"ചന്തയിലെ അക്രമണം ഉഗ്രമായിരുന്നു. പലർക്കും പരിക്കേറ്റു. പല പീടികകളും എരിഞ്ഞുനശിച്ചു. നായർ- മുസ്ലിം സംഘടിതശക്തി ഈഴവരെ നേരിട്ടു. ഈഴവർ പിൻവാങ്ങേണ്ടിവന്നു. അവർ പാലത്തിനപ്പുറം കടന്നിട്ടു പാലം തകർത്തുകളഞ്ഞു....... പാലം തകർത്തു! അതോടുകൂടി കിഴക്കേക്കരയും പടിഞ്ഞാറേക്കരയും തമ്മിലുള്ള ബന്ധം ഛേദിക്കപ്പെട്ടു. അതോടുകൂടി ഉച്ചനീചത്വത്തിൽ അധിഷ്ഠിതമെങ്കിലും മനുഷ്യർ തമ്മിലുള്ള നീണ്ടകാലത്തെ ബന്ധം വിച്ഛേദിക്കപ്പെട്ടു'
ഒരു പ്രദേശത്ത് ഇരുകരകളിലായി കഴിഞ്ഞിരുന്ന ജാതിസമൂഹങ്ങൾ ആധുനികതയിൽ കെട്ടിപ്പോക്കിയ പാലംതകർത്ത് അവരുടെ ബന്ധം വിച്ഛേദിക്കുന്ന കഥ കേശവദേവിന്റെ അയൽക്കാർ എന്ന നോവലിൽ ഇങ്ങനെയാണ് പറഞ്ഞിരിക്കുന്നത്.
ജനം ജാതിസമൂഹങ്ങളായി ഓരോ ജാതിക്കും നിശ്ചയിച്ച സ്ഥലങ്ങളിൽ കഴിഞ്ഞ കേരളത്തിൽ ആധുനികതയിലൂടെ റോഡുകളും പാലങ്ങളും സൃഷ്ടിച്ചപ്പോഴാണ് ഫ്യൂഡലിസത്തിന്റെ വേരുകൾ തകർക്കപ്പെട്ടതും മനുഷ്യർ ജാതിക്കുപരിയായ പുതിയ ബന്ധങ്ങളിൽ പ്രവേശിക്കുന്നതിന്റെ അന്തരീക്ഷം സൃഷ്ടിക്കപ്പട്ടതും. പാലങ്ങളും റോഡുകളും അതിനാൽ കേവലം ഭൗതികനിർമിതികൾ മാത്രമല്ലായിരുന്നു, അപരരെ വർജ്ജിച്ചിരുന്ന ജാതിയുടെ ബോധത്തെ ഇല്ലാതാക്കുന്ന ആശയലോകംകൂടിയായിരുന്നു. 41 നദികളാലും നൂറുകണക്കിന് തോടുകളാലും പലതായി മുറിഞ്ഞുകിടന്ന കേരളത്തെ പരസ്പരം വിനിമയം സാധ്യമാകുന്ന വിധത്തിൽ ഒന്നിപ്പിച്ചത് ഭരണകൂടം ഓരോകാലത്തും പണിത പാലങ്ങളും റോഡുകളുമാണ്. അതിനാൽ പാലങ്ങൾ തകർക്കപ്പെടുമ്പോൾ ജനങ്ങൾ തമ്മിലുള്ള ബന്ധമാണ് തകർക്കപ്പെടുന്നത്. അങ്ങനെയാണ് പാലങ്ങൾ ധാരാളം പണിഞ്ഞ് പുതിയലോകങ്ങളിലേക്കു പോകുന്ന പലതരം ഭാവനകൾ ശക്തിപ്പെട്ടത്.
എന്നാൽ പാലങ്ങൾ കൊണ്ടുവരുന്ന ആധുനികതയെ ഭയത്തോടു കാണുന്ന ഭാവനകളും സൃഷ്ടിക്കപ്പെടുകയും മലയാളിയുടെ പൊതുബോധമായി മാറുകയും ചെയ്തത് കുറ്റിപ്പുറം പാലം (1954) പോലുള്ള കവിതകൾ സാക്ഷ്യപ്പെടുത്തുന്നു. കുറ്റിപ്പുറം പാലത്തിനു ശേഷം പാലത്തെ വിഷയമാക്കുന്ന പഞ്ചവടിപ്പാലം എന്ന സിനിമ (1984) മലയാളിയുടെ പാലങ്ങളെക്കുറിച്ചുള്ള പൊതുബോധത്തെ മറ്റൊരുവിധത്തിൽ അടയാളപ്പെടുത്തുന്നുണ്ട്.
ഐരാവതക്കുഴി പഞ്ചായത്തിലെ ഭരണസമിതിക്ക് വേണ്ടത്ര ജനസമ്മതിയില്ലെന്നു തോന്നുമ്പോൾ ജനകീയത നേടിയെടുക്കാൻ ഭരണസമിതിയിലെ ശിഖണ്ഡിപ്പിള്ള മുന്നോട്ടുവയക്കുന്ന ആശയമാണ് നിലവിലെ പഞ്ചവടിപ്പാലം പൊളിച്ച് പുതിയ ഒന്ന് പണിയുക എന്നത്. ജനകീയാസൂത്രണമൊക്കെ വരുന്നതിനുമുമ്പ് പഞ്ചായത്തുകളിൽ കൃത്യമായ തെരഞ്ഞെടുപ്പോ മറ്റോ നടക്കുന്നില്ലായിരുന്നു. അതിനാൽ പത്തുവർഷമൊക്കെ സ്ഥിരമായി ഒരു ഭരണസമിതി ഭരിക്കുമായിരുന്നു. അങ്ങനെ പഞ്ചായത്തുപ്രസിഡണ്ടായി ദുശ്ശാസനക്കുറുപ്പ് പത്തുവർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായിട്ടാണ് പാലം പൊളിച്ച് പുതിയ പാലം അവിടെത്തന്നെ പണിയാൻ നിശ്ചയിച്ചത്. ബലമുള്ള പാലം പൊളിക്കാൻ സാധ്യമല്ലായിരുന്നുവെങ്കിലും കൃത്രിമമാർഗത്തിലൂടെ പാലം പൊളിച്ച് പുതിയതു പണിയാനുള്ള നീക്കം നടത്തിയപ്പോൾ പ്രതിപക്ഷം എതിർക്കുകയും പാലം മറ്റൊരിടത്തേക്ക് മാറ്റിപ്പണിയാൻ നിശ്ചയിക്കുകയും ചെയ്തു. ഭരണപക്ഷവും പ്രതിപക്ഷവും കോഴപ്പണം പങ്കിട്ട് പുതിയപാലത്തിനായി ഒന്നിച്ചെങ്കിലും പാലം ഉദ്ഘാടനത്തിന്റെയന്ന് തകർന്നുവീഴുന്നു.
