‘ബ്ലാക്ക് ക്യാറ്റ്, വൈറ്റ് ക്യാറ്റ്' സിനിമയിൽ നിന്ന്

സംഘർഷങ്ങളെ
സംഗീതമാക്കുന്ന
​രണ്ടു പൂച്ചകൾ

കേരളാ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ എമിർ കുസ്തുറിക്ക റിട്രോസ്‌പെക്റ്റീവിൽ പ്രദർശിപ്പിക്കുന്ന ‘ബ്ലാക്ക് ക്യാറ്റ്, വൈറ്റ് ക്യാറ്റ്' എന്ന സിനിമയുടെ വിശകലനം.

ജീവിതം സുന്ദരമാണെന്നും അത്ഭുതകരമാണെന്നും പറയുന്ന കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും എമിർ കുസ്തുറിക്കയുടെ സിനിമകളിലെമ്പാടും കാണാം. കഥാസന്ദർഭങ്ങളും കഥാപാത്രങ്ങളും അങ്ങനെ പറഞ്ഞില്ലെങ്കിലും ആ സിനിമകൾ പ്രേക്ഷകരെ അതനുഭവിപ്പിക്കും. ലൈഫ് ഈസ് എ മിറാക്കിൾ എന്ന ചിത്രത്തിൽ കരടികൾ മനുഷ്യരെ കൊന്നുവലിച്ചെറിയുന്ന ഒരു പ്രദേശത്ത്, ഒരു കോഴിക്കൂട്ടിൽ മുട്ടവിരിഞ്ഞ് കുഞ്ഞുങ്ങൾ പുറത്തേക്ക് പതുക്കെ നടക്കുമ്പോൾ അതുകാണുന്ന ഒരാൾ അത്ഭുതം കൂറുന്നുണ്ട്, ജീവിതം എത്ര അതിശയകരമാണെന്ന്. ജീവിതത്തിന്റെ വൈവിധ്യത്തെ, വൈചിത്ര്യത്തെ, ആകസ്മികതയെ ഇത്രമാത്രം പ്രണയിച്ച, അതിലെ നിറമുള്ള നിമിഷങ്ങളെ വാരിപ്പുണർന്ന മറ്റധികം സംവിധായകരില്ല നമുക്ക്.

എമിർ കുസ്തുറിക്ക എന്ന പേര് ജീവിതാഹ്ലാദങ്ങളുടെ ആവിഷ്‌കാരത്തിന്റെ അപരനാമമാണ് ഇന്ന് ലോകസിനിമയിൽ. അത്ഭുതകരമായ ഈ ജീവിതത്തിന് നന്ദി പറയുന്ന ഒരു കഥാപാത്രം വെനീസ് ചലച്ചിത്രമേളയിൽ കുസ്തുറിക്കയ്ക്ക് മികച്ച സംവിധായകനുള്ള സിൽവർ ലയൺ പുരസ്‌കാരം നേടിക്കൊടുത്ത, 1998 ൽ പുറത്തിറങ്ങിയ ബ്ലാക്ക് ക്യാറ്റ്, വൈറ്റ് ക്യാറ്റ് എന്ന സിനിമയിലുമുണ്ട്. സിനിമയിലെ പ്രധാന കഥാപാത്രങ്ങളിലൊരാളായ മാറ്റ്‌കോയുടെ പിതാവായ സരിയയെ കൊച്ചുമകൻ സാരെ ആശുപത്രിയിൽ നിന്ന്​ ഡിസ്ചാർജ് ചെയ്തുകൊണ്ടുവരുകയാണ്. കുസ്തുറിക്കയുടെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായ ഗായകസംഘവുമായാണ് സാരെ ആശുപത്രിയിലെത്തുന്നത്. ‘ആശുപത്രിയിൽ മ്യൂസിക്ക് പാടില്ല' എന്നുപറഞ്ഞ്​ ദേഷ്യപ്പെടുന്ന ഡോക്​ടറെ സരിയ പണം കൊടുത്ത് അനുനയിപ്പിക്കുന്നുണ്ട്. ആശുപത്രിയിൽ പാട്ടും നൃത്തവും കൊഴുക്കും. തന്നെ തന്റെ പാട്ടിനു ജീവിക്കാൻ അനുവദിച്ചാൽ താൻ നൂറുവർഷം ജീവിക്കുമെന്നു വിശ്വസിക്കുന്ന ആളാണ് സരിയ. ഡാന്യൂബ് നദിയിലൂടെ മനോഹരമായ ഒരു സന്ധ്യയിൽ, ബോട്ടിൽ സംഗീത ബാൻഡിന്റെ അകമ്പടിയോടെ കൊച്ചുമകനും വൃദ്ധനായ സരിയയും വരുന്ന വൈകാരികമായ ഒരു രംഗത്തിലാണ് സരിയ അത്ഭുതകരമായ ഈ ജീവിതത്തെക്കുറിച്ച് അതിശയപ്പെടുന്നത്. ബ്ലാക്ക് ക്യാറ്റ്, വൈറ്റ് ക്യാറ്റ് ജീവിതത്തിന്റെ അത്ഭുതകരമായ വശങ്ങളിലേക്ക്, ദൈനംദിന വ്യവഹാരത്തിൽ നമ്മൾ കാണാതെയും അറിയാതെയും പോകുന്ന സംഗതികളിലേക്ക് കൗതുകത്തോടെ നോക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന ഊർജ്ജദായകമായ സിനിമയാണ്.

