‘എന്റെ ജനനം തന്നെയാണ് ഏറ്റവും വലിയ തെറ്റ്'- കാൾസാഗനെ പോലെ ശാസ്ത്രജ്ഞനാകുന്നത് സ്വപ്‌നം കണ്ട് ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെത്തിയ രോഹിത് വെമുല എന്ന ദലിത് വിദ്യാർഥി, ഹോസ്റ്റൽ മുറിയിൽ ജീവിതം ഒരു കയറിൻ തുമ്പിൽ അവസാനിപ്പിക്കുന്നതിന് തൊട്ടുമുമ്പ് കുറിച്ചിട്ട വാക്കുകൾ.
ജാതിവെറി എങ്ങനെയാണ് ഒരു മനുഷ്യനെ അസ്തിത്വ പ്രതിസന്ധിയിലേക്ക് തള്ളിയിടുന്നതെന്ന് രോഹിത് വെമുലയുടെ ഇൻസ്റ്റിറ്റ്യൂഷനൽ മർഡർ വ്യക്തമാക്കുന്നു. അത്തരമൊരു ദലിത് വിദ്യാർഥി ജീവിതത്തിന്റെ ദൃശ്യാവിഷ്‌കാരമാണ് മാരിസെൽവരാജിന്റെ ഏറ്റവും പുതിയ സിനിമ വാഴൈ. കാലങ്ങളായി ജാതിഭാരം പേറി ശിരസ് കുനിഞ്ഞുപോയ ഒരു ജനതയെ മാരി പകർത്തുന്നുണ്ട്, തന്റെ കാമറയിലൂടെ. അവർ തലയിലേന്തി പോകുന്ന വാഴക്കുലകൾ യാഥാർഥത്തിൽ അവരുടെ ജാതി തന്നെയാണ്. ശിവനൈന്ദൻ എന്ന, പഠനത്തിൽ മിടുക്കനായ സ്‌കൂൾ വിദ്യാർഥിയുടെ ജീവിതത്തിലൂടെയാണ് വാഴൈ പുരോഗമിക്കുന്നത്. ദാരിദ്ര്യത്തിൽ കഴിയുന്ന അമ്മയും സഹോദരിയും മാത്രമുള്ള കുടുംബത്തെ സാമ്പത്തികമായി സഹായിക്കാൻ, അവധി ദിവസങ്ങളിൽ വാഴക്കുലകൾ ചുമക്കാൻ പോകുന്ന ശിവനൈന്ദൻ എന്ന ദലിത് വിദ്യാർഥി ഇവിടുത്തെ സിസ്റ്റത്തിനോടാണ് ചോദ്യമുയർത്തുന്നത്. ഇത്തരത്തിൽ ദാരിദ്ര്യം ജീവിതം കവർന്നെടുത്ത അനേകായിരം ദലിത് വിദ്യാർഥികളുടെ സിനിമാറ്റിക് മുഖമാണ് ശിവനൈന്ദൻ.
മാരിസെൽവരാജ് എന്ന സംവിധായകൻ പരിയേറും പെരുമാൾ മുതൽ വാഴൈ വരെ മാത്രം നീളുന്ന തന്റെ ചെറിയ ഫിലിമോഗ്രഫിയിലൂടെ അംബേദ്കറേറ്റ് രാഷ്ട്രീയത്തിന്റെ ആഴത്തിലുള്ള ദൃശ്യാവിഷ്‌കരണം നടത്തുന്നുണ്ട്. താനടക്കമുള്ള ദലിത് മനുഷ്യർ നൂറ്റാണ്ടുകളായി അനുഭവിക്കുന്ന മാറ്റി നിർത്തലുകളെയും ഉച്ചനീചത്വങ്ങളെയും, നിഷേധിക്കപ്പെടുന്ന സ്വാഭാവിക അവകാശങ്ങളെയും തട്ടിത്തെറിപ്പിക്കപ്പെടുന്ന പ്രണയത്തെയുമൊക്കെ തീവ്രത ഒട്ടും ചോരാതെ പകർത്തിയെടുക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ മുഖ്യധാരാ ഇന്ത്യൻ സിനിമ പിന്തുടർന്നുപോരുന്ന സവർണതയേയും അരാഷ്ട്രീയതയേയും ചോദ്യം ചെയ്യുന്ന രാഷ്ട്രീയ കെട്ടുറപ്പുള്ള തമിഴ് നവതരംഗ സിനിമകളുടെ തുടർച്ചയാകുന്നുണ്ട്, മാരിസെൽവരാജ് എന്ന സംവിധായകൻ. വ്യക്തതയുള്ള രാഷ്ട്രീയ പ്രഖ്യാപനമെന്ന നിലയ്ക്ക്, ഇത്തരം പ്രമേയങ്ങളെ കലാപരമായി വിജയിപ്പിച്ചെടുക്കാനും അദ്ദേഹത്തിന് സാധിക്കുന്നുണ്ട്.
