ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലുണ്ടായിരുന്ന രണ്ട് മാർഗങ്ങൾ, ഒന്ന് ഗാന്ധി മുന്നോട്ടുവെച്ച അഹിംസ, അതിനൊപ്പം ആയുധം എടുത്തും കലാപം ഉണ്ടാക്കിയും സമരം ചെയ്ത ഒരു വിഭാഗവുമുണ്ടായിരുന്നു. ആലി മുസ്ല്യാരും വാരിയംകുന്നനും അഹിംസാപരമല്ലാത്ത മാർഗങ്ങൾ സമരമുഖത്ത് സ്വീകരിച്ചു. പക്ഷെ ലക്ഷ്യം ഒന്നുതന്നെയായിരുന്നു. മാധവൻ നായരോട് ഇനി നമ്മൾ കാണുമോ എന്ന് ചോദിക്കുന്നുണ്ട് വാരിയംകുന്നൻ. അപ്പോൾ മാധവൻനായർ പറഞ്ഞത്, നമ്മൾ തമ്മിൽ കാണില്ല, രണ്ട് വഴിയാണ് എന്ന്. വാരിയംകുന്നന്റെ മറുപടി ഇതായിരുന്നു, പക്ഷെ നമ്മൾ എത്തിച്ചേരുന്നത് ഒരു വഴിയിലാണ്.
വാരിയംകുന്നനായി വരാൻ പോകുന്നത് മലയാള സിനിമ ഒട്ടും പ്രതീക്ഷിക്കാത്ത ഒരാളായിരിക്കും.
നമുക്ക് ഒരു വിഷ്വൽ നിലപാടുണ്ട്, പൊളിറ്റിക്കൽ നിലപാടുണ്ട്. ചലച്ചിത്രഭാഷയെ കുറിച്ചൊരു നിലപാടുണ്ട്. ഞാൻ കേരളത്തിലെ ആർട്ട് സിനിമയുടെ പതാകാവാഹകനല്ല. മുഹമ്മദ് അബ്ദുറഹ്മാനെക്കുറിച്ച് സിനിമയെടുത്ത ഞാൻ എങ്ങനെയാണ് വാരിയംകുന്നനെടുക്കുന്നത് എന്ന് എം.എൻ. കാരശ്ശേരി ചോദിച്ചു. ഞാൻ പറഞ്ഞത്, ‘ഈ രണ്ട് ധാരകളും ഡിസ്‌കസ് ചെയ്യേണ്ടത് എന്റെ ചുമതലയല്ലേ' എന്നാണ്. ഒരുപാട് ആളുകളുണ്ടായിരുന്നല്ലോ ഇവിടെ. ഗാന്ധിയൻ സ്‌കൂളിലൂടെ സഞ്ചരിച്ച ഇ.എം.എസ് അത് വിട്ടിട്ടല്ലേ പോന്നത്.
കമ്യൂണിസ്റ്റ് പാർട്ടി ഇവിടത്തെ കാർഷിക കലാപങ്ങൾ ഏറ്റെടുക്കുന്നത് ഇസ്‌ലാമിക പണ്ഡിതന്മാർ മുന്നോട്ട് വെച്ച കാർഷിക കലാപങ്ങളുടെ തുടർച്ചയായാണ്. കാർഷിക കലാപങ്ങൾക്ക് കേരളത്തിൽ വിത്തുപാകുന്നത് ഇസ്‌ലാമിക പണ്ഡിതന്മാരാണ്. ‘ഉഛിഷ്ടം ഭക്ഷിക്കരുത്', ‘നീ എന്ന് അഭിസംബോധന ചെയ്താൽ തിരിച്ച് നീ എന്ന് തന്നെ അഭിസംബോധന ചെയ്യണം', ‘നിങ്ങളുടെ കാർഷിക സമ്പത്ത് കൊള്ളയടിക്കാൻ വരുന്ന ജന്മികൾക്കെതിരെ ആയുധമെടുത്ത് പോരാടണം' തുടങ്ങിയ മുദ്രാവാക്യങ്ങൾ 1852 ൽ തന്നെ ഉയർന്നിരുന്നു. നികുതി കൊടുക്കേണ്ട എന്ന് 1930ൽ പറഞ്ഞില്ലേ. അതൊക്കെ തന്നെയല്ലേ കാർഷിക കലാപം.