എമിർ കുസ്തുറിക്ക / photo: Wikimedia Commons
എമിർ കുസ്തുറിക്ക / photo: Wikimedia Commons

ജീവിതത്തെക്കുറിച്ചും അതിലെ നന്മതിന്മകളെക്കുറിച്ചും ശരിതെറ്റുകളെക്കുറിച്ചും ആധുനിക സമൂഹം വെച്ചുപുലർത്തുന്ന ധാരണകളെയൊന്നും ജീവിതപരിസരങ്ങളിലേക്ക് അടുപ്പിക്കാത്ത ജനതയും സംസ്‌കാരവുമാണ് കുസ്തുറിക്കയുടെ പല സിനിമകളിലുമുള്ളത്. മനുഷ്യജീവിതത്തെ മറ്റെല്ലാ ജീവിവർഗങ്ങളിൽനിന്ന് വ്യത്യസ്തവും കുലീനവും ശ്രേഷ്ഠവുമായിക്കണ്ട് ഉന്നതമായ ജീവിതാദർശങ്ങൾ അതിനുമേൽ ചാർത്തിക്കൊണ്ടാണ് ആധുനിക ശാസ്ത്രവും സാങ്കേതികവിദ്യയും തത്വചിന്തയും സാമൂഹികദർശനങ്ങളും വികസിപ്പിച്ചിട്ടുള്ളത്. കുസ്തുറിക്കയുടെ ലോകത്തെ മനുഷ്യർ ജീവിവർഗങ്ങൾക്കൊപ്പം കഴിയുന്നവരാണ്. അവരുടെ വീട്ടിലും പരിസരത്തും എന്നുവേണ്ട കിടക്കപ്പായിൽ വരെ പക്ഷികളും പട്ടികളും പൂച്ചകളും ആടുകളും ഒക്കെയുണ്ടാവും. മനുഷ്യരെ കാണിക്കുന്നതിനു മുൻപ് കുസ്തുറിക്ക സിനിമയിൽ ഈ അന്തരീക്ഷത്തെ കൊണ്ടുവന്നിരിക്കും. വലിയ മോഹങ്ങളും പ്രതീക്ഷകളും സ്വപ്നങ്ങളും ഉള്ളവരല്ല ആ ലോകത്തെ മനുഷ്യർ. ക്രിമിനലുകളും ധൂർത്തരും മദ്യപാനികളും ചൂതുകളിക്കാരും വഞ്ചകരും സാമൂഹികവിരുദ്ധരും അവിടുണ്ടാകും. നൈമിഷകാഹ്ലാദങ്ങൾക്കുവേണ്ടി എല്ലാം പണയം വെക്കുന്നവരും വിറ്റുതുലയ്ക്കുന്നവരും അവിടുണ്ടാകും. അവിടുത്തെ സ്ത്രീപുരുഷബന്ധങ്ങൾ ആധുനിക സമൂഹത്തിന്റെ സദാചാര സംഹിതയ്ക്കനുസരിച്ചാവില്ല. സാഹചര്യങ്ങളാണ് അവിടുത്തെ മനുഷ്യരുടെ നീതിബോധവും ശരിയും. വിരുന്നുകൾക്കും ആഘോഷങ്ങൾക്കുമുള്ള ഒരവസരവും അവർ പാഴാക്കില്ല. ഇന്നാണ് അവരുടെ ജീവിതം, നാളെയുടെ കണക്കുപുസ്തകം അവർ സൂക്ഷിക്കില്ല. ഈ ജീവിതത്തിന്റെ കാർണിവൽ സമാനമായ മോടികളെയാണ് കുസ്തുറിക്ക നിറഞ്ഞ ആഹ്ലാദത്തോടെ സിനിമയിലേക്കു പകർത്തുന്നത്.

നാനാതരം ജീവിതസന്ധികളെ മുഖാമുഖം കാണുക, ജീവിതാഹ്ലാദങ്ങളുടെ സൗന്ദര്യം കൺനിറയെ കാണുക, ജീവിതത്തിന് നാം കൽപ്പിക്കുന്ന ഉയർന്ന മൂല്യവും ലക്ഷ്യവുമെല്ലാം അത്ര വലിയ കാര്യമൊന്നുമല്ലെന്ന് ലളിതമായി പറയുക എന്നിങ്ങനെ ജീവിതത്തെ മറ്റൊരു കോണിൽനിന്നു കാണാനാണ് ഈ സിനിമകൾ നമ്മെ പഠിപ്പിക്കുക.

കുസ്തുറിക്കയുടെ ജിപ്‌സി സിനിമകൾ വലിയ സാമൂഹികപാഠങ്ങൾക്കായി നിർമ്മിച്ചതല്ല. ടൈം ഓഫ് ജിപ്‌സീസും ബ്ലാക്ക് ക്യാറ്റ്, വൈറ്റ് ക്യാറ്റും ജിപ്‌സി ജീവിതത്തിന്റെ വൈവിധ്യങ്ങളെയാണ് ആവിഷ്‌കരിച്ചത്. കൃത്യമായ ജീവിതപാഠങ്ങൾക്കപ്പുറം ജീവിതത്തിന്റെ വൈവിധ്യം തിരിച്ചറിയുക, മനുഷ്യർ കടന്നുപോകുന്ന നാനാതരം ജീവിതസന്ധികളെ മുഖാമുഖം കാണുക, ജീവിതാഹ്ലാദങ്ങളുടെ സൗന്ദര്യം കൺനിറയെ കാണുക, ജീവിതത്തിന് നാം കൽപ്പിക്കുന്ന ഉയർന്ന മൂല്യവും ലക്ഷ്യവുമെല്ലാം അത്ര വലിയ കാര്യമൊന്നുമല്ലെന്ന് ലളിതമായി പറയുക എന്നിങ്ങനെ ജീവിതത്തെ മറ്റൊരു കോണിൽനിന്നു കാണാനാണ് ഈ സിനിമകൾ നമ്മെ പഠിപ്പിക്കുക. മനുഷ്യജീവിതത്തിന്റെ സ്വതന്ത്രമായ ഒഴുക്കിന്റെ സൗന്ദര്യം ആധുനികതയുടെ തടവിൽപ്പെട്ട മനുഷ്യരെ അവ ബോധ്യപ്പെടുത്തും. ജീവിതത്തെ അത്രമേൽ ലാഘവത്തോടെ കാണാൻ ലോകത്തെല്ലായിടത്തുമുള്ള മനുഷ്യരെ ഈ സിനിമകൾ പ്രേരിപ്പിക്കും.

