിമകൾ സൃഷ്ടിക്കുന്ന അനുഭവങ്ങളാണ്. ചൈതന്യ തംഹാനെ യുടെ ‘The Disciple' അത്യുജ്ജ്വല സൃഷ്ടിയായാണ് അനുഭവപ്പെട്ടത്. ക്യാമറയും സംഗീതവും ഇത്രമേൽ മെയ്യടക്കത്തോടെ അടുത്തൊന്നും കണ്ടിട്ടില്ല. ‘Eeb Allay ooo' അതുപോലെ പിടിച്ചിരുത്തിയ മറ്റൊരു സിനിമയാണ്. ഗംഭീര സിനിമകൾ സംഭവിച്ചു കൊണ്ടിരിക്കുന്നുണ്ട്, ഇന്ത്യയിലെമ്പാടും.
ക്യാമറയുള്ള മൊബൈൽ ഫോണിന്റെ വരവിനുമുൻപ് വിഷ്വൽ ലാംഗ്വേജിൽ നടന്നിട്ടുള്ള ആവിഷ്‌കാരം സിനിമകളും ഡോക്യുമെന്ററികളും ആണ്. ടെലിവിഷനും ഫോട്ടോഗ്രാഫിയും ആ ഭാഷയിലെ മറ്റ് ധാരകളാണ്. വിഷ്വൽ ഭാഷയിൽ ഇപ്പോൾ ഇതൊന്നുമല്ലാത്ത ധാരാളം ആവിഷ്‌കാരങ്ങൾ നടക്കുന്നുണ്ട്. ഒ.ടി.ടി. പ്ലാറ്റ്ഫോമുകളിലെ സീരീസുകൾ, സോഷ്യൽ മീഡിയയിലെ റീലുകളും ഷോട്ട്സുകളും ഒക്കെ. ക്യാമറയോടുള്ള, പ്രൊഡക്ഷൻ രീതികളോടുള്ള മനുഷ്യരുടെ കൗതുകം ഇപ്പോൾ മറ്റൊരു തരത്തിലാണ് പ്രവർത്തിക്കുന്നത്. ഇത് നിങ്ങളുടെ സിനിമാ ചിന്തകളെ എങ്ങനെയാണ് ബാധിക്കുന്നത്?
അടിമുടി മാറ്റിമറിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് എല്ലാ നിയമാവലികളും. സിനിമാ വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നതുകൊണ്ട് വളരെ അക്കാദമിക് ആയിക്കൂടി ഇതിനെ പഠിക്കാൻ ശ്രമിക്കാറുണ്ട്.
ഇപ്പോൾ സാധാരണഗതിയിൽ, ഒരു ഫ്രെയിമിന്റെ രീതികളെയും കോമ്പോസിഷനെയും കുറിച്ചൊക്കെ ക്ലാസിലെടുക്കുന്ന കാര്യങ്ങൾ എല്ലാം മാറി മറിയുകയാണ് വെർട്ടിക്കൽ ഫ്രെയിം വരുന്നതോടെ. വായനയിൽ ഉടലെടുത്ത, ഇടതുനിന്ന് വലത്തോട്ടുള്ള കണ്ണിന്റെ അറിയാതെയുള്ള സ്‌കാനിംഗ്, സോഷ്യൽ മീഡിയ കാലത്ത്, മുകളിൽനിന്ന് താഴേക്കുകൂടി സംഭവിക്കുകയാണ്. Attention span എന്നു പറയുന്നത് ഒരു റീലിനോളം ചുരുങ്ങുകയാണ്. Instagram algoritham അനുസരിച്ച് ദൃശ്യമാധ്യമങ്ങൾ മാത്രമല്ല, നമ്മുടെ മനസ്സുകൾ കൂടി പാകപ്പെടുകയാണ്.
സ്വാഭാവികമായും ഒരു സീനിന്റെ നിർമിതി, ഒരു ഫ്രെയിമിന്റെ പരിചരണം, കഥ പറച്ചിലിന്റെ വേഗത, കോമ്പോസിഷൻ എന്നിവയിൽ ഇവയുടെ വലിയ സ്വാധീനമുണ്ടാവും. VR കാലത്തേക്ക് ചുവടുവെക്കുമ്പോൾ ഇതെല്ലാം വീണ്ടും മാറിമറിയും. Meta യിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഇൻവെസ്റ്റ്മെൻറുകൾ സൂചിപ്പിക്കുന്നത്, ഇപ്പോൾ കാണുന്ന മാറ്റങ്ങൾ ഒന്നുമല്ല എന്നാണ്. കൂടുതൽ immersive ആയ, 360 ഡിഗ്രി ചിത്രലേഖനങ്ങളാണ് വരാൻ പോകുന്നത്. അതിരുകളില്ലാത്ത ഫ്രെയിമുകൾ.