അതിന്റെ തുടർച്ചയായിട്ടല്ലേ കുടിയാൻ മൂവ്മെന്റ് വരുന്നത്. കമ്യൂണിസ്റ്റ് പാർട്ടിയുടെ കാർഷിക കലാപങ്ങൾ വരുന്നത് അതിന്റെ തുടർച്ചയായാണ്. അത് ഇവിടത്തെ ബുദ്ധിജീവികളൊന്നും എഴുതിയില്ല. അതിന്റെയൊരു പ്രശ്നമുണ്ട്.
ജന്മിക്കെതിരായ കാർഷിക കലാപം ബ്രിട്ടീഷുകാർ ഏറ്റെടുക്കുകയാണ് ചെയ്തത്. ജന്മിയുടെ ഭാഗത്തായിരുന്നു ബ്രിട്ടീഷുകാർ. ബ്രിട്ടീഷുകാർക്കെതിരെയാണെന്ന് അവർ വിചാരിച്ചു. അപ്പോൾ സ്വാഭാവികമായും ബ്രിട്ടീഷ് വിരുദ്ധസമരമായി അത് മാറി.
സിനിമയ്ക്കെതിരെ വരുന്ന എതിർപ്പിനെ കാര്യമായെടുക്കുന്നില്ല. എതിർക്കുന്നവർ എതിർക്കട്ടെ, അതിലൊരു ഭയവുമില്ല. നമ്മൾ ചെയ്യാനുള്ളത് ചെയ്യും, അത്രതന്നെ. അബ്ദുറഹ്മാൻ സാഹിബിനെക്കുറിച്ചുള്ള സിനിമ വന്നപ്പോഴും മുസ്‌ലിംകൾക്കിടയിൽനിന്ന് തന്നെ എതിർപ്പുണ്ടായിരുന്നു. അതിൽ പാട്ടുണ്ടെന്നും അബ്ദുറഹ്മാൻ സാഹിബ് പ്രേമിക്കില്ല എന്നുമൊക്കെയയാിരുന്നു പറഞ്ഞത്. അത്തരം തമാശകളൊക്കെ ഇനിയും ഉണ്ടാകും.
മലബാറിലെ സുന്നികൾ കല്യാണങ്ങളിലും ഉത്സവങ്ങളിലും പാട്ടും നൃത്തവുമൊക്കെയായി നടന്ന ഒരു സമൂഹമാണ്. പിന്നീട് അമ്പതുകളോടുകൂടി വരുന്ന ആംഗല വിദ്യാഭ്യാസവും പൊതുവിദ്യാഭ്യാസവുമൊക്കെ, ഇതെല്ലാം മോശമാണ് എന്ന അവസ്ഥയുണ്ടാക്കി. പിന്നീട് വീണ്ടും ഇത് വരുന്നത് 80 കളോടുകൂടിയാണ്, ഗൾഫ് പണം കൊണ്ട് രൂപപ്പെട്ട മാപ്പിള സംഗീതവും മറ്റും ഇവിടെ ഉണ്ടായിരുന്നു. ആ സംഗീതത്തിന് ഒരു അസ്തിത്വമുണ്ട്. അതിന് ആധുനിക സംഗീതവുമായി മെർജ് ചെയ്യാൻ ഒരു ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല. ഞാൻ പരദേശിയിൽ ഉപയോഗിച്ച ‘ആനന്ദകണ്ണീരിൽ ആഴത്തിൽ മിന്നുന്ന' എന്ന പാട്ട് എന്റെ ഉമ്മയും ഉമ്മാന്റെ സഹോദരിമാരും നടത്തിയ കൊറിയോഗ്രാഫി ആണ്. അതേപോലെയാണ് ചെയ്തത്. സാധാരണ സ്‌കൂൾ യുവജനോത്സവത്തിൽ കളിക്കുന്ന ഒപ്പനയല്ലത്.