‘എനിക്ക് ഡോക്ടറാകണം, സൂചിവെക്കുന്ന ഡോക്ടറല്ല, ഡോ. ബി.ആർ അംബേദ്കറാകണം’ എന്നാണ് പരിയേറും പെരുമാളിലെ പരിയൻ താൻ ജോയിൻ ചെയ്യുന്ന കോളേജിലെ പ്രിൻസിപ്പലിനോട് ആദ്യം പറയുന്നത്. ജാതിവെറിയുടെ ഇരയായ, സമൂഹത്തിന്റെ പലതുറകളിൽ നിന്നും മാറ്റിനിർത്തപ്പെട്ട് അസ്തിത്വ പ്രതിസന്ധിയിലുഴറിയ പരിയൻ തമിഴ്നാട്ടിലെ പുളിയങ്കുളം എന്ന ദലിത് ഗ്രാമത്തിൽ നിന്നാണ് ഉന്നതവിദ്യാഭ്യാസത്തിനായി നഗരത്തിലെത്തുന്നത്. Educate, Agitate, Organize എന്ന അംബേദ്കറുടെ ആഹ്വാനത്തോടെ ആരംഭിക്കുന്ന സിനിമ തമിഴ്നാട്ടിലെ ആന്റി കാസ്റ്റ് മൂവ്മെന്റുകളുടെ തുടർച്ച കൂടിയായിരുന്നു.
അധികാരത്തിനെതിരായ മനുഷ്യരുടെ സമരം മറവിക്കെതിരെയുള്ള ഓർമയുടെ സമരം കൂടിയാണെന്ന മിലൻ കുന്ദേരയുടെ വാക്കുകളെ ഓർമ്മിപ്പിക്കുന്നതാണ് മാരിയുടെ സിനിമകൾ. നമ്മൾ എന്ത് ചരിത്രം പഠിക്കണം, ആരെ നേതാവാക്കണം എന്നിവ ഭരണകൂടം തീരുമാനിക്കുന്ന ഈ കാലത്ത്, ചരിത്രത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയായിരുന്നു മാരിസെൽവരാജിന്റെ രണ്ടാമത്തെ സിനിമയായ കർണൻ. മുഖ്യധാരാ സിനിമകൾ ഒരു കാലത്തും പറയാത്ത തമിഴ് ഗ്രാമങ്ങളിലെ ജാതിയെ കുറിച്ചും, അവിടങ്ങളിൽ ജീവിക്കുന്ന നിരവധിയടരുകളുള്ള മനുഷ്യ ജീവിതത്തെ കുറിച്ചും, പോരാട്ടങ്ങളെ കുറിച്ചുമാണ് കർണൻ പറയുന്നത്. മാടസ്വാമിയുടെ മകന് എന്തുകൊണ്ട് കർണനായിക്കൂടാ എന്ന ചോദ്യമാണ് ആ സിനിമയടെ രാഷ്ട്രീയം. ജാതി രാഷ്ട്രീയത്തോടൊപ്പം മണ്ണിന്റെ രാഷ്ട്രീയവും കർണൻ സംസാരിക്കുന്നുണ്ട്. മണ്ണിന്റെ അധികാരം എക്കാലത്തും ഒരു വിഭാഗത്തിന് മാത്രമാണെന്നും മറ്റൊരു വിഭാഗം നൂറ്റാണ്ടുകളായി പുറത്താക്കപ്പെടലിന് വിധേയമാകുന്നുണ്ടെന്നും സിനിമ ചൂണ്ടികാണിക്കുന്നു. മണ്ണിനുവേണ്ടിയുള്ള അടിസ്ഥാന വർഗത്തിന്റെ പോരാട്ടമായും ചെറുത്തുനിൽപ്പായും കർണനെ വായിക്കാം. അത്തരത്തിലൊരു രാഷ്ട്രീയ ഫ്രെയിമിലേക്ക് ധനുഷെന്ന താരശരീരത്തെ ചേർത്തുവെക്കുന്നതാണ് മാരിസെൽവരാജ് എന്ന ഫിലിം മേക്കറുടെ വിജയം.
