അനീതിയുടെ 26 വർഷത്തെ ഓർമിപ്പിക്കുന്ന പട

1988 ൽ എം ടി ഹരിഹരൻ കൂട്ടുകെട്ടിൽ പിറന്നു വീണ ആരണ്യകം റിലീസ് ചെയ്യുമ്പോൾ എനിയ്ക്ക് 4 വയസ്സാണ്. പിന്നീട്, എത്രയോ വർഷം കഴിഞ്ഞ്, വീട്ടിൽ ടെലിവിഷൻ വന്നതിനു ശേഷം 2000 ലോ മറ്റൊ ആണ് ഞാനാ സിനിമ കാണുന്നത്. എല്ലാമുണ്ടായിട്ടും ഒന്നുമില്ലാത്തവർക്കുവേണ്ടി ഉള്ളതെല്ലാമുപേക്ഷിച്ചു കാടു കയറിയ ഒരാളെ ഇതിലും മനോഹരമായി മറ്റെവിടെയെങ്കിലും ചിത്രീകരിച്ചിട്ടുണ്ടോ എന്നറിയില്ല. ഇന്നുമോർമ്മയിലുണ്ട്, “എനിയ്ക്കു മാത്രം പോരല്ലോ ഇതൊന്നും!” എന്ന വാചകവും അതു പറയുന്ന വോയ്സ് മോഡുലേഷനും മുഖഭാവവും!

അത്രതന്നെയോ അതിൽ കൂടുതലോ ചിന്തിപ്പിയ്ക്കുകയും തലകുനിപ്പിയ്ക്കയും ചെയ്തു, ‘പട’.

1996 ലെ ആദിവാസി ഭൂനിയമ ഭേദഗതിയെ ചരിത്രപരമായ അനീതി എന്നു വിശേഷിപ്പിച്ചത് ശ്രീ പി ആർ ജി മാത്തൂർ ആണ്. ആ ചരിത്രത്തെ ജനം മറന്നു, ഭരണകൂടം മറന്നു. മറന്നു പോയ ഈ ചരിത്രത്തെ, അന്നും ഇന്നും ഗോത്ര വിഭാഗം നേരിടുന്ന അനീതിയെ ഓർമ്മിപ്പിയ്ക്കാനുള്ള കരുത്താർന്ന ശ്രമമാണ്, ‘പട’. 1996-ൽ നടന്ന സംഭവത്തെ 2022 - ൽ വായിയ്ക്കുമ്പോഴും ഒരു മാറ്റവും ഉണ്ടായിട്ടില്ല എന്നതുകൂടി ഓർക്കേണ്ടതുണ്ട്.

അന്യാധീനപ്പെട്ട ആദിവാസി ഭൂമികൾ യഥാർത്ഥ ഉടമസ്ഥർക്ക് പുന:സ്ഥാപിച്ചു നൽകണമെന്ന് Dhebar കമ്മീഷൺ ശുപാർശ ചെയ്യുന്നത് 1961 ലാണ്. എന്നാൽ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾ ഇതു മുഖവിലയ്ക്കെടുത്തില്ല. പിന്നീട്, 1975 ലാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വിളിച്ചു ചേർത്ത റവന്യു മന്ത്രിമാരുടെ യോഗത്തിൽ ആദിവാസിഭൂമി അന്യാധീനപ്പെടുന്നതു തടയാനും നഷ്ടപ്പെട്ട ഭൂമി പുന:സ്ഥാപിയ്ക്കാനുമായി നിയമനിർമ്മാണം നടത്താൻ തീരുമാനിയ്ക്കുന്നതും സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകുന്നതും. തുടർച്ചയായ ആദിവാസി പട്ടിണി മരണങ്ങളുടെയും നക്സൽബാരി മൂവ്മെന്റിന്റെയും പശ്ചാത്തലത്തിൽ കൂടിയാണ് ഇത്.