ജീവിതത്തെക്കുറിച്ചും അതിലെ നന്മതിന്മകളെക്കുറിച്ചും ശരിതെറ്റുകളെക്കുറിച്ചും ആധുനികസമൂഹം വെച്ചുപുലർത്തുന്ന ധാരണകളെയൊന്നും ജീവിതപരിസരങ്ങളിലേക്ക് അടുപ്പിക്കാത്ത ജനതയും സംസ്‌കാരവുമാണ് കുസ്തുറിക്കയുടെ പല സിനിമകളിലുമുള്ളത്
ജീവിതത്തെക്കുറിച്ചും അതിലെ നന്മതിന്മകളെക്കുറിച്ചും ശരിതെറ്റുകളെക്കുറിച്ചും ആധുനികസമൂഹം വെച്ചുപുലർത്തുന്ന ധാരണകളെയൊന്നും ജീവിതപരിസരങ്ങളിലേക്ക് അടുപ്പിക്കാത്ത ജനതയും സംസ്‌കാരവുമാണ് കുസ്തുറിക്കയുടെ പല സിനിമകളിലുമുള്ളത്

നദിയോടു ചേർന്നുള്ള തന്റെ പഴകി ജീർണിച്ച വീട്ടിലിരുന്ന് ബൈനോക്കുലറിലൂടെ നദിയിലേക്കു നോക്കുന്ന സാരെയിലാണ് സിനിമ തുടങ്ങുന്നത്. അവൻ അതിലൂടെ ആദ്യം കാണുന്നത് തോണിയിലിരിക്കുന്ന രണ്ടു പൂച്ചകളെയാണ്. കറുത്തതും വെളുത്തതുമായ രണ്ടു പൂച്ചകൾ. പിന്നീട് സാരെയ്‌ക്കൊപ്പം അവൻ പോകുന്ന ഇടങ്ങളിൽ അറിയാതെയെങ്കിലും കറുത്തതും വെളുത്തതുമായ ഈ രണ്ടുപൂച്ചകൾ എത്തുന്നുണ്ട്. സിനിമയുടെ അവസാനദൃശ്യവും ഒരു ബൈനോക്കുലർ കാഴ്ച തന്നെയാണ്. മാറ്റ്‌കോയാണ് ഇപ്പോൾ ബൈനോക്കുലറിലൂടെ നോക്കുന്നത്. അയാൾ കാണുന്നത് ദൂരെ കപ്പലിൽ ഹണിമൂൺ ആഘോഷിക്കാൻ പുറപ്പെടുന്ന സാരെയെയും ഇഡയെയുമാണ്. ആദ്യസീനുകളിൽ സ്വയം രണ്ടായി ഭാവിച്ച് ചീട്ടുകളിക്കുന്ന മാർജ്ജാൻ സിനിമയുടെ അവസാനസീനുകളിൽ തനിക്ക് കൈവന്ന എല്ലാം, കുടുംബസ്വത്തായ ഫാക്റ്ററിയും വീടും വരെ പകിടകളിച്ച് കളയുന്നുണ്ട്. തുടക്കവും ഒടുക്കവും തമ്മിലുള്ള കണ്ണിചേർക്കൽ കുസ്തുറിക്കയുടെ പല സിനിമകളിലുമുണ്ട്. ‘അണ്ടർഗ്രൗണ്ടി'ൽ തുടക്കവും ഒടുക്കവും ഒരു പാർട്ടിയാണ്. മഞ്ഞിലെ ജിപ്‌സിജീവിതത്തിൽ തുടങ്ങി പിന്നീട് നഗരജീവിതപ്രതിസന്ധികൾ അനാവരണം ചെയ്ത് ‘അരിസോണ ഡ്രീം' അവസാനിക്കുന്നത് മഞ്ഞിൽ ജിപ്‌സികളായി മീൻപിടിക്കുന്ന മുഖ്യകഥാപാത്രങ്ങളിലാണ്. ‘ഡൂ യു റിമംബർ ഡോളി ബെൽ' ​​​​​​​ തുടങ്ങുന്നതും അവസാനിക്കുന്നതും പാർട്ടിനേതാവിന്റെ പ്രസംഗത്തിലാണ്. തന്നെ ഒരുതവണയെങ്കിലും ചൂതുകളിയിൽ തുണയ്ക്കാൻ ദൈവത്തോടുള്ള മാർജാന്റെ അഭ്യർത്ഥനയിലാണ് ‘വെൻ ഫാദർ വാസ് എവേ ഓൺ ബിസിനസ്സ്' ആരംഭിച്ചവസാനിക്കുന്നത്. ഇതിനിടയിൽ മനുഷ്യരുടെ മനോഭാവത്തിലും ജീവിതത്തിലും വരുന്ന വലിയ മാറ്റങ്ങളാണ് കുസ്തുറിക്കയുടെ സിനിമയുടെ പ്രമേയം എന്നു പറയാം.

ലോകസിനിമയിലെ വിസ്മയകരമായ രാഷ്ട്രീയ ആക്ഷേപഹാസ്യചിത്രമായ ‘അണ്ടർഗ്രൗണ്ടി'നുശേഷമാണ് രാഷ്ട്രീയമോ സാമൂഹികമോ ആയ ഒരു വിഷയത്തെയും സ്പർശിക്കാത്ത, മറ്റൊരർത്ഥത്തിൽ ഓർമകളുടെ പിന്തുണ ആവശ്യമില്ലാത്ത ഒരു ചിത്രം കുസ്തുറിക്ക ഒരുക്കുന്നത്. ‘അണ്ടർഗ്രൗണ്ടി'​​​​​​​ന് നേരെയുണ്ടായ വിഷലിപ്തവും വ്യക്തിപരവുമായ വിമർശനങ്ങളെത്തുടർന്നു
‘താൻ സിനിമ അവസാനിപ്പിക്കുകയാണ് ' എന്ന് കുസ്തുറിക്ക പ്രഖ്യാപിക്കുകപോലും ചെയ്തിരുന്നു. മൂന്നുവർഷത്തിനുശേഷം തനിക്ക് വൈകാരികമായി ഏറ്റവും അടുപ്പമുള്ള ജിപ്‌സിജീവിതത്തിന്റെ പ്രകാശമാനമായ ഒരു മുഖം കാട്ടിക്കൊണ്ട് അദ്ദേഹം സിനിമയിലേക്ക് തിരിച്ചുവരുന്നു.