ഭാഗം രണ്ട്
സാഹിത്യരൂപങ്ങളുടെ സിനിമാആവിഷ്‌കാരം എല്ലാ കാലത്തും സംഭവിച്ചിട്ടുണ്ട്. വായനയുടെ സ്വഭാവം എന്താണ്? കഥകളാണോ സംഭവങ്ങളാണോ തിരയുന്നതും പ്രചോദിപ്പിക്കുന്നതും?
കുട്ടിക്കാലം മുതലേ വായന ശീലമായി കൂടെയുണ്ട്. അച്ഛനും അമ്മയും നന്നായി വായിക്കും. അത്യാവശ്യം നന്നായി മെയിൻറയിൻ ചെയ്യുന്ന ഒരു ലൈബ്രറിയുണ്ട് വീട്ടിൽ. ഇംഗ്ലീഷ് ആണ് കൂടുതലും വായിക്കാറ്. പുതിയ പുസ്തകങ്ങളെപ്പറ്റി പറഞ്ഞു തരാൻ ഗുരുസ്ഥാനീയരായ ആളുകളും നിരവധി സുഹൃത്തുക്കളും ഉള്ളത് ഭാഗ്യമായി തോന്നാറുണ്ട്. വൈക്കം മുരളി, എൻ. ഇ. സുധീർ, ജോർജി തുടങ്ങിയവർ ഒരുപാട് പുതിയ എഴുത്തുകാരെ പരിചയപ്പെടുത്തി തന്നിട്ടുണ്ട്. ഫിക്ഷൻ ആണ് കൂടുതലും വായിക്കാറ്. ഏറ്റവും വായിച്ചിട്ടുള്ളതും സ്വാധീനിച്ചിട്ടുള്ളതും മാർകേസ് ആണ്. ഏകാന്തതയുടെ നൂറു വർഷങ്ങൾ ആണ് ഏറ്റവും അത്ഭുതപ്പെടുത്തിയ പുസ്തകം. എഴുത്തിലും ഫുട്‌ബോളിലും സംഗീതത്തിലും ലാറ്റിനമേരിക്കൻ ചിന്തകളെയാണ് ഏറ്റവും അധികം പിന്തുടരാറുള്ളത്. ഇപ്പോൾ വായിക്കുന്നത് കവാകാമിയുടെ Breasts and Eggs. മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരൻ ആനന്ദ്. ആൾക്കൂട്ടവും മരണ സർട്ടിഫിക്കറ്റും മരുഭൂമികൾ ഉണ്ടാകുന്നതും എല്ലാം ഏറ്റവും പ്രിയപ്പെട്ടതും.
വ്യക്തിപരമായി നടന്ന സംഭവങ്ങളാണ് സിനിമകൾക്ക് പ്രചോദനം നൽകാറ്. ഇപ്പോൾ ചെയ്ത രണ്ടു സിനിമകളും, ചെയ്യാനൊരുങ്ങുന്ന രണ്ടു സിനിമകളും, അങ്ങനെ നെയ്തവയാണ്.
ഞാൻ ഇപ്പോഴും ഈ ഇൻഡസ്ട്രിയുടെ uncertainty കൈകാര്യം ചെയ്യാൻ പഠിക്കുന്ന ഒരു തുടക്കക്കാരൻ മാത്രമാണ്. സമകാലികരായ സംവിധായകരിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥിയും.
മലയാളത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ / സിനിമകൾ ഏതാണ്? ഫിലിം മേക്കറും? സ്വന്തം സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഏതാണ്?
ഏറ്റവു ഇഷ്ടവും ആരാധനയും കെ. ജി. ജോർജ് സിനിമകളോടാണ്. ആദാമിന്റെ വാരിയെല്ല് , കോലങ്ങൾ, പഞ്ചവടിപ്പാലം, ഇരകൾ, യവനിക... കാലവും കലയും കൈ കൂപ്പി നിന്ന സൃഷ്ടികൾ. വൈവിധ്യം. രാഷ്ട്രീയം. കയ്യടക്കം, എല്ലാം കൊണ്ടും ഏറ്റവും പ്രിയപ്പെട്ടവ. സ്വന്തം സിനിമകളുടെ ഇടയിൽനിന്ന് ഒരു തിരഞ്ഞെടുപ്പിനുള്ള എണ്ണവും പാകവും എത്തിയിട്ടില്ല.
സിനിമ നിരോധിക്കപ്പെടുന്ന ഒരു കാലത്തെക്കുറിച്ച് സങ്കൽപ്പിച്ച് നോക്കിയിട്ടുണ്ടോ?