പ്രത്യക്ഷത്തിൽ ആക്ഷേപഹാസ്യം നിറഞ്ഞിരിക്കുന്ന ചിത്രം രാഷ്ട്രീയ- ഭരണമേഖലകളിലെ അഴിമതിയെന്ന പ്രശ്‌നത്തെയാണ് അടയാളപ്പെടുത്തുന്നത്. കേരളത്തിലെ നിർമാണമേഖലയിലെ അഴിമതിയെക്കുറിച്ചുള്ള ചർച്ചകളിൽ പഞ്ചവടിപ്പാലമെന്ന പ്രയോഗം നിരന്തരം കടന്നുവരാൻ ഈ ചിത്രം ഇടയാക്കിയിട്ടുണ്ട്. അടുത്തകാലത്ത് പാലാരിവട്ടംപാലം പൊളിച്ചപ്പോഴും പഞ്ചവടിപ്പാലമെന്ന് മാധ്യമങ്ങളെഴുതിയത് ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. പഞ്ചവടിപ്പാലം സിനിമ ഇറങ്ങിയതിന്റെ മുപ്പത്തിയാറാം വർഷത്തിലാണ് പാലാരവട്ടംപാലം പൊളിച്ചതെന്ന പ്രത്യേകതയും ശ്രദ്ധിക്കേണ്ടതാണ്. എല്ലാ മേഖലയിലും പടരുന്ന അഴിമതിയെങ്ങനെ സാമൂഹികവിഭവങ്ങളെ ചിലരുടെ കൈകളിലെത്തിക്കുന്നുവെന്ന പ്രശ്‌നം ഈ ചിത്രത്തിന്റെ ഓരോ ഷോട്ടും പറയുന്നുണ്ട്. ചിത്രത്തിലെ ആക്ഷേപഹാസ്യത്തിനു വിഷയമാകുന്ന അഴിമതിയെ മാറ്റിനിർത്തിയാൽ അല്ലെങ്കിൽ അഴിമതിയെന്ന പ്രശ്‌നത്തിനപ്പുറം ചിത്രമെന്താണ് പറയുന്നതെന്നും പരിശോധിക്കേണ്ടതുണ്ട്. ആ പരിശോധന കേരളസമൂഹത്തിലെ ഗ്രാമമെന്ന ആദർശവത്കരിക്കപ്പെട്ട ആശയത്തെയും അതിന്റെ ചലനക്രമത്തെയും പ്രശ്‌നവത്കരിക്കുന്നുവെന്നു കാണാം.
സിനിമയിലെ കഥാപാത്രങ്ങൾക്ക് പേരുനല്കിയിരിക്കുന്നത് കേരളീയത ഒഴിവാക്കിയാണ്. ദുശാസനക്കുറുപ്പ്, ശിഖണ്ഡിപ്പിള്ള, ജീമുതവാഹനൻ, ഇസഹാക്ക് തുടങ്ങിയ പേരുകൾ ഹാസ്യാത്മകമായി തോന്നിപ്പിച്ച് വർത്തമാനകാലസ്വഭാവം ഒഴിവാക്കിയിരിക്കുന്നു. ഇത് സ്ഥലകാലബന്ധിതമല്ലാത്ത കഥയായി തോന്നിപ്പിക്കുന്നു. എവിടെയും നടക്കാവുന്ന ഒന്നാണ് ഇതിലെ സംഭവങ്ങളെന്ന സൂചന അതിലെ കഥയിലെ ചരിത്രം നോക്കമ്പോഴും കാണാം. ചരിത്രപരമായി കൃത്യമായി കാലം അടയാളപ്പെടുത്താനാവാത്തവിധമാണ് ചിത്രം കഥപറയുന്നത്.
സിനിമയുടെ തുടക്കത്തിൽ അലക്കുകമ്പനിയുടെ മുന്നിലുള്ള ചെമ്മീൻ, ഓടയിൽനിന്ന് തുടങ്ങിയ സിനിമകളുടെ പോസ്റ്ററുകൾ 1965 കളിൽ നടക്കുന്ന കഥയായിട്ടാണെന്നു സൂചിപ്പിക്കുന്നുവങ്കിലും കേരളത്തിൽ പഞ്ചായത്ത് ഇലക്ഷൻ പത്തുവർഷത്തലേറെ നടക്കാതെ പോയത് 1964-79 കാലത്താണെന്ന വസ്തുത സിനിമയുടെ കാലത്തെ കുഴച്ചുമറിക്കുന്നുണ്ട്. സിനിമയിലെ പ്രധാനപ്രശ്‌നമായി കടന്നുവരുന്ന രാഷ്ട്രീയപ്രശ്‌നം 1980 കളിലെ കേരളസർക്കാരിലെ മുന്നണി തർക്കങ്ങളായിരുന്നു. അപ്പോൾ സിനിമയിലെ കാലം എഴുപതുകളിലും എൺപതുകളിലെയും ചരിത്രപരതയിലാണ് കിടക്കുന്നതെന്നു പറയാം. ചരിത്രത്തെ കൃത്യമായി അടയാളപ്പെടുത്താതെ ഏതുകാലത്തും നടക്കുന്ന ഒരുകഥയാണിതെന്നു സൂചിപ്പിക്കുകയാണ് ആഖ്യാനശൈലിയെന്നാണ് പറയേണ്ടത്.