ജീവിതത്തെ മറ്റൊരു കോണിൽനിന്നു കാണാനാണ് ഈ സിനിമകൾ നമ്മെ പഠിപ്പിക്കുക. മനുഷ്യജീവിതത്തിന്റെ സ്വതന്ത്രമായ ഒഴുക്കിന്റെ സൗന്ദര്യം ആധുനികതയുടെ തടവിൽപ്പെട്ട മനുഷ്യരെ അവ ബോധ്യപ്പെടുത്തും
ജീവിതത്തെ മറ്റൊരു കോണിൽനിന്നു കാണാനാണ് ഈ സിനിമകൾ നമ്മെ പഠിപ്പിക്കുക. മനുഷ്യജീവിതത്തിന്റെ സ്വതന്ത്രമായ ഒഴുക്കിന്റെ സൗന്ദര്യം ആധുനികതയുടെ തടവിൽപ്പെട്ട മനുഷ്യരെ അവ ബോധ്യപ്പെടുത്തും

ജീവിതത്തിന്റെ അധോലോകങ്ങളിൽ കഴിയുന്നവരാണ് ഇതിലെ ഒട്ടുമിക്ക കഥാപാത്രങ്ങളും. മുൻ മാഫിയാത്തലവന്മാർ, വലിയ അധോലോക നായകന്മാർ, ഇടത്തരം കള്ളന്മാർ, തട്ടിപ്പുനടത്തി ജീവിക്കുന്നവർ, ഗുണ്ടകൾ, വേശ്യകൾ തുടങ്ങിയവർ ജീവിക്കുന്ന ഒരിടത്താണ് ബ്ലാക്ക് ക്യാറ്റ്, വൈറ്റ് ക്യാറ്റിലെ സംഭവങ്ങൾ നടക്കുന്നത്. വലിയ കുറ്റകൃത്യം നടത്തുന്നവർ എന്ന നിലയിൽ ക്രൂരരായും ഹോളിവുഡ് സിനിമകളിലെ വില്ലന്മാരുടെ പരിവേഷമുള്ളവരായുമല്ല ഇവരാരും സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. അവർ കൊള്ളയും കൊലപാതകവും വ്യാജമദ്യനിർമാണവും നടത്തുന്നവരാകുമ്പോൾത്തന്നെ സാധാരണ മനുഷ്യരുടെ വികാരവിചാരങ്ങളോടെ ജീവിക്കുന്നവരുമാണ്. അവരുടെ വൈകാരിക ലോകത്തിലാണ് കറുത്ത പൂച്ചയും വെളുത്തപൂച്ചയും നോക്കുന്നത്. ആഗ്രഹിക്കുന്നതെല്ലാം വെട്ടിപ്പിടിച്ചിട്ടും അധോലോകനായകനായ ദാദൻ മൂന്നടിമാത്രം ഉയരമുള്ള ലിറ്റിൽബേർഡ് എന്നുവിളിക്കുന്ന തന്റെ അനുജത്തിയുടെ വിവാഹം നടക്കാത്തതിൽ വിഷമിച്ചു കരയും. മറ്റു സഹോദരിമാരെ അയാൾ എല്ലായ്‌പ്പോഴും ചേർത്തുപിടിക്കും. മുൻമാഫിയാത്തലവനായ ഗ്രിക പാട്രിച്ച് സ്വന്തം സുഹൃത്തിന്റെ ശവകുടീരം കാണാൻ മരണക്കിടക്കയിൽ നിന്നെഴുന്നേറ്റുവരും. പൊടുന്നനെ കരയുകയും ചിരിക്കുകയും പൊട്ടിത്തെറിക്കുകയും ആനന്ദനൃത്തം ചവിട്ടുകയും ചെയ്യും ഇവരെല്ലാം. സമൂഹത്തിന്റെ മുഖ്യധാരയിൽ വരാത്ത ഇത്തരം മനുഷ്യരുടെ ജീവിതവൃത്തികളിലേക്ക് മുൻധാരണകളില്ലാതെ നോക്കുകയാണ് ഈ സിനിമ.

സിനിമയുടെ മുൻവശത്തിനുമാത്രമല്ല, മധ്യവശത്തിനും പിൻവശത്തിനും വലിയ പ്രാധാന്യം അദ്ദേഹത്തിന്റെ സിനിമകളിലുണ്ട്. ദൃശ്യങ്ങൾ പലതുകൊണ്ടും നിറയും.