സങ്കൽപ്പിക്കാറുണ്ട്. പക്ഷെ നിരോധനം അല്ല കലയ്ക്ക് നേരിടേണ്ടിവരുന്ന ഏറ്റവും ഭീകരമായ അവസ്ഥ, വിധേയത്വമാണ്. നിരോധനത്തെ സമർത്ഥമായി ചാടിക്കടന്ന് പ്രതികരിച്ച ചരിത്രമാണ് സിനിമയ്ക്കും കലയ്ക്കും. തടങ്കലിലായിരുന്നപ്പോഴും ജാഫർ പനാഹി ടാക്‌സിയിലിരുന്ന് സിനിമയെടുത്തു. നിരോധനം കലയെ തളർത്തിയില്ല. കൂടുതൽ വീര്യത്തോടെ സിനിമ തിരിച്ചടിക്കും. പക്ഷേ ഭയത്തിൽ നിന്നുണ്ടാവുന്ന നിശ്ചലതയാണ്, നിസ്സംഗതയാണ് ഏറ്റവും ഭീകരം. കാരണം അവിടെ നിരോധനം ആവശ്യമില്ലാത്ത വണ്ണം കലയുടെ വിധേയത്വം ഒരു norm ആയിരിക്കുന്നു. ഇന്ത്യയിൽ അത് ഏറ്റവും തീവ്രമായി നിലനിൽക്കുകയാണ്. ഹിന്ദി സിനിമയുടെ അവസ്ഥ നോക്കൂ, സാമൂഹിക- രാഷ്ട്രീയ വിമർശനം നമ്മൾ അവിടെ നിന്ന് പ്രതീക്ഷിക്കുന്നതുപോലുമില്ല. പ്രതിഷേധത്തിന്റെ ഓരോ തുരുത്തും നിർവീര്യമാകുന്നു. അതിൽ ആർക്കും ഒരു പരാതിയും ഇല്ലാതാകുന്നു. ഇതിലും ഭീദിതമായ അവസ്ഥ എന്താണ്?
താങ്കൾക്ക് എന്താണ് സിനിമ എന്ന മാധ്യമം? ഒരു വലിയ വ്യവസായം കൂടിയായ സിനിമയിൽ താങ്കളുടെ സിനിമയുടെ വിജയത്തിന്റെ മാനദണ്ഡം എന്താണ്?
ഞാൻ ഇപ്പോഴും ഈ ഇൻഡസ്ട്രിയുടെ uncertainty കൈകാര്യം ചെയ്യാൻ പഠിക്കുന്ന ഒരു തുടക്കക്കാരൻ മാത്രമാണ്. സമകാലികരായ സംവിധായകരിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാർത്ഥിയും. എല്ലാ സിനിമയും ആർത്തിയോടെ കാണുന്ന, കൂടെയുള്ളവരെ കാണിക്കാൻ ശ്രമിക്കുന്ന ഒരു സിനിമാ പ്രാന്തനും.
സിനിമയിൽ സംഖ്യകൾക്ക് വലിയ പ്രാധാന്യമുണ്ട്. എത്ര ദിവസം ഓടി, എത്ര കളക്ഷൻ കിട്ടി, എത്രയാണ് ബജറ്റ്, എത്ര കിട്ടും, എന്നിങ്ങനെ എല്ലാവർക്കും അറിയേണ്ടത് സംഖ്യകൾ തന്നെയാണ്. അതൊക്കെത്തന്നെയാണ് ആഘോഷിക്കപ്പെടുന്നതും. വ്യവസായമായി നിലനിൽക്കുന്ന ഒരു മാധ്യമത്തിൽ അത് സ്വാഭാവികവുമാണ്. പക്ഷേ ഒരു സിനിമയുടെ വിജയത്തിന്റെ മാനദണ്ഡമായി ഞാൻ കാണുന്നത്, സംഖ്യകളെ മാത്രമല്ല. ഓർമകളെക്കൂടി ആണ്. ഓരോ സിനിമയും അവേശേഷിപ്പിക്കുന്ന ഓർമകൾ. കണ്ടപ്പോഴുണ്ടായ അനുഭവമായും കാണാൻ പോയ അനുഭവമായും ചില ചിരികളായും കണ്ണീരായും ആവേശമായും പാടുകളായും പാട്ടുകളായും ചിന്തകളായും സിനിമ അവശേഷിപ്പിച്ച വൈകാരികാനുഭവ അറകൾ. അവയിലൂടെ സിനിമ നിലനിൽക്കുമ്പോൾ ആ സിനിമ ഒരു വിജയമാവുന്നു. ▮