പ്രതീകങ്ങളിലൂടെ രാഷ്ട്രീയം പറയാനാണ് മാരി ശ്രമിക്കുന്നത്. ശിവനൈന്ദന്റെ കൈവശമുള്ള കാൾ മാക്സിന്റെയും അംബേദ്കറിന്റെയും ചിത്രങ്ങളും കനി അണ്ണൻ എന്ന കഥാപാത്രത്തിന് അവൻ നൽകുന്ന, തന്റെ അച്ഛൻ ബാക്കിവെച്ച അരിവാൾ ചുറ്റിക ചിഹ്നവും വ്യക്തമായ രാഷ്ട്രീയ പ്രഖ്യാപനമാണ്.
ചരിത്രത്തോടുള്ള നീതിപുലർത്തലായിരുന്നു മൂന്നാമത്തെ സിനിമയായ മാമന്നൻ. ജാതിവെറിയിൽ സ്വയം അടിമപ്പെട്ടുപോയ ജനതയോടുള്ള നീതിപുലർത്തൽ. ജാതി ഒരു ജനതയെ എങ്ങനെയാണ് നിശ്ശബ്ദരാക്കിയതെന്നും, അതിന്റെ ട്രോമകളെയും സിനിമ തുറന്നുകാട്ടുന്നു. ജാതി ഈ മനുഷ്യരെ തള്ളിയിട്ട ട്രോമയുടെ ആഴങ്ങളിലേക്ക് മാരി പ്രേക്ഷകരെയും തള്ളിയിടുന്നുണ്ട്. ജാതിയുടെ ഇടുങ്ങിയ അടരിനുള്ളിൽ നിന്നാണ് മമന്നൻ കഥപറയുന്നത്. സവർണ മേധാവിത്വം ആഘോഷമാക്കിയ തേവർ മകനെന്ന സിനിമയുടെ തിരുത്തൽ വേർഷനാണ് മാമന്നനെന്ന് ആ സിനിമയിലെ നായകനായ കമൽഹാസനെ തന്നെ മുന്നിലിരുത്തി മാരി തുറന്നുപറയുന്നുണ്ട്. ഇത്തരത്തിൽ സവർണമേധാവിത്തം ആഘോഷമാക്കിയ ഏല്ലാ സിനിമകൾക്കുമുള്ള മറുപടിയെന്നോണമാണ്, മാമന്നൻ കസേര വലിച്ചിട്ട് പ്രേക്ഷകർക്ക് മുന്നിലിരിക്കുന്നത്.
കർണനിലെയും മാമന്നനിലെയും നായകന്മാർ വ്യവസ്ഥിതിക്കെതിരെ ജാതിവെറിക്കെതിരെ വയലൻസിനെ കൂട്ടുപിടിച്ച് പോരാട്ടം നടത്തുന്നവരാണ്. പക്ഷെ, പരിയൻ അംബേദ്കറുടെ തുടർച്ചയവുകയാണ്. ‘പഠിക്കുക, പോരാടുക, സംഘടിക്കുക’ എന്ന അംബേദ്കർ വാക്യത്തിന്റെ ആവിഷ്കാരമാണ് പരിയൻ. വാഴൈയിലും ഇതേ ആശയം തന്നെയാണ് അവതരിപ്പിക്കുന്നത്.