ബ്ലാക്ക് ക്യാറ്റ് വൈറ്റ് ക്യാറ്റിൽ ആവർത്തിച്ചുവരുന്ന ശ്രദ്ധേയമായ ഒരു ദൃശ്യമുണ്ട്. പുഴയോരത്ത് വഴിവക്കിൽ നിർത്തിയിട്ട ഒരു കാർ സാവധാനം ഭക്ഷിക്കുന്ന ഒരു വലിയ പന്നിയുടെ ദൃശ്യം. സിനിമയിലെ ആദ്യസീനുകളിൽ നാമിത് കാണുമ്പോൾ പന്നി തന്റെ കാർ തീറ്റ തുടങ്ങിയിട്ടേയുള്ളൂ. സിനിമയുടെ പലഘട്ടങ്ങളിലും ആ വഴി പോകുമ്പോൾ ഈ കാഴ്ച ആവർത്തിക്കും. അവസാനമെത്തുമ്പോൾ പന്നി കാറിന്റെ ലോഹപാളികൾ ഒട്ടേറെ തിന്നുതീർത്തതായി കാണും. പന്നി തിന്നുന്ന കാർ മനോഹരമായ ഒരുരൂപകം പോലെ ഈ സിനിമയിൽ പ്രവർത്തിക്കും. ആധുനികജീവിതത്തിന്റെ കേവലമായ ഒരു പ്രതീകം മാത്രമല്ല ആ കാർ. അത് നമ്മുടെ ബോധത്തിന്റെ തലംകൂടിയാണ്. പന്നിയുടെ മുകളിൽ കേറി ഒരാൾ യാത്രചെയ്യുന്ന ദൃശ്യവും ഈ സിനിമയിലുണ്ട്. നമ്മൾ മനസ്സിലാക്കിയ ഒരു ലോകത്തിനപ്പുറമുള്ള ജീവിതത്തിന്റെ വൈചിത്ര്യങ്ങളെ, അതിലെ അതിശയങ്ങളെ, കൗതുകങ്ങളെ ലളിതമായി ഈ രൂപകം വെളിച്ചത്തുകൊണ്ടുവരും.

ബ്ലാക്ക് ക്യാറ്റ് വൈറ്റ് ക്യാറ്റിൽ ആവർത്തിച്ചുവരുന്ന ശ്രദ്ധേയമായ ഒരു ദൃശ്യമുണ്ട്. പുഴയോരത്ത് വഴിവക്കിൽ നിർത്തിയിട്ട ഒരു കാർ സാവധാനം ഭക്ഷിക്കുന്ന ഒരു വലിയ പന്നിയുടെ ദൃശ്യം
ബ്ലാക്ക് ക്യാറ്റ് വൈറ്റ് ക്യാറ്റിൽ ആവർത്തിച്ചുവരുന്ന ശ്രദ്ധേയമായ ഒരു ദൃശ്യമുണ്ട്. പുഴയോരത്ത് വഴിവക്കിൽ നിർത്തിയിട്ട ഒരു കാർ സാവധാനം ഭക്ഷിക്കുന്ന ഒരു വലിയ പന്നിയുടെ ദൃശ്യം

കുസ്തുറിക്കയുടെ സിനിമാപ്രപഞ്ചത്തിലെ എല്ലാ ഘടകങ്ങളും ബ്ലാക്ക് ക്യാറ്റ് വൈറ്റ് ക്യാറ്റിൽ ഒരുമിക്കുന്നുണ്ട്. സമൂഹത്തിന്റെ പിന്നാമ്പുറത്തുള്ള കഥാപാത്രങ്ങളും കഥാപരിസരവും മാത്രമല്ല, മാജിക്, കാർണിവൽ, സംഗീതം, നൃത്തം, ആഘോഷം, നാനാതരത്തിലുള്ള ജീവിവർഗങ്ങളുടെ നിരന്തരമായ സാമീപ്യം ഇവയെല്ലാം ഈ സിനിമയിൽ മേളിക്കുന്നു. മാറ്റ്‌കോയും സരെയും താമസിക്കുന്ന പഴയവീട്ടിൽ വാത്തുകളും പ്രാവുകളും ആടും പൂച്ചകളും പട്ടികളും എല്ലാമുണ്ട്. അവർക്കൊപ്പമാണ് ഇവിടുത്തെ മനുഷ്യരുടെയും ജീവിതം. എലിയെ ചക്രം പോലെയുള്ള ഒരു കൂട്ടിലിട്ട്, എലിയുടെ ചലനത്തിനൊപ്പം ആ കൂട് കറങ്ങുമ്പോൾ വിശറി ചലിക്കുകയും കാറ്റ് കിട്ടുകയും ചെയ്യുന്ന ഒരു യന്ത്രംപോലും ഈ വീട്ടിലുണ്ട്. ഗ്രിക പാട്രിച്ചിന്റെ വലിയവീട്ടിൽ പന്നികളും കുതിരയും വാത്തും മയിലുകളും തലങ്ങും വിലങ്ങും സഞ്ചരിക്കും. ഇഡയുടെ അമ്മൂമ്മ നടത്തുന്ന ഹോട്ടലിൽ നിറയെ വാത്തുകളാണ്. സാരെ ഒരുക്കിയ തീട്ടക്കുഴിയിൽ വീണിടത്തുനിന്നും എഴുന്നേറ്റപ്പോൾ ദാദൻ തന്റെ ശരീരത്തിലെ മാലിന്യങ്ങൾ വാത്തുകളെപ്പിടിച്ചാണ് തുവർത്തിക്കളയുന്നത്. ഇവയുടെയെല്ലാം ശബ്ദങ്ങൾ മനുഷ്യർ സംസാരിക്കുന്നതിനൊപ്പം പ്രാധാന്യത്തോടെ സിനിമയിൽ പകർത്തുകയും ചെയ്യും. കുസ്തുറിക്കയുടെ സിനിമകളെ ഡോക്യുമെന്ററി സിനിമകളുടെ സ്വഭാവത്തിലേക്ക് പരിവർത്തിപ്പിക്കുന്നത് ഇത്തരം ഘടകങ്ങളാണ്.

കഥാപാത്രങ്ങൾ സംസാരിക്കുന്നതിന്റെയും പ്രധാനപ്പെട്ട പലതും ചെയ്തുകൊണ്ടിരിക്കുന്നതിന്റെയും പിറകിൽ നടക്കുന്ന നാനാതരം കാര്യങ്ങൾ അതിസൂക്ഷ്മമായി കുസ്തുറിക്ക ഒരുക്കുന്നത് നമ്മിൽ അത്ഭുതമുളവാക്കും.