ജാതിസ്ഥലവും ആധുനികതയും
പഞ്ചായത്തിന്റെ ഭൂമിശാസ്ത്രം വ്യക്തമാക്കുന്ന ദൃശ്യവത്കരണങ്ങൾ കുറവാണെങ്കിലും നദിയുടെ ഇരുകരകളിലുമായി കഴിയുന്ന പ്രദേശമാണതെന്ന സൂചന ലഭ്യമാണ്. പാലത്തിന്റെ വിദൂരദൃശ്യവും സമീപദൃശ്യവും കാണിച്ചാണ് സിനിമ തുടങ്ങുന്നത്. പാലത്തിലൂടെ സഞ്ചരിക്കാതെ അവിടുത്തുകാർക്ക് പുറംലോകത്തിലേക്ക് സഞ്ചാരം സാധ്യമാകുന്നില്ല. ബസും കാറുമടങ്ങുന്ന വാഹനങ്ങൾ അതുവഴി സഞ്ചരിക്കുന്നുണ്ട്. എന്നല്ല, പഞ്ചായത്തു പ്രസിഡണ്ടിന് സ്വന്തമായി കാറുമുണ്ട്. പള്ളിയും അമ്പലവും പോലീസ് സ്റ്റേഷനും മാർക്കറ്റും അലക്കുകമ്പനിയും അവിടയുണ്ട്. ഏതാനും കടകളുള്ള ചെറിയ ടൗണാണ് പഞ്ചായത്തിന്റെ കേന്ദ്രമെന്നും കാണാം. എന്നാൽ സ്‌കൂളോ കോളേജോ ഇതരസ്ഥാപനങ്ങളോ ഉള്ളതായി പറയുന്നില്ല. സ്‌കൂളിൽ പഠിക്കുന്ന കുട്ടികൾ അവിടെയുണ്ട്. ചരക്കുമായി ലോറികൾ അതുവഴി സഞ്ചരിക്കുന്നുണ്ട്. ഈവക സൂചനകളിൽനിന്ന് ആധുനികതയുടെ സാമൂഹികതയിലേക്ക് വേഗത്തിൽ പരിവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രദേശമാണതെന്ന് വ്യക്തമാണ്. എന്നാലവിടുത്തെ വഴികളും കെട്ടിടങ്ങളും അതുമായി ബന്ധപ്പെട്ടിരിക്കുന്ന സാമൂഹികബന്ധങ്ങളും ആധുനികതയിലേക്ക് പരിവർത്തിച്ചുകൊണ്ടിരിക്കുന്നതേയുള്ളുവെന്ന സൂചനകൾ നല്കുന്നുണ്ട്.
സാമൂഹികബന്ധങ്ങളിൽ ജാതി പലരൂപത്തിൽ വേരോടിയിരിക്കുന്ന സൂചന തുടക്കത്തിൽ കാണാനാവും. പഞ്ചായത്തു പ്രസിഡണ്ടായ ദുശാസനക്കുറുപ്പിനെ ആദ്യം കാണിക്കുന്നതുതന്നെ വീട്ടിൽ ക്ഷുരകൻ ക്ഷൗരം ചെയ്യുന്നതിലാണ്. വീടുകളിൽപോയി ക്ഷൗരവുംമറ്റും ചെയ്യുന്ന ജാതിപരമായ തൊഴിൽബന്ധമാണ് ഇത് ചിത്രീകരിക്കുന്നത്. അക്കാലത്തെ കേരളീയത ഇത്തരം ബന്ധങ്ങളിൽനിന്ന് പുറത്തുകടന്നിരുന്നില്ലെന്ന് എൺപതുകളിലെ സമാനമായ ഗ്രാമചിത്രീകരണങ്ങൾ ശ്രദ്ധിച്ചാൽ വ്യക്തമാകും. കുറുപ്പിന്റെ ക്ഷൗരം കഴിഞ്ഞപ്പോൾ അതിന്റെ കൂലി നാണയങ്ങളായി മണ്ഡോദരിയമ്മ നല്കുമ്പോൾ ചെറുതായി വണങ്ങിനിന്നാണ് അയാൾ കൂലിവാങ്ങിപ്പോകുന്നത്.
പഞ്ചായത്തിന്റെ സാമൂഹികതയെ അടയാളപ്പെടുത്താൻ സിനിമ ഉപയോഗിക്കുന്നത് കാതൊരയൻ എന്ന ഭിന്നശേഷിക്കാരനെയാണ് എന്നത് പ്രധാനമാണ്. പഞ്ചായത്തിന്റെ എല്ലായിടത്തും മിക്കസംഭവങ്ങൾക്കും സാക്ഷിയായി അയാൾ കാണും. അദ്ദേഹത്തിന്റെ ചക്രവണ്ടിയിലുള്ള പാലത്തിലൂടെയുള്ള സഞ്ചാരത്തിലാണ് സിനിമ തുടങ്ങുന്നതുതന്നെ. ഒടുവിൽ പാലംതകർന്ന് അദ്ദേഹത്തിന്റെ ചക്രവണ്ടി പുഴയിലൂടെ ഒഴുകിപ്പോകുന്നിടത്ത് സിനിമ അവസാനിക്കുകയും ചെയ്യുന്നു. ഡിസേബിൾ വ്യക്തിയെ ഒരു സിനിമയിൽ മുഴുനീളെ അവതരിപ്പിക്കുന്ന ആദ്യകാലസംരംഭമെന്ന നിലയിൽ ഈ ചിത്രം ഇന്ന് ശ്രദ്ധേയമാകുന്നുണ്ട്.