അതൊക്കെ നഷ്ടപ്പെട്ടു പോകാൻ കാരണം മുസ്‌ലിം കമ്യൂണിറ്റിയിൽ അന്നുണ്ടായ വിദ്യാസമ്പന്നരാണ്. എന്റെ അമ്മാവൻ ചേറ്റുവായ് എന്ന ഗ്രാമത്തിൽ ആദ്യം എസ്. എസ്. എൽ പാസായ ആളാണ്. അദ്ദേഹം മലബാർ ഡിസ്ട്രിക്ക് ബോർഡ് ഉദ്യോഗസ്ഥനായിരുന്നു, മുഹമ്മദ് അബ്ദുറഹ്മാന്റെ ശിഷ്യനായിരുന്നു, അൽ അമീനിലെ അന്തേവാസിയായിരുന്നു. അദ്ദേഹം തുണിയുടുത്ത് ഷർട്ടിട്ട് അതിന്റെ മേലെ കോട്ട് ഇടും. ഞാൻ മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ കല്യാണം. ആ കല്യാണത്തിന് പാട്ട് വേണ്ടാന്ന് വെച്ചു, എന്റെ ഉമ്മയൊക്കെ പാടി നൃത്തം ചെയ്യുന്ന ആളുകളാണ്, അവരോടൊക്കെയാണ് കുറച്ച് എജ്യുക്കേറ്റഡ് ആയ വലിയ വലിയ ആളുകൾ ഇതു പറഞ്ഞത്.
ആ വഴിക്ക് പിന്നീട് മാറ്റമുണ്ടായി, 50 കളുടെ അവസാനത്തോടെ. പിന്നീട് ഭാഷാ സംസ്ഥാനങ്ങൾ വന്നു, ഇംഗ്ലീഷ് മീഡിയം സ്‌കൂളുകൾ വന്നു. ആ കാലത്ത് യുവതികളായ എന്റെ പെങ്ങളൊക്കെ പാട്ടും നൃത്തമൊന്നും പഠിച്ചില്ല. മുസ്‌ലിം സമുദായത്തിലെ വിദ്യാഭ്യാസം സിദ്ധിച്ചവർക്ക് പാട്ട് പാടുന്നതും നൃത്തം ചെയ്യുന്നതും മോശം സംഗതിയാണെന്ന് വന്നു. ഇവിടത്തെ സൈദ്ധാന്തികതലത്തിൽ തന്നെയുള്ള ആശയലോകം സവർണമായി. പുരുഷൻമാർ പാടിയിരുന്നു, അവരും നിർത്തി. പൊതുവെ തെക്കൻ മലബാറിൽ നടന്ന കാര്യമാണിത്. ഞാൻ സാക്ഷിയായ കാര്യം. പിന്നീട് അത് വരുന്നത്. 90 കളിലാണ്. ആദ്യകാലത്ത് വന്നതുപോലെ പിന്നെ സിനിമകൾ വന്നില്ല. പിന്നെ അതിനെ ബ്രേക്ക് ചെയ്ത് പാട്ടും സംഗീതവും ഖുർആനുമൊക്കെ വരുന്നത് മഗ്‌രിബിലാണ്. ആദ്യം എതിർപ്പുണ്ടായിരുന്നു. പിന്നീട് വളരെ പ്രകടമായി മാറിത്തുടങ്ങി. അത് നമ്മുടെ നാടിന്റെ ആകെയുള്ളൊരു മാറ്റമാണ്.
2020 ഡിസംബർ 13 ന് ട്രൂകോപ്പി തിങ്കിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ നിന്ന് .*
അഭിമുഖത്തിന്റെ*പൂർണ്ണ രൂപം വായിക്കാം