പരിയനും ശിവനൈന്ദനും കടന്നുപോകുന്ന അസ്തിത്വ പ്രതിസന്ധി, എല്ലാ ദലിത് മനുഷ്യരും അനുഭവിക്കുന്നതാണ്. പരിയന്റെ അച്ഛൻ ഓരോ സിനിമാ പ്രേക്ഷകരുടെ ഉള്ളിലും നോവായി നിലനിൽക്കും. തന്റെ അച്ഛനെ അംഗീകരിക്കുന്നിടത്താണ് പരിയൻ തന്റെ സ്വത്വം തിരിച്ചറിയുന്നതുപോലും. കട്ടൻ ചായയും പാൽ ചായയുടെയും ഗ്ലാസും അതിന്റെ നടുലിലായി നായികയടെ തലയിലെ പൂവും വരുന്ന പരിയേറും പെരുമാളിലെ അവസാന ഫ്രെയിം ഒരു കോമേഴ്സ്യൽ സിനിമയിൽ അവതരിപ്പിക്കപ്പെട്ടതിൽ ഏറ്റവും മനോഹരമായ പൊളിറ്റിക്കൽ സ്റ്റേറ്റ്‌മെന്റായിരുന്നു.
ജാതിവെറിക്കെതിരെയും ഉച്ചനീചിത്വങ്ങൾക്കെതിരെയും സിനിമയിലൂടെ ശബ്ദമുയർത്തുന്ന മാരിസെൽവരാജ്, വെട്രിമാരൻ, പാ രഞ്ജിത് പോലെയുള്ളവരെ സ്വത്വവാദിയെന്ന മുദ്രകുത്തി അടിച്ചമർത്താനാണ് ഇവിടുത്തെ ജാതി മെക്കാനിസം എല്ലാക്കാലത്തും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
കാലകാലങ്ങളായി സവർണബോധ്യങ്ങൾ പേറുന്ന ഇന്ത്യൻ സിനിമയും ഈ ദലിത് വിരുദ്ധതകളെ ആഘോഷിച്ചിട്ടുണ്ട്. സ്‌കൂളിൽ, ക്ലാസ് മുറിയിൽ, കളിയിടങ്ങളിൽ തുടങ്ങി സാമൂഹ്യ ജീവിതത്തിന്റെ സകല തുറകളിലും അരികുവൽക്കരിക്കപ്പെട്ട മനുഷ്യർ പ്രത്യക്ഷമായും പരോക്ഷമായും വേട്ടയാടപ്പെടുന്നുണ്ട്. സംവരണ വിരുദ്ധതയാണ് അത്തരം ആക്ഷേപങ്ങളുടെ പ്രധാന ടൂൾ. സംവരണ സീറ്റുകൾ സവർണരുടെ ഔദാര്യമാണെന്ന ആഖ്യാനമാണ് സംവരണ വിരുദ്ധതയുടെ ആധാരം. അത്തരം ആഖ്യാനങ്ങളെ പലകാലങ്ങളിൽ സിനിമകൾ ആഘോഷിച്ചിട്ടുമുണ്ട്. അത്തരം നരേറ്റിവുകളെ പരിയേറും പെരുമാളിലൂടെയും വാഴൈയിലൂടെയുമൊക്കെ മാരി പൊളിക്കുന്നുണ്ട്.