ഇതിന്റെ ഭാഗമായി 75 ൽ കേരള സർക്കാർ, ആദിവാസി ഭൂനിയമം(കേരള പട്ടിക വർഗ്ഗ-ഭൂമി കൈ മാറ്റം, അന്യാധീനപ്പെട്ട ഭൂമി പുന:സ്ഥാപിയ്ക്കൽ-നിയമം) കൊണ്ടുവന്നു. ഈ നിയമത്തിന്റെ നിർവഹണം ഉറപ്പാക്കാനും ചോദ്യം ചെയ്യപ്പെടാതിരിയ്ക്കാനുമായി ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളിൽ ഈ നിയമത്തെ ഉൾപ്പെടുത്തുകയും ചെയ്തു. (കോടതികൾക്ക് ചോദ്യം ചെയ്യാനാവാത്ത കേന്ദ്ര, സംസ്ഥാന നിയമങ്ങളാണ് ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളിൽ ഉൾപ്പെട്ടിട്ടുള്ളത്.)

ഈ നിയമപ്രകാരം, 1960-ന് ശേഷം ഗോത്രവർഗക്കാരല്ലാത്തവർ പണം നൽകിയോ പാട്ടത്തിലൂടെയോ പണയത്തിലൂടെയോ ബലപ്രയോഗത്തിലൂടെയോ കൈവശപ്പെടുത്തിയ എല്ലാ ആദിവാസി ഭൂമികളും നിയമവിരുദ്ധവും അസാധുവുമായിത്തീർന്നു. ഗോത്രവർഗക്കാരല്ലാത്തവർക്ക് ഭൂമി കൈമാറുന്നത് ശിക്ഷാർഹമായ കുറ്റമായി മാറി.

‘അന്യാധീനപ്പെട്ട ആദിവാസി ഭൂമിയെല്ലാം മോഷ്ടിച്ച സ്വത്തായി കണക്കാക്കുന്നു’വെന്ന ധീരമായ പ്രസ്താവനയ്ക്കു ശേഷവും പക്ഷെ, യാതൊന്നും സംഭവിച്ചില്ല. പിന്നെയും 11 വർഷങ്ങൾക്കു ശേഷം, 1986-ലാണ് ഇതു നടപ്പിലാക്കുന്നതിനുള്ള നിയമനിർമ്മാണം നടന്നത്. ഇതോടെ, 1960 മുതൽ 1982 വരെയുള്ള ആദിവാസി ഭൂമികളുടെ ഇടപാടുകളെല്ലാം അസാധുവായിത്തീർന്നു എന്നു മാത്രമല്ല, ഈ ഭൂമിയെല്ലാം യഥാർത്ഥ അവകാശിയ്ക്കു നൽകേണ്ടതായും വന്നു.

എന്നാൽ ഇതെല്ലാം കടലാസിൽ മാത്രമായി അവശേഷിച്ചു എന്നതാണ് വാസ്തവം. 1988-ൽ, 1975 ലെ ആദിവാസി ഭൂനിയമം നടപ്പിലാക്കാത്തതുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയിൽ ആദ്യറിട്ട് സമർപ്പിച്ചു. വയനാട്ടിലെ മാനന്തവാടിയിലെ നല്ലതമ്പി തേരാ ആണ് ഈ ഹർജി നൽകിയത്. ഇതേത്തുടർന്ന്, 1993ൽ ആറു മാസത്തിനകം ഈ നിയമം നടപ്പിലാക്കുവാൻ ഹൈക്കോടതി സർക്കാരിനോടാവശ്യപ്പെട്ടു.

സംസ്ഥാനത്താകെ പതിനായിരത്തിലധികം ഹെക്റ്റർ ഭൂമിയുടെ പുന:സ്ഥാപനത്തിനായി ലഭിച്ച അപേക്ഷകളിൽ, വെറും ആറു ശതമാനം അപേക്ഷകളിൽ മാത്രമാണ് തീരുമാനമെടുത്തത്. ഈ തീരുമാനം നടപ്പിലാക്കിയതോ, വെറും ഒരു ശതമാനം അപേക്ഷകളിൽ. (പാലക്കാട്, അട്ടപ്പാടി പ്രദേശത്ത്, 0.5% അപേക്ഷകർക്കു മാത്രമാണ് ഭൂമി പുന:സ്ഥാപിയ്ക്കപ്പെട്ടത്.)

