ആരും അറിയാത്ത ആ രഹസ്യമാണ് മാജിക്കിന്റെ വിജയം, പ്രാവിൻ കൂട് ഷാപ്പിന്റെയും

തൂങ്ങിക്കിടക്കുന്ന ഒരു ഡെഡ്ബോഡിയിൽ തുടങ്ങുന്ന കഥ വികസിച്ച് വരുന്നത് കാണാനും ഒരു രസമുണ്ട്. കൊമ്പൻ ബാബുവിന്റെ സ്വഭാവം, കള്ളുഷാപ്പിനെ ചുറ്റിപ്പറ്റി നിൽക്കുന്നവർ തമ്മിലെ കോൺഫ്ലിറ്റ് തുടങ്ങിയവ ഓരോരുത്തരുടേയും നരേഷനിൽ ചുരുൾ നിവർന്ന് വരുമ്പോൾ കിട്ടുന്ന പുതിയ പുതിയ മൊമന്റുകൾ, സിനിമയിലെ ഓരോ മിനിറ്റിനെയും എൻഗേജിംഗ് ആക്കുന്നുണ്ട്.

ത് കൊള്ളാം. രസകരമായിട്ടുണ്ട്.
ഒരു ഷാപ്പിൽ നടക്കുന്ന കൊലപാതകം, അതിന്റെ അന്വേഷണം അതിലേക്ക് വരുന്ന സംഭവങ്ങൾ. ഇത്രയുമാണ് ലളിതമായി പറഞ്ഞാൽ കഥ. ഈ കഥയിലേക്ക് നർമവും സസ്പെൻസും കഥാപാത്രങ്ങളുടെ ഗംഭീര പ്രകടനവും രസകരമായ മൊമന്റുകളും സാങ്കേതികത്തികവും കൊണ്ടുവരുമ്പോഴാണ് പ്രാവിൻകൂട് ഷാപ്പ് സംഭവിക്കുന്നത്.

മധ്യകേരളത്തിലെ സാധാരണ ഗ്രാമത്തിലെ കള്ളുഷാപ്പാണ് പ്രാവിൻകൂട് ഷാപ്പ്. രാത്രി 11 മണിക്ക് ഷാപ്പിന്റെ വാതിലുകൾ അടയ്ക്കും. ശേഷം ഷാപ്പിന്റെ ഒത്ത നടുവിലുള്ള മേശയിലിരുന്ന് ഷാപ്പുടമ കൊമ്പൻ ബാബുവിന്റെ മദ്യപാനമാണ്. ഷാപ്പിലെ സ്ഥിരക്കാരും കൊമ്പൻ ബാബുവിന്റെ സുഹൃത്തുക്കളും മാത്രമേ ആ സമയത്ത് ഷാപ്പിലുണ്ടാവൂ. അത് കഴിയുന്നത് വരെ ഷാപ്പിന്റെ വാതിലുകൾ തുറക്കപ്പെടില്ല. അന്നും അങ്ങനെ തന്നെ, പക്ഷേ പതിവില്ലാതെ മഴയുണ്ടായിരുന്നു. ഷാപ്പിന്റെ വാതിലുകൾ അടഞ്ഞു, ഷാപ്പിലെ തൊഴിലാളികളും സ്ഥിരക്കാരും ഒരു മുറിയിൽ ചീട്ട് കളിയുമായി കൂടി. കൊമ്പൻബാബു മദ്യപാനം തുടങ്ങി. അധികം വൈകാതെ ഷാപ്പിന്റെ നടുവിൽ കൊമ്പൻ ബാബു തൂങ്ങി മരിച്ചതായി കാണപ്പെടുന്നു. കൊമ്പൻ ബാബുവിന്റെത് ആത്മഹത്യയാണോ, കൊലപാതകമാണോ, കൊന്നെങ്കിൽ ആർക്കാണ് അതിന് കഴിയുക? ഇവിടെയാണ് പ്രാവിൻകൂട് ഷാപ്പിന്റെ കഥ ആരംഭിക്കുന്നത്.