ഭരണഘടന ആർട്ടിക്കിൾ 17- ലൂടെ തൊട്ടുകൂടായ്മ നിരോധിക്കപ്പെട്ട ഒരു രാജ്യത്ത് ഇന്നും പലവിധത്തിൽ അവ ആചരിക്കപ്പെടുന്നുണ്ടെന്ന്, അത് ഇവിടുത്തെ ദലിത് മനുഷ്യരെ വേട്ടയാടുന്നുണ്ടെന്ന് ഈ സിനിമകൾ നമ്മെ ഓർമ്മപ്പെടുത്തുന്നു. യഥാർഥത്തിൽ മാരിയുടെ സിനിമകൾ ജാതി കൊന്നുകളഞ്ഞ, മരിച്ച് ജീവിക്കേണ്ടി വന്ന സ്വത്വപ്രതിസന്ധിയിലേക്ക് തള്ളിയിടപ്പെട്ട മനുഷ്യരോടുള്ള നീതി ചെയ്യൽ കൂടിയാണ്.
സ്വന്തം വിവാഹത്തിന് കുതിരപ്പുറത്ത് വന്ന വരനെ തല്ലിക്കൊന്ന നാട്ടിൽ, ഗ്രാമത്തിലെ പൊതുകുളത്തിൽ കുളിക്കാനിറങ്ങിയ ദലിത് കുട്ടികളെ കല്ലെറിഞ്ഞ് കൊന്ന നാട്ടിൽ, ജാതികൊലപാതകങ്ങളിൽ നിന്ന് ജാതിയെ ഇൻവിസിബിളാക്കി ദുരഭിമാനക്കൊലകളാക്കി ചുരുക്കിക്കാട്ടുന്ന നാട്ടിൽ ഇത്തരം സംഭവങ്ങളെ വെറും സ്വാഭാവികതകളാക്കി ചിത്രീകരിച്ച്, ‘ഇവിടെ ജാതി ഇല്ല’ എന്ന് ആവർത്തിക്കുന്ന സവർണ ബോധ്യങ്ങൾക്കിടയിൽ നിന്നാണ് മാരിസെൽവരാജ് ജാതി എന്ന യാഥാർഥ്യത്തെ അഡ്രസ് ചെയ്യുന്നത്. ജാതിക്കൊലകളിൽ നിന്ന് മനപൂർവം അദൃശ്യമാക്കുന്ന ജാതിയെന്ന അടിസ്ഥാന പ്രശ്‌നത്തെ മാരിസെൽവരാജ് കൃത്യമായി സിനിമയിൽ തുറന്നുകാട്ടുന്നുണ്ട്. ഇന്ത്യ എന്ന രാജ്യത്തിന്റെ ഓരോ ഇഴകളിലും അടങ്ങിയിരിക്കുന്ന ജാതിയെന്ന യാഥാർഥ്യം എങ്ങനെയാണ് മനുഷ്യനെ മറ്റൊരു മനുഷ്യനെ കൊന്നുകളയുന്ന തരത്തിലേക്ക് പരുവപ്പെടുത്തുന്നതെന്നും, പ്രണയത്തിലും വിവാഹത്തിലും ജാതിയെങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും, ‘ശുദ്ധി- അശുദ്ധി’ വാദങ്ങളെയും മാരി തുറന്നുകാട്ടുന്നു.
അതേ, ഈ സിനിമകൾ അടിമുടി രാഷ്ട്രീയമാണ്. മാരി തന്നെ പറഞ്ഞതുപോലെ, സിനിമ അയാൾക്ക് പൊളിറ്റിക്കൽ ടൂളാണ്.
തമിഴ്നാട്ടിലെ തിരുന്നൽവേലിയിലെ പുളിയങ്കുളം എന്ന തന്റെ ഗ്രാമത്തിന്റെ രക്തത്തിൽ അലിഞ്ഞുചേർന്ന സിനിമയോടുള്ള അഭിനിവേശം മാരിസെൽരാജിനെയും സിനിമയിലേക്കെത്തിക്കുകയായിരുന്നു.