ആദിവാസികളും കുടിയേറ്റക്കാരും തമ്മിൽ സംഘർഷമുണ്ടാകുമെന്നു പറഞ്ഞായിരുന്നു ഈ പുന:സ്ഥാപനം നിർത്തിവെച്ചത്. 1993 ലെ കോടതി ഉത്തരവ് നടപ്പിലാക്കാനുള്ള കാലാവധി 1996 വരെ നീട്ടുകയും ചെയ്തു.

കുടിയേറ്റക്കാരുടെ സംഘടിത ചെറുത്തുനിൽപ്പു കാരണം നിയമം നടപ്പാക്കുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന് 1996ൽ, പട്ടികജാതി/പട്ടികവർഗ വികസന പ്രിൻസിപ്പൽ സെക്രട്ടറി കോടതിയ്ക്ക് സത്യവാങ്മൂലം നൽകി. എന്നാൽ, അന്യാധീനപ്പെട്ട ഭൂമി പുനഃസ്ഥാപിച്ച് യഥാർത്ഥ ഉടമകൾക്ക് നൽകണമെന്ന് 1996 ഓഗസ്റ്റ് 14ന് കോടതി ഉത്തരവിട്ടു.

ഇതെത്തുടർന്നാണ്, 1996 സെപ്തംബർ 23-ന് കേരള പട്ടികവർഗ (ഭൂമി കൈമാറ്റ നിയന്ത്രണവും അന്യാധീനപ്പെട്ട ഭൂമി പുനഃസ്ഥാപിക്കലും) ഭേദഗതി ബിൽ സർക്കാർ അവതരിപ്പിയ്ക്കുന്നത്. ആദിവാസികളുടെയും അവരെ പിന്തുണയ്ക്കുന്നവരുടെയും വ്യാപകമായ എതിർപ്പ് അവഗണിച്ചുകൊണ്ടാണിത്. ഈ ഭേദഗതിയ്ക്ക് 1999 - ൽ രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. ഈ നിയമം പ്രാബല്യത്തിൽ വന്നതോടേ 1960 നും 1986 നും ഇടയിൽ നടന്ന എല്ലാ ആദിവാസി ഭൂമി ഇടപാടുകളും നിയമവിധേയമായി.

പൂർണ്ണമായും നടപ്പിലാക്കാതെപോയ 1975 ലെ ആദിവാസി ഭൂനിയമവും ഈ നിയമത്തെ അട്ടിമറിയ്ക്കുന്ന 1996 ലെ ആദിവാസി ഭൂനിയമ ഭേദഗതിയും ആദിവാസികളോട് ചെയ്ത അനീതിയുടെ പശ്ചാത്തലത്തിലാണ്, ശ്രീ കെ എം കമൽ ഒരുക്കിയ ‘പട’ നടക്കുന്നത്.

1996 ഇൽ, ഒരു കൂട്ടം വിപ്ലവകാരികൾ ചേർന്ന് രൂപം നൽകിയ, ‘അയ്യങ്കാളിപ്പട’ ഭരണകൂടത്തെ വെല്ലുവിളിയ്ക്കുകയും പാർശ്വവൽക്കരിയ്ക്കപ്പെട്ട ആദിവാസികൾക്ക് വേണ്ടി നിലകൊള്ളുകയും ചെയ്തു. അജയൻ മണ്ണൂർ, വിളയോടി ശിവൻ കുട്ടി, കല്ലറ ബാബു, കാഞ്ഞങ്ങാട് രമേശൻ എന്നിവർ അന്നത്തെ പാലക്കാട് ജില്ലാ കലക്ടറെ ബന്ദിയാക്കിക്കൊണ്ട് ആദിവാസി ഭൂനിയമ ഭേദഗതി റദ്ദ് ചെയ്യാനായി സർക്കാറിനോട് കലാപം ചെയ്ത യഥാർത്ഥ സംഭവമാണ് കമൽ സിനിമയാക്കിയത്.