സൗബിൻ ഷാഹിർ, ചെമ്പൻ വിനോദ്
സൗബിൻ ഷാഹിർ, ചെമ്പൻ വിനോദ്

തൂങ്ങിക്കിടക്കുന്ന ഒരു ഡെഡ്ബോഡിയിൽ തുടങ്ങുന്ന കഥ വികസിച്ച് വരുന്നത് കാണാനും ഒരു രസമുണ്ട്. കൊമ്പൻ ബാബുവിന്റെ സ്വഭാവം, കള്ളുഷാപ്പിനെ ചുറ്റിപ്പറ്റി നിൽക്കുന്നവർ തമ്മിലെ കോൺഫ്ലിറ്റ് തുടങ്ങിയവ ഓരോരുത്തരുടേയും നരേഷനിൽ ചുരുൾ നിവർന്ന് വരുമ്പോൾ കിട്ടുന്ന പുതിയ പുതിയ മൊമന്റുകൾ, സിനിമയിലെ ഓരോ മിനിറ്റിനെയും എൻഗേജിംഗ് ആക്കുന്നുണ്ട്. കൊമ്പൻ ബാബുവിന്റെ കാര്യം തന്നെ എടുക്കാം. ദുർബലരായ മനുഷ്യർ മാത്രമുള്ള ഷാപ്പിന്റെ നടുവിൽ തൂങ്ങിക്കിടക്കുന്ന കൊമ്പൻ ബാബുവിനെയാണ് പ്രേക്ഷകർ ആദ്യം പരിചയപ്പെടുന്നത്. പിന്നീട്, ഓരോ കഥാപാത്രങ്ങളുടെയും ആഖ്യാനത്തിലൂടെ കൊമ്പൻ ബാബുവിന്റെ പവർ തിരിച്ചറിയുമ്പോഴാണ് - WTF, ഇയാളെ ആര്, എങ്ങനെ കൊന്നു എന്നതിലെ ഉദ്വേഗം പൂർണമാവുന്നത്. ഇതൊരു പോപ്പുലർ നരേഷൻ രീതിയാണ്, ഈ അടുത്ത് ഒരു അരുൺ പ്രസാദിന്റെ ഒരു കവിതയിൽ വരെ ഈ രീതി ഉപയോഗിച്ചു. പക്ഷേ, ഈ നരേഷൻ രീതി, കഥയ്ക്കുള്ളിലെ തന്നെ ഒരു പ്രധാന ഘടകമാണ് എന്നതാണ് ഈ സിനിമയെ ഇൻററസ്റ്റിംഗ് ആക്കുന്നത്.

കള്ളുഷാപ്പും കൊലപാതകവും പ്രധാന കഥാപാത്രങ്ങളെ പരിചയപ്പെടുത്തലും കേസന്വേഷണത്തിന്റെ ഒരു വലിയ ഘട്ടം തന്നെയും ആദ്യ പകുതിയിൽ വളരെ എൻഗേജിംഗ് ആയി പറഞ്ഞു തീർക്കുന്നുണ്ട്. അതിന് ശേഷമുള്ള അപനിർമാണവും ട്വിസ്റ്റുകളുമാണ് പിന്നീടുള്ള സിനിമ. രണ്ടാം പകുതിയിൽ സിനിമ കഥ വിട്ട് പോവുന്നു എന്ന തോന്നലുണ്ടാക്കുമെങ്കിലും ക്ലൈമാക്സിൽ എല്ലാത്തിലും സാധൂകരണം നൽകുന്നുണ്ട്. എങ്കിലും അത്രയേറെ വിശദീകരണമില്ലാതെ ഒന്നുകൂടെ ക്രിസ്പ് ആയി അവസാനിപ്പിക്കാമായിരുന്നു എന്ന അഭിപ്രായമുണ്ട്. സൗബിൻ ഷാഹിറിന്റെ കണ്ണൻ എന്ന കഥാപാത്രത്തിന് ഒരു സ്ട്രീറ്റ് മജീഷ്യന്റെ ഭൂതകാലമുണ്ട്. രണ്ടാം പകുതി ആ സാധ്യതകൂടി എക്സ്പ്ലോർ ചെയ്യുന്നുണ്ട്. സിനിമയിൽ ഒരിടത്ത് കണ്ണൻ പറയുന്നത് പോലെ, 'ആരും അറിയാത്ത രഹസ്യമാണ് മാജിക്കിന്റെ വിജയം' എന്നത് പോലെ പ്രേക്ഷകരുടെ കൺമുന്നിലുള്ള കാര്യങ്ങൾ മറച്ചു പിടിച്ചുകൊണ്ടാണ് പ്രാവിൻകൂട് ഷാപ്പും വിജയിക്കുന്നത്.