പഞ്ചായത്ത് അംഗമായ പിള്ളയോട് അദ്ദേഹം അവിടെ കുറേക്കാലമായി സമ്മേളനങ്ങൾ നടന്നിട്ടെന്നു പറയുന്നിടത്താണ് സിനിമ തുടങ്ങുന്നത്. സമ്മേളനങ്ങളും യോഗങ്ങളുമൊക്കെ ആധുനികതയുടെ സൃഷ്ടിയാണ്. എല്ലാത്തരത്തിലുമുള്ള ആളുകളെ കൂട്ടിവരുത്തി സമ്മേളനങ്ങൾ കേരളത്തിൽ തുടങ്ങുന്നത് നവോത്ഥാനപ്രസ്ഥാനങ്ങളുടെ രൂപപ്പെടലോടെയാണ്. സ്വാതന്ത്ര്യസമരം അത്തരം യോഗങ്ങളുടെ സംസ്‌കാരത്തെ വിപുലമാക്കി. ഒരു രാഷ്ട്രീയപ്രസംഗം കേട്ടിട്ട് കാലം കുറേയായി എന്ന കാതൊരയന്റെ പരിഭവം ആ പഞ്ചായത്തിലെ നിർജീവാവസ്ഥയെ വ്യക്തമായി അടയാളപ്പെടുത്തുന്നുണ്ട്. അതുകേൾക്കുന്ന പിള്ള മന്ത്രിമാർക്കും മറ്റും വരാൻ ഉദ്ഘാടനത്തിന് സ്ഥാപനങ്ങളും മറ്റും വേണമല്ലോ എന്നു മറുപടി പറയുന്നു. അതായത് പുതിയസ്ഥാപനങ്ങളും മറ്റും അവിടയുണ്ടാകുന്നില്ലെന്ന സൂചനയാണിത് നല്കുന്നത്. പഞ്ചായത്ത് ഭരണം നിശ്ചലമാണെന്നും പൊതുവിൽ ജനകീയമായ കൂടിച്ചേരലുകളും സാംസ്‌കാരികപരിപാടികളും അവിടെ നടക്കുന്നില്ലെന്നുമാണ് ഇത് വ്യക്തമാക്കുന്നത്.
ആ നാട്ടിലെ എല്ലാത്തിന്റെയും സാക്ഷി കൂടിയാണ് കാതൊരയൻ എന്ന സൂചന പലയിടത്തും കാണാം. അദ്ദേഹത്തിന് മറ്റുള്ളവരെപ്പോലെ നില്ക്കാനും നടക്കാനും ശേഷിയില്ലാത്തതിനാൽ തന്റെ ചക്രവണ്ടിയിലിരുന്ന് സഞ്ചരിച്ചാണ് എല്ലായിടത്തും എത്തുന്നത്. നാട്ടിലെ വായനശാലയിൽ ചെറുപ്പക്കാർ പത്രം വായിക്കുന്നത് കാതൊരയൻ കേൾക്കുന്നത് നിരവധി രംഗങ്ങളിലൂടെ സിനിമ കാണിക്കുന്നുണ്ട്. കേരളരാഷ്ട്രീയത്തിലെ ഭരണമാറ്റങ്ങളും പടലപ്പിണക്കങ്ങളും ആ നാട്ടിൽ ചർച്ചയാകുന്നത് പത്രവായനിലൂടെയാണ്. രാഷ്ട്രീയബോധ്യമുള്ളവരാണ് അവിടുള്ളവരിലെ ഒരുപങ്കാൾക്കാരെന്ന് ഇത് സൂചിപ്പിക്കുന്നു. ചായക്കടകളിലെയും വായനശാലകളിലെയും മറ്റും പത്രവായനകളാണ് കേരളത്തിൽ പൊതുവിടസങ്കൽപ്പത്തെ വളർത്തിയതെന്ന് ചരിത്രത്തിലുണ്ട്. അത്തരം പ്രക്രിയകൾ അന്നും തുടരുകയായിരുന്നുവെന്നിത് വ്യക്തമാക്കുന്നു. സമൂഹത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന കാതൊരയന്റെ കാഴ്ച കേരളനവോത്ഥാനത്തിലെ രാഷ്ട്രീയ- സാമൂഹികബോധ്യങ്ങളെയും വികാസത്തെയും കുറിക്കുന്നുവെന്നാണ് കാണേണ്ടത്.