ക്ലോസപ്പുകളേക്കാൾ ലോങ് ഷോട്ടുകളും മിഡിൽ ഷോട്ടുകളുമാണ് കുസ്തുറിക്ക പ്രയോജനപ്പെടുത്തുക. സിനിമയുടെ മുൻവശത്തിനുമാത്രമല്ല, മധ്യവശത്തിനും പിൻവശത്തിനും വലിയ പ്രാധാന്യം അദ്ദേഹത്തിന്റെ സിനിമകളിലുണ്ട്. ദൃശ്യങ്ങൾ പലതുകൊണ്ടും നിറയും. ഡാവിഞ്ചിയുടെയും മൈക്കലാഞ്ചലോയുടെയും ചിത്രങ്ങൾ കണ്ട കുട്ടിക്കാലത്ത്, ചിത്രത്തിന്റെ കേന്ദ്രഭാവത്തിലേക്ക് പശ്ചാത്തലത്തിലെ സൂക്ഷ്മമായ വിശദാംശങ്ങൾ ഓരോന്നും എങ്ങനെ മേളിക്കുന്നു എന്ന് വിസ്മയിച്ചതിനെക്കുറിച്ച് അദ്ദേഹം ഒരിടത്ത് പറയുന്നുണ്ട്. അത്രയും സൂക്ഷ്മമായാണ് കുസ്തുറിക്ക തന്റെ സിനിമകളുടെയും പശ്ചാത്തലം ഒരുക്കുന്നത്. ഇഡയുടെ മുത്തശ്ശിയുടെ ഹോട്ടലിൽ വെച്ച് ആദ്യമായി ഇഡയും സാരെയും സംസാരിക്കുകയാണ്. മുറിയിൽ കൂട്ടമായി നിൽക്കുന്ന വാത്തുകളുടെ പറ്റത്തെ അവൾ പുറത്തേക്ക് തെളിക്കുന്നു. അവരുടെ പിറകിൽ ഒരു ജയൻറ്​ വീലിൽ കുട്ടികളും മുതിർന്നവരും കറങ്ങുന്നു. ഒരു സംഘം ചുമലിൽ തോണിയേറ്റി നദിയുടെ ഭാഗത്തേക്ക് പോകുമ്പോൾ മറ്റൊരു സംഘം നദിയിൽ നിന്ന് ബോട്ട് ഉന്തി കരയിലേക്ക് കയറ്റുന്നു. നിർത്തിയിട്ട ബസ് കഴുകുന്ന കുറച്ചുപേർ. ഒരാൾ സൈക്കിളിൽ നീളമുള്ള വിറകുകൾ വെച്ചുകെട്ടി ഉന്തിക്കൊണ്ടു പോകുന്നു. സ്ത്രീകളും കുട്ടികളും നദിക്കരയിലേക്ക് പോവുകയും വരികയും ചെയ്യും. ഒരു കമ്പുനിറയെ ബലൂണുകൾ കെട്ടിയത് ഉയർത്തിപിടിച്ച് ഗർഭിണിയായ ഒരു സ്ത്രീ റോഡ് മുറിച്ചുകടക്കുന്നു. റോഡിലൂടെ പോകുന്ന നിരവധി മനുഷ്യർ... ഇതൊന്നും പ്രേക്ഷകരുടെ മുന്നിൽ വരത്തക്കവണ്ണം ആലേഖനം ചെയ്ത ദൃശ്യങ്ങളല്ല. പശ്ചാത്തലത്തിൽ അങ്ങുദൂരെയായി ഇതെല്ലാം നടക്കുന്നുണ്ട്. ഈ വിശദാംശങ്ങളെല്ലാം അവരുടെ കൂടിക്കാഴ്ചയ്ക്ക് സവിശേഷമായ ഒരു ഭാവം നൽകുന്നുണ്ട്. രഹസ്യമായും ഒളിവിലും നടക്കുന്ന പ്രണയമല്ല അവരുടേത്. അത് എപ്പോഴും ആരോടും തുറന്നുപറയാവുന്നതും സ്വാഭാവികവും അത്രമേൽ സ്വതന്ത്രവുമാണ്. കഥാപാത്രങ്ങൾ സംസാരിക്കുന്നതിന്റെയും പ്രധാനപ്പെട്ട പലതും ചെയ്തുകൊണ്ടിരിക്കുന്നതിന്റെയും പിറകിൽ നടക്കുന്ന നാനാതരം കാര്യങ്ങൾ അതിസൂക്ഷ്മമായി കുസ്തുറിക്ക ഒരുക്കുന്നത് നമ്മിൽ അത്ഭുതമുളവാക്കും.
വാർദ്ധക്യത്തിലെത്തിയ സരിയ, ഗ്രിക പാട്രിച്ച്, സുജ്ക എന്നിവർ ചിത്രത്തിനു പകരുന്ന ഊർജ്ജം ചെറുതല്ല. കുസ്തുറിക്ക തന്റെ സിനിമകളിൽ എക്കാലത്തും ഊന്നൽ നൽകാൻ ശ്രമിച്ച മനുഷ്യരുടെ പ്രാക്തനസംസ്‌കാരത്തിന്റെയും വംശീയ സവിശേഷതകളുടേയും ആവിഷ്‌കാരം കൂടിയാകുന്നു ഈ മനുഷ്യർ.

ക്ലോസപ്പുകളേക്കാൾ ലോങ് ഷോട്ടുകളും മിഡിൽ ഷോട്ടുകളുമാണ് കുസ്തുറിക്ക പ്രയോജനപ്പെടുത്തുക. സിനിമയുടെ മുൻവശത്തിനുമാത്രമല്ല, മധ്യവശത്തിനും പിൻവശത്തിനും വലിയ പ്രാധാന്യം അദ്ദേഹത്തിന്റെ സിനിമകളിലുണ്ട്. ദൃശ്യങ്ങൾ പലതുകൊണ്ടും നിറയും.
ക്ലോസപ്പുകളേക്കാൾ ലോങ് ഷോട്ടുകളും മിഡിൽ ഷോട്ടുകളുമാണ് കുസ്തുറിക്ക പ്രയോജനപ്പെടുത്തുക. സിനിമയുടെ മുൻവശത്തിനുമാത്രമല്ല, മധ്യവശത്തിനും പിൻവശത്തിനും വലിയ പ്രാധാന്യം അദ്ദേഹത്തിന്റെ സിനിമകളിലുണ്ട്. ദൃശ്യങ്ങൾ പലതുകൊണ്ടും നിറയും.