തമിഴ്നാട്ടിലെ തിരുന്നൽവേലിയിലെ പുളിയങ്കുളം എന്ന തന്റെ ഗ്രാമത്തിന്റെ രക്തത്തിൽ അലിഞ്ഞുചേർന്ന സിനിമയോടുള്ള അഭിനിവേശം മാരിസെൽരാജിനെയും സിനിമയിലേക്കെത്തിക്കുകയായിരുന്നു. സംവിധായകൻ റാമിന്റെ കൈപിടിച്ചാണ് മാരി തമിഴ് സിനിമയുടെ ഭാഗമാകുന്നത്. റാമിന്റെ ചെന്നൈയിലെ ഓഫീസിൽ ഒരു ജീവനക്കാരനായി തുടങ്ങിയ മാരി അവിടെ നിന്ന് ലോകസിനിമയുടെ വിശാല ലോകങ്ങൾ കണ്ടുതുടങ്ങി. ആനന്ദ വികടൻ മാസികയിൽ മറൈക്കാവെ നിനക്കിറെ എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ട മാരിസെൽവരാജിന്റെ ലേഖനങ്ങൾ അദ്ദേഹത്തിന്റെ സ്വന്തം ജീവിതാനുഭവങ്ങളായിരുന്നു. ആ എഴുത്തിലുണ്ടായിരുന്നു അയാളുടെ ഉള്ളിലെ തീവ്രത. ആ എഴുത്തുകളാണ് സംവിധായകൻ പാ രഞ്ജിത്തിലേക്ക് മാരിയെ അടുപ്പിക്കുന്നത്. ആനന്ദ വികടനിലെ എഴുത്തുകളുടെ തുടർച്ച കൂടിയാണ് മാരിയുടെ സിനിമകളും.
ബിംബങ്ങളിലൂടെയുള്ള ആശയാവിഷ്‌കാരമാണ് മാരി സെൽവരാജ് നാല് സിനിമകളിലും ഉപയോഗിച്ചിട്ടുള്ളത്. സൗന്ദര്യശാസ്ത്രപരമായും രാഷ്ട്രീയപരമായും ഈ ആഖ്യാനനിർമിതിയാണ് അദ്ദേഹത്തിന്റെ സിനിമകളെ വേറിട്ട് നിർത്തുന്നത്. ഫ്രെയിമിൽ അങ്ങിങ്ങ് കാണുന്ന നീല നിറത്തിലൂടെയും ചായഗ്ലാസിലൂടെയും അംബേദ്കർ ചിത്രങ്ങളിലൂടെയും സിനിമയിലൂടെ ജാതി രാഷ്ട്രീയത്തെ അടയാളപ്പെടുത്തുന്നതിൽ അദ്ദേഹം വിജയിക്കുന്നു. ‘മരണപ്പെട്ടത് നീയാണോ ഞാനാണോ കറുപ്പി, അവർ കൊന്നത് ആരെയാണെന്ന് എനിക്കറിയാം’, കറുപ്പിയെന്ന പരിയന്റെ വാക്കുകൾ, ഇക്കാലത്തിനിടയിൽ നമ്മുടെ രാജ്യത്ത് ആക്രമിക്കപ്പെട്ട ദലിത് ശരീരങ്ങളെ ഓർമ്മപ്പെടുത്തുന്നു. സിനിമയിൽ കറുപ്പി നായയാണെങ്കിൽ, ജീവിതത്തിലേക്ക് വരുമ്പോൾ ജാതിവെറി കൊന്നുകളഞ്ഞ മനുഷ്യരുടെ പ്രതീകമാകുന്നുണ്ട് കറുപ്പി.