യോഗങ്ങളും ഉദ്ഘാടനങ്ങളും നടക്കണമെങ്കിൽ പുതിയ പുതിയ സ്ഥാപനങ്ങൾ വേണമെന്നും അതില്ലാത്തിടത്ത് അവ കുറവായിരിക്കുമെന്ന പ്രശ്‌നമാണ് സിനിമയിലെ ആധുനികതയുടെ ഒരുതലമെന്നു പറയാം. പുതിയ സ്ഥാപനങ്ങൾ നിർമിക്കാനുള്ള ഭാവനയും വിഭവങ്ങളുമില്ലാത്തതിനാലാണ് പഞ്ചായത്തു പ്രസിഡണ്ടിന്റെ ദശവാർഷികാഘോഷം നടത്താൻ പിള്ളയും കൂട്ടരും തീരുമാനിക്കുന്നത്. ഏറെക്കാലത്തിനുശേഷം നടക്കുന്ന ആ നാട്ടിലെ യോഗമായിരുന്നു അതെന്ന സൂചന പഞ്ചായത്ത് ഭരണസമിതിയുടെ നിർജ്ജീവമായ അവസ്ഥ വ്യക്തമാക്കുന്നു. എന്നാൽ ആ യോഗത്തിൽ സംസാരിക്കാൻ പ്രമുഖ പ്രഭാഷകനെയും നൃത്തത്തിനായി അക്കാലത്ത് കേരളത്തിൽ നൃത്തക്കാരിയായി പേരെടുത്ത ഉണ്ണിമേരിയെയുമാണ് കൊണ്ടുവന്നത്. എന്നാൽ, പ്രഭാഷകന്റെ പ്രതിഫലം കൂട്ടിയതിനാൽ പ്രഭാഷകനെ ഒഴിവാക്കി. ഉണ്ണിമേരിയെന്ന പേരുള്ള ആ നാട്ടിലെ ഒരു കൊച്ചുകുട്ടിയെയാണ് നൃത്തത്തിനായി എത്തിച്ചത്. തങ്ങളെ പറഞ്ഞുപറ്റിക്കുകയായിരുന്നുവെന്ന് ബോധ്യമായപ്പോൾ നാട്ടുകാർ യോഗംകലക്കി. അങ്ങനെ പഞ്ചായത്തു പ്രസിഡണ്ടിന്റെ അനുമോദനയോഗം സംഘർഷത്തിൽ കലാശിച്ചു.
പാലത്തെ ഭയന്ന പാരമ്പര്യം
ഈ സംഭവം ആ പഞ്ചായത്തിലെ ഭരണപരമായ അവസ്ഥയും സാമ്പത്തികനിലയും വ്യക്തമാക്കുന്നുണ്ട്. സാമ്പത്തികമായി പരാധീനതയിലാണ് അവിടുള്ളവർ കഴിയുന്നതെന്ന സൂചന പലതും സിനിമയിൽകാണാം. പഞ്ചായത്തംഗമായ റാഹേലിന്റെ വീട്ടിൽ സാമ്പത്തികപ്രശ്‌നം രൂക്ഷമാണെന്ന് ഭർത്താവ് കടക്കാരെ പേടിച്ച് കഴിയുന്നതിൽനിന്ന് വ്യക്തമാകുന്നു. ഏതുകാര്യം പറഞ്ഞാലും റാഹേൽ അതിൽനിന്ന് തനിക്കെന്തുകിട്ടുമെന്നാണ് ചോദിക്കുന്നത്. അവരുടെ ഭർത്താവ് മറ്റുള്ളവരിൽനിന്ന് പലതിനും പണംപിടുങ്ങിയാണ് തന്റെ നിത്യജീവിതാവശ്യങ്ങൾ പൂരിപ്പിക്കുന്നത്. അതിനായി എതിർപാർട്ടിക്കാർക്ക് തന്റെ പാർട്ടിയിലെ വിവരങ്ങൾ ചോർത്തിനല്കുകവരെ ചെയ്യുന്നു. പാലത്തിനടിയിൽ താമസിക്കുന്ന ജഹാംഗീറെന്ന ചായവില്പനക്കാരൻ പണത്തിനായി കള്ളസാക്ഷിവരെ പറയുന്നു. പാലം അപടകത്തിലാണെന്നു വരുത്താൻ ഓരോ പണികൾ ചെയ്യാൻ അയാൾ നിരന്തരം പിള്ളയിൽനിന്ന് പണം വാങ്ങുന്നു. ദുശ്ശാസനക്കുറുപ്പിന്റെ സാമ്പത്തികനില അയാളുടെ പാരമ്പര്യസ്വത്താണെന്നു വ്യക്തമാണ്. എന്നാൽ ബാക്കിയുള്ളവർക്ക് അതില്ലെന്നു കാണാം.
ദുശാസനക്കുറുപ്പ്, ഷാപ്പുകാരൻ കോൺട്രാകട്ർ തുടങ്ങിയവരെ സേവപിടിച്ചാണ് പലരും പണം കണ്ടത്തുന്നതെന്ന സൂചന കേവലം അഴിമതി എന്ന നിലയിൽ കാണുന്നതിനപ്പുറത്ത് സാമ്പത്തികനില മെച്ചപ്പെടുത്താനുള്ള വളർച്ചയില്ലാത്ത കേരളീയസാമൂഹികതയെ അടയാളപ്പെടുത്തുകയാണിതെന്നു വ്യക്തമാക്കുന്നു. ഗൾഫ് പണം എത്തുന്നതിനുമുമ്പുള്ള വളർച്ച മുരടിച്ച കേരളീയ ഗ്രാമസങ്കല്പത്തിലാണ് ഐരാവതക്കുഴി പഞ്ചായത്തിന്റെ അടിത്തറ നില്ക്കുന്നത്. മെച്ചപ്പെട്ട തൊഴിൽസാഹചര്യത്തിലൂടെ വരുമാനം കൂട്ടാനുള്ള സാമൂഹികതയില്ലാത്തതിനാലാണ് അഴിമതി കടന്നുവരുന്നതെന്നാണ് ഇവിടെ സൂചിപ്പിക്കുന്നത്. പുതിയ വീടുവയ്ക്കാനും മക്കളെ ഉന്നതനിലയിൽ പഠിപ്പിക്കാനുമുള്ള വ്യഗ്രതയിൽ പണമുണ്ടാക്കാനുള്ള താത്പര്യം അവിടെയുള്ളവരിൽ അങ്കുരിച്ചിടത്താണ് അതുണ്ടാകുന്നത്. ഈ സിനിമയിലെ പ്രധാനപ്രശ്‌നമായി ഗൾഫ്പണത്തിലൂടെ പരിണമിക്കുന്ന കേരളം പ്രവർത്തിക്കുന്നത് ഈ കാഴ്ചയിൽ കാണാം.