തന്റെ സർഗ്ഗാത്മകതയുടെ വേരുകൾ ഗോത്രസംസ്‌കൃതിയിൽ നിരന്തരം ചികയുന്ന സംവിധായകനാണദ്ദേഹം. പ്രാക്തനജീവിതവും ആധുനികതയും തമ്മിലുള്ള നടപ്പാലമായാണ് തന്റെ സിനിമകളെ അദ്ദേഹം കാണുന്നത്. പുതിയ ശീലങ്ങളോട് എളുപ്പത്തിൽ പൊരുത്തപ്പെടുന്ന മൂന്നുപേരാണ് ഈ ചിത്രത്തിലെ മൂന്നു വൃദ്ധരും. സരിയ തന്റെ എല്ലാമെല്ലാമായി കാണുന്നത് മകനെയല്ല, ചെറുമകനെയാണ്. അവനുവേണ്ടിയാണ് അയാളുടെ മിച്ചംവന്ന എല്ലാം അയാൾ മാറ്റിവെക്കുന്നത്. അവനിഷ്ടമല്ലാത്ത വിവാഹം മുടക്കുവാൻ സ്വയം മരണം വരിക്കാൻ പോലും അയാൾ തയ്യാറാവുന്നുണ്ട്. മുൻവിധികളോ പഴഞ്ചൻ ശീലങ്ങളോ ഇവരിലാരുടെയും പെരുമാറ്റങ്ങളിൽ ഇല്ല. പുതിയ ജീവിതത്തിന്റെ താളത്തോട് അവർ എളുപ്പം പൊരുത്തപ്പെടുന്നുണ്ട്. ഗ്രിക പാട്രിച്ചിനൊപ്പവും സുജ്കയ്‌ക്കൊപ്പവും ഉള്ളതും ചെറുമക്കളാണ്. ഗ്രികയ്ക്ക് ചെറുമക്കളോടുള്ള സ്‌നേഹവാത്സല്യങ്ങൾ ഉദാരമായി സിനിമ കാട്ടുന്നുണ്ട്. ചെറുമകനെ വിവാഹം കഴിപ്പിക്കാൻ അയാൾ നടത്തുന്ന ശ്രമം വലുതാണ്. ഒടുവിൽ അസാമാന്യമായ നീളമുള്ള അവൻ മൂന്നടി മാത്രം ഉയരമുള്ള താൻ കണ്ടെത്തിയ വധുവിനെ തോളിലേറ്റി അയാളുടെ മുന്നിൽ വരുമ്പോൾ അയാൾ അവരെ സ്‌നേഹവാത്സല്യങ്ങളാൽ ഉറ്റുനോക്കുന്നത് മനോഹരമായ സീനാണ്. ചെറുമകളുടെ സ്‌നേഹം അറിയുമ്പോൾ അവളെ ആശ്വസിപ്പിക്കാൻ സുജ്ക്ക അവളെ ചേർത്തുപിടിക്കും. അവൾ വിട്ടുപോവുമ്പോൾ കണ്ണീരണിയും.

വാർദ്ധക്യത്തെക്കുറിച്ച് മുഖ്യധാരാസിനിമ ഇന്നുവരെയുണ്ടാക്കിയ എല്ലാ ക്ലീഷേകളെയും കുസ്തുറിക്ക ബ്ലാക്ക് ക്യാറ്റ്, വൈറ്റ് ക്യാറ്റിൽ റദ്ദ് ചെയ്യുന്നു.

പുതിയ തലമുറയുടെ ആശയാഭിലാഷങ്ങൾക്ക് ഒപ്പംനിൽക്കുന്നു എന്നുമാത്രമല്ല, അവർക്ക് എല്ലാ പിന്തുണയും നൽകാനും അവരെ ഉയരേക്ക് പറത്തിവിടാനും അവർ അത്രമാത്രം ഉത്സാഹിക്കുന്നുണ്ട്. ചെറുമക്കൾ മാത്രമല്ല, ആ നാട്ടിലെയും സിനിമയിലെയും പ്രധാന സംഭവങ്ങൾ കറങ്ങിത്തിരിയുന്നത് പ്രായമായ ഈ മൂന്നുകഥാപാത്രങ്ങളുടെ ചുറ്റിലുമാണ്. ആഘോഷങ്ങൾ, പാട്ട്, നൃത്തം, കുടിയും തീനും, സംഘർഷങ്ങൾ എല്ലാറ്റിലും അവരുണ്ട്. അവരുടെ ചൈതന്യമാണ് സിനിമയിലെ മറ്റുകഥാപാത്രങ്ങളിലേക്ക് പ്രസരിക്കുന്നത്. അവരാണ് വിവേകശാലികൾ. ഫാക്റ്ററി വിറ്റതിന്റെ ബാക്കിയായ പണം തന്റെ സഹചാരിയായ അക്കോർഡിയനിൽ സൂക്ഷിച്ച് ധൂർത്തനായ മകനിൽ നിന്ന് ഒളിപ്പിക്കുകയും സിനിമയുടെ ഒടുവിൽ അത് സാരെയ്ക്ക് നൽകുകയും ചെയ്യുന്നുണ്ട് സരിയ. ഒരു കൈകൊണ്ട്​ ട്യൂബിൽ നിന്ന് ഓക്‌സിജൻ ശ്വസിച്ച്​ മറുകൈയാൽ, ചെറുമകനുനേരെ ചൂണ്ടിയ എതിരാളിയുടെ തോക്ക് ദൂരെനിന്ന് വെടിവെച്ച് തെറിപ്പിക്കുന്നു ഗ്രിക. ചെറുമകൻ ആ കഴിവുകണ്ട് അന്തം വിടുന്നുണ്ട്. സിനിമയുടെ അവസാന ദൃശ്യം വിവാഹിതരായ ചെറുമക്കളെ യാത്രയാക്കി വീണ്ടും ആചാരപ്രകാരം മദ്യം നുണയുന്ന വൃദ്ധരായ സരിയയുടെയും ഗ്രിഗയുടെയും പ്രകാശിക്കുന്ന മുഖങ്ങളിലാണ്. വാർദ്ധക്യത്തെക്കുറിച്ച് മുഖ്യധാരാസിനിമ ഇന്നുവരെയുണ്ടാക്കിയ എല്ലാ ക്ലീഷേകളെയും കുസ്തുറിക്ക ബ്ലാക്ക് ക്യാറ്റ്, വൈറ്റ് ക്യാറ്റിൽ റദ്ദ് ചെയ്യുന്നു.

 പുതിയ ലോകത്തിലെ മനുഷ്യർ തമ്മിലുള്ള വൈജാത്യങ്ങളെയും വൈരുദ്ധ്യങ്ങളെയും സംഘർഷങ്ങളാലല്ല, കൂടിച്ചേർക്കലിലൂടെയാണ് പരിഹരിക്കേണ്ടത് എന്ന വലിയ മാനം അപ്പോൾ ബ്ലാക്ക് ക്യാറ്റിനും വൈറ്റ് ക്യാറ്റിനും കൈവരും
പുതിയ ലോകത്തിലെ മനുഷ്യർ തമ്മിലുള്ള വൈജാത്യങ്ങളെയും വൈരുദ്ധ്യങ്ങളെയും സംഘർഷങ്ങളാലല്ല, കൂടിച്ചേർക്കലിലൂടെയാണ് പരിഹരിക്കേണ്ടത് എന്ന വലിയ മാനം അപ്പോൾ ബ്ലാക്ക് ക്യാറ്റിനും വൈറ്റ് ക്യാറ്റിനും കൈവരും

കറുത്ത പൂച്ചയും വെളുത്ത പൂച്ചയും സിനിമയിൽ ആദ്യവസാനം കയറിയിറങ്ങുന്നുണ്ട്. പൂച്ചയെ നിറത്തിന്റെ പേരിൽ അടയാളപ്പെടുത്തുന്നത് മനുഷ്യരാണ്. എന്നിട്ടതിൽ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും കയറ്റിവെക്കും. കറുത്ത പൂച്ചകൾ നിർഭാഗ്യം കൊണ്ടുവരും എന്ന് അനുജനോട് ഗ്രിക പാട്രിച്ചിന്റെ മൂത്ത ചെറുമകൻ ഗ്രിക വെൽകി പറയുന്നുണ്ട്. കറുത്തപൂച്ച പെണ്ണും വെളുത്ത പൂച്ച ആണും എന്ന വ്യത്യാസമേ അവർക്കിടയിൽ ഉള്ളൂ. കറുപ്പും വെളുപ്പുമെന്ന വ്യത്യാസമില്ലാതെ പൂച്ചകൾ ഒരുമിച്ച് നടക്കുകയും രമിക്കുകയും ചെയ്യുന്നുണ്ട്. നീളം കൂടിയ ഗ്രിക വെലികിയും ഒട്ടും ഉയരമില്ലാത്ത അഫ്രോദിത (ദാദന്റെ സഹോദരി)യും ഒന്നാകുന്നതു കൂടിയാണ് സിനിമ. വൈരുദ്ധ്യങ്ങൾ സംഘർഷത്തിലേക്കല്ല, ആകർഷണത്തിലേക്കാണ് നയിക്കേണ്ടത്. ആദ്യകാഴ്ചയിൽ തന്നെ പ്രണയം തോന്നിയ ആളെമാത്രമേ വിവാഹം കഴിക്കുകയുള്ളൂ എന്നയാൾ നേരത്തേ ഉറപ്പിച്ചു പറഞ്ഞിട്ടുണ്ടായിരുന്നു. നൂറുതവണ തന്റെ സ്വപ്നത്തിൽ കടന്നുവന്ന, തന്നെ ഇഷ്ടപ്പെടുന്ന കാമുകനെക്കുറിച്ച് അവളും പറയുന്നുണ്ട്. അയാൾ എങ്ങനെയിരിക്കും എന്നവൾക്കറിയാം. വളരെ ഉയരം കൂടിയ ഒരാൾ... അവരാണ് ഒടുവിൽ ഒരു കാട്ടുവഴിയിൽ വലിയ സംഘർഷങ്ങൾക്കിടയിൽ കണ്ടുമുട്ടുന്നത്. ഒരു നാടോടിക്കഥയുടെ അന്തരീക്ഷത്തിലേക്ക് ഈ സമയത്ത് സിനിമ മാറുന്നുണ്ട്. എല്ലാ വൈരുദ്ധ്യങ്ങളെയും അലിയിച്ചുകളയുന്ന കലയുടെ, കഥയുടെ ഭാവതലത്തിലേക്ക് സിനിമ സംക്രമിക്കുന്നു. പുതിയ ലോകത്തിലെ മനുഷ്യർ തമ്മിലുള്ള വൈജാത്യങ്ങളെയും വൈരുദ്ധ്യങ്ങളെയും സംഘർഷങ്ങളാലല്ല, കൂടിച്ചേർക്കലിലൂടെയാണ് പരിഹരിക്കേണ്ടത് എന്ന വലിയ മാനം അപ്പോൾ ബ്ലാക്ക് ക്യാറ്റിനും വൈറ്റ് ക്യാറ്റിനും കൈവരും. ▮

(ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിക്കുന്ന ‘ആകാശത്തേക്കുള്ള വാതിലുകൾ: എമിർ കുസ്തുറിക്കയുടെ ചലച്ചിത്രജീവിതം' എന്ന പുസ്തകത്തിലെ ഒരു ഭാഗം)

Comments