കർണനിലെ തലയില്ലാത്ത ബുദ്ധപ്രതിമകളും, ഹൈന്ദവ ആരാധനകൾക്കുപുറത്തുനിൽക്കുന്ന ദേവതാ സങ്കൽപ്പങ്ങളുമെല്ലാം ബിംബാവിഷ്‌ക്കാരങ്ങളുടെ ഭാഗമാണ്. കർണനിലെ കാലിൽ കയറുകെട്ടിയ കഴുത മറ്റൊരു പ്രതീകമാണ്. അതേ കയർ അഴിച്ചുവിടുമ്പോൾ സ്വതന്ത്രമാകുന്ന കഴുത സ്വാതന്ത്ര്യത്തിന്റെ പുതിയ അടരുകളാണ് തുറന്നുവെക്കുന്നത്. അത് വിമോചനത്തിന്റെ രാഷ്ട്രീയം കൂടിയാകുന്നു. വാഴൈയിലും ഇത്തരത്തിൽ പ്രതീകങ്ങളിലൂടെ രാഷ്ട്രീയം പറയാൻ മാരി ശ്രമിക്കുന്നുണ്ട്. ശിവനൈന്ദന്റെ കൈവശമുള്ള കാൾ മാക്സിന്റെയും അംബേദ്കറിന്റെയും ചിത്രങ്ങളും കനി അണ്ണൻ എന്ന കഥാപാത്രത്തിന് അവൻ നൽകുന്ന തന്റെ അച്ഛൻ ബാക്കിവെച്ച അരിവാൾ ചുറ്റിക ചിഹ്നവും വ്യക്തമായ രാഷ്ട്രീയ പ്രഖ്യാപനമാണ്.
ഉപരിപ്ലവമായ രാഷ്ട്രീയം പറച്ചിൽ നടത്തുന്ന സംവിധായകനാണ് മാരിസെൽവരാജെന്ന് എല്ലാക്കാലത്തും ആക്ഷേപിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹം നടത്തുന്നത് ഇരവാദമാണെന്നും ജാതി നിലനിൽക്കുന്നേയില്ലെന്നുമാണ് ഇക്കൂട്ടരുടെ വാദം. ജാതിവെറിക്കെതിരെയും ഉച്ചനീചിത്വങ്ങൾക്കെതിരെയും സിനിമയിലൂടെ ശബ്ദമുയർത്തുന്ന മാരിസെൽവരാജ്, വെട്രിമാരൻ, പാ രഞ്ജിത് പോലെയുള്ളവരെ സ്വത്വവാദിയെന്ന മുദ്രകുത്തി അടിച്ചമർത്താനാണ് ഇവിടുത്തെ ജാതി മെക്കാനിസം എല്ലാക്കാലത്തും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ, അത്തരം തമസ്കരണങ്ങൾക്കുമേൽ ജീവിച്ചിരിക്കുന്ന ചില യാഥാർഥ്യങ്ങൾ നമുക്കിടയിൽ തന്നെയുണ്ട്. രോഹിത് വെമുല അവരിൽ ഒരാളാണ്. കോവിഡ് കാലത്ത് ഓൺലൈൻ പഠനം അപ്രാപ്യമാക്കപ്പെട്ടതിനെതുടർന്ന് വിദ്യാഭ്യാസം അസാധ്യമാക്കപ്പെട്ടതിന്റെ വേദനയിൽ ജീവനൊടുക്കേണ്ടിവന്ന ദേവിക എന്ന മലയാളി വിദ്യാർഥി അവരിലെ മറ്റൊരാാളണ്. ‘ജാതിയില്ല’ എന്നത് ഒരു പുകമറ മാത്രം. മൂടിവെക്കപ്പെട്ട ഇത്തരം യാഥാർഥ്യങ്ങളെ തുറന്നുകാട്ടുന്നവയാണ് മാരിയുടെ സിനിമകൾ. അതുകൊണ്ടുതന്നെ വിമർശനങ്ങളും ആ സിനിമകൾക്കുള്ള കയ്യടികളാണ്.
'നീങ്ക നീങ്കളാ ഇറിക്കിറവരേക്കും നാൻ നായാ താൻ ഇറുക്കണമെന്ന് നീങ്ക എതിർപാക്കവരേക്കും ഇങ്കെ എതുവുമെ മാറലെ. അപ്പടിയേ താൻ ഇറുക്കും'
അതെ, നിങ്ങൾ നിങ്ങളായിരിക്കുന്ന കാലം വരെയും, ഞങ്ങൾ നായകളായിരിക്കണമെന്ന് നിങ്ങൾ ചിന്തിക്കുന്ന കാലം വരെയും, ഇവിടെ ഒന്നും മാറില്ല. എല്ലാം ഇങ്ങനെ തന്നെ തുടരും…