ബേസിൽ ജോസഫിന്റെ എസ്.ഐ. കഥാപാത്രത്തിനാണ് ചിത്രത്തിലെ ഹ്യൂമറിന്റെ ക്രെഡിറ്റിലധികവും
ബേസിൽ ജോസഫിന്റെ എസ്.ഐ. കഥാപാത്രത്തിനാണ് ചിത്രത്തിലെ ഹ്യൂമറിന്റെ ക്രെഡിറ്റിലധികവും

അടിസ്ഥാനപരമായി ഒരു ഇൻവസ്റ്റിഗേഷൻ ചിത്രമാണെങ്കിലും സിനിമയിലുടനീളമുള്ള ഡാർക് ഹ്യൂമറാണ് ചിത്രത്തെ മുന്നോട്ട് കൊണ്ടുപോവുന്നത്. എന്നാൽ ഒരു കുറ്റാന്വേഷണ കഥയ്ക്ക് വേണ്ട ഗൗരവം നൽകുകയും ചെയ്യുന്നുണ്ട്.

സൗബിൻ ഷാഹിറിന്റെ പതിവ് മാനറിസങ്ങളിൽ നിന്ന് കുറേയൊക്കെ വിട്ടുപിടിച്ചുള്ള പ്രകടനം ചിത്രത്തിന്റെ ആകർഷണീയതയാണ്. ബേസിൽ ജോസഫിന്റെ എസ്.ഐ. കഥാപാത്രത്തിനാണ് ചിത്രത്തിലെ ഹ്യൂമറിന്റെ ക്രെഡിറ്റിലധികവും. എന്നാൽ കൊമ്പൻ ബാബുവായെത്തിയ ശിവജിത്തിന്റെതാണ് ഞെട്ടിച്ച പ്രകടനം. ഒറ്റക്കൊമ്പൻ എന്ന പ്രയോഗത്തെ കൺവിൻസ് ചെയ്യും വിധമുള്ള സ്ക്രീൻ പ്രസൻസും പ്രകടനവും. കൊമ്പൻ ബാബു ഒരു ഇംപോസിബിൾ ടാർജറ്റ് ആണെന്ന് പ്രേക്ഷകന് തോന്നിക്കുന്നത് പ്രധാനമാണ്.

ഉള്ളിൽ തട്ടുന്ന സ്നേഹമാണ് ചെമ്പൻ വിനോദ് ജോസിൻറേത്. അയാൾ സ്നേഹവും സൗഹൃദവും കാണിക്കുന്നത് സിനിമയിലാണെങ്കിലും കാണുന്നവർക്ക് അത് ഹൃദയത്തിൽ തൊടും. കൺവിക്ഷൻ, സൗഹൃദം, ദയ - അങ്ങനെ അയാൾ പ്രേക്ഷകർക്ക് കൊടുക്കാൻ ഉദ്ദേശിക്കുന്നത് എന്താണോ, അത് പ്രേക്ഷകരിൽ തൊട്ടിരിക്കും. പ്രാവിൻ കൂട് ഷാപ്പിലും അങ്ങനെ തന്നെ.

സിനിമയിലെ പ്രധാന കഥാപാത്രമാണ് ചാന്ദ്നിയുടേത്. ചിത്രത്തിലെ മൂന്ന് സ്ത്രീകളിൽ ഒരാളും. ആ കഥാപാത്രത്തെ രസകരമായി ചാന്ദ്നി സ്ക്രീനിലെത്തിച്ചിട്ടുണ്ട്. എന്നാൽ ഇരുണ്ട നിറമുള്ള കഥാപാത്രമാക്കാൻ വേണ്ടി ചാന്ദ്നിയെ മേക്അപ് ചെയ്തതാണെന്ന് ഓരോ സീനിലും, സിനിമ തീരുന്നത് വരെ അവരുടെ മേക്അപ് വിളിച്ചു പറയുന്നുണ്ടായിരുന്നു. അത് വേണ്ടായിരുന്നു, - ഒന്നുകിൽ ഇരുണ്ട നിറമുള്ള നടിയെ കാസ്റ്റ് ചെയ്യാം അല്ലെങ്കിൽ കുറേക്കൂടി മികച്ച രീതിയിൽ മേക്അപ്പ് ചെയ്യാം.

നവാഗത ശ്രീരാജ് ശ്രീനിവാസ് ആണ് സംവിധാനം. ഷൈജു ഖാലിദ് ആണ് ഛായാഗ്രാഹണം. വിഷ്ണു വിജയൻ സംഗീതവും ഷഫീഖ് മുഹമ്മദലി എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. സാങ്കേതികമായിത്തന്നെയും ചിത്രം Well Packed, top notch എക്സ്പീരിയന്‍സ് ആണ്.

Comments