പാലം പൊളിക്കുകയെന്ന ആശയം ശിഖണ്ഡിപ്പിള്ളയിൽ ഉണർത്തുന്നത് സിനിമയുടെ ആദ്യംനടക്കുന്ന ഒരു സംഭവമാണ്. അഴിമതി നടത്താൻവേണ്ടി പാലം പൊളിക്കുകയായിരുന്നില്ല എന്നിത് വ്യക്തമാക്കുന്നു. പാലത്തിലൂടെ നടന്നുപോയപ്പോൾ എതിരേ വന്ന കാർ റോഡിലെ കുഴിയിലെ വെള്ളം പിള്ളയുടെ ദേഹത്തു തെറിപ്പിച്ചതാണാ സംഭവം. ചെളിവെള്ളത്തിൽ കുളിച്ച പിള്ള രോഷാകുലനാകന്നുണ്ട്. പിന്നീട് പഞ്ചായത്തു പ്രസിഡണ്ടിന്റെ വീട്ടിലെത്തിയ പിള്ള പഞ്ചായത്തംഗമായിട്ടും തനിക്ക് വേണ്ടത്രബഹുമാനം കിട്ടുന്നില്ലെന്നും റോഡിലൂടെ നടക്കാൻ കഴിയുന്നില്ലെന്നു പറയുന്നിടത്ത് ഈ സംഭവം അയാളിൽ ഏല്പിച്ച രോഷം വ്യക്തമാക്കുന്നു. ഈ സംഭവം പാലം പൊളിച്ചു പണിയുന്ന ചിന്തയിലേക്കു നയിച്ചെങ്കിൽ അയാൾക്ക് പാലത്തിനോടും റോഡിനോടുമുള്ള സമീപനം വ്യക്തമാകുന്നു. പിള്ള അവതരിപ്പിക്കുന്ന പദ്ധതിയിലൂടെയാണ് പാലപൊളിക്കുകയെന്ന ആശയത്തിലേക്ക് ബാക്കിയുള്ളവരെത്തുന്നത്. പിള്ളയെ ഇതിനു പ്രേരിപ്പിച്ച സംഭവം വായിക്കുമ്പോൾ പാലം, റോഡ് തുടങ്ങിയ ആധുനികമായ സാമൂഹികനിർമിതികളോടുള്ള പാരമ്പര്യക്കാരനായ ഒരാൾക്കുണ്ടായ വെറുപ്പാണെന്നു കാണാം. തങ്ങൾക്ക് തോന്നുന്ന രീതിയിൽ ഇറങ്ങിനടക്കാനുള്ളതാണ് റോഡുകളെന്നും ബാക്കിയുള്ളവരൊക്കെ അതനുസരിച്ച് നടക്കണമെന്നും കരുതുന്ന ജാതിബോധമാണ് ഇവിടെ പിള്ള പ്രകടിപ്പിക്കുന്നത്.
ജാതിയിലടിയുറച്ച കേരളീയതയിൽ ആധുനികതയും ജാതിവിരുദ്ധതയും കടന്നുവന്നപ്പോൾ പാരമ്പര്യക്കാരായ ചിന്തകരും മറ്റും അതിനെ നാടിന്റെ നിലവിലെ പവിത്രതയെ തകർക്കുന്ന ശത്രുക്കളായിട്ടാണ് കണ്ടതെന്നു കാണാം. ഈ കാഴ്ചയുടെ ഉദാഹരണമാണ് ഒരു കുഗ്രാമത്തിൽ റോഡുവെട്ടുന്ന കഥപറയുന്ന പി. കേശവദേവിന്റെ വെളിച്ചം കേറുന്നു എന്ന നോവൽ. നാട്ടിൽ പുതിയ റോഡുവെട്ടുമ്പോൾ, "റോഡുവെട്ടുന്നത് നാടിന്നാപാത്താ കുഞ്ചുപിള്ളേ' എന്നൊരു സവർണ കഥാപാത്രം പറയുന്നുണ്ട്. കുറ്റിപ്പുറത്ത് പാലം വന്നപ്പോൾ അതിൽകയറിയ കവിക്ക് ആദ്യം അഭിമാനം തോന്നിയെങ്കിലും പിന്നീട് പാലത്തിലൂടെ ആധുനികത ശക്തമായി കടന്നുവരുമെന്നു തോന്നിയപ്പോൾ ഭയം തോന്നുന്നത് ഇടശ്ശേരിയുടെ കുറ്റിപ്പുറം പാലം എന്ന കവിതയിൽ കാണാം നാട്ടിലാവശ്യമില്ലാത്തതെന്നു കരുതുന്ന ഇത്തരം സംഗതികളെ നിസാരമായിക്കാണുന്ന ബോധത്തിന്റെ തുടർച്ചയാണ് പിള്ള പ്രകടിപ്പിക്കുന്നതും ബാക്കിയുള്ളവരിൽ അടിച്ചേല്പിക്കുന്നതും. ദുശാസനക്കുറുപ്പും മറ്റും ഇതിനെ അംഗീകരിക്കാതിരിക്കുമ്പോൾ തന്ത്രപരമായിട്ടാണ് അയാൾ അതിലേക്കവരെ കൊണ്ടുവരുന്നതെന്നും കാണാം. പാലംപോലുള്ളവ ജീവിതത്തിനാവശ്യമില്ലെന്നു കരുതുന്ന ആധുനികവിരുദ്ധമായ പൊതുബോധത്തിന്റെ സൃഷ്ടിയാണ് ഇവിടുത്തെ അഴിമതിയെ സാധ്യമാക്കുന്ന പ്രവർത്തനമായി മാറുന്നത്.
ഗൾഫിലേക്കുപോകാൻ
ഐരാവതിക്കുഴി പഞ്ചായത്തിലെ സാമൂഹികജീവിതത്തിലേക്കു ഗൾഫ് കടന്നുവരുന്നുണ്ടായിരുന്നുവെന്ന് അതിലെ ചില സംഭങ്ങൾ പറയുന്നു. പഞ്ചായത്തംഗമായ റാഹേലിന് 10,000 രൂപയോളം ആവശ്യം വന്നത് അടുത്ത ബന്ധുവിന് ഗൾഫിൽ പോകാൻ കൊടുക്കാനായിരുന്നു. ഗൾഫിൽ പോയവരുടെ കഥകളോ മറ്റോ ആ പഞ്ചായത്തിലില്ലെന്നും ആളുകൾ അങ്ങോട്ടേക്കു പോകാൻ തയാറെടുക്കുകയാണെന്നുമാണ് ഈ സംഭവം പറയുന്നത്. ഗൾഫ്കാലത്തിനു മുമ്പുള്ള കേരളീയഗ്രാമമാണ് ഈ പഞ്ചായത്തെന്ന് അവിടുത്തെ സാമ്പത്തികപ്രതിസന്ധി സൂചിപ്പിക്കുന്നുണ്ട്. ഇതിലെ കഥാപാത്രങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ പലതാണ്. പുതിയ കക്കൂസ്, പുതിയ വീട് തുടങ്ങി ഓരോർത്തർക്കും നിരവധിയാവശ്യങ്ങളുണ്ട്. അതെല്ലാം പരിഹരിക്കാനുള്ള സാമ്പത്തികസ്രോതസ്സ് അവിടെയില്ല. അതിനാണ് കാശുള്ള കോൺട്രാക്റ്റർമാരെ വരുതിയിലാക്കി നിർത്തുന്നത്. കൂടുതൽ പണം ഉണ്ടാക്കണമെന്ന ബോധ്യം ഗ്രാമങ്ങളിലേക്കുപോലും ആഴ്ന്നിറങ്ങിയതിന്റെ തെളിവുകളാണ് ഐരാവതക്കുഴിയിലെ പലരും ഗൾഫിൽ പോകാനൊക്കെ തയാറെടുക്കുന്നതിലൂടെ മനസ്സിലാക്കേണ്ടത്.
പച്ചപുതച്ച കേരളീയഗ്രാമം കൊണ്ട് പുതിയകാലത്ത് ജീവിക്കാനാവുകയില്ലെന്നു പലരും തിരിച്ചറിയുന്നതിന്റെ സന്ദർഭമിതാണ്. എന്നാൽ പാലം തകർക്കുന്നതിലൂടെ അതിന്റെ സാമ്പത്തികം ഉപയോഗിച്ച് തങ്ങൾക്കു വളരാമെന്നു കരുതുന്നവർ പൊതുസമൂഹത്തിൽ ആധുനികതയുടെ വളർച്ച സാധ്യമാകുന്നത് നിഷേധിക്കുകയാണ്. പാലത്തിനുള്ള സിമന്റും കമ്പിയും തങ്ങളുടെ വീടുപണിക്കായി പിള്ളയും കൂട്ടരും മാറ്റുന്നത് ഇതാണ് സൂചിപ്പിക്കുന്നത്. പുതിയ പാലം പണിതാലും അതുതകർക്കുന്നതിനുള്ള നീക്കമാണവർ ഇതിലൂടെ നടത്തുന്നതെന്നു വ്യക്തം. അതിലൂടെ പൊതുസമൂഹത്തിൽ റോഡുകളിലൂടെയും പാലങ്ങളിലൂടെയുമുള്ള പുരോഗതി ആവശ്യമില്ലെന്നു പ്രഖ്യാപിക്കുകയാണ് ഇക്കൂട്ടർ. ഈ നിലയിൽ രാഷ്ട്രീയക്കാർ നടത്തുന്ന കേവലമായ അഴിമതിയുടെ കഥയല്ല പഞ്ചവടിപ്പാലം, മറിച്ച് കേരളീയസമൂഹത്തിലെ ജാതിബോധം ആധുനികതയെ നേരിടുന്നതിന്റെ കഥകൂടിയാണത്.
സ്ത്രീയുടെ അഴിമതി രാഷ്ട്രീയം
ചിത്രത്തിന്റെ പ്രകടപാഠം പുതിയ രാഷ്ട്രീയക്കാരെല്ലാം വിവരമില്ലാത്ത അഴിമതിക്കാരാണെന്നാണ്. മലയാളസിനിമ രാഷ്ട്രീയക്കാരെ അഴിമതിക്കാരായി ചിത്രീകരിച്ച് ഒരു പൊതുബോധമുണ്ടാക്കുന്നതിന്റെ തുടക്കം ഇവിടെക്കാണാം. പഞ്ചായത്തിലെ രാഷ്ട്രീയക്കാർ മാത്രമല്ല, തിരുവനന്തപുരത്തെ വലിയ മന്ത്രിമാർ വരെ കോമാളികളായി പ്രത്യക്ഷപ്പെടുന്നുവെന്നാണ് പ്രധാനം. ഒരുവാക്കുപോലും നേരെചൊവ്വേ സംസാരിക്കാനറിയാത്തവരാണ് രാഷ്ട്രീയക്കാരെന്നും കാശിന് ആർത്തിപിടിച്ചവരാണെന്നും ആവർത്തിക്കുന്നതിലൂടെ ഇവരെ തെരഞ്ഞെടുക്കുന്ന പൊതുജനം മണ്ടരാവുകയാണെന്നും സ്ഥാപിക്കപ്പെടുന്നു. ഇതിലെ രാഷ്ട്രീയക്കാരിൽ സ്ത്രീകളായ റാഹേലിന്റെയും മണ്ഡോദരിയമ്മയുടെയും പ്രകടനം പുരുഷരാഷ്ട്രീയക്കാരെപ്പോലെയാണ് സ്ത്രീകളുമെന്ന് അടിവരയിടുന്നു.
നമ്മുടെ പൊതുബോധം സ്ത്രീകളെ പുരുഷന്മാരെപ്പോലെ അഴിമതിക്കാരായി കാണാറില്ല. അവരെ "സ്‌ത്രൈണഗുണ'ങ്ങളുടെ വിളനിലമായി അടക്കവും ഒതുക്കവുമുള്ളവരായിട്ടാണ് ചിത്രീകരിക്കുക. ഇവിടെ റാഹേൽ പുരുഷന്മാരെക്കാൾ തന്റേടത്തോടെയാണ് കാര്യങ്ങളിൽ ഇടപടുന്നതും പഞ്ചായത്ത് മീറ്റിംഗിൽ അടിയുണ്ടാക്കുന്നതും. ഏതുകാര്യം പറഞ്ഞാലും കാശിന്റെ കാര്യമാണ് റാഹേലാദ്യം ചോദിക്കുക. എന്നല്ല, ഭർത്താവിനെ നിയന്ത്രിക്കുന്നതും അവരാണ്. മണ്ഡോദരിയമ്മ പഞ്ചായത്തംഗമല്ലെങ്കിലും പ്രസിഡണ്ടായ കുറുപ്പിന്റെ പങ്കാളിയായ അവരാണ് അദ്ദേഹത്തെ നിയന്ത്രിക്കുന്നത്. വീട്ടിലെ സാമ്പത്തിക കാര്യങ്ങൾ നോക്കുന്നതും പഞ്ചായത്തിലെ എല്ലാക്കാര്യങ്ങളിലും ചർച്ചകളിൽ അഭിപ്രായം പറയുന്നതും അവരാണ്. അഴിമതിയുള്ള വിഷയം വരുമ്പോഴും പുരുഷനെക്കാൾ താത്പര്യത്തോടെ അതിനു സമ്മതംമൂളുന്നതും കാണാം. ഇത് സൂചിപ്പിക്കുന്നത് എൺപതുകളിലെ അക്കാലത്തെ മറ്റു സിനിമകളിലെ സ്ത്രീപ്രതിനിധാനത്തിന്റെ തുടർച്ചയാണിതെന്നാണ്. സ്ത്രീകളെ അഴിമതിക്കാരായ രാഷ്ട്രീയക്കാരാക്കി കാണുന്നതിലൂടെ ലിംഗപരമായ സ്‌ത്രൈണമൂല്യങ്ങൾക്കു പുറത്തവരെ പ്രതിഷ്ഠിക്കുകയാണ് ആഖ്യാനം ചെയ്യുന്നത്. ഭരണത്തിലും രാഷ്ട്രീയത്തിലും സ്ത്രീകൾ കാര്യമായി കടന്നുവരാതിരുന്ന കാലത്ത് ഇത്തരം ദൃശ്യവത്കരണങ്ങൾ പ്രാധാന്യമർഹിക്കുന്നുണ്ട്.
പാലങ്ങളും നവീനരീതിയിലുള്ള റോഡുകളും പാലങ്ങളും കേരളത്തിൽ വ്യാപകമായി പണിയുന്നുണ്ടെങ്കിലും കേരളത്തിൽ ഇനിയും ഇത്തരം ഭൗതികസാഹചര്യങ്ങളുടെ മെച്ചപ്പെടൽ ധാരാളമുണ്ടാകേണ്ടിയിരിക്കുന്നുവെന്നു കാണാം. മെച്ചപ്പെട്ട ആധുനികതയിലേക്കുള്ള യാത്രയ്ക്കും ഭാവികേരളത്തിന്റെ സാധ്യതകൾക്കും അതാവശ്യമാണ്. എന്നാൽ ഗ്രാമീണതയിലൂന്നിയ കേരളീയതയും അതിന്റെ വ്യവഹാരങ്ങളും പൊതുബോധവും ഇന്ന് അത്തരം മെച്ചപ്പെടലുകൾക്ക് എതിരാണെന്നു കാണാം.
മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ വേണമെന്നാശിക്കുകയും എന്നാലതിനെ സാധ്യമാക്കുന്ന ആധുനികതയെ നിഷേധിക്കുകയും ചെയ്യുകയെന്ന വൈരുദ്ധ്യത്തിലാണ് മലയാളിയുടെ വർത്തമാനകാലം പുലരുന്നത്. അതിനാൽ പഞ്ചവടിപ്പാലം നാം മറന്നുകളയേണ്ട സിനിമയാണ്. എന്നാലത് കേരളത്തിലെ ഓരോ പാലവും ഓർമിപ്പിക്കുന്നവിധത്തിൽ പൊതുബോധം രൂപപ്പെടുന്നുവെന്നത് മലയാളിയിലെ ആധുനികതാവിരുദ്ധതയെ കൃത്യമായി അടയാളപ്പെടുത്തുന്നു. ഈ ആധുനികതാവിരുദ്ധത കൃത്യമായി പ്രവർത്തിച്ചുകൊണ്ടാണ് കെ -റെയിൽ പദ്ധതിക്കെതിരേയുള്ള എതിർപ്പ് ഇപ്പോൾ അരങ്ങേറുന്നത്. പഞ്ചവടിപ്പാലത്തിൽനിന്ന് കെ റെയിലിലേക്ക് ആധുനികതാവിരുദ്ധതയുടെ ഒരു പാലമുണ്ട്. ആ പാലത്തെ നാം തകർക്കേണ്ടതുണ്ട്.