രമേശനായി കുഞ്ചാക്കോ ബോബനും കല്ലറ ബാബുവായി വിനായകനും അജയൻ മണ്ണൂർ ജോജുവും വിളയോടി ശിവൻ കുട്ടിയായി ദിലീഷ് പോത്തനും കലക്ടറായി അർജ്‌ജൻ രാധാകൃഷ്ണനും രംഗത്തെത്തുന്നു. പകരം മറ്റൊരാളെ സങ്കല്പിയ്ക്കാനാവാത്ത വിധം കഥാപാത്രമായി നിറഞ്ഞാടുകയാണ് ഇവർ.

പ്രകാശ് രാജ്, ടി ജി രവി, വി കെ ശ്രീരാമൻ, കനി, ഇന്ദ്രൻസ്, ശങ്കർ രാമകൃഷ്ണൻ, ഷൈൻ ടോം, സജിത മഠത്തിൽ, ജഗദീഷ്, സതീഷ് കീഴാറ്റൂർ, ഉണ്ണിമായ പ്രസാദ്, ഗോപാലൻ, കരമന സുധീർ, ദേവേന്ദ്രനാഥ് തുടങ്ങി നിരവധി പേർ ചെറുതെങ്കിലും അവരവരുടെ വേഷം ഭംഗിയാക്കുന്നുണ്ട്. വിഷ്ണു വിജയുടെ പശ്ചാത്തല സംഗീതവും എടുത്തു പറയേണ്ടതാണ്.

മരിയ്ക്കാൻ ഭയമില്ലാത്ത, അവകാശ സംരംക്ഷണത്തിനു വേണ്ടി യുദ്ധം ചെയ്യാനൊരുങ്ങുന്ന, സർക്കാരിനോട് കലാപം ചെയ്യുന്ന അയ്യങ്കാളിപ്പട മുന്നോട്ട് വെച്ച ഉടമ്പടികൾ അംഗീകരിച്ചുകൊണ്ടാണ് ആ ബന്ദിയാക്കൽ സമരം അവസാനിയ്ക്കുന്നത്. ഇത് ഒരു വീക്ഷണത്തിന്റെ വിഷയമാണെന്ന് സിനിമയിൽ, പ്രകാശ് രാജ് അവതരിപ്പിച്ച ചീഫ് സെക്രട്ടറി പറയുന്നുണ്ട്. ആ വീക്ഷണത്തിന്റെ പിൻ ബലത്തിൽ തന്നെ, ഉദ്ദേശ ശുദ്ധി മുൻ നിർത്തി വെറുതെ വിട്ട നാലു പേർക്കും ഒപ്പം നിന്ന രണ്ടുപേർക്കുമെതിരെ തൊട്ടു പിറ്റെ ദിവസം പോലീസ് കേസെടുത്തു എന്നതാണ് യാഥാർത്ഥ്യം. ശേഷം, 26 വർഷങ്ങൾ പിന്നിടുമ്പോഴും ആദിവാസികളുടെ ദുരിതങ്ങൾ അവസാനിയ്ക്കുന്നില്ല, ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും സമരങ്ങളും തീരുന്നുമില്ല!.


ബിനു ആനമങ്ങാട്

കവി, എഴുത്തുകാരി, പ്രസാധക. കുടുംബശ്രീ മിഷനിൽ ജോലി​ ചെയ്യുന്നു. ​​​​​​​മഴ പെയ്യിയ്ക്കാൻ ആരോ വരുന്നുണ്ട്, ഫിഷ് തെറാപ്പി, ക്രഷ് ദ ബോട്ടിൽ ആഫ്റ്റർ യൂസ് അഥവാ ഓർമ്മകൾ ചാവേറുന്ന ആകാശക്കപ്പൽ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments